യോഗി ആദിത്യനാഥിൻ്റെ കേരള വിരുദ്ധ പരാമർശത്തിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി

0

വോട്ട് ചെയ്യുന്നതിൽ അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുപി കേരളം പോലെയായാല്‍ അവിടെ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനവും കൈവരുമെന്ന് പിണറായി പറഞ്ഞു. ഉത്തർ പ്രദേശിലെ മാതൃകയിൽ മതത്തിന്റേയും ജാതിയുടേയും പേരിലുള്ള കൊലപാതകങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

യുപി കേരളമായി മാറിയാല്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കുമെന്ന് യോഗി ആദിത്യനാഥ് ഭയപ്പെടുന്നുവെന്ന് പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത ഒത്തൊരുമയുള്ള ഒരു സമൂഹം ഉണ്ടാകും. അതാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തിലാണ് കേരളത്തിന്റെ പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയത്.

ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റിയാല്‍, ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍ പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം എടുക്കില്ല’ – യോഗി വോട്ടര്‍മാരോടായി പറഞ്ഞു. 

ഇതിനെതിരെ ആദ്യം രംഗത്ത് എത്തിയത് ശശി തരൂർ എം പിയാണ്.

കേരളവും ബംഗാളും കശ്മീരും ആകാന്‍ യുപിക്ക് ഭാഗ്യ ലഭിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ബിജെപി അധികാരത്തില്‍ വന്നില്ലെങ്കില്‍ യുപി കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്ന് യോഗി ആദിത്യനാഥ് വോട്ടര്‍മാരോട് പറയുന്നു.

യുപിക്ക് ഭാഗ്യമുണ്ടാകണം… കശ്മീരിന്റെ സൗന്ദര്യവും ബംഗാളിന്റെ സംസ്‌കാരവും കേരളത്തിന്റെ വിദ്യാഭ്യാസവും യുപിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും.

യുപിയുടെ വിസ്മയം അവിടുത്തെ സര്‍ക്കാരിനെ കുറിച്ചുള്ള സഹതാപമാണ്’ എന്നും തരൂര്‍ കടുത്ത ഭാഷയിൽ ട്വീറ്റ് ചെയ്തു.

യുപിയില്‍ ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പായിട്ടാണ് കേരളത്തെ അപമാനിക്കുന്ന പരാമർശവുമായി ആദിത്യനാഥ് വോട്ടഭ്യര്‍ഥിച്ചത്.

അധ്യയന വർഷം നീട്ടില്ല, പരീക്ഷയും വേനലവധിയും പതിവ് പോലെ

0

ക്ലാസുകള്‍ പൂര്‍ണതോതില്‍  തുടങ്ങാനുള്ള തീരുമാനം കൂടിയാലോചനയുടെ അടിസ്ഥാനത്തില്‍ എടുത്തതാണെന്ന് ഇത്തവണ മോഡല്‍ പരീക്ഷ ഉള്‍പ്പെടെ പരീക്ഷകള്‍ എല്ലാം പതിവ് രീതിയിൽ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഇതിന് മുന്നോടിയായാണ് ക്ലാസുകള്‍ പൂര്‍ണമായും ആരംഭിക്കുന്നത്.

പന്ത്രണ്ടാം തീയതി വിശദമായ മാര്‍ഗരേഖ പുറത്തിറക്കും. ഇത്തവണ അധ്യയന വര്‍ഷം നീട്ടില്ല. പരീക്ഷയും വേനലവധിയും കൃത്യ സമയത്ത് ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുക എന്നതിനാണ് മുന്തിയ പരിഗണന. ഫോക്കസ് ഏരിയ പരിഷ്‌കരണം സംബന്ധിച്ച് തീരുമാനിക്കാനുള്ള അവകാശം അധ്യാപക സംഘനകള്‍ക്കല്ല. അധ്യാപകര്‍ അവരുടെ ജോലി ചെയ്യുകയാണ് വേണ്ടത്. ഏറ്റവും കൂടുതല്‍ സംഘടനകളുള്ളത് വിദ്യാഭ്യാസ വകുപ്പിലാണ്. എല്ലാവരുടെയും നിര്‍ദേശം  കണക്കിലെടുക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

16 വര്‍ഷങ്ങള്‍ക്കുശേഷം വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ മാന്വല്‍ പ്രസിദ്ധീകരിച്ചു. മറ്റു സംസ്ഥാനങ്ങള്‍ നമ്മുടെ പരീക്ഷാ മാന്വല്‍ റഫറന്‍സ് ആയി ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് അത്യുജ്വല മാറ്റങ്ങളാണ് നടന്നുവരുന്നത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വരുന്നു.

കൊയിലാണ്ടിയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത. നടത്തിയത് ഒരു കോടിയോളം രൂപയുടെ കൈമാറ്റം

0

 കോഴിക്കോട് കൊയിലാണ്ടിയിലെ മലയില്‍ ബിജിഷ തന്റെ വീട്ടില്‍ തൂങ്ങി മരിച്ചിട്ട് രണ്ടു മാസം പിന്നിടുമ്പോഴും ദുരൂഹത നീക്കാനാവാതെ അന്വേഷകർ.

ആത്മഹത്യ ചെയ്യാന്‍ മാത്രം ഒരു പ്രശ്‌നവും ഇല്ലാഞ്ഞിട്ടും ബിജിഷയുടെ ആത്മഹത്യ എന്തിനായിരുന്നു എന്ന് ആർക്കും വിശദീകരിക്കാനാവുന്നില്ല പക്ഷ അവര്‍ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കുടുംബത്തിനോ നാട്ടുകാർക്കോ സങ്കല്പിക്കാൻ പറ്റാത്ത തുകയാണ്.

എന്തിനാണ് ഇത്രയും രൂപയുടെ ഇടപാട് നടത്തിയതെന്നോ ആര്‍ക്ക് വേണ്ടിയാണ് ഇടപാട് നടത്തിയതെന്നോ വീട്ടുകാര്‍ക്കോ സുഹൃത്തുകള്‍ക്കോ ഒന്നുമറിയില്ല. ഇതിന് പുറമെ അവളുടെ വിവാഹത്തിന് വേണ്ടി കരുതി വെച്ച 35 പവന്‍ സ്വര്‍ണവും വീട്ടുകാര്‍ അറിയാതെ ബാങ്കില്‍ പണയം വെച്ച് പണം വാങ്ങിയിട്ടുമുണ്ട്. ഇതും എന്തിനാണെന്ന് വീട്ടുകാര്‍ക്കറിയില്ല.

ഇത്രയേറെ ഇടപാട് നടത്തിയിട്ടും ആരും ബിജിഷയുടെ  മരണ ശേഷം പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് വരികയോ ബന്ധുക്കളെയോ മറ്റോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് പറയുന്നു വീട്ടുകാര്‍. പിന്നെ എന്താണ് ബിജിഷയ്ക്ക് സംഭവിച്ചത്  എന്നതാണ് ദുരൂഹമായിരിക്കുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.  

പണം വാങ്ങിയതും കൊടുത്തതും മുഴുവന്‍ ഗൂഗിള്‍ പേ പോലുള്ള യു.പി.ഐ ആപ്പുകള്‍ വഴിയായതിനാല്‍ പോലീസിനും വിവരം  ലഭിക്കുന്നില്ല. പണം കടം ചോദിച്ചവരോട് ആപ്പ് വഴി തന്നാല്‍ മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നതായും  പോലീസ് പറയുന്നു. സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറില്‍ ജോലി ചെയ്ത് വരികയായിരുന്ന ബിജിഷ ഇത്രയേറെ പണമിടപാട് നടത്തിയിട്ട് എന്തു ചെയ്തുവെന്നാണ് ആര്‍ക്കും മനസ്സിലാവാത്തത്. ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഇവരുടെ അക്കൌണ്ടിൽ ഇത്രയും ഇടപാട് നടന്നത് ദുരൂഹമാണ്.

ബി.എഡ് ബിരുദധാരികൂടിയായ ബിജിഷ ഏറെ ഉര്‍ജസ്വലയായ കുട്ടിയെന്ന നിലയില്‍ വലിയ ബഹുമാനമായിരുന്നു നാട്ടുകാര്‍ക്ക്. ഇടയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ പഠിച്ച സ്‌കൂളില്‍ തന്നെ ക്ലാസെടുക്കാനും പോയിരുന്നു.

ഡിസംബര്‍ 12 ന് പതിവ്  പോലെ  ജോലിക്ക് പോയ ശേഷം തിരിച്ച് വന്നാണ് കൊയിലാണ്ടിയിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. യു.പി.ഐ ആപ്പുകള്‍ വഴി പണമിടപാട് നടത്തിയതിന്റെ തെളിവുകളെല്ലാം നശിപ്പിക്കാനുള്ള ശ്രമവും നടത്തിയിരുന്നുവെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. തുടര്‍ന്ന് ദുരൂഹത തോന്നിയ പോലീസ് ബാങ്കിലെത്തിയാണ് പണമിടപാടിന്റെ വിവരങ്ങള്‍ ശേഖരിച്ചത്.

മൂന്നു വർഷത്തിനകം ആത്മഹത്യ ചെയ്തത് 17000 കർഷകർ

0

2018 മുതല്‍ 2021 വരെയുള്ള മൂന്ന് വര്‍ഷക്കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 17000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ കണക്കുകളെ അവംലബിച്ചാണ് കണക്ക്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയാണ് വിവരങ്ങള്‍ പാര്‍ലമെന്റിന് മുന്‍പാകെ അവതരിപ്പിച്ചത്.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് 2018ല്‍ ആകെ 5,763 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 2019ല്‍ 5,957 കര്‍ഷക ആത്മഹത്യകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 2020ല്‍ 5,579 കര്‍ഷകരാണ് ജീവനൊടുക്കിയത്. ഇതില്‍ 5,535 കര്‍ഷകരും പുരുഷന്മാരായിരുന്നു. 244 കര്‍ഷക സ്ത്രീകളാണ് 2020ല്‍ ജീവനൊടുക്കിയത്.

ഇവയെല്ലാം ഒദ്ധ്യോഗികമായി രേഖപ്പെടുത്തപ്പെട്ട ആത്മഹത്യകൾ മാത്രമാണ്. പല സംസ്ഥാനങ്ങളിലും ഇത്തരം കണക്കുകൾ പോലും ലഭ്യമല്ല.

മഹാരാഷ്ട്രയിലാണ് കര്‍ഷക ആത്മഹത്യകളുടെ നിരക്ക് ഏറ്റവും കൂടുതല്‍. ലിസ്റ്റിലെ 37.5 ശതമാനം പേരും മഹാരാഷ്ട്രയില്‍ നിന്നാണ്. കര്‍ണാടകയില്‍ നിന്നുള്ള 18.9 കര്‍ഷകരാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആന്ധ്രാപ്രദേശില്‍ നിന്നും 8.3 ശതമാനം കര്‍ഷക ആത്മഹത്യകളും മധ്യപ്രദേശില്‍ നിന്നും 6.9 ശതമാനം കര്‍ഷക ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഛത്തീസ്ഗഢില്‍ നിന്ന് 5 ശതമാനം കര്‍ഷക ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ ആത്മഹത്യകളുടെ ഏഴ് ശതമാനം കര്‍ഷക ആത്മഹത്യയാണ്. പശ്ചിമ ബംഗാള്‍, ബിഹാര്‍, നാഗാലാന്‍ഡ്, ത്രിപുര, ഡല്‍ഹി, ലഡാക്ക്, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഇക്കാലയളവില്‍ കര്‍ഷക ആത്മഹത്യകള്‍ ഒന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മേഘാലയയിൽ കോൺഗ്രസും ബി ജെ പിയും ഒരേ മുന്നണിയിൽ

മേഘാലയയില്‍ ബിജെപി ഉള്‍പ്പെട്ട സഖ്യസര്‍ക്കാരിലേക്ക് ചേര്‍ന്ന് കോണ്‍ഗ്രസ് നിലനിൽപ്പ് രാഷ്ട്രീയം പയറ്റുന്നു. ബിജെപിയും കോണ്‍ഗ്രസും ഇപ്പോള്‍ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ്(എം ഡി എ) സഖ്യത്തിനകത്താണ്.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുപാര്‍ട്ടികളും വാക്‌പോരും ആരോപണ-പ്രത്യാരോപണങ്ങളും കടുപ്പിക്കുമ്പോഴാണ് മുന്നണി പ്രവേശനം . എം ഡി എയിലേക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാര്‍ മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാങ്മയ്ക്ക് നല്‍കിയിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസാണ് മേഘാലയയില്‍ പ്രതിപക്ഷത്തുള്ളത്. ബിജെപി ഉള്‍പ്പെട്ട സഖ്യത്തില്‍ച്ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ തന്നെ തുടരട്ടെയെന്ന തീരുമാനമാണ് പാര്‍ട്ടി നേതൃത്വവും കൈക്കൊണ്ടത്. സംസ്ഥാനത്തെ പൗരന്മാരുടെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് തങ്ങള്‍ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സിനൊപ്പം ചേരുന്നതെന്ന് അഞ്ച് എംഎല്‍എമാരും വ്യക്തമാക്കി. സഖ്യത്തിന്റെ ഭാഗമായ ബിജെപിക്ക് രണ്ട് അംഗങ്ങളാണ് ഉള്ളത്.

മേഘാലയയിലെ കോണ്‍ഗ്രസിന്റെ 12 എംഎല്‍എമാര്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേര്‍ന്നതോടെയാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് പ്രതിസന്ധി നേരിട്ടത്. കോണ്‍ഗ്രസിന്റെ 17 എംഎല്‍എമാരില്‍ അഞ്ച് പേര്‍ മാത്രമേ പിന്നീട് പാര്‍ട്ടിയില്‍ ശേഷിച്ചിരുന്നുള്ളൂ. ഈ എംഎല്‍എമാര്‍ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സിനൊപ്പം ചേരാന്‍ തീരുമാനമെടുത്തതോടെയാണ് കോണ്‍ഗ്രസിന് ഇതിന് അനുവാദം നല്‍കേണ്ടി വന്നത്. മേഘാലയയുടെ മുന്‍മുഖ്യമന്ത്രി മുകുള്‍ സന്‍ഗ്മ ഉള്‍പ്പെടെയുള്ള പ്രബലരാണ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് വന്നതോടെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തൃണമൂല്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നത്.

ഖബർ ലഹാരിയയുടെ കഥ പറയുന്ന ഡോക്യൂമെൻ്ററി ഓസ്കാർ നാമനിർദ്ദേശ പരിഗണനാ പട്ടികയിൽ

0

ഡെല്‍ഹി മലയാളിയായ റിന്റു തോമസും സുഷ്മിത് ഘോഷും ചേര്‍ന്ന് സംവിധാനം ചെയ്ത ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത് ഫയര്‍’ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യയിൽ നിന്നുള്ള പട്ടികയിൽ ഓസ്‌കാർ പരിഗണനയ്ക്കു് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

ചീഫ് റിപ്പോര്‍ട്ടര്‍ മീര നയിക്കുന്ന ദളിത് സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന ഇന്ത്യയിലെ ഏകപത്രമായ ‘ഖബര്‍ ലഹാരിയ’ എന്ന മാധ്യമത്തിന്റെ കഥയാണ് ഇതില്‍ വിവരിക്കുന്നത്. (Writing With Fire)

ഓസ്‌കാര്‍ നോമിനേഷനോടുള്ള തന്റെയും കുടുംബത്തിന്റെയും സന്തോഷത്തിന്റെ വീഡിയോ ചൊവ്വാഴ്ച റിന്റു തോമസ് പോസ്റ്റ് ചെയ്തിരുന്നു. 2021ലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററിക്ക് പ്രത്യേക ജൂറി അവാര്‍ഡും ഓഡിയന്‍സ് അവാര്‍ഡുകളും ലഭിച്ചിരുന്നു.

പ്രിന്റില്‍ നിന്നും തുടങ്ങി ഡിജിറ്റലിടങ്ങളിലേക്ക് മാറിയ മാധ്യമമാണ് ഖബര്‍ ലഹാരിയ. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരന്തര്‍ എന്ന എന്‍.ജി.ഒ യും കവിതാ ദേവി എന്ന സ്ത്രീയുമാണ് പത്രം ആരംഭിച്ചതിന് പിന്നില്‍. യു.പിയിലെ ചിത്രകൂടില്‍ നിന്നാണ് പത്രം ആരംഭിച്ചത്. 2014ല്‍ ഖബര്‍ ലഹാരിയ ഓണ്‍ലൈന്‍ പതിപ്പിന് ജര്‍മന്‍ മാധ്യമസ്ഥാപനമായ ഡോയ്ചെ വെലെയുടെ ഗ്ലോബല്‍ മീഡിയാഫോറം പുരസ്‌കാരം ലഭിച്ചിരുന്നു.

ദളിത്, പിന്നാക്ക വിഭാഗങ്ങളിലുള്ള നാല്‍പതോളം വനിതകളാണ് 80,000ത്തോളം വായനക്കാരുള്ള ഖബര്‍ ലഹാരിയായില്‍ ജോലി ചെയ്യുന്നത്. ഇതിലെ പല സ്ത്രീകളും ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവരല്ല. നിരന്തര്‍ തന്നെയാണ് ഇവര്‍ക്ക് പത്രത്തില്‍ പ്രവര്‍ത്തിക്കാനാവശ്യമായ പരിശീലനം നല്‍കുന്നത്. ഭാജ്പൂരി, ആവാധി, ബുന്ദേലി, ഹേിന്ദുസ്ഥാനി, ബജ്ജിക ഭാഷകളിലാണ് പത്രം പുറത്തിറങ്ങുന്നത്.

മണിപ്പൂരിൽ പ്രതിസന്ധി തീരാതെ ബി ജെ പി

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിട്ടും പ്രതിസന്ധി അവസാനിക്കാതെ ബിജെപി ക്യാമ്പ്. പ്രകടന പത്രിക പുറത്തിറക്കാൻ കഴിയാത്തതാണ് പാർട്ടി നേരിടുന്ന പുതിയ വെല്ലുവിളി. പ്രകടനപത്രിക പുറത്തിറക്കാൻ സമയമെടുക്കുമെന്ന് കേന്ദ്രമന്ത്രിയും സംസ്ഥാന തെരഞ്ഞെടുപ്പിൻ്റെ ചുമതലയുള്ള ഭൂപേന്ദ്ര യാദവ് പറഞ്ഞു. പുതിയ രീതിയിലായിരിക്കും പ്രകടനപത്രിക കൊണ്ടുവരികയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഫെബ്രുവരി 27 നും മാർച്ച് 3 നും രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. മാർച്ച് 10 ന് വോട്ടെണ്ണും.

കോൺഗ്രസ് ക്യാമ്പിൽ നിന്നും എത്തി മുഖ്യമന്ത്രി സ്ഥാനം നേടിയ എൻ ബിരേൻ സിങ് തന്നെയാവും മുഖ്യമന്ത്രി സ്ഥാനാർഥി എന്ന സൂചന നൽകിയാണ് വോട്ട് പിടിക്കുന്നത്. എന്നാൽ ബിരേൻ സിങിന്റെ പേര് താത്കാലികമാണ്. ബി ജെ പി വളർത്തി കൊണ്ടു വരുന്ന യുവ നേതാവാകും പുതുമുഖം എന്നാണ് റിപ്പോർട്ടുകൾ

“എൻ ബിരേൻ സിംഗിൻ്റെ ശക്തമായ നേതൃത്വത്തിന് കീഴിൽ, മണിപ്പൂരിൽ ബിജെപി അഞ്ച് വർഷം വിജയകരമായി പൂർത്തിയാക്കി. വരുന്ന തെരഞ്ഞെടുപ്പിൽ, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടും” – യാദവ് പറഞ്ഞു. പ്രധാനമന്ത്രി മോദിയും മറ്റ് നിരവധി കേന്ദ്രമന്ത്രിമാരും സംസ്ഥാനത്ത് പ്രചാരണം നടത്തുമെന്ന് യാദവ് ഉറപ്പ് നൽകി. മണിപ്പൂർ തെരഞ്ഞെടുപ്പിൽ പൂർണ ഭൂരിപക്ഷത്തോടെ വിജയിക്കും. സംസ്ഥാനത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയതിനാൽ ജയം ഉറപ്പാണെന്നും യാദവ് കൂട്ടിച്ചേർത്തു.

തീവ്രവാദ സംഘടനകൾ തങ്ങളുടെ സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയാണെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ആരോപിച്ചിരുന്നു. ഗ്രാമത്തലവന്മാരെ ഭീഷണിപ്പെടുത്തി ഭരണകക്ഷിക്ക് വോട്ട് ചെയ്യാൻ സായുധരായ തീവ്രവാദികൾ ബിജെപിക്ക് വേണ്ടി സജീവമായി പ്രചാരണം നടത്തുന്നുണ്ടെന്നും എൻപിപി കുറ്റപ്പെടുത്തുകയുണ്ടായി

ആർ ടി പി സി ആർ 300 രൂപ, ആൻ്റിജൻ 100 രൂപ, മാസ്ക് പരമാവധി 15 രൂപ; നിരക്കുകൾ കുത്തനെ കുറച്ചു

0

സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ കുറച്ചു. പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് കുറച്ചു.

ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അമിത നിരക്ക് വാങ്ങുന്നത് ശ്രദ്ധയിൽ പെട്ടാൽ പരാതിപ്പെടാം.

പി.പി.ഇ കിറ്റ് ഒരു യൂണിറ്റിന് എക്സ്.എല്‍. സൈസിന് 154 രൂപയും ഡബിള്‍ എക്സ്.എല്‍. സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്സ്.എല്‍, ഡബിള്‍ എക്സ്.എല്‍ സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്.

എന്‍ 95 മാസ്ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്‍ 300 രൂപ, എക്സ്‌പെര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാമ്പ് 1150 രൂപ എന്നിങ്ങനെയാണ് മുമ്പ് നിശ്ചയിച്ച നിരക്ക്.

വിവാഹ വസ്ത്രം കൈമാറാൻ പോയ സംഘം സഞ്ചരിച്ച കാർ കനാലിൽ വീണു, മൂന്നു സ്ത്രീകൾ മരിച്ചു

0

പത്തനംതിട്ടയിൽ കാര്‍ കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്ന് സ്ത്രീകള്‍ മരിച്ചു. കൊല്ലം ആയൂര്‍ സ്വദേശികളായ ശ്രീജ(45) ശകുന്തള (51) ഇന്ദിര (57) എന്നിവരാണ് മരിച്ചത്. കാറില്‍ ആകെ ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ നാലുപേരെ ആദ്യഘട്ടത്തില്‍ തന്നെ രക്ഷപ്പെടുത്തി. മൂന്നു പേർ അകത്ത് കുരുങ്ങി. ഒരാൾ ഒഴുകി പോയി. കാറിനുള്ളില്‍നിന്ന് അവസാനം പുറത്തെടുത്ത മൂന്നുപേരാണ് മരിച്ചത്. 

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അടൂര്‍ ബൈപ്പാസില്‍ കരുവാറ്റ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞെന്നാണ് നാട്ടുകാര്‍ അറിയിച്ചത്. ആയൂര്‍ അമ്പലമുക്കില്‍നിന്ന് ഹരിപ്പാടേക്ക് വിവാഹവസ്ത്രങ്ങള്‍ നല്‍കാന്‍ പോയ സംഘമാണ് കാറിലുണ്ടായിരുന്നത്. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ഡോക്ടര്‍മാര്‍ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇദ്ദേഹം പക്ഷെ രക്ഷപെട്ടു.

കനാലില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാല്‍ കാര്‍ വെള്ളത്തിലൂടെ ഒഴുകി കനാലിലെ പാലത്തിനടിയില്‍ കുടുങ്ങികിടക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരെ ആദ്യമിനിറ്റുകളില്‍തന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന്  രക്ഷപ്പെടുത്തിയിരുന്നു. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ അപകടനില തരണം ചെയ്തു.

വിൻഡോസ് 11ഓപ്പറേറ്റിങ് സിസ്റ്റവുമായി ജിയോ ലാപ് വിപണിയിലേക്ക്

0

ടെലികോം രംഗത്തെ മുന്നേറ്റങ്ങൾക്ക് പിന്നാലെ ജിയോയുടെ ലാപ്ടോപ്പ് ‘ജിയോബുക്ക്’ വിപണിയിലേക്ക്. വൈകാതെ ലാപ്ടോപ്പ് വിപണിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. വിൻഡോസ് 11ലേക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമാണ് ലാപ്ടോപ്പ് പ്രവർത്തിക്കുക.

മീഡിയ ടെക് എംടി8788, സ്നാപ്ഡ്രാഗൺ 665 എന്നിവകളിലൊരു ചിപ്സെറ്റാണ് ലാപ്ടോപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. 2 ജിബി റാം, 1366×768 എൽസിഡി ഡിസ്പ്ലേ എന്നീ സവിശേഷതകളും ലാപ്ടോപ്പിനുണ്ട്. മിനി-എച്ച്ഡിഎംഐ കണക്ടർ, ഡ്യുവൽ ബാൻഡ് വൈഫൈ, 4ജി, ബ്ലൂടൂത്ത് സംവിധാനങ്ങളും ജിയോബുക്കിനുണ്ടാവും. ജിയോ സ്റ്റോർ, ജിയോ മീറ്റ്സ്, ജിയോ പേജസ്, മൈക്രോസോഫ്റ്റ് ടീംസ്, മൈക്രോസോഫ്റ്റ് തുടങ്ങിയ ആപ്പുകൾ ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ചൈനീസ് കമ്പനിയായ എംഡൂർ ഡിജിറ്റൽ ടെക്നോളജിയാണ് ലാപ്ടോപ്പ് നിർമ്മിക്കുക.

ജിയോ ഫോണുകൾ വൻ പ്രചാരണത്തോടെ വിപണിയിൽ എത്തിയിരുന്നു എങ്കിലും പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല. സൌജന്യ പരിധി കഴിഞ്ഞപ്പോൾ ഉപഭോക്താക്കൾ കൈ ഒഴിയുകയാണുണ്ടായത്