മുൻ വ്യോമസേനാ പൈലറ്റും ഭാര്യയും വില്ലയിൽ കൊല്ലപ്പെട്ട നിലയിൽ

0

റിട്ട. വ്യോമസേന പൈലറ്റിനെയും ഭാര്യയെയും താമസ സ്ഥലത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശി രഘുരാജന്‍ (70) ഭാര്യ ആശ (63) എന്നിവരാണ് ബാംഗളൂരുവിൽ ബിദദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ട് വില്ലയില്‍ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടുജോലിക്കാരനായ ജോഗീന്ദര്‍ സിങ്ങിനെ കാണാനില്ല. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. 

രഘുരാജന്‍-ആശ ദമ്പതിമാരുടെ രണ്ട് ആണ്‍മക്കളും ഡല്‍ഹിയിലാണ്. കഴിഞ്ഞദിവസം ഇവര്‍ മാതാപിതാക്കളെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വില്ലകളിലെ സുരക്ഷാജീവനക്കാരെ വിളിക്കുകയും മാതാപിതാക്കളുടെ വില്ലയില്‍ പോയി അന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സുരക്ഷാജീവനക്കാര്‍ രഘുരാജന്റെ വില്ലയിലെത്തിയെങ്കിലും ജോലിക്കാരനായ ജോഗീന്ദര്‍ സിങ്ങിനെയാണ് കണ്ടത്. രഘുരാജനും ആശയും അതിരാവിലെ ബെംഗളൂരു നഗരത്തില്‍ പോയതാണെന്നായിരുന്നു ഇയാള്‍ സുരക്ഷാജീവനക്കാരോട് പറഞ്ഞത്.

എന്നാൽ ഇത് വിശ്വസനീയമല്ലെന്നും വില്ലയ്ക്കുള്ളില്‍ കയറി പരിശോധിക്കണമെന്നും മക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സുരക്ഷാജീവനക്കാര്‍ വീണ്ടും വില്ലയിലെത്തി പരിശോധന നടത്തിയപ്പോളാണ് രണ്ടുപേരെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. 

രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലാണ് ദമ്പതിമാരുടെ മൃതദേഹങ്ങള്‍ കണ്ടതെന്നാണ് സുരക്ഷാജീവനക്കാരുടെ മൊഴി. ഈ സമയം ജോഗീന്ദര്‍ സിങ് വില്ലയില്‍നിന്ന് രക്ഷപ്പെട്ടു.

ഉറങ്ങുന്നതിനിടെ ദമ്പതിമാരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കവര്‍ച്ചാശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് കരുതുന്നു. ദമ്പതിമാരുടെ വില്ലയില്‍ ജോലിക്കാരനായ ജോഗീന്ദര്‍ സിങ്ങിന് പുറമേ മറ്റൊരാളെയും കണ്ടിരുന്നതായി സുരക്ഷാജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. 

നായകളെ പരിചരിക്കാനായാണ് ജോഗീന്ദര്‍ സിങ്ങിനെ ദമ്പതിമാര്‍ വില്ലയില്‍ നിര്‍ത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്.

മലമുകളിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചു

0

കാല്‍ വഴുതി വീണ് മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില തൃപ്തികരമാണ്. മലമുകളിൽ ഹെലികോപ്റ്ററിലാണ് ബാബുവിനെ എയര്‍ ലിഫ്റ്റ് ചെയ്തത് താഴത്ത് എത്തിച്ചത്. കഞ്ചിക്കോട് എത്തിച്ചതിന് ശേഷം ആംബുലന്‍സില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു വരിയാണ് ചെയ്തത്.

43 മണീക്കൂര്‍ നീണ്ട ആശങ്കയ്ക്കാണ് ഒടുവില്‍ 10.15 ഓടെയാണ് മലമുകളില്‍ എത്തിച്ചത്. രാവിലെ ഒന്‍പതരയോടെ ചെങ്കുത്തായ മലയിടുക്കിൽ ബാബുവിന്റെ സമീപം രക്ഷാപ്രവര്‍ത്തകനെത്തി വെള്ളം നല്‍കിയിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം വടം കെട്ടി ബാബുവുമായി മലമുകളിലേക്ക് പോവുകയായിരുന്നു.

വെല്ലിങ്ടണിൽ നിന്നുള്ള ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലുള്ള മദ്രാസ് രജിമെന്റ് കോർ സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ട്രെക്കിങ് വിദഗ്ധരുള്‍പ്പെടുന്ന പ്രത്യേകസംഘവും രണ്ട് സൈനിക ടീമും ഇന്നലെ രാത്രിയില്‍ തന്നെ സ്ഥലത്തെത്തിയിരുന്നു.

സുഹൃത്തുക്കളായ മറ്റു രണ്ടുപേര്‍ക്കൊപ്പമാണു ബാബു മലകയറാന്‍ പോയത്. ഇവര്‍ രണ്ടുപേരും മലകയറ്റം പാതിവഴിയില്‍ നിര്‍ത്തി തിരിച്ചിറങ്ങി. ബാബു മലയുടെ മുകളിലേക്കു പോയി. കാല്‍തെറ്റി പാറയിടുക്കിലേക്ക് വീഴുകയാണ് ഉണ്ടായത്. കാലിന് പരുക്കേൽക്കുകയുെ ചെയ്തു. തുടർന്ന് വീണ കാര്യം ബാബു ഫോണില്‍ വിളിച്ച് സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫൊട്ടോ എടുത്ത് സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചുനല്‍കുകയും ചെയ്തു.

സുഹൃത്തുക്കൾ മലയ്ക്കു മുകളിലെത്തി മരവള്ളികളും വടവും ഇട്ടു നല്‍കിയെങ്കിലും ബാബുവിനെ കയറ്റാനായില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും അറിയിച്ചു. ഫയര്‍ഫോഴ്‌സും മലമ്പുഴ പൊലീസും ഇന്നലെ രാത്രി 12നു ബാബുവിനു സമീപമെത്തിയിരുന്നു.

എന്നാല്‍ വെളിച്ചക്കുറവു മൂലം രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. തുടര്‍ന്ന് സംഘം അവിടെ ക്യാമ്പ് ചെയ്തു. വന്യമൃഗശല്യങ്ങളുടെ സാന്നിധ്യം ഏറെയുള്ള ഇവിടെ അതൊഴിവാക്കാനായി സംഘം പന്തം കത്തിച്ചുവച്ചു.

കർശന ഉപാധികളോടെ ദിലീപിന് വധഗൂഡാലോചനാ കേസിൽ മുൻകൂർ ജാമ്യം

0

വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. കേസിലെ മറ്റ് അഞ്ചു പ്രതികള്‍ക്കും കോടതി  മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി. ഗോപിനാഥിൻ്റെ സിംഗിള്‍ ബെഞ്ചിൻ്റേതാണ് വിധി.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സമയവും തീയതിയും വെച്ചുള്ള വന്‍ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്. വാദിയുടേയും പ്രതിയുടേയും ഭാഗത്തുനിന്ന് ഹാജരാക്കപ്പെട്ട ശബ്ദരേഖയും അടക്കം പ്രോസിക്യൂഷനും പ്രതിഭാഗവും എല്ലാവാദമുഖങ്ങളും നിരത്തി മണിക്കൂറുകള്‍ വാദിച്ചു

പ്രതികളുടെ ജാമ്യാപേക്ഷ തള്ളുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു അന്വേഷണസംഘം. അതിനാല്‍തന്നെ ജാമ്യഹര്‍ജി തള്ളിയാല്‍ ഒട്ടും സമയം പാഴാക്കാതെ അടുത്ത നടപടികളിലേക്ക് കടക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം. എന്നാല്‍ 10.30-ഓടെ നിര്‍ണായകമായ വിധി പുറത്തുവന്നു. ദിലീപിനും മറ്റും പ്രതികള്‍ക്കും കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചെന്നായിരുന്നു ജസ്റ്റിസ് പി.ഗോപിനാഥിന്റെ ഉത്തരവ്. ഇതോടെ ദിലീപിന്റെ വീടിന് മുന്നില്‍ നിലയുറപ്പിച്ച ക്രൈംബ്രാഞ്ച് സംഘവും മടങ്ങി. 

ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം എടുക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ദിലീപിനും മറ്റുപ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യവ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ പ്രതികളുടെ അറസ്റ്റിന് വേണ്ടി കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് അനിവാര്യമാണെങ്കില്‍ ആ ഘട്ടത്തില്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. 

കേസില്‍ ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങളായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടന്നത്.

തന്നെ കേസില്‍ കുടുക്കിയവരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന ശാപവാക്കുകളാണ് നടത്തിയത് അല്ലാതെ വധഗൂഢാലോചന ആയിരുന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ചില ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി ഉണ്ടാക്കിയതാണ് കേസ്. ഭാവനാസമ്പന്നമായ കഥയാണ്. വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത് മുതലുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നടിയെ ആക്രമിച്ച കേസിലെ പങ്കാളിത്തം മുതല്‍ ഓരോ കാര്യങ്ങളും പരിശോധിക്കണം. സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ്.  ദിലീപ് ബുദ്ധിപൂര്‍വം ഗൂഢാലോചന നടത്തി തന്ത്രപൂര്‍വം രക്ഷപ്പെടുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

ഇതൊരു അസാധാരണ കേസാണ്. ഈ കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് പരിഗണിക്കേണ്ടത്. കുറ്റകൃത്യം നടത്തിയിട്ടില്ലെന്നത് അല്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തി വൈരാഗ്യമല്ല കേസിന് പിന്നില്‍. ക്രൈംബ്രാഞ്ചിന് ഈ കേസുമായി ബന്ധപ്പെട്ട് ദുരുദ്ദേശമില്ല. അന്വേഷണ ഉദ്യോഗസ്ഥന് ബാലചന്ദ്രകുമാറുമായി ബന്ധമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

ഫേസ് ബുക്ക് പ്രതിസന്ധി, സക്കർബർഗ് അംബാനിക്കും അദാനിക്കും പിന്നിലായി

0

ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റാ ഓഹരികള്‍ വിപണിയില്‍ കനത്ത വെല്ലുവിളിയിൽ. ഇതിനു തുടർച്ചയായി ധനികരുടെ പട്ടികയില്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും താഴേക്ക് പിന്തള്ളപ്പെട്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ് ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നു എന്നതുൾപ്പെടെ വെല്ലുവിളികൾ വേറെയും അനുഭവിക്കയാണ് മെറ്റ

സക്കര്‍ബര്‍ഗിന് ഒറ്റയടിക്ക് 31 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചുവെന്നാണ് ഫോര്‍ബ്‌സ് ഡാറ്റ പറയുന്നത്. ധനികരെ അവരുടെ റിയല്‍ ടൈം സമ്പത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ച ഫോര്‍ബ്‌സിന്റെ ലൈവ് പട്ടികയിലാണ് അദാനിയും അംബാനിയും സക്കര്‍ബര്‍ഗിനെ പിന്നിലാക്കിയത്. 91 ബില്യണ്‍ ഡോളര്‍ റിയല്‍ ടൈം ആസ്തിയോടെ അദാനിയും 89.2 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ അംബാനിയും മുന്നിലെത്തിയപ്പോള്‍ 82.9 ബില്യണ്‍ ആസ്തിയുള്ള സക്കര്‍ബെര്‍ഗ് പട്ടികയില്‍ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

നിലവില്‍ ഏഷ്യയിലെ ഏറ്റവും സമ്പന്നരായ ബിസിനസുകാരാണ് അംബാനിയും അദാനിയും. ഗൗതം അദാനിയാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി. ലോകത്തിലെ ഏറ്റവും ധനികരുടെ ഫോര്‍ബ്‌സ് പട്ടികയില്‍ അദാനിയുടെ സ്ഥാനം പത്താണ്. തൊട്ടുപിന്നില്‍ 11-ാം സ്ഥാനത്ത് മുകേഷ് അംബാനിയുമുണ്ട്.

ആപ്പിളിന്റെ ഡാറ്റ ഷെയറിംഗ് നയം ഉള്‍പ്പെടെയുള്ളവ ഫേസ്ബുക്കിന് തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. സ്വകാര്യത പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ മൂലം 2021ല്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. മെറ്റ ഓഹരികളില്‍ 26 ശതമാനത്തിലധികം ഇടിവാണ് ഉണ്ടായത്. ഒറ്റ ദിവസം കൊണ്ട് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് ഉണ്ടായിട്ടുള്ള ഏറ്റവും കനത്ത നഷ്ടമാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിന് ഉണ്ടായത്.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത്. ആമസോണ്‍ വരുമാനത്തില്‍ 20 ബില്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടായെന്നാണ് ബ്ലൂംബെര്‍ഗിന്റെ കണക്ക്. ടെസ്ല ഉടമ എലോണ്‍ മസ്‌കിന് 232 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് ഫോര്‍ബ്‌സ് മാസികയുടെ കണ്ടെത്തല്‍.

ഊരിവെക്കാതെ ഭക്ഷണം കഴിക്കാം, തരംഗമാവാൻ കൊറിയൻ മാസ്ക് വരുന്നു

0

സാധാരണയായ ഭക്ഷണം കഴിക്കുമ്പോഴാണ് പലരും മാസ്ക് ഊരിവെക്കാറുള്ളത്. എന്നാൽ ഇനി അതിനുപോലും മാസ്ക് ഊരിവെക്കേണ്ട കാര്യമില്ലെന്ന് ഒരു കൊറിയൻ കമ്പനി. 

ഭക്ഷണം കഴിക്കും മുമ്പ് മൂക്കിന് മുകളിലേക്ക് നീക്കിവെക്കും വിധത്തിലുള്ള ഡിസൈനാണ് പുത്തൻ മാസ്കിൻ്റേത്. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടുക്കുമ്പോഴുമൊക്കെ മാസ്ക് മൂക്കിന് മുകളിലേക്ക് മാറ്റാം. ദക്ഷിണ കൊറിയൻ കമ്പനിയായ അറ്റ്മാൻ ആണ് പുതിയ മാസ്ക് ഡിസൈനിനു പിന്നിൽ. 

കൊറോണ പ്രത്യക്ഷപ്പെട്ടതോടെ ഉയർന്നു വന്ന വിപണിയാണ് മാസ്കിൻ്റേത്. അപൂർവ്വ സ്ഥലങ്ങളിൽ മാത്രം ഉപയോഗിച്ചിരുന്ന മാസ്ക് സാർവ്വത്രികമായി. ഇപ്പോൾ കൊറിയൻ സഗീതത്തിനും സിനിമയ്ക്കും ഒപ്പം കൊറിയൻ മാസ്കും വിപണിയിൽ ഹരമാവുകയാണ്.

കോസ്ക് എന്ന പേരിലാണ് മാസ്ക് പുറത്തിറക്കിയിരിക്കുന്നത്. കോ, മാസ്ക് എന്നീ പദങ്ങൾ യോജിപ്പിച്ചാണ് കോസ്ക് എന്ന പേര് തയ്യാറാക്കിയിരിക്കുന്നത്. കൊറിയയിൽ മൂക്കിന് കോ എന്നാണ് പറയുന്നത് എന്നതിനാലാണ് ഈ പേര്.

അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രചാരണം നൽകിയ ഈ കോസ്ക് ഇന്ത്യൻ വിപണിയിൽ എപ്പോഴെത്തും എന്ന് നിശ്ചയമായിട്ടില്ല

ലതാ മങ്കേഷ്കർ തിരഞ്ഞെടുത്ത സ്വന്തം ഗാനങ്ങൾ

0

ലതാ മങ്കേഷ്കറുടെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങൾ ഏതെന്ന് ചോദിച്ചാൽ കുഴഞ്ഞു പോവും. അത്രമാത്രം ഇഷ്ടപ്പെടുന്ന ഒത്തിരി ഗാനങ്ങളുണ്ട്. എന്നാൽ തൻ്റെ സംഗീത ജീവിതത്തിലെ അനശ്വര ഘട്ടങ്ങിലെ ഗാനങ്ങൾ ലത തന്നെ തിരഞ്ഞടുത്തതാട്ടുണ്ട്. ഓരോന്നിൻ്റെയും സന്ദർഭങ്ങൾ വിവരിച്ച് അവർ അവതരിപ്പിച്ച ഗാനങ്ങൾ

1. ബേദര്‍ദ് തേരെ പ്യാര്‍ കൊ (പത്മിനി-1948)
‘അക്കാലത്ത് ഞങ്ങള്‍ ഓരോ പാട്ടും രണ്ടുവട്ടം റെക്കോര്‍ഡ് ചെയ്തിരുന്നു. സിനിമയ്ക്കു വേണ്ടിയും ഡിസ്‌കിനു വേണ്ടിയും. എനിക്കാദ്യമായി ഒരു ബ്രേക്ക് തന്ന സംഗീതസംവിധായകനാണ് ഗുലാം ഹൈദര്‍. ഒരു രാത്രിയാണെന്നെ അദ്ദേഹം വിളിച്ചത്. അപ്പോള്‍തന്നെ സഹോദരിയോടൊപ്പം ഞാന്‍ പോയി. പിയാനോയുടെ മുന്‍പില്‍ ഈണം രൂപപ്പെടുത്തുകയായിരുന്നു ഹൈദര്‍ സാബ്. ഞാനും അനുജത്തിയും ക്ഷമയോടെ രാത്രി മുഴുവന്‍ കാത്തിരുന്നു! ബേദര്‍ദ് തേരെ പ്യാര്‍ കൊ എന്ന ഗാനത്തിന്റെ ട്യൂണ്‍ പിറക്കുമ്പോള്‍ രാവിലെ ഏഴു മണി. ഏതാനും മണിക്കൂറുകള്‍ക്കകം ഒന്നാമത്തെ ടേക്കിന് ഞാന്‍ തയ്യാറായി. ദിവസങ്ങള്‍ കഴിഞ്ഞ് എച്ച്.എം.വി. സ്റ്റുഡിയോവില്‍ ഞാന്‍ റെക്കാര്‍ഡിങിന് പോയി. ഇത്തവണ സംഗ്രഹീതരൂപമായിരുന്നു. അതു കഴിഞ്ഞ് അധികം വൈകാതെ ഹൈദര്‍ സാബ് പാകിസ്താനിലേക്കു പോയി.

2. ആജ് മേരേ നസീബ് നേ മുജ്‌കൊ (ഹല്‍ച്ചല്‍-1951)
‘ഓ! സത്യമായും ഞാന്‍ ഈ പാട്ട് ഇഷ്ടപ്പെടുന്നു. സജ്ജാദ് ഹുസൈന്റെ ഈണങ്ങള്‍ എപ്പോഴും വെല്ലുവിളിയാണ്. അദ്ദേഹത്തിന്റെ പാട്ടു പാടാന്‍ എനിക്കെന്നും പരിഭ്രമമായിരുന്നു. അദ്ദേഹം ഒരു പാട്ട് വിവരിച്ചുതരുമ്പോള്‍ തന്നെ സംഭ്രാന്തിയാകും. പേടിപ്പിക്കുകയായിരുന്നില്ല അദ്ദേഹം. പൂര്‍ണതയില്‍ കുറഞ്ഞ ഒന്നിലും തൃപ്തനാകാത്ത പ്രകൃതം. ഒരു ആലാപ് എങ്ങനെ കീഴ്സ്ഥായിയില്‍ പാടണമെന്നദ്ദേഹം എന്നെ പഠിപ്പിച്ചുതന്നു. എന്നെപ്പോലെ താനും ഇന്‍ഡോറുകാരനാണെന്നദ്ദേഹം ഓര്‍മിപ്പിക്കും. എന്നാല്‍ ആജ് മേരേ നസീബ് വേണ്ടുംവിധം റെക്കോര്‍ഡ് ചെയ്യാനായില്ല.’

3. പഹ്‌ലി ഹുയീ ഹെ സപ്‌നൊ (ഹൗസ് നമ്പര്‍ 44-1955)
‘ഒരു ട്യൂണ്‍ ഗായികയിലേക്ക് പകര്‍ന്നുകൊടുക്കുന്നതിന് സച്ചിന്‍ദായ്ക്ക് (എസ്.ഡി. ബര്‍മന്‍) സ്വന്തമായൊരു ശൈലിയുണ്ട്. നിര്‍ദേശങ്ങളുണ്ടെങ്കില്‍ പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹം തരും. നാടന്‍സംഗീതത്തെക്കുറിച്ച് അദ്ദേഹത്തിന് അഗാധ ജ്ഞാനമുണ്ടായിരുന്നു. ഗാനസന്ദര്‍ഭത്തിനാണ് അദ്ദേഹം കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ഒരു ഗായകനായതുകൊണ്ട് എന്റെ സ്വരത്തില്‍ നിന്നു വേണ്ടതെന്തെന്ന് അദ്ദേഹം പാടി കേള്‍പ്പിച്ചുതരും. പാടിയത് ഇഷ്ടപ്പെട്ടാല്‍ അദ്ദേഹം എനിക്ക് പാന്‍ തരും. എനിക്കത് ഇഷ്ടമാണ്.’

4. ആയേഗാ ആനേവാലോ (മഹല്‍-1949)
ഹിന്ദി ചലച്ചിത്രരംഗത്തു അന്നു നിലവിലുണ്ടായിരുന്ന എല്ലാ പിന്നണിഗായികകളെയും പിന്നിലാക്കി ലതാമങ്കേഷ്‌കര്‍ ഒന്നാം സ്ഥാനത്തെത്തിയ ഈ ഗാനത്തിന്റെ സംഗീതശില്പി ഖേംചന്ദ് പ്രകാശായിരുന്നു. മധുബാലയെ, ചലച്ചിത്രതാരമാക്കി മാറ്റിയ ഗാനം. എന്നാല്‍, മഹലില്‍ മധുബാല ചുണ്ടുകളനക്കുന്നതേയില്ല. പശ്ചാത്തലത്തിലാണ് ഗാനം. അതേക്കുറിച്ച് പറയുമ്പോള്‍ ലതാജിയുടെ കണ്ണുകള്‍ തിളങ്ങും. നിര്‍മാതാവായ അശോക് കുമാറാണ് നായകന്‍. സംവിധാനം കമല്‍ അമ്രോഹി. ഇന്നത്തേതുപോലെ ഡബ്ബിങ്ങും എഡിറ്റിങ് സൗകര്യങ്ങളുമില്ലാത്ത കാലം. വിശാലമായ സ്റ്റുഡിയോ ഹാളില്‍ നായികയില്‍നിന്ന് ഒരു നിശ്ചിത അകലം പാലിച്ചാണ് ഗായിക പാടേണ്ടിയിരുന്നത്. ഒരു ദിവസം മുഴുവന്‍ റെക്കാര്‍ഡിങിന് വേണ്ടിവന്നുവെന്ന് ലതാജി ഓര്‍മിക്കുന്നു.

5. ആ രി ആ നിന്ദിയാ (ദോ ഭീഗാ സമീന്‍-1953)
‘സലീല്‍ദായുടെ (സലീല്‍ചൗധരി) ആദ്യത്തെ ഹിന്ദി ഹിറ്റാണിതെന്നു തോന്നുന്നു. ഇത് പാടുക വളരെ പ്രയാസകരമായിരുന്നു. വരികള്‍ക്കിടയില്‍ ശ്വാസം വിടാനുള്ള സമയം ഇല്ല. രണ്ടു വിധത്തില്‍ ഇത് സലീല്‍ദ റിക്കോര്‍ഡ് ചെയ്തു. ഓര്‍ക്കസ്ട്രയേ ഇല്ലാതെയായിരുന്നു അവയിലൊന്ന്. മീനാകുമാരിയിരുന്നു പാടുമ്പോഴുള്ള ഏകാന്തത സൃഷ്ടിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.’

6. ആജാരേ പരദേസി (മധുമതി-1958)
ഒരു തലമുറയെ മുഴുവന്‍ പ്രണയപരവശരാക്കിയ ഗാനമാണിത്. അത് റിക്കോര്‍ഡ് ചെയ്ത ദിവസം സ്റ്റുഡിയോവിലുള്ളവര്‍ മുഴുവന്‍ ആഹ്ലാദഭരിതരായി. സംവിധായകനായ ബിമല്‍റോയ് മുന്നോട്ടു വന്ന് ലതയെ അഭിനന്ദിച്ചു. ഗാനരചയിതാവ് ശൈലേന്ദ്ര പുഷ്പങ്ങള്‍ നല്‍കി സന്തുഷ്ടി പ്രകടിപ്പിച്ചു. ലതാജിക്ക് ആദ്യത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്ത ഗാനമാണ് ആജാരേ പരദേസി. വാസ്തവത്തില്‍ മധുമതിയില്‍ സലീല്‍ദായുടെ എല്ലാ ഈണങ്ങളും ലതയ്ക്ക് പ്രിയപ്പെട്ടതാണ്.

7. ഓ സജ്‌നാ ബര്‍ക്കാ ബഹാര്‍ (പരഖ്-1960)
സലീല്‍ചൗധരിയുടെ തന്നെ മറ്റൊരു മികച്ച ഗാനം. ദസറ പൂജയോടനുബന്ധിച്ച് ബംഗാളിയില്‍ ലതയെക്കൊണ്ട് സലീല്‍ദാ ഈ പാട്ട് പാടിപ്പിച്ചിട്ടുണ്ട്. തന്റെ ബംഗാളി രചനകള്‍ ഹിന്ദിയിലേക്ക് മാറ്റുക സലീല്‍ദായുടെ പതിവാണ്. ‘ഞാന്‍ മാത്രമല്ല എല്ലാവരും കരുതുന്നത് അദ്ദേഹത്തിന്റെ മികച്ച രചനകളിലൊന്നാണിതെന്നാണ്.’

8. പ്യാര്‍ കിയാ തൊ ഡര്‍നാ ക്യാ (മുഗള്‍-ഏ-അസം 1960)
അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ അനാര്‍ക്കലി പ്യാര്‍ കി യാ തൊ ഡര്‍നാ ക്യാ എന്ന ഗാനം പാടി നൃത്തം ചെയ്യുമ്പോള്‍ കണ്ണാടിച്ചുമരുകളില്‍ ആയിരമായിരം പ്രതിബിംബങ്ങള്‍ നര്‍ത്തനം ചെയ്യുന്ന ദൃശ്യം ഓര്‍മയില്ലേ? ഗാനത്തില്‍ പ്യാര്‍ കിയാ കോയി ചോരി നഹി കി എന്ന ഭാഗം ഗാനരചയിതാവായ ശക്കീല്‍ ബദായുനിയോട് നിര്‍ദേശിച്ചത് സംഗീതസംവിധായകന്‍ നൗഷാദാണ്. ഈ പാട്ടിന്റെ റിക്കോര്‍ഡിംഗ് കേട്ട സംഗീതസംവിധായകനായ സജ്ജാദ്ഹുസൈന്‍ പറഞ്ഞു: ‘മറ്റുള്ളവര്‍ മൈക്കിനു മുന്‍പില്‍ കരയുമ്പോള്‍ ലത പാടുകയാണ്.’

9. കൈസെ ദിന്‍ ബീതാ (അനുരാധ-1960)
ഋഷികേശ്മുഖര്‍ജിയുടെ ചിത്രത്തിനുവേണ്ടി സിത്താര്‍ മാന്ത്രികന്‍ പണ്ഡിത് രവിശങ്കര്‍ നെയ്‌തെടുത്ത ഈണം. ചിത്രത്തില്‍ ലതയ്ക്കു നാലു ഗാനങ്ങള്‍. അവയിലേറ്റവും പ്രിയപ്പെട്ട ഗാനമാണിത്. ലോകപ്രസിദ്ധനായ കലാകാരനാണ് രവിശങ്കര്‍. അദ്ദേഹത്തിന്റെ ഗാനം പാടുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ സംഭവം തന്നെയായിരുന്നു. റിഹേഴ്‌സല്‍വേളയില്‍ താന്‍ ഉദ്ദേശിക്കുന്നതെന്തെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞുതന്നു. ഒരൊറ്റ ദിവസം തന്നെ രണ്ടു പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്തു. പിന്നീട് സിനിമ കണ്ടപ്പോഴാണ് എത്ര നന്നായിട്ടാണ് ഈണം നല്‍കിയിരിക്കുന്നതെന്ന് മനസ്സിലാകുന്നത്.

10. അള്ളാ തേരോ നാം (ഹം ദോനോ-1961)
ദേവാനന്ദിന്റെ നവകേതന്‍ നിര്‍മിച്ച ഹം ദോനോയില്‍ ഒരു വ്യവസ്ഥയിലാണ് എസ്.ഡി. ബര്‍മന്റെ അസിസ്റ്റന്റായ ജയ്‌ദേവിനെ സംഗീതസംവിധാനമേല്‍പ്പിച്ചത്. ഗായിക ലതാ മങ്കേഷ്‌കറായിരിക്കണം. ജയ്‌ദേവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഏറ്റവും നീണ്ട ഈ ഭജന്‍ പാടാന്‍ ലത തയ്യാറായി. അതു കേട്ടിട്ട് പ്രസിദ്ധ ശാസ്ത്രീയ ഗായകന്‍ ജസ്‌രാജ് കരഞ്ഞുപോയി. ലതാജി തന്റെ സംഗീതജീവിതത്തില്‍ ഇത്രയും ഉച്ചസ്ഥായിയില്‍ പാടിയ മറ്റൊരു പാട്ടില്ല.

11. കഹി ദീപ് ജലേ കഹി ദില്‍ (ബീസ് സാല്‍ബാദ്-1962)
ലതയ്ക്ക് മറ്റൊരു ഫിലിം ഫെയര്‍ അവാര്‍ഡു കൂടി നേടിക്കൊടുത്ത ഈ ഗാനത്തിന്റെ റിക്കോര്‍ഡിംഗിനു തൊട്ടുമുമ്പാണ് അവര്‍ രോഗശയ്യയിലായത്. ഇനിയും പാടാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ പ്രവചിച്ച ഘട്ടം. എതിരാളികള്‍ ആറ്റുനോറ്റിരുന്ന വന്‍വീഴ്ചയുടെ സന്ദര്‍ഭം. ഉച്ചസ്ഥായിയിലേക്കുയരുന്ന ഈ പാട്ട്, രോഗാതുരയായ ലതയ്ക്ക് ഒരു വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ സംഗീതസംവിധായകനായ ഹേമന്ത് കുമാര്‍ ക്ഷമാപൂര്‍വം ധൈര്യം നല്‍കി. റിഹേഴ്‌സല്‍ വേളയില്‍ത്തന്നെ ലതയുടെ പാട്ട് റിക്കോര്‍ഡ് ചെയ്ത് ഓകെ പറയുകയായിരുന്നു ഹേമന്ത്ദാ. ‘എനിക്ക് അനുയോജ്യമായ ഈണമെന്തെന്നറിയാവുന്ന സംഗീതശില്‍പ്പിയാണ് അദ്ദേഹം’-ലത പറയുന്നു.

12. അയ് ദില്‍രുബ (റസ്തം സോറാബ്-1963)
സജ്ജാദ് ഹുസൈന്‍ ചിട്ടപ്പെടുത്തിയ ഈ ഗാനമില്ലാതെ തന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളുടെ പട്ടിക പൂര്‍ണമാവില്ലെന്ന് ലത പറയുന്നു. സ്വരങ്ങള്‍ക്കൊന്നും ഊന്നല്‍ നല്‍കേണ്ടതില്ലെന്നു സജ്ജാദ് സാഹബ് നേരത്തെതന്നെ നിര്‍ദേശം നല്‍കിയിരുന്നു. ശാന്തമായും സ്വന്തമായും പാടിയാല്‍ മതി. ഈ പാട്ടില്‍ എന്റെ സ്വരം തീര്‍ത്തും വ്യത്യസ്തമാണ്. പതിവുപോലെ റിക്കോര്‍ഡിങ് വേളയില്‍ ഞാന്‍ പരിഭ്രമിച്ചിരുന്നു. സജ്ജാദ് എന്ന വ്യക്തിയെപ്പോലെതന്നെ അപൂര്‍വതയുള്ളതാണദ്ദേഹത്തിന്റെ ഗാനങ്ങളും.

13. വോ ചുപ് രഹേ തൊ (ജഹനാര-1964)
മദന്‍മോഹന്‍ രൂപപ്പെടുത്തിയ ക്ലാസിക്കല്‍ ചാരുതയുള്ള ഈ ഗാനത്തിന്റെ റിക്കോര്‍ഡിങ് ലതയ്ക്ക് ഓര്‍മയുണ്ട്. ശബ്ദലേഖനം കഴിഞ്ഞ ഉടനെ മദന്‍ഭയ്യാ റിക്കോര്‍ഡിങ് റൂമിലേക്ക് കടന്നുവന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. വികാരാധീനനാകുമ്പോള്‍ പതിവുള്ളതുപോലെ അദ്ദേഹം എന്നെ ‘ബേട്ടാ’യെന്നു വിളിച്ചു. ആ സമയം നിര്‍മാതാവും നടനുമായ ഓംപ്രകാശും സമീപത്തുണ്ടായിരുന്നു. ലതയുടെ രാഖിസഹോദരനാണ് മദന്‍. സത്യത്തില്‍ മദന്‍ജിയുടെ ഓരോ പാട്ടും മാധുര്യമുള്ളതാണെന്നു ലത പറയും.

14. നയ്‌നാ ബര്‍സേ (വോ കോന്‍ ഥി?-1964)
മദന്‍ജിയുടെ മറ്റൊരു അനശ്വരഗാനം. വോ കോണ്‍ഫിയിലെ എല്ലാ ഗാനങ്ങളും ലതയ്ക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ നയ്‌നാ, ബര്‍സെ ഒട്ടും മറക്കാനാവില്ല. സുഖമില്ലാത്തതിനാല്‍ ലതാജിക്ക് റിക്കോര്‍ഡിങ്ങിനു പോകാന്‍ കഴിഞ്ഞില്ല. സിംലയിലാണ് ഷൂട്ടിങ്. സ്വന്തം സ്വരത്തില്‍ പാടിയാണ് ചിത്രീകരണത്തിനുള്ള ഗാനം മദന്‍മോഹന്‍ സിംലയിലേക്കയച്ചത്. പിന്നീട് ലതാജി ഡബ്ബ് ചെയ്യുകയായിരുന്നു. ഷൂട്ടിങ്ങിനിടയില്‍ നായിക സാധന പുരുഷശബ്ദത്തില്‍ പാടുന്നതു കേട്ട് കണ്ടുനിന്നവര്‍ അത്ഭുതപ്പെട്ടു. ഈ ഗാനത്തിന് ഫിലിംഫെയര്‍ അവാര്‍ഡ് കിട്ടുമെന്നാണ് ലത പ്രതീക്ഷിച്ചത്. പക്ഷേ, അതു കിട്ടാഞ്ഞതില്‍ ദുഃഖം പ്രകടിപ്പിച്ചപ്പോള്‍ മദന്‍ പറഞ്ഞു: ‘എനിക്കതില്‍ ഖേദമില്ല. നിങ്ങള്‍ക്കങ്ങനെ തോന്നിയതുതന്നെ വലിയ പ്രതിഫലം.’

15. ദില്‍ കാ ദിയാ ജലാ (ആകാശ് ദീപ്-1965)
‘സ്‌നേഹം തോന്നുന്ന ഒരു സംഗീതശില്‍പ്പിയുടെ സനേഹനിര്‍ഭരമായ ഗാനം’ എന്നാണ് ചിത്രഗുപ്തയുടെ ഈ പാട്ടിനെ ലതാജി വിശേഷിപ്പിക്കുന്നത്. വളരെ മൃദുവായി, താഴ്ന്ന ശബ്ദത്തില്‍ പാടാനാണ് സംഗീതസംവിധായകന്‍ നിര്‍ദേശിച്ചത്. ഒരു കുടുംബത്തെപ്പോലെയായിരുന്നു അദ്ദേഹം. അനുജത്തിമാരായ ഉഷയും മീനയും ഗാനരചയിതാവ് പ്രേം ധവാനും ചിത്രഗുപ്തയും അസിസ്റ്റന്റ് ദിലീപ് ധോലാക്യയും എല്ലാവരും കുടുംബത്തെപ്പോലെ കഴിഞ്ഞിരുന്ന നാളുകള്‍ ലതയുടെ ഓര്‍മയിലുണ്ട്. രസകരമായ ഓര്‍മകള്‍.

16. ദുനിയാ കരേ സവാല്‍ (ബാഹൂബീഗം-1967)
സഹീര്‍ ലുധിയാന്‍വി രചിച്ച് റോഷന്‍ ഈണമിട്ട ലളിതമായ ഗസല്‍. നാല്‍പ്പതുകള്‍ തൊട്ടേ റോഷന്‍ കുടുംബവുമായുള്ള സൗഹൃദം ലതയ്ക്ക് മറക്കാനാവില്ല. ആദ്യമായി റോഷന്‍ മുംബൈയില്‍ വന്നപ്പോള്‍ ഭാര്യയോടൊപ്പം താമസിച്ചിരുന്നത് ഒരു ഗാരേജിലായിരുന്നു. ആ ഗാരേജിലാണ് പില്‍ക്കാലത്ത് സംവിധായകനായിത്തീര്‍ന്ന രാകേഷ് റോഷന്‍ ജനിച്ചത്. റോഷന്റെ മൂത്ത മകന്‍. ക്ലാസിക്കല്‍ സംഗീതത്തില്‍ അഗാധജ്ഞാനമുണ്ടായിരുന്നു റോഷന്. അദ്ദേഹത്തിന്റെ ഭാര്യ ഇറാ റോഷനുമൊത്ത് അനില്‍ ബിശ്വാസിന്റെ ഒരു യുഗ്മഗാനം ആലപിച്ചത് ലതാജി ഓര്‍മിക്കുന്നു. രഹേന്‍ നാ രഹേന്‍ (മമ്ത) രാത് കി മെഹ്ഫില്‍ സൂനി സൂനി (നൂര്‍ജഹാന്‍) എന്നിവയും ലതയ്ക്ക് പ്രിയംകരമായ റോഷന്‍ഗാനങ്ങളാണ്.

17. ക്യാ ജാനു സജന്‍ (ബഹാറോം കെ സപ്‌നേ-1967)
ആര്‍.ഡി.ബര്‍മന്റെ പരീക്ഷണാത്മകമായ ഒരു മെലഡിയാണിത്. ഇരട്ട ശബ്ദത്തിന്റെ പ്രതീതി ഉളവാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. സംഗീതജ്ഞന്മാരുടെ സഹായത്തോടെ ആദ്യം ലതയുടെ നാദം റിക്കോര്‍ഡ് ചെയ്തു. പിന്നീടത് ലതയുടെ ഹെഡ്‌ഫോണ്‍സിലേക്ക് പ്രസരിപ്പിച്ചു. അതിന്നു മീതെക്കൂടി പാടാന്‍ നിര്‍ദേശിച്ചു. ഈ പരീക്ഷണമൊന്നും ഇല്ലെങ്കിലും ഹൃദ്യമാണ് പാട്ടിന്റെ ഈണമെന്ന് ലത അഭിപ്രായപ്പെടുന്നു.

18. ദില്‍ വില്‍ പ്യാര്‍-പ്യാര്‍ (ഷാഗിര്‍ദ്-1967)
ലക്ഷ്മികാന്ത് പ്യാരേലാല്‍ എപ്പോഴും ആശയങ്ങള്‍ പങ്കുവെച്ചിരുന്ന സംഗീതശില്‍പ്പികളാണ്. മജ്‌റൂഹ് സുല്‍ത്താന്‍പുരിയുടെ ഒരു ഗാനം റിക്കോര്‍ഡ് ചെയ്യുന്ന സന്ദര്‍ഭത്തില്‍ എല്ലാം റൈം താളത്തില്‍ സംസാരിക്കുന്ന ഒരാളെക്കുറിച്ച് ലത തമാശയായി സൂചിപ്പിച്ചു. അങ്ങനെ ഒരു പാട്ടുണ്ടാക്കിയാലോ എന്ന ആശയം ഉടനെ ലക്ഷ്മികാന്തിന്റെ മനസ്സിലുദിച്ചു. ആ താളത്തില്‍ പാട്ടെഴുതാമെന്ന് മജ്‌റൂഹ് സമ്മതിക്കുകയും ചെയ്തു. അങ്ങനെ പിറന്ന ഗാനമാണിത്.

19. ചലോ സജ്‌നാ (മേരെ ഹംദം 1968)
ഇതും ലക്ഷ്മികാന്ത്-പ്യാരേലാലിന്റേതു തന്നെ. ലതയ്ക്ക് വളരെയേറെ ഇഷ്ടപ്പെട്ട ഗാനം. വളരെ അപൂര്‍വമായി മാത്രം സംസാരിക്കുന്ന പ്രകൃതമാണ് പ്യാരേലാലിന്റേത്. റിക്കോര്‍ഡിങ് വേളയില്‍ എങ്ങനെ പാടണമെന്നു വിസ്തരിച്ചു പറഞ്ഞുതന്നു. പെട്ടെന്നുള്ള റിക്കോര്‍ഡിങ്ങായിരുന്നു. ലളിതമെങ്കിലും സങ്കീര്‍ണമാണ് ആലാപനം. ഓരോ വാക്കിന്റെയും ഗതിവ്യത്യാസമനുസരിച്ച് പാടിയില്ലെങ്കില്‍ തകര്‍ന്നുപോകുമായിരുന്ന ഗാനം നന്നായി അവതരിപ്പിക്കാന്‍ സഹായിച്ചത് പ്യാരേലാലിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ടാണ്.

20. ഭായി ബത്തൂര്‍ (പഡോസന്‍-1968)
ആര്‍.ഡി. ബര്‍മന്റെ രചനകളില്‍ മിക്കവര്‍ക്കും ഇഷ്ടമുള്ള ലതാഗാനം ശര്‍മ്മ് ആതേഹേ മഗര്‍ ആണെങ്കിലും ലതാജിക്ക് ഇഷ്ടം ഭായി ബത്താറാണ്. ലളിതമായ ട്യൂണ്‍. എന്നാല്‍, ആലാപ് പ്രയാസമുള്ളതായിരുന്നു. മണിക്കൂറുകളെടുത്തായിരുന്നു ശബ്ദലേഖനം. അതു കഴിഞ്ഞപ്പോള്‍ ലത വിസ്മയിച്ചുപോയി. ശര്‍മ് ആ തീ ഹെ പോലുള്ള നിരവധി ഗാനങ്ങള്‍ താന്‍ പാടിയിട്ടുണ്ടെങ്കിലും ഭായി ബത്തൂറിന്റെ ചാരുത അപൂര്‍വമാണെന്ന് ലത പറയുന്നു.

21. ആ ജാനേ ജാന്‍ (ഇന്‍തിഖാം-1969)
ഹെലന്റെ നൃത്തച്ചുവടുകള്‍ക്കൊപ്പം വാര്‍ന്നുവീഴുന്ന കാബ്‌റേ ഗാനം ലതാജി പാടുക, ലതാജിയെക്കൊണ്ട് പാടിക്കുക അത്ര എളുപ്പമല്ലെന്ന് ലക്ഷ്മികാന്തിനറിയാമായിരുന്നു. കാരണം ആ രംഗത്ത് ആശാഭോസ്ലെയാണ് എന്നും മികച്ചുനിന്നത്. എന്നാല്‍, ലതയുടെ സ്വരത്തിനും നിലവാരത്തിനുമിണങ്ങുന്ന ഈണമാണ് തങ്ങളുടേതെന്ന് ലക്ഷ്മികാന്ത് പ്യാരെലാല്‍ ഉറപ്പു നല്‍കിയതിനു ശേഷമാണ് ലത പാടിയത്. അത് വ്യത്യസ്തമായ കാബ്‌റേ ഗാനമാവുകയും ചെയ്തു.

22. ബിന്ദിയാ ചംകേഗി (ദോ രാസ്‌തെ-1969)
ലക്ഷ്മികാന്ത്-പ്യാരേലാലിന്റെ മറ്റൊരു രചന. വാസ്തവത്തില്‍ ഇതിന്റെ പേറ്റന്റ് നിര്‍മാതാവായ രാജ് ഖോസലെയ്ക്കാണ്. നല്ലൊരു സംഗീതാസ്വാദകനായ ഖോസ്ലെ എപ്പോഴും പാട്ടുകള്‍ മൂളിക്കൊണ്ടിരിക്കും. ചെറുപ്പത്തിലേ അമ്മ പാടിക്കേട്ട ഒരു പഞ്ചാബി നാടോടിപ്പാട്ടിന്റെ ഈണത്തില്‍ ഗാനമുണ്ടാക്കിയാല്‍ കൊള്ളാമെന്നദ്ദേഹം സംഗീതസംവിധായകരോട് പറഞ്ഞു. ഗാനമേളകളില്‍ ശ്രോതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പതിവായി ലത ഈ പാട്ടു പാടാറുണ്ട്.

23. ചല്‍തേ ചല്‍തേ (പക്കീസ-1972)
സത്യം പറഞ്ഞാല്‍ പക്കീസയിലെ എന്റെ ഗാനങ്ങളോട് എനിക്ക് അമിതമായ പ്രതിപത്തിയൊന്നുമില്ല. താരേ രഹിയോ… ഇന്‍ഹി ലോഗോം മേ എന്നീ പാട്ടുകളേക്കാള്‍ എനിക്കിഷ്ടം ചല്‍തേ ചല്‍തേ തന്നെ. അതില്‍ ഗുലാം മുഹമ്മദ് സാബ് സൃഷ്ടിക്കുന്ന വികാരപ്രപഞ്ചം അപാരം. പാട്ട് മുറിയുന്നിടത്ത് സിത്താറും തബലയും സജീവമാകുന്നു. സ്വരം തൃപ്തിയാവാത്തിടത്തോളം ഞാന്‍ പാട്ട് റിക്കാര്‍ഡ് ചെയ്യാറേയില്ല. എന്നെക്കുറിച്ച് ചലച്ചിത്രലോകത്ത് പറയാറുണ്ട്, ആതി നഹി ഗാതി നഹി ഞാനൊരു റിക്കോര്‍ഡിങ് റദ്ദാക്കിയാല്‍ നൂറുകണക്കിനാളുകള്‍ വിഷമിക്കേണ്ടിവരും. എന്നാല്‍ വികാരമുള്‍ക്കൊണ്ട് പാടിയില്ലെങ്കില്‍ ആയിരക്കണക്കിന് ശ്രോതാക്കള്‍ എന്താ പറയുക?’

24. രാതോം കെ സായേ ഘാനേ (അന്നദാതാ-1972)
ഒരു പാശ്ചാത്യ സിംഫണിയെന്നു തോന്നിക്കുന്ന ഈ ഗാനത്തിന്റെ ക്ലാസിക്കല്‍ മാധുര്യം ഓര്‍ത്തോര്‍ത്ത് അയവിറക്കാറുണ്ട് ലതാജി. എഴുപതുകളില്‍ ആര്‍.ഡി. ബര്‍മന്‍ ഈണം നല്‍കിയ റയ്‌ന ബീതി ജായേ… ബീതിന ബീതായി റയ്‌ന പോലുള്ള ശാസ്ത്രീയ ഗാനങ്ങളോടൊപ്പം പ്രിയപ്പെട്ടതാണ് സലീല്‍ചൗധരി രചിച്ച ഈ ഗാനം. സലീല്‍ദായുടെ പാശ്ചാത്യസംഗീതത്തോടുള്ള കമ്പം എല്ലാവര്‍ക്കും അറിയാം. ബിഥോവന്‍, മൊസാര്‍ട്ട്, ബാക്ക് തുടങ്ങിയ യൂറോപ്യന്‍ സംഗീതജ്ഞരുടെ സിംഫണികള്‍ വാങ്ങി ലതയ്ക്ക് നല്‍കിയിട്ടുണ്ട് സലില്‍ദാ.

25. ബാഹോം മേ ചലേ ആവോ (അനാമിക-1973)
ഈ ഗാനത്തിന്റെ സന്ദര്‍ഭവും വൈകാരികഭാവവും സംവിധായകനായ ആര്‍.ഡി. ബര്‍മന്‍ വിസ്തരിച്ചു പറഞ്ഞുതന്നതുകൊണ്ട് മാത്രമാണ് അത് ഉള്‍ക്കൊണ്ടു പാടാന്‍ തനിക്ക് കഴിഞ്ഞതെന്ന് ലത പറയുന്നു. ആ ഗാനം അഭ്രപാളികളില്‍ തന്മയത്വത്തോടെ അവതരിപ്പിച്ച സഞ്ജീവ്കുമാറിനോടും ജയബാദുരിയോടും ലതാജി കൃതജ്ഞത സൂക്ഷിക്കുന്നു. പാതിരായ്ക്ക് ഷൂട്ട് ചെയ്തതുകൊണ്ട് പതിഞ്ഞ ശബ്ദത്തിലാണിത് പാടിയത്.

26. ചലാ വഹി ദേശ് (ആല്‍ബം-1974)
സഹോദരന്‍ ഹൃദയനാഥ് മങ്കേഷ്‌കറിന്റെ മീരാഭജന്‍ ആല്‍ബത്തിലുള്ളതാണ് ഈ ഗാനം. സഹോദരന്റെ എല്ലാ ഗാനങ്ങളോടും, പ്രത്യേകിച്ച് ഭജനോട് വലിയ പ്രതിപത്തിയാണ് ലതയ്ക്ക്. ഇതാവട്ടെ സ്വന്തം പ്രൊജക്ടുമായിരുന്നു. എന്നാല്‍ ലതാജിക്ക് സുഖമില്ലാത്ത അവസരത്തിലായിരുന്നു റിക്കോര്‍ഡിങ്. കാലുറപ്പിച്ചു നില്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. എന്നിട്ടും ഉള്ളറിഞ്ഞു പാടി. ഒരു ആത്മീയാന്തരീക്ഷമുണ്ടാകാന്‍, ആ സന്ദര്‍ഭത്തില്‍ സിനിമാഗാനങ്ങളൊന്നും പാടിയതേയില്ല. ഭഗവദ്ഗീതയെ ആധാരമാക്കിയുള്ള ഹൃദയനാഥിന്റെ രചനയിലും ഇതേ സമീപനമായിരുന്നു.

27. സത്യം ശിവം സുന്ദരം (സത്യം ശിവം സുന്ദരം -1978)
താന്‍ ഏറ്റവും ആദരിക്കുന്ന പണ്ഡിറ്റ് നരേന്ദ്രശര്‍മ രചിച്ച കവിതകളായതുകൊണ്ട് ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളോടും ലതയ്ക്ക് ഒരു മമതയുണ്ട്. ലക്ഷ്മികാന്ത് – പ്യാരേലാല്‍ ആണ് സംഗീതസംവിധായകര്‍. ആദ്യ ടേക്കില്‍ തന്നെ പാട്ട് ഓകേയായി. ഇതിലെ യശോമതി മയ്യാ സെ ബോലെ നന്ദലാലാ എന്ന ഗാനവും ലതാജിക്ക് ഏറെ ഇഷ്ടമാണ്. രണ്ടു സ്വരത്തില്‍ ഒരേ ഗാനം പാടേണ്ടിവന്ന അപൂര്‍വതയുമുണ്ട്. പത്മിനി കോലാപ്പൂരി അവതരിപ്പിച്ച ബാല്യകാലവും സീനത്ത് അമന്റെ യൗവനകാലവും വ്യത്യസ്ത സ്വരവും ഭാവവും ആവശ്യപ്പെടുന്നതായിരുന്നു.

28. ദര്‍ദ് കി രാഗിണി (പ്യാസ്-1981)
ബപ്പി ലാഹിരിക്ക് മനോജ്ഞമായ ഗാനങ്ങളുണ്ടാക്കാനാവും. ബാദ്ഷാ എന്ന പടത്തില്‍ പാടാനാണ് ബപ്പിയുടെ അച്ഛന്‍ ലാഹിരി മുംബൈയില്‍ വന്നത്. എന്നാല്‍ ഗായകനായി ഉയരാനായില്ല. കൊല്‍ക്കത്തയില്‍ പോകുമ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തെ കാണാറുണ്ട്. ഒരിക്കല്‍ ചെന്നപ്പോള്‍ ഒരു വയസ്സുള്ള ബപ്പിയെ തന്റെ മടിയിലിരുത്തി ലാഹിരി ഫോട്ടോ എടുത്തത് ലത ഓര്‍മിക്കുന്നു. ബപ്പിയുടെ ആദ്യ ചിത്രം തൊട്ടേ ലത പാടിയിട്ടുണ്ട്.

29. ദിഖായേ ദിയേ യുന്‍ (ബസാര്‍-1981)
‘ഹാ! എന്തൊരു മധുരഗാനം. അതിലെ ഓരോ വാക്കും എനിക്കിഷ്ടപ്പെട്ടതാണ്. എന്റെ ഇഷ്ടകവിയായ മിര്‍ താഖി മിറിന്റേതാണ് വരികള്‍. സംഗീതസംവിധായകനായ ഖയ്യാമിനെയാണെങ്കില്‍ പതിറ്റാണ്ടുകളായറിയാം. ഫുട്പാത്ത് തുടങ്ങിയ അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിലെ ഗാനങ്ങള്‍ മുതല്‍ എനിക്കിഷ്ടമാകുന്നു. ആഖ്‌രിഖത്തിലെ ബഹാറോ മേരാ ജീവന്‍ ഭിസവാ രോ എന്ന ഗാനമാണ് ഖയ്യാമിനു വേണ്ടി ആദ്യമായി ഞാന്‍ പാടിയത്. കവിതയില്‍ അഗാധജ്ഞാനം. സംഗീതരചനയുടെ സൂക്ഷ്മാംശങ്ങളില്‍ പോലും ശ്രദ്ധ. സവിശേഷമായ ശൈലി. പെര്‍ഫെക്ഷനിസ്റ്റ്. ആദ്യന്തം ജന്റില്‍മാന്‍ – ഖയ്യാമിനെക്കുറിച്ചുള്ള ലതയുടെ വിശേഷണങ്ങള്‍.

30. അഹേ ദിലേ നാദാന്‍ (റസിയാ സുല്‍ത്താന്‍-1983)
ഖയ്യാമിന്റെ തന്നെ മറ്റൊരു സൃഷ്ടി. ജാവേദ് അക്തറിന്റെ പിതാവ് ജാന്‍ നിസ്സാര്‍ അക്തറിന്റെ വരികള്‍. അദ്ദേഹത്തിന്റെ പല ഗാനങ്ങളും ലത പാടിയിട്ടുണ്ട്. സംവിധായകനായ കമല്‍ അമ്രോഹി ഗാനസന്ദര്‍ഭം കണ്‍മുന്നില്‍ കാണാവുന്നതുപോലെ സ്​പഷ്ടമായി വിവരിച്ചുതന്നു. എന്റെ ഉറുദുവിന് സ്ഫുടതയും ശുദ്ധിയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

31. ശ്രീരാം ഭജന്‍ ശ്യാം ഘനശ്യാം ബര്‍സെ (1985)
രാം ശ്യാം ഗുന്‍ഗാന്‍ എന്ന ആല്‍ബത്തിലെ സോളോകളാണിവ രണ്ടും. ശ്രീനിവാസ് കാലേയാണ് സംഗീതരചയിതാവ്. അദ്ദേഹത്തിന്റെ തുക്കാറാമില്‍ ഞാന്‍ പാടിയിട്ടുണ്ട്. അത് ഹിറ്റായിരുന്നു. പ്രശസ്ത ഹിന്ദുസ്ഥാനി ശാസ്ത്രീയ ഗായകനായ പണ്ഡിത് ഭീംസെന്‍ ജോഷിയാണ് ഈ ആല്‍ബത്തില്‍ പാടിയ മറ്റൊരു കലാകാരന്‍. അദ്ദേഹത്തോടൊപ്പം പാടാനാവുമോ എന്ന സന്ദേഹമുണ്ടായിരുന്നു. പണ്ഡിറ്റ് നരേന്ദ്ര ശര്‍മയെക്കൊണ്ടാണ് പാട്ടുകളെഴുതിച്ചത്. ഒരു വര്‍ഷം മുമ്പാണല്ലോ ചരിത്രം സൃഷ്ടിച്ച രാം രത്തന്‍ ധന്‍പായോ, ഞാന്‍ പാടിയത്. ഇതിലെ ചില ഗാനങ്ങള്‍ ഈണപ്പെടുത്തിയത് എന്റെ സഹോദരീസഹോദരന്മാരാണ്. കുടുംബത്തില്‍ ഞങ്ങളെല്ലാവരും സംഗീതരചയിതാക്കളാണ്.

32. ദില്‍ ദീവാന (മൈനേ പ്യാര്‍കിയാ-1989)
പിന്നണിസംഗീത രംഗത്തുനിന്നു പിന്‍വാങ്ങാന്‍ ലതാജി ആലോചിച്ചുകൊണ്ടിരുന്ന കാലം. തികച്ചും അപ്രശസ്തനായ സംഗീതസംവിധായകന്‍ രാംലക്ഷ്മണ്‍. രാജശ്രീയുടെ വലിയ നിലവാരമൊന്നുമില്ലാത്ത പടം-ഏജന്റ് വിനോദ്. സുഖമില്ലാതിരുന്നിട്ടും അഞ്ചു ഗാനങ്ങളാണ് ഒറ്റ ദിവസം ഈ പടത്തിനു വേണ്ടി ലത പാടിയത്. ഒരു ദശാബ്ദം മുഴുവന്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വിഷമിച്ചിരുന്ന രാമലക്ഷ്മണിന് ഈ പടം ബ്രേക്കായി. വിടവാങ്ങാനുള്ള തീരുമാനം ലത ഉപേക്ഷിച്ചു. അടച്ചുപൂട്ടാറായ എച്ച്.എം.വി.ക്ക് ആത്മവിശ്വാസം പകര്‍ന്നു – ഇതെല്ലാമാണ് ഈ ചിത്രത്തിന്റെ പ്രത്യേകതകള്‍.

33. സുനിയോജി അരജ് മഹരി (ലേകിന്‍-1990)
ഗുല്‍സാറിന്റെ വരികള്‍ ഈണപ്പെടുത്തിയത് ഹൃദയനാഥ് മങ്കേഷ്‌കര്‍. സംഗീതസംവിധായകനെന്ന നിലയില്‍ തന്റെ സഹോദരനെക്കുറിച്ച് ലതാജിക്ക് വലിയ മതിപ്പാണ്. വലിയ പെര്‍ഫെക്ഷണിസ്റ്റ്. റിക്കോര്‍ഡിങ് പൂര്‍ണ തൃപ്തിയായാലേ ഓക്കേയാക്കാറുള്ളു. നാളെ ആളുകള്‍ മോശം പറയരുതെന്ന് നിര്‍ബന്ധമാണ്. സഹോദരനായതുകൊണ്ട് ശുപാര്‍ശ ചെയ്യാറില്ലെന്ന് ലതാജി പറയുന്നു. ലേകിനിലെ ഗാനങ്ങളെല്ലാം നന്നായിട്ടും പടം പൊട്ടി. പശ്ചാത്തലസംഗീതം പോലും മികച്ചതായിരുന്നു.

34. കുഛ് നാ കഹൊ (1942 എ ലൗ സ്റ്റോറി-1994)
ആര്‍.ഡി. ബര്‍മന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ പശ്ചാത്തല ഗാനമാണിത്. ഇത് ലതാജി പാടണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. മറ്റുള്ള ഗാനങ്ങളെല്ലാം കവിതാകൃഷ്ണമൂര്‍ത്തിയാണ് പാടുകയെന്ന്, ആര്‍.ഡി. ബര്‍മന്‍ തുറന്നു പറഞ്ഞിരുന്നു. റിക്കോര്‍ഡിങിനു മുമ്പ് വിദേശപരിപാടിക്കു പോയ അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ് പിന്നീട് കേട്ടത്. അതിന്നു ശേഷം നിര്‍മാതാക്കള്‍ സമീപിച്ച് പശ്ചാത്തലഗാനം ലതാജി തന്നെ പാടണമെന്ന് നിര്‍ബന്ധിച്ചു. തന്റെ ഗാനം ലതാജി തട്ടിയെടുത്തുവെന്നു കവിതയോട് ആരോ ആരോപിച്ചതായി കേട്ടപ്പോള്‍ ലതയ്ക്ക് വളരെ വേദന തോന്നി. ഞാനൊരിക്കലും അങ്ങനെ ചെയ്യില്ല. ഈ വൃത്തികെട്ട കെട്ടുകഥ പ്രചരിപ്പിച്ചത് ഒരു പിന്നണിഗായകനാണെന്നത് എന്നെ കൂടുതല്‍ വേദനിപ്പിച്ചു. എന്നാല്‍ നിഷേധാത്മകമായി ഒന്നും പറഞ്ഞില്ല എന്നതില്‍ കവിതയോട് ആദരവുണ്ട്.

35. ജിയാ ജലേ (ദില്‍സേ-1998)
തൊണ്ണൂറുകളില്‍ താന്‍ ആലപിച്ചതില്‍ ലതാജിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണിത്. ആദ്യം കേട്ടപ്പോള്‍ ട്യൂണില്‍ പുതുമയൊന്നും തോന്നിയില്ല. എന്നാല്‍ റിക്കോര്‍ഡ് ചെയ്തു കേട്ടപ്പോഴാണ് അമ്പരന്നുപോയത്. വളരെ കാലത്തിനു ശേഷം നല്ല ഒരു പാട്ട് പാടിയ സംതൃപ്തി. റിക്കാര്‍ഡിങ് വേളയില്‍ ആലാപിനു ശേഷം താനൊന്നു മൂളിയപ്പോള്‍ അതും റിക്കാര്‍ഡ് ചെയ്യണമെന്നായി റഹ്മാന്‍. പുതിയ തലമുറയിലെ പ്രതിഭാധനനായ ഈ സംഗീതജ്ഞനോടൊപ്പം ചെന്നൈയില്‍ പാടാന്‍ ചെന്നത് നല്ലൊരനുഭവമായി ലത കരുതുന്നു. റഹ്മാന്റെ അനുപമമായ ശൈലി ഭാരതീയമാണെങ്കിലും അതില്‍ അറേബ്യന്‍ സംഗീതത്തിന്റെ ശക്തമായ സ്വാധീനമുണ്ടെന്നാണ് ലതാജിയുടെ അഭിപ്രായം.

മലയാളത്തിലും തമിഴിലും

രാമു കര്യാട്ടിൻ്റെ ‘നെല്ല് ‘ എന്ന സിനിമയ്ക്ക് വേണ്ടി ‘കദളി കൺകദളി ചെങ്കദളി പൂ വേണോ, കവിളില്‍ പൂമദമുള്ളൊരു പെണ്‍പൂ വേണോ പൂക്കാരാ’ എന്ന ഗാനത്തിൻ്റെ അതിമനോഹരമായ ആലാപനം മലാളിയുടെ ലതാ മങ്കേഷ്‌ക്കറുടെ ശബ്ദത്തിലുള്ള അഭിമാന ഗാനമാണ്.

തമിഴിലും ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ എസ്.പി. ബാലസുബ്രഹ്‌മണ്യത്തോടൊപ്പം വളയോസൈ എന്ന ഗാനം അവർ പാടി. ഇന്ത്യന്‍ സിനിമയിലെ പ്രമുഖനായ ഗാനരചയിതാവ് ജാവേദ് അക്തറിന്റെ കഥ അടിസ്ഥാനമാക്കി നിര്‍മിച്ച ‘സത്യ’ എന്ന സിനിമയിലെ ഗാനമായിരുന്നു ‘വളയോസൈ’… വളകളുടെ കിലുക്കം പോലെ മനോഹരമായ ഈണവും വരികളും ലതയുടേയും എസ്പിബിയുടേയും ആലാപനമികവോടെ തമിഴിൽ അനശ്വരമായി രേഖപ്പെടുത്തപ്പെട്ടു.

ബഹിരാകാശ നിലയം ഉപേക്ഷിക്കാനൊരുങ്ങി നാസ

0

പുതിയ അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി നാസ മുന്നോട്ട്. പ്രതീക്ഷിച്ചതിലും ഇരട്ടി കാലം പിന്നിട്ട് ഇപ്പോഴത്തെ നിലയം പ്രവര്‍ത്തനം 2030 ന് അവസാനിപ്പിക്കും. ഈ നിലയം 2031 ല്‍ പസഫിക് സമുദ്രത്തില്‍ വീഴ്ത്തും. 1998 ല്‍ വിക്ഷേപിച്ച ബഹിരാകാശ നിലയം ജനുവരി 31 ന് പ്രവര്‍ത്തനം അവസാനിപ്പിച്ച് ഭ്രമണ പഥത്തില്‍ നിന്ന് ഒഴിവാക്കാനാണ് നാസയുടെ പദ്ധതി. 

അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് മുമ്പ് തന്നെ 2020 കളുടെ അവസാനത്തോടെ പുതിയ നിലയം പ്രവര്‍ത്തന ക്ഷമമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ബഹിരാകാശ നിലയം നിര്‍മിക്കുന്നതിന് മൂന്ന് സ്വകാര്യ കമ്പനികളുമായി ഇതിനകം നാസ കരാറൊപ്പിട്ടു കഴിഞ്ഞു. സ്വകാര്യ കമ്പനികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കും നാസയുടെ സ്വന്തം ഗവേഷകര്‍ക്കും ഉപയോഗിക്കാനാവുന്ന ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ബ്ലൂ ഒറിജിന്‍, നാനോറാക്‌സ് എല്‍എല്‍സി, നോര്‍ത്ത്‌റോപ്പ് ഗ്രുമ്മന്‍ സിസ്റ്റംസ് കോര്‍പറേഷന്‍ എന്നീ കമ്പനികളുമായാണ് കരാര്‍.

ബഹിരാകാശ നിലയത്തിന് പ്രായമേറുന്നതിന്റെ ലക്ഷണമായി ചില വിള്ളലുകള്‍ കണ്ടെത്തിയതായി ഒരു റഷ്യന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. വര്‍ഷം കഴിയും തോറും ഇത് വലുതായേക്കാം. അത് പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

ബഹിരാകാശ നിലയം 1998 ല്‍ വിക്ഷേപിക്കുമ്പോള്‍ 15 വര്‍ഷം വരെ പ്രവര്‍ത്തിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 2030 വരെ പ്രവര്‍ത്തിക്കാനുള്ള ആരോഗ്യം നിലയത്തിനുണ്ടെന്ന് നാസ പറഞ്ഞു. എങ്കിലും ഇത് സംബന്ധിച്ച് നിരന്തര പരിശോധനകള്‍ നടത്തുന്നുണ്ട്.  

നിലവിലുള്ള ബഹിരാകാശ നിലയം ഭ്രമണ പഥത്തില്‍ നിന്ന് മാറ്റി ക്രമേണ ഭൂമിയിലേക്ക് കുതിക്കുകയും പസഫിക് സമുദ്രത്തില്‍ പോയിന്റ് നെമോ (Point Nemo) എന്നറിയപ്പെടുന്ന സ്ഥലത്ത് വന്ന് വീഴുകയും ചെയ്യും. കരയില്‍ നിന്ന് 2700 കീലോമീറ്റര്‍ ദൂരുപരിധിയിലുള്ള ഇടമാണിത്. ബഹിരാകാശ ശ്മശാനം എന്നറിയപ്പെടുന്ന ഇവിടെയാണ് പ്രവര്‍ത്തന രഹിതമായ ഉപഗ്രഹങ്ങളും മറ്റ് മനുഷ്യ നിര്‍മിത ബഹിരാകാശ അവശിഷ്ടങ്ങളും വന്ന് പതിക്കാറുള്ളത്. മാത്രവുമല്ല ഈ മേഖലയില്‍ ചരക്കുനീക്കം ഉള്‍പ്പടെയുള്ള മനുഷ്യന്റെ ഇടപെടല്‍ ഒട്ടുമില്ലാത്ത ഇടവുമാണ്. 

എന്തായാലും ഇനി എട്ട് വര്‍ഷം കൂടി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തുടരും. ഇതോടെ നിലയം അതിന്റെ മൂന്നാം ദശകത്തിലേക്ക് കടന്നു. ഒരു അമേരിക്കന്‍ ഫുട്ബാള്‍ ഗ്രൗണ്ടിന്റെ വലിപ്പമുള്ള ബഹിരാകാശ നിലയം ഓരോ 90 മിനിറ്റിലും ഭൂമിയെ ചുറ്റുന്നുണ്ട്.  2000 മുതല്‍ ഇവിടെ സ്ഥിരമായി മനുഷ്യ സാന്നിധ്യമുണ്ട്. 

മണിപ്പൂരിൽ ബിരേൻ സിങ് പത്രിക സമർപ്പിച്ചു

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംങ് ഹിൻഗാംഗ് നിയമസഭാ മണ്ഡലത്തിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. ഇംഫാലിൽ റിട്ടേണിംഗ് ഓഫീസർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. മണിപ്പൂർ ബിജെപി അധ്യക്ഷൻ എ ശാരദാ ദേവിയും ബിരേൻ സിംഗിനൊപ്പം ഉണ്ടായിരുന്നു.

കോൺഗ്രസ് പ്രകടനപത്രിക അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വിശേഷിപ്പിച്ചു. ബിജെപി പ്രകടനപത്രിക എത്രയും വേഗം പുറത്തിറക്കുമെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. 

സംസ്ഥാനത്തെ 60 സീറ്റിലും ബി ജെ പി നേരിട്ട് മത്സരിക്കും എന്നാണ് തീരുമാനം. കഴിഞ്ഞ തവണ കോൺഗ്രസ് തിരഞ്ഞടുപ്പിലൂടെ ഭരണം പിടിച്ചു എങ്കിലും അധികാരത്തിൽ വന്നത് ബി ജെ പിയാണ്. ബിരേൻ സിങ് ഉൾപ്പെടെ കോൺഗ്രസിൽ നിന്നും ബി ജെ പി പക്ഷത്ത് എത്തുകയായിരുന്നു.

കുവൈറ്റിൽ അഞ്ച് വയസു മുതലുള്ള കുട്ടികൾക്കും കൊറോണ വാക്സിൻ നൽകി തുടങ്ങി

0

കുവൈത്തില്‍ അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികൾക്കും കോവിഡ് വാക്സിൻ നൽകി തുടങ്ങി. രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കുട്ടികള്‍ക്കും വാക്സിനേഷന്‍ നല്‍കുന്നതാണെന്നും കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ഇതിനകം 15,000 കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയ വിദഗ്ദ്ധ സമിതി അംഗം ഡോ. മുഹമ്മദ് അല്‍-ഗുനൈം പറഞ്ഞു. ഏഴ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും കൊറോണ അണുബാധയും രോഗ പകർച്ചയും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം കുട്ടികളും രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിലീപിനെതിരെ ‘വധക്രമം’ വിവരിക്കുന്ന ശബ്ധരേഖയുമായി ബാലചന്ദ്രകുമാർ

0

ദിലീപിൻ്റെതെന്ന് വ്യക്തമാക്കി പുതിയ ശബ്ദരേഖ പുറത്തുവിട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. 2017-ലെ ശബ്ദരേഖയാണെന്നാണ് ബാലചന്ദ്രകുമാർ ഇതു സംബന്ധിച്ച് വിശദീകരിക്കുന്നത്.

ഒരാളെ തട്ടണമെങ്കില്‍ ഗ്രൂപ്പിലിട്ട് തട്ടണമെന്ന് പറയുന്ന ശബ്ദരേഖയാണ് ശനിയാഴ്ച പുറത്തുവിട്ടത്. ഒപ്പം ‘ഒരുവര്‍ഷം ഒരു റെക്കോര്‍ഡും ഉണ്ടാകരുത്, ഫോണ്‍ യൂസ് ചെയ്യരുത്’ എന്ന് സഹോദരന്‍ അനൂപ് പറയുന്നതാണെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയും പുറത്തുവിട്ടിട്ടുണ്ട്.

ഒരാളെ വധിക്കാന്‍ തീരുമാനിച്ചാല്‍ ഗ്രൂപ്പായി ആളുകളെ വധിക്കണമെന്നും അങ്ങനെയാണെങ്കില്‍ സംശയിക്കില്ലെന്നുമാണ് ദിലീപ് പറഞ്ഞതിൻ്റെ അര്‍ഥമെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. ഇത് സിനിമയിലെ ഒരു സംഭാഷണം കടമെടുത്താണെന്നും പറയുന്നുണ്ട്. 

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാര്‍ പുതിയ ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്.

കേസില്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം ജാമ്യഹര്‍ജിയില്‍ വാദംകേട്ട ഹൈക്കോടതി, ഹര്‍ജി തിങ്കളാഴ്ചയിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.