നടൻ വിനോദ്തോമസിൻ്റെ മരണത്തിനിടയാക്കിയത് വിഷവാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

0

നടൻ വിനോദ് തോമസിൻ്റെ മരണത്തിനിടയാക്കിയത് കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിൽ ആയിരുന്നു പോസ്റ്റ്മോർട്ടം. വിനോദ് തോമസിനെ ഇന്നലെയാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

സ്റ്റാർട്ട് ചെയ്ത കാറിൽ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി വിനോദ് ഇരിക്കുകയായിരുന്നു. പിന്നീട് മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചു എന്നാണ് അനുമാനം. പൊലീസ് വിനോദിന്റെ കാറിൽ നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കോട്ടയം പാമ്പാടിയിലെ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിൽ വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്റ്റാർട്ടാക്കിയ കാറിനുള്ളിൽ കയറിയ വിനോദ് മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെയാണ് ബാർ ജീവനക്കാർ അന്വേഷിച്ചതും തുടർന്ന് ഉള്ളിൽ വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയതും. കോട്ടയം മീനടം സ്വദേശിയാണ്.

പ്രതിരോധിക്കാനുള്ളത് 241 റൺസ്, 2023 ലോകകപ്പിൽ ആദ്യമായി ആൾ ഔട്ടായി ഇന്ത്യ

0

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ കെ.എല്‍.രാഹുലും വിരാട് കോലിയും 47 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷുയുടെ സ്‌കോര്‍ സമ്മാനിച്ചത്.

ഇതാദ്യമായാണ് ഇന്ത്യ ഈ ലോകകപ്പില്‍ ഓള്‍ ഔട്ടാകുന്നത്. കപ്പ് സ്വന്തമാക്കാൻ ഇന്ത്യ പ്രതിരോധിക്കേണ്ടത് 241 റണ്‍സാണ്. ഇനി ഇന്ത്യയുടെ ബൗളര്‍മാരിലാണ് പ്രതീക്ഷയുടെ ഭാരം മുഴുവനും.

ഓസീസ് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞാണ് കളിച്ചത്. റണ്‍സ് കണ്ടത്താന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അറിഞ്ഞു പൊരുതി. 13 ഫോറും മൂന്ന് സിക്‌സും മാത്രമാണ് ഇന്ത്യയുടെ ഇന്നിങ്‌സിലുള്ളത്. ഫസ്റ്റ് ബാറ്റിങ്ങിൽ ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടൽ കൂടിയാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്.

 ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലിനിടെ ലോകകപ്പ് ചരിത്രത്തില്‍ റണ്‍വേട്ടക്കാരില്‍ കോലി രണ്ടാം സ്ഥാനത്തെത്തി.

46 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 1743 റണ്‍സ് നേടിയ മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് കോലി രണ്ടാം സ്ഥാനത്തെത്തിയത്. 37-ാം ലോകകപ്പ് മത്സരത്തിലാണ് കോലി, പോണ്ടിങ്ങിനെ മറികടന്നിരിക്കുന്നത്.

45 മത്സരങ്ങളില്‍ നിന്ന് 2278 റണ്‍സ് നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

വിനോദ് തോമസിൻ്റെ മരണം എ.സിയിൽനിന്നുള്ള വിഷവാതകം ശ്വസിച്ചാണെന്ന് നിഗമനം

0

സിനിമ, സീരിയല്‍ നടന്‍ മീനടം കുറിയന്നൂര്‍ വിനോദ് തോമസിൻ്റെ മരണം കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാണെന്ന് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുക. കാറിലെ എ.സിയില്‍നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചാകാം മരണമെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച വൈകീട്ടോടെ പാമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രീംലാന്‍ഡ് ബാറിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 11 മണിയോടെ എത്തിയതാണ്. കാറില്‍ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ബാറിലെ സുരക്ഷാ ജീവനക്കാരന്‍ നടത്തിയ തിരച്ചിലിലാണ്‌ അദ്ദേഹത്തെ അബോധാവസ്ഥയില്‍ വാഹനത്തിനുള്ളില്‍ കണ്ടെത്തിയത്‌. വൈകുന്നേരം അഞ്ച്മണിക്കായിരുന്നു ഇത്.

ഉടന്‍തന്നെ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി ഡോറിന്റെ ചില്ല് തകര്‍ത്ത് വിനോദിനെ പുറത്തെടുത്തു. ഉടന്‍തന്നെ പാമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വിനോദ് കാര്‍ ഓണാക്കിയ ശേഷം എ.സി. ഏറെ നേരം പ്രവര്‍ത്തിപ്പിച്ചിരുന്നു.

ഗവർണർ മടക്കിയ പത്ത് ബില്ലുകൾ ഒത്തൊരുമിച്ച് പാസാക്കി തമിഴ്നാട് സഭ

ഗവര്‍ണര്‍ മടക്കിയ പത്ത് ബില്ലുകള്‍ കക്ഷിഭേദമില്ലാതെ ഒരുമിച്ച് പാസാക്കി തമിഴ്‌നാട് നിയമസഭ. കാരണങ്ങള്‍ വ്യക്തമാക്കാതെ ഗവര്‍ണര്‍ ആര്‍.എന്‍. രവി മടക്കിയ ബില്ലുകളാണ് ഏകകണ്ഠമായി പാസാക്കിയത്. ഇവ പുനരവതരിപ്പിക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കൊണ്ടു വന്ന പ്രമേയത്തെ എല്ലാവരും പിന്തുണച്ചു.

2020 ല്‍ രണ്ടും 2022 ല്‍ ആറും 2023 ല്‍ രണ്ട് ബില്ലുകളുമാണ് നിയമസഭ പാസാക്കി ഗവര്‍ണറുടെ അനുമതിക്കയച്ചത്. ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ് ഗവര്‍ണറുടെ നടപടിയെന്ന് സ്റ്റാലിന്‍ തുടർന്ന് പറഞ്ഞു. ബില്ലുകള്‍ സഭ വീണ്ടും പാസാക്കി അയക്കുന്ന പക്ഷം ഗവര്‍ണര്‍ക്ക് അവയില്‍ അനുമതി നിഷേധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ഇതര ഭരണം നിലവിലുള്ള സംസ്ഥാനങ്ങളെ ഗവര്‍ണര്‍മാരിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് തുടരുകയാണെന്നും പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഗവര്‍ണറും ഭരണകക്ഷിയായ ഡി.എം.കെയും തമ്മിലുള്ള പോര് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി തുടരുകയാണ്. നേരത്തെയും സര്‍ക്കാര്‍ അവതരിപ്പിച്ച ചില ബില്ലുകള്‍ ഗവര്‍ണര്‍ വൈകിപ്പിക്കുകയോ അവഗണിക്കുകയോ ചെയ്തിരുന്നു.

ഏകാന്തത വർധിക്കുന്നു, ദിവസവും 15 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യം

ഏകാന്തത എന്നത് ലോക  ആരോഗ്യ പ്രതിസന്ധിയാണെന്ന് വിലയിരുത്തൽ. ആഗോളതലത്തിൽ ഉയർന്നു വന്നിട്ടുള്ള ആരോഗ്യഭീഷണിയാണ് ഏകാന്തത സൃഷ്ടിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏകാന്തത സൃഷ്ടിക്കുന്ന മരണനിരക്ക് ഒരു ദിവസം15 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമാണ്.

പൊണ്ണത്തടിയും ശാരീരിക അധ്വാനമില്ലാത്തവരിൽ വരുന്ന പ്രശ്നങ്ങളെപ്പോലും ഇത്കടത്തിവെട്ടുമെന്നും യുഎസ് സർജൻ ജനറൽ ഡോ വിവേക് മൂർത്തി മുന്നറിയിപ്പ് നൽകി. ഏകാന്തത പലപ്പോഴും അവഗണിക്കപ്പെടുന്ന പൊതുജനാരോഗ്യ ഭീഷണിയാണെന്നാണ് വിശദീകരണം.

എല്ലാ സാമ്പത്തിക ശ്രേണിയിലുള്ള രാജ്യങ്ങളിലും സാമൂഹിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പ്രശ്നപരിഹാരങ്ങൾ തേടുന്നതിലൂടെയും  ഏകാന്തത കൈകാര്യം ചെയ്യുന്നതിനായി, സംഘടന ഒരു അന്താരാഷ്ട്ര കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്.

“ലോകമെമ്പാടും വർദ്ധിച്ചു വരുന്ന സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും ആരോഗ്യത്തിനും ക്ഷേമത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. വേണ്ടത്ര ശക്തമായ സാമൂഹിക ബന്ധങ്ങളില്ലാത്ത ആളുകൾക്ക് പക്ഷാഘാതം (സ്ട്രോക്ക്), ഉത്കണ്ഠ, ഡിമെൻഷ്യ, വിഷാദം, ആത്മഹത്യ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്,” എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ഏകാന്തത ഡിമെൻഷ്യ വരാനുള്ള സാധ്യത 50% വർദ്ധിപ്പിക്കുന്നു, കൂടാതെ മുതിർന്നവരിൽ കൊറോണറി ആർട്ടറി ഡിസീസ് അല്ലെങ്കിൽ പക്ഷാഘാതം (സ്ട്രോക്ക്) ഉണ്ടാകാനുള്ള സാധ്യത 30% വർദ്ധിപ്പിക്കുന്നു. കൗമാരക്കാരിൽ 5% മുതൽ 15% വരെ പേർ ഏകാന്തത അനുഭവിക്കുന്നതായും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ക്ഷീണം, ഉറക്കപ്രശ്നങ്ങൾ, വിട്ടുമാറാത്ത ശരീരവേദന, ഹൃദ്രോഗ സാധ്യത, പക്ഷാഘാതം, ഡിമെൻഷ്യ, അകാല മരണം എന്നിവയുൾപ്പെടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരുപാട് വിഷയങ്ങൾ ഏകാന്തതയുമായി ബന്ധപ്പെട്ടു ഉണ്ടാകുന്നു.

“കൂടാതെ, മാനസികാരോഗ്യ പ്രശ്‌നങ്ങളായ ആത്മവിശ്വാസക്കുറവ്, നിരാശ, ഉത്കണ്ഠ, ക്ഷീണം, പ്രചോദനത്തിന്റെ അഭാവം എന്നിവയ്ക്കും ഏകാന്തത കാരണമാകും,”

ഏകാന്തതയെ നേരിടാൻ വ്യക്തികൾ പുകവലി, മദ്യപാനം, അല്ലെങ്കിൽ മോശം ഭക്ഷണ ശീലങ്ങൾ എന്നിവ പോലുള്ള അനാരോഗ്യകരമായ ജീവിതശൈലികൾ അവലംബിക്കാൻ സാധ്യത കൂടുതലാണ്. ഇതവരെ കൂടുതൽ മോശം അവസ്ഥയിൽ എത്തിക്കുന്നു.

സ്വയം അറിയൽ പ്രധാനം

ഏകാന്തത എന്നത് പലപ്പോഴും ആത്മനിഷ്ഠമായ വൈകാരികാവസ്ഥയാണ്, ആൾക്കൂട്ടത്തിലായിരിക്കുമ്പോൾ പോലും ഒറ്റപ്പെടൽ അനുഭവപ്പെടാം. ജനറേഷൻ ഗ്യാപ്, ജീവിത ക്രമീകരണങ്ങളിലെ മാറ്റങ്ങൾ (അണുകുടുംബങ്ങളുടെ വർദ്ധനവ് പോലുള്ളവ), സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം, സാമ്പത്തിക അസ്ഥിരത എന്നിവയാണ് ഏകാന്തതയുടെ പ്രാഥമികമായ കാരണങ്ങൾ. സാമ്പത്തികവും സാമൂഹികവുമായ പ്രവർത്തനങ്ങൾ നിർത്തി വച്ച് മഹാമാരിക്കാലം ഏകാന്തതയെ കൂടുതൽ തീവ്രമാക്കിത്തീർത്തു.

ഏകാന്തതയെ നേരിടുന്നതിന് ഒറ്റമൂലിയൊന്നുമില്ല. അത് ഒരു ആത്മനിഷ്ഠമായ അനുഭവമാണ്.സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക പ്രധാനമാണ്. വൃദ്ധസദനങ്ങളിലോ അനാഥാലയങ്ങളിലോ എൻജിഒകളിലോ സന്നദ്ധസേവനം നടത്തുന്നതു പോലുള്ള സാമൂഹിക  പ്രവർത്തനങ്ങൾക്കുമായി സമയം നീക്കി വയ്ക്കുക ഇതിന് ആശ്വാസം നൽകും.

ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കുക: അർത്ഥവത്തായ ബന്ധങ്ങൾ വളർത്തിയെടുക്കുകയും ഏകാന്തതയെ ചെറുക്കുന്നതിന് ഒരു പിന്തുണാ സംവിധാനം സൃഷ്ടിക്കുകയും ചെയ്യുക.

ഉപബോധമനസ്സ് റീപ്രോഗ്രാമിങ് ചെയ്യുകമടി കൂടാതെ കൗൺസിലിങ് പോലുള്ള കാര്യങ്ങളിൽ ചെന്ന് പ്രൊഫഷണൽ സഹായം തേടുക.

ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണം, ആവശ്യവുമായി മാലിദ്വീപ് പ്രസിഡൻ്റ്

0

മാലിദ്വീപിന്‍റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം കഴിഞ്ഞ്, ദ്വീപിൽ നിന്ന് സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കാൻ മുഹമ്മദ് മുയിസു ഇന്ത്യൻ സർക്കാരിനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു.

“മാലിദ്വീപിൽ നിന്ന് സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കാൻ മാലദ്വീപ് സർക്കാർ ഇന്ത്യാ ഗവൺമെന്റിനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. ഇന്ത്യൻ എർത്ത് സയൻസസ് മന്ത്രി കിരണ്‍ രിജുവിനെ കണ്ട വേളയില്‍ ആണ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു ഔദ്യോഗികമായി അഭ്യർത്ഥിച്ചത്,” മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

മാലദ്വീപിലെ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. വിജയത്തിന് ശേഷവും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ തൊട്ടു പിറ്റേന്ന് ആവശ്യം ഉന്നയിച്ചത്.

മുയിസുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രിയായ കിരണ്‍ റിജിജുവായിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കേണ്ടതിന് പകരം കേന്ദ്രമന്ത്രിയെ അയക്കുകയായിരുന്നു.

മാലിദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കുന്നത് ഇരു രാജ്യങ്ങളും പരിഹരിക്കേണ്ട വിഷയങ്ങളിൽ ഒന്നാണെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുയിസു സൂചിപ്പിച്ചിരുന്നു.

2013 മുതൽ 2018 വരെ പ്രസിഡന്റായിരുന്ന കാലത്ത് ചൈനയുമായി അടുത്ത ബന്ധം സ്ഥാപിച്ച മാലദ്വീപ് മുൻ പ്രസിഡന്റ് അബ്ദുല്ല യമീനുമായി അടുപ്പമുള്ളയാളാണ് മുയിസു.

സയണിസ്റ്റുകളും ആർ.എസ്.എസും ഒരുപോലെ, എല്ലാം ഒന്നിൽ കേന്ദ്രീകരിക്കാൻ ശ്രമം- മുഖ്യമന്ത്രി

0

സയണിസ്റ്റുകളും ആർ.എസ്.എസും ഒരുപോലെ ചിന്തിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈവിധ്യങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് ഒരു ഭാഷ, ഒരു മതം, ഒരു നികുതി, ഒരു വ്യക്തിനിയമം, ഒരു തിരഞ്ഞെടുപ്പ് എന്ന ഒരുപാട് ‘ഒരു‘ മുദ്രാവാക്യങ്ങൾ ഉയർത്തുകയാണ്. ഇതുവഴി ഇസ്രയേലിലെ സയണിസ്റ്റ് മാതൃകയിൽ യഥാർഥപ്രശ്നങ്ങളെ മറച്ചുവെക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട് നിന്നും ആരംഭിച്ച നവകേരള സദസിൻ്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തെ സാമ്പത്തികമായി തകർക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു

എല്ലാം ഒന്നിൽ കേന്ദ്രീകരിക്കുന്നു

രാജ്യത്ത് പാർലമെന്ററി ജനാധിപത്യവ്യവസ്ഥയ്ക്ക് തന്നെ മാറ്റമുണ്ടാക്കാനുള്ള ശ്രമം നടക്കുകയാണ്. എല്ലാം ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചു കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന നടപടികളാണ്. നമ്മുടെ മതനിരപേക്ഷ രാഷ്ട്രത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള നീക്കങ്ങളാണ് ദേശീയതലത്തിൽ നടക്കുന്നത്.

ധാരാളം വൈവിധ്യങ്ങൾ നിലനില്‍ക്കുന്ന രാഷ്ട്രമാണ് നമ്മുടേത്. നാനാത്വത്തിൽ ഏകത്വം എന്നതാണ് നമ്മൾ എപ്പോഴും ഉയർത്തിപ്പിടിച്ചിട്ടുള്ളത്. എന്നാൽ ഇവിടെ ഒരു ഭാഷ, ഒരു മതം, ഒരു നികുതി, ഒരു വ്യക്തിനിയമം , ഒരു തിരഞ്ഞെടുപ്പ് അങ്ങനെ ഒരുപാട് ‘ഒരു’ എന്ന മുദ്രാവാക്യങ്ങൾ കേന്ദ്ര സർക്കാർ ഉയർത്തുകയാണ്. ഇതിന്റെ പിന്നിൽ രാജ്യത്തിൻ്റെ യഥാർഥ പ്രശ്നങ്ങൾ മറച്ചുവെക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യത്തെ അമേരിക്കയുടെ തന്ത്രപരമായൊരു സഖ്യശക്തിയാക്കി മാറ്റാനുള്ള നടപടിയണ് ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലം തൊട്ട് ബിജെപിയുടെ സര്‍ക്കാരിന്റെ കീഴിലും നടന്നുവരുന്നത്. നമ്മുടെ രാജ്യം ലോകസമക്ഷം അപമാനിക്കപ്പെടുകയാണ്. കേരളത്തിന് കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളതിൽ 57,000 കോടി രൂപയിലധികം കുറവ് വന്നു. ഒരു സംസ്ഥാനത്തെ എങ്ങനെ ശത്രുതാ മനോഭാവത്തോടെ കാണുന്നു എന്നതിന്റെ ഉദാഹരണമാണിത്.

പലസ്തീനൊപ്പം

ലോകം പലസ്തീനിലെ ജനതയ്‌ക്കൊപ്പമാണ്, പലസ്തീൻ ജനതയ്ക്ക് സ്വന്തം മണ്ണിൽ ജീവിക്കാൻ സാധിക്കുന്നില്ല. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും അതിക്രൂരമായി കൊല ചെയ്യപ്പെടുകയാണ്. ‘ആശുപത്രിയിൽ ഐ.സി.യുവിൽ കഴിയുന്നവരെ അടക്കം കൂട്ടമായി കശാപ്പു ചെയ്യുന്നു. എല്ലാം ചെയ്യുന്നത് ഇസ്രയേലാണ്. സയണിസ്റ്റ് ഭീകരതയാണ് നടമാടുന്നത്.

ഇസ്രയേലുമായി നമ്മുടെ രാജ്യത്തിന് ദീർഘകാലം ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ജവഹർലാൽ നെഹ്റുവിന്റെ കാലം തൊട്ട് ദീർഘകാലം ഇസ്രയേലിനെ രാഷ്ട്രമെന്ന നിലയ്ക്ക് അംഗീകരിച്ചിരുന്നില്ല. നെഹ്റു നേതൃത്വം കൊടുത്തു കൊണ്ട് ചേരിചേരാ സമ്മേളനം നടന്നപ്പോൾ നെഹ്റുവിനൊപ്പം ചേര്‍ന്നുനിന്ന്‌ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നത് പി.എൽ.ഒ. നേതാവായ യാസർ അറാഫത്തായിരുന്നു. അത്രമാത്രം ഹൃദയ ഐക്യത്തിലായിരുന്നു

കോൺഗ്രസിന്റെ കാലത്ത് തന്നെ ഇതിന് മാറ്റം വന്നെന്നും അദ്ദേഹം പറഞ്ഞു. നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഇസ്രയേലിനെ അംഗീകരിച്ചു. ഇപ്പോൾ വലിയ തോതിൽ മോഡി സർക്കാർ ബി.ജെ.പിയുടെ നേതൃത്വത്തിൽ ഇസ്രയേലിനെ പിന്താങ്ങുന്ന കാഴ്ചയാണ്. കൂട്ടക്കൊല നടക്കുമ്പോഴാണ് അതിനെ ന്യായീകരിച്ച് ഇസ്രയേലിനെ പിന്താങ്ങിക്കൊണ്ടുള്ള മോഡിയുടെ പ്രസ്താവന.

ഇസ്രയേലിലെ സയണിസ്റ്റുകളും ആര്‍.എസ്.എസും ഒരേ പോലെ ചിന്തിക്കുന്നവരാണ്. അവർ അത്രകണ്ട് മാനസിക ഐക്യമുള്ളവരാണ്. മാത്രമല്ല നേരത്തെ കോൺഗ്രസ് ചെയ്തതും ഇപ്പോൾ ബി.ജെ.പി തീവ്രമായി ചെയ്യുന്നതും അമേരിക്കൻ സാമ്രാജ്യത്വത്തിന്റേയും സാമ്രാജ്യത്വ ശക്തികളുടേയും സമ്മർദ്ദങ്ങൾക്ക് വഴങ്ങിക്കൊണ്ടുള്ള നിലപാടാണ്. നമ്മുടെ രാജ്യത്തെ അമേരിക്കയുടെ തന്ത്രപരമായ സഖ്യശക്തിയായി മാറ്റാനുള്ള നടപടികളാണ് നടക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ സ്‌കൂളിൽ പൊതുജനങ്ങളിൽനിന്നും 1908 പരാതികൾ സ്വീകരിച്ചു. ഏഴ്‌ കൗണ്ടറിലായി പകൽ 11ന്‌ ആരംഭിച്ച പരാതി സ്വീകരിക്കൽ രാത്രി 7.15 വരെ നീണ്ടു. ആർഡിഒ അതുൽ സ്വാമിനാഥിന്റെ മേൽനോട്ടത്തിൽ അറുപതോളം ജീവനക്കാരാണ്‌ പങ്കാളികളായത്.

നടൻ വിനോദ് തോമസ് കാറിനകത്ത് മരിച്ച നിലയിൽ

0

സിനിമ- സീരിയല്‍ താരം വിനോദ് തോമസി(47)നെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനകത്ത് മരണപ്പെട്ട നിലയിലായിരുന്നു.

കാറിനുള്ളില്‍ കയറിയ മീനടം കുറിയന്നൂര്‍ വിനോദ് തോമസ് ഏറെ നേരമായിട്ടും പുറത്തിറങ്ങാതെ അകത്ത് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബാറിലെ സുരക്ഷാ ജീവനക്കാരന്‍ വിവരം അറിയിക്കയായിരുന്നു. വൈകുന്നരത്തോടെയാണ് കാറിനകത്ത് നിശ്ചലമായ നിലയിൽ കണ്ടെത്തിയത്. രാവിലെ 11 മണിയോടെ ബാറിൽ എത്തിയതാണ്.

വൈകുന്നേരം 5.30 യോടെയാണ് അബോധാവസ്ഥയിൽ വിനോദിനെ ഹോട്ടൽ ജീവനക്കാർ കണ്ടത്. 2 മണി മുതൽ സ്റ്റാർട്ടാക്കിയ കാറിൽ ഇരുന്ന വിനോദിനെ മണിക്കൂറുകൾ കാണാതെ വന്നതോടെയാണ് അന്വേഷിച്ചത്. വിളിച്ചിട്ടും തുറക്കാതെ വന്നതോടെ കാറിന്റെ വശത്തെ ചില്ല് പൊട്ടിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വിനോദ് തോമസ് അവിവാഹിതനാണ്.

കോഴിക്കോട് ഐ.സി.യു പീഡനക്കേസിൽ സ്വാധീനിക്കാൻ ശ്രമിച്ച ജീവനക്കാരെ സ്ഥലം മാറ്റി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതതായുള്ള കേസിൽ അഞ്ച് വനിതാജീവനക്കാര്‍ക്ക് സ്ഥലമാറ്റം. ഇവരുടെ സസ്പെൻഷൻ പിൻവലിച്ച് സംരക്ഷിക്കാനുള്ള ശ്രമം വിവാദത്തിലായിരുന്നു.

നിലവില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഷൈമ, ഷലൂജ, പ്രസീത, ഷൈനി, ആസ്യ എന്നീ ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. മൂന്നുപേരെ തൃശ്ശൂരിലേക്കും രണ്ടുപേരെ കോട്ടയത്തേക്കുമാണ് സ്ഥലം മാറ്റിയത്. അച്ചടക്കനടപടി പ്രകാരമാണ് മാറ്റം. ഷൈമ, ഷലൂജ, പ്രസീത എന്നിവരെ തൃശ്ശൂരിലേക്കും ഷൈനി, ആസ്യ എന്നിവരെ കോട്ടയത്തേക്കുമാണ് മാറ്റിയത്.

അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ജീവനക്കാരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് സസ്‌പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുത്തു. ഇത് വിവാദമായി. വിമര്‍ശനം ശക്തമായതോടെ തിരിച്ചെടുക്കല്‍ നടപടി റദ്ദാക്കി. ആസ്യയുടെ ഒരു ഇന്‍ക്രിമെന്റ് ആറ് മാസത്തേക്ക് തടഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ മന്ത്രി തന്നെ ഇടപെട്ടാണ് നടപടി ഉറപ്പാക്കിയത്. സസ്പെൻഷൻ പിൻവലിച്ച നടപടിയിൽ വനിതാ കമ്മീഷൻ വരെ ഇടപെടേണ്ടി വന്നിരുന്നു. ഇവരെ കുറ്റവിമുക്തരാക്കി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ റിപ്പോർട്ട് തയാറാക്കിയിരുന്നു.

നവകേരള ബസ് പുറപ്പെട്ടു, യാത്ര 140 മണ്ഡലങ്ങളിലൂടെ

0

സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിനായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമായി നവകേരള ബസ് യാത്ര പുറപ്പെട്ടു. കാസർഗോഡ് ഗസ്റ്റ് ഹൗസില്‍ നിന്നും ഉദ്ഘാടന വേദിയായ മഞ്ചേശ്വരം പൈവളിഗയിലേക്കാണ് ബസിന്‍റെ ആദ്യ റൂട്ട്. നവകേരള സദസിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. റവന്യു മന്ത്രി കെ. രാജന്‍ ചടങ്ങില്‍ അധ്യക്ഷനായി.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറമെ ചീഫ് സെക്രട്ടറിയും ബസിലുണ്ട്. ബസില്‍ പ്രത്യേകം തയ്യാറാക്കിയ ഒന്നാമത്തെ സീറ്റിലാണ് മുഖ്യമന്ത്രി ഇരിക്കുക. വിന്‍ഡോ സീറ്റില്‍ പുറത്തുള്ള ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യാന്‍ പാകത്തിനാണ് മുഖ്യമന്ത്രിയുടെ ഇരിപ്പിടം.

140 മണ്ഡലങ്ങളും താണ്ടി,ഡിസംബര്‍ 23-ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സമാപനം . അതേസമയം ധൂര്‍ത്താണ് സര്‍ക്കാരിന്‍റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സദസ് ബഹിഷ്കരിക്കുകയാണ്. ഇതിനെതിരെ ബസില്‍നിന്നുള്ള വീഡിയോകള്‍ മന്ത്രിമാര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിനായി ഓരോ മണ്ഡലങ്ങളിലും നവകേരള സദസുകളില്‍ പ്രത്യേക കൗണ്ടർ സൗകര്യമുണ്ടാകും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒപ്പം ഏകദേശം 120 ഉദ്യോഗസ്ഥരെങ്കിലും സ്ഥിരമായി യാത്രചെയ്യും.

മന്ത്രിസഭായോഗം നടക്കുന്നതൊഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മണിക്ക് ഓരോ മണ്ഡലത്തിലെയും പ്രത്യേക ക്ഷണിതാക്കളുമായി കൂടിക്കാഴ്ച നടക്കും. തുടര്‍ന്ന് വിവിധ മണ്ഡലങ്ങളിലെ സദസുകളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര തിരിക്കും. ജനങ്ങളില്‍നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും സംവിധാനമുണ്ടാവും. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് മുതല്‍ പരാതികള്‍ സ്വീകരിച്ചു തുടങ്ങും. മുഴുവന്‍ പരാതികളും സ്വീകരിക്കുന്നതു വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.

പരാതികള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൗണ്ടറുകളില്‍ പ്രദര്‍ശിപ്പിക്കും. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കും. ലഭിക്കുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സംവിധാനമാണ് നിശ്ചയിച്ചിട്ടുള്ളത്. എല്ലാ പരാതികള്‍ക്കും കൈപ്പറ്റ് രസീത് നല്‍കും. പരാതി തീര്‍പ്പാകുന്ന മുറയ്ക്ക് തപാലില്‍ അറിയിക്കുകയും ചെയ്യും. പരാതികളുടെ സ്ഥിതി www.navakeralasadas.kerala.gov.inല്‍ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ മതി.

കാസര്‍ഗോട്ടെ നാലു മണ്ഡലങ്ങളില്‍ ഞായറാഴ്ച മണ്ഡലസദസ് നടക്കും. കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഞായറാഴ്ച പര്യടനം. നവകേരള സദസ്സ് നടക്കുന്ന ദിവസം അതത് മണ്ഡലങ്ങളിലെ പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടര്‍ന്നാണ് ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

സുരക്ഷ കണക്കിലെടുത്ത് സദസ്സ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രത്യേകം പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.