ക്ഷേത്രത്തിലെ തിരുവാഭരണം മാറ്റി പകരം ദേവിക്ക് ചാര്‍ത്താനായി മുക്കുപണ്ടമെത്തിച്ച ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പിടിയിൽ. കേസില്‍ ഒളിവിലായിരുന്ന പ്രതിയെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. നീണ്ടകര വടക്ക് 482-ാംനമ്പര്‍ എസ്.എന്‍.ഡി.പി.ശാഖയുടെ മണ്ണാത്തറ ദേവീക്ഷേത്രം കമ്മററി സെക്രട്ടറി പുത്തന്‍തുറ വളവില്‍ വീട്ടില്‍ ജിജോ(42)യാണ് അറസ്റ്റിലായത്.
കഴിഞ്ഞ നവരാത്രിക്ക് ദേവിക്ക് ചാര്‍ത്തുന്ന 42 പവന്‍ തൂക്കംവരുന്ന സ്വര്‍ണത്തിരുവാഭരണത്തിനു പകരം അതേ രീതിയിലുള്ള മുക്കുപണ്ടം ക്ഷേത്രത്തിലെത്തിച്ചാണ് തട്ടിപ്പ്. തുടർന്ന് സംശയം തോന്നി മേല്‍ശാന്തി ആഭരണങ്ങള്‍ ചോദിക്കുമ്പോഴെല്ലാം അടുത്ത ദിവസം കൊണ്ടുവരാമെന്നു പറഞ്ഞ് ജിജോ ഒഴിഞ്ഞുമാറുകയായിരുന്നു.
ഒടുവില്‍ ക്ഷേത്രത്തിലെത്തിച്ച തിരുവാഭരണത്തില്‍ നിറവ്യത്യാസം കണ്ടെത്തി വിശ്വാസികളെ വിവരമറിയിച്ചു. തുടര്‍ന്ന് മറ്റ് ഭാരവാഹികളും വിശ്വാസികളും ക്ഷേത്രത്തിലെത്തി ആഭരണങ്ങള്‍ പരിശോധിച്ചു. സൂക്ഷ്മ പരിശോധനയിൽ മുക്കുപണ്ടമാണെന്നു തെളിഞ്ഞു. തട്ടിപ്പ് പിടിക്കപ്പെടും എന്നായപ്പോൾ ജിജോ ഒളിവില്‍പ്പോകുകയും ചെയ്തു.
വിശ്വാസികളുടെ പരാതിയില്‍ കേസെടുത്ത് ചവറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ജിജോ മാറ്റിയ സ്വര്‍ണാഭരണത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍തന്നെ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
ബോളിവുഡ് നടി കജോളിൻ്റെ ഡീപ് ഫെയ്ക് വീഡിയോ. ഒരു മലയാളി പേരുള്ള ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നടി രശ്മിക മന്ദാനയുടെ രൂപത്തിൽ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ച സംഭവത്തിന് പിന്നാലെയാണ് ഒരു കേസ് കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കജോൾ വസ്ത്രം മാറുന്നു എന്ന വിശേഷണത്തോടെയാണ് ഇപ്പോൾ വീഡിയോ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത്. ലക്ഷങ്ങളാണ് കാഴ്ചക്കാർ. വിവിധ തലക്കെട്ടുകളിൽ യൂട്യൂബിലും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. വീഡിയോക്ക് പുറമേ നിരവധി സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കപ്പെടുന്നവയിൽ ഉൾപ്പെടുന്നു. സംഭവത്തിൽ കജോൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വ്യാജൻ ടിക് ടോക്കിൽ നിന്ന്
കജോളിൻ്റെ രൂപത്തിലുള്ള വീഡിയോ ഡീപ് ഫേക്ക് ആണെന്ന് ഫാക്ട് ചെക്ക് വെബ്സൈറ്റായ ബൂം ലൈവ് പരിശോധിച്ച് ഉറപ്പാക്കി റിപ്പോർട്ട് ചെയ്തു. ഒരു സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസൻ്റെതാണ് യഥാർത്ഥ ദൃശ്യം. അവർ തന്നെ പോസ്റ്റ് ചെയ്തതാണ്. ഇതിൽ നടിയുടെ മുഖം കൃത്രിമമായി ചേർക്കുകയായിരുന്നുവെന്നാണ് ബൂം ലൈവ് റിപ്പോർട്ട്.
കജോളിന്റെ വ്യാജവീഡിയോയ്ക്ക് ആധാരമായ യഥാർത്ഥ വീഡിയോ പോസ്റ്റ് ചെയ്ത പേജിന്റെ വിശദാംശങ്ങൾ ബൂം ലൈവ് പുറത്തുവിട്ടിട്ടില്ല.
ടിക് ടോക്കിലെ ഗെറ്റ് റെഡി വിത് മീ എന്ന ട്രെൻഡിനനുസരിച്ച് തയ്യാറാക്കിയ വീഡിയോ ആണിത്. സ്വന്തം ദൈനംദിന കാര്യങ്ങളാണ് കണ്ടന്റ് ക്രിയേറ്റർമാർ ഇതുവഴി പങ്കുവെയ്ക്കുന്നത്. തങ്ങളുടെ ഫോളോവർമാരുമായി അടുത്തബന്ധം പുലർത്തുക എന്ന ലക്ഷ്യമാണിതിനുള്ളത്.
ഒരു ടിക് ടോക് അക്കൗണ്ടിലാണ് ഈ വീഡിയോ ഉണ്ടാക്കാനുപയോഗിച്ച യഥാർത്ഥ ദൃശ്യം അപ് ലോഡ് ചെയ്തിരിക്കുന്നത്. ഈ വർഷം ജൂൺ അഞ്ചിനാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. അതിനെ ഉപയോഗിച്ച് ഡീപ് ഫെയ്ക്ക് നിർമ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നു.
ആദ്യ ഇര രശ്മിക മന്ദാന
രശ്മിക മന്ദാന ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. പിന്നീട് വീഡിയോയിലുള്ളത് താനാണെന്നുപറഞ്ഞ് സാറ പട്ടേൽ എന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ രംഗത്തെത്തിയിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് 19-കാരനെ പോലീസ് ചോദ്യംചെയ്തിരുന്നു. ബിഹാർ സ്വദേശിയായ യുവാവിനെയാണ് ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. നടിയുടെ ഡീപ്‌ഫേക്ക് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ ആദ്യം അപ് ലോഡ് ചെയ്തത് ഇയാളാണെന്നാണ് പോലീസിന്റെ സംശയം.
ന്യൂസ് ക്ലിക്ക് കേസിൽ അമേരിക്കൻ വ്യവസായി നെവിൽ റോയി സിംഘയെ ചോദ്യം ചെയ്യാൻ ഇഡി. സിംഘത്തെ ചോദ്യം ചെയ്യാൻ വിദേശകാര്യ മന്ത്രാലയം വഴി ഇഡി നോട്ടിസ് അയച്ചു. ചൈനീസ് സർക്കാരുമായി അടുത്ത ബന്ധമുള്ള സിംഘാം ന്യൂസ് ക്ലിക്കിന് പണം നൽകി എന്ന വാർത്തക്ക് പിന്നാലെയാണ് കേസ് തുടങ്ങുന്നത്. ഷാങ്ഹായ് കേന്ദ്രീകരിച്ചാണ് നെവിൽ റോയ് സിംഘാം പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ വിദേശകാര്യമന്ത്രാലയം വഴി ചൈനീസ് സർക്കാരിലേക്കാണ് ഇഡിയുടെ നോട്ടീസ് എത്തിയിരിക്കുന്നത്.
ഡൽഹി ഹെെക്കോടതി ആദ്യം ലെറ്റർ റോഗറ്ററി പുറപ്പെടുവിച്ചതിന് ശേഷമാണ് നടപടിക്രമങ്ങൾ ആരംഭിച്ചതെന്നാണ് വിവരം. നേരത്തെ, ഇദ്ദേഹത്തിന് നേരിട്ട് നോട്ടീസ് നൽകാനുള്ള ശ്രമം ചെെന അധികൃതർ തടഞ്ഞിരുന്നു.
കേന്ദ്ര സർക്കാരിനെതിലായ വിമർശനങ്ങൾ ഉൾകൊള്ളുന്ന വാർത്തകൾ നൽകിയ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുര്‍കയാസ്ഥ എച്ച് ആർ മേധാവി അമിത് ചക്രവർത്തി എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സ്ഥാപനവുമായി ബന്ധപ്പെട്ട 37 മുതിർന്ന മാധ്യമപ്രവർത്തകരുടെ വീടുകളിൽ അടക്കം 30 കേന്ദ്രങ്ങളിൽ മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തിയതിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് നടപടി എടുത്തത്. ഇതിൽ ഒമ്പതു പേർ വനിതകളാണ്. മൊബൈൽ ഫോൺ, ലാപ്ടോപ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. ഇവരിൽ പലരെയും കസ്റ്റഡിയിലെടുത്ത് സ്പെഷൽ സെൽ ആസ്ഥാനത്ത് എത്തിച്ചാണ് ചോദ്യം ചെയ്തത്.
ന്യൂസ് ക്ലിക്ക് കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നിഷേധിച്ച് അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഘാം രംഗത്തെത്തിയിരുന്നു. താന്‍ ചൈനീസ് ഏജന്‍റല്ലെന്നും ചൈനീസ് സർക്കാരിൽ നിന്നോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ നിന്നോ ഫണ്ട് കൈപ്പറ്റിയിട്ടില്ലെന്നും ആയിരുന്നു സിംഘത്തിന്റെ വിശദീകരണം. സ്വന്തം കമ്പനികളിലൂടെയാണ് വരുമാനമുണ്ടാക്കുന്നത്. ഒരു നിരോധിത സംഘടനയുമായും തനിക്ക് ബന്ധമില്ല. 2000 മുതൽ ഇന്ത്യയുമായി ബിസിനസ് ആവശ്യങ്ങൾക്കായി ബന്ധം പുലർത്തുന്നുണ്ട്. ബിസിനസുകാരനായ തനിക്ക് സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരുമായി ബന്ധമുണ്ടാകുമെന്നും നെവിൽ റോയ് സിംഘം പറഞ്ഞു.
ചൈനയ്ക്ക് അനുകൂലമായി വാര്‍ത്തകള്‍ നല്‍കുന്നതിനായി അമേരിക്കന്‍ കോടീശ്വരനായ നെവില്‍ റോയ് സിംഘത്തില്‍നിന്ന് പണം കൈപ്പറ്റി എന്നതായിരുന്നു ന്യൂസ് ക്ലിക്കിനെതിരായി ഉയര്‍ന്ന ആരോപണം. നെവില്‍ റോയ് സിംഘം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായി ലോകമെമ്പാടും ആശയപ്രചാരണത്തിന് പണം മുടക്കുന്ന ആളാണെന്നും ഇയാളില്‍നിന്നുള്ള പണം ന്യൂസ് ക്ലിക്ക് മുഖേന ഇന്ത്യയിലെ നിരവധി രാഷ്ട്രീയക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭിച്ചിട്ടുണ്ടെന്നുമാണ് ഇ.ഡി. ആരോപിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ ട്രെയിനിനു തീപിടിച്ച് എട്ട് പേര്‍ക്ക് പൊള്ളലേറ്റു. തിങ്ങി നിറഞ്ഞ് ഓടിയ ഡല്‍ഹി- ദര്‍ഭംഗ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിനാണ് തീപിടിച്ചത്. നാല് കോച്ചുകള്‍ കത്തിനശിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സരായ് ഭോപത് റെയില്‍വെ സ്റ്റേഷന്‍ കടന്നു പോകുന്നതിനിടെയാണ് തീപിടിത്തം കണ്ടെത്തുന്നത്. ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ചുകളിലൊന്നിലാണ് ആദ്യം തീ പടർന്നത്. പിന്നീട് തീ മറ്റ് മൂന്ന് കോച്ചുകളിലേക്കും വ്യാപിക്കുകയായിരുന്നു. എസ് വണ്‍ കോച്ചില്‍ നിന്ന് പുകയുയരുന്നത് കണ്ട സ്റ്റേഷന്‍ മാസ്റ്റര്‍ ഉടനടി ട്രെയിന്‍ നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതോടെ വന്‍അപകടം ഒഴിവായി.
ഛഠ് ഉത്സവവുമായി ബന്ധപ്പെട്ട് ബിഹാറിലേക്കുള്ള ട്രെയിനുകളിലെല്ലാം ആളുകൾ തിങ്ങിനിറഞ്ഞാണ് യാത്ര ചെയ്തിരുന്നത്.
#WATCH | While train number 02570 Darbhanga Clone Special was passing through Sarai Bhopat Railway station in Uttar Pradesh, the station master immediately stopped the train after seeing smoke in the S1 coach. All passengers were disembarked safely. There are no injuries or… pic.twitter.com/U6LfewBsrx
#WATCH | On fire breaks out in New Delhi- Darbhanga superfast Express Train near Sarai Bhopat Railway station, a passenger says, "I was going to Chhapra. All of a sudden some smoke rose. It felt as if I'd die. There was too much crowd. I jumped out of the window and my luggage… pic.twitter.com/3cgmUouu7n
സെമി ഫൈനലിൽ കരുത്തരായ ന്യൂസിലൻഡിനെ 70 റൺസിന് തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ 398 റൺസ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ കീവീസ് പടയ്ക്ക് 48.5 ഓവറിൽ 327 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഏഴ് ന്യൂസിലൻഡ് താരങ്ങളെ പുറത്താക്കിയ മുഹമ്മദ് ഷമിയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്.
ഈ പ്രകടനത്തോടെ ലോകകപ്പിൽ 23 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്താനും ഷമിക്ക് സാധിച്ചു. ഓസ്ട്രേലിയയുടെ ആദം സാമ്പയെ (22) പിന്തള്ളിയാണ് ഷമിയുടെ കുതിപ്പ്. ഇതോടെ ലോകകപ്പിൽ അപരാജിതരായി പത്താം വിജയം സ്വന്തമാക്കാനും, പുതിയ റെക്കോഡ് നേടാനും രോഹിത്തിന്റെ നീലപ്പടയ്ക്കായി.കഴിഞ്ഞ ലോകകപ്പ് സെമിയിലേറ്റ തോല്‍വിക്ക് അതേ കെയ്ന്‍ വില്യംസണോടും സംഘത്തോടും കണക്ക് തീര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.
ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ നാലാം ഫൈനല്‍
വ്യാഴാഴ്ച നടക്കുന്ന ഓസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും.
നിർണായകമായ സെമി ഫൈനൽ പോരാട്ടത്തിൽ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ന്യൂസിലൻഡിന് മുന്നിൽ 398 റൺസ് വിജയലക്ഷ്യം ഉയർത്തിയിരുന്നു. സ്കോർ, 397/4 (50). വിരാട് കോഹ്ലി (117), ശ്രേയസ് അയ്യർ (105) എന്നിവരുടെ സെഞ്ചുറികളുടേയും, ശുഭ്മൻ ഗില്ലിന്റെ (80) അർധ സെഞ്ചുറിയുടേയും കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. ന്യൂസിലൻഡിനായി ടിം സൌത്തി മൂന്നും ട്രെന്റ് ബോൾട്ട് ഒരു വിക്കറ്റും വീഴ്ത്തി. 3 വിക്കറ്റ് വീഴ്ത്തിയെങ്കിലും പത്തോവറിൽ നൂറ് റൺസാണ് സൌത്തി വഴങ്ങിയത്. ബോൾട്ട് പത്തോവറിൽ 86 റൺസ് വഴങ്ങി.
മറുപടിയായി ന്യൂസിലൻഡ് ഡാരിൽ മിച്ചലിന്റെയും (134) കെയ്ൻ വില്ല്യംസണിന്റേയും (69) മികവിൽ തിരിച്ചടിച്ചെങ്കിലും, ഷമിയുടെ തീയുണ്ടകളെ പ്രതിരോധിക്കാൻ അവർക്ക് സാധിച്ചില്ല. തൽഫലമായി ഒരറ്റത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു.
ആദ്യ എട്ടോവറിനുള്ളിൽ തന്നെ ന്യൂസിലൻഡ് ഓപ്പണർമാരെ ഇരുവരേയും പവലിയനിലേക്ക് തിരിച്ചയച്ച് ഇന്ത്യയുടെ പേസ് സെൻസേഷൻ മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് മേൽക്കൈ സമ്മാനിച്ചിരുന്നു. ഡെവോൺ കോൺവേ (13), രചിൻ രവീന്ദ്ര (13) എന്നിവരെ രണ്ടുപേരെയും വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന്റെ കൈകളിലെത്തിച്ചാണ് ഷമി ഇന്ത്യയ്ക്ക് നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത്. എന്നാൽ, മിച്ചലിനെ കൂട്ടുപിടിച്ച് വില്ല്യംസൺ പോരാട്ടം ഇന്ത്യൻ ക്യാമ്പിലേക്ക് നയിച്ചത്, ഒരു ഘട്ടത്തിൽ രോഹിത്തിനേയും കൂട്ടരേയും സമ്മർദ്ദത്തിലാഴ്ത്തി.
32.2 ഓവറിൽ കെയ്ൻ വില്ല്യംസണിനെ (69) സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ച ഷമി, രണ്ട് പന്തുകൾക്ക് ശേഷം ടോം ലഥാമിനേയും (0) പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. നേരത്തെ ബുംറയുടെ ഓവറിൽ അനായാസമായൊരു ക്യാച്ച് ഷമി നിലത്തിട്ടിരുന്നു.
സെമി ഫൈനൽ പോരാട്ടത്തിൽ ടോസ് നേടിയ ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ രോഹിത്ത് ശർമ്മ (47) നീലപ്പടയ്ക്ക് സ്ഫോടനാത്മകമായ തുടക്കം സമ്മാനിച്ചിരുന്നു. ഏകദിന കരിയറിലെ 13-ാമത് അർധ സെഞ്ചുറി പ്രകടനവുമായി ശുഭ്മൻ ഗില്ലും നായകന് മികച്ച പിന്തുണയേകി.
ഹിറ്റ്മാൻ നൽകിയ ആക്രമണാത്മക തുടക്കം മുതലെടുത്ത് സമ്മർദ്ദങ്ങളില്ലാതെയാണ് മറ്റു താരങ്ങളെല്ലാം ബാറ്റ് വീശിയത്. 22.4 ഓവറിൽ കാലിലെ പേശിവലിവ് കാരണം ശുഭ്മാൻ ഗിൽ റിട്ടയേഡ് ഹർട്ടായി പവലിയനിലേക്ക് മടങ്ങി
ഇന്നത്തെ മത്സരത്തിലൂടെ വിരാട് കോഹ്ലി നിരവധി റെക്കോഡുകൾ സ്വന്തം പേരിലാക്കി. ഈ ലോകകപ്പിലെ ഉയർന്ന റൺവേട്ടക്കാരനായി കോഹ്ലി (711) മാറി. ഏകദിന ലോകകപ്പിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോറായ 673 എന്ന സച്ചിന്റെ നേട്ടവും വിരാട് കടപുഴക്കി. 2003 ലോകകപ്പിലാണ് സച്ചിൻ 673 റൺസ് നേടിയത്. ഒരു ഏകദിന ലോകകപ്പ് ടൂർണമെന്റിൽ 8 തവണ അമ്പതിലേറെ റൺസ് നേടുന്ന ആദ്യ ക്രിക്കറ്ററായും കോഹ്ലി മാറി.
29 പന്തിൽ നിന്ന് 47 റൺസെടുത്ത രോഹിത്ത് ശർമ്മയെ ടിം സൌത്തിയുടെ പന്തിൽ കെയ്ൻ വില്യംസൺ ക്യാച്ചെടുത്ത് പുറത്താക്കി. സെമി ഫൈനലിൽ നേരിട്ട ആദ്യ പന്ത് തന്നെ ബൌണ്ടറിയിലേക്ക് പായിച്ചാണ് ഹിറ്റ്മാൻ തുടങ്ങിയത്. കരുതലോടെ തുടങ്ങിയ ശുഭ്മൻ ഗില്ലും പിന്നീട് കത്തിക്കയറി.
കോലി മാജിക്
സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ചുറികളുടെ റെക്കോഡ് (49) മറികടന്ന മത്സരത്തില്‍ മറ്റൊരു അപൂര്‍വ റെക്കോഡിന് കൂടി ഉടമയായി ഇന്ത്യന്‍ താരം വിരാട് കോലി. ഏകദിന ചരിത്രത്തില്‍ 50 സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും കോലി സ്വന്തം പേരിലെഴുതി.
ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ നാല് സെമിഫൈനലുകളില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയിരിക്കുന്നത്. 2011, 2015, 2019 ഇപ്പോള്‍ 2023 ലോകകപ്പിന്റെ സെമിയിലും കോലി കളിക്കുന്നു. ഇതില്‍ 2011-ല്‍ ഇന്ത്യയ്‌ക്കൊപ്പം കിരീടം നേടിയ കോലിക്ക് പക്ഷേ 2015, 2019 സെമികളില്‍ നിരാശയായിരുന്നു ഫലം.
ഇതേസമയം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോഡ് കോലി 711 റണ്‍സായി തിരുത്തിയെഴുതിയിരുന്നു. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സിന്റെ റെക്കോഡാണ് കോലി പഴങ്കഥയാക്കിയത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു എഡിഷനില്‍ 700 റണ്‍സ് നേടുന്ന ആദ്യ താരവും കോലി തന്നെ. 113 പന്ത് നേരിട്ട് 117 റണ്‍സെടുത്താണ് കോലി മടങ്ങിയത്.
അയൽരാജ്യമായ മ്യാന്മാറിലെ വടക്കൻ പ്രദേശത്തെ ചിൻ സംസ്ഥാനത്ത് വെടിവെപ്പ് തുടരുന്നു. തീവ്രമായ വെടിവെപ്പിന് ശേഷം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,000 മ്യാൻമർ പൗരന്മാർ ഇന്ത്യയിലേക്ക് പ്രവേശിച്ചു. മിസോറാമിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ സംസ്ഥാനത്തിനകത്ത് എത്തിച്ചേർന്നു.
ഞായറാഴ്ച വൈകുന്നേരമാണ് മ്യാന്മാറിൽ ഭരണത്തിലിരിക്കുന്ന സൈനിക കൗൺസിലും മിലിഷ്യ ഗ്രൂപ്പായ പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സും (പിഡിഎഫ്) തമ്മിൽ അതിരൂക്ഷമായ വെടിവയ്പ് തുടങ്ങിയത്. മ്യാന്മാറിൻ്റെ ചിൻ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന ചമ്പായി ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) ജെയിംസ് ലാൽറിഞ്ചാന പിടിഐയോട് വിവരങ്ങൾ വെളിപ്പെടുത്തി.
ഇന്ത്യൻ അതിർത്തിക്കടുത്തുള്ള ചിൻ സ്റ്റേറ്റിലെ ഖൗമാവിയിലും റിഹ്ഖൗദറിലുമുള്ള രണ്ട് സൈനിക താവളങ്ങൾ പി ഡി എഫ് (PDF) ആക്രമിച്ചതിന് പിന്നാലെയാണ് പോരാട്ടം ആരംഭിച്ചത്, തിങ്കളാഴ്ച വരെ വെടിവെയ്പ് തുടർന്നതായി വിവരമുണ്ട്.
ഖൗമാവി, റിഹ്ഖാവ്ദർ, ചിന്നിലെ അയൽ ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള 2,000-ലധികം ആളുകൾ വെടിവയ്പ്പിനെത്തുടർന്ന് ഇന്ത്യയിലേക്ക് കടന്ന് ചമ്പായി ജില്ലയിലെ സോഖാവ്തറിൽ അഭയം പ്രാപിച്ചതായി ലാൽറിഞ്ചാന പറഞ്ഞു. മ്യാൻമർ സൈനിക താവളമായ റിഹ്ഖൗദറും ഉച്ചയ്ക്ക് ശേഷം ഖൗമാവിയിലെ താവളത്തിലെ നിയന്ത്രണവും സായുധ ഗ്രൂപ്പായ പി ഡി എഫ് ഏറ്റെടുത്തു. ഇതിന് പ്രത്യാക്രമണമായി മ്യാൻമർ സൈന്യം തിങ്കളാഴ്ച ഖവിമാവി, റിഹ്ഖാവ്ദർ ഗ്രാമങ്ങളിൽ വ്യോമാക്രമണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
പിഡിഎഫിന്റെ ഭാഗമായിരുന്ന ചിൻ നാഷണൽ ആർമിയുടെ (സിഎൻഎ) അഞ്ച് സൈനികർ വെടിവെപ്പിൽ കൊല്ലപ്പെട്ടതായി സോഖാവ്ത്തർ വില്ലേജ് കൗൺസിൽ പ്രസിഡന്റ് ലാൽമുആൻപുയ പിടിഐയോട് പറഞ്ഞു.
മ്യാന്മറിൽ നിന്നുള്ള 6,000-ത്തിലധികം ആളുകൾ 2021 ൽ ഇന്ത്യയിൽ എത്തിയിരുന്നു. അധികാര അട്ടിമറി നടന്നതോടെയാണ് ഇതി. മിസോറാമിലെ ആറ് ജില്ലകൾ – ചമ്പായി, സിയാഹ, ലോങ്‌ട്‌ലായ്, സെർച്ചിപ്പ്, ഹ്നഹ്തിയാൽ, സെയ്തുവൽ – എന്നിവ മ്യാന്മറിലെ ചിൻ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്നു. 510 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയാണിത്. അഭയാർഥി പ്രവാഹം പലതലങ്ങളിലുള്ള ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ വംശീയമായി ഒരേ വിഭാഗം ജനങ്ങളാണ് ഇരുവശത്തും താമസിക്കുന്നത്.
മിസോറാമിൽ ഔദ്യോഗിക കണക്ക് പ്രകാരം 31,364 മ്യാൻമാർ പൌരൻമാർ
ഫെബ്രുവരി 2021 ൽ ജുണ്ട അധികാരം പിടിച്ചെടുത്തപ്പോഴാണ് മ്യാന്മറിൽ നിന്നുള്ള ആദ്യത്തെ കുത്തൊഴുക്ക് നടന്നത്. അതിനുശേഷം, മ്യാൻമറിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ ഈ വടക്കുകിഴക്കൻ സംസ്ഥാനത്ത് അഭയം പ്രാപിച്ചു.
സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ പ്രകാരം 31,364 മ്യാന്മർ പൗരന്മാരാണ് ഇപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാമ്പുകളിലാണ് താമസിക്കുന്നത്, മറ്റുള്ളവർ മിസോറാമിലെ അവരുടെ ബന്ധുക്കൾക്കൊപ്പവും ചിലർ വാടക വീടുകളിലും താമസിക്കുന്നു. മിസോറാമിൽ അഭയം പ്രാപിക്കുന്ന മ്യാന്മർ പൗരന്മാർ മിസോകളുമായി വംശീയ ബന്ധം പങ്കിടുന്ന ചിൻ സമുദായത്തിൽ നിന്നുള്ളവരാണ്.
ഗാസയിലെ പ്രധാന ചികിത്സാ കേന്ദ്രമായ അല്‍ ശിഫ ആശുപത്രിയെ ലക്ഷ്യമാക്കി ഇസ്രയേൽ സൈനികർ. ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് സുരക്ഷിതസ്ഥാനത്ത് ഒളിക്കേണ്ടിവന്നുവെന്ന് ഡോക്ടര്‍മാര്‍ പരാതിപ്പെട്ടു. ജീവനക്കാര്‍ വെടിയേല്‍ക്കുമെന്ന ഭയംമൂലം ജനാലകള്‍ക്കരികില്‍നിന്ന് അകലം പാലിക്കുകയാണെന്നും ഡോക്ടര്‍മാര്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇസ്രയേല്‍ സേനയുടെ നടപടിയില്‍ ഐക്യരാഷ്ട്രസഭ (യു.എന്‍) യും റെഡ് ക്രോസും ആശങ്ക അറിയിച്ചു. ആശുപത്രികള്‍ യുദ്ധകളങ്ങള്‍ അല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ വിഭാഗം തലവന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്സ് പറഞ്ഞു. അല്‍-ശിഫയിലെ സൈനിക നീക്കം ഞെട്ടിക്കുന്നതാണെന്നും നവജാത ശിശുക്കള്‍, രോഗികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘അല്‍-ഷിഫ ആശുപത്രിയിലേക്കുള്ള സൈനിക നീക്കത്തിന്റെ റിപ്പോര്‍ട്ടുകള്‍ വളരെ ആശങ്കാജനകമാണ്. ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുമായി ഞങ്ങള്‍ക്ക് ബന്ധം നഷ്ടപ്പെട്ടു. അവരുടെയും രോഗികളുടെയും സുരക്ഷയില്‍ ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണ്.’ ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഭീകരത അവസാനിപ്പിക്കണമെന്ന് റെഡ് ക്രോസും ആവശ്യപ്പെട്ടു.
അല്‍-ശിഫയിലെ അത്യാഹിതവിഭാഗം, റിസപ്ഷന്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ ധാരാളം ഇസ്രയേല്‍ സൈനികരും കമാന്‍ഡോകളും കടന്ന് കയറിയതായി ഗാസ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ യൂസഫ് അബുല്‍ റീഷ് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. മുറികളിലടക്കം സൈനികര്‍ പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം.
ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഹമാസ് സംഘാങ്ങളെ നേരിടേണ്ടിവന്നുവെന്നാണ് ഇസ്രയേൽ സേന അവകാശപ്പെടുന്നത്. എന്നാല്‍ ആശുപത്രിക്കുള്ളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ പറയുന്നു.
അഭയ കേന്ദ്രങ്ങളും ഇല്ലാതാക്കുന്ന തന്ത്രം
സൈന്യം ദിവസങ്ങളായി ആശുപത്രിയുടെ കവാടങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. രോഗികളും ജീവനക്കാരും വീടുനഷ്ടപ്പെട്ട് അഭയം തേടിയവരുമായി പതിനായിരത്തോളം പേർ ഇപ്പോഴും ഗാസസിറ്റിയിലെ വലിയ ആശുപത്രിയായ അൽ ശിഫയിലുണ്ടെന്ന് ഐക്യരാഷ്ട്രസഭ കരുതുന്നു. ആശുപത്രിയിൽക്കയറി വലിയ അതിക്രമം കാണിക്കരുതെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിനോടു ആവശ്യപ്പെട്ടിരുന്നു.
ആശുപത്രിക്കെതിരായ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം യു.എസ് പ്രസിഡന്റ് ജോ ബെെഡനാണെന്ന് ഹമാസ് ആരോപിച്ചു. അൽ ശിഫ ആശുപത്രി സമുച്ചയത്തെ പ്രതിരോധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് വാദം വെെറ്റ് ഹൗസും പെന്റഗണും അംഗീകരിച്ചു. നിസ്സഹായരായ ജനങ്ങൾക്കെതിരായ ആക്രമണത്തിന് ഇക്കൂട്ടർ പച്ചക്കൊടി കാണിച്ചുവെന്നും ഹമാസ് ചൂണ്ടിക്കാട്ടി.
ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് പ്രവർത്തനം നിലച്ച അൽ ശിഫ ആശുപത്രിയിൽ മരിച്ച 179 പേരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചിരുന്നു. മോർച്ചറിയിൽ സൂക്ഷിക്കാൻ കഴിയാത്തതിനാൽ ആശുപത്രിവളപ്പിൽ വലിയ കുഴികുത്തി ഇവ ഒരുമിച്ച് അടക്കുകയായിരുന്നെന്ന് അൽ ശിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സാൽമിയ പറഞ്ഞു. നൂറ് ആശുപത്രി ജീവനക്കാർ ആറുമണിക്കൂറെടുത്താണ് മൃതദേഹങ്ങൾ മറവുചെയ്തത്.
വൈദ്യുതിയില്ലാത്തതിനാൽ മോർച്ചറികൾ പ്രവർത്തിക്കുന്നില്ല. അതിനാൽ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ നിർബന്ധിതമായെന്ന് അദ്ദേഹം പറഞ്ഞു. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ ഗന്ധമാണ് ആശുപത്രി പരിസരത്തെന്ന് എ.എഫ്.പി.ക്കുവേണ്ടി ഗാസയിൽ പ്രവർത്തിക്കുന്ന റിപ്പോർട്ടർ പറഞ്ഞു.
യുദ്ധം തുടങ്ങിയശേഷം ഗാസയിൽ ഇതുവരെ 11240 പേർ കൊല്ലപ്പെട്ടു. ഇതിൽ 4630 പേർ കുട്ടികളും 3130 പേർ സ്ത്രീകളുമാണ്.
മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ നടക്കാവ് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു. ആധുനിക സംവിധാനങ്ങളുള്ള പ്രത്യേക മുറിയിലാണ് ചോദ്യംചെയ്യല്‍. ബുധനാഴ്ച 12 മണിയോടെയാണ് സുരേഷ് ഗോപി സ്റ്റേഷനില്‍ ഹാജരായത്.
180 ഡിഗ്രി 4 ദിശാ ക്യാമറ, അനുബന്ധ ശബ്ദ ഉപകരണങ്ങള്‍, റിക്കോർഡിങ് ക്യാമറ എന്നിവയാണ് മുറിയില്‍ സജ്ജീകരിച്ചത്. നേരിയ ചലനങ്ങള്‍, മുഖഭാവങ്ങള്‍, ശബ്ദങ്ങള്‍ എന്നിവ പകര്‍ത്താനും സൂക്ഷിച്ചുവയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഈ മുറിയിലുണ്ട്. വിവാദ സംഭവങ്ങളില്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിനുള്ള പോലീസ് സംവിധാനമാണിത്. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറുടെ പരിധില്‍ നടക്കാവ് സ്റ്റേഷനില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്.
സിഐ ബിനുമോഹന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. കമ്മീഷണര്‍ രാജ് പാല്‍ മീണ ഡിസിപി കെ. ബൈജു എസിപി ബിജു രാജ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി ഉമേഷ് ബാബു എന്നിവരും സ്റ്റേഷനിലുണ്ടായിരുന്നു.
സഹോദരന്‍ സുഭാഷ് ഗോപി, സഹോദന്റെ ഭാര്യ, സീനിയര്‍ അഭിഭാഷകന്‍ ബി.എന്‍ ശിവശങ്കരന്‍ എന്നിവര്‍ക്കൊപ്പമാണ് സുരേഷ് ഗോപി സ്റ്റേഷനിലെത്തിയത്. സുരേഷ് ഗോപിക്ക് ഐക്യദാര്‍ഢ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, എം.ടി രമേശ്, പി.കെ കൃഷ്ണദാസ് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ തുടങ്ങിയ നേതാക്കള്‍ സ്ഥലത്തുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം മൂലം സ്റ്റേഷന് പുറത്ത് കണ്ണൂര്‍ റോഡില്‍ വലിയ ഗതാഗത തടസ്സവുമുണ്ടായി.
രാവിലെ 10.30-ന് സ്റ്റേഷനില്‍ എത്താനായിരുന്നു സുരേഷ് ഗോപിക്ക് പോലീസ് നല്‍കിയ നിര്‍ദേശം. തുടര്‍ന്ന്, സ്റ്റേഷന്‍ പരിസരത്ത് കനത്തസുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തക സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരേ കേസെടുത്തത്.
രോമത്തിൽ തൊടാൻ കഴിയില്ല, കെ സുരേന്ദ്രൻ
കേരളത്തിലെ സാധാരണ ജനങ്ങളെ അണിനിരത്തി ഈ രാഷ്ട്രീയ വേട്ടയെ നേരിടാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇത് പിണറായി വിജയന്റെ അജണ്ടയാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി സര്‍ക്കാരിനെതിരെ പ്രതികരിക്കുമ്പോള്‍ അവര്‍ക്ക് പൊള്ളുന്നു എന്നത് കൊണ്ടാണ് ഇങ്ങനെയൊരു നടപടി. അത് അനുവദിക്കില്ല. അദ്ദേഹത്തിന്റെ വായടപ്പിക്കാനുള്ള ശ്രമമാണ്. സുരേഷ് ഗോപിയുടെ ഒരു രോമത്തില്‍ സ്പര്‍ശിക്കാന്‍ പോലും പിണറായി വിജയന്‍ സര്‍ക്കാര്‍ ആയിരം ജന്മമെടുത്താലും സാധിക്കില്ല. സുരേഷ് ഗോപിക്കെതിരെ, രാജീവ് ചന്ദ്രശേഖറിനെതിരെ അനില്‍ ആന്റണിക്കെതിരെ അങ്ങനെ നിരവധി ബി.ജെ.പി. നേതാക്കള്‍ക്കെതിരെ കേസ് എടുക്കുകയാണ്. അതൊന്നും ഞങ്ങള്‍ വിലവെക്കില്ല. -കെ.സുരേന്ദ്രൻ പറഞ്ഞു.
ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചോദിക്കുന്നതിനിടെ സുരേഷ് ഗോപി അനുവാദമില്ലാതെ മാധ്യമപ്രവർത്തകയുടെ ചുമലിൽ കൈവെക്കുകയായിരുന്നു. ആദ്യം മാധ്യമപ്രവർത്തക പിന്നിലേക്ക് മാറിയെങ്കിലും, സുരേഷ് ഗോപി വീണ്ടും ചുമലിൽ കൈവെച്ചു. ഇതോടെ മാധ്യമപ്രവർത്തക കൈതട്ടിമാറ്റുകയായിരുന്നു.
കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു. കിഷ്ത്‌വറില്‍ നിന്ന് ജമ്മുവിലേക്കു പോകുകയായിരുന്ന യാത്രാ ബസാണ് അപകടത്തിപ്പെട്ടത്. ബട്ടോട്ടെ- കിഷ്ത്‌വര്‍ ദേശീയപാതയില്‍ അസര്‍ മേഖലയിലെ ട്രുങ്കലിന് സമീപത്തുവെച്ച് 300 അടി താഴ്ചയുള്ള ചരിവിലേക്കുമറിയുകയായിരുന്നു.
പരിക്കേറ്റവരെ കിഷ്ത്‌വറിലേയും ദോഡയിലേയും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. JK 02CN-6555 ബസ്സിൽ 50 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
VIDEO | Several people feared dead after a bus, travelling from Kishtwar to Jammu, plunged into a deep gorge in Assar area of the Doda district of Jammu and Kashmir earlier today.
നവംബർ 21 മുതൽ സംസ്ഥാനത്ത് സ്വകാര്യബസ് ഉടമകൾ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. ഗതാഗതമന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി പണിമുടക്കില്‍നിന്ന് പിന്മാറി.
വിദ്യാർഥികളുടെ കൺസെഷൻ വിഷയത്തിൽ രവി രാമൻ കമ്മിഷൻ റിപ്പോർട്ട് പഠിച്ച ശേഷം തീരുമാനമെന്നും സർക്കാർ വ്യക്തമാക്കി. ലിമിറ്റഡ് സ്റ്റോപ്, ഓർഡിനറി ബസുകളുടെ കാര്യത്തിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു.
നിരക്ക് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ഒക്ടോബർ 30 നാണ് സ്വകാര്യ ബസ് ഉടമകളുടെ സംയുക്തസംഘടന അറിയിച്ചത്. ഒക്ടോബർ 31ന് സ്വകാര്യബസുകൾ സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു. ബസുകളില്‍ നിരീക്ഷണ ക്യാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിൽ സ്വകാര്യബസുടമകൾ എതിര്‍പ്പ് അറിയിച്ചിരുന്നു.