പാർട്ടിക്കാരൊന്നും സൗഹൃദത്തിലല്ല, കണ്ടാൽ പോലും മിണ്ടാത്തവരുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍

0

പ്രാഥമിക ഘടകങ്ങളിലെ പാര്‍ട്ടിക്കാരൊന്നും വലിയ സൗഹൃദത്തിലല്ലെന്നും കണ്ടാല്‍പോലും ലോഹ്യം പറയാത്ത പ്രവര്‍ത്തകരുണ്ടെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ഈ തലങ്ങളിൽ നേതാക്കന്‍മാരും അനുയായികളും തമ്മില്‍ അത്ര നല്ല ബന്ധമില്ലെ. മാത്രമല്ല എല്ലാം ഒരു അഭിനയവും തട്ടിപ്പുമാണെന്നും കെ സുധാകരന്‍ വിമർശിച്ചു. എറണാകളും ജില്ലയില്‍ നടന്ന കോണ്‍ഗ്രസ് കണ്‍വെന്‍ഷനിലാണ് പ്രയോഗം.

താഴെത്തട്ടില്‍ നമ്മുടെ പാര്‍ട്ടിക്കാരൊന്നും വലിയ സൗഹൃദത്തിലൊന്നുമല്ല. പലപ്പോഴും കണ്ടാല്‍പോലും ലോഹ്യം പറയാത്ത പ്രവര്‍ത്തകരുണ്ടെന്ന് നിങ്ങള്‍ക്കറിയാം. നേതാക്കന്‍മാരും അനുയായികളും തമ്മില്‍ അത്ര നല്ല ബന്ധത്തിലൊന്നുമല്ല താഴെത്തട്ടില്‍പോകുന്നത്. എല്ലാം ഒരു അഭിനയം, എല്ലാം ഒരു തട്ടിപ്പ്. അതാണ് നമ്മുടെ സാഹചര്യം. പരസ്പരം സ്‌നേഹിക്കാന്‍ പഠിച്ചിട്ടില്ല. പരസ്പരം സ്‌നേഹമില്ല.

സ്‌നേഹത്തിന്റെ നൂലിഴകള്‍ കുട്ടിച്ചേര്‍ക്കാനുള്ള ഘടകമാണ് സിയുസി. 25 വീടുകളിലെ അംഗങ്ങള്‍ കുടുംബസംഗമം പോലെ ഒരുമിച്ച് മാസത്തില്‍ ഒരു യോഗം ചേരണം. കുട്ടികളടക്കം അതിലുണ്ടാകും. ബാഡ്ജും തൊപ്പിയും വെച്ച് യോഗത്തില്‍ വന്നിരിക്കുന്ന കൊച്ചുമക്കള്‍ക്ക്‌ പ്രസംഗവും പാട്ടും മറ്റും ആസ്വദിച്ച് കോണ്‍ഗ്രസിന്റെ സംസ്‌കാരം ചെറിയ പ്രായത്തില്‍ തന്നെ അവരുടെ മനസ്സിലേക്ക് പതിപ്പിക്കാന്‍ സാധിക്കുന്ന വേദിയാണത്. കോണ്‍ഗ്രസ് കുടുംബത്തില്‍നിന്ന് പിന്നെ ഒരു കുട്ടിയും പാര്‍ട്ടിവിട്ട് പുറത്തുപോകില്ല.

‘ബൂത്ത് ഇല്ലാതെ പാര്‍ട്ടിക്ക് മുന്നോട്ടുപോകാന്‍ സാധിക്കില്ല. താഴെത്തട്ടിലുള്ള ജനങ്ങളുമായി സംവദിക്കുന്നവരും ബന്ധപ്പെടുന്നവരും ബൂത്ത് കമ്മിറ്റി നേതാക്കന്‍മാരാണ്. ആ ബൂത്ത് കമ്മിറ്റിക്ക് കീഴില്‍ 15-25 വീടുകള്‍ അടങ്ങുന്ന ഒരു കൂട്ടായ്മയായ സി.യു.സി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. 33000 സിയുസി കമ്മിറ്റികള്‍ ഇന്ന് കേരളത്തിലുണ്ട്. എന്നാല്‍, ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ അത് നിന്നുപോയി. പക്ഷേ ഇപ്പോള്‍ അത് പൂര്‍ത്തിയാക്കണം. സി.യു.സിയുടെ പ്രധാന്യം ഓരോ പ്രവര്‍ത്തകനും ഉള്‍ക്കൊള്ളണമെന്ന് വിനയത്തോടെ അപേക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് ഐക്യത്തിന്റെ, സ്‌നേഹത്തിന്റെ വഴിത്താരയില്‍ സഞ്ചരിക്കുന്നത് ഈ നാട് കാണണം. അത്തരമൊരു സാഹചര്യമുണ്ടാക്കാന്‍ ആദ്യം മനസ്സ് നന്നാക്കേണ്ടത് നേതൃത്വമാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ കണ്‍വെന്‍ഷന്‍’, സുധാകരന്‍ പറഞ്ഞു.

‘വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ദിവസങ്ങള്‍ ഇനി പരിമിതമാണ്. എല്ലാം അവസാനം മതിയെന്ന് കരുതുന്ന സ്വഭാവമാണ് നമ്മുടേത്. തിരഞ്ഞെടുപ്പിന്റെ നിയന്ത്രണം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളായ ഉദ്യോഗസ്ഥന്‍മാര്‍ക്കാണെന്ന് നിങ്ങളെ ഓര്‍മിപ്പിക്കുന്നു. അതിനാല്‍ അവസാനം തിക്കിതിരക്കി ചേര്‍ക്കുന്നവരുടെ പേര് അവര്‍ തന്ത്രപൂര്‍വ്വം ഒഴിവാക്കാനുള്ള സാധ്യതകയുണ്ട്. അതുകൊണ്ട് നിശ്ചിത സമയത്തിനുള്ളില്‍ വോട്ടര്‍പട്ടിക പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കണം എന്നും അണികളെ ഓർമ്മിപ്പിച്ചു.

കാൽനടയാത്രക്കാരനെ ബസ് ഇടിച്ചു, ജനരോഷം ഭയന്നോടിയ ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു

0

തലശ്ശേരി പുന്നോല്‍ പെട്ടിപ്പാലത്ത വൈകുന്നേരമാണ് ദാരുണ സംഭവം. കാല്‍നടയാത്രക്കാരനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു.

പന്ന്യന്നൂര്‍ മനയക്കര കൈരളി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന പുതിയ വീട്ടില്‍ കെ. ജീജിത്ത് (45) ആണ് മരിച്ചത്. പെട്ടിപ്പാലം കോളനി സ്വദേശി മുനീറാണ് ബസ് അപകടത്തിൽ പെട്ടത്.

ശനിയാഴ്ച വൈകിട്ട് ആറരയോടെ പെട്ടിപ്പാലം കോളനിക്ക് സമീപത്താണ് അപകടം. വടകര-തലശ്ശേരി ബസ് ‘ശ്രീഭഗവതി’ പെട്ടിപ്പാലം വഴി കടന്ന പോകുമ്പോഴാണ് അപകടം. റെയിൽ വേ ട്രാക്കിന് അടുത്താണ് ഇത്. അപകടത്തിന് പിന്നാലെ കോളനിലുള്ള ആളുകള്‍ ബസ് തടയുകയും കണ്ടക്ടറെ വിളിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഡ്രൈവര്‍ അകത്തു കൂടെ ഇറങ്ങിയോടിയത്. തിടുക്കത്തിൽ റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു വരുന്നത് ശ്രദ്ധയിൽ പെട്ടില്ല.

ബസിടിച്ച പരിക്കേറ്റ മുനീര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.

ഇസ്രായേല്‍ ആക്രമണം കൂടുതല്‍ ഹമാസ് അംഗങ്ങളെ സൃഷ്ടിക്കുകയാണെങ്കില്‍ യുദ്ധത്തിന് എന്താണ് അർത്ഥം; ഇലോൺ മസ്ക്

0

‘നിങ്ങള്‍ ഗാസയില്‍ ആരുടെയെങ്കിലും കുട്ടിയെ കൊന്നാല്‍, നിങ്ങള്‍ കുറച്ച് ഹമാസ് അംഗങ്ങളെയെങ്കിലും സൃഷ്ടിച്ചുവെന്ന് നിസ്സംശയം പറയാം. ഇസ്രായേലിനെ പ്രകോപിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. ഇസ്രായേലിന് സാധിക്കുന്ന ഏറ്റവും അക്രമാസക്തമായ പ്രതികരണത്തിന് വേണ്ടി അവരെ പ്രകോപിപ്പിക്കാന്‍ വേണ്ടിയാണ് ഹമാസ് അതി ക്രൂരമായ കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ അതിന് വിപരീതമായി തങ്ങള്‍ക്കാവുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഇസ്രായേല്‍ ചെയ്യേണ്ടിയിരുന്നത്. അതുവഴി മാത്രമേ ഹമാസിനെ പരാജയപ്പെടുത്താനാവൂ’, ഇലോൺ മസ്‌ക് പറഞ്ഞു.

11000 പലസ്തീനികളെ കൊന്നു തള്ളി, ഇതിൽ 4000 കുട്ടികളാണ്. ഹമാസിനെ ഓരോരുത്തരെയും ഇല്ലാതാക്കാം. പക്ഷെ ഈ കുട്ടികൾ ഇനി ഉറ്റവരിലൂടെയും സാഹോദര്യത്തിലൂടെയും ഹമാസിൻ്റെ കരുത്താവും. കരയാക്രമണവും ബോംബ് വർഷവും ഇതിനാണ് സഹായിക്കുക.

പോഡ്കാസ്റ്ററായ ലെക്‌സ് ഫ്രിഡ്മാന്‍ നടത്തിയ അഭിമുഖത്തിലാണ് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക് മസ്‌കിന്റെ പ്രതികരണം. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം കൂടുതല്‍ ഹമാസ് അംഗങ്ങളെ സൃഷ്ടിക്കുകയാണെങ്കില്‍ അവിടെ നടത്തുന്ന കൊലപാതങ്ങളിലൂടെ ഇസ്രായേലിന് വിജയം കാണാനാവില്ലെന്ന് മസ്‌ക് തുറന്നടിച്ചു. ഹമാസ് അവർ ഉദ്ദേശിച്ച ലക്ഷ്യത്തിൽ ആഗോള തലത്തിൽ വിജയിക്കയാണ് ചെയ്യുന്നത് എന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഇസ്രായേല്‍-ഗാസ യുദ്ധം എങ്ങനെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്? കാലങ്ങളായി ആ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ എന്ത് മാര്‍ഗമാണ് താങ്കള്‍ കാണുന്നത് എന്നായിരുന്നു ഇലോൺ നേരിട്ട ചോദ്യം.

ഇസ്രായേല്‍ പ്രകടമായി തന്നെ ദയ കാണിക്കണമെന്നും മസ്‌ക് പറഞ്ഞു.

ഒരു കവിളത്തടിച്ചാല്‍ മറുകവിള്‍ കാണിച്ചുകൊടുക്കുന്ന തത്വശാസ്ത്രമാണോ പിന്തുടരുന്നത് എന്ന അവതാരകന്റെ മറുചോദ്യത്തിന്, ഇസ്രായേല്‍ ഹമാസ് അംഗങ്ങളെ കണ്ടെത്തി വധിക്കുകയോ തടവിലാക്കുകയോ ചെയ്യണം. എന്നാല്‍, ഗാസയിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇസ്രായേല്‍ ആശുപത്രികള്‍ നല്‍കുകയും ഭക്ഷണവും വെള്ളവും ഉറപ്പാക്കുകയും അവശ്യ മരുന്നുകള്‍ എത്തിക്കുകയും ചെയ്യണമെന്നും മസ്‌ക് പറഞ്ഞു. അത് വളരെ സുതാര്യമായ രീതിയില്‍ ചെയ്യണം. അതൊരു അടവായി ആളുകള്‍ക്ക് തോന്നരുത്. ഇസ്രായേല്‍ പ്രകടമായി തന്നെ ദയ കാണിക്കണമെന്നും മസ്‌ക് പറഞ്ഞു.

ഇസ്രയേൽ യുദ്ധത്തിൽ ഹമാസിന് അംഗബലം നൽകുന്നു

‘കണ്ണിന് കണ്ണ്’ എന്ന നിലപാടിലാണ് ഇസ്രായേല്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നത്. എന്നാല്‍, അത് ഒരു വംശഹത്യയിലേക്കാണ് നീങ്ങുന്നത് എങ്കില്‍ അത് അംഗീകരിക്കാന്‍ ആര്‍ക്കും സാധിക്കില്ല. അത് ഇസ്രായേലിനെ ആളുകള്‍ വെറുക്കുന്ന സ്ഥിതിയിലെത്തിക്കും.’

യഥാര്‍ഥ ചോദ്യം ഇതാണ്, നിങ്ങള്‍ ഓരോ ഹമാസ് അംഗങ്ങളെ കൊല്ലുമ്പോഴും പകരം എത്ര പേരെയാണ് നിങ്ങള്‍ സൃഷ്ടിക്കുന്നത്? നിങ്ങള്‍ കൊല്ലുന്നതിനേക്കാള്‍ കൂടുതല്‍ പേരെ സൃഷ്ടിക്കുന്നുവെങ്കില്‍ അത് വിജയമാകില്ല. ഗാസയില്‍ ആരുടേയെങ്കിലും കുഞ്ഞിനെ നിങ്ങള്‍ കൊന്നാല്‍ ഒരു ഇസ്രായേലിയെ കൊല്ലാന്‍ വേണ്ടി മാത്രം മരിക്കുന്ന ഏതാനും ഹമാസ് അംഗങ്ങളെയെങ്കിലും നിങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടാവും.

മനുഷ്യകാരുണ്യ പ്രവർത്തക സംഘങ്ങൾക്ക് ഒപ്പം നിന്നു

യുദ്ധ സാഹചര്യത്തില്‍ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന, അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച സ്ഥാപനങ്ങള്‍ക്കുവേണ്ടി സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം എത്തിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇത് ഇസ്രായേലില്‍ നിന്നുള്ള കടുത്ത എതിർപ്പിന് ഇടയാക്കി. സ്റ്റാർ ലിങ്കിന് വൈദ്യുതി ലഭിച്ചാൽ മാത്രമാണ് പ്രവർത്തിക്കാനാവുക. മാത്രമല്ല ഇസ്രയേൽ ഇതിന് അനുമതി നൽകുകയും ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ ഉപഗ്രഹ ഇൻ്റർനെറ്റ് അവിടെ സാധ്യമായിരുന്നില്ല.

സഹകരണ സ്ഥാപനങ്ങളില്‍നിന്നും വ്യാപകമായി പിരിവ് നടത്തുവാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം

0

കേരളത്തിലെ സഹകരണമേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ അവസ്ഥയില്‍ സഹകരണ സ്ഥാപനങ്ങളില്‍നിന്നും വ്യാപകമായി പിരിവ് നടത്തുവാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് INTUC കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു.

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (INTUC)ൻ്റെ കോട്ടയം ജില്ലാ നേതൃത്വയോഗവും മെമ്പര്‍ഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2023 നവംബർ 11-ാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് INTUC കോട്ടയം ജില്ലാക്കമ്മിറ്റി ഓഫീസിൽ വെച്ച് KCEC-INTUC ജില്ലാ പ്രസിഡന്റ് ശ്രീനാഥ് രഘുവിൻ്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ മെമ്പര്‍ഷിപ്പ് വിതരണം INTUC ജില്ലാ പ്രസിഡൻ്റ് ശ്രീ ഫിലിപ്പ് ജോസഫ് നിര്‍വഹിച്ചു.
KCEC-INTUC ചീഫ് കോര്‍ഡിനേറ്റര്‍ കൈപ്പള്ളി മാധവന്‍കുട്ടി, സ്റ്റേറ്റ് ജനറല്‍സെക്രട്ടറി ആമ്പക്കാട്ട് സുരേഷ്, സ്റ്റേറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് എസ്.ആര്‍. ഹാരിസ് എന്നിവര്‍ ആശംസാപ്രസംഗവും നടത്തി. KCEC-INTUC ജില്ലാ വൈസ്പ്രസിഡൻ്റ് ഷെറിന്‍ മാത്യു, ജയ്‌മോന്‍ കരീംമഠം, ജില്ലാ ജനറൽ സെക്രട്ടറി റോണിമോന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ പ്രമോദ് കുമാര്‍, അനു ദാസ്, ജില്ലാ ട്രെഷറര്‍ അഞ്ജു ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

പതിനഞ്ച് വർഷത്തിനകം മനുഷ്യൻ ചന്ദ്രനിൽ പാർപ്പ് തുടങ്ങും- സുനിത വില്യംസ്

0

പതിനഞ്ച് വർഷത്തിനകം മനുഷ്യൻ ചന്ദ്രനിൽ താമസിക്കുമെന്ന് അമേരിക്കൻ ബഹിരാകാശ യാത്രികയും ശാസ്ത്രജ്ഞയുമായ സുനിത വില്യംസ്. നമ്മുടേതിന് സമാനമായി മറ്റൊരു സൗരയൂഥം ഉണ്ടാകാതിരിക്കാൻ തരമില്ലെന്നും സുനിത വില്യംസ് പറഞ്ഞു.

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ യുഎഇയുടെ ആദ്യ ബഹിരാകാശ സ‍ഞ്ചാരി ഹസ അൽ മൻസൂറിക്കൊപ്പം പങ്കെടുത്ത സ്റ്റാർ ഇൻ സ്പേസ് പരിപാടിയിലാണ് ഇരുവരും ബഹിരാകാശ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവച്ചത്. സദസിലെ കുഞ്ഞുബാലന്റെ കൗതുകത്തിനുള്ള മറുപടിയിലാണ് സുനിത തൻ്റെ കാഴ്ചപ്പാടുകൾ വെളിപ്പെടുത്തിയത്.

സുനിത വില്യംസ് ബഹിരാകാശനിലയത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച വനിതയാണ്. ഏറ്റവും കൂടുതൽ സമയം സ്പേസ് വോക്ക് നടത്തിയ വനിതയും സുനിത വില്യംസ് തന്നെ.അടുത്ത 15 വർഷത്തിനകം മനുഷ്യൻ ചന്ദ്രനിൽ ജീവിച്ചുതുടങ്ങുമെന്നും, ഇതോടെ ഭൂമിക്ക് പുറത്തും ജീവനുണ്ടാകുമെന്നും ചോദ്യത്തിന് മറുപടിയായി സുനിത വില്യംസ് പറഞ്ഞു.ബഹിരാകാശത്തെനിലയത്തിലെ ജീവിതത്തെക്കുറിച്ചും സുനിതയ്ക്കൊപ്പം ഹസ്സയും വിശദമായി സംസാരിച്ചു.

വയനാട്ടിൽ മാവോയിസ്റ്റുകൾ ഒരുക്കം കൂട്ടിയത് മേഖലാ യോഗത്തിനോ, പിടിച്ചെടുത്ത വസ്തുക്കളിൽ സംശയം

പേര്യ ചപ്പാരത്ത് മാവോയിസ്റ്റുകൾ അറസ്റ്റിലായത് വാർഷിക മേഖലാ യോഗത്തിനുള്ള തിരഞ്ഞെടുപ്പിനിടെയാണോ എന്ന് സംശയം. അഞ്ച് കിലോ പന്നിയിറച്ചിയും 12 കിലോ പച്ചക്കറിയുമാണ് ഇവർ ചപ്പാരത്ത് അനീഷിൻ്റെ വീട്ടിൽ എത്തി വാങ്ങിപ്പിച്ചത്. ഇത്രയും സാധനങ്ങൾ എന്തിനായിരുന്നു എന്നാണ് അന്വേഷണം.

അനീഷിന്റെ വീട്ടിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി. ഉത്തരമേഖലാ ഐ.ജി. കെ. സേതുരാമൻ, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഡി.ഐ.ജി. പുട്ടവിമലാദിത്യ, കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി. തോംസൺ ജോസ്, ജില്ലാ പോലീസ് മേധാവി പദംസിങ്, അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡിവൈ.എസ്.പി. പി.എൽ. ഷൈജു എന്നിവർ നേരിട്ട് എത്തി അന്വേഷണം നടത്തി.

പ്രദേശത്ത് ഇപ്പോഴും തണ്ടർബോൾട്ട് പരിശോധന നടത്തുന്നുണ്ട്. പ്രധാനമായും രാജഗിരി ആർ.എം.എസ്. തോട്ടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വെള്ളിയാഴ്ചത്തെ പരിശോധന. അഞ്ചുകിലോ പന്നിയിറച്ചി, 12 കിലോ പച്ചക്കറി. മൂവായിരംരൂപ കൊടുത്ത് മാവോവാദികൾ പേര്യയിലെ കോളനിയിൽ വരുത്തിച്ചത് ഇത്രയും സാധനങ്ങളാണ്.

സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിലാണ് സാധാരണ മാവോവാദി ദളങ്ങളുടെ മേഖലായോഗങ്ങൾ നടക്കാറുള്ളത്. രണ്ടുദളങ്ങളിലായി പതിനെട്ടുപേരുള്ളതുകൊണ്ട് അവർക്കുള്ളതാവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. 

കേന്ദ്രകമ്മിറ്റിക്കും പശ്ചിമഘട്ടത്തിലെ ദളങ്ങൾക്കുമിടയിലുള്ള സന്ദേശവാഹകനായ അനീഷ് ബാബു എന്ന തമ്പി കൊയിലാണ്ടിയിൽവെച്ച് പിടിയിലായതോടെ യോഗം നടക്കാതെ പൊളിഞ്ഞെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇന്റർനെറ്റ് വഴി ആശയവിനിമയം നടത്താൻ കഴിയാത്തതിനാൽ ഈ സന്ദേശവാഹകൻവഴിയാണ് യോഗം സംബന്ധിച്ച നിർദേശങ്ങളും മറ്റും കൈമാറുക.

യോഗം കഴിഞ്ഞുള്ള തീരുമാനങ്ങളും സന്ദേശവാഹകൻതന്നെ കേന്ദ്രകമ്മിറ്റിയെ നേരിട്ടറിയിക്കുന്നതാണ് രീതി.

2016 മുതൽ 2022 വരെ കൃത്യമായി എല്ലാ വർഷവും കേരളത്തിൽ മേഖലായോഗങ്ങൾ ചേർന്നിട്ടുണ്ട്. അവസാനത്തെ മൂന്നു യോഗങ്ങൾ വയനാട്ടിലായിരുന്നു. രാഷ്ട്രീയപാർട്ടികളുടേതുപോലെ പ്രവർത്തന റിപ്പോർട്ടും കണക്കവതരണവുമെല്ലാം നടക്കാറുണ്ട്. യോഗങ്ങളുടെ റിപ്പോർട്ടുകൾ മുമ്പ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. ഇത്തവണ യോഗം നടന്നിട്ടില്ലെന്ന വിവരമാണുള്ളതെങ്കിലും ആന്ധ്രയിൽനിന്നുള്ള ഒരു സി.പി.ഐ. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം പശ്ചിമഘട്ടത്തിന്റെ ചുമതലയേറ്റെടുക്കാൻ ഇവിടെയെത്തിയിട്ടുണ്ടെന്ന വിവരം പൊലീസ് പരസ്യപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർഥിനി പരാതിപ്പെട്ടു, കണ്ടക്ടറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു

0

സ്‌കൂൾ വിദ്യാർഥിനിയോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് മോട്ടോർവാഹനവകുപ്പ് സസ്‌പെൻഡ് ചെയ്തു. വൈക്കം- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിലെ കണ്ടക്ടർ ഉദയനാപുരം എഴുപറത്തുറയിൽ വിനോദ് പ്രസന്നന്റെ ലൈസൻസാണ് വൈക്കം ജോയിന്റ് ആർ.ടി.ഒ. നിഷ കെ.മണി സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ ഒക്ടോബർ 26-ന് വൈകീട്ട് നാലിനാണ് സംഭവം നടക്കുന്നത്. ബസിൽ കയറിയ പൂത്തോട്ട കെ.പി.എം.എച്ച്.എസ്.എസ്. സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയോട് വിനോദ് മോശമായി പെരുമാറുകയായിരുന്നു. വിദ്യാർഥിനി വൈക്കം ആർ.ടി.ഓഫീസിലെത്തി പരാതി എഴുതി നൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.ജി. ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയതിൽ ഇയാൾ സ്ഥിരമായി വിദ്യാർഥികളോട് മോശമായി പെരുമാറാറുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു.

ഡ്രൈവിങ് പഠിപ്പിക്കാൻ ഇനി ഒരു മാസത്തെ കോഴ്സ് പഠിച്ച് ജയിക്കണം

ഡ്രൈവിങ് സ്കൂളിൽ പഠിപ്പിക്കാൻ ഇനി ഒരുമാസം നീളുന്ന കോഴ്‌സ് പസാവണം. തിയറിയും പ്രാക്ടിക്കലുമടക്കമുള്ള പാഠ്യപദ്ധതിയാണ് ഒരുങ്ങുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കു മാത്രമാവും ഡ്രൈവിങ് സ്‌കൂളുകളിലെ ഇന്‍സ്ട്രക്ടര്‍ പദവി.

എല്ലാ ഡ്രൈവിങ് സ്‌കൂളുകളിലും ഇന്‍സ്ട്രക്ടര്‍മാര്‍ ഉണ്ടാകണമെന്നാണു നിയമം. ഡ്രൈവിങ് പഠിപ്പിക്കേണ്ടത് അവരാണ്. പത്താംക്ലാസും അഞ്ചു വര്‍ഷത്തെ ഡ്രൈവിങ് പരിചയവും സര്‍ക്കാരിനു കീഴിലെ ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ സെന്റര്‍ നടത്തുന്ന ഓട്ടോമൊബൈല്‍ ഡിപ്ലോമയും ജയിച്ചവരാകണം ഇന്‍സ്ട്രക്ടര്‍മാര്‍.

പഠിപ്പിക്കലും പഠനവും ടെസ്റ്റും ചടങ്ങ്

ഡ്രൈവിങ് പഠിപ്പിക്കുന്നതിലെ പോരായ്മ ഏറെ കാലമായി ചർച്ച ചെയ്യപ്പെടുന്നതാണ്. റോഡ് മര്യാദകൾ പോയിട്ട് അടിസ്ഥാന പരമായ കാര്യങ്ങൾ പോലും ലൈസൻസ് കിട്ടി പുറത്തിറങ്ങുന്നവർക്ക് ഉണ്ടാവാറില്ല. വെറുതെ വണ്ടി ഓടിക്കാൻ പഠിപ്പിക്കുന്നു. അത് ടെസ്റ്റ് ചെയ്യുന്നു എന്നതാണ് ഇക്കാലമത്രയും തുടർന്ന് വരുന്നത്. ടെസ്റ്റ് പാസാവലിന് ഒക്കെ ഡ്രൈവിങ് സ്കൂളുകൾക്ക് ചില മാമൂലുകളുണ്ട്. ഇത് അധികാരികൾക്കും അറിയാം.

ക്ലാസ് റൂം, സ്വന്തമായ പരിശീലന സ്ഥലം, ഓഫീസ്, അംഗീകൃത യോഗ്യതയുള്ള ഇൻസ്ട്രക്റ്റർ ഇതെല്ലാം കടലാസിൽ ഉണ്ട്. യോഗ്യയുള്ളവർ ഉണ്ടാവണം എന്നത് നിബന്ധന മാത്രമാണ്. പഠിച്ച് ലൈസൻസുമായി ഇറങ്ങുന്നവർ വണ്ടി ഓടിക്കാൻ വീണ്ടും പരിശീലിക്കും. ചിലർ മറ്റുള്ളവരുടെ റിസ്കിൽ ധൈര്യം കാണിച്ച് ഓടിച്ച് പഠിക്കും. ഇക്കാര്യത്തിൽ ഒന്നും മോട്ടോർ വാഹന വകുപ്പ് കൃത്യവും ശാസ്ത്രീയവുമായ മാർഗ്ഗ രേഖ പിന്തുടരുകയോ ആസൂത്രണം ചെയ്യുകയോ ചെയ്യുന്നതിൽ ശുഷ്കാന്തി കാണിക്കാത്ത സാഹചര്യമായിരുന്നു.

പുതിയ നിബന്ധ പ്രകാരം നിലവില്‍ പഠിപ്പിക്കുന്നവര്‍ക്കും കോഴ്സിൽ ചേരാം. മോട്ടോര്‍വാഹന വകുപ്പിനു കീഴില്‍ എടപ്പാളിലുള്ള ഐ.ഡി.ടി.ആറി(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച്)ലാണ് കോഴ്‌സ് നടത്തുക.

മന്ത്രിസഭാ പുനഃസംഘടന ഡിസംബറിൽ, കടന്നപ്പള്ളിയും ഗണേഷ് കുമാറും മന്ത്രിമാരാവും

0

സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഡിസംബര്‍ അവസാനം നടക്കുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. നവകേരള സദസ്സ് കഴിയുന്ന മുറയ്ക്കായിരിക്കും മന്ത്രിസഭാ പുനഃസംഘടനയെന്ന് ജയരാജന്‍ അറിയിച്ചു. കോൺഗ്രസ്​ – എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയും കേരള കോൺഗ്രസ്​ ബിയിലെ കെ.ബി. ഗണേഷ് കുമാറും മന്ത്രിമാരാകും. ഐ.എൻ.എല്ലിന്‍റെ അഹമ്മദ്​ ദേവർകോവിലും ജനാധിപത്യ കേരള കോൺഗ്രസിലെ ആന്‍റണി രാജുവും ഒഴിയുന്ന സ്ഥാനത്തേക്കാകും ഇവർ വരിക.

നേരത്തേയുള്ള രണ്ടര വർഷ കരാർ പ്രകാരമാണ്​ മാറ്റമെന്ന്​ എൽ.ഡി.എഫ്​ കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. മറ്റു പാർട്ടികളുടെ മന്ത്രിമാരുടെ മാറ്റം തീരുമാനിച്ചിട്ടില്ല. എൽ.ഡി.എഫ്​ അല്ല അതത്​ പാർട്ടികളാകും അത്​​ തീരുമാനിക്കുക.

മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തീയ്യതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ബി ഇടത് മുന്നണി യോഗത്തിൽ ആവശ്യപ്പെട്ടു. മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഇതോടെ മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തീയ്യതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടു. ഡിസംബർ അവസാനത്തോടെ മന്ത്രിസഭാ പുനഃസംഘടന നടപ്പാക്കാനാണ് തീരുമാനം. 

നിലവിലെ രണ്ട് മന്ത്രിമാരുടെ രണ്ടര വര്‍ഷമെന്ന കാലാവധി നവംബര്‍ 20-ന് പൂര്‍ത്തിയാവും. നവംബര്‍ 18 മുതലാണ് നവകേരള സദസ്സ് ആരംഭിക്കുന്നത്. ഡിസംബര്‍ 24 വരെ ഇത് നീണ്ടുനില്‍ക്കും. ശേഷമാണ് മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുക. മുന്നണിയിലെ നാല് ഘടകക്ഷികള്‍ക്ക് രണ്ടര വര്‍ഷംവീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്.

ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തിയെന്ന സോളാർ കേസിൽ വിചാരണ നേരിടണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗണേഷിന്‍റെ മന്ത്രിസഭ ​പ്രവേശനത്തിൽ ആശങ്കയുണ്ടായിരുന്നു. ഗണേഷ് സർക്കാറിനെതിരെ ഉയർത്തിയ നിരന്തര വിമർശനവും ആശങ്കക്ക്​ കാരണമായി. എന്നാൽ, മുഖ്യമന്ത്രിയും സി.പി.എമ്മും ഗണേഷിന്​ നൽകിയ വാക്ക്​ പാലിക്കാൻ തീരുമാനിച്ചതോടെയാണ്​ പുനഃസംഘടന സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയത്​.

കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരേ ദേശീയ-സംസ്ഥാന തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനമായി. ദേശീയതലത്തില്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന വലിയ പ്രക്ഷോഭം സംഘടിപ്പിക്കും.

സപ്ലൈകോയിലും വില വർധന, 13 സബ്സിഡി വസ്തുക്കൾക്ക് വില കൂട്ടാൻ അനുമതി

0

സപ്ലൈകോ വഴി സർക്കാർ സബ്‌സിഡി നൽകി വിതരണം ചെയ്യുന്ന 13 ഇനം അവശ്യ വസ്തുക്കളുടെ വില വർധിപ്പിക്കും. സപ്ലൈക്കോയുടെ ആവശ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗം ചർച്ച ചെയ്ത് അനുമതി നല്‍കിയത്.

സബ്‌സിഡിയോടെ അവശ്യസാധനങ്ങള്‍ നല്‍കുമ്പോള്‍ 500 കോടിയിലധികം രൂപയുടെ ബാധ്യതയാണ് ഉണ്ടാകുന്നത്. നിലവിൽ സപ്ലൈകോക്ക് സർക്കാർ 1525 കോടി കുടിശ്ശിക നൽകാനുണ്ട്. ഇത് ഒന്നുകിൽ സര്‍ക്കാര്‍ വീട്ടണം, അല്ലെങ്കില്‍ അവശ്യസാധനങ്ങളുടെ വില കാലാനുസൃതമായി വര്‍ധിപ്പിക്കണം എന്നായിരുന്നു സപ്ലൈക്കോയുടെ ആവശ്യം.

ചെറുപയർ, വൻ പയർ, ഉഴുന്ന്, വെളിച്ചെണ്ണ, ജയ അരി, തുവര പരിപ്പ്, കുറുവ അരി, കടല, മല്ലി, മുളക്, വെളിച്ചെണ്ണ, പഞ്ചസാര, പച്ചരി എന്നീ സാധനങ്ങളുടെ വിലയാണ് വർധിക്കുക. 

2016-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ അവശ്യസാധനങ്ങളുടെ വില കൂട്ടില്ലെന്നായിരുന്നു എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷവും വാഗ്ദാനം പാലിച്ച് സബ്സിഡി നൽകി എങ്കിലും കൈ വിട്ടു.

സർക്കാർ നഷ്ടം നൽകണമെന്ന കാര്യം സപ്ലൈക്കോ ഭക്ഷ്യമന്ത്രിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. വില കൂട്ടുന്നത് നയപരമായ തീരുമാനമായതിനാലാണ് എല്‍ഡിഎഫ് യോഗം വിഷയം ചര്‍ച്ചചെയ്തത്.

വരുംദിവസങ്ങളില്‍ 13 ഇന അവശ്യസാധനങ്ങളുടെയും വില ഉയരും. വർധന എത്രവേണം എന്ന കാര്യത്തിൽ ഭക്ഷ്യമന്ത്രിയാവും അന്തിമ തീരുമാനം കൈക്കൊള്ളുക.