PSC പരീക്ഷകൾ പരിശീലിക്കാൻ ഇനി പ്രൊഫൈലിനകത്ത് തന്നെ സൌകര്യം

0

പി.എസ്.സി. ഓൺലൈൻ പരീക്ഷകളുടെ മോഡൽ പേപ്പർ ഇനിമുതൽ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ പരിശീലിക്കാം. നിലവിൽ ഓൺലൈൻ പരീക്ഷയ്ക്ക് തൊട്ടുമുൻപ്‌ മാതൃകാ പരീക്ഷ ഉദ്യോഗാർഥികൾക്ക് നൽകുന്നുണ്ട്. ഇതിന് പകരമാണ് പ്രൊഫൈലിൽ തന്നെ മോഡൽ ടെസ്റ്റ് നൽകുന്നത്.

ഓൺലൈൻ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ലഭിക്കുമ്പോൾ തന്നെ പരീക്ഷയും ലഭ്യമായിരിക്കും.

ഓൺലൈൻ മാതൃകാ പരീക്ഷകൾ പ്രൊഫൈലിൽ ലഭ്യമാക്കാൻ പി.എസ്.സി. തീരുമാനിച്ചു. ഡിസംബർ ഒന്നുമുതലുള്ള ഓൺലൈൻ പരീക്ഷകളോടൊപ്പം മാതൃകാ പരീക്ഷയുണ്ടാകില്ലെന്ന് പി.എസ്.സി. അറിയിച്ചു.

പ്രൊഫൈലിലുള്ള മാതൃകാപരീക്ഷകൾ എഴുതി പരിശീലിക്കാം. ഇങ്ങനെ പരീക്ഷ പരിചയപ്പെട്ടശേഷമാണ് ഉദ്യോഗാർഥികൾ പരീക്ഷയെഴുതാനെത്തേണ്ടത്. ഓൺലൈൻ പരീക്ഷയ്ക്ക് അഡ്മിഷൻ ടിക്കറ്റ് ലഭിക്കുന്നവരുടെ പ്രൊഫൈലിൽ തുടക്കത്തിൽ മാതൃകാപരീക്ഷ ലഭ്യമാക്കും. സ്വന്തം പ്രൊഫൈലിൽ പ്രവേശിച്ച് റിഹേഴ്‌സൽ എക്സാമിനേഷൻ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പരിശീലനം നടത്താം. ഓൺലൈൻ പരീക്ഷയുടെ വിശദാംശങ്ങളും ഈ ലിങ്കിലുണ്ടാകും. ഉദ്യോഗാർഥികൾക്ക് എത്രതവണ വേണമെങ്കിലും മാതൃകാപരീക്ഷ പരിശീലിക്കാം.

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ പരീക്ഷകളുടെ ഓൺലൈൻ പരിശീലനത്തിന് കമ്മീഷൻ തന്നെ ഒരു ഡാറ്റാ ബേസ് സൃഷ്ടിച്ച് സൌകര്യം ഒരുക്കണമെന്ന് ഏറെ കാലമായി ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നതാണ്. ഇപ്പോൾ ഓൺലൈൻ പരീക്ഷകളുടെ കാര്യത്തിൽ എങ്കിലും ഇത് ശരിയാവുകയാണ്.

സുരേഷ് ഗോപിക്ക് പൊലീസ് നൊട്ടീസ്, മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവണം

0

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാൻ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് പൊലീസ് അറിയിപ്പ്. ഈ മാസം 18-നുമുമ്പ് ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകണം. കോഴിക്കോട് നടക്കാവ് പോലീസാണ് നൊട്ടീസയച്ചത്.

കഴിഞ്ഞ മാസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സംഭവം. ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തക അപമാനിക്കപ്പെട്ടതയാണ് പരാതി. ഐപിസി 354 എ വകുപ്പുപ്രകാരമാണ് സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്തത്. പരാതിക്കാരിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

കോഴിക്കോട് നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ഈ ഹോട്ടലില്‍ പോലീസെത്തി സിസിടിവി ദൃശ്യം ഉള്‍പ്പെടെ പരിശോധിച്ചിരുന്നു. മാധ്യമ പ്രവർത്തക കൈ തട്ടിമാറ്റാൻ ശ്രമിച്ചിട്ടും വീണ്ടും തോളത്ത് കൈ വെച്ച വീഡിയോ ദൃശ്യം പ്രചരിച്ചിരുന്നു.

തീ കൊണ്ടാണ് കളി, ഇങ്ങനെ ജനാധിപത്യത്തിൽ തുടരാനാവുമോ, ഗവർണർ രാഷ്ട്രീയത്തിൽ വിമർശനവുമായി സുപ്രീം കോടതി

0

 നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവയ്ക്കുന്നതിനെതിരെ സംസ്ഥാനങ്ങള്‍ നല്‍കിയ കേസിൽ ഗവർണർമാരുടെ രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിം കോടതി. ഇങ്ങനെ നിങ്ങൾക്ക് ജനാധിപത്യ സംവിധാനത്തിൽ തുടരാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു.

പഞ്ചാബ്, തമിഴ്‌നാട് ഗവര്‍ണര്‍മാര്‍ക്കെതിരെ സംസ്ഥാനങ്ങൾ നൽകിയ പരാതിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം. തിരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകരുതെന്ന് ഇരു ഗവര്‍ണര്‍മാരോടും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് നിര്‍ദ്ദേശിച്ചു.

ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ അധികാരം ഇല്ലാത്ത തലവന്‍ മാത്രം

‘നിങ്ങള്‍ തീ കൊണ്ടാണ് കളിക്കുന്നത്. ഗവര്‍ണര്‍ക്ക് എങ്ങനെ ഇത്തരത്തില്‍ സംസാരിക്കാന്‍ കഴിയുന്നു? പഞ്ചാബില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഞങ്ങള്‍ ഒട്ടും സംതൃപ്തരല്ല. ഇങ്ങനെ നമ്മള്‍ക്ക് ജനാധിപത്യ സംവിധാനമായി തുടരാന്‍ കഴിയുമോ? ഇത് വളരെ ഗൗരവമുള്ള വിഷയമാണ്.’ -പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ കേസില്‍ സുപ്രീം കോടതി പറഞ്ഞു.

 പാര്‍ലമെന്ററി സംവിധാനത്തില്‍ യഥാര്‍ത്ഥ അധികാരം ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ക്കാണെന്നും രാഷ്ട്രപതിയുടെ നോമിനിയായ ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ അധികാരം ഇല്ലാത്ത തലവന്‍ മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍കൂടി അടങ്ങുന്നതാണ് സര്‍ക്കാരെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിയമസഭയുടെ നിരീക്ഷണത്തിലുള്ളതും ജനങ്ങളോട് ഉത്തരവാദിത്വം പുലർത്തുന്നതുമാണെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ സഹായത്തോടെയും ഉപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് അടിസ്ഥാന തത്വം. ഭരണഘടനാപരമായ വിഷയങ്ങളില്‍ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കുക എന്നതാണ് ഗവര്‍ണര്‍ക്കുള്ള ചുമതലയെന്നും സുപ്രീം കോടതി ഓർമ്മപ്പെടുത്തി.

കഴിഞ്ഞയാഴ്ചയാണ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കാര്യങ്ങള്‍ കോടതിയിലെത്തും മുമ്പ് ഗവര്‍ണര്‍മാര്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കണമെന്ന് നേരത്തേ കേസ് പരിഗണിക്കവെ സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. പഞ്ചാബ് സര്‍ക്കാറിനായി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ഹാജരായി.

ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്നു

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെയും അതിരൂക്ഷമായ വിമര്‍ശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്. നിയമസഭ പാസാക്കിയ 12 സുപ്രധാന ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ലഭിച്ചാല്‍ ഗവര്‍ണര്‍ അതില്‍ ‘എത്രയും വേഗം’ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിലെ 200-ാം വകുപ്പ് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഓര്‍മ്മപ്പെടുത്തി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് വളരെ എളുപ്പം സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് ചോദിച്ചുകൊണ്ട് സുപ്രീം കോടതി നോട്ടീസയച്ചു. നവംബര്‍ 20-ന് അറ്റോര്‍ണി ജനറലോ സോളിസിറ്റര്‍ ജനറലോ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‌വിയും പി. വില്‍സണും ഹാജരായി.

കേരളത്തിൻ്റെ ഹരജി 20 ന് പരിഗണിക്കും

സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിയും ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയും നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചില്ല. കേരളത്തിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കാമെന്നായിരുന്നു കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വാക്കാല്‍ നിരീക്ഷിച്ചിരുന്നത്. സുപ്രീം കോടതി വെബ് സൈറ്റില്‍ കേരളത്തിന്റെ ഹര്‍ജി 20-ാം തീയതി പരിഗണിക്കാന്‍ സാധ്യത എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഓൺലൈൻ ലിങ്ക് വഴി ഡോക്ടറെ ബുക്ക് ചെയ്തു, ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ പോയി

മംഗ്‌ളൂരിലുളള ആശുപത്രിയില്‍ അപ്പോയിന്‍മെന്റിന് വേണ്ടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കിട്ടിയ നമ്പറില്‍ വിളിച്ച കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശിയായ യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി.

തട്ടിപ്പ് ഇങ്ങനെ

ഗൂഗിളില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ യുവതിയുടെ വാട്‌സ് ആപ്പില്‍ രോഗിയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് ഒരു ലിങ്ക് അയച്ചു നൽകി. അതിൽ കയറി ഡീറ്റയിൽസ് നൽകി

അതോടൊപ്പം 10 രൂപ അടക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി അതേ ലിങ്കില്‍ കയറി പണം അടക്കാന്‍ ശ്രമിച്ചു. ഈ ലിങ്ക് വഴി ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ തട്ടിപ്പ് സംഘം കൈക്കലാക്കി. ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തെടുത്തു.

തുടർന്ന് ബാങ്കിൽ നിന്നും മെസേജ് വന്നപ്പോഴാണ് പണം നഷ്ടമായത് തിരിച്ചറിയുന്നത്.

ശ്രദ്ധിക്കുക

ആശുപത്രി, മറ്റ് സ്ഥാപനങ്ങളുടെ നമ്പറോ, കസ്റ്റമര്‍ കെയര്‍ നമ്പറോ ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് വിളിക്കുക ആണെങ്കില്‍ അതിന്റെ അധികാരികത ഉറപ്പ് വരുത്തുന്നത് ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് സൈബര്‍ പൊലിസ് അറിയിച്ചു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ അജ്ഞാത നമ്പറില്‍ നിന്ന് ലിങ്കില്‍ കയറി പണം അടക്കാന്‍ ആവശ്യപ്പടുകയാണെങ്കില്‍ ജാഗ്രത പാലിക്കണമെന്നും .സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായാല്‍ ഉടന്‍ 1930 എന്ന പോലീസ് സൈബര്‍ ഹെല്‍പ് ലൈനില്‍ ബന്ധപ്പെടണമെന്നും സൈബര്‍ പൊലിസ് അറിയിച്ചു.

ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലും തട്ടിപ്പ്

മറ്റൊരു സംഭവത്തില്‍ ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്താല്‍ കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മാവിലായി സ്വദേശിയായ യുവതിയുടെ കൈയ്യില്‍ നിന്ന് 6,61,600 രൂപ തട്ടിയെടുത്തു. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ആദ്യം റേറ്റിങ്ങിന് കാശ് നൽകി

ആദ്യം യുവതിയുടെ ഫോണിലേക്ക് ടെലഗ്രാം ആപ്പ് വഴി തട്ടിപ്പുകാര്‍ ഒരു ലിങ്ക് അയച്ച് നല്‍കി. യുവതി അതില്‍ കയറിയപ്പോള്‍ ഗൂഗിള്‍ മാപ്പിലേക്ക് എത്തുകയും അവര്‍ പറഞ്ഞതനുസരിച്ച് കുറച്ച് സ്ഥലങ്ങള്‍ക്ക് റേറ്റിങ് കൊടുത്തപ്പോള്‍ അതിനു പ്രതിഫലമായി കുറച്ച് പണം യുവതിക്ക് ക്രെഡിറ്റ് ആവുകയും ചെയ്തു.

പിന്നീട് ഇതേ സംഘം ഓണ്‍ലൈന്‍ ട്രേഡിങ് നടത്തിയാല്‍ കൂടുതല്‍ പണം സമ്പാദിക്കാമെന്നു പറഞ്ഞ് മോഹ നവാഗ്ദാനങ്ങള്‍ നല്‍കി വിശ്വസിപ്പിക്കുകയായിരുന്നു.

ഇത് അനുസരിച്ച് യുവതി പലതവണകളായി 6,61,600 രൂപ തട്ടിപ്പുകാര്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു നല്‍കി. ട്രേഡിന് നടത്തുന്നതിന് വേണ്ടി ടെലഗ്രാം ആപ്പ് വഴി ഒരു ട്രേഡിങ് ആപ്പും പരിചയപ്പെടുത്തി. പിന്നീട് അവര്‍ ട്രേഡിങ് സംബന്ധിച്ച് നിരന്തരം ചാറ്റ് ചെയ്യുകയും ചെയ്തു.

പിന്നീട് നിങ്ങളുടെ ടാസ്‌ക് കഴിഞ്ഞുവെന്നും പണം തിരികെ ലഭിക്കണമെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ വര്‍ധിപ്പിക്കണമെന്നും അതിനായി നാല് ലക്ഷം രൂപ കൂടി അയച്ചു തരണമെന്ന് പറയുകയായിരുന്നു. അപ്പോഴാണ് യുവതിക്ക് ഇതൊരു തട്ടിപ്പാണെന്ന് സംശയം ഉണർന്നത്.

വാട്ട്‌സ്ആപ്പ് ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടതും സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന ഈ കാലത്ത് പരിചയമല്ലാത്ത ഫോണ്‍ നമ്പറുകളില്‍ നിന്ന് വരുന്ന ഇതു പോലുള്ള മെസ്സേജുകളോ കോളുകളോ ലിങ്കുകളോ ലഭിച്ചാല്‍ തിരിച്ച് മെസ്സേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യരുതെന്നും സൈബര്‍ പൊലിസ് അറിയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ഓണ്‍ ലൈന്‍ തട്ടിപ്പുവ്യാപകമായ സാഹചര്യത്തില്‍ സൈബര്‍ പൊലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എ.സി.പി ടി.കെ രത്‌നകുമാറിന്റെ മേല്‍നോട്ടത്തിലാണ് സൈബര്‍ വിങ് പ്രവര്‍ത്തിക്കുന്നത്.

ചിക്കുൻഗുനിയ വാക്സിൻ റെഡി, ഉടൻ വിപണിയിൽ

0

ചിക്കുൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്സിന് അംഗീകാരം. വാൽനേവ കമ്പനി വികസിപ്പിച്ച വാക്സിൻ ‘ഇക്സ്ചിക്’ എന്ന പേരിൽ വാക്സിൻ വിപണിയിലെത്തും. യുഎസ് ആരോഗ്യ മന്ത്രാലയം വാക്സിന് അംഗീകാരം നൽകി.

കൊതുകുകൾ വഴി പടരുന്ന വൈറസാണ് ചിക്കുൻഗുനിയ. ‘ഉയർന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ചിക്കുൻഗുനിയയെ ചൂണ്ടിക്കാട്ടുന്നത്. പേശിയിൽ ഒറ്റ ഡോസ് ഇൻജക്ഷനായി നൽകാവുന്നതാണ് ഇക്സ്ചിക്.

കഴിഞ്ഞ 15 വർഷത്തിനിടെ 50 ലക്ഷം പേർക്കാണ് ലോകത്ത് ചിക്കൻഗുനിയ രോഗം ബാധിച്ചത്. ഈഡിസ് കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ് ചിക്കുൻഗുനിയ. പനിക്കൊപ്പം സന്ധികളിൽ നീര്, വേദന എന്നിവ ഉണ്ടാകും. മാരകമല്ലെങ്കിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റും രോഗം ഗുരുതരമായേക്കാം.

ഓൺലൈൻ തകരാർ റേഷൻ വിതരണം മുടങ്ങി

0

സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു. ഇ പോസ് മെഷീൻ വീണ്ടും തകരാറിലായതാണ് കാരണം. വെള്ളിയാഴ് രാവിലെ മുതൽ റേഷൻ വിതരണം പ്രതിസന്ധിയിലായി. OTP, യും കിട്ടുന്നില്ല.

രാവിലെ റേഷൻ വ്യാപാരികൾ കട തുറന്നത് മുതൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കഴിഞ്ഞ മാസം ഇതേ അവസ്ഥ ഉണ്ടായിരുന്നു.

കഴിഞ്ഞ കുറെ നാളായി നിലനിൽക്കുന്ന പ്രശ്‌നമാണിത്. ഇ പോസ് മെഷീന്റെ ക്ലൌഡ് മാറ്റിയിട്ടും ബാന്‍ഡ്‌വിത്ത് കൂട്ടിയിട്ടും നിരന്തരം പണിമുടക്കുകയാണ്. മാസത്തിലേറെയായി ഇ പോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ല.

നിലവിലെ സർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്ന പ്രക്രിയ എൻ.ഐ.സി ഏപ്രിലിൽ പൂർത്തിയാക്കിയിരുന്നു. എൻ.ഐ.സി ഹൈദരാബാദിന്റെ നിർദേശപ്രകാരമാണ് പ്രശ്നം പരിഹരിക്കാൻ ഡാറ്റാ മാറ്റിയത്. ഇതിനു ശേഷം സ്റ്റേറ്റ് ഐ.ടി മിഷന്റെ സഹായത്തോടെ ലോഡ് ടെസ്റ്റിങ്ങും നടത്തി. പക്ഷെ ഇപ്പോഴും പ്രശ്നം തുടരുകയാണ്.

കുറ്റമറ്റ സാങ്കേതികത പക്ഷെ,

ഇ പോസ് എന്നാൽ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ. ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ ഇ പോസ് മെഷീനുമായി ബന്ധിപ്പിച്ചാണ് റേഷൻ വിതരണം ചെയ്യുക. റേഷൻ കടയിലെത്തുന്ന ഉപഭോക്താവ് മെഷീനിൽ വിരലടയാളം നൽകുമ്പോൾ ആധാർ ഡേറ്റാബേസിൽ നിന്ന് അർഹമായ വിഹിതം സംബന്ധിച്ച വിവരം ലഭ്യമാകും. ഇതിന്റെ പ്രിന്റ്ഔട്ട് നൽകുന്നതിനൊപ്പം ഉപഭോക്താവിന്റെ മൊബൈൽ നമ്പറിൽ സന്ദേശവുമെത്തും. ഇന്റർനെറ്റ് കണക്‌ഷനുള്ള ചെറിയ മെഷീനുകളാണ് റേഷൻ കടകൾക്കായി സർക്കാർ വാങ്ങി നൽകിയത്.

എന്താണ് നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ യോഗ്യത ? ചോദ്യത്തിൽ നിശ്ശബ്ദത തുർന്ന് നിയമ സംവിധാനവും

0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ദുരൂഹതയിൽ ഇടപെടാതെ കോടതി. സർട്ടിഫിക്കറ്റുകൾ ഗുജറാത്ത് സർവ്വകലാശാല നിയമപരമായി പുറത്തു വിടേണ്ടതില്ല എന്ന് ഗുജറാത്ത് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

സർട്ടിഫിക്കറ്റുകൾ അരവിന്ദ് കെജ്രിവാളിന് നല്കണമെന്ന വിവരാവകാശ കമ്മീഷൻ നിർദ്ദേശം റദ്ദാക്കിയ വിധി പുനപരിശോധിക്കാനാവില്ലെന്നാണ് ഗുജറാത്ത് ഹൈക്കോടതിയുടെ നിലപാട്. നരേന്ദ്ര മോദി 2014ല്‍ മത്സരിക്കാൻ പത്രിക നല്കിയപ്പോൾ ബിഎ, എംഎ കോഴ്സുകൾ ജയിച്ചതായി പറഞ്ഞിരുന്നു.

കേട്ടുകേൾവി ഇല്ലാത്ത കോഴ്സ്

ബിഎ ഇൻ എന്‍റയര്‍ പൊളിറ്റിക്കൽ സയൻസ് എന്നായിരുന്നു മോദി രേഖപ്പെടുത്തിയിരുന്നത്. ഇങ്ങനെയൊരു കോഴ്സ് ഇല്ല എന്നും മോദി തെറ്റായ വിവരം നല്‍കി എന്നും ആരോപണം ഉണ്ടായി. ഇതിന് തുടർച്ചയായി അരവിന്ദ് കെജ്രിവാൾ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന് രേഖകൾ ചോദിച്ച് കത്ത് നല്‍കി. ഇതംഗീകരിച്ച കമ്മീഷൻ ദില്ലി സർവ്വകലാശാലയ്ക്കും ഗുജറാത്ത് സർവ്വകലാശാലയ്ക്കും രേഖകൾ കെജ്രിവാളിന് നല്‍കാന്‍  നിർദ്ദേശം നല്കി. ഇല്ലാത്ത കോഴ്സാണ് ജയിച്ചു എന്നു പറഞ്ഞത്.

സർവ്വകലാശാലയ്ക്കും നിശ്ചയമില്ല, പറയാനും വയ്യ

ഇതോടെ 2016ൽ  അമിത് ഷാ, അരുൺ ജയ്റ്റ്ലി എന്നിവർ ചേർന്ന് മോദിയുടെ ബിഎ, എംഎ സർട്ടിഫിക്കറ്റുകൾ വാർത്താസമ്മേളനം വിളിച്ച് മാധ്യമങ്ങളെ കാണിച്ചു. ബിഎ സർട്ടിഫിക്കറ്റ് യഥാർത്ഥമാണെന്ന് ദില്ലി  സർവ്വകലാശാല അറിയിപ്പ് നല്‍കുകയും ചെയ്തു.

എന്നാൽ ഗുജറാത്ത് സർവ്വകലാശാല ഇൻറർമേഷൻ കമ്മീഷന്‍റെ നിർദ്ദേശം ചോദ്യം ചെയ്ത് ഗുജറാത്ത് ഹൈക്കോടതിയിലെത്തി. കെജരിവാളിന് സർട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല എന്നാണ് കോടതി ഉത്തരവ് നല്‍കിയത്. കെജ്രിവാൾ 25000 രൂപ കോടതി ചെലവായി കെട്ടിവയ്ക്കണം എന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഈ ഉത്തരവ് പുനപരിശോധിക്കണം എന്ന കെജ്രിവാളിന്‍റെ അപേക്ഷയാണ് ഇന്ന് തള്ളിയത്. ബിജെപി കാണിച്ച മോദിയുടെ സർട്ടിഫിക്കറ്റ് ഔദ്യോഗികമായി പുറത്തുവിടാനുള്ള ബാധ്യത ഇതോടെ ഗുജറാത്ത് സർവ്വകലാശാലയ്ക്ക് ഇല്ലാതാകുകയാണ്. ഹൈക്കോടതി നിർദ്ദേശം ചോദ്യം ചെയ്ത് ഇനി കെജരിവാളിന് സുപ്രീംകോടതിയെ സമീപിക്കാൻ കഴിയും.

കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്.

ചെപ്പുകിലുക്കണ ചങ്ങാതിയാണ് ആദ്യ സിനിമ. പറക്കും തളികയിൽ മേക്കപ്പിടുന്ന മണവാളൻ്റെ വേഷം പ്രേക്ഷകർ ഓർമ്മയിൽ സൂക്ഷിക്കുന്നതാണ്.

എറണാംകുളം മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി സിനിമാ രംഗത്തും സജീവമായി.

ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ശിക്ഷാ വിധി ശിശുദിനത്തിൽ

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശിക്ഷാവിധി നവംബര്‍ 14-ന്. ശിശുദിനത്തിലാണ് വിധി. വ്യാഴാഴ്ച പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദംകേട്ട ശേഷമാണ് നവംബര്‍ 14-ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചത്. കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

കേസ് അപൂർവങ്ങളിൽ അപൂർവ്വം

വ്യാഴാഴ്ച നടന്ന വാദത്തില്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി വിലയിരുത്തിയിരുന്നു. പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളില്‍ 13 കുറ്റങ്ങളിലാകും ശിക്ഷ വിധിക്കുകയെന്നും കോടതി പറഞ്ഞു.

പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്നോ കോടതി അസ്ഫാക് ആലത്തിനോട് ചോദിച്ചു. നീതിയുക്തമായത് ചെയ്യണമെന്നായിരുന്നു അസ്ഫാക് ആലം മറുപടി നല്‍കിയത്. ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗവും കോടതിയില്‍ ആവശ്യപ്പെട്ടു. വധശിക്ഷ നല്‍കരുത്, പ്രായം പരിഗണിക്കണം. മനഃപരിവര്‍ത്തനത്തിന് അവസരം നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

അതേസമയം, പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇയാളെ വീണ്ടും സമൂഹത്തിലേക്ക് വിട്ടാല്‍ അത് ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്കും ഭീഷണിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്.

ജൂലായ് 28-ന് മൂന്നുമണിക്കാണ് ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍നിന്ന് കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോയത്. ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി. മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തി. കല്ലുകൊണ്ട് ഇടിച്ചാണ് മുഖം ചെളിയിലേക്ക് താഴ്ത്തിയത്. പിറ്റേന്ന് ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായ അന്നു രാത്രിതന്നെ അസ്ഫാക്കിനെ പോലീസ് പിടികൂടിയിരുന്നു.

എട്ടാം ക്ലാസുകാരനെ ക്ലാസിലും കാറിലും പീഡിപ്പിച്ചു, അധ്യാപിക എട്ടു വർഷത്തിന് ശേഷം അറസ്റ്റിൽ

0

വിദ്യാർഥിക്ക് മദ്യവും ലഹരി വസ്തുവും നൽകി ക്ലാസ് മുറിയിലും വാഹനത്തിലുമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപിക അറസ്റ്റിൽ. യുവാവ് വെളിപ്പെടുത്തൽ നടത്തിയതോടെയാണ് അമേരിക്കയിലെ മേരിലാൻഡ് സ്വദേശിയായ അധ്യാപിക മെലിസ മേരി കർട്ടിസ് (31) അറസ്റ്റിലായത്. എട്ട് വർഷം മുൻപ് നടന്ന സംഭവത്തിലാണ് വെളിപ്പെടുത്തൽ ഉണ്ടായത്.

പതിനാലാം വയസ്സിലാണ് ലൈംഗിക പീഡനം നേരിടേണ്ടി വന്നതെന്ന് യുവാവ് പറഞ്ഞു. അതിക്രമം നടക്കുമ്പോൾ അധ്യാപികയ്ക്ക് 22 വയസ്സായിരുന്നു പ്രായം.

അറസ്റ്റിലായ അധ്യാപികയ്ക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തി. യുവാവിൻ്റെ വെളിപ്പെടുത്തലിൽ കഴിഞ്ഞ കഴിഞ്ഞ മാസം തന്നെ അന്വേഷണം ആരംഭിച്ചതായി മോണ്ട്ഗോമറി കൗണ്ടി പോലീസ് വ്യക്തമാക്കി.

2015 ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് മെലിസ്സ എട്ടാംക്ലാസില്‍ പഠിക്കുകയായിരുന്ന ആണ്‍കുട്ടിയെ ലൈംഗികമായി ചൂഷണംചെയ്തത്. മദ്യവും കഞ്ചാവും നല്‍കി ഇരുപതിലേറെ തവണ വിദ്യാര്‍ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു. സ്‌കൂളിലും അധ്യാപികയുടെ കാറിലും വീട്ടിലുമായാണ് വിദ്യാര്‍ഥിയെ അതിക്രമത്തിനിരയാക്കിയതെന്നും പോലീസ് പറഞ്ഞു.

രണ്ടുവര്‍ഷത്തോളം അധ്യാപികയായി ജോലിചെയ്തിരുന്ന മെലിസ്സ, ലേക്ക്‌ലാന്‍ഡ്‌സ് പാര്‍ക്ക് മിഡില്‍ സ്‌കൂളിലും നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍തന്നെ കൂടുതല്‍ വിദ്യാര്‍ഥികള്‍ അധ്യാപികയുടെ ചൂഷണത്തിനിരയായോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.