സഹകരണ “ബാങ്കുകൾ” ഇല്ല, നിക്ഷേപങ്ങൾക്ക് സംരക്ഷണവുമില്ലെന്ന് ആർബിഐ വീണ്ടും

സഹകരണ സംഘങ്ങൾക്ക് എതിരെ വീണ്ടും ആര്‍ബിഐ രംഗത്ത്. ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി ആർബിഐ പ്രമുഖ മലയാള പത്രങ്ങളില്‍ ഇത് സംബന്ധിച്ച പരസ്യം നൽകി. സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമാണ്. നേരത്തെ സമാന നിർദേശം ആര്‍ബിഐ നൽകിയിരുന്നു.

സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ലെന്നും ആര്‍ബിഐയുടെ പരസ്യത്തില്‍ വ്യക്തമാക്കുന്നു. സഹകരണ സംഘങ്ങൾ ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന നിർദ്ദേശം റിസർവ് ബാങ്ക് നേരത്തെ പുറപ്പെടുവിച്ചതാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു .അതിന് സ്റ്റേ വാങ്ങിയിരുന്നു.പുതിയ വിജ്ഞാപനം സഹകരണ വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ആര്‍ബിഐക്കെതിരെ സംസ്ഥാനം കോടതിയേയും സമീപിച്ചിരുന്നു.

ശബരിമല മേൽശാന്തി തുടരും, ഇടപെടേണ്ട കാരണമില്ലെന്ന് ഹൈക്കോടതി

ശബരിമല മേൽശാന്തി നിയമനം ശരിവെച്ച് ഹൈക്കോടതി. ഇടപെടേണ്ട കാരണങ്ങളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ദേവസ്വം ബെഞ്ചിന്‍റേതാണ് ഉത്തരവ്. നിയമനം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി.

മേൽശാന്തി തെരഞ്ഞെടുപ്പിൽ  ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും  ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

കോടതി നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പിന്‍റെ സിസിടിവി ദൃശ്യം തിരുവിതാംകൂർ ദേവസ്വംബോർഡ് കോടതിയിൽ ഹാജരാക്കിയിരുന്നു. തിരുവനന്തപുരം സ്വദേശി മദുസൂധനൻ നമ്പൂതിരിയാണ് തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.  നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നായിരുന്നു പ്രധാന ആരോപണം.

രാഹുലിനെയും സോണിയാ ഗാന്ധിയെയും വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി

 നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങി എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഇ.ഡി. നീക്കം.

കേസ് അന്വേഷിക്കുന്ന ഇ.ഡി. സംഘം കഴിഞ്ഞ വർഷം സോണിയ ഗാന്ധിയെ മൂന്ന് ദിവസവും, രാഹുൽ ഗാന്ധിയെ അഞ്ച് ദിവസവും ചോദ്യം ചെയ്തിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ ട്രഷറർ പവൻ കുമാർ ബൻസൽ എന്നിവരെ കഴിഞ്ഞ വർഷം ഒന്നിലേറെ തവണ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ഇതിന് പുറമെ പവൻ ബൻസാലിനെ കഴിഞ്ഞ രണ്ട് ദിവസമായി ഇ.ഡി. ചോദ്യം ചെയ്യുകയാണ്. തിരഞ്ഞെടുപ്പുകൾ ആസന്നമായതോടെ കേസുകൾ വീണ്ടും മുറുകുകയാണ്.

നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്ന നിലപാടാണ് സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും ഇ.ഡി.യുടെ ചോദ്യം ചെയ്യലിനിടെ സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ മുന്‍ ട്രഷറർ പരേതനായ മോത്തിലാല്‍ വോറയാണ് സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്തിയിരുന്നത് എന്നായിരുന്നു ഇരുവരുടെയും മൊഴി.

ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ ഉള്‍പ്പടെ നടത്തിയ റെയ്ഡുകളില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ബൻസാലിനോട് ചോദ്യങ്ങൾ ചോദിച്ചതെന്നാണ് സൂചന. യങ് ഇന്ത്യ എന്ന കമ്പനിയിലേക്ക് 2019 വരെ ഷെല്‍ കമ്പനികളില്‍ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന രേഖകള്‍ റെയ്ഡുകളില്‍ കണ്ടെത്തിയതായി ഇ.ഡി. അവകാശപ്പെട്ടിരുന്നു.

യങ് ഇന്ത്യ കമ്പനിയിലെ 76 ശതമാനം ഓഹരികളുടെ ഉടമകള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്. അതിനാലാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇ.ഡി. ആലോചിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ (എ.ജെ.എല്‍.) ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.

എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സി ബി ഐ അന്വേഷണവും, എൻ്റെ ഷൂവിൻ്റെ എണ്ണം എടുത്തോളൂ എന്ന് മഹുവ മൊയ്ത്ര

പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ തൃണമൂല്‍ എം.പി. മഹുവ മൊയ്ത്രയ്‌ക്കെതിരേ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടതായി ബി.ജെ.പി. എം.പി. നിഷികാന്ത് ദുബേ. എക്സ് പ്ലാറ്റ്ഫോമിലാണ് ദുബേ ഇക്കാര്യം വ്യക്തമാക്കിയത്. സിബിഐ വന്ന് ചെരിപ്പുകളുടെ എണ്ണമെടുക്കട്ടെയെന്ന് മഹുവ ഇതിന് മറുപടി നല്‍കി. എക്‌സിലായിരുന്നു ഇരുവരുടെയും ഏറ്റുമുട്ടൽ.

 മഹുവ മൊയ്ത്രയുടെ അംഗത്വം റദ്ദാക്കാന്‍ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് നിഷികാന്ത് ദുബേയുടെ കമൻ്റ് വന്നത്. ദേശീയസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ അധാര്‍മികമായി പെരുമാറിയെന്നാണ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് നൽകിയത്.

പ്രതിപക്ഷ അംഗങ്ങൾ റിപ്പോര്‍ട്ടിൽ വിയോജിപ്പ് രേഖപ്പെടുത്തി. ഭരണപക്ഷ അംഗങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുന്ന റിപ്പോർട്ട് ലോക്സഭാ സ്പീക്കര്‍ക്ക് കൈമാറിയേക്കും. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടാകും. കമ്മിറ്റി വ്യാഴാഴ്ച ചേരും. വൈകീട്ട് നാലിനാണ് യോഗം. ബി.എസ്.പി. എം.പി. ഡാനിഷ് അലിക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തുവെന്നാണ് വിവരം. 500 പേജുള്ള റിപ്പോര്‍ട്ടാണ് എത്തിക്‌സ് കമ്മിറ്റി തയ്യാറാക്കിയിരിക്കുന്നത്. വ്യക്തിപരമായ ചോദ്യങ്ങൾ ഉന്നയിച്ചതിൽ പ്രതിഷേധിച്ച് മഹുവ മൊയ്ത്ര കമ്മിറ്റി സിറ്റിങിന് ഇടയിൽ ഇറങ്ങി പോയിരുന്നു.

ആദ്യം അദാനിക്കെതിരെ എഫ് ഐ ആർ ഇടൂ

13,000 കോടി രൂപയുടെ കല്‍ക്കരി അഴിമതിയില്‍ അദാനിക്കെതിരേ എഫ്.ഐ.ആര്‍. എടുക്കുകയാണ് സി.ബി.ഐ. ആദ്യം ചെയ്യേണ്ടതെന്ന്‌ മഹുവ ഇതിന് മറുപടി നല്‍കി. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഇന്ത്യന്‍ തുറമുഖങ്ങളും വിമാനത്താവളങ്ങളും അദാനി കമ്പനികളുടെ ഉടമസ്ഥതയിലേക്കെത്തിച്ചേരുന്നതാണ് രാജ്യസുരക്ഷ സംബന്ധിച്ച പ്രശ്നം. അതിനുശേഷം സി.ബി.ഐ. വന്ന് എന്‍റെ ഷൂകളുടെ എണ്ണമെടുക്കട്ടെ മഹുവ പരിഹസിച്ചു.

പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ ബിസിനസുകാരനായ ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് കോഴ കൈപ്പറ്റിയെന്ന ആരോപണം നേരിടുകയാണ് മഹുവ മൊയ്ത്ര. ഇതിനായി മഹുവയുടെ ലോഗിന്‍ ഐ.ഡി.യും പാസ്‌വേഡും ദര്‍ശന് നല്‍കിയെന്നും ആരോപണമുണ്ട്. മെഹുവയുടെ മുന്‍ സുഹൃത്തും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹാദ്രായിയും ബി.ജെ.പി. എം.പി. നിഷികാന്ത് ദുബേയുമാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.

മഹുവയും മുന്‍ സുഹൃത്തും തമ്മില്‍ വളര്‍ത്തുനായയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ചോദ്യം സ്വയം തയാറാക്കുകയല്ല മിക്കവരും ചെയ്യുന്നത് ഇതിനെയാണ് ആരോപണത്തിന് ഉപയോഗിച്ചത് എന്നും അവർ പറഞ്ഞിരുന്നു.

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയെ തുടർന്ന് ആശങ്ക. സംസ്ഥാന പോലീസ് ആസ്ഥാനത്തേക്കാണ് വ്യാഴാഴ്ച രാവിലെ ഫോണ്‍ സന്ദേശം വന്നത്. സെക്രട്ടേറിയറ്റും പരിസരവും പോലീസ് അരിച്ചു പെറുക്കി. ഉച്ചയോടെ സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി.

സന്ദേശം വ്യാജമെന്ന് കണ്ടെത്തിയതായി പിന്നീട് പോലീസ് അറിയിച്ചു. വിളിച്ചയാളെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശി നിധിന്‍ എന്നയാളാണ് വിളിച്ചത്. ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ആളാണ് എന്ന് പറയുന്നു. പൊഴിയൂർ ഉച്ചക്കട സ്വദേശിയാണ്.

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അന്നും പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. എറണാകുളം പോങ്ങാട് സ്വദേശിയുടെ ഫോണില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് കണ്ടെത്തി. ഏഴാം ക്ളാസ് വിദ്യാര്‍ഥിയായ മകനാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചു

ചീത്ത വിളിക്ക് ശേഷം മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു ഏഴാംക്ലാസുകാരന്റെ ഭീഷണി. ഏഴാംക്ലാസ് വിദ്യാര്‍ഥിയായതിനാല്‍ തന്നെ പൊലീസ് മറ്റ് നിയമനടപടികളിലേക്ക് കടന്നിരുന്നില്ല.

ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി

പെന്‍ഷന്‍ നല്‍കുന്നതിനായി 900 കോടി രൂപ മാറ്റി വെക്കും. ഇതുവഴി ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാമൂഹ്യ സുരക്ഷ പെന്‍ഷനും വിതരണം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു.

പെന്‍ഷന്‍ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി തുക ലഭിക്കും. നേരിട്ട് പെന്‍ഷന്‍ തുക ലഭിക്കാത്തവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി ലഭിക്കും. മസ്റ്ററിങ് നടത്തിയവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. മറ്റുള്ളവര്‍ക്ക് മസ്റ്ററിങ് പൂര്‍ത്തിയാകുന്നമാസം പെന്‍ഷന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

64 ലക്ഷം പേര്‍ പെന്‍ഷന്‍ ഡേറ്റബേസിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നാലു മാസത്തെ കുടിശ്ശികയില്‍ ഒരു മാസത്തെ പെന്‍ഷന്‍ തുകയാണ് വിതരണം ചെയ്യുന്നത്. നവകേരള സദസ്സ് തുടങ്ങാനിരിക്കെയാണ് പെന്‍ഷന്‍ വിതരണം വീണ്ടും തുടങ്ങുന്നത്.

ഏഴര വര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ 57,604 കോടി രൂപ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തിട്ടുണ്ടെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ 22,250 കോടി രൂപ നല്‍കിയെന്നം മന്ത്രി പറഞ്ഞു.

കെ എസ് ആർ ടി സിക്ക് 30 കോടി നൽകും. തിങ്കളാഴ്ച നൽകിയ 70 കോടിക്ക് പുറമെയാണിത്. രണ്ടാം പിണറായി സർക്കാർ 4833 കോടി രൂപ ഇതുവരെ നൽകിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ കസ്റ്റഡിയിൽ

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെ ഇഡി കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മുതൽ ഇഡി സംഘം ബാങ്കിലും ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലുമായി പരിശോധന നടത്തിവരികയായിരുന്നു.

ബാങ്കിൽ കോടികളുടെ നിക്ഷേപ ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ നടപടി. ഭാസുരാംഗന്റെ പൂജപ്പുരയിലെ മകൻ്റെ വീട്ടിലും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മുൻ സെക്രട്ടറി ശാന്തകുമാരിയുടെ വീട്ടിലും പേരൂർക്കടയിൽ ഉള്ള മുൻ സെക്രട്ടറിയുടെ വീട്ടിലുമാണ് പരിശോധ നടന്നത്.

101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്. കഴിഞ്ഞ 30 വർഷത്തിലേറെയായി സിപിഐ നേതാവായ എൻ ഭാസുരാംഗനാണ് ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവിൽ ബാങ്കിൽ അഡ്മിനിസട്രേറ്റീവ് ഭരണമാണ്. കണ്ടല സഹകരണ ബാങ്കിലും എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റിന്റെ പരിശോധന നടന്നിരുന്നു. പൂജപ്പുരയിലെ വസതിയിലെ പരിശോധന പൂർത്തിയായി. വീട്ടിൽ നിന്ന് കണ്ടെത്തിയ രേഖകൾ കസ്റ്റഡിയിലെടുത്തു.

റിപ്പോർട്ടർ ടിവിയാണ് കണ്ടല ബാങ്കിലെ കോടികളുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. എന്‍ ഭാസുരാംഗന്‍ നേരത്തെ ക്ഷീരയിലും അഴിമതി നടത്തിയിരുന്നു. ക്ഷീര പ്ലാന്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ മില്‍മ തെക്കന്‍ മേഖല അഡ്മിനിസ്‌ട്രേറ്ററാണ് സിപിഐ നേതാവായ ഭാസുരാംഗന്‍. ക്രമക്കേടില്‍ ഇ ഡി നേരത്തെ സഹകരണവകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. നൂറുകണക്കിന് ആളുകളാണ് നിക്ഷേപം തിരിച്ചുകിട്ടാതെ കഷ്ടപ്പെട്ടത്. വ്യാജ വായ്പയും അനധികൃത നിയമനവും ഉള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ ആണ് ബാങ്കില്‍ നടന്നത്.

തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം കമ്പ്യൂട്ടറിൽ നിന്ന് നീക്കം ചെയ്‌തതായി സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്: മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി അറസ്റ്റിൽ

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ കെ.പി.സി.സി. ജനറൽസെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്റുമായ കെ.കെ. എബ്രഹാമിനെ ഇ.ഡി. അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എബ്രഹാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് ഇ.ഡി ഓഫിസിൽ തിരികെ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പ്രാദേശിക കോൺഗ്രസ് നേതാവും ഇടനിലക്കാരനുമായ സജീവൻ കൊല്ലപ്പള്ളിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എബ്രഹാമിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. അന്വേഷണത്തിൽ വായ്പാ തട്ടിപ്പിനെ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. തട്ടിപ്പ് വിവരം പുറത്തായതോടെ അബ്രഹാം കെപിസിസി സ്ഥാനം രാജിവെച്ചിരുന്നു.

തട്ടിപ്പിനിരയായ കർഷകൻ്റെ ആത്മഹത്യ തെളിച്ചത്

പുൽപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പത്തട്ടിപ്പിനിരയായ കര്‍ഷകന്‍ ആത്മഹത്യചെയ്തതിന് പിന്നാലെയാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തുവരുന്നത്. പുല്‍പ്പള്ളി സഹകരണ ബാങ്കിലെ തട്ടിപ്പ് നടക്കുന്ന ഘട്ടത്തില്‍ പ്രസിഡന്റായിരുന്നു അബ്രഹാം. ഇയാളുടെ ഉൾപ്പെടെ നാലുപേരുടെ പേരുകൾ ആത്മഹത്യാ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു.

മരിച്ച രാജേന്ദ്രന്റെ പേരില്‍ രണ്ട് വായ്പകളുണ്ട്. കുടിശ്ശികയടക്കം 46.58 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നായിരുന്നു ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാൽ, സ്ഥലം പണയപ്പെടുത്തി 70,000 രൂപയാണ് രാജേന്ദ്രൻ വായ്പയെടുത്തിരുന്നത്. ഒരു വായ്പ മാത്രമായിരുന്നു. രണ്ടാമത്തേത് ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ.അബ്രഹാമിന്റെ നേതൃത്വത്തില്‍ രാജേന്ദ്രന്റെ പേരില്‍ എടുത്ത് വന്‍തുക കൈപ്പറ്റിയെന്നായിരുന്നു ആരോപണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കായിരുന്നു ബാങ്കിന്റെ നിയന്ത്രണം.

പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയതത്. ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റ്ർ ചെയത് കേസിലെ പ്രധാനിയായ കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാമിന്റെ വിശ്വസ്തനാണ് സജീവന്‍. തട്ടിപ്പിന് ഒത്താശ ചെയ്ത പുല്‍പ്പള്ളി ബാങ്കിലെ മുന്‍ സെക്രട്ടറി രമാദേവിയെയും അറസ്റ്റ് ചെയ്യാന്‍ ഇ.ഡി ആലോചിക്കുന്നുണ്ട്.

ബാങ്കില്‍ ഒന്നും രണ്ടും ലക്ഷം രൂപ വായ്പ എടുത്തവരുടെ രേഖ തരപ്പെടുത്തി 25 ലക്ഷം രൂപയും അതിലധികവും വായ്പ എടുത്ത് പ്രതികള്‍ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. ആകെ എട്ടു കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് വിലയിരുത്തല്‍. ഇങ്ങനെയുള്ള കടബാധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.തട്ടിപ്പിനിരയായ മറ്റൊരു കുടുംബവും എബ്രഹാമിനെതിരെ പരാതി നൽകിയിരുന്നു.

നെയ്മറുടെ കാമുകിയേയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോകാൻ ശ്രമം

0

ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം നെയ്മറുടെ കാമുകി ബ്രൂണോ ബിയാന്‍കാര്‍ഡിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ബ്രൂണയുടെ സാവോപോളോയിലുള്ള വീട് കൊള്ളയടിച്ചു.

മൂന്ന സംഘമാണ് ആയുധങ്ങളുമായി എത്തിയത് സമയം ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. ബ്രൂണോയുടെ മാതാപിതാക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ ബന്ധകളാക്കിയ ശേഷം സായുധ സംഘം വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിച്ചു. അമ്മയെയും കുഞ്ഞിനെയും കണ്ടെത്താനാവാതെ സംഘം മോഷണം നടത്തുകയായിരുന്നു എന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.

വീട്ടില്‍നിന്ന് ശബ്ദമുയർന്നതോടെ സംശയം തോന്നി അയല്‍വാസികള്‍ പോലീസിനെ വിവരമറിയിച്ചത് രക്ഷയായി. കള്ളന്മാരിലൊരാളെ പോലീസ് അറസ്റ്റുചെയ്തു. മോഷ്ടിച്ച സാധനങ്ങളില്‍ പലതും പോലീസ് വീണ്ടെടുത്തു. സംഘത്തിലെ മറ്റ് രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടന്‍തന്നെ അറസ്റ്റുചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായിട്ടുള്ളത് ഇവരുടെ വീടും പരിസവുമായി ബന്ധമുള്ള 20 വയസ്സുകാരനാണ്.

കഴിഞ്ഞമാസമാണ് നെയ്മര്‍ താനൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം ലോകത്തെ അറിയിച്ചത്. നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാലിനുവേണ്ടിയാണ് നെയ്മര്‍ കളിക്കുന്നത്. പരിക്കേറ്റ് താരം ചികിത്സയിൽ തുടരുകയാണ്. മോഡലും ഫാഷൻ ഇൻഫ്ലുവൻസറുമാണ് ബ്രൂണോ ബിയാന്‍കാര്‍ഡി.

പീഡനത്തിനിരയായ കുട്ടിയുടെ ജാതി സർട്ടിഫിക്കറ്റിന് കൈക്കൂലി, പരാതിപ്പെട്ടതിന് പ്രതികാരമായി കുട്ടിയുടെ വിവരങ്ങൾ പുറത്ത് വിട്ട് തഹസിൽദാർ

ആലപ്പുഴ അരൂരില്‍ പോക്‌സോ കേസ് അതിജീവിതയുടെ വിവരങ്ങള്‍ തഹസില്‍ദാര്‍ പരസ്യമാക്കിയ സംഭവം വിവാദത്തിൽ. വൈക്കം തഹസില്‍ദാര്‍ റെജിക്കെതിരെയാണ് അതിജീവിതയുടെ കുടുംബം പരാതി നല്‍കിയത്.

കൈക്കൂലി ആവശ്യപ്പെട്ടത് വിജിലന്‍സിനെ അറിയിച്ചതിൻ്റെ വൈരാഗ്യത്തിലാണ് മജിസ്ട്രറ്റിന്റെ ചുമതല കൂടിയുള്ള തഹസില്‍ദാര്‍ ക്രൂരത കാട്ടിയത്. ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കുടുംബം പറയുന്നു.

പോക്‌സോ കേസുമായി ബന്ധപ്പെട്ട് ആവശ്യമായിവന്ന ജാതി സര്‍ട്ടിഫിക്കറ്റിനായി തഹസില്‍ദാരെ സമീപിച്ചപ്പോൾ ഇതിന് 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതോടെ കുടുംബം വിജിലന്‍സിന് പരാതി നല്‍കി. ഇതിൻ്റെ വൈരാഗ്യത്തില്‍ തഹസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചു. പിന്നീട് ജില്ലാ കളക്ടര്‍ ഇടപെട്ട് ലഭ്യമാക്കി.

തുടര്‍ന്ന് തഹസില്‍ദാര്‍ തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് പ്രതികാരം കാണിച്ചു എന്നാണ് കുടുംബം പരാതിപ്പെട്ടത്. നാട്ടിലെ സാമുദായിക നേതാക്കളോട് തഹസില്‍ദാര്‍ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി.

ഇതോടെ കുട്ടിയുടെ വിവരങ്ങൾ പുറത്തായി. സാമുദായിക നേതാക്കൾ പൊതുസ്ഥലത്തുവെച്ച് കുട്ടിയുടെ മാതാവിനോട് കേസിനെ കുറിച്ച് ആരായുകയും ചെയ്തു. ഇതിന്‍റെ മനോവിഷമത്തില്‍ മതാവ് രണ്ടുതവണ ആത്മഹത്യയ്ക്കു ശ്രമിച്ചു.

സംഭവത്തില്‍ അരൂര്‍ പോലീസ്, ജില്ലാ പോലീസ് മേധാവി, സി.ഡബ്ല്യു.സി എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. തഹസിൽദാർ രാഷ്ട്രീയ സംഘടനാ സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കുടുംബം വ്യക്തമാക്കി.