26 വർഷത്തിന് ശേഷം ചങ്ങലക്കെട്ടഴിച്ചു, ഗുരുവായൂർ ചന്ദ്രശേഖരൻ പാപ്പാനെ കൊന്നു

ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. ചന്ദ്രശേഖരന്‍ എന്ന ആനയുടെ രണ്ടാം പാപ്പാന്‍ എ.ആര്‍. രതീഷാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ആനക്കോട്ടയിൽ നിന്ന് പുറത്തിറക്കിയ ആനയ്ക്ക് വെള്ളം കൊടുക്കുന്നതിനിടെയായിരുന്നു ആക്രമണം. അക്രമമുണ്ടായ ഉടൻ തന്നെ രതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

26 വർഷമായി ചങ്ങലയിൽ കഴിഞ്ഞ ആന

ആനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ രതീഷിനെ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വഭാവദൂഷ്യത്തിന്റെ പേരിൽ 26 വർഷമായി ചന്ദ്രശേഖരനെ ഗുരുവായൂരിലെ ആനത്താവളത്തിലെ ചങ്ങലക്കുരുക്കിൽ തളച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം ചന്ദ്രശേഖരനെ അഴിച്ച് ക്ഷേത്രത്തിൽ എത്തിച്ചിരുന്നു.

മരണം താത്ക്കാലിക ചുമതലയ്ക്കിടെ

കെട്ടു തറയിൽ തളച്ചിരുന്ന കൊമ്പൻ ചന്ദ്രശേഖരനെ വൃത്തിയാക്കുന്നതിനായി രതീഷ് പിന്നിലൂടെ ആനയുടെ പുറത്ത് കയറുമ്പോൾ തുമ്പികൈ കൊണ്ട് പാപ്പാനെ എടുത്ത് തറയിൽ ഇട്ട് കുത്തുകയായിരുന്നു. പിന്നീട് ചവിട്ടുകയും മസ്തകം കൊണ്ട് ഞെരിച്ച ശേഷം എടുത്ത് എറിയുകയായിരുന്നു.

ഉടൻ തന്നെ മറ്റു പാപ്പാൻ മാർ ചേർന്ന് ആശുപത്രിയിൽ എത്തിചെങ്കിലും മരിച്ചിരുന്നു. ഒന്നാം പാപ്പാൻ അവധിയായിരുന്നതിനാലാണ് രതീഷ് ചുമതലയേറ്റത്

ഇതിന് മുമ്പും സമാനമായ പ്രശ്നങ്ങൾ സൃഷ്ടിച്ച ആനയായിരുന്നു ചന്ദ്രശേഖരൻ. വിവിധ സംഭവങ്ങളിൽ മൂന്ന് തവണ മയക്കുെവെടി ഏറ്റിട്ടുണ്ട്. ​ഗുരുവായൂർ ക്ഷേത്രത്തിന്റെ സമീപത്തും ആന പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നാണ് മുൻ പാപ്പാന്മാർ പറയുന്നത്.

ആക്രമണ വാസന തീരാതെ അറുപത് പിന്നിട്ട ചന്ദ്രശേഖൻ

കഴിഞ്ഞദിവസം ക്ഷേത്രത്തിലെത്തിച്ച ചന്ദ്രശേഖരന് നിവേദ്യച്ചോറും മറ്റും നൽകിയിരുന്നു. പരിശീലനം നൽകിയ ശേഷം ഏകാദശി ഉത്സവത്തിന് ചന്ദ്രശേഖരനെ എഴുന്നള്ളിക്കാൻ ദേവസ്വം പദ്ധതിയിട്ടിരുന്നു. ഇതിനിടെയാണ് ആനയുടെ ആക്രമണത്തിൽ പാപ്പാന് ജീവൻ നഷ്ടമായിരിക്കുന്നത്. 1970 ജൂൺ മൂന്നിന് ബോംബെ സുന്ദരം എന്നയാളാണ് ചന്ദ്രശേഖരനെ ഗുരുവായൂർ ക്ഷേത്രത്തിന് കൈമാറിയത്. ഇപ്പോൾ 60 വയസാണ് പ്രായം.

പുന്നത്തൂർ കോട്ടയിലെത്തിയതിന്‍റെ പുതുമ മാറുംമുമ്പേ ആന അക്രമസ്വഭാവങ്ങൾ കാട്ടിത്തുടങ്ങിയിരുന്നു. എഴുന്നള്ളിപ്പുകൾക്കിടെ പതിവായി ഇടയുകയും കണ്ണിൽ കണ്ടതൊക്കെ നശിപ്പിക്കുകയും ചെയ്തു. 1990-ല്‍ ചട്ടക്കാരൻ കെ.സി. രാജനെ നെഞ്ചിൽ കുത്തി ഗുരുതരമായ പരിക്കേൽപ്പിതോടെ ഗുരുവായൂർ ആനക്കോട്ടയിലെ കരിമ്പട്ടികയിലായിരുന്നു.

ആനപ്രേമികള്‍ ചന്ദ്രശേഖരന് കൃത്രിമ കൊമ്പ് ഘടിപ്പിച്ചു നല്‍കാമെന്ന് ഏറ്റിരുന്നു. ഒരിക്കൽ മദപ്പാടിനിടെ നഷ്ടമായ കൊമ്പാണ്. കുറവ് മാറുന്നതോടെ ചന്ദ്രശേഖരന്‍ പുറം എഴുന്നള്ളിപ്പുകളിലും സജീവമാകും എന്ന് പ്രഖ്യാപിച്ചിരുന്നു. മികച്ച പരിപാലനം നല്‍കി ചന്ദ്രശേഖരനെ പുറത്ത് എത്തിച്ചതിന് ഒന്നാം പാപ്പാന്‍ കെ.എന്‍. ബൈജു, രണ്ടാം പാപ്പാന്‍ കൊല്ലപ്പെട്ട എ.ആര്‍. രതീഷ്, മൂന്നാം പാപ്പാന്‍ കെ.കെ. ബിനേഷ് എന്നിവരെ ദേവസ്വം ആദരിച്ചിരുന്നു.

ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ സ്ഥാനത്തു നിന്നും ഷാജി പ്രഭാകരനെ പുറത്താക്കി

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്.) സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്ന് മലയാളിയായ ഷാജി പ്രഭാകരനെ പുറത്താക്കി. എ.ഐ.എഫ്.എഫ്. എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ അന്തിമ അനുമതിയോടെ പ്രസിഡന്റ് കല്യാണ്‍ ചൗബേയാണ് പുറത്താക്കിക്കൊണ്ടുള്ള തീരുമാനം കൈക്കൊണ്ടത്.

പകരമായി എ.ഐ.എഫ്.എഫ്. ഡെപ്യൂട്ടി സെക്രട്ടറി എം. സത്യനാരായണന് സെക്രട്ടറി ജനറലിന്റെ താത്കാലിക ചുമതല നല്‍കി.

വിശ്വാസവഞ്ചന നടത്തിയതിനേത്തുടർന്ന് ഷാജിയുടെ സേവനം അടിയന്തരമായി അവസാനിപ്പിച്ചതായി എ.ഐ.എഫ്.എഫ്. പരസ്യ പ്രസ്താവനയിറക്കുകയും ചെയ്തു. ഷാജിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എ.ഐ.എഫ്.എഫ്. അംഗങ്ങള്‍ക്കിടയില്‍ നീരസമുണ്ടായിരുന്നു. ഇതാണ് അദ്ദേഹവുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് പ്രസ്താവനയില്‍ ചൗബേ വ്യക്തമാക്കി.

ഷാജി പ്രഭാകരന്റെ പ്രവര്‍ത്തനങ്ങള്‍, ഉയര്‍ന്ന വേതനം എന്നിവയില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റികള്‍ക്കിടയില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. എ.എഫ്.സി. എക്‌സിക്യുട്ടീവ് അംഗമായും അടുത്തിടെ നിയമിതനായ ഷാജി, വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) സംവിധാനം നടപ്പാക്കുന്നതിന് ഫെഡറേഷനില്‍ മതിയായ പണമില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.

നേട്ടങ്ങളുടെ കാലം

ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി രാജ്യത്തിന് പുറത്ത് സൗദി അറേബ്യയില്‍ നടത്തിയതും ഇന്ത്യയുടെ പുരുഷ ഫുട്‌ബോള്‍ ടീം 2018-നുശേഷം ആദ്യമായി ഫിഫയുടെ ആദ്യ നൂറ് സ്ഥാനങ്ങളില്‍ ഇടംനേടിയതും ഇക്കാലയളവിലാണ്. കല്യാണ്‍ ചൗബേക്കു കീഴില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ഷാജി പ്രഭാകരന്‍ എ.ഐ.എഫ്.എഫിന്റെ സെക്രട്ടറി ജനറലായി ചുമതലയേറ്റത്. കുഷാല്‍ ദാസിന്റെ സ്ഥാനത്തായിരുന്നു നിയമനം.

അധികാരത്തെ വെല്ലുവിളിച്ച ഫുട്ബോൾ സ്പിരിറ്റ്

നവംബർ ആറിന് ഷാജി പ്രഭാകരൻ എക്സിൽ ഒരു വിവാദ കുറിപ്പ് ഇട്ടതാണ് മറ്റു അംഗങ്ങളെ പ്രകോപിപ്പിച്ചത്. സംഘടനയ്ക്കുള്ളിലെ അധികാര തർക്കങ്ങൾ മറനീക്കി പുറത്ത് കൊണ്ടുവരുന്നതായിരുന്നു ഈ കുറിപ്പ്. “അധികാരവും സ്വാധീനവും ഉള്ളപ്പോൾ നാം നമ്മുടെ ഗെയിമിനോട് വിശ്വസ്തത പുലർത്തണം. വ്യക്തിപരമായ താൽപ്പര്യങ്ങളില്ലാതെ ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും ജോലി ചെയ്യാൻ നമ്മുക്ക് വലിയ ഉത്തരവാദിത്തമുണ്ട്.

വ്യക്തിപരമായ താൽപ്പര്യങ്ങൾ മനസ്സിലും തീരുമാനങ്ങളിലും ആധിപത്യം സ്ഥാപിക്കാൻ ഒരിക്കലും അനുവദിക്കരുത്. ഫുട്ബോളിനെ മാറ്റിമറിക്കാനും ഇന്ത്യയെ അഭിമാനകരമാക്കാനുമുള്ള നമ്മുടെ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. വലിയ വേദികളിൽ ഇന്ത്യ തിളങ്ങുന്നത് കാണുമ്പോൾ അതിലും വലിയ സംതൃപ്തി ജീവിതത്തിൽ മറ്റൊന്നുമില്ല,” എന്നായിരുന്നു ഷാജി എക്സിൽ കുറിച്ചത്.

ഞെട്ടലോടെ ഷാജി പ്രഭാകരൻ

ഫെഡറേഷന്റെ തീരുമാനം ഞെട്ടലുണ്ടാക്കിയെന്ന് ഷാജി പ്രകാരന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് എ.ഐ.ഐ.എഫ് എന്നെ മാറ്റിയത് വലിയ ഞെട്ടലാണുണ്ടാക്കിയത്. ഞങ്ങള്‍ ഒരു ടീം പോലെ പ്രവര്‍ത്തിച്ചതാണ്. വിശ്വാസവഞ്ചന കാണിച്ചെന്ന വലിയൊരു ആരോപണമാണ് അവര്‍ എനിക്കെതിരേ ചുമത്തിയത്. ഈ മനോഹര ഗെയിമിനൊപ്പം പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനം. ഇന്ത്യന്‍ ഫുട്‌ബോളിനുവേണ്ടിയുള്ള എന്റെ സത്യസന്ധമായ പ്രവര്‍ത്തനങ്ങളില്‍ കൂടെനിന്നവര്‍ക്ക് നന്ദി’- ഷാജി പ്രഭാകരന്‍ കുറിച്ചു.

“എൻ്റെ അവസ്ഥയ്ക്ക് കാരണം ഈ സിസ്റ്റം” അലൻ ഷുഹൈബ് ഉറക്ക ഗുളിക കഴിച്ച് ആശുപത്രിയിൽ

പന്തീരാങ്കാവ് യു.എ.പി.എ കേസിൽ പ്രതി ചേർക്കപ്പെട്ട അലൻ ഷുഹൈബിനെ അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ എറണാകുളത്തെ ഇടത്തറയിലുള്ള ഫ്‌ളാറ്റിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് സംഭവം.

അവശനിലയിലായിരുന്ന അലനെ ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ. കേസില്‍ വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് സംഭവം.

ആത്മഹത്യാ ശ്രമമാണെന്നാണ് പോലീസ് നൽകുന്ന വിവരം. 30-ലധികം ഉറക്കഗുളിക അലൻ കഴിച്ചതായും പോലീസ് പറയുന്നു. അവശനിലയിലായിരുന്നാൽ അലന്റെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. ആത്മഹത്യ ശ്രമം സംബന്ധിച്ച് അലൻ സുഹൃത്തുക്കൾക്ക് കത്തയച്ചതായും വിവരമുണ്ട്.

ഈ സിസ്റ്റമാണ് തന്റെ അവസ്ഥയ്ക്ക് കാരണമെന്ന് അലൻ കത്തിൽ സൂചിപ്പിച്ചിരുന്നു. കേസിന്റെ വിചാരണ നീണ്ടുപോയാല്‍ അത് പഠനത്തെ ബാധിക്കുമെന്ന ആശങ്ക അലന് ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കി.

പന്തീരാങ്കാവ് യു.എ.പി.എ കേസിൽ നിലവിൽ വിചാരണ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിയാണ് അലൻ ഷുഹെെബ്. കോഴിക്കോട് സ്വദേശിയാണ്. എറണാകുളത്ത് ബന്ധുവിൻ്റെ ഫ്ലാറ്റിലായിരുന്നു താമസം.

പിന്നാലെ കൂടി പൊലീസ്

കേസിനിടെ കഴിഞ്ഞ വർഷം വീണ്ടും റാഗിങ് ആരോപിച്ചുള്ള പരാതിയിൽ അലൻ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പാലയാട് ക്യാമ്പസിൽ ഒന്നാം വർഷ വിദ്യാർഥിയായ എസ് എഫ് ഐ പ്രവർത്തകനെ റാഗ് ചെയ്തെന്ന പരാതിയിലാണ് അലനെ ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തത്. അലനെ ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്നാണ് പൊലീസ് വിശദീകരിച്ചത്

എസ്എഫ്ഐക്കാരുടെ റാഗിങ്ങിനെതിരെ നിലപാടെടുത്തതാണ് കാരണം. തന്നെയും കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ബദറുവിനെയും മുർഷിദിനെയും അഞ്ചാം വർഷ വിദ്യാർഥി നിഷാദ് ഊരാതൊടിയെയും അകാരണമായി എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് അലൻ അന്ന് ആരോപിച്ചു.

യുഎപിഎ കേസിൽ അറസ്റ്റിലായി തടവിൽ കഴിഞ്ഞ അലൻ ഷുഹൈബ് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഈ കേസിൽ അലന്‍ ഷുഹൈബ് 300-ലധികം ദിവസമാണ് ജയിലില്‍ കിടന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അലനെ പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് യുഎപിഎ ചുമത്തിയത്. എന്നാൽ പിന്നീട് മാവോയിസ്റ്റ് ബന്ധമില്ലെന്ന് പറഞ്ഞ് എന്‍ഐഎ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ജാമ്യം റദ്ദാക്കാനുള്ള ആവശ്യം കോടതി തള്ളിയിട്ടും

ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന അവശ്യവുമായി എൻ.ഐ.എ സംഘം ഈ വർഷം ഫെബ്രുവരിയിൽ കോടതിയെ സമീപിച്ചത്. എന്നാൽ കേസിലെ പ്രതികളായ അലൻ ഷുഹൈബിന്‍റെയും താഹാ ഫസലിന്‍റെയും ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഈ ഘട്ടത്തിൽ പരിഗണിക്കാൻ സാധിക്കില്ലെന്നും എൻ.ഐ.എ സമർപ്പിച്ച തെളിവുകൾ അപ്രാപ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

തീവ്രവാദ ബന്ധമുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഷെയർ ചെയ്യുന്നു, പാലയാട് ലീഗൽ സ്റ്റഡി സെന്‍റർ കാമ്പസിലെ എസ്.എഫ്.ഐയുമായുള്ള സംഘർഷം, ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ അലനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എൻ.ഐ.എ കോടതിയിൽ ഉന്നയിച്ചിരുന്നത്.

ഫേസ്ബുക്ക് പോസ്റ്റുകൾ അലൻ ഷെയർ ചെയ്യുന്നത് അനുചിതമാണെന്ന് സമമതിച്ച കോടതി അലൻ നേരിട്ട് പോസ്റ്റുകൾ എഴുതുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതല്ല, പല എഫ്.ബി പോസ്റ്റുകളും റീ ഷെയർ ചെയ്യുന്നതാണെന്നും വ്യക്തമാക്കിയിരുന്നു.

പൊലീസിൽ ഡ്രൈവർ, ഹയർ സെക്കൻ്ററി ജൂനിയർ അധ്യാപകൻ, ലാബ് അസി. തുടങ്ങി 65 വിഭാഗങ്ങളിൽ പി എസ് സി അപേക്ഷ ക്ഷണിച്ചു

പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിൽ വകുപ്പിൽ ഡ്രൈവര്‍ (പുരുഷനും വനിതയും ), ഹയർ സെക്കൻ്ററി ജൂനിയൽ അധ്യാപകൻ, ഇലക്ട്രീഷ്യൻ കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ തുടങ്ങി 65 കാറ്റഗറികളിലായി കേരള പി.എസ്.സി.വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗസറ്റ് തീയതി: 30.10.2023, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 29.11.2023.

വിശദവിവരങ്ങള്‍ കേരള പി.എസ്.സി.യുടെ ഔദ്യോഗിക വൈബ്‌സൈറ്റായ www.keralapsc.gov.in-ല്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 29 വരെ മാത്രം.

അവസരങ്ങൾ

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോളജി), ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജൂനിയര്‍ അധ്യാപകന്‍ (കംപ്യൂട്ടര്‍ സയന്‍സ്), ജല അതോറിറിറ്റിയില്‍ മൈക്രോബയോളജിസ്റ്റ് (ബാക്ടീരിയോളജിസ്റ്റ്), കേരള പോലീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, സ്‌റ്റേറ്റ് സെന്‍്ടല്‍ ലൈബ്രറിയില്‍ ലൈബ്രേറിയന്‍ ഗ്രേഡ്-IV, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ (ഫാര്‍മസി), ഇലക്ട്രീഷ്യന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ (200 ഒഴിവ്), പ്രയോരിറ്റി സെക്ടര്‍ ഓഫീസര്‍, കേരള സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡില്‍ അസിസ്റ്റന്റ് ഗ്രേഡ്-II, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ റെക്കോര്‍ഡിങ് അസിസ്റ്റന്റ്, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ ജൂനിയര്‍ മെയില്‍ നഴ്‌സ്, സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്‌സ് ലിമിറ്റഡില്‍ സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ്-IV, കേരള ജല അതോറിറ്റിയില്‍ ലാബ് അസിസ്റ്റന്റ് (21 ഒഴിവ്), കേരള സ്‌റ്റേറ്റ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ഫീല്‍ഡ് ഓഫീസര്‍ എന്നിവയാണ് സംസ്ഥാനതല ജനറല്‍ റിക്രൂട്ട്‌മെന്റിലെ തസ്തികകള്‍.
ഇവ കൂടാതെ വിവിധ തസ്തികകളില്‍ ജില്ലാതല ജനറല്‍ റിക്രൂട്ട്‌മെന്റിനും സംസ്ഥാനതല/ ജില്ലാതല സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിനും എന്‍.സി.എ. റിക്രൂട്ട്‌മെന്റിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 29 വരെ സമര്‍പ്പിക്കാം.

“തനിച്ചായാൽ ഏകാന്തതെയ മറികടക്കാം പക്ഷെ ഒത്തു പോകാത്ത ബന്ധമായാൽ ഒറ്റപ്പെടലിനെക്കാൾ മോശമാവും”

‘നമ്മള്‍ തനിച്ചാണെങ്കില്‍ ഏകാന്തതയേയും ഒറ്റപ്പെടലിനേയുമെല്ലാം മറികടക്കാനുള്ള വഴികള്‍ നമുക്ക് കണ്ടെത്താനാകും. എന്നാല്‍ ഒരിക്കലും ഒത്തുപോകാന്‍ കഴിയാത്ത ഒരു പങ്കാളിയാണ് കൂടെയുള്ളതെങ്കില്‍ ഒറ്റപ്പെടലിനേക്കാളും മോശമായ അവസ്ഥയാണ് ഉണ്ടാകുക.

കഴിഞ്ഞ ശനിയാഴ്ച 52-ാം പിറന്നാള്‍ ആഘോഷിച്ച നടി തബു ജീവിതത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും പറഞ്ഞു തുടങ്ങുകയാണ്. നിരവധി പേരാണ് അവരുടെ വാക്കുകളെ അനുകൂലിച്ചും ജീവിത സത്യങ്ങൾ പങ്കുവെച്ചും ഐക്യപ്പെട്ടത്.

ബോളിവുഡിലും ദക്ഷിണേന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് തബു. 1985-ല്‍ ദേവ് ആനന്ദിൻ്റെ ഹം നൗജവാന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറി. തബു ഇപ്പോഴും രംഗത്ത് സജീവമാണ്.

ഒറ്റയ്ക്ക് ജീവിക്കുന്ന നടി ഇപ്പോഴും ഉല്ലാസവതിയാണ്. റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിലൂടെയല്ലാതെ മറ്റു പല കാര്യങ്ങളില്‍ നിന്നും സന്തോഷം നമ്മെ തേടിയെത്താം എന്ന് തബു അഭിമുഖത്തില്‍ പറയുന്നു.

സ്ത്രീക്കും പുരുഷനുമിടയിലുള്ള ബന്ധം അല്‍പം സങ്കീര്‍ണമാണ്. ചെറിയ പ്രായത്തില്‍ നമുക്ക് സ്‌നേഹത്തെ കുറിച്ചൊരു സങ്കല്‍പമുണ്ടായിരിക്കും. പ്രായംകൂടുംതോറും അനുഭവങ്ങള്‍ക്ക് അനുസരിച്ച് ആ സങ്കല്‍പത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. പുതിയ തിരിച്ചറിവുകള്‍ ലഭിക്കും. എനിക്ക് എന്റേതായ ലോകം പടുത്തുയര്‍ത്തണമെന്നായിരുന്നു ആഗ്രഹം. ഞാന്‍ അതിന് ശ്രമിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ എന്നോടും എന്റെ കഴിവിനോടും കാണിക്കുന്ന ഏറ്റവും വലിയ നീതികേടാകുമായിരുന്നു എന്ന തിരിച്ചറിവാണ് അവർ അവതരിപ്പിക്കുന്നത്.

നല്ലൊരു റിലേഷന്‍ഷിപ്പിന്റെ അടിസ്ഥാനം രണ്ട് വ്യക്തികളും പരസ്പരം ജീവിതത്തില്‍ വളര്‍ച്ച കൈവരിക്കലാണ് . ഓരോ വ്യക്തികളും സ്വതന്ത്രരായിരിക്കണം. അടിച്ചമര്‍ത്തുകയല്ല വേണ്ടത്. എന്റെ ചിന്താഗതി അല്‍പം വ്യത്യസ്തമാണെന്ന് എനിക്കറിയാം. ബന്ധത്തില്‍ സ്ത്രീയേയും പുരുഷനേയും രണ്ടായി ഞാന്‍ കാണുന്നേയില്ല. നിങ്ങള്‍ എന്ന വ്യക്തിക്ക് മുകളില്‍ ലിംഗഭേദത്തിന് വലിയ സ്ഥാനമുണ്ടോ?’ എന്ന ദാർശനിക ചേദ്യവും തബു സമൂഹത്തിന് മുമ്പാകെ വെക്കുന്നുണ്ട് റിലേഷൻഷിപ്പില്‍ സ്ത്രീയെയും പുരുഷനെയും ഞാൻ വെവ്വേറെ ആയിട്ടേ കാണുന്നില്ല. നിങ്ങള്‍ എന്ന വ്യക്തിക്ക് മുകളില്‍ ആ ലിംഗഭേദത്തിന് വലിയ സ്ഥാനമുണ്ടോ എന്നാണ് ചോദ്യം.

മുമ്പും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടുന്നതുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും തബു പരസ്യമായി പറഞ്ഞിട്ടുണ്ട്. നടൻ അജയ് ദേവ്‍ഗണുമായുള്ള ബന്ധമാണ് തബു അവിവാഹിതയായി തുടരാനുള്ള കാരണമെന്ന് മുമ്പൊരു അഭിമുഖത്തിലെ ചില ഭാഗങ്ങളെ മാത്രം മുൻനിര്‍ത്തി വാര്‍ത്തകള്‍ പ്രചരിച്ചത് അവർ തള്ളിക്കളഞ്ഞിരുന്നു. തങ്ങള്‍ നല്ല സുഹൃത്തുക്കളാണ്, കൗമാരകാലഘട്ടത്തിലേ ഉള്ള സൗഹൃദമാണെന്നായിരുന്നു തബു പ്രതികരിച്ചിരുന്നത്.

അജയ് കാജോളുമായി അടുക്കുകയും അവരെ വിവാഹം കഴിക്കുകയുമായിരുന്നു. ദില്‍വാലെ ദുല്‍ഹനിയേ ലേ ജായേംഗെയില്‍ അഭിനയിക്കുമ്പോഴാണ് അജയ് ദേവ് ഗണ്‍ കാജോളുമായി പ്രണയത്തിലാകുന്നത്

മോഹന്‍ലാലിനൊപ്പം മലയാളത്തിലെത്തി കേരളീയരുടേയും മനം കവരാന്‍ തബുവിനായി. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം തബു ഒരുകാലത്ത് തിളങ്ങി നിന്നിരുന്നു.  മലയാളത്തില്‍ കാലാപാനിയിലാണ് തബു ആദ്യമായി അഭിനയിച്ചത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി. കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയുമായി.

2011 ൽ പത്മശ്രീ പുരസ്കാരത്തിന് അർഹയായ നടിയാണ്. രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി.

ജാതി സർവ്വെക്ക് പിന്നാലെ പിന്നോക്ക സംവരണം 65 ശതമാനമായി ഉയർത്താൻ നിതീഷ് കുമാർ

0

ജാതി സർവ്വെയിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന വിടവുകൾക്ക് പിന്നാലെ ബിഹാറിലെ പട്ടികജാതി, പട്ടികവര്‍ഗ, മറ്റു പിന്നാക്ക- അതിപിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം 50 ശതമാനത്തില്‍ നിന്ന് 65 ശതമാനമാക്കി ഉയര്‍ത്തണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

മുന്നോക്ക ജാതി സംവരണമായ സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാറിന്റെ 10 ശതമാനം സംവരണംകൂടി ഇതില്‍ ഉള്‍പ്പെടുന്നതോടെ ആകെ സംവരണം 75 ശതമാനമാകും.

ഇതോടെ പൊതു 25% മാത്രമാകും. നേരത്തെ ഇത് 40% ആയിരുന്നു. ജാതി സെൻസസ് പ്രകാരം ബിഹാറിൽ 15 ശതമാനമാണ് മുന്നോക്ക ജാതിക്കാരുള്ളത്. എന്നാൽ സർക്കാർ സർവ്വീസിൽ ഉൾപ്പെടെ അമ്പത് ശതമാനത്തിൽ അധികം കയ്യാളുന്നു.

ജാതി സര്‍വ്വെ പ്രകാരം ബിഹാറിലെ ആകെ ജനസംഖ്യയില്‍ 27.13% പിന്നാക്ക വിഭാഗവും 36.01% അതിപിന്നാക്ക വിഭാഗവും 15.52% മുന്നാക്ക വിഭാഗവും 19.7% പട്ടികജാതി വിഭാഗവും 1.7% പട്ടികവര്‍ഗ വിഭാഗവുമാണ്.

പുതുക്കിയ സംവരണ നിര്‍ദേശമനുസരിച്ച് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 20 ശതമാനവും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് രണ്ട് ശതമാനവും ഒബിസി- ഇബിസി വിഭാഗത്തിലുള്ളവര്‍ക്ക് 43 ശതമാനവും സംവരണം ലഭിക്കും. ജാതി സര്‍വെയുടെ വിശദമായ റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ചചെയ്ത ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

വിശദമായ കൂടിയാലോചനങ്ങള്‍ക്കുശേഷം ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും നിലവിലെ സാഹചര്യത്തില്‍ ഈ മാറ്റങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

മാവോവാദി സംഘത്തിലെ രണ്ടു പേരെ വെടിവെച്ച് പിടിച്ചു, രണ്ടു യുവതികൾ ഉൾകാട്ടിലേക്ക് രക്ഷപെട്ടു

വയനാട്ടില്‍ മാവോവാദി സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയിലായി. മൂന്നുപേര്‍ രക്ഷപെട്ടു. കബനീദളത്തില്‍ ഉള്‍പ്പെട്ട ചന്ദ്രു ഉണ്ണിമായ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പേര്യ പേര്യ ചപ്പാരം കോളനിക്കു സമീപത്തെ ഒരു വീട്ടിൽ ഭക്ഷണവും മറ്റും ശേഖരിക്കാൻ എത്തിയതായിരുന്നു ഇവർ.

മാവോവാദികള്‍ക്ക് സഹായമെത്തിക്കുന്ന തമിഴുനാട്ടുകാരനായ തമ്പിയെന്ന അനീഷിനെ കോഴിക്കോട് റൂറല്‍ പോലീസ് ചൊവ്വാഴ്ച പിടികൂടിയിരുന്നു. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കേഡർ ആയ അനീഷ് കൊയിലാണ്ടിയിൽ വെച്ചാണ് പിടിയിലായത്. ഇതിന് തുടർച്ചയായാണ് പേര്യയിലെ പൊലീസ് ഓപ്പറേഷൻ.

ഇരുകൂട്ടരും തമ്മില്‍ വെടിവെപ്പുണ്ടായതായി പൊലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. ചന്ദ്രുവിനും രക്ഷപെട്ടവരിൽ ഒരു യുവതിക്കും വെടിവെപ്പിൽ പരിക്കുണ്ടെന്നാണ് വിവരം.

മൂന്നുപേര്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടു. രണ്ട് എ.കെ. 47 തോക്കുകളും ഒരു എസ്.എല്‍.ആറും പിടിച്ചെടുത്തിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മാവോവാദികളെ പിടികൂടാന്‍ സംയുക്ത ഓപ്പറേഷന്‍ നടക്കുകയാണ്.

മാവോവാദിസാന്നിധ്യമുണ്ടായ തലപ്പുഴ സ്റ്റേഷന്‍ പരിധിയിലാണ് പേര്യ. ഒരുമാസംമുമ്പ് കമ്പമലയിലെത്തിയ മാവോവാദിസംഘം വനം വികസന കോര്‍പ്പറേഷന്‍ ഡിവിഷണല്‍ മാനേജരുടെ ഓഫീസ് തകര്‍ത്തിരുന്നു.

പേര്യ ചപ്പാരം കോളനിയിലെ താമസക്കാരനായ അനീഷിന്റെ വീട്ടില്‍വെച്ചാണ് ചൊവ്വാഴ്ച രാത്രി മാവോവാദികളും പോലീസും തമ്മില്‍ വെടിവെപ്പുണ്ടായത്. ടാക്‌സിഡ്രൈവറാണ് അനീഷ്. തിങ്കളാഴ്ച മൂന്ന് സ്ത്രീകള്‍ വീട്ടിലെത്തി ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് കൊടുത്ത് മടങ്ങിയിരുന്നു.

സംഘം ഭക്ഷണസാധനം വാങ്ങാനും മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനുമായി അനീഷിന്റെ വീട്ടില്‍ എത്തി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് വീടുവളയുന്നതെന്ന് അനീഷിനെ ഉദ്ദരിച്ച് റിപ്പോർട്ട് ഉണ്ട്.

അകത്തുണ്ടായിരുന്ന മാവോവാദികള്‍ പോലീസിനുനേരെ പലതവണ വെടിയുതിര്‍ത്തു. ഉണ്ണിമായയും ചന്ദ്രുവും അടുക്കളയുടെ ചായ്പിലായിരുന്നു. പോലീസിന്റെ നീക്കത്തില്‍ ചന്ദ്രവും ഉണ്ണിമായയും പെട്ടുപോവുകയായിരുന്നു. ഇവരുടെ തോക്ക് പെട്ടെന്ന് പ്രവര്‍ത്തിക്കാതെയായതിനാല്‍ പോലീസിന് എളുപ്പത്തില്‍ കീഴടക്കാനായി. മറ്റ് രണ്ട് സ്ത്രീകള്‍ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും അതില്‍ ഒരാള്‍ക്ക് വെടിയേറ്റെന്നാണ് സൂചന. കബനീദളത്തില്‍പ്പെട്ട സുന്ദരിയും ലതയുമാണ് ഓടി രക്ഷപ്പെട്ടതെന്നാണ് സൂചന.

ക്യാമറയും സീറ്റ് ബെൽറ്റും വേണം ബസ്സുകൾക്ക് മാത്രമായി വേറെ നിയമമില്ല, 250 ഫിറ്റ്നസ് തടഞ്ഞു

0

സ്വകാര്യ ബസ്സുകളുടെ സംഘടിത വിലപേശൽ മറികടന്ന് നിയമ പാലനം കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ഹെവി വെഹിക്കിള്‍ വാഹനങ്ങളില്‍ മുന്‍നിരയില്‍ സീറ്റ് ബെല്‍റ്റും ക്യാമറയുമില്ലെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഇല്ലെന്ന നിലപാട് കടുപ്പിച്ചു. ആറുദിവസത്തിനിടെ വിവിധ ജില്ലകളിലായി നാനൂറിലധികം ബസുകൾ ഫിറ്റ്നസ് പരിശോധനയ്‌ക്കെത്തിയതിൽ 250-ഓളം ബസുകളെ ക്യാമറയും സീറ്റ് ബെല്‍റ്റുമില്ലാത്തതിനാല്‍ ഫിറ്റ്നസ് നല്‍കാതെ തിരിച്ചയച്ചു.

നവംബര്‍ ഒന്നുമുതലാണ് ഇവ നിര്‍ബന്ധമാക്കിയത്. പലതവണ നീട്ടി നൽകിയ ശേഷമാണ് നിയമ പാലനം ഉറപ്പാക്കാൻ നീക്കമുണ്ടായത്. കെ എസ് ആർ ടി സിക്ക് വേണ്ടിയും സർക്കാർ മൌനം പാലിച്ചു. ഇനിയിപ്പോൾ ആരെങ്കിലും കോടതിയിൽ ചോദ്യം ചെയ്താൽ പ്രശ്നമാവുന്ന ഘട്ടമായിരുന്നു.

സംസ്ഥാനത്ത് 7000-ത്തോളം സ്വകാര്യബസുകളാണുള്ളത്. ഇതില്‍ 1260 ബസുകളിലാണ് ഇതുവരെ ക്യാമറ വെച്ചിട്ടുള്ളത്. റോഡിലെ ദൃശ്യങ്ങളും ബസിനകത്തെ ദൃശ്യങ്ങളും വ്യക്തമാകുന്ന രണ്ട് ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ഇതിനെ സംഘടിതമായി വിവിധ കാരണങ്ങൾ ഉന്നയിച്ച് ബസ്സുകൾ മാത്രം പിൻവാങ്ങി നിൽക്കുകയായിരുന്നു. ഇതിനിടെ വിദ്യാർഥികളുടെ സൌജന്യം ഇല്ലാതാക്കാൻ സമരം നടത്തി. കോടതി പോലും വിലക്കിയ മിന്നൽ പണിമുടക്ക് നടത്തി ഒരു നടപടിയും ഇല്ലാതെ രക്ഷപെട്ടു. ഇവയ്ക്കെല്ലാം ശേഷമാണ് വകുപ്പ് നടപടി കർശനമാക്കിയിരിക്കുന്നത്.

ന്യായങ്ങൾ പഴയത്, പലത്

ക്യാമറ സ്ഥാപിക്കുന്നതിനുള്ള പ്രധാന തടസ്സം സാമ്പത്തികപ്രയാസമാണെന്ന് സ്വകാര്യബസ് ഉടമകള്‍ പറയുന്നു. 15,000 രൂപയോളം ചെലവാകും. സര്‍ക്കാര്‍ 5000 രൂപ സബ്സിഡി നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായിട്ടില്ല. ഇതിനുപുറമെ സിം ചാര്‍ജ് ചെയ്യാനും മറ്റും മാസംതോറും ചെലവുണ്ട്. ക്യാമറ കിട്ടാനില്ലാത്തതാണ് മറ്റൊരുപ്രശ്‌നം. കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഇത് നടപ്പായിട്ടില്ല. എന്നിങ്ങനെയാണ് ബസ് ഓണേഴ്സ് ഉന്നയിക്കുന്ന പതിവ് പ്രശ്നങ്ങൾ.

വിദ്യാർഥികളുടെ കീശയിൽ കണ്ണും നട്ട്

ക്യാമറയുടെയും സീറ്റ് ബെല്‍റ്റിന്റെയും പേരിലല്ല അനിശ്ചിതകാല ബസ് സമരം. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. നേരത്തേ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി അഞ്ചുരൂപയാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഒന്നരവര്‍ഷം മുന്‍പ് നിയമിച്ച ഡോ. രവി രാമന്‍ അധ്യക്ഷനായ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചോ എന്നതിനുപോലും അധികൃതര്‍ മറുപടിനല്‍കുന്നില്ല. എന്നിങ്ങനെയാണ് ബസ് ഓണേഴ്സ് ന്യായീകരണം.

വിദ്യാർഥി കൺസഷൻ സർക്കാർ വിവിധ ഇനങ്ങളിലായി വകവെച്ച് നൽകുന്നുണ്ട്. മറ്റ് പല സംസ്ഥാനങ്ങളും വിദ്യാർഥകളുടെ കൺസഷൻ എന്നത് പൂർണ്ണ സൌജന്യം ആക്കുമ്പോഴാണ് കേരളത്തിൽ ചാർജ് വർധിപ്പിക്കാനുള്ള ലോബിയിങ് നടത്തുന്നത്. ഇതിൽ കെ എസ് ആർ ടി സി താത്പര്യവും ഇടകലരുന്നു. മാത്രമല്ല മലബാറിൽ വിദ്യാർഥി കൺസഷൻ കോർപ്പറേഷൻ അനുവദിക്കുന്നുമില്ല. വിദ്യാർഥി സംഘടനകളും മാറി വരുന്ന സർക്കാരുകളുടെ പക്ഷം പിടിച്ച് ഇക്കാര്യത്തിൽ മൌനം പാലിക്കുകയാണ്.

കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയം, റിപ്പോർട്ട് നൽകാൻ ദക്ഷിണ റെയിൽവെയോട് ആവശ്യപ്പെട്ടു

കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും തുടര്‍ ചര്‍ച്ച വേണമെന്നും റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചു. ദക്ഷിണ റെയില്‍വേക്കാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. റെയില്‍വേ ബോര്‍ഡിന് ദക്ഷിണ റെയില്‍വെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭൂമിയുടെ വിശദാംശങ്ങള്‍ അടക്കമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത് പരിഗണിച്ച ശേഷമാണ് വിശദമായ ചര്‍ച്ച നടത്താന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയത്.

പദ്ധതി രൂപരേഖയെ കുറിച്ച് കെ റെയിലുമായി തുടര്‍ ചര്‍ച്ചകൾ നടത്താനാണ് ദക്ഷിണ റെയിൽവേയോട് ഗതിശക്തി വിഭാഗം ആവശ്യപ്പെട്ടത്. തെക്കുവടക്ക് അതിവേഗ പാത സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയാണ്. ഇനി കേന്ദ്രം പറയട്ടെ എന്ന നിലപാടിൽ സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ച് നിര്‍ത്തിയ പദ്ധതി രാഷ്ട്രീയമായി തിരിച്ചടിയാവുമെന്ന് കേന്ദ്ര ഭണകൂടത്തിന് ആശങ്കയുണ്ട്.

കേരളം പോലെ ഒരു സംസ്ഥാനത്തിന് ഭാവിയിലേക്കുള്ള പുതിയ പാതയായാണ് കെ റെയിൽ വിശേഷിപ്പിക്കപ്പെടുന്നത്. നേരത്തെ കെ-റെയിൽ സമർപ്പിച്ച രേഖകൾ പരിശോധിച്ച് നിലപാടറിയിക്കാൻ റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 21 ന് ദക്ഷിണ റെയിൽവേ ഇതിന് മറുപടി പറയുകയും ചെയ്തു. എന്നാൽ കൂടുതൽ വ്യക്തമായ വിശദീകരണം വേണമെന്നും കെ റെയിൽ ബോർഡുമായി ചർച്ച ചെയ്യണമെന്നും റെയിൽവേ ആവശ്യപ്പെടുകയായിരുന്നു.

സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കു വേണ്ടി ഏറ്റെടുക്കേണ്ടി വരുന്ന റെയില്‍വേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍  റെയില്‍വേ ബോര്‍ഡ് കെ-റെയില്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നു. റെയില്‍വേ ഭൂമിയുടേയും ലെവല്‍ ക്രോസുകളുടേയും വിശദാംശങ്ങള്‍ക്കായി കെ-റെയിലും സതേണ്‍ റെയില്‍വേയും സംയുക്ത പരിശോധന നടത്തി രൂപരേഖയുണ്ടാക്കി. ഇതിൽ വിശദപരിശോധന ആവശ്യപ്പെട്ട് ഗതിശക്തി വിഭാഗം ദക്ഷിണ റെയിൽവേക്ക് നൽകിയ കത്തിൽ ഭൂമിയുടെ വിശദാംശങ്ങൾ അടക്കം ഉൾപ്പെടുത്തി മറുപടിയും നൽകി. ഇതിന്‍റെ തുടര്‍ ചര്‍ച്ചകൾ കെ റെയിൽ കോര്‍പറേഷനുമായി നടത്തണമെന്നും അടിയന്തര പ്രാധാന്യമുള്ള പദ്ധതിയെന്നും ഓര്‍മ്മിപ്പിച്ചാണ് റെയിൽവേ ബോര്‍ഡിന്‍റെ ഇടപെടൽ .

9 ജില്ലകളിലായി 108 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് സിൽവര്‍ ലൈനിന് വേണ്ടിവരുന്നത്. ഏഴ് ജില്ലകളിലായി കെട്ടിടങ്ങൾ നിൽക്കുന്ന 3.6 ഹെക്ടറും പദ്ധതി പരിധിയിലാണ്. നിലവിലെ സ്റ്റേഷനുകൾക്ക് സമീപത്തുകൂടെ കടന്ന് പോകുന്ന അതിവേഗ റെയിൽ രൂപരേഖയും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് സർക്കാർ പ്രതികരിച്ചിട്ടില്ല. കെ റെയിലിനായി സംസ്ഥാന സർക്കാരിന് വേണ്ടി കെവി തോമസ് കേന്ദ്രവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. ആര് എതിർത്താലും കെ റെയിൽ നടപ്പാക്കുമെന്ന് കഴിഞ്ഞ മാസം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞിരുന്നു. കെ റെയിലിൽ നിന്ന് പിന്നോട്ടില്ല, ജനങ്ങൾക്കു കൃത്യമായ ധാരണയും ദിശാബോധവും നൽകി പദ്ധതി നടപ്പിലാക്കും. കുറ്റി പറിച്ചതുകൊണ്ട് കെ റെയിൽ ഇല്ലാതാകില്ലെന്നും ആത്മധൈര്യത്തോടെയാണ് പറയുന്നതെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

സ്വകാര്യത എല്ലാവരുടെയും മൗലികാവകാശമാണ്, മാധ്യമ പ്രവർത്തകരിൽ നിന്നും സാധനങ്ങൾ പിടിച്ചെടുക്കുന്നതിൽ സുപ്രിം കോടതി

മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് അന്വേഷണ ഏജന്‍സികള്‍ സാധനങ്ങൾ പിടിച്ചെടുക്കുന്നതിൽ മാര്‍ഗരേഖ വേണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം.

ഇക്കാര്യത്തില്‍ എല്ലാവരുടെയും താത്പര്യം സംരക്ഷിക്കുന്ന മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കിയില്ലെങ്കിൽ കോടതിക്ക് ഇറക്കേണ്ടിവരുമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കൗള്‍, സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

വ്യക്തി സ്വാതന്ത്രത്തിലും സ്വകാര്യതയിലും കടന്ന്

സ്വകാര്യത എല്ലാവരുടെയും മൗലികാവകാശമാണെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അന്വേഷണ ഏജന്‍സികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നടത്തുന്ന റെയ്ഡുകള്‍, അവരുടെ സാധനങ്ങള്‍ പിടിച്ചെടുക്കൽ എന്നിവ ഗൗരവമേറിയ വിഷയമാണെന്നും കോടതി പറഞ്ഞു. പിടിച്ചെടുക്കുന്ന ഡിജിറ്റല്‍ സാധനങ്ങളില്‍ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍വരെയുണ്ടാകും. വാര്‍ത്തയുടെ സോഴ്സ് ഉള്‍പ്പടെയുള്ള വിവരങ്ങളുമുണ്ടാകും. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജി ഡിസംബര്‍ ആറിന് വീണ്ടും പരിഗണിക്കും.

സങ്കീര്‍ണമായ നിയമ പ്രശ്നങ്ങളുൾപ്പെടുന്ന വിഷയമാണിതെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വാദിച്ചു.

എന്നാൽ സ്വകാര്യത എല്ലാവരുടെയും മൗലികാവകാശമാണെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന റെയ്ഡുകൾ, അവരുടെ സാധങ്ങള്‍ എന്നിവ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ക്ക് മാര്‍​ഗനിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഫൗണ്ടേഷന്‍ ഫോര്‍ മീഡിയ പ്രൊഫഷണല്‍സ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.