സഹപാഠിയെ പ്രണയിച്ചതിന് പിതാവ് വിഷം കുടിപ്പിച്ച സ്കൂൾ വിദ്യാർഥിനി മരിച്ചു

സഹപാഠിയെ പ്രണയിച്ചതിൻ്റെ പേരില്‍ പിതാവ് ബലംപ്രയോഗിച്ച് വിഷം കുടിപ്പിച്ച പത്താംക്ലാസുകാരി മരിച്ചു. ആലുവ കരുമാല്ലൂര്‍ സ്വദേശിയായ പതിന്നാലുകാരിയാണ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചത്. കേസിലെ പ്രതി കരുമാലൂർ സ്വദേശി അ‌ബീസ് നേരത്തെ പോലീസ് പിടിയിലായിരുന്നു.

വിലക്കിയിട്ടും സഹപാഠിയുമായുള്ള പ്രണയം തുടര്‍ന്നതിനാണ് പെണ്‍കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും വായില്‍ വിഷം ഒഴിക്കുകയും ചെയ്തത്. കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവ് മകളെ വിഷം കുടിപ്പിച്ചെന്ന് ഇയാളുടെ ഭാര്യ മൊഴിനൽകിയിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടിക്ക് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. സഹപാഠിയുമായുള്ള മകളുടെ പ്രണയത്തെക്കുറിച്ചറിഞ്ഞ പിതാവ് ഒരു മാസം മുന്‍പ് ഇരുവരെയും വിലക്കിയിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ കൈയില്‍നിന്ന് ഒരു മൊബൈല്‍ഫോണ്‍ കണ്ടെടുത്തു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കായി.

കുട്ടിയുടെ മാതാവിനെയും സഹോദരനെയും വീടിനു പുറത്താക്കിയ ശേഷം പിതാവ് പെണ്‍കുട്ടിയെ മര്‍ദിച്ചു. ഇതിനുശേഷം പിതാവ് പുറത്തേക്കുപോയി. മാതാവ് അകത്തുകയറി നോക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ വായില്‍ വിഷം ചെന്ന നിലയിലായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മര്‍ദിച്ച ശേഷം പിതാവ് തന്റെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയിരുന്ന മൊഴി. തുടര്‍ന്ന് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്തു. മകളുടെ കൈയിലിരുന്ന വിഷക്കുപ്പി താന്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് പിതാവ് പോലീസിന് മൊഴി നൽകിയത്.

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് 6.5 കോടിയും എം ശിവശങ്കറിന് 1.15 കോടിയും പിഴയിട്ട് കസ്റ്റംസ്

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിലും ഡോളർ കടത്ത് കേസിലും പ്രതികൾക്ക് കോടികളുടെ പിഴ ചുമത്തി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറുടെ റിപ്പോർട്ട്. രണ്ട് കേസുകളിലുമായി സ്വപ്ന സുരേഷിന് 6 കോടി 65 ലക്ഷവും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഒരു കോടി പതിനഞ്ച് ലക്ഷവുമാണ് പിഴ ചുമത്തിയിരിക്കുന്നത്. കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ എം ശിവശങ്കർ അടക്കമുള്ള പ്രതികളുടെ അറിവോടെയെന്ന് റിപ്പോർട്ടിൽ പറയുന്നു.

പി.എസ്. സരിത്ത്, സന്ദീപ് നായര്‍, കെ.ടി. റമീസ്, യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്മേയി എന്നിവര്‍ക്ക് ആറുകോടി വീതമാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാര്‍ പിഴ ചുമത്തിയത്. 

മൊത്തം 44 പ്രതികളുള്ള കേസില്‍ ഏഴുപേരെ ഇനിയും പിടികൂടാനുണ്ട്. ഇവരൊഴികെയുള്ള പ്രതികളില്‍നിന്ന് 66.60 കോടി രൂപ പിഴ ഈടാക്കാനാണ് ഉത്തരവ്. മറ്റ് പ്രതികളെകൂടി പിടികൂടിയാല്‍ ഇവരില്‍നിന്നും പിഴ ഈടാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. രാജ്യത്ത് ആദ്യമായാണ് സ്വര്‍ണക്കടത്ത് കേസില്‍ ഇത്രയും വലിയ തുക പിഴ ഈടാക്കുന്നത് 

ഉത്തരവിനെതിരേ പ്രതികള്‍ക്ക് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാം. ട്രിബ്യൂണലിന് ഉത്തവ് ശരിവെയ്ക്കുകയോ തിരുത്തലുകള്‍ ആവശ്യപ്പെടുകയോ ചെയ്യാം.

കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ ആർ രജേന്ദ്ര കുമാറാണ് സ്വർണ്ണക്കടത്തിലും അനുബന്ധ കേസായ ഡോളർ കടത്തിലും കോടതിയിലെ കേസിന് പുറമെ പിഴ ചുമത്തിയത്. സ്വർണ്ണക്കടത്തിൽ ആകെ 44 പ്രതികൾക്കായി 66.60 കോടി രൂപയാണ് പിഴ, ഡോളർ കടത്തിൽ 6 പ്രതികൾക്കായി നാല് കോടി അമ്പത് ലക്ഷവും പിഴയുണ്ട്.കോൺസുലേറ്റിലെ മുൻ ഫിനാൻസ് മാനേജർ ഖാലിദ് മുഹമ്മദ് അൽ ഷൗക്രിയ്ക്ക് ഡോളർ കടത്ത് കേസിൽ ഒരു കോടി മുപ്പത് ലക്ഷം പിഴയുണ്ട്. യൂണിടാക് എം ഡി സന്തോഷ് ഈപ്പന് ഡോളർ കടത്ത് കേസിൽ 1 കോടി രൂപയും പിഴ ചുമത്തി. 

കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ടിൽ പറയുന്നു. കോൺസുൽ ജനറലിന്‍റെ സ്ഥാപിത താൽപ്പര്യം സംരക്ഷിക്കുന്നതിൽ എം ശിവശങ്കറിന് പ്രധാന റോൾ ആയിരുന്നുവെന്നും എല്ലാ കാര്യങ്ങളും പ്രതികളുടെ അറിവോടെയാണ് നടന്നതെന്നും കസ്റ്റംസ് കമീഷണറുടെ റിപ്പോർട്ടിലുണ്ട്. കോൺസുലേറ്റിലെ മുൻ ഫിനാൻസ് മാനേജർ ഖാലിദ് ഒരു കോടതി 30 ലക്ഷം രൂപയുടെ വിദേശ കറൻസി സ്വപ്ന സുരേഷ്, സരിത് അടക്കമുള്ളവുടെ സഹായത്തോടെ കടത്തിയെന്നും റിപ്പോ‍ട്ടിൽ പറയുന്നു.

2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം കാര്‍ഗോ കോപ്ലക്സില്‍നിന്ന് കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തത്. ഏകദേശം 14.65 കോടി രൂപ മൂല്യം കണക്കാക്കുന്ന 30 കിലോ സ്വര്‍ണമാണ് പിടികൂടിയത്. 2019 മുതല്‍ 2020ന്റെ ആദ്യപാദംവരെ നയനന്ത്രബാഗേജുവഴി പ്രതികള്‍ സ്വര്‍ണം കടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഒരുമിച്ച് താമസിച്ച മലയാളി യുവാവും ബംഗാളി യുവതിയും ഫ്ലാറ്റിൽ മരിച്ച നിലയിൽ

ഒരുമിച്ച് ജീവിക്കയായിരുന്ന മലയാളി യുവാവിനെയും ബംഗാളി യുവതിയെയും ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശിയായ അബില്‍ എബ്രഹാം(29) പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമിനി ദാസ്(20) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.40-ഓടെ കൊത്തന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ദൊഡ്ഡഗുബ്ബിയിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റിലാണ് ദുരന്തം.

നാലാംനിലയിലാണ് ഇരുവരും താമസിച്ചിരുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് ഫ്‌ളാറ്റില്‍നിന്ന് തീഉയരുന്നത് അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. സൗമിനി സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അബിലിനെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദേഹത്ത് പെട്രോളൊഴിച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം. വിവാഹിതയായ സൗമിനി ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ അബില്‍ ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്.

ഏതാനുംമാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് രണ്ടുമാസം മുന്‍പാണ് ദൊഡ്ഡഗുബ്ബിയിലെ ഫ്‌ളാറ്റില്‍ താമസം ആരംഭിച്ചതെന്നും പോലീസ് പറഞ്ഞു. ഇരുവരും നഴ്സിങ്ങ് പഠനം പൂർത്തിയാക്കിയതാണ്. ദാസ് നാട്ടിൽ പോയപ്പോൾ ഭർത്താവിന്റെ പീഡനം സഹിക്കാതെ വിവാഹ മോചനം ആവശ്യപ്പെട്ടിരുന്നു.

പക്ഷെ ഭർത്താവ് ഇരുവരുടെയും ബന്ധം കണ്ടെത്തി. ഇതിൽ ഭയന്നാണ് ജീവൻ ഒടുക്കിയത് എന്നുമാണ് പൊലീസ് വിശദീകരണം.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിലും ഒറ്റത്തവണ റജിസ്ട്രേഷൻ സംവിധാനം തുടങ്ങി

സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ഉദ്യോഗാർഥികൾക്ക് ഒറ്റത്തണ റജിസ്ടേഷൻ സംവിധാനം ആരംഭിച്ചു. ഇനി psc മാതൃകയിൽ ബോർഡിനു കീഴിലും ഒറ്റത്തവണ വഴി സേവനങ്ങൾ പ്രയോജനപ്പെടുത്താം 

www.cseb.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

വിവിധ പ്രാഥമിക സഹകരണസംഘം/ബാങ്കുകളിലേക്ക് പരീക്ഷാ ബോർഡ് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾക്ക് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിനുള്ള പ്രാരംഭനടപടിയുടെ ഭാഗമായിട്ടാണ് ഒറ്റത്തവണ രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്.

സഹകരണ സർവീസ് ബോർഡിന്റെ പരീക്ഷകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ നേരത്തെ നടത്തണം.

ശ്രീലങ്ക പുറത്ത്, ബംഗ്ലാദേശ് മാനം കാത്തു

0

ലോകകപ്പിൽ ശ്രീലങ്കയെ 3 വിക്കറ്റിന് തകർത്ത് ബംഗ്ലാദേശ്. ഇതോടെ ശ്രീലങ്ക സെമി കാണാതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി. ബംഗ്ലാദേശ് നേരത്തേ തന്നെ സെമി കാണാതെ പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക 49.3 ഓവറിൽ 279ന് ആൾ ഔട്ടാവുകയായിരുന്നു. 280 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് നജ്മുള്‍ ഹൊസൈന്‍, ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ 41.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി.

ഇരുവരും പുറത്തായശേഷം തൗഹിദ് ഹൃദോയിയും തന്‍സിം ഹസന്‍ ഷാക്കിബും ചേര്‍ന്ന് ബംഗ്ലാദേശിന് ലോകകപ്പിലെ രണ്ടാം ജയം സമ്മാനിച്ചു. തോല്‍വിയോടെ ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും ശേഷം സെമി കാണാതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി ശ്രീലങ്ക മാറുകയും ചെയ്തു.

നേരത്തെ 9ാം സ്ഥാനത്തായിരുന്നു ബംഗ്ലാദേശ്. ഷാക്കിബ് അൽ ഹസൻെറയും നജ്മുൾ ഹൊസൈൻ ഷാൻേറായുടെയും മികച്ച കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചത്. ഏകദിന ലോകകപ്പിൽ ഇതാദ്യമായാണ് ബംഗ്ലാദേശ് ശ്രീലങ്കയെ തോൽപ്പിക്കുന്നത്. നേരത്തെ കളിച്ച നാലിൽ മൂന്ന് മത്സരങ്ങളും ലങ്കയാണ് വിജയിച്ചത്. ഒരു കളി ഉപേക്ഷിക്കുകയാണ് ചെയ്തത്. ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസനാണ് പ്ലെയർ ഓഫ് ദി മാച്ച്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 279 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ചരിത് അസലങ്കയുടെ സെഞ്ചുറിയാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. താരം 105 പന്തിൽ നിന്ന് 108 റൺസ് നേടി. ബംഗ്ലാദേശിന് വേണ്ടി തൻസിം ഹസൻ മൂന്ന് വിക്കറ്റെടുത്തു.

ബംഗ്ലാദേശിന് തന്‍സിദ് ഹസനെയെും(9), ലിറ്റണ്‍ ദാസിനെയും(23) ആദ്യമേ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയും ഷാക്കിബ് അള്‍ ഹസനും ചേര്‍ന്ന് 159 റണ്‍സ് കൂട്ടുകെട്ടിലൂടെ ബംഗ്ലാദേശിനെ 210 റണ്‍സിലെത്തിച്ചു. 65 പന്തില്‍ 82 റണ്‍സെടുത്ത ഷാക്കിബിനെയും 101 പന്തില്‍ 90 റണ്‍സടിച്ച ഷാന്‍റോയെയും ഏയ്ഞ്ചലോ മാത്യൂസ് ആണ് മടക്കിയത്. മെഹ്മദ്ദുള്ള (22), മുഷ്ഫീഖുര്‍ റഹീം(10), മെഹ്ദി ഹസന്‍ മിറാസ്(3) എന്നിവർ പുറത്തായെങ്കിലും ഹൃദോയിയുടെയും തന്‍സിം ഹസന്‍റെയും പോരാട്ടം അവരെ വിജയത്തിലെത്തിച്ചു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ചരിത് അസലങ്കയുടെ (108) സെഞ്ചുറിയുടെ കരുത്തിലാണ്സ്കോ തരക്കേടില്ലാത്ത സ്കോറിലെത്തിയത്. സദീര സമരവിക്രമ(41), പാതും നിസങ്ക(41), ധനഞ്ജയ ഡിസില്‍വ(34), മഹീഷ തീക്ഷണ(22) എന്നിവരാണ് പൊരുതിയത്.

ആഞ്ചലോ മാത്യൂസിന്റെ നിര്‍ണായക വിക്കറ്റ് ഒരു അധ്വാനവുമില്ലാതെ ബംഗ്ലാദേശ് നേടിയതാണ് ഹൈലൈറ്റ്. താരം ക്രീസിലെത്താന്‍ വൈകിയതോടെ ബംഗ്ലാ നായകന്‍ ടൈംഡ് ഔട്ട് നിയമം ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു. മാത്യൂസ് ബാറ്റിങിനായി വാദിച്ചെങ്കിലും ഷാകിബ് തീരുമാനത്തില്‍ നിന്നു പിന്‍മാറിയില്ല. അങ്ങനെ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ക്രീസില്‍ ഇറങ്ങാതെ ടൈംഡ് ഔട്ടാകുന്ന താരമായി മാത്യൂസ് മാറി. 

 ക്രിക്കറ്റ് ചരിത്രത്തിൽ ടൈം ഔട്ടാവുന്ന ആദ്യ ബാറ്ററായി ശ്രീലങ്കൻ താരം വെറ്ററൻ ആഞ്ചലോ മാത്യൂസ്. ഇന്ന് ബംഗ്ലാദേശിനെതിരെ നടന്ന ലോകകപ്പ് മത്സരത്തിലാണ് മാത്യൂസ് ടൈം ഔട്ടായത്. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ടൈം ഔട്ടാവുന്ന ആദ്യ താരമെന്ന റെക്കോഡ് ആഞ്ചലോ മാത്യൂസിനു സ്വന്തമായി.

ശ്രീലങ്കൻ ഇന്നിംഗ്സിൽ ഷാക്കിബ് അൽ ഹസൻ എറിഞ്ഞ 25ആം ഓവറിലായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. ഓവറിലെ രണ്ടാം പന്തിൽ സമരവിക്രമ പുറത്തായതോടെ മാത്യൂസ് കളത്തിലെത്തി. ഒരു ബാറ്റർ പുറത്തായി രണ്ട് മിനിട്ടിനുള്ളിൽ അടുത്ത ബാറ്റർ തയ്യാറാവണമെന്നതാണ് നിയമം. ബാറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾക്കിടെ ഹെൽമറ്റിനു തകരാറുണ്ടെന്ന് മനസിലാക്കിയ മാത്യൂസ് പുതിയ ഹെൽമറ്റ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നാൽ, പുതിയ ഹെൽമറ്റുമായി സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ എത്തുമ്പോഴേക്കും 2 മിനിട്ട് കഴിഞ്ഞിരുന്നു. ഇതോടെ ബംഗ്ലാദേശ് ടീമും, ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും ടൈം ഔട്ട് അപ്പീൽ ചെയ്തു. മാത്യൂസ് തൻ്റെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അപ്പീൽ പിൻവലിക്കാൻ ഷാക്കിബ് തയ്യാറായില്ല. ഇതോടെ, നിയമം പരിഗണിച്ച് അമ്പയർമാർ ഔട്ട് വിധിക്കുകയായിരുന്നു.

പുലി ശല്യവും രൂക്ഷം, വീട്ട് മുറ്റത്ത് ഏഴ് വയസ്സുകാരനെ ആക്രമിച്ചു

0

വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ 7 വയസ്സുകാരന് ഗുരുതര പരിക്കേറ്റു. സിരുഗുൺട്ര എസ്ററ്റിൽ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. വീട് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ദേഹത്ത് വേറെയും പരിക്കുകളുണ്ട്. അസം സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകനാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. കുട്ടി മലക്കപ്പാറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

പാർട്ടിയിലെയും സർക്കാരിലെയും സ്ഥാനമല്ല, മനുഷ്യനാവുകയാണ് പ്രധാനം, കോടതിയുടെ സനാതനധർമ്മ മുന്നറിയിപ്പ് തള്ളി ഉദയനിധി

സനാതന ധര്‍മ്മം എന്നത് പീഡനപരമാണെന്ന തൻ്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. പിന്നോട്ടില്ല. നിയമപരമായി നേരിടും. അംബേദ്ക്കറും പെരിയാറും പറഞ്ഞതില്‍ കൂടുതലൊന്നും താന്‍ പറഞ്ഞിട്ടില്ല എന്നും ഉദയനിധി ഉറപ്പിച്ച് പറഞ്ഞു.

‘പാര്‍ട്ടിയിലെയോ സര്‍ക്കാറിലെയോ സ്ഥാനമല്ല പ്രധാനം. ഇന്ന് മന്ത്രി, എം.എല്‍.എ, യൂത്ത് വിങ് സെക്രട്ടറി എന്നീ സ്ഥാനങ്ങളൊക്കെയുണ്ട്. നാളെ അത് ഉണ്ടാകണമെന്നില്ല. എല്ലാത്തിനുമുപരി നമ്മളാദ്യം മനുഷ്യനാവണം. ദശാബ്ദങ്ങളായി സനാതന ധര്‍മ്മത്തെക്കുറിച്ച് ഞങ്ങള്‍ പറയുന്നുണ്ട്. ഏത് കാലത്തും ഞങ്ങള്‍ അതിനെ എതിര്‍ക്കും’,

അധികാരത്തില്‍ ഇരിക്കുന്നവര്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ജയചന്ദ്രന്റെ നിരീക്ഷണത്തിനു പിന്നാലെയായിരുന്നു ഉദയനിധിയുടെ പ്രതികരണം. കോടതിയുടെ ഇക്കാര്യത്തിലെ തിടുക്കത്തെ തകർത്താണ് ഉദയനിധിയുടെ പ്രസ്താവന.

‘തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് ആളുകളെ വിഭജിക്കാനുള്ള കഴിവുണ്ടെന്ന് അധികാരത്തില്‍ ഇരിക്കുന്നവര്‍ ഓര്‍ക്കണം. ഇവര്‍ ഉത്തരാവാദിത്വപരമായി പെരുമാറുകയും ഇത്തരം കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിയുകയും വേണം. പകരം, സാമൂഹ്യപ്രശ്‌നങ്ങളായ മദ്യം, മയക്കുമരുന്ന് എന്നിവ ഇല്ലായ്മ ചെയ്യുന്നതിൽ ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കണം’, എന്ന വിശദീകരണമാണ് ഈ രാഷ്ട്രീയ പ്രസ്താവനയ്ക്ക് കോടതി നൽകിയ മുന്നറിയിപ്പ്.

മാത്രമല്ല, സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യാനുള്ള ഒരു യോഗത്തില്‍ ഭരണപക്ഷത്തെ ചില അംഗങ്ങളും മന്ത്രിമാരും പങ്കെടുത്തിരുന്നെന്നും ഇവര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാതിരുന്നത് പോലീസിന്റെ കൃത്യവിലോപമാണെന്നും കോടതി പറഞ്ഞത് വിവാദമായിരുന്നു. ഈ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്താണ് ഉദയനിധി സ്വന്തം അഭിപ്രായം വ്യക്തമാക്കിയത്.

കെ എസ് യു മാർച്ചിൽ സംഘർഷം, നാളെ വിദ്യാലയ ബന്ദിന് ആഹ്വാനം

0

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതം. പോലീസ് മര്‍ദനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് കെ.എസ്.യു. വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് അറിയിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഡി.സി.സി. ഓഫീസില്‍ നിന്ന് ബേക്കറി ജങ്ഷന്‍ വഴിയാണ് മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ കേരളീയം പരിപാടിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ക്കുകയും പി.പി. ചിത്തിരഞ്ജന്‍ എം.എല്‍.എയുടെ വാഹനം തടയുകയും ചെയ്തു. മന്ത്രിയുടെ വീടിന് നൂറ് മീറ്റര്‍ ഇപ്പുറത്ത് പോലീസ് ബാരിക്കേഡ് തീർത്ത് മാര്‍ച്ച് തടഞ്ഞു.

പോലീസ് മൂന്നുതവണ കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പക്ഷേ, പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടര്‍ന്നു.

വീണ്ടും പ്രവര്‍ത്തകര്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഒരു പ്രവര്‍ത്തകയുടെ മൂക്ക് പൊട്ടി രക്തമൊഴുകി. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ആംബുലന്‍സ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ കെ.എസ്.യു. പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് മോചിപ്പിച്ചു.

വെടിക്കെട്ട് നിലക്കില്ല, സർക്കാർ അപ്പീലിന് പോകുന്നു

ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍.

‘ഹൈക്കോടതി ഉത്തരവില്‍ രാത്രികാലങ്ങള്‍ എന്നല്ല, അസമയത്തുള്ള വെടിക്കെട്ട് നിര്‍ത്തണമെന്നാണ് പറഞ്ഞിരിക്കുന്നത്. അസമയം എന്നുള്ള ഒരു സമയം നിശ്ചയിച്ചിട്ടില്ല. ഉത്സവം തുടങ്ങിക്കഴിഞ്ഞാല്‍ അതിന് സമയവും അസമയവും ഏതാണെന്ന് നിശ്ചയിച്ചിട്ടില്ല. അത് കൃത്യമായി കോടതിയും പറഞ്ഞിട്ടില്ല. അസമയം ഏതാണെന്ന് നിശ്ചയിക്കാന്‍ നമുക്ക് കഴിയില്ലല്ലോ. വെടിക്കെട്ട് ഉത്സവങ്ങളുടെ ഭാഗമാണ്. തൃശ്ശൂര്‍ പൂരം നടക്കുമ്പോള്‍ വെടിക്കെട്ട് ഇല്ലാത്ത പൂരമാണെങ്കില്‍ ആ പൂരത്തിന് പ്രസക്തിയില്ല’, മന്ത്രി പറഞ്ഞു.

വിവിധ ദേവസ്വം ബോര്‍ഡുകളും ക്ഷേത്ര കമ്മിറ്റികളും ട്രസ്റ്റുകളും അപ്പീല്‍ പോകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ക്ലാസിൽ കയറിയ തെരുവ്നായ ആറാം ക്ലാസുകാരിയെ ആക്രമിച്ചു

ക്ലാസ് മുറിയില്‍ കയറിയ തെരുവനായ കുട്ടികളെ ആക്രണിച്ചു. മണ്ണാര്‍ക്കാട് കോട്ടോപാടത്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കടിയേറ്റു. മുൻനിരയിൽ ഇരിക്കുകയായിരുന്ന മെഹ്‌റ എന്ന കുട്ടിക്കാണ് കടിയേറ്റത്.

കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ രാവിലെ ക്ലാസ് തുടങ്ങിയപ്പോഴാണ് സംഭവം. 10.30-ന് സ്‌കൂളില്‍ ആദ്യ പിരീഡ് നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പേപ്പട്ടിയാണ് ആക്രമിച്ചതെന്നാണ് വിവരം. മെഹ്‌റയെ കടിച്ചതു കൂടാതെ സമീപവാസികളായ നാലുപേരെകൂടി പട്ടി കടിച്ചിട്ടുണ്ട്.

തെരുവു നായ ശല്യം തുടർച്ച, തദ്ദേശ സ്ഥാപനങ്ങൾ നിസ്സംഗം

ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ മുന്‍സീറ്റിലിരുന്ന മെഹ്‌റയെ കടിക്കുകയായിരുന്നു. അധ്യാപികയുടെ ഇടപെടല്‍ കാരണമാണ് കൂടുതല്‍ പരിക്കുകളില്ലാതെ കുട്ടി രക്ഷപ്പെട്ടത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി നിരീക്ഷണത്തില്‍ തുടരുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചയോളമായി സ്‌കൂള്‍ പരിസരത്ത് നായയുടെ ശല്യമുണ്ടെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പേപിടിച്ച ഒരു നായ ഓടിനടക്കുന്നതായി വാര്‍ത്ത പരന്നതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നിരുന്നു. അതുകൊണ്ട് സാധാരണ നടന്ന് സ്‌കൂളില്‍ പോകുന്ന മകളെ കാറിലാണ് ഇന്ന് സ്‌കൂളില്‍ കൊണ്ടുവിട്ടതെന്നും പിതാവ് പറഞ്ഞു.