മണിപ്പൂർ വിഷയത്തിൽ ഈ ആണുങ്ങൾ എവിടെയായിരുന്നു എന്ന ചോദ്യം സഭയുടേതല്ലെന്ന് അതിരൂപത വക്താവ്

സുരേഷ് ഗോപിയെ മുൻനിർത്തി ബി.ജെ.പിക്കും പ്രധാനമന്ത്രി ഉൾപ്പെടെ നേതാക്കൾക്കും എതിരായ വിമര്‍ശനം ഉന്നയിച്ച ലേഖനം തള്ളി തൃശ്ശൂര്‍ അതിരൂപത. മുഖപത്രമായ ‘കത്തോലിക്ക സഭ’യില്‍ വന്ന വിമര്‍ശനം സഭാ നിലപാട് അല്ലെന്ന് സഭാവക്താവ് ഫാദര്‍ സിംസണ്‍ പി.എസ്. വിശദീകരിച്ചു.

മുഖപത്രത്തില്‍ എഴുതിയത് സഭയുടെ രാഷ്ട്രീയനിലപാട് അല്ല. മണിപ്പുര്‍ കത്തിയെരിയുമ്പോള്‍ എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ സുരേഷ് ഗോപിക്ക് ആണത്തമുണ്ടോ എന്നായിരുന്നു മുഖപത്രത്തിലെ ചോദ്യം. ( വാർത്ത ലിങ്ക് ചുവടെ)

സഭയുടെ ഔദ്യോഗിക നിലപാട് അറിയിക്കുന്ന മുഖപത്രം അല്ല ഇതെന്നുമാണ് വക്താവിന്റെ വിശദീകരണം. സഭയുടെ കീഴിലുള്ള ഒരു സംഘടനയുടെ, മണിപ്പുര്‍ വിഷയത്തിലുണ്ടായ പ്രതിഷേധസമരത്തിന്റെ റിപ്പോര്‍ട്ടിങ് മാത്രമാണ് ‘കത്തോലിക്ക സഭ’യില്‍ അച്ചടിക്കപ്പെട്ട് വന്നിട്ടുള്ളത് എന്നും പറയുന്നു.

ക്രിസ്ത്യൻ വോട്ടുകൾ വിഭജിച്ച് കേന്ദ്രീകരിക്കാനുള്ള ബി ജെ പി ശ്രമങ്ങളെ ഞെട്ടിച്ചതായിരുന്നു ലേഖനം. മണിപ്പൂർ സംഭവം തന്നെയും ന്യൂനപക്ഷങ്ങൾക്ക് എതിരായ രാഷ്ട്രീയം ചർച്ച ചെയ്യുന്നതിലേക്ക് വിരൽ ചൂണ്ടിയതിന് ഒപ്പമാണ് സുരേഷ് ഗോപിയെ മുൻ നിർത്തി വാക്കുകൾ ഉദ്ദരിച്ച് ലേഖനം പുറത്ത് വന്നത്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 16 കുറ്റങ്ങളിലെ ശിക്ഷാ വിധി

ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആലം (28) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമനാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായി നവംബര്‍ ഒന്‍പതിന് വീണ്ടും വാദം കേള്‍ക്കും.

അന്നുതന്നെ ഉത്തരേന്ത്യയിൽ നിന്നുള്ള ഈ കൊടും ക്രിമിനലിനുള്ള ശിക്ഷയും വിധിച്ചേക്കും. കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങി പ്രതിക്കെതിരേ പോലീസ് ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി പറഞ്ഞു.

മനസാക്ഷി മരവിച്ച കുറ്റ കൃത്യം,

 ജൂലായ് 28 വെള്ളി വൈകീട്ട് 3.00-അവധി ദിവസമായതിനാല്‍ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരി ബിഹാറി ബാലികയെ പ്രതി അസ്ഫാക് ആലം ജ്യൂസ് വാങ്ങി തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുന്നു.

3.05-ചൂര്‍ണിക്കരയില്‍ സമീപത്തെ കടയില്‍നിന്ന് പത്ത് രൂപയുടെ ജ്യൂസ് വാങ്ങി നല്‍കിയ ശേഷം കുട്ടിയുമായി പ്രതി കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറി ആലുവയിലേക്ക്

3.30-ആലുവ സീമാസിന് മുന്‍പില്‍ ബസിറങ്ങിയ പ്രതി കുട്ടിയുമായി മാര്‍ക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് നടക്കുന്നു

3.40-കുട്ടിയുമായി ഒഴിഞ്ഞ ഭാഗത്തേക്ക് പോകുന്നത് കണ്ട ചുമട്ടുതൊഴിലാളി പ്രതിയെ ചോദ്യം ചെയ്യുന്നു

3.45-കുട്ടിയെ കാണാനില്ലെന്നറിഞ്ഞ് ബന്ധുക്കള്‍ അന്വേഷണം തുടങ്ങി. പോലീസില്‍ പരാതി നല്‍കി.

5.00- പോലീസ് കുട്ടിയുടെ വീട്ടിലെത്തി, സമീപത്തെ സി.സി.ടി.വി. ക്യാമറകളില്‍ പരിശോധന ആരംഭിച്ചു.

5.30-കൃത്യം നടത്തിയ ശേഷം മൃതദേഹം പെരിയാറിന് തീരത്ത് ഒളിപ്പിച്ച പ്രതി തിരികെ ആലുവ നഗരത്തിലേക്ക്

രാത്രി 9.00- പ്രതിയെ പോലീസ് തിരിച്ചറിയുന്നു. മദ്യലഹരിയിലായിരുന്ന അസ്ഫാക്ക് ആലത്തിനെ തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് പിടികൂടുന്നു

* ജൂലായ് 29 ശനി

രാവിലെ 11.00- പ്രതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മൃതദേഹം ഒളിപ്പിച്ച സ്ഥലം കണ്ടെത്തുന്നു. ആലുവ മാര്‍ക്കറ്റിനു പുറകില്‍ പുഴയോട് ചേര്‍ന്ന കുറ്റിക്കാട്ടില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നു

2.00- പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി എറണാകുളം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടവും പൂര്‍ത്തിയാക്കി ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റുന്നു.

* ജൂലായ് 30

ഞായര്‍ ഉച്ചയ്ക്ക് 12.00- പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കീഴ്മാട് ശ്മശാനത്തില്‍ സംസ്‌കരിച്ചു

* ജൂലായ് 31 തിങ്കള്‍

രാത്രി 9.00- അസ്ഫാക് ആലം ഡല്‍ഹിയിലും പോക്സോ കേസില്‍ പ്രതിയാണെന്ന് പോലീസ് കണ്ടെത്തി

* ഓഗസ്റ്റ് ഒന്ന് ചൊവ്വ

രാവിലെ 11.00- തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞു

3.00 -അസ്ഫാക് ആലം പത്തുദിവസം പോലീസ് കസ്റ്റഡിയില്‍

* ഓഗസ്റ്റ് മൂന്ന് വ്യാഴം

രാവിലെ 10.00-കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിന്റെ ഉത്തരവ് കൈമാറി

3.40 -പ്രതിയുമായി ആലുവ മാര്‍ക്കറ്റ് പരിസരത്ത് പോലീസ് തെളിവെടുത്തു

* ഓഗസ്റ്റ് നാല് വെള്ളി

രാവിലെ 11.00- ആലുവ മാര്‍ക്കറ്റില്‍ പോലീസ് ശാസ്ത്രീയ പരിശോധന.

* ഓഗസ്റ്റ് അഞ്ച് ശനി

വൈകീട്ട് 5.00-അന്വേഷണ സംഘം അസ്ഫാക്കിന്റെ വിവരങ്ങള്‍ തേടി ഡല്‍ഹിയിലേക്കും ബിഹാറിലേക്കും തിരിച്ചു

* ഓഗസ്റ്റ് ആറ് ഞായര്‍

ഉച്ചയ്ക്ക് 12.00-പ്രതിയുമായി കുട്ടിയുടെ വീട്ടിലും ആലുവ മാര്‍ക്കറ്റിലുമെത്തിച്ച് തെളിവെടുപ്പ്. വൈകാരികമായി പ്രതികരിച്ച് കുടുംബവും നാട്ടുകാരും

* ഓഗസ്റ്റ് 10 വ്യാഴം

ഉച്ചയ്ക്ക് 12.00-കസ്റ്റഡി കാലാവധി പൂര്‍ത്തിയായി പ്രതിയെ കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു.

* സെപ്റ്റംബര്‍ ഒന്ന് വെള്ളി

രാവിലെ 11.00-കൊലപാതകം നടന്ന് 35-ാം ദിവസം പോലീസ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ 645 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു.

*ഒക്ടോബര്‍ നാല് ബുധന്‍

രാവിലെ 11.00-കോടതിയില്‍ വിചാരണ ആരംഭിച്ചു. പ്രതിക്കെതിരേ 16 കുറ്റങ്ങള്‍ ചുമത്തി

*നവംബര്‍ നാല് ശനി

രാവിലെ 11.00-അസ്ഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ നവംബര്‍ ഒന്‍പതിന് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു.

വനിതാ സംവരണം ഉടൻ നടപ്പാക്കാൻ സർക്കാർ തീരുമാനിക്കണം, ഇടപെടാൻ നിയമപരമായി കഴിയില്ലെന്ന് സുപ്രീം കോടതി

വനിതാ സംവരണം ഉടനടി നടപ്പിലാക്കാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രിംകോടതി. നിയമപരമായ വിഷയം ആയതിനാൽ ഇതിന് നിർദ്ദേശിക്കാനാവില്ല. കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ മാത്രമേ ഇതിന് മാറ്റം വരുത്താനാവു. നിലവിലെ നിയമ തടസ്സം നീക്കി നിയമ ഭേദഗതി കൊണ്ടു വന്നാൽ മാത്രമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ സംവരണം നടപ്പാക്കാൻ കഴിയൂ. ഇതല്ലെങ്കിൽ കോടതി നിയമം ഉണ്ടാക്കുന്ന സാഹചര്യമായി തീരും.

ഈ സാഹചര്യത്തിൽ ഉടൻ നടപ്പാക്കാൻ ആവശ്യപ്പെടുന്നതിൽ ബുദ്ധിമുട്ടുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അടുത്ത സെന്‍സസിന് ശേഷം മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വനിതാ സംവരണം നിയമപരമായി നടപ്പാക്കാന്‍ സാധിക്കൂ. അതുകൊണ്ട് ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. വനിതാ സംവരണം നടപ്പിലാക്കാന്‍ കാലതാമസം വരുത്തുന്നത് എന്തിനാണെന്നായിരുന്നു ഹരജിക്കാർ തിരക്കിയത്. വരുന്ന തെരഞ്ഞെടുപ്പിന് മുന്‍പാകെ നിയമം പ്രാബല്യത്തില്‍ വരുത്തണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലിാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍ ആണ് വനിതാ സംവരണ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്. അടുത്ത സെന്‍സസും മണ്ഡലപുനര്‍നിര്‍ണയവും തമ്മില്‍ എന്താണ് ബന്ധമെന്നും ഇത് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന കാര്യമായതിനാല്‍ ഇടപെടുകയാണേല്‍ ഒരു പുതിയ നിയമനിര്‍മാണം നടത്തുന്നതിന് തുല്യമാകുമെന്നും അത് കോടതിയ്ക്ക് കഴിയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

സി കെ ജാനുവിന് സ്ഥാനാർഥിയാവാൻ കോഴ നൽകിയതായ കേസിൽ കെ സുരേന്ദ്രന് ക്രൈബ്രാഞ്ച് നൊട്ടീസ്

സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. നവംബർ 14 ന് 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം എന്നാണ് നിർദേശം. കൽപ്പറ്റ എസ്പി ഓഫീസിലെ ക്രൈം ബ്രാഞ്ച് സെക്ഷനിലാണ് ചോദ്യം ചെയ്യാൻ ഹാജരാകേണ്ടത്.

സുൽത്താൻബത്തേരി നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയാവാൻ സികെ ജാനുവിന് പണം നൽകി എന്നാണ് കേസ്. 2021 മാർച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് പത്തുലക്ഷവും സുൽത്താൻബത്തേരിയിൽ വെച്ച് 40 ലക്ഷവും സികെ ജാനുവിന് നൽകി എന്നാണ് കേസ്. സംഭവത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതി നൽകിയത്.

എൻ ഡി എയുമായി സഹകരിക്കാൻ സി.കെ ജാനുവിന് സുരേന്ദ്രൻ നേരിട്ട് ടവ്വലിൽ പൊതിഞ്ഞ് പണം നൽകിയെന്നും താൻ അതിന് സാക്ഷിയാണെന്നും എൻ ഡി എ ഘടകകക്ഷിയായ ജെ ആർ പി സംസ്ഥാന ട്രഷററായ പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു. പത്ത് ലക്ഷം രൂപയാണ് ഇത്തരത്തിൽ നൽകിയത്.സുരേന്ദ്രൻ ജാനുവിനെ കാണാൻ ഹോട്ടൽ മുറിയിലെത്തിയെന്നും ആ സമയം തങ്ങൾ പാർട്ടി പ്രവർത്തകർ പുറത്തിറങ്ങിയെന്നും സുരേന്ദ്രൻ പോയ ശേഷം ജാനു ഉപയോഗിക്കുന്ന ടവ്വലിൽ പണം കണ്ടു എന്നുമാണ് പ്രസീത പറഞ്ഞത്.

നേരത്തെ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിന് രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നതായിരുന്നു കേസ്. 2021 ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കൊച്ചിയിലെ നാവിക സേനാ ഹെലികോപ്ടർ അപകടം, ഗ്രൌണ്ട് സ്റ്റാഫ് മരിച്ചത് മുകളിലത്തെ ഫാനിൻ്റെ ബ്ലേഡ് തട്ടി

കൊച്ചിയിൽ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് ഗ്രൗണ്ട് സ്റ്റാഫ്. അപകടത്തിൽപ്പെട്ട ചേതക് ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് തട്ടിയാണ് യോഗേന്ദ്ര സിങ് എന്ന ഗ്രൌണ്ട് സ്റ്റാഫിന് മരണകാരണമായ മുറിവേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം.

ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പെടെയുള്ളവർക്കും പരിക്കേറ്റു. ഇവര്‍ ദക്ഷിണ നാവികസേനാ ആസ്ഥാനത്തെ സഞ്ജീവനി ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണ മേഖലാ ആസ്ഥാനത്തിന് സമീപത്തെ നേവല്‍ എയര്‍ സ്റ്റേഷനായ ഐ.എന്‍.എസ്. ഗരുഡയിലെ റണ്‍വേയിലാണ് അപകടം. ഹെലികോപ്റ്റര്‍ റണ്‍വേയിലുള്ളപ്പോഴാണ് ഗ്രൌണ്ടിലെ സ്റ്റാഫിൻ്റെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. മുകളിലത്തെ റോട്ടര്‍ ബ്ലേഡ് യോഗേന്ദ്ര സിങ്ങിന്റെ ദേഹത്ത് തട്ടുകയായിരുന്നു.

യോഗേന്ദ്ര സിങ്

സംഭവത്തില്‍ നാവികസേന അന്വേഷണം പ്രഖ്യാപിച്ചു.

വിവാദം, ISRO ചെയർമാൻ എസ് സോമനാഥിൻ്റെ ആത്മകഥ പിൻവലിച്ചു

ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥാ സ്വഭാവമുള്ള പുസ്തകം പ്രകാശനം മുടങ്ങി. ‘നിലാവ് കുടിച്ച സിംഹങ്ങൾ’ എന്ന ആത്മകഥ തൽക്കാലം പിൻവലിക്കുന്നുവെന്ന് എസ്.സോമനാഥ് പറഞ്ഞു. മുൻ ഐഎസ്ആർഒ ചെയർമാനെ കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്നാണ് സംഭവം. കോപ്പി പിൻവലിക്കണമെന്ന് എസ് സോമനാഥ് പ്രസാധകരോട് നിർദ്ദേശിച്ചതായാണ് വാർത്ത. 

കൂടുതൽ വിവാദം വേണ്ടെന്ന് പ്രസാധകരോട് സോമനാഥ് പറഞ്ഞു. യുവജനങ്ങളെ പ്രചോദിപ്പിക്കാനാണ് ആത്മകഥയിലൂടെ ആഗ്രഹിച്ചതെന്നും സോമനാഥ് ഏഷ്യാനെറ്റ് അഭിമുഖത്തിൽ ഇത് ശരിവെച്ചു കൊണ്ട് പറഞ്ഞു. ഷാർജ ഫെസ്റ്റിവലിൽ പുസ്തക പ്രകാശനം നടത്തില്ല. ഇതേതുടർന്ന് എസ്.സോമനാഥ് ഷാർജ യാത്ര റദ്ദാക്കിയിരുന്നു. കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് ആയിരുന്നു ആത്മകഥയുടെ പ്രസാധകര്‍.

മുൻ ഐഎസ്ആർഒ  ചെയർമാൻ കെ. ശിവനെതിരെ വിവിധ പരാതകളാണ് എസ്. സോമനാഥിന്‍റെ ആത്മകഥയിലുള്ളത്. താൻ ചെയർമാനാകാതിരിക്കാൻ കെ. ശിവൻ ശ്രമിച്ചെന്ന വികാരം വരെ തുറന്ന് പറയുന്നു. ചന്ദ്രയാൻ രണ്ട് പരാജയത്തിന് കാരണം പല നിർണായക പരീക്ഷണങ്ങളും പൂർത്തിയാക്കാതെ ദൗത്യം നടപ്പാക്കിയതാണെന്നുമാണ് ‘നിലാവ് കുടിച്ച സിംഹങ്ങൾ’ എന്ന പുസ്തകത്തിൽ സോമനാഥ് അവകാശപ്പെടുന്നത്. വിസ്എസ്‍സി മേധാവി സ്ഥാനത്ത് നിന്ന് ഇസ്രൊ മേധാവിയായി ഉയർന്ന കെ.ശിവൻ തന്‍റെ കരിയറിന്‍റെ വിവിധ ഘട്ടങ്ങളിൽ പ്രതിസന്ധികൾ സൃഷ്ടിച്ചു. അർഹതപ്പെട്ട വിഎസ്‍എസ്‍സി മേധാവി സ്ഥാനം ആറ് മാസത്തോളം വൈകിച്ചു. പിന്നീട് സ്ഥാനക്കയറ്റം കിട്ടിയപ്പോഴും പലതരത്തിൽ ശ്വാസംമുട്ടിച്ചു. എന്നിങ്ങനെ സർവ്വീസ് കാലത്തെ കുറിച്ച് പറയുന്നു.

ചന്ദ്രയാൻ രണ്ട് വിക്ഷേപണം വളരെ തിടുക്കത്തിൽ നടത്തിയെന്നതാണ് പ്രധാന ആരോപണങ്ങളിലൊന്ന്. ആവശ്യമായ പരീക്ഷണങ്ങൾ പൂർത്തിയാക്കാതെ ദൗത്യവുമായി മുന്നോട്ട് പോകാനുള്ള ശിവന്റെ തീരുമാനമാണ് പരാജയത്തിലേക്ക് നയിച്ചതെന്നാണ് സോമനാഥിന്റെ നിലപാട്.

വിവാദ പരാമർശങ്ങൾ

2018-ൽ എ എസ് കിരൺ കുമാർ ചെയർമാൻ സ്ഥാനത്തുനിന്നു മാറിയപ്പോൾ, 60 വയസ്സു കഴിഞ്ഞ് എക്സ്റ്റൻഷനിൽ തുടരുകയായിരുന്ന ശിവന്റെ പേരിനൊപ്പം തന്റെ പേരും പട്ടികയിൽ വന്നു. ചെയർമാൻ ആകുമെന്ന് അന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ശിവനാണ് നറുക്കു വീണത്. ചെയർമാനായ ശേഷവും ശിവൻ വിഎസ്എസ്‌സി ഡയറക്ടർ സ്ഥാനം കൈവശം വച്ചു. തനിക്കു ന്യായമായി കിട്ടേണ്ട ആ തസ്തികയ്ക്കായി നേരിട്ടു കണ്ടു ചോദിച്ചപ്പോൾ ശിവൻ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറി. ഒടുവിൽ വിഎസ്എസ്‌സി മുൻ ഡയറക്ടർ ഡോ. ബി എൻ സുരേഷ് ഇടപെട്ടതോടെയാണ് ആറ് മാസത്തിനു ശേഷം തനിക്ക് വിഎസ്എസ്‌സി ഡയറക്ടറായി നിയമനം ലഭിച്ചതെന്നും സോമനാഥ് ആത്മകഥയിൽ പറഞ്ഞിരുന്നു.

‘3 വർഷം ചെയർമാനായിരുന്ന ശേഷം വിരമിക്കുന്നതിനു പകരം കാലാവധി നീട്ടിയെടുക്കാൻ ശിവൻ ശ്രമിച്ചു. അടുത്ത ചെയർമാനെ തിരഞ്ഞെടുക്കാൻ സമയമായപ്പോൾ യു ആർ റാവു സ്പേസ് സെന്ററിന്റെ ഡയറക്ടറെ സ്പേസ് കമ്മിഷനിലേക്കു കൊണ്ടുവന്നത് എനിക്കു ചെയർമാൻ സ്ഥാനം കിട്ടില്ലെന്ന് ബോധ്യപ്പെടുത്താനായിരുന്നു എന്നാണ് തോന്നുന്നത്’, സോമനാഥ് കുറിച്ചു. ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ ഇറങ്ങുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ സ്വീകരിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താതെ തന്നെ അകറ്റി നിർത്തി. സോഫ്റ്റ്‌വെയറിലെ തകരാറാണ് ലാൻഡിങ് പരാജയപ്പെടാൻ കാരണമെന്ന സത്യം തുറന്നു പറയുന്നതിനു പകരം ലാൻഡറുമായുള്ള ബന്ധം സ്ഥാപിക്കാനാകുന്നില്ല എന്നാണ് ചെയർമാൻ പ്രഖ്യാപിച്ചത്. അതു കൂടുതൽ വിഷമിപ്പിച്ചു.

കിരൺ കുമാർ ചെയർമാൻ ആയിരുന്ന കാലത്ത് ആരംഭിച്ച ചന്ദ്രയാൻ 2 പദ്ധതിയിൽ ശിവൻ പല മാറ്റങ്ങളും വരുത്തി. അമിതമായ പബ്ലിസിറ്റി ചന്ദ്രയാൻ 2-ന് വലിയ അപകടം ചെയ്തു.

കോഴിക്കോട് ലിപി ബുക്സ് പുറത്തിറക്കുന്ന ആത്മകഥയിൽ കുട്ടിക്കാല ജീവിതം മുതൽ ചന്ദ്രയാൻ 3 ദൗത്യം വരെയുള്ള ജീവിതമാണ് എസ് സോമനാഥ് പരാമർശിക്കുന്നത്. ഒരു സാധാരണ കുടുംബത്തിൽ പിറന്ന് വേണ്ടത്ര മാർഗ്ഗ നിർദ്ദേശങ്ങളൊന്നും ലഭിക്കാതെ വിദ്യാഭ്യാസ കാലം മുഴുവൻ ദാരിദ്ര്യത്തിൽ കഴിഞ്ഞ ഒരു വ്യക്തി ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ ചെയർമാൻ ആവുകയും ചെയ്ത ജീവിത കഥയാണ് പുസ്തകത്തിൽ

കോൺഗ്രസിൻ്റെ സമ്മർദ്ദമാണോയെന്ന് വ്യക്തമാക്കേണ്ടത് ലീഗ് തന്നെയെന്ന് പി രാജീവ്

കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് വഴങ്ങിയോ എന്ന് വ്യക്തമാക്കേണ്ടത് മുസ്ലീം ലീഗ് തന്നെയെന്ന് മന്ത്രി പി.രാജീവ്. സിപിഐഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്ന് മുസ്ലീം ലീഗിനെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് മോശം പ്രതികരണങ്ങള്‍ നടത്തിയെന്നും പി രാജീവ് പറഞ്ഞു.

വിഷയത്തില്‍ മോശമായ പ്രതികരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കളില്‍നിന്നുണ്ടായത്. പൊതുവിഷയങ്ങളില്‍ ഒരുമിച്ച് നില്‍ക്കണമെന്ന ലീഗിന്‍റെ തോന്നല്‍ സ്വാഗതാര്‍ഹമാണ്. പി രാജീവ് പറഞ്ഞു.

സിപിഎമ്മിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ പി രാജീവിന്‍റെ പ്രതികരണം. നേരത്തെ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നുമായിരുന്നു ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ  സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസ്താവനക്ക് പിന്നാലെയാണ് ലീഗിനെ സിപിഎം ഔദ്യോഗികമായി സെമിനാറിലേക്ക് ക്ഷണിച്ചത്. ഇടി മുഹമ്മദ് ബഷീറിന്‍റെ ഈ പ്രസ്താവന മുസ്ലീം ലീഗ് ഇടതുമുന്നണിയുമായി കൂടുതല്‍ അടുക്കുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാക്കി. ഇതിനുപിന്നാലെയാണ് സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ മുസ്ലീം ലീഗ് യോഗം ചേരാന്‍ തീരുമാനിച്ചത്. കോഴിക്കോട് ലീഗ് ഹൗസില്‍ ഉച്ചക്ക് രണ്ടിനാണ് യോഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി പ്രത്യേക യോഗം വേണ്ടെന്ന് തീരുമാനിച്ച ലീഗ് നേതൃത്വം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

പലസ്തീന്‍ വിഷയത്തില്‍ ലീഗിന് കൃത്യമായ നിലപാട് ഉണ്ടെന്നും എല്ലാ രാഷ്ട്രീയ വിവാദങ്ങള്‍ക്കും അതീതമായി എല്ലാവരും പലസ്തീന്‍ ജനതക്ക് പിന്തുണ നല്‍കണമെന്നും  യുഡിഎഫ് കക്ഷി എന്ന നിലയില്‍ സിപിഎം സെമിനാറില്‍  ലീഗിന് പങ്കെടുക്കാനാകില്ലെന്നുമാണ് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.  പലസ്തീന്‍ വിഷയത്തില്‍ കേരളത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണം. സിപിഎം ക്ഷണത്തിന് നന്ദിയുണ്ട്. പരിപാടിയില്‍ ലീഗ് പങ്കെടുക്കില്ല. കെ സുധാകരന് ലീഗ് സെക്രട്ടറി മറുപടി നല്‍കിയിട്ടുണ്ട്. സിപിഎം റാലിയില്‍ മതസംഘടനകല്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയാളത്തിൽ ഇന്നുവരെ ഒരു സിനിമയും 100 കോടി നേടിയിട്ടില്ല – സുരേഷ് കുമാർ

മലയാളത്തിലെ ഒരു സിനിമയും തിയേറ്ററില്‍ നിന്ന് 100 കോടി രൂപ വരുമാനം നേടിയിട്ടില്ലെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. ഇന്ന് ഞാന്‍ ഈ സംസാരിക്കുന്നതുവരെ മലയാളത്തില്‍ ഒരു സിനിമയും നൂറ് കോടി ക്ലബില്‍ കയറിയിട്ടില്ല.

നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്മൃതി സന്ധ്യ’യില്‍ ‘എണ്‍പതുകളിലെ മലയാള സിനിമ’ എന്ന വിഷയത്തില്‍ സംവിധായകന്‍ കമല്‍, നടന്‍ മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു സുരേഷ് കുമാര്‍.

100 കോടിയെന്നു പറഞ്ഞ് പുറത്തുവിടുന്ന കണക്ക് ഗ്രോസ് കലക്ഷനാണ്.

‘ഒരു പടം ഹിറ്റായാല്‍ ഇന്ന് കോടികള്‍ കൂട്ടുകയാണ് ആളുകള്‍. 100 കോടി ക്ലബ്ബ്, 500 കോടി ക്ലബ്ബ് എന്നൊക്കെ കേള്‍ക്കുന്നുണ്ട്. കുറച്ചൊക്കെ സത്യമായിരിക്കാം. ബാക്കിയുള്ളതെല്ലാം വെറും പ്രചരണങ്ങളാണ്. ഇന്ന് ഞാന്‍ ഈ സംസാരിക്കുന്നതുവരെ മലയാളത്തില്‍ ഒരു സിനിമയും നൂറ് കോടി ക്ലബില്‍ കയറിയിട്ടില്ല. 100 കോടി എന്ന് പറയുന്നത് ഗ്രോസ് കളക്ഷനാണ്.

അതില്‍ 25 ശതമാനം ടാക്‌സിലേക്ക് പോകും. 50-55 ശതമാനം എക്‌സിബിറ്റേഴ്‌സിന് പോകും. ബാക്കിയുള്ളതാണ് നിര്‍മാതാവിന് പോകുന്നത്. 80കളുടെ അവസാനത്തില്‍ വീഡിയോ കാസറ്റുകള്‍ ഇറങ്ങി. അന്നു മുതലാണ് പൈറസി ആരംഭിക്കുന്നത്. 1800 തിയേറ്ററുകളുണ്ടായിരുന്നു കേരളത്തില്‍ പലതും പൂട്ടിപ്പോയി.

എഴുപതുകളുടെ അവസാനത്തിലാണ് ഭരതന്റെ തകര, കെ.ജി ജോര്‍ജ്ജിന്റെ ഉള്‍ക്കടല്‍ എന്നീ ചിത്രങ്ങള്‍ വരുന്നത്. അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. മുഖ്യധാര സിനിമകളില്‍ അവര്‍ക്ക് പ്രത്യേക ട്രാക്കുണ്ടാക്കാന്‍ സാധിച്ചു.

എൺപതുകളിൽ സിനിമ എടുക്കുമ്പോള്‍ നമുക്ക് സിനിമ പരാജയപ്പെട്ടാലും ചെറിയ നഷ്ടമേ വരാറുള്ളൂ. അന്ന് ചെലവ് കുറവായിരുന്നു. പണ്ടൊക്കെ എല്ലാ അഭിനേതാക്കളും ഒരു വണ്ടിയിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഇന്ന് ഓരോരുത്തര്‍ക്കും ഓരോ വണ്ടി പ്രത്യേകമായി വണ്ടി വേണം.

എന്‍പതുകൾ സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. പ്രേം നസീര്‍, മധു, ജയന്‍, സോമന്‍, സുകുമാരന്‍ എന്നിവരൊക്കെ സിനിമയിലുണ്ടായിരുന്നു. ഒത്തൊരുമയോടെ ചിത്രീകരിച്ച സിനിമകള്‍ വലിയ ഹിറ്റായി. ഇന്ന് കൈവിട്ട കളിയാണ് സിനിമയില്‍ നടക്കുന്നത്. തിയേറ്ററില്‍ നിന്ന് കിട്ടുന്ന പൈസ മാത്രമായിരുന്നു വരുമാനം. ഇന്ന് വലിയ ബിസിനസാണ് നടക്കുന്നത്. കോവിഡ് കാലത്തിന് ശേഷം ഈ ഒടിടി പ്രചാരത്തിലായതോടെ ഇന്ന് മുന്‍നിര താരങ്ങളെല്ലാം സിനിമ നിര്‍മിക്കുന്നു. കാരവാനെ ഒരുപാട് വിമര്‍ശിച്ചയാളാണ് ഞാന്‍. ഇന്ന് ഞാന്‍ അഭിനയിക്കുമ്പോള്‍ നേരേ കാരവാനിനടുത്ത് വണ്ടി നിര്‍ത്തി നമ്മളെ അതിലേക്ക് കയറ്റും. അന്നൊക്കെ എല്ലാവരും ഒത്തൊരുമിച്ച് ഭക്ഷണം കഴിക്കും. സംസാരിക്കും. ഇന്ന് ആരും പരസ്പരം മിണ്ടുന്നതുപോലെ അല്ല. ഇന്ന് ഒരു പടം ഹിറ്റാകുമ്പോള്‍ പിന്നെ ആ താരം കോടികള്‍ ചോദിക്കുകയാണ്.

ചിലവിൽ 65 ശതമാനം താരങ്ങളുടെ പ്രതിഫലം

സമീപകാലത്ത് ഞാന്‍ നിര്‍മിച്ച വാശി എന്ന ചിത്രം തിയേറ്ററിലെ വരുമാനം വച്ചു നോക്കുമ്പോള്‍ വലിയ പരാജയമായിരുന്നു. 75 ലക്ഷം മാത്രമാണ് തിയേറ്ററില്‍ നിന്ന് കിട്ടിയത്. എന്നാല്‍ ആ സിനിമ വച്ച് എനിക്ക് 10-12 കോടിയുടെ ബിസിനസ് ചെയ്യാന്‍ പറ്റി. ഒടിടിയില്‍ വിറ്റ് ലാഭമാക്കാന്‍ സാധിച്ചു. അതുകൊണ്ടാണ് എനിക്കിപ്പോള്‍ നിങ്ങളോട് സംസാരിക്കാന്‍ സാധിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ നേരത്തേ പറഞ്ഞതുപോലെ എല്ലാ അഭിനേതാക്കളും സിനിമ നിര്‍മിക്കാന്‍ ഇറങ്ങിയത്. ഇന്ന് 65 ശതമാനം മാത്രം അഭിനേതാക്കളുടെ പ്രതിഫലമാണ്. ബാക്കിയുള്ള പണം കൊണ്ടു വേണം തെലുങ്കിനെയും തമിഴിനെയും വെല്ലുവിളിച്ചുകൊണ്ട് സിനിമ പിടിക്കാന്‍”- സുരേഷ് കുമാര്‍ പറഞ്ഞു.

സിനിമാ നിരൂപണത്തെ കണ്ണടച്ച് എതിര്‍ക്കുന്നില്ലെന്നും വ്യക്തികളെ അവഹേളിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളെ അനുകൂലിക്കാന്‍ സാധിക്കില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി ഒട്ടേറെ സിനിമകളാണ് എണ്‍പതുകളില്‍ മലയാളത്തില്‍ ഇറങ്ങിയതെന്നു കമല്‍ പറഞ്ഞു. ”ആ കാലത്തെ സംവിധായകരുടെ ചുവടുപിടിച്ചാണ് ഞങ്ങളൊക്കെ സിനിമയിലേക്ക് വന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു തുടങ്ങിയ അഭിനേതാക്കളെ സംഭാവന ചെയ്ത കാലമായിരുന്നു എണ്‍പതുകള്‍. ഇന്ത്യന്‍ സിനിമയ്ക്ക് മാതൃകയായ പടയോട്ടം പോലെയുള്ള സിനിമകള്‍ ഉണ്ടായും അക്കാലത്താണ്. അതുപോലെ മികച്ച ഗാനങ്ങളും”- കമല്‍ അഭിപ്രായപ്പെട്ടു.

സി പി എമ്മിനൊപ്പം റാലിക്കില്ല, യു ഡി എഫിലെ മുന്നണി മര്യാദ പരിഗണിച്ചെന്ന് കുഞ്ഞാലിക്കുട്ടി

സി.പി.എം. സംഘടിപ്പിക്കുന്ന പലസ്തീന്‍ റാലിയിലേക്ക് ക്ഷണിച്ചതില്‍ സന്തോഷ. യു.ഡി.എഫിലെ കക്ഷി എന്ന നിലയില്‍ സാങ്കേതികമായി റാലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. എന്നാൽ റാലി നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.

കേരളത്തില്‍ കളശ്ശേരി വിഷയത്തില്‍ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി നിന്നില്ലേ. അതുപോലെ പലസ്തീന്‍ വിഷയത്തിലും ഇങ്ങനെ ഒരു നിലപാട് സര്‍ക്കാരിന് ആലോചിക്കാവുന്നതെ ഉള്ളൂ. സി.പി.എം. ക്ഷണം വന്നിട്ടുണ്ട്. ക്ഷണിച്ചതില്‍ നന്ദിയുണ്ട്. പരിപാടി നന്നായി നടത്തട്ടെ. അതില്‍ മതസംഘടനകളൊക്കെ പങ്കെടുക്കുന്നുണ്ട്. എല്ലാവരും കൂടുതല്‍ ശക്തിയും പിന്തുണയും സംഭരിച്ചുകൊണ്ട് പലസ്തീനൊപ്പം നില്‍ക്കുന്നതില്‍ ഞങ്ങള്‍ക്കും സന്തോഷമാണ്. യു.ഡി.എഫിലെ ഒരു കക്ഷി എന്ന നിലയില്‍ സാങ്കേതികമായി ഞങ്ങള്‍ക്ക് ആ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ല. ക്ഷണത്തില്‍ നന്ദിയുണ്ട്. ഇത്തരമൊരു പരിപാടി നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ചെറുതും വലുതുമായ എല്ലാ പാര്‍ട്ടികളും പലസ്തീന്‍കാര്‍ക്ക് പിന്തുണ നല്‍കണം. ഇ.ടി പറഞ്ഞതും ആ അർഥത്തിലാണ്. എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കലർത്തണ്ട കാര്യമില്ല. -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗ് സിപിഎമ്മിലേക്ക് അടുക്കുന്നവെന്ന തരത്തിൽ ചർച്ചകളുണ്ടാക്കുകയും ഇത് മുന്നണി ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ടെന്നും കോൺ​ഗ്രസ് നേതാക്കൾ ആശങ്ക അറിയിച്ചിരുന്നു. റാലിയില്‍ പങ്കെടുക്കുന്നത് യു.ഡി.എഫില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ലീ​ഗ് നേതാക്കളും വിലയിരുത്തി.

നവംബര്‍ 11-നാണ് സിപിഎം കോഴിക്കോട്ട്‌ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്. ലീഗ് നേതാവും എംപിയുമായ ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോടെയാണ് സിപിഎം റാലി രാഷ്ട്രീയ ചര്‍ച്ചയിലേക്ക് വരുന്നത്. പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ സിപിഎം ക്ഷണിച്ചാല്‍ മുസ്ലീം ലീഗ് പങ്കെടുക്കുന്നതില്‍ തടസ്സമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമെന്ന് സി.പി.എമ്മും അറിയിച്ചിരുന്നു.

തൃത്താലയിൽ രണ്ടു യുവാക്കളെ കഴുത്തിന് വെട്ടിക്കൊന്ന കേസിൽ സുഹൃത്ത് അറസ്റ്റിൽ

തൃത്താല കണ്ണനൂരിലെ ഇരട്ടക്കൊലക്കേസില്‍ പൊലീസ് ചോദ്യം ചെയ്ത പ്രതി മുസ്തഫയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ശനിയാഴ്ച രേഖപ്പെടുത്തി. രണ്ടുപേരെയും കൊലപ്പെടുത്തിയത് മുസ്തഫയാണെന്നാണ് പോലീസ് കണ്ടെത്തൽ.

കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ചില സൂചനകള്‍ കിട്ടിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് പറഞ്ഞു.

അറസ്റ്റിലായ പ്രതി മുസ്തഫ

കൊണ്ടൂര്‍ക്കര പറമ്പില്‍ അന്‍സാര്‍(25) കാരക്കാട് തേനോത്ത് പറമ്പില്‍ കബീര്‍(27) എന്നിവരാണ് തൃത്താല കണ്ണനൂരില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കേസില്‍ ഇവരുടെ സുഹൃത്താണ് പിടിയിലായ മുസ്തഫ.

കൊല്ലപ്പെട്ട അന്‍സാറും കബീറും കസ്റ്റഡിയിലുള്ള മുസ്തഫയും ഉറ്റസുഹൃത്തുക്കളാണെന്ന് പൊലീസ് പറയുന്നു. മൂന്നുപേരുംകൂടി വ്യാഴാഴ്ച കാറില്‍ മീന്‍പിടിക്കാന്‍ ഭാരതപ്പുഴയിലെ കരിമ്പനക്കടവിലെത്തിയിരുന്നു. ഇതിനിടെ, കൊലപാതകങ്ങള്‍ നടന്നെന്നാണ് കരുതുന്നത്.

കബീറിനെയാണ് ആദ്യം കൊലപ്പെടുത്തിയതെന്നാണ് സൂചന. കബീറിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അന്‍സാറിനെ വെട്ടിപരിക്കേല്‍പ്പിച്ചത്. എന്നാൽ ഇരട്ടക്കൊലയിലേക്ക് നയിച്ച കാരണം സംബന്ധിച്ച് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

വ്യാഴാഴ്ച വൈകിട്ട് കഴുത്തില്‍ വെട്ടേറ്റനിലയില്‍ അന്‍സാര്‍ റോഡിലെത്തി വാഹനങ്ങള്‍ക്ക് കൈകാണിക്കുകയായിരുന്നു. അന്‍സാറിനെ നാട്ടുകാര്‍ ചേര്‍ന്ന് പട്ടാമ്പിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇതിനുപിന്നാലെയാണ് കാണാതായ കബീറിനായി തിരച്ചില്‍ ആരംഭിച്ചത്. കബീറിന്റെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ ഭാരതപ്പുഴയില്‍നിന്നാണ് കണ്ടെത്തിയത്. കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കബീറിന്റെ മൃതദേഹവും കണ്ടെടുത്തത്.

കരിമ്പനക്കടവിനുസമീപം കല്യാണപ്പടിയില്‍ പാടശേഖരത്തിനു സമീപത്തുകൂടെ പുഴയിലേക്ക് ഒരുവഴിയുണ്ട്. പരിസരത്ത് വീടുകള്‍ കുറവായതിനാല്‍ ഈ വഴിയിലൂടെ പുഴയിലേക്കു പോകുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെടില്ല. ഈ വഴിക്കു മുന്നിലായി ഒരു കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി മരിച്ച അന്‍സാറിന്റെ കഴുത്തില്‍ ഏഴുസെന്റീമീറ്ററോളം നീളത്തിലാണ് വെട്ടേറ്റിരിക്കുന്നത്. ഒന്നരയിഞ്ച് ആഴത്തിലുള്ളതാണു മുറിവ്. ഈ മുറിവുതന്നെയാണു മരണകാരണവും. മൂര്‍ച്ചയുള്ള കത്തിയുപയോഗിച്ചുള്ള ഒറ്റവെട്ടാണുണ്ടായതെന്നാണ് പോലീസ് നല്‍കുന്ന സൂചന. മുറിവേറ്റ അന്‍സാര്‍ പുഴയില്‍നിന്ന് പാടവരമ്പിലൂടെ 200 മീറ്ററോളം ഓടിയാണ് റോഡിലേക്കെത്തിയത്. തുടര്‍ന്നു നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും അവശനായി. അധികംവൈകാതെ മരിച്ചു.