ആരാധനാലയങ്ങളിൽ വെടിക്കെട്ട് വേണ്ട, വെടിമരുന്ന് സൂക്ഷിക്കുന്നത് റെയിഡ് ചെയ്യാനും കളക്ടർമാരോട് ഹൈക്കോടതി

ആരാധനാലയങ്ങളില്‍ വെടിക്കെട്ട് പാടില്ലെന്ന് ഹൈക്കോടതി. വെടിക്കെട്ട് നടത്തുന്നത് ദൈവങ്ങളെ പ്രീതിപ്പെടുത്തുമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പ്രതിപാദിക്കുന്നില്ല.

കേരളത്തിലെ എല്ലാ ആരാധനാലയങ്ങളിലും പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങളും മറ്റും സ്ഫോടക വസ്തുക്കളും പിടിച്ചെടുക്കാനും ജസ്റ്റിസ് അമിത് റാവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. പോലീസ് കമ്മീഷണര്‍മാരുടെ സഹായത്തോടെ ജില്ലാ കളക്ടര്‍മാർ പരിശോധന നടത്തണം.

‘ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പ്രഥമദൃഷ്ട്യാ കല്‍പ്പനയില്ല’,കോടതി നിരീക്ഷിച്ചു.  മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നത്. 

ആരാധനാലായങ്ങളില്‍ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ആണ് കോടതിയുടെ ഉത്തരവ്. സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കാന്‍ കളക്ടര്‍ നല്‍കുന്ന ലൈസന്‍സ് ആവശ്യമാണ്. കേരളത്തിലെ ചുരുക്കം ചില ആരാധനാലയങ്ങളുടെ പക്കല്‍ മാത്രമേ അത്തരമൊരു ലൈസന്‍സ് ഉള്ളൂ. ഇതര സ്ഥലങ്ങളിൽ എല്ലാം വെടിക്കെട്ട് നിയമ വിരുദ്ധമാണ്.

കരിമരുന്ന് പ്രയോഗം വായു മലിനീകരണവും ശബ്ദമലിനീകരണവും ഉണ്ടാക്കുക മാത്രമല്ല സമാധാനം അലോസരപ്പെടുത്തുന്നുവെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവെച്ച കോടതി ഉത്തരവ് മറികടന്ന് വെടിക്കെട്ട് നടത്തിയാല്‍ തക്ക നടപടിയെടുക്കാന്‍ ബാധ്യസ്ഥരാണെന്നും അറിയിച്ചു. കേസ് തുടര്‍പരിഗണനയ്ക്കായി നവംബര്‍ 24 നേക്ക് മാറ്റി വെച്ചിട്ടുണ്ട്.

എതിർപ്പ് വ്യാപകം

വെടിക്കെട്ട് നിരോധന ഉത്തരവിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രതിനിധികൾ. കോടതി ഉത്തരവ് വിഡ്ഢിത്തരമാണെന്ന് വടക്കുന്നാഥൻ ഉപദേശക സമിതി സെക്രട്ടറി ഹരിഹരൻ പറഞ്ഞു. ഉത്തരവ് പുനഃപരിശോധിക്കണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്നതെന്നും ഹരിഹരൻ പറഞ്ഞു. 

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറി ശശിധരൻ പ്രതികരിച്ചു. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണ്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് വെടിക്കെട്ട് നടത്താറുള്ളത്. കോടതി വിധി ബാധകമായാൽ നിയമനടപടി സ്വീകരിക്കുമെന്നും ശശിധരൻ പറഞ്ഞു. 

ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് കുമാർ പ്രതികരിച്ചു. പെസോ അനുവാദത്തോടെ നടത്തുന്ന ഏക വെടിക്കെട്ട് തൃശൂർ പൂരത്തിന്റേതാണ്. നിരോധിത ഉല്പന്നങ്ങൾ പൂരത്തിന് ഉപയോഗിക്കാറില്ല. ശബ്ദ നിരീക്ഷണവും ഉണ്ട്. ഹൈക്കോടതി ഉത്തരവ് എല്ലാവരേയും കേട്ടിട്ടുള്ളതല്ല. ഒരു പ്രത്യേക കേസിലുള്ളതാണ്. എന്നാൽ ഓഡറിനെ ചലഞ്ച് ചെയ്യും. മതപരമായ കേന്ദ്രങ്ങളിൽ നിരോധിച്ച് മറ്റിടങ്ങളിൽ അനുവദിക്കുന്നത് തുല്യ നീതിയല്ല. കേരളത്തിലെയും തമിഴ് നാട്ടിലേയും തൊഴിലാളികളെ ബാധിക്കുമെന്നും ജി രാജേഷ് കുമാർ പറഞ്ഞു. 

വിഭാഗീയതയ്ക്ക് തുടക്കമിട്ടത് വി എസ് അച്യുതാനന്ദൻ, ആസൂത്രിതമായ കളിയിൽ യുവാക്കൾ വീണു – ആത്മകഥ തുറന്ന് എം എം ലോറൻസ്

എതിരാളികളെ തെരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യുന്ന നേതാവായിരുന്നു വിഎസ് അച്യുതാനന്ദൻ എന്ന് സി.പി.എം മുതിർന്ന നേതാവ് എം എം ലോറൻസ്. അടുത്ത ദിവസം പുറത്തിറങ്ങാനിരിക്കുന്ന ‘ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ’ എന്ന ആത്മകഥയിലാണ് എം എം ലോറൻസ് വിവാദ വിലയിരുത്തലുകൾ പങ്കുവെക്കുന്നത്. പിണറായി വിജയനും വി എസ് അച്യുതാനന്ദനും മലപ്പുറം സമ്മേളനം വരെ ഇതേ വിഭാഗീയ ഒന്നിച്ച് പ്രയോഗിച്ചതായും പറയുന്നു.

പച്ചക്കുതിര എന്ന മാസികയിലൂടെ പുറത്തുവന്ന ആത്മകഥാ ഭാഗങ്ങളാണ് പുസ്തക രൂപത്തിൽ ഇറങ്ങുന്നത്.

കോഴിക്കോട് സമ്മേളനം മുതൽ പിണറായി വിജയനും വിഎസും ഒരുമിച്ചായിരുന്നു. അവർ കൃത്യമായ പ്ലാനിങ്ങോടെ ഒരു വിഭാഗത്തെ ഒഴിവാക്കാൻ ശ്രമിച്ചു . മലപ്പുറം സമ്മേളനത്തിലാണ് ആ ബന്ധം അവസാനിച്ചത് എന്നും ലോറൻസ് ആത്മകഥയിൽ പറയുന്നുണ്ട്.

ആലപ്പുഴ സമ്മേളനത്തിൽ വിഎസ് പികെ ചന്ദ്രാനന്ദനെതിരെ തിരിഞ്ഞപ്പോൾ മറുപടി നൽകേണ്ടി വന്നു. പാലക്കാട് സമ്മേളനത്തിൽ 16 പേരെ കരുതിക്കൂട്ടി തോൽപ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് 11 പേരെ ഒഴിവാക്കിയെന്നും ലോറൻസ് പറയുന്നു.

വി എസ് അച്യുതാനന്ദനും എം എം ലോറൻസും തമ്മിലുള്ള വൈര്യം കേരള രാഷ്ട്രീയത്തിലെ വലിയ ചർച്ചയായിരുന്നു. 1996ലെ മാരാരികുളത്തെ തോൽവിക്ക് ശേഷമാണ് വി.എസ് അച്യുതാനന്ദനും എം.എം ലോറൻസ് അടങ്ങുന്ന സി.ഐ.ടി.യു വിഭാഗവും തമ്മിൽ വലിയ രീതിയിൽ തർക്കം രുപപ്പെടുന്നത്.

1998 പാലക്കാട് സമ്മേളനത്തിൽ വി.എസ്സിന്റെ വിഖ്യാതമായ ‘വെട്ടിനിരത്തൽ’ ഉണ്ടാവുകയും ചെയ്തത്. എം.എം ലോറൻസ് അടക്കം 16 പേരെയാണ് സംസ്ഥാന കമ്മറ്റിയിലേക്കുള്ള തെരെഞ്ഞെടുപ്പിൽ വി.എസ് വെട്ടിനിരത്തിയത്. ആത്മ കഥയിൽ എം.എം ലോറൻസ് ഇതിൻ്റെ തുടർച്ച ചർച്ച ചെയ്യുന്നു.

വിഭാഗീയതയുടെ തുടക്കം വ്യക്തി പ്രഭാവ പരിപോഷണ ഗ്രൂപ്പുകളിൽ

പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് തുടക്കം കുറിച്ചത് എറണാകുളത്തുനിന്നാണെന്ന് എം.എം. ലോറന്‍സ് വിലയിരുത്തുന്നു. തനിക്കുശേഷം ജില്ലാ സെക്രട്ടറിയായ എ.പി. വര്‍ക്കിയെ അക്കാലത്ത് വി.എസ്. അച്യുതാനന്ദന്‍ വിഭാഗീയത ഉണ്ടാക്കാന്‍ ഉപയോഗിക്കുകയായിരുന്നു. പാര്‍ട്ടി നേതൃത്വത്തിലുണ്ടായിരുന്ന മറ്റു ചിലരേയും അച്യുതാനന്ദന്‍ ഇതിനായി ഉപയോഗിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

വ്യക്തിപ്രഭാവം വര്‍ധിപ്പിക്കാന്‍ വി.എസ്. പ്രത്യേകം സ്‌ക്വാഡ് പോലെ ആളുകളെ നിയോഗിച്ചു. ഇവരില്‍ പലരും പിന്നീട് അച്യുതാനന്ദനുമായി തെറ്റി. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇ.കെ. നായനാര്‍ ഇക്കാരം തുറന്നു പറഞ്ഞിരുന്നു. കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ വിഭാഗീയ പ്രവര്‍ത്തനങ്ങളായിരുന്നു. ഇത് ആദർശ പ്രവർത്തനമായി തെറ്റിദ്ധരിപ്പിക്കപ്പെട്ട് ഒട്ടനവധി ചെറുപ്പക്കാരായ സഖാക്കള്‍ ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി.

കോഴിക്കോട് സമ്മേളനത്തിനുശേഷം തനിക്ക് എതിരെന്നു തോന്നുന്നവരെ തിരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യാനുള്ള കരുക്കള്‍ അച്യുതാനന്ദന്‍ നീക്കി. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന എ.പി. കുര്യനെ കാണുന്നത് തന്നെ വി.എസിന് കലിയായിരുന്നു. എ.പി. കുര്യന്റെ അനുശോചന യോഗത്തില്‍ കഷണ്ടിക്കും കാന്‍സറിനും മരുന്നില്ലെന്ന് ഒരു സന്ദര്‍ഭവും കൂടാതെ വി.എസ്. പറഞ്ഞു. കൊല്ലം സമ്മേളനത്തില്‍ ‘കള്ളവോട്ടുകളി’ വി.എന്‍. വാസവന്‍ കണ്ടതുകൊണ്ടുമാത്രമാണ് താന്‍ ഒരു വോട്ടിന് രക്ഷപ്പെട്ടതെന്നും ആത്മകഥയില്‍ പറയുന്നു.

ഇ എം എസിനെതിരെയും

1991-ലെ സമ്മേളനത്തിനു മുമ്പ് തന്നെ ആരോഗ്യകാരണങ്ങളാല്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ്. തിരുവനന്തപുരത്ത് താമസമാക്കിയിരുന്നു. എഴുത്തും വായനയും പ്രസംഗവുമായി കഴിഞ്ഞ ഇ.എം.എസിന്റെ കേരള രാഷ്ട്രീയത്തിലേയും സാംസ്‌കാരിക മേഖലയിലേയും സാന്നിധ്യം സംസ്ഥാന സെക്രട്ടറിയായിരുന്നു വി.എസിന് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. അത് പുറമേ പ്രകടിപ്പിച്ചില്ലെങ്കിലും പ്രവൃത്തിയില്‍ പ്രതിഫലിച്ചിരുന്നുവെന്ന് ലോറന്‍സ് വിലയിരുത്തുന്നു.

ഇടത് മുന്നണിയിൽ അഖിലേന്ത്യാ ലീഗിനെയും കേരള കോൺഗ്രസിലെ ഒരു വിഭാഗത്തെയും എടുക്കുന്നതിനെ അനുകൂലിച്ച് ഇ.എം.എസ് എഴുതിയിരുന്നു. തുടർന്ന് ഇ.എം.എസ്. പാർട്ടി താല്പര്യത്തിനെതിരായി ലേഖനം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നതായി വി.എസ്. കേന്ദ്ര നേതൃത്വത്തെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ലോറൻസ് പറയുന്നു.

ഉപജാപകവൃന്ദങ്ങൾ വളർന്നും പാർട്ടി തളർന്നും

പാര്‍ട്ടിയെ കെട്ടിപ്പടുത്തത് ഒന്നോ രണ്ടോ പേര്‍ മാത്രമല്ല. നൂറുകണക്കിന് സഖാക്കള്‍ ജീവനും ജീവിതവും കുടുംബവും നഷ്ടപ്പെടുത്തിയാണ് കെട്ടിപ്പടുത്തത്. അങ്ങനെ അല്ലാത്ത ഏതുവലിയിരുത്തലും പ്രചാരണവും ശരിയല്ല. 1998-ല്‍ ഡല്‍ഹിയില്‍ നടന്ന കേന്ദ്രകമ്മിറ്റിയില്‍ തന്നെ ഒഴിവാക്കാനുള്ള തീരുമാനത്തിന് അനുകൂലമായി വോട്ടുചെയ്യാന്‍ അര്‍ബുദ രോഗബാധിതനായ അന്നത്തെ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദനെ ഡല്‍ഹിയില്‍ കൊണ്ടുപോകാന്‍ വി.എസ്. നിര്‍ബന്ധിച്ചു. പാര്‍ട്ടിയില്‍ എന്ന് നേതാക്കള്‍ക്കെല്ലാം ഉപജാപകവൃന്ദങ്ങള്‍ ഉണ്ടായോ അന്നുമുതല്‍ ഗ്രൂപ്പുകളും തുടര്‍ന്ന് വിഭാഗീയതയുമുണ്ടായി.

മാരാരിക്കുളത്ത് തോറ്റപ്പോൾ പാർട്ടി സ്ഥാനം മുറുക്കി

കോഴിക്കോട് നടന്ന പാർട്ടി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ആയിരുന്ന വി.എസ്. അച്യുതാനന്ദനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പകരം നായനാരെ ചുമതലപ്പെടുത്തണമെന്നും അഭിപ്രായം ഉണ്ടായി. നായനാർ ജയിക്കുമെന്ന് കണ്ടപ്പോൾ സംഘടനാ നേതൃത്വത്തിലുള്ളവർ ഭരണത്തിലേക്കും ഭരണത്തിലുള്ളവർ തിരിച്ചും മാറുക എന്ന ആശയം എസ്. രാമചന്ദ്രൻപിള്ള മുന്നോട്ട് വച്ചുവെന്ന് ലോറൻസ് ആത്മകഥയിൽ പറയുന്നു.

എന്നാൽ മാരാരിക്കുളത്ത് ജയിക്കാമെന്നുള്ള പ്രതീക്ഷകൾക്ക് വിരുദ്ധമായി പരാജയപ്പെട്ട വി.എസ്. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാൻ തയ്യാറായില്ലെന്നും നായനാർ ഇതിനെതിരെ രംഗത്ത് വന്നെന്നും ലോറൻസ് പറയുന്നുണ്ട്.

സമാപന സമ്മേളനത്തിൽ നായനാരെ സംസ്ഥാന സെക്രട്ടറിയാക്കാൻ തീരുമാനമായി. കോഴിക്കോട് സമ്മേളനത്തിന് ശേഷം തനിക്കെതിരെന്ന് തോന്നുന്നവരെ തെരെഞ്ഞുപിടിച്ച് പ്രതികാരം ചെയ്യാനുള്ള കരുക്കൾ നീക്കുന്നതിലേക്ക് അച്യുതാനന്ദൻ നീങ്ങിയെന്നും ലോറൻസ് പറയുന്നു. ആത്മകഥയിലെ വിഭാഗീയത എന്ന അധ്യത്തിലാണ് ഇക്കാര്യങ്ങൾ വിവരിക്കുന്നത്.

മൂന്നു ദിവസം മഴ

0

നവംബര്‍ 3 മുതല്‍ 6 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും, നവംബര്‍ 3, 4 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്ക് കിഴക്കന്‍ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കന്‍ / വടക്ക് കിഴക്കന്‍ കാറ്റിന്റെയും സ്വാധീനഫലമായാണ് മഴ.

അനുനയിപ്പിക്കാൻ കെ സുധാകരൻ, പട്ടി പ്രയോഗം നേതാക്കളെ കുറിച്ചല്ല

പരാമർശം വിവാദമാകുന്ന പശ്ചാത്തലത്തിൽ ലീ​ഗ് നേതാക്കളെ അനുനയിപ്പിക്കാൻ കെ സുധാകരൻ. നേതാക്കളെ കെ. സുധാകരൻ ഫോണിൽ വിളിക്കുകയും പരാമർശം ലീ​ഗിനെക്കുറിച്ചല്ല എന്ന് വിശദീകരിക്കുകയും ചെയ്തു.

പരാമർശത്തിൽ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം രം​ഗത്തെത്തിയിരുന്നു. സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോ​ഗിക്കണമെന്നായിരുന്നു സലാമിന്റെ പ്രതികരണം. സിപിഎമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. വരുന്ന ജന്മം പട്ടിയാകുന്നിന് ഇപ്പോഴേ കുരയ്ക്കാൻ പറ്റുമോ എന്നും ഇന്നലെ പ്രതികരണത്തിനിടെ സുധാകരന്‍ ഇന്നലെ പരാമര്‍ശം നടത്തിയിരുന്നു. സിപിഎം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ പിഎംഎ സലാം അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയമാണെന്നും അത് യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും വ്യക്തമാക്കി.

മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ‘ആണുങ്ങൾ’ എവിടെയായിരുന്നെന്ന് തൃശ്ശൂർ അതിരൂപത

തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് മുൻകൂട്ടി ആരംഭിച്ചിരിക്കെ ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെ ചോദ്യങ്ങൾ ഉന്നയിച്ച് തൃശ്ശൂര്‍ അതിരൂപത. തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്നാണ് അതിരൂപത മുഖപത്രം ‘കത്തോലിക്കാസഭ’യുടെ ലേഖനത്തിൽ

ഓർമ്മപ്പെടുത്തുന്നത്. മണിപ്പുരിലും യു.പി.യിലും കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങള്‍ ഉണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന മുഖപത്രം ഇഴകീറി പരിശോധിക്കുന്നുണ്ട്.

മണിപ്പുര്‍ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവര്‍ക്ക് മനസിലാകും. മണിപ്പുർ കത്തിയപ്പോൾ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നെന്ന് പ്രധാനമന്ത്രിയോടോ പാർട്ടി കേന്ദ്രനേതൃത്വത്തോടോ ചോദിക്കാന്‍ ഇവർക്ക് ആണത്തമുണ്ടായിരുന്നോ എന്ന് ജനങ്ങൾ ചോദിക്കുന്നു എന്ന് മുഖപത്രം ഓർമ്മപ്പെടുത്തുന്നു.

സ്വന്തം പാർട്ടിക്ക് തൃശ്ശൂരിൽ പറ്റിയ ‘ആണുങ്ങൾ’ ഇല്ലാത്തതുകൊണ്ടാണോ ഇദ്ദേഹം ജില്ലയിൽ ആണാകാൻ വരുന്നതെന്ന ചോദ്യം അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെ നേരത്തെ കൗതുകമുയർത്തിയിട്ടുണ്ടെന്നും മുഖപത്രം ഉദ്ദരിക്കുന്നുണ്ട്.

കരുവന്നൂർ പദയാത്രയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദമായ പരാമർശം. ഇതിനെതിരെ, മണിപ്പുര്‍ കലാപം ജനാധിപത്യബോധമുള്ളവര്‍ക്ക് അത്രവേഗം മറക്കാന്‍ പറ്റുന്നതല്ല. അതിനാല്‍ വിഷയം മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനങ്ങള്‍ ജാഗരൂകരാണെന്ന് ഓർമ്മപ്പെടുത്തുന്നുണ്ട്.

തിരഞ്ഞെടുപ്പിന് മുമ്പ്‌ മതതീവ്രവാദികള്‍ എത്ര ചമഞ്ഞാലും തിരിച്ചറിയാനുള്ള വിവേകം ജനങ്ങള്‍ കാണിക്കാറുണ്ടെന്ന ഓർമ്മപ്പെടുത്തൽ കൂടി ഇതോടൊപ്പം നടത്തുന്നുണ്ട്.

കെ-ടെറ്റ് വിജ്ഞാപനമായി, അപേക്ഷ 17 വരെ

അധ്യാപകയോഗ്യത പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള (കെ-ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ktet.kerala.gov.in വഴി നവംബർ ഏഴുമുതൽ 17 വരെ അപേക്ഷിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി./എസ്.ടി./ഭിന്നശേഷി/കാഴ്ചപരിമിത വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കേണ്ടതാണ്.

ലോവർപ്രൈമറി വിഭാഗം, അപ്പർപ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്കൂൾതലം വരെ) എന്നിവയിലെ അപേക്ഷകർക്കാണ് അവസരം.

ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങളടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവ ktet.kerala.gov.inpareekshabhavan.kerala.gov.in എന്നിവയിൽ ലഭ്യമാണ്.

ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരുപ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചുകഴിഞ്ഞാൽ പിന്നീട് ഒരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല.

ഓൺലൈൻ നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാവുന്നതാണ്. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി ഡിസംബർ 20.

കെ സുധാരകൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം, സി.പി.എം ക്ഷണം സംബന്ധിച്ച് നാളെ തീരുമാനിക്കും പിഎംഎ സലാം

പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിലേക്ക് സിപിഎമ്മിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പി.എം.എ സലാം. ഇടതുമുന്നണി രാഷ്ട്രീയവുമായോ കേരളത്തിലെ തിരഞ്ഞെടുപ്പുമായോ ബന്ധപ്പെട്ട വിഷയമല്ല മറിച്ച് മനസാക്ഷിയുള്ള മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന കാര്യമാണിത്. ക്ഷണം സ്വീകരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി നാളെ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്‌നമല്ല. ഒരു ജനവിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കൊല ചെയ്യുന്ന ഇസ്രയേലില്‍ പോലും ഇതിനെതിരേ പ്രകടനം നടക്കുന്നുണ്ട്. ലോകമനസാക്ഷിയുടെ കൂടെ ഞങ്ങളും നില്‍ക്കുകയാണ്’, വ്യക്തമാക്കി.

കോൺഗ്രസിൻ്റെ കാര്യം അവർ തീരുമാനിക്കണം, ഉന്നത സ്ഥാനത്തിരിക്കുന്നവർ വാക്കുകൾ സൂക്ഷിക്കണം

പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് എന്തുകൊണ്ടു പരിപാടികള്‍ സംഘടിപ്പിക്കുന്നില്ലെന്ന് അവര്‍തന്നെ പറയണമെന്നും അദ്ദേഹം പ്രതികരിച്ചു.

കെ. സുധാകരനെ പോലെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്ന് സുധാകരന്‍റെ ‘പട്ടി’ പരാമർശം സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി പി.എം.എ സലാം പറഞ്ഞു. സുധാകരൻ ഏത് സാഹചര്യത്തിലാണ് ഇത് പറഞ്ഞതെന്ന് യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിന്റെ പലസ്തീന്‍ സെമിനാറിലേക്ക് ക്ഷണിച്ചാല്‍ ലീഗ് പങ്കെടുക്കുമെന്ന ഇ.ടി മുഹമ്മദിന്റെ പ്രസ്താവനയ്ക്കുള്ള പ്രതികരണമായാണ് കെ. സുധാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്. അടുത്ത ജന്മത്തില്‍ പട്ടിയാകുമെന്നുകരുതി ഇപ്പോഴേ കുരയ്ക്കണോ എന്നായിരുന്ന സുധാകരന്റെ ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്.

അതേസമയം, മുസ്‍ലിം ലീഗ് യു.ഡി.എഫിന്‍റെ ഭാഗമാണെന്ന് കെ. സുധാകരൻ പറയേണ്ട കാര്യമില്ലെന്ന് എം.കെ മുനീർ പറഞ്ഞു. എല്ലാവരും കൂട്ടായാണ് യു.ഡി.എഫിൽ തീരുമാനങ്ങൾ എടുക്കാറുള്ളത്. ലീഗ് എന്നും യു.ഡി.എഫിന്‍റെ ഭാഗമാണെന്ന കാര്യത്തിൽ സംശയമില്ലെന്നും എം.കെ മുനീർ വ്യക്തമാക്കി. സി.പി.എം നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും. ഈ വിഷയത്തിൽ ആലോചിച്ച് അന്തിമ തീരുമാനം സ്വീകരിക്കുമെന്ന് മുനീർ പറഞ്ഞു.

ഷമി! താരനിര ഒടുങ്ങുന്നില്ല, ശ്രീലങ്കയെ തകർത്ത് ഇന്ത്യയുടെ മുന്നേറ്റം

0

ഏഷ്യൻ ശക്തികളായ ശ്രീലങ്കയെ 302 റൺസിന് തകർത്താണ് ഇന്ത്യ ജൈത്രയാത്ര തുടരുന്നത്. ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ ഏഴാം വിജയമാണിത്. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിജയത്തുടർച്ചയാണ്. ജയത്തോടെ ലോകകപ്പ് പോയിന്റ് പട്ടികയിൽ 14 പോയിന്റുമായി ഒന്നാമതെത്താൻ ഇന്ത്യയ്ക്കായി.

ഇനിയുള്ള രണ്ട് മത്സരങ്ങൾ തോറ്റാൽ പോലും ഇന്ത്യയുടെ സെമിയിലെ അവസരം നഷ്ടമാവില്ല. ലോകകപ്പില്‍ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവുമാണിത്.

2023 ലോകകപ്പിൽ ആദ്യമായി സെമി ഫൈനലിലെത്തുന്ന ടീം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്തിരുന്നു. വിരാട് കോഹ്ലി (88), ശുഭ്മൻ ഗിൽ (92), ശ്രേയസ് അയ്യർ (82) എന്നിവരുടെ അർധസെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ വാരിയത്. മറുപടിയായി 358 റൺസ് തേടി ബാറ്റ് വീശിയ ലങ്കയുടെ പോരാട്ടം 19.4 ഓവറിൽ 55 റൺസിൽ അവസാനിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ടൂര്‍ണമെന്റില്‍ മികച്ച ഫോം കാഴ്ചവെച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തുടക്കത്തില്‍ തന്നെ പുറത്തായി. വെറും നാല് റണ്‍സ് മാത്രമെടുത്ത താരത്തെ ദില്‍ഷന്‍ മധുശങ്ക അതിമനോഹരമായ ഒരു പന്തിലൂടെ ക്ലീന്‍ ബൗള്‍ഡാക്കി. ഇന്നിങ്‌സിലെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെയാണ് രോഹിത് പുറത്തായത്. ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് തുടങ്ങിയ രോഹിത്ത് പിന്നാലെ പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി.

അഞ്ച് ഓവറിൽ 18 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും, ഏഴ് ഓവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജുമാണ് ലങ്കയെ തരിപ്പണമാക്കിയത്. ജസ്പ്രീത് ബുംറ അഞ്ച് ഓവറിൽ 8 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും ഒരു വിക്കറ്റെടുത്തു.

ബുംറയുടേയും സിറാജിന്റേയും മാസ്മരിക ഓപ്പണിങ് സ്പെല്ലിൽ ഒരു ഘട്ടത്തിൽ, 3.1 ഓവറിൽ സ്കോർ ബോർഡിൽ മൂന്ന് റൺസ് എത്തുമ്പോഴേക്കും നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായിരുന്നു. ഈ ആഘാതത്തിൽ നിന്നും കരകയറാൻ ലങ്കയ്ക്ക് സാധിക്കും മുമ്പേ ഇന്ത്യ വിജയം പിടിച്ചെടുത്തു. മുഹമ്മദ് ഷമിയാണ് കളിയിലെ കേമൻ.

2023 ഏഷ്യാകപ്പ് ഫൈനലിന്റെ ബാക്കിപത്രമായിരുന്നു ഈ മത്സരം. മുന്‍നിര ബാറ്റര്‍മാരെല്ലാം നിറം മങ്ങി. വെറും മൂന്നേ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

അഞ്ച് ഇന്ത്യക്കാരുടെ വിക്കറ്റുകൾ പിഴുതെടുത്ത ദിൽഷൻ മധുശങ്കയാണ് ലങ്കൻ ബൌളർമാരിൽ തിളങ്ങിയത്. അതേസമയം, പത്തോവറിൽ 80 റൺസാണ് മധുശങ്ക വഴങ്ങിയത്. ഏകദിന ഫോർമാറ്റിൽ തന്റെ ആദ്യ 5 വിക്കറ്റ് നേട്ടമാണ് മധുശങ്ക ഇന്ന് സ്വന്തമാക്കിയത്. രോഹിത്, ഗിൽ, കോഹ്ലി, സൂര്യകുമാർ, ശ്രേയസ് എന്നിവരെയാണ് താരം പുറത്താക്കിയത്.

ഷമി ഇന്ത്യയുടെ പ്രതീക്ഷയുടെ താരത്തിളക്കം

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി മുഹമ്മദ് ഷമി. ശ്രീലങ്കയ്‌ക്കെതിരായ ഇന്നത്തെ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയാണ് ഷമി ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ് എന്നിവരുടെ റെക്കോഡാണ് പഴങ്കഥയായത്‌. 45 വിക്കറ്റുകളാണ് ഷമിയുടെ പേരിലുള്ളത്. വെറും 14 ലോകകപ്പ് മത്സരങ്ങളിൽ നിന്നാണ് ഷമി ഇത്രയധികം വിക്കറ്റുകൾ നേടിയത്.

ശ്രീലങ്കയ്‌ക്കെതിരേ വെറും അഞ്ചോവറില്‍ 18 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ഷമി അഞ്ചുവിക്കറ്റെടുത്തത്. അതില്‍ ഒരു മെയ്ഡന്‍ ഓവറും ഉള്‍പ്പെടും.

സഹീര്‍ഖാന്‍ 44 വിക്കറ്റെടുക്കാന്‍ 23 ലോകകപ്പ് മത്സരങ്ങള്‍ കളിച്ചു. ശ്രീനാഥ് 34 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും വിക്കറ്റുകള്‍ നേടിയത്. ഈ പ്രകടനത്തിന്റെ മികവില്‍ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഷമി എട്ടാം സ്ഥാനത്തെത്തി. 39 മത്സരങ്ങളില്‍ നിന്ന് 71 വിക്കറ്റെടുത്ത ഗ്ലെന്‍ മഗ്രാത്താണ് പട്ടികയില്‍ ഒന്നാമത്. 68 വിക്കറ്റുള്ള മുത്തയ്യ മുരളീധരന്‍ രണ്ടാമതും ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്ക് 56 വിക്കറ്റുമായി മൂന്നാമതുമാണ്.

താര മുന്നേററം

44 വിക്കറ്റുകളുണ്ടായിരുന്ന സഹീര്‍ ഖാന്റെയും ജവഗല്‍ ശ്രീനാഥിന്റെയും റെക്കോഡാണ് ഷമി ഇന്ന് തകര്‍ത്തത്. 23 ലോകകപ്പ് മത്സരങ്ങളിൽ നിന്നാണ് സഹീർ ഖാൻ 44 ലോകകപ്പ് വിക്കറ്റുകൾ നേടിയത്. 33 ലോകകപ്പ് മത്സരങ്ങളിൽ നിന്നായിരുന്നു മുൻ ഇതിഹാസ പേസർ ജവഗൽ ശ്രീനാഥ് 44 വിക്കറ്റുകൾ സ്വന്തമാക്കിയത്.

ഏകദിന ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം അഞ്ച് വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കിയ താരവും ഷമിയാണ്. നാല് തവണയാണ് താരം ലോകകപ്പുകളിൽ അഞ്ച് വിക്കറ്റെടുത്തത്. മൂന്ന് വീതം തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഹർഭജൻ സിങ്ങും ജവഗൽ ശ്രീനാഥുമാണ് ഷമിക്ക് പിന്നിലുള്ളത്.

രാത്രിയിൽ ആർക്കാണ് ഫോൺ ചെയ്യുന്നത് ? എത്തിക്സ് കമ്മിറ്റിയുടെ ചോദ്യങ്ങൾ റൂട്ട് മാറി, മഹുവ മൊയ്ത്ര ഇറങ്ങി പോയി

അദാനിക്കെതിരെ ചോദ്യം ചോദിയ്ക്കാൻ തൃണമൂൽ എംപി മഹുവ മൊയ്ത്ര കോഴ വാങ്ങിയെന്ന ആരോപണത്തിൽ ഹിയറിങ് നടത്തുന്ന എത്തിക്സ് കമ്മിറ്റി യോഗത്തിൽ നിന്നും നേതാക്കൾ ഇറങ്ങിപ്പോയി. മഹുവ മൊയ്ത്ര, ബി.എസ്.പി എംപി ഡാനിഷ് അലി തുടങ്ങിയ പ്രതിപക്ഷ എംപിമാരാണ് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിയത്.

വ്യക്തിപരമായ ചോദ്യങ്ങൾ എത്തിക്സ് കമ്മിറ്റിക്ക് മുൻപാകെ ഉയർന്നതിലാണ് എംപിമാരുടെ പ്രതിഷേധം. ആൺ സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾ നടക്കുന്നതിനെ കുറിച്ചായിരുന്നു ഒരു ചോദ്യം. കൂടാതെ രാത്രിയിൽ ഫോണിൽ സംസാരിക്കുന്നത് എന്തിനാണെന്നുമുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നുവെന്ന് മഹുവ മൊയ്ത്ര വ്യക്തമാക്കി.

ആരോപണം തെളിയിക്കാൻ എത്തിക്സ് കമ്മിറ്റി

ചോദ്യം ചോദിയ്ക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിൽ താൻ നിരപരാധിയാണെന്ന് മഹുവ എത്തിക്സ് പാനൽ കമ്മിറ്റിയെ അറിയിച്ചു. അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയുമായുള്ള വ്യക്തിബന്ധം തകർന്നതിന് പിന്നാലെയുണ്ടായ വിദ്വേഷത്തിന്റെ പേരിലാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്നാണ് മഹുവ എത്തിക്സ് കമ്മിറ്റിയെ അറിയിച്ചിട്ടുള്ളത്. കോൺഗ്രസ് എംപി എൻ ഉത്തം കുമാർ റെഡ്ഡി, ബിഎസ്പിയുടെ ഡാനിഷ് അലി തുടങ്ങിയ പ്രതിപക്ഷ എംപിമാർ മഹുവക്ക് പിന്തുണ പ്രഖ്യാപിച്ചു.

മഹുവ മൊയ്‌ത്രയോടുള്ള ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി ചെയർപേഴ്‌സന്റെ ചോദ്യങ്ങൾ മാന്യതയില്ലാത്തതും അധാർമികവുമാണെന്ന് കോൺഗ്രസ് എംപി എൻ ഉത്തം കുമാർ റെഡ്ഡി ആരോപിച്ചു. പ്രതിപക്ഷ നേതാക്കൾ ഇറങ്ങിയിട്ടും എത്തിക്‌സ് കമ്മിറ്റി ചർച്ചകൾ തുടർന്നു.

ചോദ്യം തയാറാക്കാൻ നൽകിയത് വിനയായി

ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ മഹുവ സമർപ്പിച്ച മൊഴിയുടെ വലിയൊരു ഭാഗം ദേഹാദ്രായിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ദേഹാദ്രായിയുടെ ആരോപണങ്ങൾ ഉദ്ധരിച്ച് ബിജെപി എംപി നിഷികാന്ത് ദുബെയാണ് മഹുവക്കെതിരെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകിയത്. പിന്നാലെയാണ് വിഷയം എത്തിക്സ് പാനൽ കമ്മിറ്റിക്ക് വിട്ടത്.

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്നും ലോക്‌സഭയിലേക്ക് നേരിട്ട് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള എംപിയുടെ പാർലമെന്ററി ലോഗിൻ ഐഡി പങ്കുവെച്ചെന്നുമുള്ള പരാതികളാണ് കമ്മിറ്റി നിലവിൽ അന്വേഷിക്കുന്നത്. ഇതിൽ ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം സമ്മതിച്ച് മഹുവ മൊയ്ത്ര നേരത്തെ രംഗത്തെത്തിയിരുന്നു. പാർലമെൻറ് ഇ-മെയിൽ വിവരങ്ങൾ കൈമാറിയിട്ടുള്ളതായും ലോഗിൻ, പാസ് വേഡ് വിവരങ്ങൾ കൈമാറിയത് ചോദ്യങ്ങൾ തയ്യാറാക്കാനാണെന്നും എന്നാൽ ഒരിക്കലും ലക്ഷ്യം പണമായിരുന്നില്ലെന്നും മൊയ്ത്ര വ്യക്തമാക്കിയിരുന്നു.

‘എത്തിക്സ് കമ്മിറ്റി ചെയര്‍മാന്റെ ചോദ്യങ്ങളുടെ ഓരോ വരിയും ആരുടേയോ നിര്‍ദേശം പ്രകാരം പ്രവര്‍ത്തിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇത് വളരെ മോശമാണ്. നിങ്ങള്‍ എങ്ങോട്ടാണ് യാത്ര ചെയ്തത്?, എവിടെ വെച്ചാണ് നിങ്ങള്‍ കണ്ടുമുട്ടുന്നത്?, നിങ്ങളുടെ ഫോണ്‍രേഖകള്‍ ഞങ്ങള്‍ക്ക് കൈമാറുമോ? എന്നൊക്കെയാണ് മഹുവയോട് ചോദിക്കുന്നത്’ കോണ്‍ഗ്രസ് എംപി ഉത്തംകുമാര്‍ റെഡ്ഡി പറഞ്ഞു.

മഹുവയ്ക്ക് മാത്രം എത്തിക്സ്

വലിയ ചർച്ചകൾക്ക് വഴിവച്ച ഈ വിവാദം കൈകാര്യം ചെയ്ത രീതിയിൽ ചില പിശകുകൾ ഉണ്ടെന്ന് പല പാർലമെന്ററികാര്യ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. ചോദ്യം ചോദിക്കുന്നതിനായി കോഴ വാങ്ങിയ പരാതികൾ നേരത്തെ ഉയർന്നപ്പോഴെല്ലാം പ്രിവിലേജ് കമ്മിറ്റിയോ പ്രത്യേക പാർലമെന്റ് സമിതികളോ ആയിരുന്നു അന്വേഷണം നടത്തിയിരുന്നത്. എന്നാൽ മഹുവ മൊയ്ത്രയുടെ കാര്യത്തിൽ മാത്രം എത്തിക്സ് കമ്മിറ്റിക്ക് വിട്ടത് ശരിയല്ലെന്നും അഭിപ്രായങ്ങളുണ്ട്.

തന്റെ ബിസിനസ് താത്പര്യങ്ങൾക്ക് വേണ്ടി ചില ചോദ്യങ്ങൾ സഭയിൽ ഉന്നയിക്കാൻ വ്യവസായിയായ ദർശൻ ഹിരനന്ദാനി മഹുവ മൊയ്ത്രയ്ക്ക് കോഴ നൽകിയെന്നായിരുന്നു പരാതി. ദുബെയുടെ പരാതി ലഭിച്ച സ്പീക്കർ ഓം ബിർള വിശദമായ പരിശോധനയ്ക്കായി എത്തിക്സ് കമ്മിറ്റിക്ക് വിടുകയായിരുന്നു. ചോദ്യങ്ങൾ ഉന്നയിക്കാൻ പണം വാങ്ങിയെന്ന പരാതികളിൽ സാധാരണയായി പരിശോധന നടത്തുക പാർലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റികളോ പ്രത്യേക സമിതികളോ ആണ്. അന്വേഷണങ്ങൾക്ക് ശേഷം പ്രസ്തുത എം പിക്കെതിരെ നടപടിയെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ശുപാർശ നൽകുകയും കണ്ടെത്തലുകൾ അടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുന്നത് ഇത്തരം കമ്മിറ്റികളാണ്. പാർലമെന്റിലെ പ്രവർത്തനങ്ങൾക്ക് നിയമവിരുദ്ധമായി സമ്മാനങ്ങളോ പണമോ സ്വീകരിച്ചതായി തെളിയിക്കപ്പെട്ടാൽ എംപിയെ സഭയിൽനിന്ന് പുറത്താക്കാൻ വരെ സാധ്യതയുണ്ട്.

നിയമം പഴയത്, കീഴ്വഴക്കവും

സഭയിൽ ചോദ്യമുന്നയിക്കാൻ കൈക്കൂലി വാങ്ങിയതായി ആദ്യം പരാതി ഉയരുന്നത് 1951ലാണ്. അന്നത്തെ പ്രൊവിഷണൽ പാർലമെന്റ് അംഗമായിരുന്ന എച്ച്. ജി മുഗ്ദലിനെതിരെ ഉയർന്ന പരാതിയിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് പ്രത്യേക പാർലമെന്റ് കമ്മിറ്റി കണ്ടെത്തുകയും അദ്ദേഹത്തെ പുറത്താക്കാൻ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. നടപടിയെടുക്കും മുൻപ് അദ്ദേഹം രാജിവയ്ക്കുകയും ചെയ്തിരുന്നു. 2005ൽ ഒരു സ്വകാര്യ ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ, ലോക്‌സഭയിലെ 10 അംഗങ്ങൾ പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് പണം സ്വീകരിച്ചതായി തെളിഞ്ഞിരുന്നു. തുടർന്ന് അന്വേഷണത്തിന് ഒരു പ്രത്യേക സമിതിയെ നിയമിക്കുകയും എംപിമാർ കുറ്റക്കാരാണെന്ന് കണ്ടെത്തി എല്ലാവരെയും പുറത്താക്കുകയും ചെയ്തിരുന്നു.

രണ്ടായിരത്തിലാണ് എത്തിക്സ് കമ്മിറ്റി രൂപീകരിക്കപ്പെടുന്നത്. എം പിമാരുടെ ഭാഗത്തുനിന്ന് അധാർമിക പ്രവർത്തനങ്ങൾ ഉണ്ടായതായി പരാതികൾ ഉയരുമ്പോൾ അവ അന്വേഷിക്കാനും ആവശ്യമായ നടപടികൾ ശുപാർശ ചെയ്യുകയുമായിരുന്നു കമ്മിറ്റിയുടെ ചുമതല. കൂടാതെ എം പിമാർക്കുള്ള പെരുമാറ്റ ചട്ടങ്ങൾ രൂപീകരിക്കാനുള്ള ചുമതലയും എത്തിക്സ് കമ്മിറ്റിക്കായിരുന്നു. മഹുവ മൊയ്‌ത്രയ്ക്കെതിരെ ഉയർന്നിരിക്കുന്നത് കൈക്കൂലി ആരോപണമായതുകൊണ്ട് തന്നെ, വിഷയം പ്രത്യേകാവകാശ ലംഘനത്തിന്റെ പരിധിയിലാകും വരിക. അതുകൊണ്ട് തന്നെ അവ കൈകാര്യം ചെയ്യാൻ എത്തിക്‌സ് കമ്മിറ്റിക്ക് സാധിക്കില്ല.

തീപ്പൊരു ചോദ്യങ്ങൾ വരുന്ന വഴിയും

മഹുവ മൊയ്ത്ര തന്റെ പാർലമെന്ററി അക്കൗണ്ടിന്റെ പാസ്സ്‌വേർഡും ലോഗിൻ വിവരങ്ങളും മറ്റൊരാളുമായി പങ്കിട്ടതാണ് ദുബെയുടെ പരാതിയിൽ ഉന്നയിക്കപ്പെടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. വാസ്തവത്തിൽ സഭയിൽ ഉന്നയിക്കേണ്ട ചോദ്യങ്ങൾ സ്വയം തയ്യാറാക്കി തങ്ങളുടെ അക്കൗണ്ടിൽ ചേർക്കുന്ന പതിവ് എം പിമാർക്കില്ലെന്ന് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ ആയിരുന്ന പി ഡി ടി ആചാരി പറയുന്നു.

എം പിമാർക്ക് അതിനാവശ്യമായ സമയമില്ലാത്തതിനാൽ അവർ പേർസണൽ അസ്സിസ്റ്റന്റുമാരുടെ സഹായം അതിനായി തേടാറുണ്ട്. കൂടാതെ ചോദ്യങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള ചട്ടക്കൂടുകളും ലോക്സഭാ തയാറാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പാർലമെന്ററി കാര്യങ്ങൾക്കായി മറ്റൊരാളുടെ സഹായം തേടാൻ എംപിമാർക്ക് സ്വാതന്ത്ര്യമുണ്ട്. ഒപ്പം പാർലമെന്ററി പ്രവർത്തനങ്ങൾ നടത്താൻ തനിക്ക് എവിടെ നിന്നാണ് വിവരങ്ങൾ ലഭിക്കുന്നതെന്ന് വെളിപ്പെടുത്തേണ്ട ബാധ്യതയും അവർക്കില്ല. അതിനാൽ മഹുവയുടെ ചോദ്യങ്ങളുടെ സ്രോതസിലേക്കുള്ള അന്വേഷണം നിയമപരമായി നിലനിൽക്കുമോ എന്നതും തർക്കമാണ്.

അദാനി ഗ്രൂപ്പിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും താറടിക്കുക ലക്ഷ്യമിട്ട് വ്യവസായിക്ക് വേണ്ടി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ എംപി കൈക്കൂലി വാങ്ങിയെന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചത്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് ചോദ്യങ്ങള്‍ ചോദിച്ചതിന് മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച സുപ്രീം കോടതി അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായിയെ കഴിഞ്ഞ മാസം സദാചാര സമിതി വിസ്തരിച്ചിരുന്നു.

ഇലക്ടറൽ ബോണ്ട് കേസ് വിധിപറയാൻ മാറ്റി

0

രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകുന്ന ഇലക്ടറൽ ബോണ്ട്‌ സംവിധാനത്തിനെതിരെ സമർപ്പിച്ച ഹർജികളിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് ഹർജികളിൽ വിധി പറയുന്നത് മാറ്റിവെച്ചത്.

ഇലക്ട്രൽ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നാണ് ഹർജിക്കാരുടെ വാദം. സിപിഎം, ഡോ ജയ താക്കൂർ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്നിവരാണ് ഹർജിക്കാർ.

സുപ്രീം കോടതി പറഞ്ഞിട്ടും

ഇലക്ടറൽ ബോണ്ട് സംഭാവനകളുടെ ഡാറ്റ ഇതുവരെ നൽകാത്തതിൽ ഇലക്ഷൻ കമ്മീഷനോട് സുപ്രീം കോടതി അതൃപ്തി അറിയിച്ചു. 2019 ഏപ്രിൽ 12-ന് പാസാക്കിയ ഇടക്കാല ഉത്തരവ് പ്രകാരം, ഇലക്ടറൽ ബോണ്ട് ഫണ്ടിങ്ങിന്റെ ഡാറ്റ സൂക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്ന് കോടതി ഓർമിപ്പിച്ചു. എന്നാൽ വിധി 2019 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ടതാണെന്ന ധാരണയായിരുന്നു കമ്മീഷന് ഉണ്ടായതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അമിത് ശർമ കോടതിയെ അറിയിച്ചു. എന്നാൽ കമ്മീഷന്റെ വാദം ബെഞ്ച് അംഗീകരിച്ചില്ല. വിവരങ്ങൾ തുടർച്ചയായി ശേഖരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന സ്വീകരിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളോടും ദാതാക്കളുടെ വിശദമായ വിവരങ്ങൾ, മുദ്രവച്ച കവറിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാനായിരുന്നു 2019 ഏപ്രിലിൽ പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നത്. ഓരോ ബോണ്ടിനും ലഭിച്ച തുകയും തുക ക്രെഡിറ്റ് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളുംഓരോ ക്രെഡിറ്റിന്റെയും തീയതിയുമടക്കം .’ ഉത്തരവ് പ്രകാരം വിശദാംശങ്ങൾ മുദ്രവച്ച കവറിൽ കോടതിയിൽ നൽകാനും ഉത്തരവിൽ പറഞ്ഞിരുന്നു.