കാവല്‍ മന്ത്രിസഭയ്ക്ക് അന്ത്യം, പാകിസ്ഥാനിൽ ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ്

0

പാകിസ്ഥാനിൽ തിരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍
സുപ്രീം കോടതിയെ അറിയിച്ചു. മണ്ഡലപുനര്‍നിര്‍ണയം ജനുവരി 29-ന് പൂര്‍ത്തിയാകും. ഇതോടെ 2024 ഫെബ്രുവരി 11-നാണ് തിരഞ്ഞെടുപ്പ് നടത്താൻ ഒരുക്കം.

2022 ഏപ്രിലില്‍ പാകിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാറിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഷെഹബാസ് ഷെരിഫ് പാക് പ്രധാനമന്ത്രിയായി. കഴിഞ്ഞ ഓഗസ്റ്റില്‍ സഭ പിരിച്ചുവിട്ടു. ഇതിനെ തുടര്‍ന്ന് അന്‍വാര്‍ ഉള്‍ ഹഖ് കകര്‍ പ്രധാനമന്ത്രിയായ കാവല്‍ മന്ത്രിസഭയാണ് നിലവിലുള്ളത്.

ദേശീയസഭയും പ്രവിശ്യാസഭകളും പിരിച്ചുവിട്ട് മൂന്ന് മാസത്തിനകം പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന മൂന്നംഗ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍, പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ.), മുനീര്‍ അഹമ്മദ്, ഇബാദ്-ഉര്‍-റഹ്മാന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.

നവംബര്‍ ഏഴിനാണ് പാകിസ്ഥാൻ ദേശീയസഭയുടെ കാലാവധി അവസാനിക്കുന്നത്. കാലാവധി അവസാനിച്ചാല്‍ 90 ദിവസത്തിനകം പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് അവിടത്തെ നിയമം. തിരഞ്ഞെടുപ്പ് നിയമപ്രകാരം സെന്‍സസിന് ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്‍ മണ്ഡലപുനര്‍നിര്‍ണയം നിര്‍ബന്ധമായി നടത്തണമെന്നുണ്ട്.

2024 ജനുവരിയില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍ കൃത്യമായ തീയതി പറഞ്ഞിരുന്നില്ല.

വൈദ്യുതി നിരക്ക് കൂട്ടി, യൂണിറ്റിന് 20 പൈസ മുതൽ കൂടുതൽ നൽകണം

0

വൈദ്യുതി നിരക്ക് വീണ്ടും കൂട്ടി. 2023-24 വര്‍ഷത്തെ കമ്മി 720 കോടി രൂപയാണെന്ന് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷന് മുന്നാലെ വാദിച്ചു. കുറഞ്ഞത് 28 പൈസയെങ്കിലും യൂണിറ്റിന് വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം.

എന്നാൽ 20 പൈസ മാത്രം വര്‍ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷന്‍ ഇടക്കാല ഉത്തരവ് നൽകി. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ദ്ധനവില്ല.. ഇവര്‍ നിലവിലെ നിരക്ക് മാത്രം നല്‍കിയാല്‍ മതി.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെയും ലോടെന്‍ഷന്‍- ഹൈടെന്‍ഷന്‍ ഉപയോക്താക്കളെയും താരിഫ് വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വർധന ഓരോരുത്തർക്കും

2023 നവംബര്‍ ഒന്ന് മുതല്‍ 2024 ജൂണ്‍ 30 വരെയാണ് നിരക്ക് വര്‍ധന പ്രാബല്യത്തിലാകുക. 50 യൂണിറ്റ് വരെയുള്ളവര്‍ക്ക് നിലവില്‍ 193 രൂപയാണ് നിലവിലെ നിരക്ക്. അവര്‍ക്ക് 3.95 പൈസയാണ് യൂണിറ്റിന് ഈടാക്കുന്നത്. പുതുക്കിയ താരിഫ് പ്രകാരം 4.5 രൂപയായി മാറും.

51 മുതല്‍ മുകളിലേക്ക് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ യൂണിറ്റിന് 15 പൈസയാണ് അധികമായി നല്‍കേണ്ടത്. 151 മുതല്‍ 200 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 20 പൈസ അധികമായി നല്‍കണം.

സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് 2.5 ശതമാനം താരിഫ് വര്‍ധന ഉണ്ടായിട്ടുണ്ട്. അനാഥാലായങ്ങള്‍, വൃദ്ധ സദനങ്ങള്‍, ഐടി- ഐടി അനുബന്ധ വ്യവസായങ്ങള്‍ എന്നിവയ്ക്ക് താരിഫ് വര്‍ധനയില്ല.

ജയിച്ചു പിന്നെ തോറ്റു, കേരള വർമ്മ കോളിജ് തീരഞ്ഞെടുപ്പ് കോടതിയിലേക്ക്

കേരള വർമ കോളേജിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച കാഴ്ചപരിമിതിയുള്ള കെഎസ്‌യു സ്ഥാനാർഥി ശ്രീക്കുട്ടൻ ആദ്യ ഫല പ്രഖ്യാപനത്തിൽ ജയിച്ചു . പിന്നെയും എണ്ണിയപ്പോൾ തോറ്റു.  യൂണിയന്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചു.

അട്ടിമറി നടന്നെന്ന പൂര്‍ണ്ണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കെഎസ്‌യു ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയായിരുന്ന ശ്രീക്കുട്ടന്‍ പറയുന്നു. ഇടയ്ക്കിടെ വൈദ്യുതി നിലയ്ക്കുകയും മുന്‍പ് എണ്ണിയതിനേക്കാള്‍ വോട്ടുകള്‍ റീകൗണ്ടിങ് ആയപ്പോള്‍ ചില ബാലറ്റ് ബോക്‌സുകളില്‍ പ്രത്യക്ഷപ്പെടുകയുമുണ്ടായി. തിരഞ്ഞെടുപ്പ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിട്ടേണിങ് ഓഫീസറെ സമീപിച്ചപ്പോള്‍ അദ്ദേഹം പരാതി വാങ്ങാന്‍ പോലും തയ്യാറായില്ലെന്നും ശ്രീക്കുട്ടന്‍ പരാതിപ്പെട്ടു.

ആദ്യഘട്ട വോട്ടെണ്ണലില്‍ ശ്രീക്കുട്ടന്‍ ഒരു വോട്ടിന് ജയിച്ചിരുന്നു. തുടര്‍ന്ന് നടന്ന റീകൗണ്ടിങ്ങില്‍ എസ്എഫ്‌ഐ ജയിച്ചതായി കണ്ടെത്തി.

ശ്രീക്കുട്ടൻ പറയുന്നു


കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ 896 വോട്ടുകള്‍ നേടിയാണ് കെഎസ്‌യു ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയായ ഞാന്‍ വിജയിച്ചത്. എന്നാല്‍ ഈ ഫലം അംഗീകരിക്കാന്‍ എസ് എഫ് ഐ തയ്യാറായില്ല. അവര്‍ ബഹളം വെച്ചു. റീകൗണ്ടിങ് ആവശ്യപ്പെട്ടു. അതിനെ ഞങ്ങള്‍ ഒരിക്കലും എതിര്‍ത്തിരുന്നില്ല. റീകൗണ്ടിങ് ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത് നടത്തിയ രീതിയോടാണ് എനിക്കും കെഎസ് യുവിനും വിയോജിപ്പുള്ളത്. രാത്രി ഏറെ വൈകിപ്പിച്ചും ഇടയ്ക്കിടെ നിര്‍ത്തിവെപ്പിച്ചുമാണ് റീകൗണ്ടിങ് നടന്നത്. പലതവണകളായി ഒന്നര മണിക്കൂറോളം ക്യാമ്പസില്‍ വൈദ്യുതി മുടങ്ങുകയും ചെയ്തു. ഇത് ഞങ്ങള്‍ക്ക് ചില സംശയങ്ങളുണ്ടാക്കി. ആദ്യഘട്ടത്തില്‍ എണ്ണിയപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പല ബാലറ്റ് ബോക്‌സുകളിലും കാണാന്‍ കഴിഞ്ഞുവെന്ന് പ്രതിനിധികള്‍ പറഞ്ഞു. കൗണ്ടിങ് റൂമിലുണ്ടായിരുന്ന ഭൂരിഭാഗം ആളുകളും ഇടത് അനുകൂല അധ്യാപക സംഘടനാ നേതാക്കളുമായിരുന്നു. റീകൗണ്ടിങ് അനിശ്ചിതമായി നീണ്ട് പോകുകയും ചില സംശയങ്ങള്‍ ഉയരുകയും ചെയ്തതോടെ കൗണ്ടിങ് നിര്‍ത്തിവെക്കാന്‍ റിട്ടേണിങ് ഓഫീസര്‍ക്ക് ഞാന്‍ എഴുതി നല്‍കിയെങ്കിലും അദ്ദേഹമത് സ്വീകരിക്കാന്‍ പോലും തയ്യാറായില്ല.ഞങ്ങളുയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് വസ്തുതയുണ്ടെന്ന ബോധ്യത്തോടെയാണ് കോടതിയില്‍ പോകുന്നത്. ക്യാമ്പസിലെ എല്ലാ വിദ്യാര്‍ഥികളും കഴിഞ്ഞ ദിവസം നടന്ന റീകൗണ്ടിങ് നാടകത്തില്‍ അംസതൃപ്തരാണ്. പ്രിന്‍സിപ്പള്‍ പലതവണ കൗണ്ടിങ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടും റിട്ടേണിങ് ഓഫീസര്‍ അത് വകവെച്ചില്ല’ ശ്രീക്കുട്ടന്‍ പ്രതികരിച്ചു.

പ്രിൻസിപ്പൽ പറയുന്നത്

കൗണ്ടിങ് നിര്‍ത്തിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതായി പ്രിന്‍സിപ്പല്‍ ടി.ഡി.ശോഭ വെളിപ്പെടുത്തുകയും ചെയ്തു. കോളേജ് മാനേജര്‍ കൂടിയായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൗണ്ടിങ് തുടരാന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ തനിക്ക് അത് കേള്‍ക്കുകയല്ലാതെ നിവൃത്തിയില്ലെന്നും ശോഭ വ്യക്തമാക്കി.

ഇതിനിടെ ഇന്ന് രാവിലെ തിരഞ്ഞെടുപ്പില്‍ തോറ്റ ശ്രീക്കുട്ടനെ തോളിലേറ്റി കെഎസ്‌യു പ്രവര്

സഹപാഠികളോട് സംസാരിച്ച വിദ്യാർഥിയെ തല്ലി ചതച്ചു , അധ്യാപകന് എതിരെ ജാമ്യമില്ലാ വകുപ്പ്

ക്ലാസിലെ പെൺകുട്ടിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. മലപ്പുറം ഒഴുകൂർ ക്രസന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ സ്കൂളിലെ അധ്യാപകനായ സുബൈറിനെതിരെയാണ് കേസ്.

ഐപിസി 341, ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാർത്ഥിയുടെ ദേഹമാസകലം മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.

കുട്ടിയുടെ  ക്ലാസില്‍ പഠിപ്പിക്കാത്ത അധ്യാപകനാണ്. ക്ലാസിലെ  പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് സംസാരിക്കുന്നതിനിടയില്‍ അധ്യാപകന്‍ മൊബൈലില്‍ ഫോട്ടോയെടുത്തു.

ശേഷം മോശമായി സംസാരിക്കയും വടികൊണ്ട് പലതവണ തല്ലിയെന്നുമാണ് പരാതി. സംഭവത്തിൽ ചൈൽഡ് ലൈൻ കേസെടുത്തിരുന്നു. കുട്ടിയുടെ കാലിലും നെഞ്ചിലും തുടയിലും മറ്റു ശരീരഭാഗങ്ങളിലും അടി കൊണ്ടു.

സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അധ്യാപകനില്‍നിന്ന് വിശദീകരണം തേടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാൽ അധ്യാപകൻ മുങ്ങി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമായിരുന്നു കേസിന് ആസ്പദമായ സംഭവം. വിദ്യാർത്ഥിയിൽ നിന്ന് ചൈൽഡ് ലൈൻ അധികൃതരും പൊലീസും മൊഴിയെടുത്തിട്ടുണ്ട്. അധ്യാപകനെ പൊലീസ് തിരയുകയാണ്.

ബില്ല് പിടിച്ചു വെച്ചു, സുപ്രീം കോടതിയെ സമീപിച്ചതോടെ അംഗീകാരം നൽകി, പഞ്ചാബിൽ എ എ പി സർക്കാർ ഗവർണർ പോര്

ഗവർണർ പദവിയിലെ കക്ഷി രാഷ്ട്രീയം വിവാദമാകുന്നതിനിടെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടും എന്നായതോടെ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള രണ്ട് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കി പഞ്ചാബ് ഗവര്‍ണര്‍. നേരത്തേ അംഗീകാരം നല്‍കാതെ പിടിച്ചുവച്ച ബില്ലുകള്‍ക്കാണ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അംഗീകാരം നല്‍കിയത്. ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവച്ചതിനെതിരെ എ.എ.പി. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി.

ഒക്ടോബര്‍ 20, 21 തീയതികളിലെ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരുന്ന മൂന്ന് ബില്ലുകളാണ് ഗവര്‍ണര്‍ തടഞ്ഞുവച്ചത്. ബില്ലുകള്‍ തികച്ചും നിയമവിരുദ്ധ’മാണ് എന്ന് പറഞ്ഞാണ് പുരോഹിത് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതിരുന്നത്. ബില്ലുകള്‍ താന്‍ വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞ് നേരത്തേ ഗവര്‍ണര്‍ മുഖ്യമന്ത്രി ഭഗവന്ത് മന്നിന് കത്തയച്ചിരുന്നു. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മിക്കതിലും ഗവർണർ പദവി രാഷ്ട്രീയ ലക്ഷ്യത്തോടെയായി മാറുന്ന എന്ന പരാതി നിലനിൽക്കയാണ്. ഇതിനിടയിലാണ് എ എ പി സർക്കാർ സുപ്രീം കോടതിയിൽ എത്തിയത്.

ബില്ല് പിടിച്ച് വെച്ചതോടെ എ.എ.പി. സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ മൂന്നില്‍ രണ്ട് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. ധന ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണറുടെ അനുമതി വേണമെന്ന പിടിവള്ളി ഉപയോഗിച്ചാണ് പുരോഹിത് ബില്ലുകള്‍ പിടിച്ചുവച്ചത്.

പഞ്ചാബ് ജി.എസ്.ടി. (ഭേദഗതി) ബില്‍ 2023, ഇന്ത്യന്‍ സ്റ്റാമ്പ് (പഞ്ചാബ് ഭേദഗതി) ബില്‍ 2023 എന്നീ ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കാനാണ് ഗവര്‍ണര്‍ ഇപ്പോള്‍ അംഗീകാരം നല്‍കിയത്. സംസ്ഥാനത്ത് ജി.എസ്.ടി. അപ്പ്‌ലെറ്റ് ട്രിബ്യൂണല്‍ രൂപവത്കരിക്കുന്നതിനും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് ജി.എസ്.ടി. ചുമത്തുന്നതിനുമായുള്ള ബില്ലാണ് ആദ്യത്തേത്. വസ്തുവകകള്‍ പണയപ്പെടുത്തുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുന്നതിനുള്ള ബില്ലാണ് രണ്ടാമത്തെത്.

അതേസമയം മൂന്നാമത്തെ ബില്ലായ പഞ്ചാബ് ഫിസ്‌കല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്‌മെന്റ് (ഭേദഗതി) ബില്ലിന് അംഗീകാരം ലഭിച്ചിട്ടില്ല. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഗവര്‍ണര്‍ക്കെതിരെ പഞ്ചാബിലെ എ.എ.പി. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. നേരത്തേ മാര്‍ച്ചില്‍ ബജറ്റ് സമ്മേളനം വിളിക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനം തിരിച്ചയച്ചതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

നിയമസഭ പാസാക്കിയ സിഖ് ഗുരുദ്വാരാസ് ബില്‍, പഞ്ചാബ് യൂണിവേഴ്‌സിറ്റീസ് ലോ, പഞ്ചാബ് പോലീസ് ബില്‍, പഞ്ചാബ് അഫിലിയേറ്റഡ് കോളേജസ് ബില്‍ എന്നീ നാല് ബില്ലുകള്‍ക്ക് ഇതുവരെ ഗവര്‍ണറുടെ അംഗീകാരം ലഭിച്ചിട്ടില്ല. ജൂണില്‍ നടന്ന സമ്മേളനത്തില്‍ നിയമസഭ പാസാക്കിയ ബില്ലുകളാണ് ഇവ. നിയമവിരുദ്ധം എന്ന കാരണം തന്നെയാണ് ഈ ബില്ലുകള്‍ ഒപ്പിടാതിരിക്കാനും ഗവര്‍ണര്‍ പറഞ്ഞത്. പരമാവധി പഴുതുകൾ ഉള്ള ബില്ലുകൾ പിടിച്ചു വെക്കുക. ഏറ്റുമുട്ടുക എന്ന സമീപനമാണ് പ്രതിപക്ഷ സംസ്ഥാനങ്ങളിൽ കാണാനാവുന്നത്.

ടി.പത്മനാഭൻ, ജസ്റ്റീസ് ഫാത്തിമ ബീവി, കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

0

സംസ്ഥാന സര്‍ക്കാരിൻ്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2023ലെ കേരള ജ്യോതി പുരസ്‌കാരം സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ടി. പത്മനാഭന് ലഭിച്ചു. സാമൂഹ്യ സേവന, സിവില്‍ സര്‍വീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജസ്റ്റിസ്(റിട്ട.) എം. ഫാത്തിമ ബീവിക്കാണ് പുരസ്കാരം.

കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നടരാജ കൃഷ്ണമൂര്‍ത്തി(സൂര്യ കൃഷ്ണമൂര്‍ത്തി) എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിന് അര്‍ഹരായി.

സാമൂഹ്യ സേവന മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പുനലൂര്‍ സോമരാജന്‍, ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഡോ. വി.പി. ഗംഗാധരന്‍, വ്യവസായ-വാണിജ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രവി ഡി സി, സിവില്‍ സര്‍വീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കെ.എം. ചന്ദ്രശേഖര്‍, കല(സംഗീതം) മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പണ്ഡിറ്റ് രമേശ് നാരായണ്‍ എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

വിവിധ മേഖലകളിലെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ജ്യോതി’ വര്‍ഷത്തില്‍ ഒരാള്‍ക്കും, രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള പ്രഭ’ വര്‍ഷത്തില്‍ രണ്ടുപേര്‍ക്കും, മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ശ്രീ’ വര്‍ഷത്തില്‍ അഞ്ചുപേര്‍ക്കും എന്ന ക്രമത്തില്‍ നല്‍കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

അടൂര്‍ ഗോപാലകൃഷ്ണന്‍, കെ. ജയകുമാര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ അവാര്‍ഡ് സമിതിയാണ് പുരസ്‌കാര നിർണ്ണേതാക്കൾ.

നാലു ദിവസം ബെംഗളൂരു നഗരത്തെ വിറപ്പിച്ച പുലിയെ അവസാനം വെടിവെച്ച് കൊന്നു

ബെംഗളൂരു നഗരത്തിൽ ഇറങ്ങിയ പുലിയെ അവസാനം ഗത്യന്തരമില്ലാതെ വെടിവെച്ച് കൊന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പുലിയെ കുടുക്കാനായില്ല. ആക്രമണവും നേരിട്ടു. ഇതോടെ പ്രത്യേക അനുമതി എന്ന നിയമ ആനുകൂല്യം ഉപയോഗിച്ചാണ് പുലിയെ വെടിവെച്ചത്.

കുഡ്‌ലുഗേറ്റിന് സമീപത്ത് വെച്ചാണ് പുലിയെ പിടികൂടിയത്. മയക്കുവെടി വെക്കാന്‍ ശ്രമിക്കുന്നതിനിടെ പുലി വനംവകുപ്പ് ഉദ്യാഗസ്ഥർക്ക് നേരെ തിരിഞ്ഞു. പിന്നാലെ പുലിയെ വെടിവെക്കുകയായിരുന്നു. ജീവന് ഭീഷണിയുള്ള സാഹചര്യങ്ങളില്‍ വന്യമൃഗങ്ങളെ വെടിവെക്കാന്‍ വനംവകുപ്പ് മേധാവിക്ക് അനുമതി നല്‍കാം എന്ന ഉപാധിയാണ് പ്രയോജനപ്പെടുത്തിയത്.

നഗരത്തിൽ ജനവാസ കേന്ദ്രങ്ങളിലായിരുന്നു പുലിയുടെ കറക്കം. അപ്പാർട്മെൻ്റുകൾക്ക് അകത്ത് വരെ കടന്നെത്തി നാലു ദിവസം ഭീതി വിതച്ചു. നിസ്സഹായമായി വെടി വെച്ച് കൊല്ലുകയായിരുന്നു.

പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് നാലുദിവസം കഴിഞ്ഞാണ് വെടിവെച്ച് കൊല്ലേണ്ടി വന്നത്. ബൊമ്മനഹള്ളി, സിങസാന്ദ്ര തുടങ്ങിയ പ്രദേശങ്ങളില്‍ മയക്കുവെടിവെക്കാനുള്ള സംവിധാനങ്ങളുമായി വനംവകുപ്പ് പരിശോധനനടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പുലിയെ പിടികൂടാനായി മൈസൂരുവില്‍ നിന്നുള്ള വനംവകുപ്പിന്റെ ആറംഗ ദൗത്യസംഘവും നഗരത്തിലെത്തി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടാന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഈ സംഘം.

തെര്‍മല്‍ ഇമേജിങ് ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും ഉപയോഗിച്ചായിരുന്നു തിരച്ചില്‍. എ.ഇ.സി.എസ്. ലേഔട്ടിലെ 14 ഏക്കറോളമുള്ള ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യഭൂമിയില്‍ കൂടും സ്ഥാപിച്ചിരുന്നു എന്നാൽ ശ്രമങ്ങൾ എല്ലാം നിസ്സഹായമായി.

ഇതര മതക്കാരനെ പ്രണയിച്ചതിന് പിതാവ് ബലമായി വിഷം കുടിപ്പിച്ച പെൺകുട്ടി അത്യാസന്ന നിലയിൽ

വ്യത്യസ്ത മതവിശ്വാസം പിന്തുടരുന്ന കുടുംബത്തിലെ ആണ്‍കുട്ടിയുമായുള്ള പ്രണയത്തിൻ്റെ പേരില്‍ പതിനാലുകാരിയായ മകളെ പിതാവ് ബലമായി വിഷം കുടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു. എറണാകുളം ആലങ്ങാടാണ് സംഭവം. മകളെ ഇരുമ്പടികൊണ്ട് തല്ലി പരുക്കേല്‍പ്പിച്ച ശേഷം പിതാവ് ബലമായി മകളെക്കൊണ്ട് കളനാശിനി കുടിപ്പിക്കുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മ തത്സമയത്ത് ഇടപെട്ടതിനാലാണ് കുട്ടിയുടെ ജീവൻ നിലനിർത്താനായത്.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി സ്‌കൂളിലെ സഹപാഠിയായ മറ്റൊരു വിദ്യാര്‍ഥിയായി പ്രണയത്തിലായിരുന്നു. ഈ ബന്ധം അറിഞ്ഞ പിതാവ് വിലക്കുകയും പെണ്‍കുട്ടിയുടെ ഫോണ്‍ വാങ്ങിവയ്ക്കുകയും ചെയ്തു. എന്നാല്‍ മറ്റൊരു ഫോണ്‍ ഉപയോഗിച്ച് പെണ്‍കുട്ടി ആണ്‍കുട്ടിയുമായുള്ള ബന്ധം തുടര്‍ന്നു. ഇത് കണ്ടെത്തിയ പിതാവ് രോഷാകുലനായി. തന്നെ അനുസരിക്കാതെ ഇതര മത കുടുംബത്തിൽ നിന്നുള്ള കുട്ടിയുമായി ബന്ധം തുടർന്ന ദേഷ്യത്താലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഇരുവടി ഉപയോഗിച്ച് കൈയിലും കാലിലും അടിച്ച് പരുക്കേല്‍പിച്ച ശേഷം കളനാശിനി വിഭാഗത്തില്‍പ്പെട്ട വിഷം മകളെ നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ബഹളം കേട്ടെത്തിയ കുട്ടിയുടെ അമ്മയാണ് പിതാവിനെ പിടിച്ചുമാറ്റിയത്. അപ്പോഴേക്കും പെണ്‍കുട്ടി വിഷം പാതിയോളം കുടിച്ച നിലയിലായിരുന്നു.

കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പോലീസ് കസ്റ്റഡിയലെടുത്തു.

കരുവന്നൂർ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു, 55 പ്രതികൾ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 55 പ്രതികളുള്ള കുറ്റപത്രത്തില്‍ ബിജോയ് ആണ് ഒന്നാംപ്രതി. വടക്കാഞ്ചേരി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ അരവിന്ദാക്ഷന്‍ പതിനഞ്ചാം പ്രതിയും പി സതീഷ് കുമാര്‍ പതിനാലാം പ്രതിയുമാണ്. 12,000ത്തില്‍ അധികം പേജുകളുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

കരുവന്നൂര്‍ കള്ളപ്പണകേസില്‍ കമ്മീഷന്‍ ഏജന്റായിരുന്നു ബിജോയി. ബാങ്കിന്റെ ഏജന്റായി പ്രവര്‍ത്തിച്ച ബിജോയ് കോടികള്‍ തട്ടിയെടുത്തുവെന്നായിരുന്നു നേരത്തെ വിജിലന്‍സിന്റെയും കണ്ടെത്തല്‍.വിജിലന്‍സ് കേസില്‍ അഞ്ചാം പ്രതിയായിരുന്നു ബിജോയി.

ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂരിലേത്. 2011-12 മുതല്‍ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ 219 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍.

എഴുത്തച്ഛന്‍ പുരസ്കാരം ഡോ. എസ് കെ വസന്തന്

സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക്‌ കേരളസര്‍ക്കാർ നൽകുന്ന എഴുത്തച്ഛന്‍ പുരസ്കാരം ഡോ. എസ് കെ വസന്തന്. ഭാഷാ ചരിത്രപണ്ഡിതനും നിരൂപകനുമാണ് എസ് കെ വസന്തൻ. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഉപന്യാസം, നോവല്‍, ചെറുകഥ, കേരള ചരിത്രം, വിവര്‍ത്തനം എന്നിങ്ങനെ വിവിധ ശാഖകളിലായി എസ്. കെ വസന്തന്‍ രചിച്ച പുസ്തകങ്ങള്‍ പണ്ഡിതരുടെയും സഹൃദയരുടെയും സജീവമായ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്ന് പുരസ്കാരനിര്‍ണയസമിതി അഭിപ്രായപ്പെട്ടു.

കേരള സംസ്കാര ചരിത്ര നിഘണ്ടു, നമ്മള്‍ നടന്ന വഴികള്‍, പടിഞ്ഞാറന്‍ കാവ്യമീമാംസ തുടങ്ങിയവയാണ് പ്രധാന കൃതികൾ. മികച്ച അധ്യാപകന്‍, വാഗ്മി, ഗവേഷണ മാര്‍ഗദര്‍ശി തുടങ്ങിയ നിലകളിലുള്ള ഡോ. വസന്തന്റെ സംഭാവനകള്‍ കൂടി പരിഗണിച്ചാണ് എഴുത്തച്ഛന്‍ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

ശാസ്ത്രസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.  1935-ലാണ് ഡോ. എസ്.കെ വസന്തന്‍ ജനിച്ചത്. മലയാളത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും കേരള സര്‍വകലാശാലയില്‍ നിന്നും രുദാനന്തരബിരുദത്തിനുശേഷം ഡോക്ടറേറ്റ് നേടി. മുപ്പത്തിയഞ്ച് വര്‍ഷക്കാലം കാലടി ശ്രീശങ്കര കോളേജിലും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും അധ്യാപകനായി.
എന്റെ ഗ്രാമം, എന്റെ ജനത, അരക്കില്ലം എന്നീ നോവലുകള്‍ വളരെയധികം ശ്രദ്ധ നേടി.

ഗവേഷണപഠനകാലത്ത് എഴുതിയ കേരളചരിത്രനിഘണ്ടുവിനെ  വിപുലീകരിച്ച് തയ്യാറാക്കിയ കേരള സംസ്കാരചരിത്രനിഘണ്ടു വസന്തന്‍മാഷ് കേരളത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണെന്ന് പുരസ്കാരനിര്‍ണയസമിതി അഭിപ്രായപ്പെട്ടു. ചരിത്രവും സംസ്കാരവും രണ്ടു പഠനപദ്ധതികളെന്ന നിലയില്‍ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്ന മണ്ഡലങ്ങളെ അക്കാദമികമായി അടയാളപ്പെടുത്താന്‍ ഈ കൃതിയിലൂടെ സാധിച്ചിട്ടുണ്ട്. മലയാളം കണ്ട ഏറ്റവും കനപ്പെട്ട റഫറന്‍സ് ഗ്രന്ഥങ്ങളില്‍ ഒന്നുകൂടിയാണ് കേരള സംസ്കാരചരിത്രനിഘണ്ടു.