സിലബസിൽ റോഡ് സുരക്ഷ, പ്ലസ് ടു വിദ്യാർഥികൾക്ക് ലോണേഴ്സ് ലൈസൻസ് ആവശ്യമില്ലാതാവും

മോട്ടോർ വാഹനവകുപ്പ് തയ്യാറാക്കിയ റോഡ് സുരക്ഷാ പുസ്തകം ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതിയിലേക്ക്. ഈ പുസ്തകം ഉൾപ്പെടുന്ന സിലബസ് പഠിക്കുന്നവർക്ക് ഇനി ലേണേഴ്സ് ഡ്രൈവിങ് ലൈസന്‍സ് ആവശ്യം വരില്ല. നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാം. ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണകമ്മിറ്റി ഈ പുസ്തകം അംഗീകരിച്ചു.

ഇത് പ്രകാരം പാഠഭാഗങ്ങൾ ഉൾപ്പെടുത്തി സിലബസ് പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഹയര്‍സെക്കന്‍ഡറി സിലബസിന് യോജിക്കുന്ന വിധത്തില്‍ പാഠ്യഭാഗങ്ങള്‍ സ്വീകരിക്കാനാണ് തീരുമാനം.

ഏത് വിഷയത്തിനൊപ്പം ചേര്‍ത്ത് പഠിപ്പിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല . പാഠ്യപദ്ധതി പരിഷ്‌കരണത്തോടെ സംസ്ഥാനത്തെ ലേണേഴ്സ് പരീക്ഷാ സംവിധാനത്തില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

റോഡ് സുരക്ഷാനിയമങ്ങള്‍, സുരക്ഷിതമായ ഡ്രൈവിങ് രീതികള്‍, അപകടങ്ങളിലേക്ക് നയിക്കുന്ന പിഴവുകള്‍, സിഗ്‌നല്‍ പരിചയം, റോഡുകളെ മനസ്സിലാക്കേണ്ട രീതി, അപകടങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, വേഗപരിധി, പാര്‍ക്കിങ് രീതികള്‍ എന്നിവയെല്ലാം പ്ലസ്ടു സിലബസില്‍ ഇടംപിടിക്കും.

പാചക വാതക സിലിണ്ടർ വില വീണ്ടും കുതിക്കുന്നു

രാജ്യത്ത് പാചക വാതക വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1842 രൂപ നൽകണം.

ഡൽഹിയിൽ 1833 രൂപയും, കൊൽക്കത്തയിൽ 1943 രൂപയും മുംബൈയിൽ 1785 രൂപയും ബംഗളൂരുവിൽ 1914.50 രൂപയും ചെന്നൈയിൽ 1999.50 രൂപയുമാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില വർധിപ്പിക്കുന്നത്.

ലോക് സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയകോടെ വില നിയന്ത്രണത്തിന് സർക്കാർ തുടക്കമിട്ടിരുന്നു. എന്നാൽ ഇപ്പോഴത്തെ വില വർധന ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിലേക്ക് എത്തുമെന്ന ആശങ്കയാണ് ഉള്ളത്.

ബസിലെ സീറ്റ് ബെൽറ്റും ക്യമറയും എന്ന് നടപ്പാക്കാൻ കഴിയുമെന്ന് പോലും നിശ്ചയമില്ലാതെ സർക്കാർ പിന്നോട്ട്

0

ബസിലെ ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനും ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഇന്ന് മുതൽ പിഴയീടാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട്. സ്വകാര്യ ബസ് ഉടമകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാരിന്റെ മെല്ലെപ്പോക്ക്. മുഴുവൻ കെഎസ്ആർടിസി ബസുകളിലും ഇതുവരെ സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിട്ടില്ല.

റോഡിലെ ക്യാമറാ പരിഷ്ക്കാരത്തിന് പിന്നാലെയായിരുന്നു ബസിൽ ബെൽറ്റ് നിർബന്ധമാക്കൽ. ഇന്ന് മുതൽ ബെൽറ്റ് നിർബന്ധമാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇല്ലെങ്കിൽ പിഴ ഇടാക്കുമെന്നായിരുന്നു അറിയിപ്പ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റും നൽകില്ലെന്നും മുന്നറിയിപ്പുണ്ടായിരുന്നു. പക്ഷെ പ്രഖ്യാപനം വാക്കിലൊതുങ്ങി. സ്വകാര്യ ബസുടമകുടെ എതിർപ്പാണ് പിന്നോട്ട് പോകാനുള്ള പ്രധാന കാരണം. കെഎസ്ആർടിസി ഉള്‍പ്പെടെ മുഴുവൻ ബസുകളിൽ ഇതേ വരെ സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിട്ടുമില്ല. കെഎസ്ആർടിസിയുടെ 4850 ബസുകളിലാണ് സീറ്റ് ബെൽറ്റ് ഘടിപ്പിക്കേണ്ടത്. ഇതിൽ 3159 ബസുകളിലാണ് ഘടിപ്പിച്ചത്. ക്യാമറയും ഇതേവരെ ഘടിപ്പിച്ചിട്ടില്ല. ഗതാഗത അതോററ്റിയാണ് ക്യാമറകള്‍ വാങ്ങി കെഎസ്ആ‍ർടിസിക്ക് നൽകേണ്ടത്. അതിന്റെ ടെണ്ടർ നടപടികളും പൂർത്തിയായിട്ടില്ല.

ഫിറ്റ്നസ് ഹാജരാക്കുമ്പോള്‍ സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന ആവശ്യം നിർബന്ധമാക്കുമ്പോള്‍ ക്രമേണ തീരുമാനം നടപ്പാക്കാമെന്നാണ് ഗതാഗതവകുപ്പിന്റെ നീക്കം. ബസ്സിൽ സ്ഥാപിക്കാനുള്ള ക്യാമറകള്‍ വിപണയിൽ ലഭ്യമല്ലെന്നാണ് സ്വകാര്യ ബസുടമകുടെ പരാതി. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് പറയുമ്പോഴും എന്ന് മുതൽ ബെൽറ്റ് ഇനി നിർബന്ധമാക്കുമെന്നതിൽ ഗതാഗത വകുപ്പിന് ഒരു വ്യക്തതയുമില്ല.

ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ ബോംബ് വർഷം

0

 വടക്കൻ ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ. മുതിർന്ന ഹമാസ് കമാൻഡറിനെ വധിച്ചെന്നാണ് അവകാശ വാദം. എഴുപത് വർഷത്തിലേറെയായി ഒന്നേകാൽ ലക്ഷം പലസ്തീനികൾ ജീവിക്കുന്ന അഭയാർത്ഥി ക്യാമ്പാണ് ജബലിയ. ഒരു കിലോമീറ്റർ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങൾ തിങ്ങിക്കഴിയുന്നയിടത്താണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.

എത്ര പേർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. 120 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഗാസയിലെ ഒരു ഡോക്ടർ ബിബിസിയോട് പറഞ്ഞത്. എന്നാൽ ഹമാസിൻ്റെ ഭൂഗർഭ ടണൽ സംവിധാനമായിരുന്നു ലക്ഷ്യമെന്നാണ് ഇസ്രയേൽ വിശദീകരണം. ഇബ്രാഹിം ബയാരിയെന്ന മുതിർന്ന ഹമാസ് നേതാവിനെ വധിക്കാനായെന്നും, ക്യാന്പിന് അടിയിലുണ്ടായിരുന്ന ഹമാസിന്റെ ഭൂഗർഭ ടണലിൽ ഒളിച്ചിരുന്ന പോരാളികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നുമാണ് ഐഡിഎഫ് അവകാശവാദം.

കഴിഞ്ഞ ദിവസം ഗാസയിലെ മുന്നൂറിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് പറയുന്നത്. ഒക്ടോബർ ഏഴ് മുതൽ ഇത് വരെ 8,500 ലധികം സാധാരണക്കാർ ഗാസയിൽ കൊല്ലപ്പെട്ടുവെന്നാണ് അനുമാനം. അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ അക്രമണത്തെ യുഎഇയും ഖത്തറും ശക്തമായി അപലപിച്ചു. സാധാരണക്കാർക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചു. ഇതിനിടയിൽ എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ വെള്ളിയാഴ്ച വീണ്ടും ഇസ്രയേൽ സന്ദർശിക്കുമെന്ന് അമേരിക്ക അറിയിച്ചു. മേഖലയിൽ മറ്റു ചിലയിടങ്ങളും ബ്ലിങ്കൻ സന്ദർശിക്കുമെന്നാണ് അറിയിപ്പ്. ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് റഷ്യ രംഗത്ത് എത്തി.

കോഴിക്കോട് സാഹിത്യ നഗരം, യുണസ്കോയുടെ ക്രിയേറ്റീവ് സിറ്റി ലിസ്റ്റിൽ അംഗീകാരം

യുനെസ്‌കോയുടെ 55 പുതിയ ക്രിയേറ്റീവ് നഗരങ്ങളില്‍ സാഹിത്യ നഗരമെന്ന പദവിയിലേക്ക് കോഴിക്കോടും.

വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും സര്‍ഗ്ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗര ആസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ പദവി നല്‍കുന്നത്. ഇവ പരിഗണിച്ചാണ് കോഴിക്കോടിന് യുണസ്കോയുടെ സാഹിത്യ നഗര പദവി.

പുതുതായി തിരഞ്ഞെടുത്ത 55 നഗരങ്ങളിലാണ് കോഴിക്കോട് ഇടംപിടിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറും പുതിയ പട്ടികയിലുണ്ട്. സംഗീത നഗരങ്ങളുടെ പട്ടികയിലാണ് ഗ്വാളിയോര്‍.

കോവിഡ് കാലത്ത് സർക്കാർ ശേഖരിച്ച 81.5 കോടി പേരുടെ സ്വകാര്യ വിവരങ്ങൾ വില്പനയ്ക്ക്, ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ചയ്ക്ക് പിന്നിൽ ആരാണ്

രാജ്യത്തെ ഞെട്ടിച്ച് ഏറ്റവും വലിയ ഡാറ്റാ ചോർച്ച. കോവിഡ് കാലത്ത് ശേഖരിച്ച പൌരൻമാരുടെ വിവരങ്ങളാണ് ചോർന്നത്. Indian Council of Medical Research ശേഖരിച്ച ഡാറ്റയിൽ 81.5 കോടി പേരുടെ ഡാറ്റയാണ് ഓൺലൈനിൽ ഹാക്കർമാർ വില്പനയ്ക്ക് വെച്ചത്. പൌരൻമാരുടെ രേഖകൾ ഭദ്രമാണെന്ന് അവകാശം ആവർത്തിക്കുന്നതിനിടയിലാണ് ലോകത്തിൽ ആർക്കും ലഭ്യമാകാവുന്ന വിധം ഡാറ്റ പരസ്യപ്പെട്ടത്.

വാര്‍ത്തയോട് ഐ.സി.എം.ആറോ കേന്ദ്ര സര്‍ക്കാറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷം നേരത്തെ ഇതു സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത്രയും വലിയ ചോർച്ച അവരും പ്രതീക്ഷിച്ചതല്ല എന്ന സാഹര്യമാണ് ഉള്ളത്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന ഓൺലൈൻ ഡാറ്റാ ശേഖരണം വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. എന്നാൽ ഇവയെല്ലാം സുരക്ഷിതമാണ് എന്ന എതിർ വാദമാണ് ഉന്നയിക്കപ്പെട്ടത്.

കോവിഡ് കാലത്ത് വ്യക്തികൾ നൽകിയ വിവരങ്ങൾ സൂക്ഷിച്ചത്…………

ഐ.സി.എം.ആറില്‍ രജിസ്റ്റര്‍ ചെയ്ത കോവിഡ്-19 പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഡാർക്ക് വെബ്ബിൽ പരസ്യപ്പെടുത്തിയിരിക്കുന്നത്. ഇത് ആര് ചോർത്തി നൽകി എന്ന് വ്യക്തമാവേണ്ടതുണ്ട്. 81.5 കോടി പൗരന്മാരുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍, അച്ഛന്റെ പേര്, വയസ്, ലിംഗം എന്നീ വിവരങ്ങളാണ് ചോർത്തി നൽകിയത്.

അമേരിക്കന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ റീസെക്യൂരിറ്റിയാണ് വിവരങ്ങള്‍ ചോര്‍ന്നതായുള്ള വിവരം ആദ്യം പുറത്തുവിട്ടത്. ‘ത്രെട്ട് ആക്ടര്‍’, pwn001 എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഹാക്കറാണ് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയത്. വൻ തുകയ്ക്ക് ഇവ വില്പനയക്ക് വെച്ചിരിക്കയാണ്.

അമേരിക്കന്‍ സൈബര്‍ സുരക്ഷാ ഏജന്‍സി വിവരം പരസ്യപ്പെടുത്തിയപ്പോൾ മാത്രമാണ് രാജ്യത്തെ ഇതിനായി പ്രവർത്തിക്കുന്ന വിഭാഗങ്ങൾ വിവരം അറിഞ്ഞത് തന്നെ. ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലയിൽ ഇത് വലിയ ചർച്ചയാവുകയാണ്. സൈബർ ലോകത്ത് യുദ്ധ സമാനമാണ് ഇത്തരം സാഹചര്യങ്ങൾ.

നാളെ മുതൽ ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധം, ലോബികളുടെ സമ്മർദ്ദം മറികടന്ന് സർക്കാർ

0

സ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും മുന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും നാളെ മുതല്‍ (നവംബര്‍ ഒന്ന്) സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധം. നിയമം നടപ്പാക്കുന്നതിനെതരായ സംഘടതി ശ്രമങ്ങളെ മറികടന്നാണ് സർക്കാർ തീരുമാനത്തിൽ ഉറച്ച് നിൽകുന്നത്.

സെപ്റ്റംബര്‍ മാസം മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സമ്മർദ്ദത്തെ തുടർന്ന് നീട്ടി വെക്കുകയായിരുന്നു. സീറ്റ്‌ ബെല്‍റ്റ് ഘടിപ്പിക്കുന്നതിനും മറ്റുമായി കൂടുതൽ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നവംബര്‍ വരെ സമയം നീട്ടിനല്‍കിയത്.

പോക്സോ കേസിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കാൻ മിന്നൽ പണിമുടക്ക് വരെ നടത്തുന്ന സാഹചര്യമാണ് കേരളത്തിൽ. കോടതിയും സർക്കാരും ആവർത്തിച്ചിട്ടും മലബാറിൽ പൊലീസ് കേസിൻ്റെ പേരിൽ ബസ്സുകൾ പണിമുടക്കിയ സാഹര്യമായിരുന്നു. സർക്കാരാവട്ടെ ഇത്തരം കാര്യങ്ങളിൽ നടപടി എടുക്കാനാവാതെ നിസ്സഹായതയിലുമായിരുന്നു.

ഇപ്പോൾ വിദ്യാർഥികളുടെ യാത്രാ സൌജന്യം ഇല്ലാതാക്കാനുള്ള നീക്കത്തിന് പിറകെ പണിമുടക്ക് സമരവും ആവർത്തിക്കയാണ്. ഇതിനിടയിലാണ് സീറ്റ് ബെൽറ്റ് നിയമം സർക്കാർ കർശനമായി നടപ്പാക്കുന്നത്.

കെ.എസ്.ആര്‍.ടി.സി. ബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്നാണ് ഗതാഗതമന്ത്രി അറിയിച്ചിരുന്നു. പലപ്പോഴും കെ എസ് ആർ ടി സിയെ മുൻനിർത്തിയാണ് നിയമപരമായ ബാധ്യതളിൽ നിന്നും സർക്കാർ പിന്നോക്കം പോകുന്നത് എന്ന ആക്ഷേപം ഉണ്ടായിരുന്നു.

സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 5200 കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 31-നുള്ളില്‍ എല്ലാ ഹെവി വാഹനങ്ങളിലും സീറ്റ്‌ ബെല്‍റ്റ് ഉറപ്പാക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഹെവി വാഹനങ്ങളിലെ ഡ്രൈവർക്കും സഹായിക്കും സീറ്റ്‌ ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്.

കേന്ദ്രനിയമമനുസരിച്ച് ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. പുതിയ വാഹനങ്ങളില്‍ ഇപ്പോള്‍ സീറ്റ് ബെല്‍റ്റ് ഉണ്ടാകാറുണ്ട്. കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യബസുകാരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുകയും പിന്നീട് ഇളക്കിമാറ്റുകയും ചെയ്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇത് ബസ് ലോബിയുടെ സമ്മർദ്ദത്തിൽ അവഗണിക്കപ്പെടുകയായിരുന്നു.

ഇനി സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍നിന്ന് പിഴയീടാക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. ക്യാബിനുള്ള ബസുകളില്‍ ഡ്രൈവർക്കും സഹായിക്കുമുള്ള സീറ്റുകളിലും അല്ലാത്ത ബസുകളില്‍ ഡ്രൈവര്‍ സീറ്റിലുമാണ് ബെല്‍റ്റ് ഉറപ്പാക്കേണ്ടത്.

ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി നവംബര്‍ ഒന്നാം തീയതി മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേന്ദ്ര നിയമം ബാധകമാകുന്ന തരത്തില്‍ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. കൂടെ മുന്‍നിരയില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്നാണ് ഗതാഗതമന്ത്രി ഉത്തരവില്‍ പറയുന്നത്. പുതുതായി എത്തിയ സ്വിഫ്റ്റ് ഉള്‍പ്പെടെയുള്ള ബസുകളില്‍ സീറ്റ് ബെല്‍റ്റുകള്‍ നല്‍കിയാണ് എത്തിയിട്ടുള്ളത്.

ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ഒഴികെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ നിഷ്‌കകര്‍ഷിച്ചിട്ടുള്ള എല്ലാ വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായി തന്നെ ഇവ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ എ.ഐ. ക്യാമറയില്‍ ഏർപ്പെടുത്തിയോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

റഗുലേറ്ററി കമ്മീഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം, വൈദ്യതി നിരക്ക് വർധന തീരുമാനം നീളും

സംസ്ഥാനത്ത് ഈ ആഴ്ച തന്നെ വൈദ്യുതി നിരക്കിൽ വര്‍ധന ഏർപ്പെടുത്തും. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ യോഗം ചേർന്നിരുന്നു. നവംബർ ഒന്ന് മുതൽ വർധിപ്പിക്കാനായിരുന്നു തീരുമാനം എങ്കിലും ഇന്നത്തെ യോഗത്തിൽ തീരുമാനമായില്ല. മതിയായ അംഗബലം ഇല്ലാത്തതിനാൽ തീരുമാനം മാറ്റിവെക്കുകയായിരുന്നു.

എന്നാൽ ഈ ആഴ്ച തന്നെ സർക്കാർ ഉത്തരവോടെ വർധന നിലവിൽ വരും. നിലവിലെ താരിഫിൻ്റെ കാലാവധി ഇന്ന് അവസാനിക്കയാണ്. വർധന പ്രഖ്യാപിച്ച ശേഷം ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ എതിർപ്പും മൂലം വൈകുകയായിരുന്നു.

റഗുലേറ്ററി കമ്മീഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം

വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് റെഗുലേറ്ററി കമ്മീഷന്റെ യോഗം നടക്കുന്നതിനിടെയാണ്, ഒരു അംഗത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു. ഇതുകാരണം ഇന്ന് വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവിലെ താരിഫ് കാലാവധി ഇന്നവസാനിക്കുന്ന പശ്ചാത്തലത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനാണ് റെഗുലേറ്ററി കമ്മീഷന്‍ യോഗം ചേര്‍ന്നത്. അതിനിടെയാണ് ഒരു അംഗത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

മൂന്ന് അംഗങ്ങളും ഉണ്ടായാല്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കൂ. നയപരമായ തീരുമാനമാണ്. അതുകൊണ്ട് തന്നെ തീരുമാനം നീണ്ടു. നിലവിലെ താരിഫ് കാലാവധി ഇന്നവസാനിക്കുന്ന പശ്ചാത്തലത്തില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇന്ന് വിശദീകരണ കുറിപ്പ് ഇറക്കാന്‍ സാധ്യതയുണ്ട്.

സിബിഐ അഭിഭാഷകൻ എത്തിയില്ല, ലാവലിൻ കേസ് വീണ്ടും മാറ്റി

എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി വീണ്ടും മാറ്റി. സിബിഐയുടെ സീനിയർ അഭിഭാഷകൻ ഹാജരാകാതിരുന്നതിനാലാണ് കേസ് മാറ്റിവച്ചത്.

പിന്നീട് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രിം കോടതി ഹർജികൾ മാറ്റി. ആറ് വർഷത്തിനിടെ നാല് ബെഞ്ചുകളിൽ മാറിമാറിയെത്തിയ എസ്എൻസി ലാവ്‌ലിൻ കേസ് ഇത് 36ാം തവണയാണ് മാറ്റിവെക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്.

2017-ല്‍ സുപ്രീംകോടതിയിലെത്തിയതാണ് ഈ ഹർജികൾ. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്‌ എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നും സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്.

മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ ഊർജ്ജ വകുപ്പ്‌ സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു. കേരളാ ഹൈക്കോടതിയുടെ 2017 ലെ ഈ വിധിക്കെതിരെയാണ് സുപ്രീം കോടതിയിൽ സിബിഐ അപ്പീൽ ഹർജി സമർപ്പിച്ചത്

ബി ജെ പിയുടെ സാമ്പത്തിക വ്യവസ്ഥ അദാനിയുമായി നേരിട്ട് ബന്ധപ്പെട്ടതെന്ന് രാഹുൽ ഗാന്ധി

നരേന്ദ്രമോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണെന്ന് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ സാമ്പത്തിക വ്യവസ്ഥ ആദാനിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണെന്നും രാഹുൽ വിമർശിച്ചു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നാമത് പ്രധാനമന്ത്രിയും രണ്ടാമത് അദാനിയും മൂന്നാമത് അമിത് ഷായും ആണ് എന്നായിരുന്നു എന്റെ ധാരണ. എന്നാൽ ആ ധാരണ തെറ്റായിരുന്നു. ഇന്ത്യയിൽ ഒന്നാമൻ അദാനിയാണെന്ന് തിരിച്ചറിയുന്നെന്നും രാഹുൽ പറഞ്ഞു.

അദാനിക്കെതിരെ ആരെങ്കിലും മിണ്ടിയാല്‍ കേസെടുക്കും. അദ്ദേഹത്തിന്റെ ശബ്ദമാണ് പ്രധാനമന്ത്രി. വിമാനത്താവളങ്ങളും വ്യവസായങ്ങളും അദാനിക്ക് തീറെഴുതി. രാജ്യത്തിന്റെ സ്വത്തുക്കള്‍ അദാനിക്ക് കീഴ്‌പ്പെടുത്തുന്ന പ്രവൃത്തികളാണ് നടക്കുന്നതെന്നും രാഹുൽ പറഞ്ഞു.

സർക്കാരിനെ ഒഴിവാക്കുന്നതിലൂടെ അദാനിയെ നീക്കം ചെയ്യാമെന്ന് കരുതരുത്. നിലവിൽ രാജ്യത്തുടനീളം നടക്കുന്ന കുത്തകവത്കരണത്തിന്റെ പ്രതീകമാണ് അദാനി. സമയമാകുമ്പോൾ അദാനി സർക്കാരിനെ എങ്ങനെ നീക്കംചെയ്യണമെന്ന് ഞങ്ങൾ കാണിച്ചുതരാം. ബി.ജെ.പിയുടെ സാമ്പത്തിക വ്യവസ്ഥ ആദാനിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു, രാഹുൽ പറഞ്ഞു.