പ്രതിപക്ഷ സഖ്യത്തിന് “ഇന്ത്യ” എന്ന പേരുനൽകിയതിൽ ഇടപെടാനാകില്ല- തിരഞ്ഞെടുപ്പ് കമ്മീഷൻ

പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് നല്‍കിയതില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. ഡല്‍ഹി ഹൈക്കോടതിയിലാണ് സത്യവാങ്മൂലം നൽകിയത്.

1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം രാഷ്ട്രീയ സഖ്യങ്ങളില്‍ ഇടപെടാന്‍ കമ്മീഷന് അധികാരമില്ല. ഇക്കാര്യം ചൂണ്ടികാട്ടിയാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്. കേരള ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കി ഇറക്കിയ ഉത്തരവും ചൂണ്ടികാട്ടി.

26 പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് ‘ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്’ രൂപീകരിച്ചതും ഇന്ത്യയെന്ന ചുരുക്ക പേര് നല്‍കിയതും ചോദ്യം ചെയ്ത് ഗിരീഷ് ഭരദ്വാജ് എന്നയാളാണ് പൊതുതാത്പര്യ ഹര്‍ജി നൽകിയത്.

ആന്ധ്രപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു, ആറ് പേർ മരിച്ചു

ആന്ധ്രാപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 16 പേർക്ക് പേർക്ക് പരിക്കേറ്റു. വിഴിനഗരം ജില്ലയിലെ കാണ്ടകപള്ളിയിലാണ് അപകടമുണ്ടായത്. ഓവർ ഹെഡ് കേബിൾ തകരാർ മൂലം നിർത്തിയിട്ട വിശാഖപട്ടണം – റായിഘഡ് പാസഞ്ചർ ട്രെയിന് പിന്നിലേക്ക് പാലാസ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അടിയന്തര ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ഉത്തരവിട്ടു. വിജയനഗരത്തിന്റെ സമീപ ജില്ലകളായ വിശാഖപട്ടണം, അനകപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് കഴിയുന്നത്ര ആംബുലൻസുകൾ അയയ്ക്കാനും അടുത്തുള്ള ആശുപത്രികളിൽ നല്ല വൈദ്യസഹായം നൽകുന്നതിന് എല്ലാവിധ ക്രമീകരണങ്ങളും ഏർപ്പെടുത്താനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യം, പൊലീസ്, റവന്യൂ എന്നിവയുൾപ്പെടെ മറ്റ് സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് വേഗത്തിലുള്ള ദുരിതാശ്വാസ നടപടികൾ കൈക്കൊള്ളാനും പരിക്കേറ്റവർക്ക് ഉടനടി വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

ട്വീറ്റ് ഹെൽപ് ലൈൻ നമ്പർ

ഡീസൽ ഓട്ടോകളുടെ ആയുസ്സ് നീട്ടി നൽകി സർക്കാർ, ഏഴു വർഷം കൂടി ശബ്ധഘോഷം

0

ഡീസൽ ഓട്ടോറിക്ഷകള്‍ ഹരിത ഇന്ധനങ്ങളിലേക്ക് മാറ്റാനുള്ള കാലപരിധി നീട്ടി. 15 എന്നത് 22 വര്‍ഷമാക്കി വർധിപ്പിച്ചു. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കി നൽകിയിരുന്നില്ല. ആനുകൂല്യ പ്രകാരം ഇവയ്ക്ക് ഏഴുവര്‍ഷംകൂടി ഓടാനാകും.

വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ എന്‍ജിന്‍ ഓട്ടോറിക്ഷകള്‍ നിരത്തുകളില്‍ നിന്ന് ഒഴിവാക്കാനായിരുന്നു നീക്കം. ഇതിനായി കേരളാ മോട്ടോര്‍ വാഹനചട്ടത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തുമെന്നും സൂചനകളുണ്ടായിരുന്നു.

ഹരിത ഇന്ധനത്തിലേക്കു മാറ്റുന്നതിനാവശ്യമായ സൗകര്യമില്ല എന്ന ന്യായം പരിഗണിച്ചാണ് നീട്ടി നൽകിയത്. അരലക്ഷം ഡീസല്‍ വാഹനയുടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഡീസൽ എഞ്ചിൻ ഓട്ടോകൾ അന്തരീക്ഷ മലനീകരണത്തിന് പുറമെ വലിയ ശബ്ദ ശല്യവും സൃഷ്ടിച്ചിരുന്നു. ഇവയ്ക്ക് നഗരങ്ങളിൽ അനുമതി പരിമിതപ്പെടുത്തിയപ്പോൾ ഗ്രാമ പ്രദേശങ്ങളിലായിരുന്നു പ്രശ്നം.

വൻകിട കമ്പനികളാണ് ഇത്തരം വാഹനങ്ങൾ പുറത്തിറക്കിയത്. എന്നാൽ അവർ മാർക്കറ്റിൽ എളുപ്പം അനുമതി നേടിയെടുത്തു.

സീറ്റ് ബെൽറ്റ് വലിയ വാഹനങ്ങൾക്ക് കലാവധി ഇളവില്ല

എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍സീറ്റില്‍ യാത്രചെയ്യുന്നയാള്‍ക്കും നവംബര്‍ മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. സ്വകാര്യ ബസുകള്‍ക്ക്‌നെിരീക്ഷണ ക്യാമറകളും നിര്‍ബന്ധമാണ്. ഫിറ്റ്നസുള്ള വാഹനങ്ങള്‍ ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തുമ്പോള്‍ ഇവ ഘടിപ്പിച്ചാല്‍ മതിയാകും.

കളമശ്ശേരി സ്ഫോടനത്തിൽ മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണം വർഗ്ഗീയമെന്ന് മുഖ്യമന്ത്രി

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ഉണ്ടായ സ്ഫോടനത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണത്തിനെതിരെ ശക്തമായ ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്ര മന്ത്രി എക്‌സില്‍ പങ്കുവെച്ച പ്രതികരണം വായിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്രമന്ത്രിയുടേത് വര്‍ഗീയ വീക്ഷണത്തോടെയുള്ള നിലപാട്. മന്ത്രിസ്ഥാനത്ത് ഇരിക്കുന്ന ആള്‍ അന്വേഷണ ഏജന്‍സികളോട് സാധാരണനിലയിലെ ആദരവ് കാണിക്കണം. ഗൗരവമായ സംഭവത്തില്‍ നേരത്തെ തന്നെ പ്രത്യേക നിലപാട് എടുത്ത് പ്രത്യേകമായി ചിലരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചരണരീതികളാണ് സ്വീകരിച്ചത്. അത് അവരുടെ വര്‍ഗീയ നിലപാടിന്റെ ഭാഗമാണ്. ആ വര്‍ഗീയ നിലപാടിനൊപ്പമല്ല കേരളം.

“Just 24 hours after a Hamas leader was given the platform to spread jihad, blasts have rocked Kerala,” Chandrasekhar told India Today TV.

എല്ലാവര്‍ഗീയതയ്ക്കും എതിരായ നിലപാടാണ് കേരളം സ്വീകരിച്ചത്. ആര് തെറ്റുചെയ്താലും കുറ്റവാളി രക്ഷപ്പെടില്ലെന്ന ഉറപ്പുവരുത്തുന്ന അന്വേഷണസംവിധാനമാണ് ഒരുക്കിയത്. പ്രത്യേക വിഭാഗത്തെ ലക്ഷ്യമിടാനും പ്രത്യേക മാനം കല്‍പ്പിക്കാനും തയ്യാറാവുന്നത് ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

കുറ്റവാളിയോ കുറ്റവാളികളോ രക്ഷപ്പെടില്ലെന്ന തരത്തിലുള്ള നടപടികളുമായാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചു. ഫലപ്രദമായ നടപടികള്‍ എടുക്കും. തെറ്റായ പ്രചാരണം നടത്തുന്നത് ആരായാലും കര്‍ക്കശമായ നടപടി സ്വീകരിക്കും.

മെഡിക്കല്‍ കോളേജില്‍ 27, സണ്‍റൈസ് ആശുപത്രിയില്‍ ആറും സാന്‍ജോയ് ആശുപത്രിയില്‍ നാലും ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ രണ്ടും രാജഗിരി ആശുപത്രിയില്‍ രണ്ടുപേരും ചികിത്സയിലുണ്ട്. നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു. അഞ്ചുപേരുടെ നില ഗുരുതരമാണ്. 17 പേര്‍ ഐ.സി.യുവിലുണ്ട്.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. കൊച്ചി ഡി.സി.പി. ശശിധരന്‍ ഐ.പി.എസ്. ആണ് അന്വേഷണ ഉദ്യോഗസ്ഥര്‍. 20 പേര്‍ സംഘത്തിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കളമശ്ശേരി സ്ഫോടനം, ഉത്തരവാദിത്വം ഏറ്റ ഡൊമിനിക് മാർട്ടിൻ്റെ വാക്കുകളിൽ പൊരുത്തക്കേട്

കളമശ്ശേരി യഹോവാസാക്ഷികളുടെ സമ്മേളനത്തില്‍ ബോംബുവെച്ചത് താനാണെന്ന് അവകാശപ്പെട്ട് കൊടകര സ്റ്റേഷനില്‍ ഹാജരാകും മുമ്പ് ഡൊമനിക് മാര്‍ട്ടിന്‍ ഫെയ്‌സ്ബുക്കില്‍ ലൈവിട്ടു. സാധാരണ മനോനിലയിൽ നിന്നും വ്യത്യസ്തമായാണ് വാക്കുകൾ.

സ്‌ഫോടനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ ഡൊമനിക് മാര്‍ട്ടിന്‍, താനാണ് ബോംബ് സ്‌ഫോടനം നടത്തിയതെന്ന് ലൈവില്‍ അവകാശപ്പെട്ടു

സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു

കുറ്റകൃത്യം നടത്തിയത് ഇയാൾ തന്നെയെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

. സ്ഫോടനം നടത്തി മാർഗ്ഗം പുറത്ത് വിടരുത് എന്ന് ഇയാൾ ആവശ്യപ്പെടുന്നുണ്ട്. വളരെ ചിന്തിച്ചശേഷം മാത്രമാണ് ഈ തീരുമാനം എടുത്തത്. തെറ്റായ ആശയം നാട്ടില്‍ അവസാനിപ്പിച്ചേ പറ്റൂ എന്നും പറയുന്നു. എന്നാൽ ഇത്രയും പേരെ അപകട പെടുത്തിയതിൻ്റെ ന്യായം തൻ്റെ അഭിപ്രായ വ്യത്യാസമാണ് എന്നാണ് പറയുന്നത്. ഇയാളുടെ വാക്കുകൾ മനോനിലയിൽ പൊരുത്തക്കേട് ഉള്ള രീതിയിലാണ്. പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഡൊമനിക് മാര്‍ട്ടിൻ എഫ് ബി ലൈവിൽ പറഞ്ഞത്

പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഞാനാണ് ബോംബ് സ്‌ഫോടനം നടത്തിയത്.

16 വര്‍ഷത്തോളം യഹോവസാക്ഷികള്‍ക്കൊപ്പം ഉണ്ടായിരുന്നു. അന്നൊന്നും ഗൗരവമായി എടുത്തിരുന്നില്ല. തമാശയായി മാത്രമേ എടുത്തിരുന്നുള്ളൂ. ആറുവര്‍ഷമായി ചിന്തിച്ചപ്പോള്‍ തെറ്റായ പ്രസ്ഥാനമാണെന്നും പഠിപ്പിക്കലുകള്‍ രാജ്യദ്രോഹപരമാണെന്ന് മനസിലാക്കുകയും അവ തിരുത്തണമെന്നും ആവശ്യപ്പെട്ടു. അവര്‍ അതിന് തയ്യാറായില്ല. വളരെ അധികം പ്രാവശ്യം ഇതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

രാജ്യത്തെ ജനങ്ങള്‍ മോശമായ ഭാഷയില്‍ വേശ്യാസമൂഹമെന്നും നശിച്ചുപോകുന്ന ജാതികളെന്നും ഇവരുടെ കൂടെ കൂടരുതെന്നും കൂട്ടത്തില്‍ ഭക്ഷണം കഴിക്കരുതെന്നും പഠിപ്പിക്കുന്ന പ്രസ്ഥാനമാണിത്. ഇത് വളരെ തെറ്റായ ആശയമാണ് നല്‍കുന്നതെന്ന് എനിക്ക് മനസിലായി.

സഹപാഠിതരുന്ന മിഠായി നീ കഴിക്കരുതെന്ന് നാലുവയസ്സുള്ള നഴ്‌സറി കുട്ടിയെ അവര്‍ പഠിപ്പിച്ചു. നാലുവയസ്സു മുതല്‍ മാതാപിതാക്കള്‍ കുട്ടിയുടെ മനസിലേക്ക് വിഷം കുത്തിവെച്ചു. ദേശീയഗാനം പാടരുതെന്ന് പറഞ്ഞു. മുതിരുമ്പോള്‍ വോട്ട് ചെയ്യരുതെന്ന് പഠിപ്പിച്ചു. അവരെല്ലാം മോശം ആളുകളാണ്, കൂട്ടത്തില്‍ കൂടാന്‍ പാടില്ല, സൈനിക സേവനം ചെയ്യരുത്, സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യാന്‍ പാടില്ല. ടീച്ചറാവാന്‍ പോലും അനുവദിക്കുന്നില്ല, ഇത് നശിച്ചുപോകുന്ന ജനവിഭാഗത്തില്‍പ്പെട്ട ആളുകളുടെ ജോലിയാണ്.

ഭൂമിയിലെ എല്ലാവരും നശിച്ചുപോകും ഇവര്‍ മാത്രം ജീവിച്ചിരിക്കും എന്നാണ് ഇവര്‍ പഠിപ്പിക്കുന്നത്. 850 കോടി ജനങ്ങളുടെ നാശം ആഗ്രഹിക്കുന്ന ജനവിഭാഗത്തെ എന്താണ് ചെയ്യുക? എനിക്കൊരു പോംവഴി കണ്ടെത്താന്‍ കഴിഞ്ഞില്ല. തെറ്റായ ആശയത്തെ പ്രതികരിച്ചേ പറ്റൂ, വ്യക്തമായി അറിയാവുന്നതുകൊണ്ടും പ്രസ്ഥാനം രാജ്യത്തിന് അപകകാണെന്ന് മനസിലാക്കിയതുകൊണ്ടും ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു.

തെറ്റായ ആശയങ്ങള്‍ സ്വീകരിക്കുന്നവരെ നിയന്ത്രിക്കുന്നില്ലെങ്കില്‍ എന്നപ്പോലുള്ള സാധാരണക്കാരന് ജീവന്‍ നല്‍കേണ്ടിവരുന്നു. അടുത്ത് നില്‍ക്കുന്നത് സഹോദരങ്ങളും അമ്മയും പെങ്ങളുമല്ലേ, അവരെ വേശ്യാസമൂഹം എന്ന് വിളിക്കാമോ, എത്രമാത്രം അധഃപതിച്ച ചിന്താഗതിയാണത്.

രാളെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ അവരുടെ ആശയം ശരിയാണെന്ന് അവര്‍ക്ക് തോന്നും. യഹോവയുടെ സാക്ഷികളേ നിങ്ങളുടെ ആശയം തെറ്റാണ്. നിങ്ങള്‍ ഒരിക്കലും മറ്റുള്ളവരെ സഹായിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല. വെള്ളപ്പൊക്ക സമയത്ത് നിങ്ങളുടെ ആളുകളുടെ വീട്ടില്‍ മാത്രം പോയി വൃത്തിയാക്കിക്കൊടുത്തു.

വളരെ ചിന്തിച്ചശേഷം മാത്രമാണ് ഈ തീരുമാനം എടുത്തത്. തെറ്റായ ആശയം നാട്ടില്‍ അവസാനിപ്പിച്ചേ പറ്റൂ. മറ്റുള്ളവര്‍ നശിച്ചുപോവും എന്ന ചിന്താഗതി ഒരിക്കലും വളര്‍ത്താന്‍ പറ്റില്ല. ഈ പ്രസ്ഥാനം നാട്ടില്‍ ആവശ്യമില്ലെന്ന പൂര്‍ണ്ണബോധ്യത്തോടെയാണ് ഇത് പറയുന്നത്. എങ്ങനെയാണ് സ്‌ഫോടനം നടന്നതെന്ന് സംപ്രേഷണം ചെയ്യരുത്. അപകടകരമാണത്. സാധാരണക്കാരന്റെ കൈയില്‍ എത്തിപ്പെട്ടാല്‍ അപകടകരമാണത് – ഫെയ്‌സ്ബുക്ക് ലൈവില്‍ മാര്‍ട്ടിന്‍ പറയുന്നു.

ഡൊമിനിക് മാര്‍ട്ടിന്‍ യഹോവ സാക്ഷികളില്‍ അംഗമല്ലെന്ന് കൺവെൻഷൻ പി.ആര്‍.ഒ

ഞായറാഴ്ച ഉച്ചയോടെയാണ് കൊച്ചി സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍ കളമശ്ശേരിയില്‍ സ്‌ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ കൊടകര പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതിന് മുന്‍പായി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇയാള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ഒരു വീഡിയോയും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ പേരിലുള്ളയാള്‍ തങ്ങളുടെ കൂട്ടായ്മയില്‍ അംഗമല്ലെന്നായിരുന്നു യഹോവ സാക്ഷികളുടെ പി.ആര്‍.ഒ.യുടെ പ്രതികരണം.

”ഡൊമിനിക്ക് എന്നയാളാണ് കീഴടങ്ങിയതെന്നും അയാള്‍ തമ്മനം സ്വദേശിയാണെന്നും പറയുന്നു. തമ്മനത്തെ രാജ്യഹാളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരോട് സംസാരിച്ചപ്പോള്‍ അങ്ങനെയൊരു വ്യക്തി അംഗമല്ലെന്നാണ് വിവരം കിട്ടിയത്. തമ്മനം, പാലാരിവട്ടം, വൈറ്റില ഭാഗത്ത് യഹോവ സാക്ഷികളില്‍ ഇങ്ങനെയൊരാള്‍ അംഗമല്ല. ഒരുപക്ഷേ, അയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബൈബിള്‍ പഠിച്ചിരുന്ന വ്യക്തിയായിരിക്കാം. നാലുവര്‍ഷം മുന്‍പ് ഇങ്ങനെ പേരുള്ളയാള്‍ ബൈബിള്‍ പഠിക്കാന്‍ വന്നിരുന്നതായി പ്രാദേശികസഭയില്‍നിന്ന് വിവരമുണ്ട്. ചില യോഗങ്ങള്‍ക്ക് അയാള്‍ വന്നിരുന്നു. പിന്നീട് അയാള്‍ പഠനം നിര്‍ത്തി. എന്നാല്‍ ഇയാള്‍ തന്നെയാണോ കീഴടങ്ങിയ വ്യക്തിയെന്ന് ഉറപ്പില്ല”, പി.ആര്‍.ഒ. ശ്രീകുമാര്‍ പറഞ്ഞു.

ഒന്നിൽ അധികം സ്ഫോടനങ്ങൾ, ദുരൂഹ സാഹചര്യത്തിൽ നീല കാർ

കളമശ്ശേരി യഹോവസാക്ഷികളുടെ സമ്മേളനത്തില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഐ.ഇ.ഡിയില്‍ (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ച ബാറ്ററിയുടെ ഭാഗമാണ് കണ്ടെത്തിയത്. ഒന്നില്‍ കൂടുതല്‍ ബാറ്ററി അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.

സംഭവസ്ഥലത്തുനിന്നും ഒരു നീല മാരുതി സുസുകി ബലേനോ കാര്‍ പുറത്തേക്ക് പോയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കയാണ്. കാറിലുണ്ടായിരുന്നവരാണോ പിന്നിൽ എന്ന വിവരങ്ങളൊന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

സ്ഫോടനം നടത്തിയത് ഐഇഡി ഡിവൈസ് ഉപയോഗിച്ച്

ഒരു ഐഇഡി ഡിവൈസ് ഉപയോഗിച്ചുള്ള സ്‌ഫോടനമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മാധ്യമങ്ങളോട് പറഞ്ഞു. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. കളമശേരി സ്‌ഫോടന പ്രത്യേക സംഘം അന്വേഷിക്കും. എഡിജിപി എം ആര്‍ അജിത്കുമാറാണ് സംഘത്തെ നയിക്കുക. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അക്ബര്‍, ആന്റി ടെററസിസ്റ്റ് സ്‌ക്വാഡ് മേധാവി , രണ്ട് ഡിഐജിമാരും സംഘത്തിലുണ്ട്.

രണ്ടുതരത്തതിലുള്ള സ്‌ഫോടനമാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. വിദൂരനിയന്ത്രിക സ്‌ഫോടനക വസ്തുക്കള്‍ ഉപയോഗിച്ചോ ടൈമര്‍ നിയന്ത്രിത സ്‌ഫോടന വസ്തു ഉപയോഗിച്ചോ ആവാം ആക്രമണം ഉണ്ടായത്. കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്ന് സ്‌ഫോടനം ഉണ്ടായെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

ജില്ല അതിർത്തികളും അടച്ച് പരിശോധന നടത്തും. സംസ്ഥാന അതിർത്തികളിൽ കൂടുതൽ സേന വിന്യാസം. മുഴുവൻ പോലീസ് സംവിധാനങ്ങളോടും ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി.

മൂന്ന് ദിവസത്തെ പ്രാർത്ഥനാ കൻവെൻഷൻ ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം.

പൊട്ടിത്തെറിയിൽ 35 പേർക്ക് പരുക്കേറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 35 പേരെയും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഏഴ് പേർ ഐസിയുവിലാണ്. ഗുരുതമായി പൊള്ളലേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്. പൊട്ടിത്തെറിയിൽ മരിച്ച സ്ത്രീയെ തിരിച്ചറഞ്ഞിട്ടില്ല.

കളമശ്ശേരി സ്ഫോടനം ഒരാൾ സ്റ്റേഷനിൽ കീഴടങ്ങി, മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞില്ല, ഏഴ് പേരുടെ നില ഗുരുതരം

കളമശ്ശേരിയിലെ സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതമായി പുരോ​ഗമിക്കുന്നതിനിടെ, ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കൊച്ചി സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തിയ  വ്യക്തിയാണ് തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഉച്ചക്ക് ഒന്നരയോടെയാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിയത്.

യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം. രാവിലെ 9.45നാണ് സംഭവം. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400 ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. ഒരു സ്ത്രീയാണ് മരിച്ചത്. 35 പേർ ചികിത്സയിലുണ്ട് എന്നതാണ് പുതിയ വിവരം.

 കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. ടിഫിൻ ബോംബാണ് പൊട്ടിത്തെറിയുടെ കാരണമെന്നാണ് പൊലീസ് പറയുന്നത്. ഐഇഡിയുടെ (ഇംപ്രുവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) അവശിഷ്ടങ്ങൾ കണ്ടെത്തി. ഉന്നത പൊലീസ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്ന് ദിവസമായി തുടരുന്ന പ്രാർഥന ഇന്നവസാനിക്കാനിരിക്കെയാണ് സ്ഫോടനം.

കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.

അതേസമയം, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംഭവസ്ഥലത്തെത്തി. ഇന്റലിജന്‍സ് ചുമതലയുള്ള എ.ഡി.ജി.പി. മനോജ് എബ്രഹാമും ഡി.ജി.പിക്കൊപ്പമുണ്ട്. ഹെലികോപ്റ്ററില്‍ കളമശ്ശേരിയില്‍ എത്തിയ ഇരുവരും റോഡ് മാര്‍ഗം സ്‌ഫോടന സ്ഥലത്തെത്തി.

സ്‌ഫോടനം നടന്ന സ്ഥലത്ത് ഇരുവരും പരിശോധന നടത്തും. ദേശീയ അന്വേഷണ ഏജന്‍സി, ഡോഗ് സക്വോഡ്, സംസ്ഥാന ഭീകരവിരുദ്ധസേന, ഇന്റലിജന്‍സ് ബ്യൂറോ എന്നീ ഏജന്‍സികള്‍ നേരത്തെ തന്നെ സംഭവസ്ഥലത്തുണ്ട്.

സ്ഫോടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. 35 പേരാണ് നിലവിൽ ചികിത്സ തേടിയിട്ടുള്ളത്. ഏഴ് പേർ ഐസിയുവിലാണ്. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. 

വടകരയിൽ തോണി മറിഞ്ഞ് മീൻപിടിക്കാൻ പോയ രണ്ടു വിദ്യാർഥികൾ മരിച്ചു

വടകര ചെരണ്ടത്തൂരിൽ മീൻ പിടിക്കാൻ പോയ തോണി മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ഒരാൾ രക്ഷപ്പെട്ടു.

ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ വടക്കെ വലിയാണ്ടി സുധീറിന്റെ മകൻ ആദിദേവ് (17),കേക്കണ്ടി സുധീറിന്റെ മകൻ ആദി കൃഷ്ണ (17) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന 17 വയസുകാരൻ അഭിമന്യു രക്ഷപ്പെട്ടു. മാഹി കനാലിൽ ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. അപകടവിവരം കരയിലറിയാൻ വൈകിയത് രക്ഷാപ്രവർത്തനം പരാജയപ്പെടുത്തി.

മീൻ പിടിക്കാൻ പോയ ഫൈബർ ബോട്ട് മറിഞ്ഞാണ് അപകടം. ബോട്ട് മറിഞ്ഞപ്പോൾ ആദി ദേവും ആദി കൃഷ്ണനും പായലിൽ കുടുങ്ങി മുങ്ങിപ്പോവുകയായിരുന്നു.​ അഭിമന്യുവിൻ്റെ കരച്ചിൽ കേട്ടാണ് നാട്ടുകാർ വിവരം അറിഞ്ഞത്. അപ്പോഴേക്കും വൈകി. നാട്ടുകാരെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻതന്നെ ഇരുവരെയും വടകരയിലവെയും തിരുവള്ളൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കരച്ചിൽ കേട്ട് ഓടി എത്തിയത് ഇക്കരെക്കാർ

അഭിമന്യു നീന്തി അക്കരെ തിരുവള്ളൂര്‍ പഞ്ചായത്തിലെ വെള്ളൂക്കര മഠത്തില്‍മുക്ക് കുനിയില്‍ ഭാഗത്തെത്തി കണ്ടല്‍ക്കാടില്‍ പിടിച്ചുനിന്നു. നാട്ടുകാര്‍ ഇതുകണ്ട് എത്തിയപ്പോഴാണ് രണ്ടുപേര്‍ കനാലിലുണ്ടെന്ന് അഭിമന്യു പറയുന്നത്.

ഉടന്‍തന്നെ വെള്ളൂക്കര പ്രദേശത്തെ നാട്ടുകാര്‍ കനാലില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. അരമണിക്കൂറിനുള്ളില്‍ രണ്ടുപേരെയും കനാലിന്റെ അടിവശത്തുനിന്ന് കിട്ടി.

ഉടന്‍തന്നെ ആദിദേവിനെ തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും ആദികൃഷ്ണയെ വടകര ഗവ. ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. അഭിമന്യുവിനെ വടകര ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ല.

ആദിദേവിന്റെയും ആദി കൃഷ്ണന്റെയും മൃതദേഹങ്ങൾ വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.

ഫ്രണ്ട്സിലെ ചാൻഡ്ലർ മാത്യു പെറി മരിച്ച നിലയിൽ

 ‘ഫ്രണ്ട്‌സ്’ സീരീസിലൂടെ പ്രശസ്തനായ മാത്യു പെറി (54) കുളിമുറിയിൽ മരിച്ച നിലയില്‍. ലോസ് ആഞ്ജലസിലെ വസതിയിലെ ഹോട് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്‍ ബി സിയുടെ സൂപ്പര്‍ഹിറ്റ് സീരീസായ ഫ്രണ്ട്സില്‍ ‘ചാന്‍ഡ്ലര്‍ ബിംഗ്’ എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്.

ന്യൂയോർക്കിലെ മാൻഹട്ടനിലെ ഒരു ഫ്ലാറ്റില്‍ താമസിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് അമേരിക്കൻ സിറ്റ്കോമായ ഫ്രണ്ട്സ് പറഞ്ഞത്. സുഹൃത്തുക്കളായ ആറു യുവതീയുവാക്കളുടെ ജീവിത സന്ദര്‍ഭങ്ങളായിരുന്നു ഒരോ സീസണിലും വന്നത്. 1994 മുതൽ 2004 വരെ 236 എപ്പിസോഡുകളായിരുന്നു ഫ്രണ്ട്സിന് ഉണ്ടായത്. ഡേവിഡ് ക്രെയ്ൻ, മാർത്ത കാഫ്മാൻ എന്നിവരാണ് ഇതിന്റെ സ്രഷ്ടാക്കൾ.  18 രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്തിട്ടുള്ള ഫ്രണ്ട്സ് ഇപ്പോഴും ഒടിടി വഴിയും ആസ്വദിക്കുന്നത് കോടിക്കണക്കിന് പേരാണ്. പരമ്പരയുടെ അവസാന എപ്പിസോഡിന് യുഎസിൽ മാത്രം ഏകദേശം 5.11 കോടി പ്രേക്ഷകരാണ് ഉണ്ടായിരുന്നു എന്നാണ് കണക്ക്.

മദ്യത്തിനും വേദനസംഹാരികള്‍ക്കും മാത്യു അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഹരിയില്‍നിന്ന് മുക്തനാകാന്‍ താരം പലതവണ ചികിത്സതേടുകയും ചെയ്തിരുന്നു. ലഹരിയ്ക്ക് അടിമപ്പെട്ട കാലഘട്ടത്തില്‍ ഫ്രണ്ട്‌സില്‍ മൂന്ന് മുതല്‍ ആറ് വരെയുള്ള സീസണില്‍ അഭിനയിച്ചതുപോലും ഓര്‍മയില്ലെന്ന് മാത്യു വെളിപ്പെടുത്തിയിരുന്നു.

ഷി ഈസ് ഔട്ട് ഓഫ് കണ്‍ട്രോള്‍, ദി കിഡ്, സെര്‍വിങ് സാറ, ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്സ്, 17 ഇയേഴ്‌സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1979 ല്‍ പുറത്തിറങ്ങിയ 240 റോബര്‍ട്ട് എന്ന സീരീസിലൂടെയാണ് വിനോദരംഗത്ത് മാത്യു അരങ്ങേറ്റം കുറിച്ചത്.

താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അവധി ദിവസങ്ങളിലാണ് നിയന്ത്രണം.

വൈകിട്ട് 3 മുതല്‍ രാത്രി 9 വരെ വലിയ വാഹനങ്ങള്‍ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ചുരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം.

ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിനങ്ങള്‍, രണ്ടാം ശനിയോട് ചേര്‍ന്ന് വരുന്ന വെള്ളിയാഴ്ചകള്‍ എന്നീ ദിവസങ്ങളില്‍ വൈകുന്നേരം 3 മണിക്കും 9 മണിക്കും ഇടയിലാണ് ഗതാഗത നിയന്ത്രണം.

ഈ ദിവസങ്ങളില്‍ 6 വീലില്‍ കൂടുതലുള്ള ടിപ്പറുകള്‍, 10 വീലില്‍ കൂടുതലുള്ള ചരക്ക് വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍, ട്രക്കുകള്‍ തുടങ്ങി വലിയ വാഹനങ്ങള്‍ ചുരത്തിലൂടെ കടന്ന് പോകാന്‍ അനുവദിക്കില്ല.

തിങ്കളാഴ്ച രാവിലെ 6 മുതല്‍ 9 മണി വരെയും ഈ നിരോധനം പ്രാബല്യത്തില്‍ ഉണ്ടാകും. ദുരന്തനിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ചാണ് ജില്ലാതല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവ്.

പൊലീസ് എമർജൻസി വിങ്ങ്

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ചുരത്തില്‍ ഉണ്ടാകുന്ന അപകടങ്ങള്‍, വാഹന തകരാറുകള്‍ മൂലമുണ്ടാവുന്ന തടസ്സങ്ങൾ എന്നിവ അടിയന്തിരമായി പരിഹരിച്ച് ഗതാഗതം പുനസ്ഥാപിക്കുന്നതിനായി ഒരു എമര്‍ജന്‍സി സംവിധാനം ഏര്‍പ്പെടുത്താന്‍ താമരശ്ശേരി പോലീസിന് കളക്ടർ നിര്‍ദ്ദേശം നല്‍കി.