ശ്വാസ തടസ്സവുമായി എത്തിയ കുഞ്ഞിൻ്റെ തൊണ്ടയിൽ കെമ്പൻ ചെല്ലി വണ്ട്

ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിൻ്റെ തൊണ്ടയില്‍ പറ്റിപ്പിടിച്ച കൊമ്പന്‍ചെല്ലി വണ്ടിനെ കണ്ടെത്തി. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രി ചികിത്സക്കായി കൊണ്ടുവന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിൻ്റെ തൊണ്ടയിലാണ് കൊമ്പന്‍ചെല്ലി Asiatic rhinoceros beetle വണ്ടിനെ കണ്ടെത്തിയത്.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ കുഞ്ഞിന് ചികിത്സ നൽകി എങ്കിലും ആരോഗ്യ നില മെച്ചപ്പെട്ടില്ല. സംശയം തോന്നി എന്‍ഡോസ്‌കോപ്പി ചെയ്യുകയായിരുന്നു. അപ്പോഴാണ് കൊമ്പന്‍ചെല്ലി വണ്ട് തൊണ്ടയില്‍ കുടുങ്ങിയത് മനസ്സിലാക്കിയത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെ നാദാപുരം പാറക്കടവിലാണ് സംഭവം. കളിക്കുന്നതിനിടെ പെട്ടെന്ന് കുഞ്ഞിന് ശ്വാസതടസ്സം നേരിടുകയായിരുന്നു. ശ്വാസതടസ്സമുണ്ടാകാനുള്ള കാരണമറിയാതെ വീട്ടുകാരും ആകെ ആശങ്കയിലായി. ഉടന്‍ തന്നെ വീട്ടുകാര്‍ കുഞ്ഞിനെ പാറക്കടവിലെ ക്ലിനിക്കിലെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ എന്താണ് പ്രശ്നമെന്ന് കണ്ടെത്താനായില്ല.പനിയോ മറ്റ് അസുഖങ്ങളോ കുഞ്ഞിനുണ്ടായിരുന്നില്ല.  തനിയെ എന്തെങ്കിലും വായിലേക്ക് ഇടാനുളള സാധ്യതയും ഉണ്ടായിരുന്നില്ല.

ഇതിനാല്‍ തന്നെ ശ്വാസതടസ്സമുണ്ടാകാനുള്ള കാരണമെന്താണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പിന്നീട് ക്ലിനിക്കില്‍നിന്ന് ഉടന്‍ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നടത്തിയ പ്രാഥമിക ചികിത്സയില്‍ കുഞ്ഞിന്‍റെ ആരോഗ്യനിലയില്‍ മാറ്റം വന്നില്ല.

ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇ.എന്‍.ടി. വിഭാഗവും സംയുക്തമായി കുട്ടിയുടെ തൊണ്ടയില്‍ നിന്നും വണ്ടിനെ പുറത്തെടുത്തു. കുഞ്ഞ് ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തിൽ വണ്ട് അകത്തുപോയതെന്നാണ് നിഗമനം.

ഇറാനിൽ മതകാര്യ പൊലീസ് മർദ്ദിച്ച പതിനാറുകാരി മരിച്ചു

0

ഹിജാബ് നിയമം പാലിച്ചില്ലെന്നതിൻ്റെ പേരിൽ ഇറാനിലെ കുപ്രസിദ്ധമായ മതകാര്യപോലീസിൻ്റെ മർദനത്തിനിരയായ പതിനാറുകാരി മരിച്ചു. ടെഹ്‌റാനിലെ ഷൊഹാദ മെട്രോ സ്റ്റേഷനുസമീപം തീവണ്ടിയിൽവെച്ചാണ് അർമിത ഗരവന്ദ് എന്ന പെൺകുട്ടി മതകാര്യ പൊലീസ് നടപടിക്ക് ഇരയായത്.

മർദ്ദനമേറ്റ കുട്ടി ആശുപത്രിയിൽ കോമയിലായിരുന്നു. 25 ദിവസത്തിലധികം ആശുപത്രിയിൽകഴിഞ്ഞ അർമിതയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും ഒടുവിൽ മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് സി.എൻ.എൻ. റിപ്പോർട്ട് ചെയ്തു.

ഒക്ടോബർ ഒന്നിനായിരുന്നു സംഭവം. കുർദിഷ് വംശജയായ അർമിത സുഹൃത്തുക്കൾക്കൊപ്പം മെട്രോയിൽ യാത്ര ചെയ്യവെയായിരുന്നു മതകാര്യ പോലീസിന്റെ ആക്രണമത്തിനിരയാകുന്നത്. രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്ന് കുട്ടി കുഴഞ്ഞുവീണ് തലയിടിച്ചാണ് മരണം. സംഭവത്തിൽ സുരക്ഷാസേനയ്ക്ക് പങ്കില്ലെന്നുമാണ് പൊലീസ് വിശദീകരണം.

അബോധാവസ്ഥയിലായ പെൺകുട്ടിയെ മറ്റു പെൺകുട്ടികൾ ചേർന്നാണ് തീവണ്ടിയിൽനിന്ന് പുറത്തേക്ക് എത്തിച്ചത്. ഇതിൻ്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മാഷാ അമിനിയുടെ മരണത്തിന് ഒരു വർഷം തികയുമ്പോഴാണ് സമാന സംഭവം. പൊലീസ് കസ്റ്റഡിയിൽ വെച്ചാണ് ശിരസ് മറയ്ക്കുന്ന വസ്ത്രം ധരിച്ചില്ലെന്ന പേരിൽ മർദ്ദനമേറ്റ് മാഷാ അമിനി മരിച്ചത്.

സുരേഷ് ഗോപിക്ക് എതിരെ പൊലീസ് കേസ് എടുത്തു

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ നടൻ സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്തു. 354 എ വകുപ്പ് പ്രകാരം നടക്കാവ് പോലീസാണ് കേസെടുത്തത്. പരാതി പ്രകാരം വനിതാ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വിവാദങ്ങൾക്ക് ഇടയാക്കിയ സംഭവം. ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി ആവർത്തിച്ച് കൈ വെച്ചതാണ് കേസിന് ഇടയാക്കിയത്.

തോളില്‍ കൈവെച്ച നടപടി ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവര്‍ത്തക എടുത്ത് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ചോദ്യം നേരിടുന്നതിന് പകരം സ്പർശത്താൽ നേരിടുന്ന സമീപനമായിരുന്നു. സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തക വ്യക്തമാക്കിയിരുന്നു. പത്ര പ്രവർത്തക യൂണിയനും ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി.

ജാമ്യമില്ലാ വകുപ്പ്

 ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. . രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

ഇതിന് പിന്നാലെ സംഭവത്തില്‍ സുരേഷ് ഗോപി മാപ്പുപറഞ്ഞിരുന്നു. തന്റെ പെരുമാറ്റം ഏതെങ്കിലും രീതിയില്‍ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. എന്നാൽ ഇത് തോന്നൽ എന്ന നിലയ്ക്ക് ചെറുതാക്കാൻ പറ്റില്ലെന്ന് ദൃശ്യങ്ങൾ സഹിതം പരാതിക്കാരി വ്യക്തമാക്കി.

മാപ്പ് പറഞ്ഞാൽ തീരുന്നതല്ല, സുരേഷ് ഗോപിക്ക് എതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ

സിനിമാ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി ലഭിച്ചതായി വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി. പത്ര പ്രവർത്തക യൂണിയനും വനിതാ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

സുരേഷ് ഗോപി മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ല. വനിത കമ്മീഷൻ ഈ വിഷയത്തെ ഗൗരവതരമായി കാണുന്നു. പരാതി നൽകും എന്ന് പറഞ്ഞതിനാലാണ് കമ്മീഷൻ സ്വമേധയാ ഇടപെടാതിരുന്നത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചുവെന്നും സതീദേവി പറഞ്ഞു.

പൊലീസിനോട് വസ്തുനിഷ്ടപരമായി വിഷയം അന്വേഷിക്കാൻ നിർദേശം നൽകും. ഈ മാസം 31നു കോട്ടയത്ത്‌ വെച്ച് പബ്ലിക് ഹിയറിങ് നടത്തുമെന്നും സതീദേവി പറഞ്ഞു. 

സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തകയും പൊലീസിലും പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. പരാതി നടക്കാവ് പൊലീസിന് കൈമാറി.  പരാതിക്കടിസ്ഥാനമായ സംഭവം കോഴിക്കോട് വെച്ചായിരുന്നു. 

സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിൽ അല്ല വിശദീകരണമായിട്ടാണ് തോന്നിയതെന്ന് മാധ്യമപ്രവർത്തക നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് തെറ്റായി തോന്നിയെങ്കിൽ എന്നാണ് പറഞ്ഞത്. തോന്നൽ അല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടത്. സുരേഷ് ഗോപിയുടേത് മോശമായ സ്പർശനം ആയിട്ടാണ് അനുഭവപ്പെട്ടത്. അത് കൊണ്ടാണ് ആ രീതിയിൽ പ്രതികരിച്ചതെന്നും മാധ്യമ പ്രവർത്തക പറഞ്ഞു.

ബി എസ് സി നഴ്സിങ് പ്രവേശനത്തിന് അടുത്ത വർഷം മുതൽ എൻട്രൻസ്

അടുത്ത അധ്യയനവർഷം മുതൽ ബി.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിന് കേരളത്തിലും എൻട്രൻസ് പരീക്ഷ ഏർപ്പെടുത്തുന്നതിന് തീരുമാനമായി. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ച യോഗത്തിൽ നഴ്‌സിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷനുകളും സന്നദ്ധത അറിയിച്ചു. ഇതോടെ 2024-25 പ്രവേശനത്തിന് എൻട്രൻസ് ഏർപ്പെടുത്താൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർേദശം നൽകി.

തമിഴ് നാട്ടിലും കർണ്ണാടകയിലും വരും

രണ്ടുവർഷമായി പ്രവേശനനടപടി തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ പ്രവേശന പരീക്ഷയിൽ നിന്നും ഒഴിഞ്ഞുമാറിയത്. തമിഴ്‌നാടും പ്രവേശന പരീക്ഷ നടത്തിയിരുന്നില്ല. കർണാടകത്തിൽ ഇക്കൊല്ലം പ്രവേശന പരീക്ഷ നടത്തിയെങ്കിലും പൊതു ധാരണയിൽ എത്തിയിരുന്നില്ല.

നഴ്‌സിങ് പ്രവേശനം എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തണമെന്ന് രണ്ടുവർഷമായി ദേശീയ നഴ്‌സിങ് കൗൺസിൽ ആവശ്യപ്പെടുന്നുണ്ട്. പ്രവേശനപരീക്ഷയിലൂടെ അല്ലാതെ അഡ്മിഷൻ നേടുന്നവരുടെ ബിരുദം അംഗീകരിച്ച് നൽകില്ലെന്നും കൗൺസിൽ എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചിരുന്നു. ഇതോടെ അയൽ സംസ്ഥാനങ്ങളും പ്രവേശന പരീക്ഷയിലേക്ക് പൂർണ്ണമായി മാറേണ്ടി വരും.

എഞ്ചിനിയറിങ് ഫാർമസി പരീക്ഷയ്ക്ക് ഒപ്പമാവാം

നിലവിൽ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയാണ് സർക്കാർ കോളേജുകളിലെയും സ്വാശ്രയകോളേജുകളിലെ പകുതിസീറ്റിലെയും പ്രവേശനത്തിനുള്ള റാങ്ക്‌പട്ടിക തയ്യാറാക്കുന്നതും പ്രവേശനനടപടി പൂർത്തിയാക്കുന്നതും.

സ്വാശ്രയകോളേജുകളിലെ 50 ശതമാനം സീറ്റ്‌ മാനേജ്‌മെന്റ് അസോസിയേഷനുകളാണ് നികത്തുന്നത്. ഇതിനായി അവർ പ്രത്യേകം അപേക്ഷ ക്ഷണിക്കുകയാണ്. അസോസിയേഷനുകളിലില്ലാത്ത ഏതാനും കോളേജുകൾ നേരിട്ടും ഈ സീറ്റുകളിൽ പ്രവേശനം നടത്തുന്നുണ്ട്.

ഏത് ഏജൻസി പരീക്ഷ നടത്തുമെന്നതടക്കമുള്ള കാര്യങ്ങൾ ആലോചനാഘട്ടത്തിലാണ്. എൻജിനിയറിങ്, ഫാർമസി പ്രവേശനപരീക്ഷയ്ക്കൊപ്പം സംസ്ഥാന പ്രവേശനപരീക്ഷാ കമ്മിഷണറേറ്റിനെ ഏൽപ്പിക്കാനാണ് ആലോചന. പ്രവേശന പരീക്ഷയും സിലബസും ദേശീയ നഴ്സിങ് കൌണസിൽ മാർഗ്ഗ രേഖ പ്രകാരം തന്നെയാവും. ഇതര സംസ്ഥാനങ്ങളിൽ ഇതിൻ്റെ മാതൃകാ പരീക്ഷകൾ നടന്നിട്ടുണ്ട്.

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്ര സഭാ പ്രമേയത്തിൽ ഇന്ത്യ വിട്ടു നിന്നു

0

ഗാസയിലെ ഇസ്രയേൽ ബോംബ് വർഷം തുടരുന്നതിനിടയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന ഐക്യരാഷ്ട്ര സഭാ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന്‌ ഇന്ത്യ. 120 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു. 14 അംഗങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ഇന്ത്യയുള്‍പ്പടെയുള്ള 45 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നത്.

ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി. ജപ്പാന്‍, യുക്രൈന്‍, യു.കെ. തുടങ്ങിയ രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ബംഗ്ലദേശ്, പാകിസ്താന്‍, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ 40 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ജോര്‍ദാനാണ് ഉടമ്പടി വെടിനിർത്തൽ ആവശ്യപ്പെട്ടുളള കരട് പ്രമേയം അവതരിപ്പിച്ചത്.

യു.എന്‍. ജനറല്‍ അസംബ്ലിയുടെ പത്താമത് അടിയന്തര പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഗാസയിലേക്കുള്ള പ്രവേശനം നിഷേധിക്കരുതെന്നും ആവശ്യപ്പെട്ടു. ഗാസയ്ക്ക് ആവശ്യമായ മാനുഷികസഹായമെത്തിക്കണമെന്നും ആഹ്വാനം ചെയ്യുന്നു.

ഹമാസ് നടത്തിയ അക്രമങ്ങളെ കുറിച്ചും ബന്ദികളാക്കപ്പെട്ട നിരവധി സാധാരണക്കാരെ കുറിച്ചും പ്രമേയത്തില്‍ സൂചന പോലുമില്ലെന്നും അതിനാലാണ് വിട്ടു നില്‍ക്കുന്നതെന്നുമാണ് ഇന്ത്യയുള്‍പ്പടെയുള്ളവരുടെ വിശദീകരണം. ഈ ആവശ്യം ഉന്നയിച്ചുള്ള കരട് ഭേദഗതി വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനാവത്തതിനാല്‍ തള്ളിപ്പോയി.

ഹമാസ് ഒക്ടോബര്‍ 7 മുതല്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളെ ബന്ദികളാക്കപ്പെട്ടവരെ പറ്റിയും ഒരു ഖണ്ഡിക കൂടി ഉള്‍പ്പെടുത്തണമെന്ന ഭേദഗതി പ്രമേയത്തില്‍ വരുത്തണമെന്ന നിര്‍ദ്ദേശം കാനഡയാണ് മുന്നോട്ട് വെച്ചത്. യു.എസ്. ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇന്ത്യയുള്‍പ്പടെ 87 രാജ്യങ്ങള്‍ ഇതിനെ പിന്താങ്ങി വോട്ട് ചെയ്തു. 55 രാജ്യങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഇതോടെയാണ് ഭേദഗതി തള്ളിയത്.

ഇന്ത്യയിൽ ജോലി സമയം 12 മണിക്കൂർ ആക്കണം, ആവശ്യം ചർച്ചയാക്കി കോർപ്പറേറ്റ് മുതലാളിമാർ രംഗത്ത്

ഇന്ത്യയിൽ ജോലിസമയം ആഴ്ചയില്‍ 70 മണിക്കൂര്‍ ആക്കണമെന്ന ഇൻഫോസിസ് ചെയർമാൻ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ അഭിപ്രായത്തെ പിന്തുണച്ച് കോർപ്പറേറ്റ് ലോകത്തെ വമ്പൻമാർ. ആഴ്ചയില്‍ അഞ്ചു ദിവസം മാത്രം ജോലി ചെയ്യുന്നതല്ല ഇന്ത്യയെ പോലെ സത്വരം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിനാവശ്യമെന്ന് വ്യവസായിയും ജെ.എസ്.ഡബ്ല്യൂ. ഗ്രൂപ്പ് ചെയര്‍പേഴ്‌സണുമായ സജ്ജന്‍ ജിന്‍ഡാല്‍ പിന്നാലെ രംഗത്ത് എത്തി.

ആഗോളതലത്തില്‍ മറ്റു രാജ്യങ്ങളുമായി കിടപിടക്കുന്ന തരത്തിലുള്ള വളര്‍ച്ച കൈവരിക്കാന്‍ പ്രവർത്തനസമയം ദീര്‍ഘിപ്പിക്കേണ്ടത് അനിവാര്യമാണെന്നും, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതേ മാതൃക പിന്തുടര്‍ന്ന ജപ്പാനെയും ജര്‍മ്മനിയെയും ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് നാരായണ മൂർത്തി ആദ്യം ആവശ്യം ഉന്നയിച്ചത്. കോർപ്പറേറ്റ് ലോകത്തെ ജീവനക്കാരെയാണ് ഇരുവരും ഉന്നം വെച്ചത് എങ്കിലും ഇതിൽ വലിയ ചർച്ചകളും വിമർശനങ്ങളുമാണ് ഉയർന്നു വന്നത്.

ജിൻഡാൽ പറഞ്ഞത്

വികസിത രാജ്യങ്ങളില്‍ ആഴ്ചയില്‍ നാലോ അഞ്ചോ ദിവസം മാത്രം ജോലിയെടുക്കുന്ന തൊഴില്‍സംസ്‌കാരം നിലനില്‍ക്കുന്നത് അവരുടെ മുന്‍ഗാമികള്‍ കൂടുതല്‍ സമയം, കൂടുതല്‍ ഉത്പാദനക്ഷമമായി പണിയെടുത്തതിനാലാണ്. ഇന്ത്യയുടെ ഏറ്റവും പരമപ്രധാനമായ ശക്തി യുവതലമുറയാണ്. അതിനാല്‍ വിശ്രമവേളകളെക്കാള്‍ യുവാക്കള്‍ തൊഴിലിന് പ്രാധാന്യം നല്‍കുക തന്നെ വേണം. നമ്മള്‍ മുന്നേറുന്നതനുസരിച്ച് വിശ്രമത്തിനുള്ള സമയം ലഭിക്കും. 2047-ലെ യുവജനത നമ്മുടെ അധ്വാനത്തിന്റെ ഫലമാകും അനുഭവിക്കുക.

നാരായണ മൂർത്തി നേരത്തെ തുടങ്ങി

2020-ലും എന്‍.ആര്‍. നാരായണമൂര്‍ത്തി സമാനമായ ആശയം മുന്നോട്ടുവച്ചിരുന്നു. കോവിഡാനന്തരം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കാനായി ആഴ്ചയില്‍ അറുപത് മണിക്കൂര്‍ എന്ന കണക്കില്‍ അടുത്ത മൂന്നുവര്‍ഷമെങ്കിലും പണിയെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ നിര്‍ദേശത്തെ പിന്താങ്ങി ഒല സിഇഒ ഭവിഷ് അഗര്‍വാളും രംഗത്തെത്തിയിരുന്നു. കൂടുതല്‍ മണിക്കൂറുകള്‍ പണിയെടുക്കുന്ന തലമുറയെ വാര്‍ത്തെടുക്കേണ്ട സമയമടുത്തു എന്നാണ് ഭവിഷ് അഗര്‍വാള്‍ എക്‌സില്‍ കുറിച്ചത്.

പ്രതികരണങ്ങളിൽ

70 മണിക്കൂര്‍ ജോലി സമയം ആക്കുമ്പോള്‍ ആഴ്ചയില്‍ ആറ് ദിവസം ജോലി ചെയ്യുന്ന ഒരാള്‍ക്ക് 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരും.

‘ഒരു ദിവസമെന്നാല്‍ 24 മണിക്കൂര്‍
നിങ്ങള്‍ ആഴ്ചയില്‍ ആറ് ദിവസം ജോലി ചെയ്യുന്ന ആള്‍ ആണെങ്കില്‍ 12 മണിക്കൂര്‍ ജോലിക്ക്,
8 മണിക്കൂര്‍ ഉറക്കത്തിന്
ബാക്കിയുള്ളത് 4 മണിക്കൂര്‍
ബെംഗളൂരു പോലുള്ള നഗരത്തില്‍ റോഡ് ബ്ലോക്കില്‍ 2 മണിക്കൂര്‍
പിന്നെയുള്ളത് രണ്ട് മണിക്കൂര്‍- പല്ല് തേക്കല്‍, പ്രാഥമിക കാര്യങ്ങള്‍, കുളി, ഭക്ഷണം…പിന്നെ,
സോഷ്യലൈസ് ചെയ്യാന്‍ സമയമില്ല
കുടുംബത്തോടൊപ്പം ചെലവിടാന്‍ സമയമില്ല
വ്യായാമം ചെയ്യാന്‍ സമയമില്ല,
വിനോദത്തിന് സമയമില്ല,
ജോലി സമയത്തിന് ശേഷവും ഇമെയിലുകള്‍ക്കും കോളുകള്‍ക്കും ഇളവില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല.
യുവാക്കള്‍ക്ക് ഹൃദയാഘാതം സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുക?!’

എക്സിൽ വന്ന ഒരു പ്രതികരണം ഇങ്ങനെയായിരുന്നു.

പി സി ജോർജിൻ്റെ ജനപക്ഷം എൻഡിഎയിലേക്ക്, ഷോൺ ജോർജ് ബിജെപി ഓഫീസിൽ

പി സി ജോർജിൻ്റെ ജനപക്ഷം സെക്കുലർ എൻഡിഎയിലേക്ക്. ജനപക്ഷം ചെയർമാൻ ഷോൺ ജോർജ് ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തി കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് വാർത്ത.

അനൗദ്യോഗിക കൂടികാഴ്ച മാത്രമായിരുന്നു എന്നാണ് ഷോൺ ജോർജ് പ്രതികരിച്ചത്. എന്നാൽ വീണ്ടും രാഷ്ട്രീയ ഭാവി തേടി എത്തിയിരിക്കയാണ് പി സി ജോർജിൻ്റെ തന്ത്രം എന്നാണ് വിലയിരുത്തൽ.

എൻഡിഎയിൽ ലോക്‌സഭാ സ്ഥാനാർത്ഥി നിർണയം പുരോഗമിക്കുകയാണ്. ഇതിനിടെ ഉച്ചയോടുകൂടിയാണ് അദ്ദേഹം ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിൽ എത്തിയത്. തിരുവനന്തപുരത്ത് കെ സുരേന്ദ്രൻ നടത്തിയ വാർത്താ സമ്മേളനത്തിന് തൊട്ടു പിറകെയാണ് കൂടിക്കാഴ്ച്ച നടന്നത്.

നേരത്തെ എൻ ഡി എ യുടെ ഒപ്പം നിന്നയാളാണ് പി സി ജോർജ്. പിന്നീട് തൃക്കാക്കര തെരഞ്ഞടുപ്പിൽ അദ്ദേഹം കോൺഗ്രസിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. മകനിലൂടെ എൻ ഡിഎയിലേക്ക് മടങ്ങി വരവും തൻ്റെ രാഷ്ട്രീയ ഭാവിയുടെ തിരിച്ചെടുപ്പും ലക്ഷ്യം വെക്കുകയാണ്.

കാലഹരണപ്പെട്ട ഫോണുകൾ 2014 ൽ തന്നെ ജനങ്ങൾ ഉപേക്ഷിച്ചു, കോൺഗ്രസിനെ ഓർമ്മപ്പെടുത്തി മോഡി

കാലഹരണപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഇന്ത്യയിലെ ജനങ്ങള്‍ 2014-ല്‍ തന്നെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയില്‍ ‘ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു മോഡി. 2014 വെറുമൊരു കൊല്ലമല്ലെന്നും മറിച്ച് അതൊരു പരിവര്‍ത്തനമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

“റീസ്റ്റാര്‍ട്ട് ചെയ്യുന്നതോ ബാറ്ററി ചാര്‍ജ് ചെയ്യുന്നതോ അല്ലെങ്കില്‍, ബാറ്ററി മാറ്റുന്നതുതന്നെയോ പ്രാവര്‍ത്തികമായിരുന്നില്ല. കാലഹരണപ്പെട്ട അത്തരം ഫോണുകള്‍ ജനങ്ങള്‍ 2014-ല്‍ ഒഴിവാക്കി, പകരം രാജ്യത്തെ സേവിക്കാന്‍ ഞങ്ങള്‍ക്ക് അവസരം നല്‍കി”, സ്‌ക്രീനുകള്‍ പ്രവര്‍ത്തനരഹിതമായ കാലപ്പഴക്കമേറിയ ഫോണുകള്‍ക്ക് സമാനമായി തികച്ചും നിശ്ചലമായ അവസ്ഥയിലായിരുന്നു മുന്‍സര്‍ മോഡി പറഞ്ഞു.

ഗൂഗിള്‍ അതിന്റെ പിക്‌സല്‍ ഫോണിന്റെ ഉത്പാദനം ഇന്ത്യയില്‍ ആരംഭിക്കുകയാണെന്ന് പ്രഖ്യാപിച്ചു. സാംസങ്ങിന്റെ ഫോള്‍ഡ് 5 മൊബൈല്‍ ഫോണും ആപ്പിളിന്റെ ഐഫോണ്‍ 15-ഉം ഇന്ത്യയില്‍ നിര്‍മാണമാരംഭിച്ചുകഴിഞ്ഞു”, മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സ്പീഡില്‍ റാങ്ക് നില മെച്ചപ്പെടുത്താനും ഇന്ത്യയ്ക്ക് സാധിച്ചു.

പൗരര്‍ക്ക് മൂലധനവും സ്രോതസുകളും സാങ്കേതികവിദ്യയും പ്രാപ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രാഥമിക പരിഗണനയെന്നും മോഡി പറഞ്ഞു.

അന്നം മുട്ടിച്ച് കൊല്ലാൻ ഇസ്രയേൽ, റൊട്ടികടകൾ ലക്ഷ്യം വെച്ച് ആക്രമണം

0

ഒരു കീറ് ബ്രെഡിന് വേണ്ടി മണിക്കൂറുകള്‍ കാത്തുനില്‍ക്കാന്‍ വിധിക്കപ്പെട്ട തങ്ങളെ ഏത് വിധത്തിലും തകര്‍ക്കാനുറച്ച് ബേക്കറികള്‍ ഇസ്രയേല്‍ സൈന്യം വ്യാപകമായി തകര്‍ക്കുന്നുണ്ടെന്നാണ് ഗസ്സന്‍ ജനത വിലപിക്കുന്നു. മോണ്‍ഡോവിസ് മാധ്യമത്തിന് വേണ്ടി താരിഖ് എസ് ഹജ്ജാജ് ഗസ്സയില്‍ നിന്ന് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങളുള്ളത്.

കുടിക്കാന്‍ തെളിഞ്ഞ വെള്ളവും കഴിക്കാന്‍ ധാന്യപ്പൊടികളും തീര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ്. ഓരോ സ്ലൈസ് റൊട്ടിയ്ക്കും വേണ്ടി ബേക്കറികള്‍ക്ക് മുന്നില്‍ വലിയ പിടിവലികളാണ് നടക്കുന്നത്. എട്ട് മണിക്കൂറോളം ക്യൂ നിന്നാലേ ചിലപ്പോള്‍ ഒരു കഷ്ണം ബ്രെഡ് കിട്ടൂ. പക്ഷെ ഇത് തിരിച്ചറിഞ്ഞ് ഇസ്രയേൽ സൈന്യം ബേക്കറികളും ഇതര ഭക്ഷ്യക്കടകളും തകർക്കാൻ തുടങ്ങി എന്നാണ് റിപ്പോർട്ട് പറയുന്നത്.

സുരക്ഷിതമെന്ന് അറിയിച്ച സ്ഥലങ്ങളിലുള്ള ബേക്കറികളിലാണ് ജനങ്ങള്‍ ഇത്തരത്തില്‍ റൊട്ടിയ്ക്കായി ക്യൂ നിന്നത്. എന്നാല്‍ അതൊരു ട്രാപ്പായിരുന്നുവെന്ന് ആളുകള്‍ വളരെ വേഗം തിരിച്ചറിഞ്ഞു. പ്രദേശത്തെ ബേക്കറികള്‍ ഉന്നെവച്ച് ഇസ്രയേല്‍ ആക്രമണമുതിര്‍ത്തു. പല ബേക്കറികളും തകര്‍ന്നുവീണു. വിശപ്പ് സഹിക്കാതെയും പ്രീയപ്പെട്ടവരുടെ വിശപ്പ് കണ്ടുനില്‍ക്കാന്‍ സാധിക്കാതെയും പലരും മരിക്കുമെന്ന് ഉറപ്പിച്ച് തന്നെ വീണ്ടും ബേക്കറികളിലേക്ക് യാത്ര ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗസ്സയിലേക്ക് മാനുഷിക സഹായങ്ങള്‍ കടത്തിവിടുന്നവര്‍ തന്നെ മറുവശത്ത് ബേക്കറികൾ തകർക്കുകയാണ്. നുസെറാത്ത് ക്യാമ്പിളുള്ളവര്‍ക്ക് സഹായമെത്തിക്കുന്നതിനായി യുഎന്‍ആര്‍ഡബ്ല്യുവില്‍ നിന്ന് ധാന്യപ്പൊടികള്‍ ലഭിച്ച ഒരു ബേക്കറി കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ടതായി ഗസ്സയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഗസ്സയിലെ ജനതയെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി മാത്രമാണ് ബേക്കറികള്‍ ലക്ഷ്യംവച്ച് ആക്രമണം നടത്തുന്നതെന്നും ബേക്കറി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നതില്‍ ഒരു ഹമാസ് നേതാവുമില്ലെന്നും ജനങ്ങള്‍ ആരോപിക്കുന്നു.

മരണഭീതിയില്‍ ബേക്കറികള്‍ പലതും ഉടമകള്‍ അടയ്ക്കുകയാണ്. തന്റെ ചെറിയ ബേക്കറിയ്ക്ക് മുന്നില്‍ മാത്രം 500 പേര്‍ ക്യൂ നില്‍ക്കുന്നതായി ഗസ്സയിലെ അല്‍ ഖോലി അല്‍ അബ്ബാസ് ബേക്കറിയില്‍ ജോലി ചെയ്യുന്ന സ്മീല്‍ അബു സോര്‍ എന്നയാള്‍ പറഞ്ഞതായി ദി നാഷണല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ വെറും പത്ത് ബേക്കറികള്‍ മാത്രമാണ് ഇവിടെ തുറന്നിട്ടുള്ളതെന്നും സ്ഥിതിഗതികള്‍ തങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും അദ്ദേഹം പറയുന്നു.

വെളുപ്പിന് നാല് മണി മുതല്‍ വൈകീട്ട് ഒന്‍പത് മണി വരെ മരണഭീതിയിലും തിക്കിതിരക്കിനും അടിപിടികള്‍ക്കും നടുവില്‍ കട തുറന്നിരിക്കേണ്ടി വരുന്ന ഗതികേടാണ് ഗസ്സയിലെ ബേക്കറി ഉടമകള്‍ക്ക് പറയാനുള്ളത്. ആക്രമണത്തെ അതിജീവിച്ച് ബേക്കറികള്‍ തുറന്നാലും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവിധ ഭക്ഷണങ്ങളും തീരുമെന്നും ഗസ്സ മുഴുപ്പട്ടിണിയിലേക്ക് നീങ്ങുമെന്നും കടക്കാര്‍ പറയുന്നു.