സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിർമ്മൽ NR 352 ലോട്ടറി ഫലം പ്രഖ്യാപിച്ചു. NF 325587 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഈ ടിക്കറ്റിന് 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായ 10 ലക്ഷം NV 949961 എന്ന ടിക്കറ്റിനാണ്. ഇന്ന് 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് നിർമ്മൽ ലോട്ടറി ടിക്കറ്റ് വില.
ലോട്ടറി സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. ഒരുമാസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റ് സമർപ്പിച്ചിരിക്കണം
ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീംലീഗ് വേദിയിലെ പരാമർശത്തില്‍ വിശദീകരണവുമായി ശശി തരൂർ എംപി. താൻ എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്ന് ശശി തരൂർ വിശദീകരിച്ചു.
പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട. ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു.
ആയുധമാക്കി സംഘടനകൾ
കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവിൽ ഡോ. ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയെന്നാണ് എം സ്വരാജ് ആരോപിച്ചത്. ഇസ്രയേല്‍ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെല്‍ അവീവില്‍ നിന്ന് ഇസ്രയേലും ലീഗ് വേദിയില്‍ നിന്നും തരൂരും പലസ്തീനെ അക്രമിക്കുകയാണെന്ന് സ്വരാജ് കുറ്റപ്പെടുത്തി.
മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ നടന്നത് ഇസ്രയേല്‍ അനുകൂല സമ്മേളനമാണെന്ന് കെടി ജലീലും വിമര്‍ശിച്ചു. റാലിയിലെ മുഖ്യപ്രഭാഷകന്‍ ശശി തരൂരിന്റെ പ്രസംഗം കേട്ടാല്‍ ഇസ്രയേല്‍ അനുകൂല സമ്മേളനമാണെതെന്നാണ് ആര്‍ക്കും തോന്നുക. അന്ത്യനാള്‍ വരെ ലീഗിന്റെ ഈ ചതി പലസ്തീന്റെ മക്കള്‍ പൊറുക്കില്ല. പലസ്തീന്‍ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂര്‍ ‘ഇസ്രയേല്‍ മാല’ പാടിയതെന്നും ജലീല്‍ പറഞ്ഞു.
കേരളം തൊട്ട് വീണ്ടും വന്ദേഭാരത്. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ സര്‍വീസ്. ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്കും ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കും തിരിച്ചും സർവ്വീസ് നടത്തും.
വൈകിട്ട് ചെന്നൈ സെന്ററില്‍നിന്ന് പുറപ്പെട്ട് രാവിലെ നാലുമണിയോടെ ബെംഗളൂരുവിലെത്തും. തുടര്‍ന്ന് നാലരയ്ക്ക് അവിടുന്ന് പുറപ്പെട്ട് എറണാകുളത്ത് ഉച്ചയ്ക്ക് ഒന്നരയോടെ എത്തും. തിരിച്ചും ഈ വിധത്തില്‍ സര്‍വീസ് നടത്തും.
രണ്ടമത്തെ വന്ദേഭാരത് രണ്ട് വ്യവസായ നഗരങ്ങളായ കോയമ്പത്തൂരിനെയും മംഗലാപുരത്തിനെയും ബന്ധിപ്പിച്ച് ആയിരിക്കും എന്നാണ് തുടക്കത്തിൽ ധാരണ ഉണ്ടായിരുന്നത്. ഇത് പിന്നീട് മാറിപ്പോയി. ഏറ്റവും അധികം യാത്രക്കാർ കാത്തിരിക്കുന്ന സർവ്വീസാണ് ഇത്.
തൻ്റെ ജീവിതത്തില്‍ ഷാരൂഖ് ഖാനുള്ള വലിയ റോളിനെ കുറിച്ച് മനസ് തുറയ്ക്കുകയാണ് കരണ്‍ ജോഹർ. ലൈംഗികതയും സ്ത്രൈണത മുന്നിട്ടു നിൽക്കുന്ന വ്യക്തിത്വവും പരിഹാസത്തിന് വിധേയമായപ്പോൾ പിടിച്ചു നിൽക്കാനായില്ല. അന്ന് കൂടെ നിന്നതും അംഗീകരിച്ചതും ഷാരൂഖ് ഖാനാണെന്നും കരൺ വെളിപ്പെടുത്തി. ഷാരൂഖ് ഖാൻ്റെ പുരോഗമന ചിന്താ ശേഷിയെ വാഴ്ത്തി.
കരണിന്റെ സംവിധാനത്തില്‍ ഷാരൂഖ് നായകനായി എത്തിയ പല ചിത്രങ്ങളും വെള്ളിത്തിരയില്‍ വമ്പൻ സ്വീകരണം നേടിയിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും ഇരുവരും അടുത്ത കൂട്ടുകാരാണ്. ബോളിവുഡിലെ ഹിറ്റ് ജോഡികളാണ് ഷാരൂഖ് ഖാനും കരണ്‍ ജോഹറും.
തന്റെ ലൈംഗികതയെ ആദ്യം അംഗീകരിച്ചതും ഷാരൂഖാണെന്ന് കരണ്‍ വെളിപ്പെടുത്തി. ഒരു പോഡ്കാസ്റ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു കരണ്‍.
ഷാരൂഖ് നാടകത്തിലൂടെ വളർന്നു, പുരോഗമന ചിന്തയുള്ള വ്യക്തി
എല്ലാ തരത്തിലുള്ള മനുഷ്യരോടുമൊപ്പം ഷാരൂഖ് ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹം വളരെ പുരോഗമന ചിന്തയുള്ള വ്യക്തിയാണ്. പുരോഗമനപരമായ കുടുംബ സാഹചര്യത്തിലാണ് വളര്‍ന്നത്. അതിൻ്റെ ചിന്താപരമായ ഗുണം അദ്ദേഹത്തിനുണ്ട്. എന്നെ തുല്യവും സാധാരണനുമായി കണ്ടു. കാണാൻ പഠിപ്പിച്ചു.
‘പലരും എന്റെ സ്വഭാവത്തെ തെറ്റിധരിച്ചു. മാതാപിതാക്കള്‍പോലും എന്റെ സ്‌ത്രൈണ സ്വഭാവത്തെ തമാശയായി കണ്ടു. അവർക്ക് അത്രയുമേ ആകുമായിരുന്നുള്ളൂ. ആ സമയത്താണ് യാതൊരുവിധ മുന്‍വിധികളുമില്ലാതെ ഷാരൂഖ് സുഹൃത്തായി വരുന്നത്. എനിക്ക് എല്ലാതരത്തിലും മനസ് തുറന്ന് സംസാരിക്കാന്‍ പറ്റുന്ന വ്യക്തിയായിരുന്നു ഷാരൂഖ്. നാടക പശ്ചാത്തലത്തില്‍ നിന്ന് വരുന്നതിനാല്‍ എല്ലാതരത്തിലുള്ള ആളുകളുമായി ഷാരൂഖ് ഇടപഴകിയിട്ടുണ്ട്. പുരോഗമനപരമായ സാഹചര്യത്തിലാണ് അദ്ദേഹം വളര്‍ന്നത്.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പരിഹാസങ്ങള്‍ കുറഞ്ഞു. എന്നാല്‍ എന്നെക്കുറിച്ച് ചില അടക്കംപറച്ചിലുകള്‍ ഉണ്ടാകുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്റെ നടത്തത്തെ കുറിച്ചും സംസാര രീതിയെക്കുറിച്ചുമെല്ലാമായിരുന്നു അത്. എന്നാൽ എനിക്ക് കുറവുകളില്ലെന്ന് തോന്നിച്ച ആദ്യത്തെ വ്യക്തി ഷാരൂഖായിരുന്നു.
അദ്ദേഹം എല്ലാ കാര്യങ്ങളും സ്വാഭാവികമായി കണ്ടു. സ്‌ത്രൈണതയുള്ളതിനാല്‍ എല്ലാവരും പരിഹസിച്ചപ്പോള്‍ ഷാരൂഖ് അത് അംഗീകരിക്കുകയാണ് ചെയ്തത്. ഇതേ കുറിച്ച് എന്നോട് പലതവണ തുറന്ന് സംസാരിച്ചു. എന്നെ പരിഹസിക്കുന്നതിന് പകരം മനസിലാക്കുകയാണ് അദ്ദേഹം ചെയ്തത്. ഷാരൂഖ് ഖാനും ഞാനും തമ്മില്‍ തുറന്ന സംഭാഷണങ്ങളുണ്ടായിട്ടുണ്ട്. എന്റെ വ്യക്തിത്വത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചും സംസാരിക്കേണ്ടിവരുമ്പോള്‍ ഞാന്‍ ആദ്യം ആശ്രയിക്കുന്ന വ്യക്തി ഷാരൂഖാണ്.
അദ്ദേഹം എനിക്ക് നല്‍കിയ പിന്തുണ വിലമതിക്കാനാകില്ല. അതിന്റെ ആഴം അദ്ദേഹത്തിന് പോലും അറിയില്ല.’ കരണ്‍ അഭിമുഖത്തില്‍ പറയുന്നു.
വിവാദമായ അൽദഹ്റ കേസിൽ ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് മുൻ ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥർക്ക് വധശിക്ഷ. സെയിലര്‍ രാകേഷ് എന്ന പേരിലറിയപ്പെടുന്ന മലയാളിയ്ക്ക് ഉള്‍പ്പെടെയാണ് ശിക്ഷ ഉന്നത കോടതി സ്ഥിരീകരിച്ചിരിക്കുന്നത്.
ഖത്തറിലെത്തിയ ഇന്ത്യൻ നാവിക സേനാ മുന്‍ ഉദ്യോഗസ്ഥരായ ഇവർ അൽദഹ്റ എന്ന പേരിലുള്ള ഒരു കമ്പനിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് എന്നാണ് വിവരം. ഇവര്‍ക്കെതിരായ കുറ്റം എന്താണെന്ന് ഖത്തര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഇസ്രയേലിന് വേണ്ടി സബ് മറൈൻ സംബന്ധിച്ച ചാരപ്രവർത്തനം നടത്തി എന്നതുൾപ്പെടെ സൈനിക വിഷയങ്ങളാണ്. കുറ്റ കൃത്യം സംബന്ധിച്ച ഇലക്ട്രോണിക് തെളിവുകൾ മുൻ നിർത്തിയാണ് കോടതി നടപടി എന്നാണ് വിശദീകരണം.
നാവികസേനയിലെ ഒഫിസര്‍ റാങ്കിലുണ്ടായിരുന്ന വ്യക്തികൾ ഉൾപ്പെടെയാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്നത്. യുദ്ധ കപ്പലുകളുടെ കമാൻഡർ പദവി വഹിച്ചവർ വരെ ഇതിൽ ഉൾപ്പെടും. എട്ട് പേരുടേയും കുടുംബാംഗങ്ങളുമായും അവരുടെ അഭിഭാഷകരുമായും നിരന്തരം ബന്ധപ്പെടുകയാണെന്നും ഇവര്‍ക്ക് നിയമസഹായം നല്‍കുന്ന കാര്യം പരിശോധിച്ച് വരികയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അല്‍ ദഹറ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന Captain Navtej Singh Gill, Captain Saurabh Vashisht, Commander Purenendu Tiwari, Captain Birendra Kumar Verma, Commander Sugunakar Pakala, Commander Sanjeev Gupta, Commander Amit Nagpal and Sailor Ragesh. എന്നീ എട്ടു പേരുകളാണ് വെളിപ്പെടുത്തിയിട്ടുള്ളത്.
ഒരു വര്‍ഷമായി ഇവര്‍ ഏകാന്ത തടവിലായിരുന്നെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഇന്ത്യയ്ക്ക് വിവരം ലഭ്യമായത് ഇപ്പോഴാണ് എന്നാണ് വിശദീകരണം. 2012 മുതലുള്ള കേസാണിത്.
വധശിക്ഷ എന്നാണ് നടപ്പിലാക്കുകയെന്നോ കുറ്റകൃത്യങ്ങളും വകുപ്പുകളും ഏതെന്നോ കുറ്റം എത്രമാത്രം ഗൗരവമുള്ളതാണെന്നോ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഖത്തര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഖത്തറോ വിദേശകാര്യമന്ത്രാലയോ ഇത് സ്ഥിരീകരിച്ചിട്ടില്ല. അൽ ദഹ്റ കമ്പനി പ്രതിരോധ സേനാ രംഗത്ത് പരിശീലനം നൽകുന്നതിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള സ്ഥാപനമാണ്.
കമ്പനിയും പ്രവർത്തനവും എല്ലാം ദുരൂഹം
ഇറ്റലിയുടെ സഹായത്തോടെ റഡാർ ദൃഷ്ടിയിൽ പെടാത്ത മുങ്ങിക്കപ്പൽ നിർമ്മാണം നടത്തുന്ന പദ്ധതിയിലാണ് ചാര പ്രവർത്തന ആരോപണം ഉയർന്നത്. 2023 ൽ അൽദഹ്റ ഈ കമ്പനി പിരിച്ചു വിട്ടതായാണ് അൽ ജസീറ റിപ്പോർട്ട്. ഈ കമ്പനിയിൽ ജോലി ചെയ്തിരുന്ന 75 ഇന്ത്യക്കാരിൽ ഭൂരിപക്ഷവും നാവിക സേനാ മുൻ ഭടൻമാരായിരുന്നു.
ഇവർ നേരത്തെ തന്നെ ഖത്തറിൻ്റെ കസ്റ്റഡിയിൽ ആയിരുന്നു. കഴിഞ്ഞ വർഷം ആഗസ്തിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. എന്നാൽ ഇന്ത്യയ്ക്ക് ഇതു സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞാണ് കേസ് പുറത്തെത്തുന്നത്.
മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ പുനത്തില്‍ കുഞ്ഞബ്ദുള്ള മൺമറഞ്ഞിട്ട് ആറു വർഷമാവന്നു. 2017 ഒക്ടോബര്‍ 27-നാണ് പുനത്തില്‍ മരിച്ചത്. അടുത്ത ദിവസം തന്നെ അന്നത്തെ സാംസ്‌കാരിക വകുപ്പുമന്ത്രി എ.കെ. ബാലന്‍, ഒരുകോടിരൂപ ചെലവില്‍ സ്മാരകം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി കണ്ടെത്തിയ ഭൂമിക്കായി നൽകിയ അഡ്വാൻസ് തുക പോലും തിരിച്ച് കൊടുക്കേണ്ടി വന്നു.
സാംസ്‌കാരികവകുപ്പ് പ്രഖ്യാപിച്ച സ്മാരകം ആറു വർഷമായി അവഗണനയിൽ തന്നെ. സ്മാരകത്തിനായി പുനത്തില്‍ സ്മാരക ട്രസ്റ്റ് രൂപീകരിച്ചു. വടകര പാക്കയില്‍ രണ്ടേക്കര്‍ സ്ഥലംവാങ്ങാന്‍ 25 ലക്ഷം രൂപ മുന്‍കൂറായി നല്‍കി.
ബാക്കിത്തുക പക്ഷെ പ്രഖ്യാപനത്തിന് അപ്പുറം പോയില്ല. കാശ് നൽകാൻ സാധിക്കാതെ വന്നതോടെ ഈ തുക ഭൂമി ഉടമകള്‍ ട്രസ്റ്റിന് തിരിച്ചുനല്‍കി. ഇനി പുതിയസ്ഥലം കണ്ടെത്തണം. അതിന് കഴിഞ്ഞിട്ടില്ല. ഒരുകോടി രൂപ സ്മാരകത്തിനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതും നടപടിയിൽ കുരുങ്ങി.
മന്ത്രിയുടെ വാഗ്ദാന പ്രകാരം ഡിസംബറില്‍ 18 അംഗ ട്രസ്റ്റ് രൂപവത്കരിച്ചു. പാക്കയില്‍ രണ്ടേക്കര്‍സ്ഥലം കണ്ടെത്തുകയും 2018-ല്‍ മന്ത്രി എ.കെ. ബാലന്‍ സ്ഥലം സന്ദര്‍ശിക്കുകയുംചെയ്തിരുന്നു. ഇത് വാങ്ങാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് 25 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയത്. സ്ഥലംവാങ്ങാന്‍ രണ്ടുകോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്.
2020-ല്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍നിന്നും സഹകരണസ്ഥാപനങ്ങളില്‍നിന്നും ഫണ്ട് സമാഹരിക്കാന്‍ ട്രസ്റ്റ് ശ്രമംതുടങ്ങി. ഫണ്ട് നല്‍കാമെന്ന് സര്‍ക്കാരും ഉത്തരവിറക്കി.
പക്ഷെ വർഷങ്ങൾ കടന്നു പോയി. പറഞ്ഞസമയത്ത് മുഴുവന്‍ തുകയും കൊടുക്കാന്‍ കഴിയാതെവന്നതോടെ സ്ഥലമുടമകള്‍ ഇടപാടില്‍നിന്ന് പിന്മാറി.
സ്മാരക ശിലകൾ എന്ന നോവലിന് പുനത്തിൽ കുഞ്ഞബ്ദുള്ള എഴുതിയ ആമുഖക്കുറിപ്പിലെ വരികൾ
“പുരാതനമായ പളളിയുടെയും പളളിപ്പറമ്പിന്റെയും കഥ. പറമ്പു നിറഞ്ഞു കിടക്കുന്ന ശ്‌മശാനത്തിന്റെയും കെട്ടുകഥകള്‍ പറയാന്‍ കഴിയുന്ന ശ്‌മശാനവാസികളുടെയും കഥ. ഉയിര്‍ത്തെണീക്കുകയും വീണ്ടും ജീവിക്കുകയും ചെയ്യുന്ന ശ്‌മശാനവാസികള്‍. ‘സ്‌മാരകശിലകളു’ടെ ജീവന്‍ മനുഷ്യരാണ്. സ്‌മാരകശിലകളാവുന്ന അനശ്വരരായ മനുഷ്യര്‍”
നിപ ഗവേഷണത്തിനായുള്ള ഏകാരോഗ്യകേന്ദ്രം (കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് ) വ്യാഴാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവർത്തനമാരംഭിക്കും.
ആവർത്തിച്ചുവരുന്ന നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ വൈറസിന് വകഭേദംവന്ന് മഹാമാരിയായി മാറിയേക്കാമെന്ന ആശങ്ക ചെറുതല്ല.
കേരളത്തിൽ ആറുവർഷത്തിനിടെ നാലുതവണ രോഗം പ്രത്യക്ഷപ്പെട്ടു. ആദ്യം രോഗം സ്ഥിരീകരിച്ച 2018-ൽ 17 പേർ മരിച്ചു. 2019 ലും 21-ലും ഓരോ കേസുകൾവീതം റിപ്പോർട്ടുചെയ്തു. ഒരു രോഗി മരിച്ചു. ഈ വർഷം ആറുപേർക്ക് രോഗബാധയുണ്ടായി. രണ്ടുപേർ മരിച്ചു. ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലും നിപ ആവർത്തിച്ചുണ്ടാവുന്നു.
കോവിഡ് പോലെ പടരില്ല, പക്ഷെ
നിലവിൽ മനുഷ്യർക്കിടയിൽ രോഗം പകരുന്നത് രോഗിയുമായോ രോഗിയുടെ ശരീരസ്രവങ്ങളുമായോ നേരിട്ട് സമ്പർക്കമുണ്ടാവുമ്പോഴാണ്. അതുകൊണ്ട് കോവിഡ് പോലെ മഹാമാരിയായി നിപ പടരില്ല.
എന്നാൽ, ജനിതകവ്യതിയാനം സംഭവിക്കുന്ന ആർ.എൻ.എ. വിഭാഗം വൈറസാണ് നിപയുടേതും. കാര്യമായ വ്യതിയാനം സംഭവിച്ചാൽ വേഗത്തിൽ പടരാൻ കഴിവുള്ള വകഭേദങ്ങളുണ്ടായി കോവിഡ്പോലെ ലോകം മുഴുവൻ പടർന്നുപിടിക്കുന്ന മഹാമാരിയായി നിപ മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മഹാമാരിയാവാൻ സാധ്യതയുള്ള രോഗങ്ങളുടെ പട്ടികയിലാണ് നിപയെ ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ രോഗബാധയുണ്ടാക്കിയത് ബംഗ്ലാദേശിൽ 2001-ൽ രോഗമുണ്ടാക്കിയ വൈറസിന്റെ വകഭേദമാണ്. രണ്ടായിരം കിലോമീറ്റർ വ്യത്യാസത്തിലാണിത്.
പലകാരണങ്ങൾകൊണ്ട് മസ്തിഷ്കജ്വരമുണ്ടാവാം. അതുകൊണ്ട് നിപ രോഗബാധ തിരിച്ചറിയാൻ സമയം എടുക്കാൻ ഇതിടയാക്കുന്നു.
വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് വവ്വാലുകളും മറ്റും കടിച്ച പഴങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. നേരത്തേ നിപ പടർന്നുപിടിച്ച കോഴിക്കോട് ജില്ലയിൽ ഐ.സി.എം.ആർ. നടത്തിയ പരിശോധനയിൽ ചിലയിടങ്ങളിൽ വവ്വാലുകളിൽ നിപ വൈറസിനെതിരായ ആന്റിബോഡി കണ്ടെത്തിയിരുന്നു. വൈറസ് സാന്നിധ്യമുള്ളതിനാലാണ് ജീവികളുടെ ശരീരം അതിനെ ചെറുക്കുന്നതിനായി ആന്റിബോഡി ഉത്‌പാദിപ്പിക്കുന്നത്.
നിപസാന്നിധ്യം കണക്കിലെടുത്ത് ആരോഗ്യപ്രവർത്തകർക്ക് പ്രത്യേകം പരിശീലനം നൽകും. ഗുരുതര ശ്വാസകോശരോഗങ്ങളുമായി ചികിത്സതേടുന്നവരെ പ്രത്യേക പരിശോധനകൾക്ക് വിധേയമാക്കും. കോഴിക്കോട് നിപ ബാധയുടെ ഇൻകുബേഷൻ സമയപരിധിയായ 42 ദിവസം വ്യാഴാഴ്ച പൂർത്തിയാകും. രോഗബാധിതരായ ആറുപേരിൽ രണ്ടുപേർ മരിച്ചു. 90 ശതമാനംവരെ മരണനിരക്കുള്ള വൈറസിന്റെ പ്രഹരശേഷി 33 ശതമാനത്തിൽ പിടിച്ചുനിർത്താനായത് നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജസ്ഥാനില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിനെ ഇറക്കി കളി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊത്തശ്രയുടെ വസതിയില്‍ ഉൾപ്പെടെ ആറു സ്ഥലങ്ങളിൽ റെയ്ഡ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ടിനെ വിദേശ നാണ്യ വിനിമയ ചട്ട ലംഘനത്തിൽ ചോദ്യംചെയ്യാൻ ഇഡി വിളിപ്പിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിക്കുപുറമേ, മഹുവയില്‍നിന്നുള്ള സ്ഥാനാര്‍ഥി ഓം പ്രകാശ് ഹുഡ്‌ലയുടെ വസതിയിലും പരിശോധന നടക്കുന്നുണ്ട്. ഇതടക്കം ആറുസ്ഥലങ്ങളിലാണ് റെയ്ഡ്. കഴിഞ്ഞ ആഴ്ച ഏഴ് ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു.
മുന്‍ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ദൊത്തശ്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലടക്കം റെയ്ഡ് നടക്കുന്നുണ്ട്. ലക്ഷ്മണ്‍ഗഡില്‍നിന്നുള്ള എം.എല്‍.എയാണ് അദ്ദേഹം. ഇത്തവണയും അവിടെ മത്സരിക്കുന്നുണ്ട്. ബി.ജെ.പിയുടെ മുന്‍ കേന്ദ്രമന്ത്രി സുഭാഷ് മഹാരിയയെയാണ് നേരിടുന്നത്.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കേസിലാണ് ഇ.ഡി. റെയ്ഡ്. ജയ്പുരിലും സിര്‍കാറിലുമാണ് ദൊത്തശ്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നത്. കഴിഞ്ഞയാഴ്ചയും കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇതേ കേസില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. 12 ലക്ഷം രൂപയോളം പിടിച്ചെടുത്തതായും പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫണ്ട് സ്റ്റണ്ട്
കൊൽക്കത്തയിൽ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മാലികിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട അഴിമതി കേസിലാണു ബംഗാൾ വനം മന്ത്രി ജ്യോതിപ്രിയയുടെ സാൾട്ട് ലേക്ക് പ്രദേശത്തെ വീട്ടിൽ ഇഡി റെയ്ഡ് നടത്തുന്നത്. സമാന്തരമായി കൊൽക്കത്തയിൽ എട്ടിടങ്ങളിൽ കൂടി ഇഡി റെയ്ഡ് നടത്തുന്നുണ്ട്. മന്ത്രിയുടെ പേഴ്സനൽ അസിസ്റ്റന്റിന്റെ ഫ്ലാറ്റിലും പരിശോധന നടക്കുന്നുണ്ട്.
ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളില്‍ നിപ സാന്നിധ്യം. ഇക്കാര്യം പരിശോധയിൽ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു.
ഐ.സി.എം.ആര്‍. ആണ് റിപ്പോർട്ട് നൽകിയത്. മുന്‍ വര്‍ഷങ്ങളിലെ അതേ വൈറസാണ് ഈ വര്‍ഷവും കണ്ടെത്തിയത്. വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്നും പൊതുജാഗ്രതയുടെ ഭാഗമായാണ് ഐ.സി.എം.ആര്‍. ഇക്കാര്യം അറിയിച്ചതെന്നും മന്ത്രി ചൂണ്ടികാട്ടി
വയനാട്ടിലെ വവ്വാലുകളില്‍ നിപ സാന്നിധ്യമുള്ളതായി ഐ.സി.എം.ആര്‍. അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ ആ മേഖലകളില്‍ ഉണ്ടായതുകൊണ്ടാണ് ഈ കണ്ടെത്തല്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതു ജാഗ്രത ഉണ്ടാകണം. ഗുരുതര ശ്വാസകോശ രോഗങ്ങളുമായി വരുന്നവരില്‍ നിപ മുൻകരുതൽ എടുക്കുന്നതിന് ആവശ്യമായ പരിശീലനം എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കോഴിക്കോട് ആദ്യമേതന്നെ രോഗം തിരിച്ചറിയാന്‍ കഴിഞ്ഞു. വേണ്ട നടപടികള്‍ ആദ്യമേ തന്നെ സ്വീകരിച്ചു. 70 ശതമാനംവരെ മരണ നിരക്കുള്ള പകര്‍ച്ചവ്യാധിയാണ് നിപ. അതിനെ 33 ശതമാനത്തിലേക്ക് എത്തിച്ച് നിയന്ത്രിക്കാനായി.
കോഴിക്കോട് ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ പുലർച്ചെ 1.15 നാണ് മരണം. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു. നിലവിൽ തൃശൂർ യൂണിറ്റിലാണ്. ജി വി രാജ സ്പോർട്ട്സ് ഫോട്ടോഗ്രാഫി ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് . അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ മാസ്റ്റർ . അമ്മ : സുപ്രഭ ടീച്ചർ ( മേപ്പയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്) ഭാര്യ: ഡോ. രത്നകുമാരി (ഡിഎംഒ ഹോമിയോപ്പതി) . മക്കൾ : പാർവ്വതി (എം ബി ബി എസ് വിദ്യാർഥിനി, റഷ്യ) അശ്വതി ( പ്ലസ് ടു വിദ്യാർഥിനി) സഹോദരൻ : പ്രജീഷ് കുമാർ ( അധ്യാപകൻ, ചെറുവണ്ണൂർ ഗവ. എച്ച് എസ്)
സംസ്കാരം വ്യാഴാഴ്ച രാത്രി മേപ്പയ്യൂരിലെ വീട്ടുവളപ്പിൽ