വെടി നിർത്തലിനില്ല, യു എൻ മേധാവിക്കെതിരെ ഇസ്രയേൽ

0

ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ സെക്രട്ടറി ജനറലിന്റെ ആവശ്യം ഇസ്രയേല്‍ പരിഹസിച്ചു തള്ളി. ഹമാസ് ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന പരാമര്‍ശം നടത്തിയ യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്‌ രാജിവെക്കണമെന്ന് പകരം ആവശ്യപ്പെടുകയും ചെയ്തു.

ഹമാസിന്റെ ആക്രമണത്തെ അപലപിച്ചെങ്കിലും അതിന്റെപേരില്‍ പലസ്തീന്‍കാരെ ഉന്മൂലനം ചെയ്യുന്ന തരത്തിലുള്ള ഇസ്രയേലിന്റെ നടപടിയെ ഗുട്ടെറസ് കുറ്റപ്പെടുത്തിയിരുന്നു. ഗാസയില്‍ ഇസ്രയേല്‍ ചെയ്യുന്നത് അന്താരാഷ്ട്ര മാനുഷികനിയമങ്ങളുടെ ലംഘനമാണെന്ന് തുറന്നടിക്കയും ചെയ്തു.

സായുധസംഘര്‍ഷത്തിലേര്‍പ്പെടുന്ന ഒരു രാജ്യവും നിയമത്തിനതീതരല്ലെന്നും ഇസ്രയേലിന്റെ പേരു പരാമര്‍ശിക്കാതെ ഗുട്ടറസ് യുഎന്‍ രക്ഷാസമിതി യോഗത്തിൽ ഓർമ്മപ്പെടുത്തി.

യോഗത്തിലുണ്ടായിരുന്ന ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഏലി കോഹനെ ഈ പരാമര്‍ശം ചൊടിപ്പിച്ചു. ”യു.എന്‍. സെക്രട്ടറി ജനറല്‍, നിങ്ങള്‍ ഏതുലോകത്താണു ജീവിക്കുന്നത്?” എന്ന് ഗുട്ടറസിനുനേരെ കൈചൂണ്ടി കോഹന്‍ ചോദിച്ചു.

ഹമാസിനെ തകര്‍ക്കുക എന്ന ഒരേയൊരു ദൗത്യമേ ഇസ്രയേലിനുള്ളൂവെന്നും ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ അത് നിര്‍ത്തില്ലെന്നും നെതന്യാഹു പറഞ്ഞു. ഇതിന് പിന്നാലെ കരയാക്രമണം തുടങ്ങി

നടൻ വിനായകനെ പൊലീസ് അറസ്റ്റു ചെയ്തു

മദ്യപിച്ച് ബഹളമുണ്ടാക്കിയതായുള്ള കേസിൽ നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. അറസ്റ്റിന് ശേഷം വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വിനായകന്‍ പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്‌ലാറ്റിലേക്ക് വിളിച്ച് വരുത്തി. ഇതിന് മുന്‍പും സമാനമായ സംഭവത്തെ തുടര്‍ന്ന് വിനായകന്‍ പോലീസിനെ ഫ്‌ലാറ്റിലേക്ക് വരുത്തിയിട്ടുണ്ട്‌ എന്നാണ് പൊലീസ് റിപ്പോർട്ട്.

ഇത്തവണ ഫ്‌ലാറ്റിലെത്തിയ പോലീസ് ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ അതില്‍ തൃപ്തനല്ലാതെ വന്നപ്പോള്‍ പോലീസിനെ പിന്തുടര്‍ന്ന് വിനായകന്‍ സ്റ്റേഷനിലെത്തി എന്ന് പൊലിസ് പറയുന്നു. പരാതി നൽകാനാണ് എത്തിയത് എന്നാണ് വിനായകന്റെ വിശദീകരണം.

വിനായകന്‍ മദ്യപിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയ പോലീസ് അദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുവരികയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത് എന്നാണ് പൊലീസ് നിലപാട്

അവധി ആഘോഷിക്കാനെത്തിയ ബധിരരും മൂകരുമായ മൂന്നു വിദ്യാർഥികൾ തീവണ്ടി ഇടിച്ച് മരിച്ചു

അവധി ആഘോഷിക്കാനെത്തിയ ബധിരരും മൂകരുമായ മൂന്നു വിദ്യാർഥികൾ ട്രെയിൻ ഇടിച്ച് മരിച്ചു. ചെന്നൈ താംബരത്ത് കർണ്ണാടക സ്വദേശികളായ സുരേഷ് (15), രവി(15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്.

സുരേഷിന് കാഴ്ചശേഷി ഉണ്ടായിരുന്നില്ല. രവിയ്ക്കും മഞ്ജുനാഥിനും കേൾവിശക്തിക്കും പ്രശ്നം ഉണ്ട്.

ഇവർ മൂന്നുപേരും റെയിൽ പാളത്തിൽ കൂടി നടന്നുവരുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പ്രാദേശിക മാധ്യമങ്ങളെ അറിയിച്ചത്. പൂജ ആഘോഷങ്ങളുടെ ഭാഗമായി താംബരത്ത് അവധിക്ക് എത്തിയതായിരുന്നു ഇവർ.

ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എയിഡ്സ് ബാധ, സംഭവം യു പി യിൽ

ഉത്തര്‍പ്രദേശില്‍ തലസീമിയയെത്തുടര്‍ന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സി ബാധ. ഉത്തർ പ്രദേശിൽ കാണ്‍പുരിലെ ലാല ലജ്പത് റായ് ആശുപത്രിയിലാണ് രാജ്യത്തിന് തന്നെ നാണക്കേടായ ദുരന്തം. രക്തദാനം ചെയ്ത സമയത്ത് നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാറില്ല എന്നാണ് കണ്ടെത്തൽ .

180 തലസീമിയ രോഗികള്‍ക്കാണ് രക്തം കുത്തിവെച്ചത്. ഇവരെ ആറുമാസം കൂടുമ്പോള്‍ നിരീക്ഷണത്തിന് വിധേയരാക്കാറുണ്ട്. പെട്ടന്നുള്ള ആവശ്യത്തെത്തുടര്‍ന്ന് 14 കുട്ടികള്‍ക്കാണ് അണു ബാധ. ആറിനും 16-നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്കാണ് രോഗബാധയേറ്റിരിക്കുന്നത്.

കാണ്‍പുര്‍, ദേഹാത്, ഫറൂഖാബാദ്, ഔരയ്യ, ഇറ്റാവ, കന്നൗജ് എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്കാണ് രോഗബാധ. സംഭവത്തില്‍ ഉന്നതതല അന്വേഷണമുണ്ടാവുമെന്ന് ദേശീയ ആരോഗ്യമിഷന്‍ അധികൃതര്‍ അറിയിച്ചു

സൗജന്യത്തിന് പരിധിയുണ്ട്, കർശന നിയന്ത്രണവുമായി യൂ ട്യൂബ്

വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട് ഏത് വിധേനയും വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനും നിലവിലുള്ള വരുമാന മാര്‍ഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും തുനിഞ്ഞിറങ്ങിയിരിക്കാണ് യുട്യൂബ്.

വരുമാനത്തിന് തടസം നില്‍ക്കുന്ന ഉപഭോക്താക്കള്‍ക്കെതിരെ നിയത്രണ നടപടികള്‍ക്കൊരുങ്ങുകയാണ്. യൂട്യൂബ് വെബ്‌സൈറ്റില്‍ പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യുന്ന ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കെതിരെയാണ് കുരുക്ക്.

കമ്പനി അടുത്തിടെ അവതരിപ്പിച്ച പോളിസിയില്‍ ആഡ് ബ്ലോക്കറുകളുടെ ഉപയോഗത്തിനെതിരെയുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നവര്‍ക്ക് ആഡ്‌ബ്ലോക്കര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള അറിയിപ്പ് നല്‍കും. ഇത്തരത്തില്‍ വിവിധ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ആഡ് ബ്ലോക്കറുകള്‍ നിര്‍ത്താന്‍ ഉപഭോക്താവ് തയ്യാറായില്ലെങ്കില്‍ യൂട്യൂബ് നിയന്ത്രണങ്ങള്‍ ആരംഭിക്കും.

അതായത് ഉപഭോക്താവിന് മൂന്ന് വീഡിയോകള്‍ മാത്രമേ പരമാവധി കാണാനാവൂ. അതിന് ശേഷം വീഡിയോകള്‍ കാണുന്നത് യൂട്യൂബ് തടയും.

ഉപഭോക്താവ് ആഡ് ബ്ലോക്കര്‍ ഒഴിവാക്കിയാല്‍ ഉടനെ യൂട്യൂബ് വീഡിയോകള്‍ വീണ്ടും ആസ്വദിക്കാനാവും. പരസ്യം കാണുന്നത് പ്രയാസമുള്ളവരാണെങ്കില്‍ യൂട്യൂബിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുക. അല്ലാത്തപക്ഷം പരസ്യങ്ങള്‍ കാണാന്‍ ഉപഭോക്താക്കള്‍ ബാധ്യസ്ഥരാണ് എന്നതാണ്.

കൊല്ലപ്പെട്ടത് രണ്ടായിരത്തിധികം കുട്ടികൾ, ഇസ്രയേൽ കരയുദ്ധം തുടങ്ങി

0

കരയുദ്ധം നടത്തുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചതിന് പിന്നാലെ സൈന്യം ​ഗാസയിൽ പ്രവേശിച്ചതായി ഹമാസ് അറിയിച്ചു. ​ഗാസയിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടിയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയും റിപ്പോർട്ട് ചെയ്തു. ബന്ദികളെ നേരിട്ട് മോചിപ്പിക്കാനാണ് ഇസ്രയേൽ സൈന്യം ​ഗാസയിൽ പ്രവേശിച്ചതെന്നും സൂചനയുണ്ട്.

അതേസമയം, ഇസ്രയേൽ വ്യോമസേന നടത്തുന്ന ബോംബാക്രമണം തുടരുകയാണ്. ഗാസയിലെ ജനം തിങ്ങിപ്പാർക്കുന്ന മേഖലകളിലും ജബലിയ അഭയാർഥി ക്യാമ്പിലും അൽ-ഷിഫ, അൽ-ഖുദ്സ് ആശുപത്രികൾക്ക് നേരെയും ഇസ്രയേൽ ബോംബാക്രമണം നടത്തി. യുദ്ധത്തിൽ ആറായിരത്തോളം പലസ്തീനികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ടായിരത്തിലധികവും കുട്ടികളാണ്. ഹമാസിന്റെ ആക്രമണത്തിൽ 1400 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. 

വടക്കൻ ഗാസയിൽ നിന്ന് അഭയാർഥിക ക്യാമ്പിലെത്തിയവരുൾപ്പെടെ എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ അന്ത്യശാസനം നൽകിയിരുന്നു.  ഒഴിഞ്ഞുപോകാത്തവരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്നാണ് ഇസ്രയേൽ പറഞ്ഞത്. അതിർത്തികളിൽ കരയുദ്ധത്തിന് സജ്ജമായി സൈനിക ടാങ്കുകളും ഒരുക്കിയിരുന്നു. എന്നാൽ, വലിയ രീതിയിലുള്ള ആക്രമണത്തിലേക്ക് കടന്നിട്ടില്ലെന്നും ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും ഇസ്രയേൽ ഭരണകൂടം പറയുന്നു.

ഇസ്രയേൽ സൈന്യത്തെ ​ഗാസയിൽ നിന്ന് തുരത്തിയതായി ഹമാസും അവകാശപ്പെട്ടു. ​ഗാസക്ക് പുറമെ, വെസ്റ്റ് ബാങ്കിലും ആക്രമണം തുടങ്ങിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

56 വരെ പഠിപ്പിക്കാം, ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി ഉയർത്തി

ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി വിദ്യാഭ്യാസ വകുപ്പ്. പ്രായപരിധി നാൽപ്പതിൽ നിന്ന് 56 ആക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. നേരത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജനറൽ വിഭാഗത്തിൽ അധ്യാപകരുടെ പ്രായപരിധി 40 വയസായിരുന്നു.

നിലവിൽ സ്പെഷ്യൽ റൂൾ പ്രകാരമുള്ള പ്രായപരിധിക്കുള്ളിലെ ഗസ്റ്റ് അധ്യാപകരെ ലഭിക്കാത്തതിനാൽ പഠിപ്പിക്കുവാൻ അധ്യാപകരില്ലാത്ത അവസ്ഥ ഉള്ളതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടും ഉണ്ടായിരുന്നു. ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ വേണ്ടിയാണ് പ്രായം പുനർനിശ്ചയിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

40 വയസ് കഴിഞ്ഞ ഗസ്റ്റ് അധ്യാപകരുടെ നിയമന ഉത്തരവുകൾ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ തള്ളുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഒ.ബി.സിക്ക് 43, എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 45 വയസ്സ് എന്നിങ്ങനെയായിരുന്നു പ്രായപരിധി.

മാത്രമല്ല, ബി.എഡ് അടക്കമുള്ള എല്ലാ യോഗ്യതകളും നേടിയ ശേഷം വളരെ ചുരുങ്ങിയ കാലം മാത്രമേ അധ്യാപനം നടത്താൻ തങ്ങൾക്ക് കഴിയുന്നുള്ളൂ എന്ന പരാതിയും അധ്യാപകരിൽ നിന്നും ഉദ്യോഗാർഥികളിൽ നിന്നും ഉയർന്നിരുന്നു. ഈ പരാതികൾ പരിഗണിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി പുനർനിശ്ചയിക്കുകയായിരുന്നു.

ഗോവ ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ രാഷ്ട്രീയ ആട്ടം

54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമ ചിത്രങ്ങൾ പ്രഖ്യാപിച്ചു. 25 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ ഇത്തവണ പ്രദർശിപ്പിക്കുന്നത്.

മലയാള സിനിമയായ ‘ആട്ടം’ ആണ് ഇന്ത്യൻ പനോരമയിലെ ഉ​ദ്ഘാടന ചിത്രം. ആനന്ദ് ഏകർഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രോഹിത് എംജി കൃഷ്ണൻ സംവിധാനം ചെയ്ത ‘ഇരട്ട’, രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’, ​ഗണേഷ് രാജിന്റെ ‘പൂക്കാലം’ എന്നിവയും മുഖ്യധാരാ സിനിമയിൽ ജൂഡ് ആന്തണി ഒരുക്കിയ 2018 ഉം ഫീച്ചർ സിനിമകളുടെ പട്ടികയിൽ ഇടം നേടി.
നോൺ ഫീച്ചർ സിനിമകളുടെ പട്ടികയിൽ മലയാളത്തിൽ നിന്നും ആനന്ദ​ ജ്യോതി സംവിധാനം ചെയ്ത ‘ശ്രീ രുദ്രം’ ഇടം നേടി.

ഹിന്ദിയിൽ നിന്ന് വിവേക് അ​ഗ്നിഹോത്രിയുടെ ‘വാക്സിൻ വാർ’, സുദീപ്തോ സെന്നിന്റെ ‘ദി കേരള സ്റ്റോറി’ എന്നീ ശ്രദ്ധേയ ചിത്രങ്ങളും ഇടം നേടിയിട്ടുണ്ട്. തമിഴിൽ നിന്നും വെട്രിമാരന്റെ ‘വിടുതലെെ’യും മണിരത്നത്തിന്റെ ‘പൊന്നിയൻ സെൽവൻ 2’ഉം പ്രദർശിപ്പിക്കുന്നുണ്ട്.

നവംബർ 20 മുതൽ 28 വരെ ​ഗോവയിലാണ് 54-ാമത് ചലച്ചിത്ര മേള നടക്കുന്നത്.

തീവണ്ടിയിൽ നാല് പേരെ മതം തിരഞ്ഞ് വെടിവെച്ച കൊന്ന കേസിൽ ആർപിഎഫ് ഭടനെതിരെ കുറ്റപത്രം സമർപ്പിച്ചു

വർഗ്ഗീയ വിഷം തീണ്ടി തീവണ്ടിയിൽ നാല് പേരെ വെടിവെച്ച് കൊന്ന പ്രതി കുറ്റകൃത്യം നടത്തിയത് മനപൂർവ്വം തന്നെയെന്ന് പൊലീസ്. സര്‍വീസ് തോക്കുപയോഗിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെയടക്കം നാലുപേരെ കൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു.

വർഗ്ഗീയ അന്ധത ബാധിച്ച പ്രതി ആര്‍.പി.എഫ്. കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് ചൗധരിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് കുറ്റപത്രം പറയുന്നു. ജയ്പുര്‍- മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ ജൂലായ് 31-നായിരുന്നു മത ഭ്രാന്തനായ ഇയാളുടെ ആക്രമണം. താന്‍ ചെയ്യുന്നതിനെക്കുറിച്ച് ഇയാള്‍ക്ക് പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നുവെന്നും റെയില്‍വേ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

മതം തിരഞ്ഞ് പിടിച്ച് വെടിവെച്ച് കൊല്ലുന്ന ദൃശ്യം

മുംബൈ ബോറിവിലി മജിസ്‌ട്രേറ്റ് കോടതിയിൽ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 1203 പേജുകളാണുള്ളത്. 150 സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയെന്ന് റെയില്‍വേ പോലീസ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ മൂന്നുപേരുടെ മൊഴി സി.ആര്‍.പി.സി. 164 വകുപ്പ് പ്രകാരമുള്ള മൊഴിയാണ് രേഖപ്പെടുത്തിയത്. ചേതന്‍ സിങ് ഇരകളെ തിരയുന്നതിൻ്റെ ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്.

മുസ്‌ലിങ്ങളായ യാത്രക്കാരെ തിരഞ്ഞുപിടിച്ചാണ് ചേതൻ സിങ് വകവരുത്തിയത്. കൊലപാതകം, മതങ്ങൾ തമ്മിലുള്ള വൈരാഗ്യം വളർത്തുക തുടങ്ങി ഇന്ത്യൻ ശിക്ഷാനിയമത്തിലെ പല വകുപ്പുകളാണ് ചേതൻ സിങ്ങിനെതിരേ ചേർത്തിരിക്കുന്നത്.

ചേതന്‍ സിങ്ങിന്റെ വെടിയേറ്റ് എ.എസ്.ഐ. ടീക്കാറാം അടക്കം നാലുപേർ മരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സ്റ്റേഷന്‍ പിന്നിട്ട ശേഷമായിരുന്നു ആക്രമണം. വാക്കുതര്‍ക്കം പോലും ഉണ്ടായിരുന്നില്ലെന്നും പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്നും നേരത്തെ കണ്ടെത്തിയിരുന്നു .ട്രെയിന്‍ നമ്പര്‍ 12956 ജയ്പുര്‍- മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ ജൂലായ് 31-ന് 5.23 മണിക്കാണ് പ്രതി മത വൈരം ബാധിച്ച് വെടി ഉതിർത്തത്.

കേസിന്റെ അവാദം നവംബർ രണ്ടിന് നടക്കും.

വീണ്ടും ആശുപത്രികൾക്ക് നേരെ, ഗാസയിൽ കനത്ത ബോംബാക്രമണം

0

ഗാസയിലുടനീളം ബോംബുകള്‍ വര്‍ഷിച്ച് ഇസ്രയേല്‍. ആശുപത്രികള്‍ക്ക് നേരെയും സമീപ പ്രദേശങ്ങളിലും ബോംബാക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം കനപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കഴിഞ്ഞ രാത്രിയില്‍ പരക്കെ ബോംബിങ്.

ഗാസയിലെ ഏറ്റവും വലിയ ആശുപത്രികൾ തന്നെ ലക്ഷ്യം വെച്ചു. അല്‍ ഷിഫ, അല്‍ ഖുദ്‌സ്, ഇന്‍ഡോനേഷ്യന്‍ ആശുപത്രി എന്നീ ആശുപത്രികള്‍ക്ക് സമീപമാണ് ആക്രമണം നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ പുറത്തു വിട്ടില്ല.

ഗാസയിലെ എല്ലാ ആശുപത്രികളിലും ഇന്ധനക്ഷാമം മൂലം പ്രതിസന്ധിയിലാണ്. ഇന്ധനം ഇല്ലാത്തതിനാൽ ഗാസയിലെ അല്‍-ഷിഫ ആശുപത്രി യഥാര്‍ത്ഥ ദുരന്തം അഭിമുഖീകരിക്കുന്നുവെന്ന് ആശുപത്രി ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കനത്ത ആക്രമണവും നടത്തിയത്.

‘വടക്കന്‍ ഗാസയിലെ അല്‍-ഷിഫ ആശുപത്രി ‘യഥാര്‍ത്ഥ ദുരന്തത്തിന്റെ’ വക്കിലാണ്, അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്ധനം തീര്‍ന്നേക്കും. ഓരോ മിനിറ്റിലും പരിക്കുകളുമായി ആളുകള്‍ എത്തുകയാണ്. ഇന്ധനം കൃത്യമായി ലഭിക്കാതിരുന്നാല്‍ തീവ്രപരിചരണ വിഭാഗം ശവക്കൂട്ടമായി മാറും’, ആശുപത്രി ഡയറക്ടറുടെ മുന്നറിയിപ്പില്‍ പറയുന്നു.

സഹായങ്ങള്‍ക്കായി ഈജിപ്തില്‍ നിന്നുള്ള റാഫ അതിര്‍ത്തി തുറന്നിട്ടുണ്ടെങ്കിലും ആവശ്യത്തിനുള്ള ഇന്ധനം ഇതുവരെ ലഭ്യമായിട്ടില്ല. വൈദ്യുതി നിലച്ചാല്‍ വെന്റിലേറ്ററിലുള്ള നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മരിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി പശ്ചാത്യ രാജ്യങ്ങളായ യുഎസ്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യുകെ എന്നീവ ആക്രമണത്തെ വീണ്ടു ന്യായീകരിച്ചു. സാധാരണ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുമ്പോള്‍തന്നെ ഹമാസിനെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.