ബിജെപി ബന്ധത്തെ ആരാണ് ന്യായീകരിച്ചത്, പിണറായിയുടെ പേര് പറഞ്ഞതിൽ മലക്കം മറിഞ്ഞ് എച്ച് ഡി ദേവഗൗഡ

0

ബിജെപി-ജെഡിഎസ് സഖ്യത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചുവെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് എച്ച് ഡി ദേവഗൗഡ. സഖ്യത്തെ മുഖ്യമന്ത്രി പിന്തുണച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് ദേവഗൗഡ പ്രതികരിച്ചു. ജെഡിഎസ് കേരളാ ഘടകം സിപിഐഎമ്മിന് ഒപ്പം നില്‍ക്കുന്നെന്നാണ് പറഞ്ഞത്. എന്‍ഡിഎ ബന്ധത്തില്‍ കര്‍ണാടകയ്ക്ക് പുറത്തുള്ള സംസ്ഥാന ഘടകങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും എച്ച് ഡി ഗേവഗൗഡ പറഞ്ഞു.

സിഐ ഇബ്രഹാമിനെ പുറത്താക്കുന്നത് അറിയിച്ച വാര്‍ത്താ സമ്മേളനത്തിലാണ് എച്ച് ഡി ദേവഗൗഡയുടെ പറച്ചിൽ.

വെളിപ്പെടുത്തല്‍ വിവാദമായതോടെ ബിജെപിയുമായി പിണറായിക്ക് വലിയ ബന്ധമുണ്ടെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കൂടുതല്‍ നേതാക്കള്‍ വിമര്‍ശനങ്ങള്‍ ഏറ്റെടുത്തതോടെ മുഖ്യമന്ത്രി, ദേവഗൗഡയുടെ പ്രസ്താവന തള്ളി.

ജെഡിഎസിന്റെ സഖ്യം സംബന്ധിച്ച് ദേവഗൗഡയുടെ പ്രസ്താവന അസംബന്ധമെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. സ്വന്തം രാഷ്ട്രീയ മലക്കംമറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അസത്യം പറയുകയാണ്. ജനതാദള്‍ എസ് കാലങ്ങളായി കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പമാണ്. ജെഡിഎസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ സിപിഐഎം ശ്രമിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക ഘടകങ്ങളും ബി.ജെ.പി സഖ്യത്തിന് അനുകൂലമായിരുന്നുവെന്നും ദേവഗൗഡ പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടിക്ക് എം.എല്‍.എമാരുണ്ടെന്നും അതിലൊരാള്‍ മന്ത്രിയാണെന്നും ദേവഗൗഡ പറഞ്ഞു. സഖ്യത്തിന് പിണറായിയുടെ അംഗീകാരമുള്ളതിനാലാണ് പാര്‍ട്ടി എം.എല്‍.എ ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ പറഞ്ഞു.

അതേസമയം, ദേവഗൗഡയുടെ പ്രസ്താവന നിഷേധിച്ച് വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി രംഗത്തെത്തി. പിണറായിയും ദേവഗൗഡയും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടില്ല. പാര്‍ട്ടി കേരള ഘടകം ബി.ജെ.പി സഖ്യത്തിന് പിന്തുണയറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ കായികമേളയിൽ മൂന്നാമതും പാലക്കാട്

0

65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് വീണ്ടും കിരീടം ചൂടി. 266 പോയിൻ്റുകൾ നേടിയാണ് മുന്നേറ്റം ആവർത്തിച്ചത്. തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്.

ബഹുദൂരം മുന്നിൽ

28 സ്വര്‍ണവും 27 വെള്ളിയും 12 വെങ്കലും നേടിയാണ് പാലക്കാട് കപ്പുയര്‍ത്തിയത്. 13 സ്വര്‍ണവും 12 വെള്ളിയും 20 വെങ്കലവുമായി 168 പോയന്റോടെ മലപ്പുറം രണ്ടാം സ്ഥാനം നേടി. കോഴിക്കോട് മൂന്നാം സ്ഥാനവും എറണാകുളം നാലാം സ്ഥാനവും സ്വന്തമാക്കി.

സ്‌കൂളുകളില്‍ 57 പോയന്റുമായി മലപ്പുറം കടകശ്ശേരി ഐഡിയല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്മാരായി. അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും 11 വെങ്കലവുമാണ് ഐഡിയലിലെ താരങ്ങള്‍ സ്വന്തമാക്കിയത്.

46 പോയന്റുമായി കോതമംഗലം മാര്‍ബേസില്‍ രണ്ടാമത്തെത്തി. മാര്‍ ബേസിലിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് ഐഡിയല്‍ ഒന്നാമതെത്തിയത്.

സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയിലും ഷോട്ട് പുട്ടിലും കാസര്‍കോടിന്റെ കെ.സി.സര്‍വന്‍, സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ പാലക്കാടിന്റെ പി. അഭിറാം, സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കാസര്‍കോടിന്റെ അനുപ്രിയ, ജൂനിയര്‍ വിഭാഗം ഹര്‍ഡില്‍സില്‍ പാലക്കാടിന്റെ കെ.കിരണ്‍, സീനിയര്‍ വിഭാഗം 800 മീറ്ററില്‍ പാലക്കാടിന്റെ ജെ.ബിജോയ് എന്നിവര്‍ മീറ്റ് റെക്കോഡിട്ടു.

 

ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം പി.എഫ് മാത്യൂസിൻ്റെ കഥാസമാഹാരത്തിന്

നവീന സാംസ്‌കാരിക കലാ കേന്ദ്രം നല്‍കിവരുന്ന ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം പി.എഫ് മാത്യൂസിന്റെ മുഴക്കം എന്ന കഥാസമാഹാരത്തിന്. പ്രൊഫ. എം. തോമസ് മാത്യു, ഇ.പി.രാജഗോപാലൻ, ചന്ദ്രമതി ടീച്ചർ എന്നിവര്‍ ജൂറി അംഗങ്ങളായ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്.

ജീവിതത്തിലെ അടിസ്ഥാനപ്രമേയങ്ങളെ അസാധാരണമായ ഭാഷാവേളകൾ കൊണ്ട് പുതുതായി കണ്ടെടുക്കുന്ന കഥകളാണ് പി.എഫ്. മാത്യൂസിന്‍റേതെന്ന് പുരസ്കാര സമിതി വിലയിരുത്തി.

വിചാരത്തിന്റെയും വികാരത്തിന്റെയും കലാത്മകമായ സംയലനം കൊണ്ട് ഈ കഥകൾ വിശേഷ പാഠങ്ങളായിത്തീർന്നിരിക്കുകയാണ്. ജീവിതത്തിന് വേറിട്ട നിർവ്വചനങ്ങൾ നൽകാനുള്ള ആത്മാർത്ഥമായ പ്രവർത്തനങ്ങൾ ഈ കഥകളിൽ വായിച്ചറിയാനാവുമെന്നും സമിതി ചൂണ്ടിക്കാട്ടി.

പരിക്ക് ഗുരുതരം നെയ്മർ ഇന്ത്യയിലേക്കില്ല

0

ഫുട്‌ബോൾ സൂപ്പർ താരം നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. 6 മാസത്തിൽ കൂടുതൽ വിശ്രമം ആവശ്യമാണെന്നാണ് പറഞ്ഞിരിക്കുന്നത്. അടുത്ത മാസം ഇന്ത്യയിൽ മുംബെ സിറ്റിക്കെതിരായ അൽഹിലാലിന്റെ മത്സരത്തിൽ നെയ്മർ ഉണ്ടാകില്ല എന്നു ഉറപ്പായി. അൽഹിലാൽ ക്ലബ്ബിന്റെ ഈ സീസണും ബ്രസീലിൻറെ ലോകകപ്പ് യോഗ്യതാ റൌണ്ട് മത്സരങ്ങളിൽ പലതും താരത്തിന് നഷ്ടപ്പെടും.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കഴിഞ്ഞ ദിവസം ഉറുഗ്വെക്കെതിരായ മത്സരത്തിലാണ് ബ്രസീൽ സൂപ്പർ താരം നെയ്മറിന് ഗുരുതരമായി പരുക്കേറ്റത്. താരത്തിന്റെ ഇടത് കാൽമുട്ടിൽന പൊട്ടലുണ്ട്. അടുത്ത ദിവസം ശസ്ത്രക്രിയക്ക് വിധേയനാകും. 6 മാസത്തിൽ കൂടുതൽ താരത്തിനു കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

ഈ സീസണിൽ അൽ ഹിലാലിന് വേണ്ടി കളിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ നവംബർ ആറിന് മുംബെയിൽ നടക്കുന്ന അൽഹിലാൽ – മുംബെ സിറ്റി മത്സരത്തിൽ നെയ്മർ ഉണ്ടാകുമെന്ന റിപ്പോർട്ട് ഉണ്ടായിരുന്നു.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന്റെ അടുത്ത മത്സരങ്ങളും താരത്തിനു നഷ്ടമാകും. കോപ്പ അമേരിക്കയ്ക്ക് മുമ്പ് പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷയെന്ന് ബ്രസീൽ ഫൂട്ബാൾ കോൺഫെഡറേഷൻ അറിയിച്ചു. പരുക്ക് മാനസികമായി ഏറെ വേദനിപ്പിക്കുന്നു എന്നും തന്റെ ജീവിതത്തിലെ മോശം സമയമാണ് ഇതെന്നും നെയ്മർ പ്രതികരിച്ചു. പരുക്ക് കാരണം 6 മാസത്തോളം പുറത്തിരുന്ന നെയ്മർ ഒരു മാസം മുമ്പാണ് കളത്തിൽ തിരിച്ചെത്തിയത്.

ഹ്യൂമനോയിഡുകൾ പണിക്കിറങ്ങി തുടങ്ങി, തൊഴിലാളികൾ പുറത്താവുമോ

0

യുഎസിലെ സംഭരണ ശാലകളില്‍ ഹ്യൂമനോയിഡ് റോബോട്ടുകളെ പണിക്ക് ഇറക്കി ആമസോൺ. ഡിജിറ്റ് എന്ന പേരിലുള്ള പുതിയ റോബോട്ടുകളാണ് ഇറങ്ങിയിരിക്കുന്നത്. കൈയ്യും കാലുമുള്ള ഇവർക്ക് നടക്കാനും പാക്കേജുകള്‍ കണ്ടെയ്‌നറുകള്‍ എന്നിവ എടുക്കാനും മാറ്റിവെക്കാനുമെല്ലാം സാധിക്കും.

തൊഴിലാളികൾ ആശങ്കയോടെയാണ് ഇവയെ കാണുന്നത്. ആമസോണിലെ ഓട്ടോമേഷന്‍ തൊഴില്‍ നഷ്ടങ്ങളുടെ തുടക്കമാണ് ഇത്. മാത്രമല്ല നൂറുകണക്കിന് തൊഴിലുകള്‍ നഷ്ടമാകുന്നതിന് തങ്ങള്‍ സാക്ഷിയായിട്ടുണ്ടെന്നും യുകെയിലെ ജിഎംബി ട്രേഡ്യൂണിയന്‍ സംഘാടകന്‍ സ്റ്റുവര്‍ട്ട് റിച്ചാര്‍ഡ് സംഭവത്തോട് പ്രതികരിച്ചു. എജിലിറ്റി എന്ന പേരിൽ പ്രവർത്തിക്കുന്ന ആമസോണിൻ്റെ സ്റ്റാർട്ട്അപ് ഗ്രൂപ്പാണ് ഈ ഹ്യൂമനോയിഡികളുടെ നിർമ്മാണത്തിന് പിൻബലമേകുന്നത്.

ഇത് ആയിരക്കണക്കിന് പുതിയ ജോലികള്‍ സൃഷ്ടിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നതെന്നാണ് ആമസോണ്‍ പുതിയ റോബോട്ടിക്ക് സംവിധാനം പ്രഖ്യാപിച്ചുകൊണ്ട് അവകാശപ്പെടുന്നത്. നിലവില്‍ 7,50,000 റോബോട്ടുകള്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജോലികളിലാണ് ഇവ കൂടുതലും ഉപയോഗിക്കുന്നത്.

തൊഴിലാളികളെ സ്വതന്ത്രരാക്കുകാണ് ഇവ ചെയ്യുക. ഈ നടക്കും റോബോട്ടുകൾക്ക് എങ്ങിനെ മനുഷ്യരുടെ ഇടയിൽ കൂടിക്കലർന്ന് ജോലി ചെയ്യാൻ കഴിയും എന്ന പരീക്ഷണമാണ് നടക്കുന്നത് എന്നുമാണ് Amazon Robotics’ chief technologist, Tye Brady പറയുന്നത്.

മനുഷ്യൻ വേണ്ടാതാവുമോ

പൂര്‍ണമായും ഓട്ടോമേഷനിലേക്ക് മാറുന്നത് ഒരിക്കലും യാഥാര്‍ത്ഥ്യമാവില്ല. ഉയര്‍ന്ന നിലയില്‍ ചിന്തിക്കാനും പ്രശ്‌നങ്ങള്‍ കണ്ടെത്താനുമെല്ലാമായി ആളുകള്‍ അത്യാവശ്യമാണെന്നും എങ്കിലേ ഈ പ്രക്രിയയുടെ പൂര്‍ത്തിയാവുകയുള്ളൂ എന്നും ആമസോണ്‍ റോബോട്ടിക്‌സ് ചീഫ് ടെക്‌നോളജിസ്റ്റ് ടൈ ബ്രാഡി പറയുന്നു.

ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റ് റോബോട്ടുകളെ സംഭരണ ശാലകളില്‍ വിന്യസിച്ചിരിക്കുന്നത്. മനുഷ്യര്‍ക്കൊപ്പം ജോലി ചെയ്യാനുള്ള റോബോട്ടിന്റെ കഴിവ് പരിശോധിക്കുന്നതിനാണിത്. എന്നാൽ മനുഷ്യൻ്റെ ആവശ്യം ഇത്തരം റോബോട്ടുകളെ നിന്ത്രിക്കാൻ മാത്രമാവും.

ഒരു ഫോണിൽ രണ്ട് സിമ്മിലും വ്യത്യസ്ത വാട്‌സാപ്പ് ഫീച്ചർ എത്തി

ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. ഈ രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാം. ടെലഗ്രാം ആപ്പിലുള്ളത് പോലെയുള്ള വ്യത്യസ്ത സിമ്മുകളിലെ അക്കൌണ്ട് ഉപയോഗിക്കാനുള്ള സൌകര്യമാണിത്.

ഇനി ഇതിനായി വാട്‌സാപ്പിന്റെ ക്ലോണ്‍ ആപ്പ് വേണ്ടി വരില്ല. എന്നാല്‍ പുതിയ ഫീച്ചര്‍ ചാലു ആയിക്കഴിഞ്ഞാൽ ഉടൻ ഉപഭോക്താക്കള്‍ക്ക് ഒരേ ആപ്പില്‍ തന്നെ വ്യത്യസ്ത അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനാവും.

സംഗതി എളുപ്പമാണ്

  • വാട്‌സാപ്പ് സെറ്റിങ്‌സിൽ പേരിന് നേരെയുള്ള ചെറിയ ആരോ (Arrow) ടാപ്പ് ചെയ്യുക. ‘ആഡ് അക്കൗണ്ട്’ തിരഞ്ഞെടുക്കുക.
  • രണ്ടാമത്തെ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് വെരിഫിക്കേഷന്‍ പ്രോസസ് പൂര്‍ത്തീകരിക്കുക.
  • പുതിയ അക്കൗണ്ട് റെഡി.
  • ഇതേ Arrow ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് അക്കൗണ്ടുകള്‍ മാറ്റി ഉപയോഗിക്കാം.

സ്വകാര്യതയോ

രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്‌സും നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സും ആയിരിക്കും.

വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും ഈ അപ്‌ഡേറ്റുകള്‍ എത്തിയിട്ടുണ്ട്.

നിരോധനിത്തിന് എതിരെ പോപ്പുലർ ഫ്രണ്ട് സുപ്രീം കോടതിയിൽ

സംഘടനയെ നിരോധിച്ചത് ശരിവെച്ച യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യംചെയ്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സുപ്രീം കോടതിയിൽ. ഇതു സംബന്ധിച്ച് ചെയര്‍മാന്‍ ഒ.എം.എ സലാം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. റീഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണൽ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റീഹാബ് ഫൗണ്ടേഷന്‍ കേരള എന്നിവയാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട മറ്റു സംഘടനകള്‍.

UAPA നിയമത്തിലെ മൂന്നാം വകുപ്പു പ്രകാരമായിരുന്നു ഇത്. അഞ്ച് വര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു ഇത്

നിരോധനം ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ അധ്യക്ഷനായ ട്രിബ്യൂണല്‍ ശരിവച്ച സാഹചര്യത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചത്.

ബി.ജെ.പി ബന്ധം പിണറായിയുടെ സമ്മതത്തോടെ എന്ന ദേവഗൗഡയുടെ അവകാശം അൽപ്പത്തരമെന്ന് സി.പി.എം

കര്‍ണാടകത്തില്‍ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചെന്ന ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ അവകാശവാദം തള്ളി സിപിഎം.

അല്‍പ്പത്തവും അസംബന്ധവും നിറഞ്ഞ പ്രസ്താവനയാണ് ദേവ ഗൗഡ നടത്തിയതെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ. അനില്‍ കുമാര്‍ പ്രതികരിച്ചു. ജെഡിഎസ് കേരള ഘടകവും പിന്തുണ നൽകിയതായും ഗൗഡ പറഞ്ഞിരുന്നു.

ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിനെതിരെ പാർട്ടിയിൽ കലാപമുയരുകയാണ്. സി.എം. ഇബ്രാഹിമിനെ ഇക്കാരണത്താൽ ജെഡിഎസ് കര്‍ണാണടക അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഇതിനെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ദേവ ഗൗഡയുടെ കേരള ബന്ധ പരാമർശം.

ദേവഗൗഡ പറഞ്ഞത്

‘കേരളത്തില്‍ ജെ.ഡി.എസ്. ഇടതുമുന്നണിക്കൊപ്പമാണ്. ഞങ്ങളുടെ ഒരു എം.എല്‍.എ. അവിടെ മന്ത്രിയാണ്. ബി.ജെ.പി.യുമായി ചേര്‍ന്നുപോകുന്നതിന്റെ കാരണം അവര്‍ മനസ്സിലാക്കി. അവിടത്തെ ഞങ്ങളുടെ മന്ത്രി(കെ. കൃഷ്ണന്‍കുട്ടി) സമ്മതം തന്നു. പാര്‍ട്ടിയെ രക്ഷിക്കാന്‍ ബി.ജെ.പി.ക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം തന്നതാണ്’, ദേവ ഗൗഡ പറയുകയണ്ടായി.

മുന്‍ പ്രധാനമന്ത്രിയായ ദേവ ഗൗഡയെ പോലൊരാള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയം തീരുമാനിക്കുന്നത് മറ്റൊരു പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തിട്ടാണെന്ന് പറയുന്നത് രാഷ്ട്രീയത്തിലെ അല്‍പ്പത്തമാണ്, അസംബന്ധമാണ്’, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അനില്‍ കുമാര്‍ ഇതിനെതിരെ പ്രതികരിച്ചു.

മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞത്

‘എന്റെ അറിവില്‍ ജെഡിഎസ് തീരുമാനത്തിന് മുഖ്യമന്ത്രി പിന്തുണ നല്‍കിയിട്ടില്ല. എന്തുകൊണ്ടാണ് ദേവഗൗഡ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. അവിടുത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ ഭാഗമായി പറഞ്ഞതാകും. ബിജെപിയുമായി ഒരിക്കലും യോജിച്ച് പോകാന്‍ കഴിയില്ല. ജെഡിഎസ് കേരള ഘടകം സ്വതന്ത്രമായി നില്‍ക്കുകയാണ്’, കൃഷ്ണന്‍കുട്ടി പറഞ്ഞു.

കെ മുരളീധരൻ പറഞ്ഞത്

കേരളത്തില്‍ ബിജെപിയുടെ ബി ടീമാണ് സിപിഎം എന്ന് കോണ്‍ഗ്രസ് എംപി കെ.മുരളീധരന്‍ ഈ അവസരത്തിൽ പ്രതികരിച്ചു. ജനതാ ദളിന്റെ അഖിലേന്ത്യാ ഘടകം ബി.ജെ പിക്ക് ഒപ്പം ചേര്‍ന്നപ്പോള്‍തന്നെ അവരെ എല്‍.ഡി.എഫ് ഒഴിവാക്കണമായിരുന്നു. കൃഷ്ണന്‍ കുട്ടിയെ ഈ മാനദണ്ഡത്തില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയില്ല. ബിജെപിയെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് സിപിഎമ്മെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു

ജെഡിഎസ് കേരള ഘടകം എൻഡിഎ ബന്ധത്തെ എതിർത്ത് എൽഡിഎഫിൽ ഉറച്ച് നിൽക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ജെഡിഎസ് ഘടകം നിർവാഹക സമിതിയോഗം ചേർന്ന് എൻഡിഎ സഖ്യത്തിൽ ചേരാനുള്ള തീരുമാനത്തിനെതിരെ പ്രമേയവും പാസ്സാക്കിയിരുന്നു.

നിപയുടെ ഉറവിടം സംബന്ധിച്ച് കൂടുതൽ തെളിവുകൾ, വവ്വാലുകളിൽ വൈറസ് ഉണ്ടായിരുന്നു

നിപ പടർന്ന കോഴിക്കോട് മരുതോങ്കരയില്‍ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ വൈറസ് ഉണ്ടായിരുന്നതായി കണ്ടെത്തൽ. സാമ്പിള്‍ പരിശോധനയില്‍ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇക്കാര്യം ഐ.സി.എം.ആര്‍ സ്ഥിരീകരിച്ചുവെന്ന് വയനാട്ടില്‍ വെച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

മരുതോങ്കരയില്‍ നിന്ന് ശേഖരിച്ച 57 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചത്. നിപ വൈറസിന്റെ വകഭേദം ഏത് രീതിയിലാണ് മനുഷ്യനിലേക്ക് എത്തുന്നത് എന്നത് വലിയ ആശങ്കയായിരുന്നു. വൈറസ് ബാധ ഉണ്ടായ പ്രദേശത്തെ വവ്വാലുകളില്‍ ആന്റിബോഡി കണ്ടെത്തി എന്നത് സ്ഥിരീകരിച്ചത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായമാവും. 

പൊതുവില്‍ മരണനിരക്ക് വളരെ കൂടുതലുള്ള ബംഗ്ലാദേശീയന്‍ നിപ്പയുടെ വകഭേദമാണ് കേരളത്തില്‍ കണ്ടുവന്നത്. ഇപ്പോഴത്തെയുള്‍പ്പെടെ കേരളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ നിപ അണുബാധകളിലും, അതോടൊപ്പം വവ്വാലുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളിലും ഇതേ തരത്തില്‍പ്പെട്ട വൈറസിനെ തന്നെയാണ് പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തിയിട്ടുള്ളതെന്ന് നേരത്തെ തന്നെ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. സാധാരണ രോഗബാധിതരാകുന്നവരില്‍ 70 ശതമാനം മുതല്‍ 90 ശതമാനം വരെ ആളുകളുടെ മരണത്തിന് കാരണമാകാവുന്ന വൈറസ് വകഭേദമാണിത്. 

ഇത്തവണ കോഴിക്കോട് ഉണ്ടായ രോഗാണുബാധയില്‍ ആറുപേരില്‍ രണ്ടു പേരാണ് മരണപ്പെട്ടത്. 33.3 ശതമാനമായികുന്നു മരണ നിരക്ക്. രോഗികളെ താരതമ്യേന നേരത്തെ കണ്ടെത്താനും ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കാനും കഴിഞ്ഞത് മരണനിരക്ക് കുറയ്ക്കാന്‍ സഹായിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാളും മിംസ് ആശുപത്രിയില്‍ രണ്ട് പേരും ഇഖ്റ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ ഒമ്പതു വയസ്സുകാരന്‍ ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു. നിപ പോസിറ്റീവായി വെന്റിലേറ്ററിലായിരുന്ന രോഗി ജീവിതത്തിലേക്ക് തിരിച്ചു വന്നതും വളരെ വലിയ ആശ്വാസമായിരുന്നു. 

ഇടുക്കിയിലെ കുരുക്ക് മുറുകുന്നു; പാർട്ടി അന്തിച്ച് നിൽക്കവേ റവന്യു മന്ത്രിയും എം എം മണിയും നേർക്കു നേർ

റവന്യൂ മന്ത്രി കെ. രാജനെതിരേ പ്രാദേശിക താത്പര്യം മുൻനിർത്തി സിപിഎം നേതാവ് എംഎം മണി. ഇടുക്കിയിലെ ഭൂപ്രശ്‌നം തീരാത്തതിൻ്റെ ഉത്തരവാദി നിങ്ങളാണെന്ന് റവന്യൂ മന്ത്രിയോട് നേരിട്ട് പറയേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നടിച്ച് പോരാട്ടത്തിൽ പിന്നോട്ടില്ലെന്ന് എം എം മണി സൂചിപ്പിച്ചു.

എന്നാൽ പാർട്ടി മര്യാദ പാലിച്ചാണ് കടുത്ത നിലപാട്. മന്ത്രിക്ക് തന്നോട് ഭിന്നാഭിപ്രായം ഉണ്ടാകാന്‍ വഴിയുണ്ടെന്നും എന്നാല്‍ തനിക്ക് അദ്ദേഹത്തോട് ഭിന്നാഭിപ്രായം ഇല്ലെന്നും മണി മാധ്യമങ്ങൾക്ക് മുമ്പാകെ തുറന്നു വെച്ചു. ഏതെങ്കിലും ഒരു പാര്‍ട്ടിയോ വ്യക്തിയോ എടുക്കുന്നതല്ല സര്‍ക്കാരിന്റെ നിലപാട് എന്നാണ് പ്രഖ്യാപനം.

‘റവന്യൂമന്ത്രി, അങ്ങേര് അങ്ങനെ പലതും പറയും. അങ്ങേര്‍ക്ക് എന്നോട് ഇഷ്ടക്കേടൊക്കെ ഉണ്ട്. അതിന് കാരണവുമുണ്ട്. അദ്ദേഹം ഇവിടുത്തെ എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. നേരത്തെ ഒന്ന് വിളിച്ചു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ ഇവിടുത്തെ പ്രശ്‌നങ്ങള്‍ക്കൊന്നും തീരുമാനമായില്ല. പിന്നേയും ഒരു യോഗം വിളിച്ചു. പിന്നീട് മൂന്നാമതൊന്ന് കൂടി വിളിച്ചപ്പോള്‍ എനിക്കത് അത്ര സുഖമായി തോന്നിയില്ല. ഭൂമിയുടെ പ്രശ്‌നമൊന്നും തീരാതെ എന്തിനാണ് ഇങ്ങനെ യോഗം വിളിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു.

ന്യായമാണേല്‍ ന്യായം അന്യായമാണേല്‍ അന്യായമെന്ന് പറയും.

അങ്ങനെയുള്ള ചെറിയ പ്രശ്‌നമുണ്ട്. പുള്ളിയും താനുമായി അഭിപ്രായ വ്യത്യാസവുമുണ്ട്. ഇടുക്കിയിലെ ഭൂപ്രശ്‌നം തീരാത്തതിന്റെ ഉത്തരവാദി നിങ്ങളാണെന്ന് മന്ത്രിയോട് പറയേണ്ടി വന്നിട്ടുണ്ട്. തമാശയോ രഹസ്യമോ അല്ല. ഉദ്യോഗസ്ഥരും കളക്ടറുമെല്ലാം ഇരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. അതിന്റെ ഭിന്നാഭിപ്രായം അദ്ദേഹത്തിന് എന്നോട് ഉണ്ടാകാന്‍ വഴിയുണ്ട്. എന്നാല്‍ എനിക്ക് അദ്ദേഹത്തോട് ഭിന്നാഭിപ്രായം ഇല്ല. ന്യായമാണേല്‍ ന്യായം അന്യായമാണേല്‍ അന്യായമെന്ന് പറയും.’- മണി പറഞ്ഞു.

നിലവില്‍ ഇടുക്കിയിലെ ഭുപ്രശ്‌നം സങ്കീര്‍ണമാക്കിയത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പ്രതിപക്ഷത്തെയും ആക്രമിച്ചു. കോണ്‍ഗ്രസാണ് രാജ്യം കൂടുതല്‍ നാള്‍ ഭരിച്ചത്. 60ലേയും 64ലേയും നിയമങ്ങളെല്ലാം കൊണ്ടുവന്നത് അവരാണ്. ആ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഇവിടുന്ന് കുറച്ച് ആളുകള്‍ പോയി അംഗീകാരം കൊടുക്കരുതെന്ന് കളക്ടര്‍ക്ക് ശുപാര്‍ശ ചെയ്തു. നിയമം ഭേദഗതി ചെയ്താലേ ഇവിടെ മറ്റ് ചട്ടങ്ങള്‍ ആവിഷ്‌കരിച്ച് ജനങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ കഴിയുവെന്നാണ് സര്‍ക്കാര്‍ ചിന്തിക്കുന്നതെന്നും എം.എം മണി പറഞ്ഞു.

കരിമ്പൂച്ചയും ജെസിബിയും ആണ് ദൗത്യസംഘം എന്ന് ആരും ദുഃസ്വപ്നം കാണേണ്ട. കൊമ്പന്‍മീശ ഇല്ലാത്ത ഉദ്യോഗസ്ഥനെ വച്ചും ദൗത്യ സംഘം പ്രവര്‍ത്തിക്കും. അനധികൃത കയ്യേറ്റക്കാരെ നേരിടുക എന്നത് സര്‍ക്കാരിന്റെകൂടി നയമാണ്. കയ്യേറ്റവും കുടിയേറ്റവും ഒരുപോലെ കാണാന്‍ കഴിയില്ല. ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമാക്കി വെച്ചവര്‍ നിയമ നടപടിക്ക് വിധേയമാകേണ്ടിവരും. അഞ്ച് സെന്റിന് താഴെയുള്ളവരെ ഒഴിപ്പിക്കുകയല്ല ലക്ഷ്യമെന്നും മന്ത്രി കെ രാജന്‍ നേരത്തെ പറഞ്ഞിരുന്നു.

അനധികൃതമായി ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ പരിശോധിക്കട്ടെ. അതിന് തടസം നില്‍ക്കില്ല. എന്നാല്‍ കാലങ്ങളായി ഇവിടെ താമസിക്കുന്നവരുടെ മെക്കിട്ട് കേറാനാണ് പരിപാടിയെങ്കില്‍ ഏത് ദൗത്യസംഘമായാലും ചെറുക്കുക തന്നെ ചെയ്യുമെന്നാണ് എംഎം മണിയുടെ നിലപാട്.

നിയമപരമല്ലാതെ രാഷ്‌ട്രീയ ലക്ഷ്യം വച്ച് എന്തെങ്കിലും ചെയ്യാന്‍ വന്നാല്‍ തുരത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും എം എം മണി പ്രതികരിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ദൗത്യസംഘത്തെ സംഘത്തെ നിയോഗിച്ചത്.