ഇൻഷൂറൻസ് ലഭിക്കാൻ 24 മണിക്കൂർ ആശുപത്രിവാസം നിർബന്ധമില്ല

0

ഇന്‍ഷുറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രി വാസം വേണമെന്നത് നിർബന്ധമാക്കാനാവില്ല. ഇത് ഉപഭോക്തൃ അവകാശ ലംഘനമാവുമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വിധി. ആധുനിക ചികിത്സാ സംവിധാനങ്ങള്‍ നിലവിലുള്ളപ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം ന്യായീകരിക്കാനാവില്ല. ഈ നബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.

കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തില്‍ ചികിത്സ അവസാനിക്കുകയും ചെയ്താല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹതയുണ്ടാകും.

ഇന്‍ഷുറന്‍സ് കമ്പനിയുടെ മേല്‍ നടപടികള്‍ പോളിസി ഉടമക്ക് നല്‍കേണ്ട സേവനത്തിന്റെ വീഴ്ചയാണെന്ന് കണ്ടെത്തി. ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ഉത്തരവ് നല്‍കി.

എറണാകുളം മരട് സ്വദേശി ജോണ്‍ മില്‍ട്ടണ്‍ തന്റെ മാതാവിന്റെ ഇടത് കണ്ണിന്റെ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചെയ്തിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു ദിവസം പോലും ഹോസ്പിറ്റലില്‍ കിടക്കാതെ തന്നെ ശസ്ത്രക്രിയ നടത്തുകയും ഡിസ്ചാര്‍ജ് ആവുകയും ചെയ്തു. തുടര്‍ന്ന് ചികിത്സയ്ക്ക് ചെലവായ തുക ലഭിക്കുന്നതിനു വേണ്ടി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചെങ്കിലും 24 മണിക്കൂര്‍ ആശുപത്രിവാസം ഇല്ലാത്തതിനാല്‍ ഒ.പി. ചികിത്സയായി കണക്കാക്കി ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം അപേക്ഷ നിരസിക്കുകയായിരുന്നു.

മയോപ്പിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക ഇഞ്ചക്ഷന്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുമെന്ന ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോററി (ഐ.ആര്‍.ഡി.എ.ഐ.)യുടെ സര്‍ക്കുലറും കോടതി പരിഗണിച്ചു. പരാതിക്കാരന്റെ ആവശ്യം നിലനില്‍ക്കെ മറ്റൊരു പോളിസി ഉടമയ്ക്ക് ഇതേ ക്ലെയിം ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ചതായും കോടതി കണ്ടെത്തി.

ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ഡി.ബി. ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് പരാതിക്കാരന് അനുകൂലമായി ഉത്തരവിട്ടത്.

ട്രാഫിക് നിയമ ലംഘന കേസിൽ പിഴയടക്കുന്നതിൽ വീഴ്ച വരുത്തിയവർക്ക് ഓൺലൈനിൽ തീർപ്പാക്കാൻ അവസരം

പിഴ യഥാസമയം അടയ്ക്കാത്തതിനാല്‍ കോടതികള്‍ക്ക് കൈമാറിയ കേസുകള്‍ ഓൺലൈൻ വഴി പിഴയടച്ച് തീർക്കാൻ അവസരം. സി.ജെ.എം. കോടതികള്‍ക്ക് കൈമാറിയ നാലരലക്ഷം ഗതാഗതനിയമലംഘന കേസുകൾ മോട്ടോര്‍ വാഹനവകുപ്പ് തിരിച്ചുവിളിക്കുന്നു.

വക്കീൽ ഫീസും കോടതി നടപടിയും ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെ വാഹനം കരിമ്പട്ടികയിൽ പെട്ടതിൻ്റെ പൊല്ലാപ്പുകൾ ഇത് വഴി ഒഴിവാക്കാം. വാഹനം രജിസ്റ്റര്‍ചെയ്ത ഓഫീസില്‍നിന്നോ കുറ്റംചുമത്തിയ ഓഫീസില്‍നിന്നോ കേസുകള്‍ തിരിച്ചെടുത്ത് പിഴയടയ്ക്കാം.

ഓണ്‍ലൈനില്‍ പണമടയ്ക്കാനായി യൂസര്‍ നെയിമും പാസ്വേഡും ലഭിക്കും. പോലീസ് ചുമത്തിയ കേസുകളിലും ഈ സൗകര്യം ലഭിക്കും. ഹെല്‍മെറ്റ് ഉപയോഗിച്ചില്ലെങ്കില്‍പ്പോലും ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ നിയമത്തിലുണ്ട് എന്നത് കോടതിയിൽ എത്തുമ്പോൾ പ്രശ്നം സങ്കീർണ്ണമാക്കുന്ന സാഹചര്യമായിരുന്നു.

പിഴ അടയ്ക്കേണ്ടത് 30 ദിവസത്തിനകം

ഇ-ചെലാന്‍വഴി പിഴ ചുമത്തുന്ന കേസുകളില്‍ 30 ദിവസത്തിനകം പിഴയൊടുക്കിയില്ലെങ്കില്‍ ഓണ്‍ലൈന്‍ കോടതിയിലേക്കും 60 ദിവസത്തിനുശേഷം റെഗുലര്‍ കോടതിയിലേക്കും കൈമാറുകയാണ് പതിവ്. ഇങ്ങനെ വീഴ്ചവരുത്തിയ കേസുകളിലാണ് സൌകര്യം ലഭിക്കുന്നത്.

വെര്‍ച്വല്‍ കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലരലക്ഷം കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് കൈമാറിയ സാഹചര്യമാണ് നേരത്തെ ഉണ്ടായിരുന്നത്. പിഴ പിരിച്ചെടുക്കുക. കോടതിയിൽ ഇത്രയും കേസുകൾ എത്തുന്ന സങ്കീർണത ഒഴിവാക്കുക എന്ന സൌകര്യം കേസ് തിരിച്ചിത്തിക്കുന്നതിൽ ഉണ്ട്.

കേസുകൾ കുന്നുകൂടി മോട്ടോർ വാഹന വകുപ്പും പൊല്ലാപ്പിലായി

ഒന്നിലേറെത്തവണ നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചവര്‍ക്ക് പിഴ ഇരട്ടിയാകും. നടത്തിപ്പിന് അഭിഭാഷകരെ ചുമതലപ്പെടുത്തുന്നതടക്കമുള്ള ചെലവുകള്‍ പുറമേവരും. കോടതി കേസ് തീര്‍പ്പാക്കുംവരെ കരിമ്പട്ടിക നീക്കാനോ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനോ കഴിയില്ല.

ഗതാഗത നിയമലംഘനങ്ങള്‍ തീര്‍പ്പാക്കാന്‍ വേണ്ടിയുള്ള വെര്‍ച്വല്‍ കോടതിയില്‍ മൂന്നുമാസത്തിനുള്ളില്‍ കേസുകള്‍ പരിഗണിക്കണമെന്നാണ് വ്യവസ്ഥ. പിഴയൊടുക്കാന്‍ മറ്റുപല സംസ്ഥാനങ്ങളിലും ആറുമാസത്തോളം സാവകാശം നല്‍കാറുണ്ട്. പരമാവധി മൂന്നുമാസം അനുവദിക്കാമെങ്കിലും ഒരുമാസം തികയുമ്പോഴേ മോട്ടോര്‍വാഹനവകുപ്പ് കേസുകള്‍ കോടതിക്ക് കൈമാറും. ഇതോടെ, കേസുകളുടെ ബാഹുല്യം പ്രതിസന്ധിയായി. ഇങ്ങനെ കെട്ടിക്കിടന്ന കേസുകളാണ് സി.ജെ.എം. കോടതികള്‍ക്ക് കൈമാറിയത്.

കോടതി മുറിയിൽ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ബെഞ്ച് ക്ലാർക്കിന് 23 വർഷം തടവ്

0

കോടതിമുറിയില്‍ ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ ബെഞ്ച് ക്ലാര്‍ക്കിന് 23 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും. മറ്റൂര്‍ അച്ചാണ്ടി വീട്ടില്‍ മാര്‍ട്ടിനെ (53) യാണ് കേസിൽ പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതി രണ്ട് ജഡ്ജി വി. ജ്യോതി ശിക്ഷിച്ചത്.

കോടതിയിലെ താത്കാലിക ജീവക്കാരിക്ക് എതിരെയാണ് കോടതിക്ക് അകത്ത് തന്നെ അതിക്രമം നടന്നത്. കോടതി ഹാളിലും ബാത്ത് റൂമിലുമായി 2016 ഫെബ്രുവരി 10 മുതല്‍ മേയ് 24 വരെയുള്ള കാലത്തായിരുന്നു പരാതിക്ക് ഇടയാക്കിയ സംഭവം. കോടതിയിൽ ആളൊഴിഞ്ഞ നേരത്തായിരുന്നു പരാതിക്കി ഇടയാക്കിയ അതിക്രമങ്ങൾ.

പീഡനത്തിന് ഇരയായ യുവതി മാനസികമായി തകർന്നു. തുടർന്ന് ഭർത്താവിനോട് പീഡനാനുഭവം തുറന്നു പറഞ്ഞു. ഇവരെ കൌൺസലിങ്ങിന് വിധേയമാക്കി. മാനസിക നില നേരയായതിന് പിന്നാലെയാണ് പരാതി നൽകിയത്.

യുവതിയുടെ പരാതിയില്‍ ആലുവ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ടി.ജി. വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഇതിന് പിന്നാലെ വകുപ്പുതല അന്വേഷണവും നടന്നു. തുടർന്ന് മാര്‍ട്ടിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു.

പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ശ്രീറാം ഭരതന്‍ ഹാജരായി.

ബസ് യാത്രയ്ക്കിടെ തല പോസ്റ്റിൽ ഇടിച്ച് വിദ്യാർഥി മരിച്ചു

0

ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതിത്തൂണിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. മന്നിപ്പാടി ഗണേഷ് നഗര്‍ ഹൗസിങ് കോളനിയിലെ ജി.സുനില്‍കുമാറിന്റെയും പ്രജിതയുടെയും മകന്‍ മന്‍വിത് (15) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍വിട്ട് വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് അപകടം.

കാസർക്കോട് ജില്ലയിലെ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. വിദ്യാര്‍ഥി കയറിയ സ്വകാര്യ ബസ് ദേശീയപാതയിലെ കറന്തക്കാട്ടുനിന്ന് മധൂരിലേക്കുള്ള റോഡില്‍ കയറി ബട്ടംപാറയിലെ തിയേറ്ററിന് സമീപത്തെത്തിയപ്പോഴാണ് അപകടം. ബസിൻ്റെ അകത്ത് ജനലിന് സമീപം നിന്ന് യാത്രചെയ്യുകയായിരുന്ന വിദ്യാര്‍ഥിയുടെ തല റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ടായതിനാല്‍ ബസ് നിറയെ ആളുകളുണ്ടായിരുന്നു. സഹോദരന്‍: അന്‍സിത്.

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം അമേരിക്ക വീറ്റോ ചെയ്തു

0

ലോകത്തെ ഞെട്ടിച്ച് ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ബ്രസീല്‍ കൊണ്ടുവന്ന പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്തത്. 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ 12 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിക്കുകയും അമേരിക്ക വീറ്റോ ചെയ്യുകയും രണ്ട് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു

അമേരിക്കല്‍ പ്രസിഡന്റ് ജോ ബൈഡന്‍ സംഘര്‍ഷമേഖലയില്‍ നയതന്ത്ര നീക്കങ്ങള്‍ നടത്തിവരികയാണെന്ന് വീറ്റോ ചെയ്ത നടപടിയെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് ന്യായീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റിന്റെ നയതന്ത്രനീക്കങ്ങള്‍ ഫലം കാണാനാണ് ആഗ്രഹിക്കുന്നതെന്നാണ് ഇത് സംബന്ദിച്ച ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡിന്റെ വിശദീകരണം. പ്രമേയം സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെക്കുറിച്ച് യാതൊന്നും പറയുന്നില്ലെന്നും ലിന്‍ഡ പറഞ്ഞു.

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള റഷ്യന്‍ പ്രമേയം ഇതിന് മുന്‍പ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ തള്ളിയിരുന്നു. അതേ സമയം ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ ആ പ്രമേയം പൂര്‍ണമായി കുറ്റപ്പെടുത്തിയിരുന്നില്ല.

അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വീറ്റോ അധികാരമുള്ളത്. ഇസ്രയേലിന് എതിരായ എല്ലാ നീക്കത്തെയും യുഎന്‍ രക്ഷാ സമിതിയില്‍ അമേരിക്ക എതിര്‍ത്തു വരുകയാണ്. 9 വോട്ട് ഉണ്ടെങ്കില്‍ മാത്രമേ രക്ഷാസമിതിയില്‍ ഏതെങ്കിലും പ്രമേയം പാസാവൂ, അതേസമയം, വീറ്റോ അധികാരമുള്ള രാജ്യങ്ങള്‍ അത് ഉപയോഗിക്കാതിരിക്കുകയും വേണം.

ആശുപത്രി ആക്രമണത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡൻ്റ്

ഗാസയിൽ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ട ആശുപത്രി ആക്രമണം ഇസ്രയേൽ നടത്തിയതാണെന്ന് കരുതുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടു. ഇസ്രയേലിലെത്തി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബൈഡന്റെ പരാമർശം.

”ഞാന്‍ മനസ്സിലാക്കിയതു വച്ച് അതിനു പിന്നില്‍ നിങ്ങളല്ല, അത് അവരുടെ പണിയാണ്” – ബൈഡന്‍ പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എങ്ങനെയാണ് സ്‌ഫോടമുണ്ടായതെന്ന് അറിയാത്ത ഒരുപാട് ആളുകള്‍ പുറത്തുണ്ടെന്ന് ബൈഡന്‍ നെതന്യാഹുവിനോട് പറഞ്ഞു

ജെറുസലേം കേന്ദ്രമായുള്ള ആംഗ്ലിക്കൻ ചർച്ചിന്റെ കീഴിൽ വർഷങ്ങളായി ഗാസയിൽ പ്രവർത്തിക്കുന്ന അൽ അഹ്‍ലി അറബ് ആശുപത്രിയാണ് ചൊവ്വാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. ആക്രമണത്തെ തുടർന്ന് അറബ് ലോകത്ത് പ്രതിഷേധം കനക്കുകയാണ്. ആശുപത്രിയിൽ ഇസ്രയേൽ ബോംബിടുകയായിരുന്നുവെന്ന് പലസ്തീൻ ആരോപിക്കുന്നു.

എന്നാൽ എന്നാൽ ആശുപത്രി ആക്രമിച്ചിട്ടില്ലെന്നും തങ്ങൾക്ക് പങ്കില്ലെന്നുമാണ് ഇസ്രയേൽ വാദം. 

സ്കൂൾ തലം മുതൽ വിദ്യാർഥികളെ ആധാർ മാതൃകയിൽ നമ്പറിട്ട് വേർതിരിക്കുന്നു, ഓരോ വ്യക്തികളെയും ജന്മം മുതൽ നിരീക്ഷിക്കാൻ നീക്കം

രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഏകീകൃത തിരിച്ചറിയില്‍ നമ്പര്‍ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് പരിഷ്‌ക്കാരം എന്നാണ് വിശദീകരണം.

ഇതുസംബന്ധിച്ച നടപടികൾക്ക് സംസ്ഥാനങ്ങൾക്ക് ഉത്തരവ് കൈമാറി. ഒരു രാജ്യം, ഒരു ഐ.ഡി എന്നതാണ് പദ്ധതി. രാജ്യത്തെ ഓരോ പൌരനെയും പട്ടാള ചിട്ടയിൽ നമ്പറിട്ട് വേർതിരിക്കുകയാണ് ഫലത്തിൽ ചെയ്യുന്നത്. അധികാരവുമായി ബന്ധപ്പെട്ട ഐ ഡി നമ്പർ മാത്രമായി ഓരോ പൌരനും ഭാവിയിൽ മാർക്ക് ചെയ്യപ്പെടും. ഭരണ കൂടങ്ങൾക്ക് ഇത് പൌരൻമാരെ വർഗ്ഗീകരിക്കാനുള്ള ഡാറ്റാ ബേസ് ആയിത്തീരും.

രക്ഷിതാക്കളുടെ അനുമതിയോടെയാണ് ഇത് നടപ്പിലാക്കുക. ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക്ക് അക്കൗണ്ട് രജിസ്ട്രി (APAAR-അപാര്‍) ആണ് തയ്യാറാക്കുന്നത്. പ്രിപ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ ഇത് ഉപയോഗിക്കാം. സ്വകാര്യ/ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് എല്ലാം പരിഷ്‌ക്കാരം ബാധകമാണ് എന്നും പറയുന്നുണ്ട്. ഇതോടെ ഏറ്റവും അധികം സജീവമായിട്ടുള്ളതും അധികാര കേന്ദ്രീകരണത്തിന് എതിരെ ആദ്യ പ്രതികരണം രൂപീകരിക്കപ്പെടുന്നതുമായ വിദ്യാർഥി സമൂഹത്തെ ഭരണകൂടത്തിന് നേരിട്ടുള്ള ആജ്ഞയ്ക്ക് കീഴിൽ കൊണ്ടു വരാൻ കഴിയും.

കുട്ടിയുടെ മുഴുവന്‍ വിദ്യാഭ്യാസ രേഖയും സൂക്ഷിക്കുന്ന എജ്യുലോക്കറാണ് ലക്ഷ്യം വെക്കുന്നത്. അതിനാല്‍ തന്നെ ഇത് ജീവിത കാലം മുഴുവന്‍ ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖയാകും. പൊക്കം, രക്തഗ്രൂപ്പ് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കും. ആധാറിലെ അടിസ്ഥാന വിവരങ്ങള്‍ ഉപയോഗിച്ചാണ് കാര്‍ഡ് പ്രാഥമികമായി തയ്യാറാക്കുക.

ആധാർ നിലനിൽക്കെ എന്തിനാണ് ഇത്തരം വർഗ്ഗീകരണം എന്നതിന് വിശദീകരണം ഇല്ല. ഇതുകൊണ്ട് വിദ്യാർഥികൾക്ക് എന്തെങ്കിലും നേട്ടം ഉണ്ടാവുന്നതായും വ്യക്തതയില്ല. കോർപ്പറേറ്റ് കമ്പനികൾക്ക് ഈ ഡാറ്റ സാഹായകമാവും. ഓരോ വ്യക്തിയുടെയും നമ്പർ ലഭിച്ചാൽ വർഗ്ഗീകരണം എളുപ്പമാവും. ഇതേ പോലെ ഭരണകൂടങ്ങൾക്കും വ്യക്തിയെ ലക്ഷ്യം വെക്കുക എളുപ്പമാവും.

നവ ലോക ക്രമത്തിനകത്ത് പൌരനെ എങ്ങിനെ നിരന്തരവും തുടർച്ചയായും ജീവിത കാലം മുഴുവൻ അധികാരത്തിൻ്റെ നിരീക്ഷണത്തിനും വിധേയത്വത്തിനും കീഴിൽ കൊണ്ടു വരാൻ കഴിയും എന്നതാണ് ഈ നമ്പറിൻ്റെ ഏറ്റവും എളുപ്പമായ ഫലം എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

സ്‌കൂളുകളാണ് ഇതിന്റെ നടപടികള്‍ ചെയ്യുന്നത്. ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അല്ലാതെ വിവരങ്ങളെടുക്കാനായി സാധിക്കില്ല എന്നും സർക്കാർ അവകാശപ്പെടുന്നുണ്ട്. ജില്ല ഇന്‍ഫോര്‍മേഷന്‍ ഫോര്‍ എജ്യുക്കേഷന്‍ പോര്‍ട്ടലിലാണ് ഈ വിവരങ്ങളെല്ലാം സൂക്ഷിക്കുക. മൊബൈൽ കമ്പനികൾ പോലും ആധാർ വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കുന്ന സാഹചര്യത്തിലാണ് ഇത് രഹസ്യ രേഖയാവും എന്ന അവകാശ വാദത്തിൽ കുഞ്ഞുങ്ങളുടെ മുതൽ ഡാറ്റ ശേഖരിക്കാൻ സർക്കാർ ഒരുങ്ങുന്നത്.

ഡൽഹിയിൽ മലയാളി മാധ്യമ പ്രവർത്തകയെ വെടിവെച്ച് കൊന്ന കേസിൽ പ്രതികൾ കുറ്റക്കാർ

മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കൊലപാതകം ഉള്‍പ്പെടെ പ്രതികള്‍ക്കെതിരായ എല്ലാകുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി വ്യക്തമാക്കി. കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് സേത്തി, അജയ്കുമാര്‍ എന്നിവരെയാണ് ഡല്‍ഹിയിലെ സാകേത് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

2008 സെപ്റ്റംബര്‍ 30-നാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഡല്‍ഹിയില്‍ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ‘ഹെഡ്ലൈന്‍സ് ടുഡേ’ ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥനെ വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ആദ്യം ഇതൊരു അപകട മരണമാണ് എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. വഴി തെറ്റി വന്ന ഒരു ബുള്ളറ്റ് കോണ്ടതാവും എന്നും പോലീസ് കരുതിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന ഫോറന്‍സിക് പരിശോധനയില്‍ സൌമ്യയുടെ തലമുടിയും ശിരോചര്‍മവും പുറകിലത്തെ സീറ്റില്‍ കാണപ്പെട്ടു. അതോടെ ഇത് ഒരു കരുതി കൂട്ടിയുള്ള കൊലപാതകം ആണെന്ന് വ്യക്തമായി. എന്നാല്‍ കൊലപാതകത്തിനു പിന്നിലെ ഉദ്ദേശം എന്തെന്ന് വ്യക്തമായിരുന്നില്ല. 

കൃത്യംനടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് കേസിലെ പ്രതികളെ പോലീസ് പിടികൂടിയത്. 2009 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയായ ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ രവി കപൂര്‍, അമിത് ശുക്ല എന്നിവര്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തതോടെയാണ് 2008-ല്‍ സൗമ്യ വിശ്വനാഥനെ വെടിവെച്ച് കൊലപ്പെടുത്തിയതും തങ്ങളാണെന്ന് പ്രതികള്‍ വെളിപ്പെടുത്തിയത്.

2010-ല്‍ ഡല്‍ഹി പോലീസ് പ്രതികള്‍ക്കെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2010 നവംബര്‍ 16-ന് സാകേത് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചു. 2016 ജൂലായ് 19-നാണ് വാദം പൂര്‍ത്തിയായത്. തുടര്‍ന്ന് വിവിധ നിയമപ്രശ്നങ്ങള്‍ കാരണം കേസിന്റെ വിധി പറയുന്നത് പലതവണ മാറ്റിവെയ്ക്കുകയായിരുന്നു.

2009-ലെ ജിഗിഷ ഘോഷ് വധക്കേസിൽ രവി കപൂര്‍, മാലിക്, അമിത് ശുക്ല എന്നിവരെ കോടതി ശിക്ഷിച്ചിരുന്നു. ജിഗിഷ കൊലക്കേസില്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തതാണ് സൗമ്യാ വിശ്വനാഥന്റെ കേസന്വേഷണത്തില്‍ വഴിത്തിരിവായത്. കപൂറിനും ശുക്ലയ്ക്കും വിചാരണക്കോടതി ഈ കേസില്‍ വധശിക്ഷയും മാലിക്കിന് ജീവപര്യന്തവും 2017-ല്‍ വിധിച്ചു. എന്നാല്‍, അടുത്തവര്‍ഷം കപൂറിന്റെയും ശുക്ലയുടെയും വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു.ഓടുന്ന കാറില്‍നിന്നാണ് യുവതിക്ക് നേരേ പ്രതികള്‍ വെടിയുതിര്‍ത്തതെന്നും കവര്‍ച്ച ലക്ഷ്യമിട്ടാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞിരുന്നു.

വി എസ് അച്യുതാനന്ദൻ്റെ നൂറാം പിറന്നാൾ ആഘോഷത്തിൽ നിന്ന് മുൻ പിഎ എ.സുരേഷിനെ വിലക്കി

വി എസ് അച്യൂതാനന്ദൻ്റെ നൂറാം പിറന്നാൾ ആഘോഷത്തിൽ അദ്ദേഹത്തിൻ്റെ പി.എ ആയിരുന്ന എ സുരേഷിന് പാർട്ടി വിലക്ക്. പാലക്കാട് മുണ്ടൂരിൽ ഒരുക്കുന്ന പിറന്നാളാഘോഷത്തിലാണ് വിലക്കേർപ്പെടുത്തിയത്. വിഎസിന്റെ സന്തത സഹചാരിയായിരുന്ന എ സുരേഷിനെ ആദ്യം പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു.

പിന്നീട് പരിപാടിയിൽ നിന്നൊഴിവാക്കുകയായിരുന്നു. പങ്കെടുക്കേണ്ടതില്ലെന്ന് സംഘാടകർ സുരേഷിനെ അറിയിക്കുകയായിരുന്നു. ഇതാണ് വിവാദമായത്.

പരിപാടിക്കായി ആദ്യമിറക്കിയ പോസ്റ്ററിൽ സുരേഷിന്റെ പേരുണ്ടായിരുന്നു. പിന്നീട് പേരൊഴിവാക്കി. പരിപാടിക്ക് വരേണ്ടതില്ലെന്ന് സംഘാടകർ സുരേഷിനെ അറിയിക്കുകയായിരുന്നു. പാർട്ടി അനുഭാവികളുടെ സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഒരു കാലത്ത് പാർട്ടിയിലെ വിഭാ​ഗീയതയുടെ പേരിൽ പാർട്ടിയിൽ നിന്ന് വിട്ടുനിന്നയാളാണ് സുരേഷ്. പത്തുദിവസം മുന്‍പാണ് ക്ഷണിച്ചത്. രണ്ടുദിവസം മുന്‍പ് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചത് വ്യക്തിപരമായി ഏറെ പ്രയാസമുണ്ടാക്കി. പാര്‍ട്ടിയില്‍നിന്ന് പുറത്തായിട്ടും താന്‍ പാര്‍ട്ടിവിരുദ്ധനായിട്ടില്ലെന്നും സുരേഷ് ഓർമ്മപ്പെടുത്തി.

“അയാൾ നുണയനാണ്, ആശുപത്രിയിൽ ബോംബ് വർഷിച്ചത് ഹമാസിൻ്റെ താവളം എന്നു കരുതി”

0

 ഗാസയിലെ ആശുപത്രി ആക്രമണത്തിന് പിന്നിൽ ഹമാസാണെന്ന നെതന്യാഹുവിൻ്റെ മലക്കം മറിച്ചിലിനെതിരെ രൂക്ഷവിമർശനവുമായി യുഎന്നിലെ പലസ്തീൻ അംബാസഡർ റിയാദ് മൻസൂർ.

ആശുപത്രി പരിസരത്ത് ഹമാസിന്റെ താവളം ഉണ്ടെന്ന ധാരണയിലാണ് ഇസ്രയേൽ സെെന്യം ആക്രമണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ആദ്യം കുറ്റം സമ്മതിച്ചു പിന്നെ കഥ മാറ്റി

‘നെതന്യാഹു ഒരു നുണയനാണ്. സമീപത്ത് ഹമാസിന്റെ കേന്ദ്രമുണ്ടെന്ന് കരുതിയാണ് ഇസ്രയേൽ ആക്രമിച്ചതെന്ന് നെതന്യാഹുവിന്‍റെ തന്നെ വക്താവ് എക്സിൽ കുറിച്ചിരുന്നതാണ്. എന്നാൽ, പിന്നീട് അവർ ആ ട്വീറ്റ് പിൻവലിച്ചു. ട്വീറ്റിന്റെ കോപ്പി ഞങ്ങളുടെ കെെയ്യിലുണ്ട്. ഇപ്പോൾ ഇസ്രയേൽ കഥ മാറ്റി പലസ്തീനികളെ കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണ്’, മൻസൂർ പറഞ്ഞു.

ആശുപത്രികൾ ഒഴിപ്പിക്കണമെന്ന് ഇസ്രയേൽ സെെന്യം ആവശ്യപ്പെട്ടിരുന്നു. ഒഴിപ്പിച്ചില്ലെങ്കിൽ ആശുപത്രികൾക്കെതിരെ ആക്രമണമുണ്ടാകുമെന്നതിന്റെ സൂചനയായിരുന്നു അത്. ഈ കുറ്റകൃത്യത്തിന്റെ ഉത്തരവാദികള്‍ ഇസ്രയേലാണെന്നും അത് മറയ്ക്കുന്നതിനായി അവർക്ക് കഥകൾ കെട്ടിച്ചമയ്ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാസയിൽ അഭയാർഥിക്യാമ്പായി പ്രവർത്തിക്കുന്ന ആശുപത്രിക്കുനേരെ ചൊവ്വാഴ്ചയാണ് മുന്നറിയിപ്പില്ലാതെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സ്ഥിരീകരിച്ചാൽ 2008-നുശേഷം ഇസ്രയേൽ നടത്തുന്ന മാരകമായ ആക്രമണമാകുമിത്. ഇപ്പോഴും സ്ത്രീകളെയും കുട്ടികളെയും അകത്തു നിന്നും രക്ഷപെടുത്താൻ കഴിയാത്ത നില തുടരുകയാണ്.

നെതന്യാഹു പറഞ്ഞത്

‘ലോകം മുഴുവന്‍ അറിയണം, ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അല്ല ഗാസയിലെ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത്. ക്രൂരന്മാരായ ഭീകരവാദികളാണ്. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊന്നവര്‍ സ്വന്തം മക്കളെയും കൊല്ലുന്നു’, നെതന്യാഹു എക്‌സില്‍ കുറിച്ചു.

അമേരിക്കൻ പ്രസിഡൻ്റ് ഇസ്രയേലിലേക്ക്

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അല്പസമയത്തിനകം ഇസ്രയേലിൽ എത്തും. ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബൈഡന്റെ സന്ദർശനം നിർണായകമാണ്. പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ജോർദാൻ ഭരണാധികാരിയടക്കമുള്ള അറബ് നേതാക്കൾ എന്നിവരെ ബൈഡൻ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബ് നേതാക്കൾ ബൈഡനുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറി.

പലസ്തീനിൽ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി പ്രതികരിച്ച് അറബ് രാജ്യങ്ങൾ. ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്കൊടുവിലും വെടിനിർത്തലിന് തയാറാവാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച സൗദി, അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് വെടിയണമെന്നാവശ്യപ്പെട്ടു. നിഷ്ഠൂരമായ കൂട്ടക്കൊലയെന്നാണ് ഖത്തർ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇത് പ്രകോപനം കൂട്ടുന്നതാണെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. 

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ അറബ് മേഖലയൊന്നാകെ അപലപിക്കുകയാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ലംഘിക്കപ്പെടുന്നതിലും ഇത് തടയാൻ ഇടപെടലുണ്ടാവാത്തതിലും രോഷം ശക്തമാണ്. 

ഓരോ ബൾബിടുമ്പോഴും അദാനിയുടെ പോക്കറ്റ് നിറയുന്നു, കൽക്കരി ഇറക്കുമതിയിലെ വെട്ടിപ്പിന് പ്രധാനമന്ത്രിയുടെ സംരക്ഷണമെന്ന് രാഹുൽ ഗാന്ധി

സാധാരണക്കാരുടെ പോക്കറ്റിൽ നിന്ന് അദാനി 32,000 കോടി രൂപ കൊള്ളയടിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയാണ് അദാനിക്ക് സംരക്ഷമൊരുക്കുന്നത്. ജനങ്ങൾ ഒരു ബൾബിൻ്റെ സ്വിച്ച് അമർത്തുമ്പോൾ അദാനിയുടെ പോക്കറ്റിലേക്ക് പണം പോകുന്നു. അധിക ഭാരത്തിൻ്റെ പേരിൽ ഈ തുക ജനങ്ങൾ അറിയാതെ സഹിക്കയാണെന്നും ഡൽഹിയിൽ മാധ്യമങ്ങൾക്ക് മുൻപാകെ രാഹുൽ ഗാന്ധി പറഞ്ഞു.

തട്ടിപ്പ് കൽക്കരി ഇറക്കു മതിയുടെ മറവിൽ

ഇന്തോനേഷ്യയിൽനിന്ന് വാങ്ങുന്ന കൽക്കരി ഇരട്ടിവിലയ്ക്ക് അദാനി ഇന്ത്യയിൽ വിൽക്കുന്നു. വൈദ്യുതി ചാർജ് വർധനയുടെ രൂപത്തിൽ ഈ അധികഭാരം ജനങ്ങളിലേക്കെത്തുന്നു. പതിവുപോലെ കേന്ദ്ര സർക്കാരും മാധ്യമങ്ങളും മൗനം പാലിക്കുകയാണ്. അദാനിക്ക് ഇങ്ങനെ അഴിമതിക്ക് സർക്കാർ ബ്ലാങ്ക് ചെക്ക് നൽകിയിരിക്കുകണ്.

വിവിധ രാജ്യങ്ങളിൽ ഇവരുടെ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടക്കുന്നു. അതേസമയം, ഇന്ത്യയിൽ ഒന്നും സംഭവിക്കുന്നില്ല, അദാനിയെ ആരാണ് സംരക്ഷിക്കുന്നത്, അദാനിയുടെ പിന്നിലെ സർവ്വാധികാരി ആരാണ് ഇവ ജനങ്ങൾക്ക് അറിയാമെന്നും രാഹുൽ പറഞ്ഞു.

അദാനി ഗ്രൂപ്പ് കൽക്കരി ഇറക്കുമതിയിൽ കാണിക്കുന്ന അമിത നിരക്ക് മൂലമാണ് വെെദ്യുതി ബില്ലുകൾ വർധിക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിയണം. കണക്കിൽപ്പെടാത്ത 20,000 കോടി രൂപയാണ് ഈ ഇനത്തിൽ പുറത്ത് വന്നത്. എന്നാൽ, നിലവിൽ 12,000 കോടി രൂപകൂടി ഈ കണക്കിൽ ഉയർന്നു. അങ്ങനെ ആകെ 32,000 കോടി രൂപയുടെ കൊള്ളയാണ് അദാനി ഗ്രൂപ്പ് നടത്തിയിരിക്കുന്നത്, രാഹുൽ പറഞ്ഞു.

രേഖകൾ ഇല്ലെന്ന് സെബി, എന്നാൽ മാധ്യമങ്ങൾക്ക് ലഭിക്കുന്നു

അദാനിക്കെതിരായ ഫിനാൻഷ്യൽ ടെെംസിന്റെ മാധ്യമ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ആരോപണം. വിഷയത്തിൽ തങ്ങൾക്ക് രേഖകൾ ലഭിച്ചിട്ടില്ലെന്നാണ് സെബി സർക്കാരിനെ ബോധിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഫിനാൻഷ്യൽ ടൈംസിന് എല്ലാം രേഖകളും ലഭിക്കുന്നുണ്ട്. അദാനി ഗ്രൂപ്പിനെതിരെ എന്തുകൊണ്ട് സർക്കാർ അന്വേഷണം നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.