കത്വ ഉന്നാവ് ഫണ്ട് തട്ടിപ്പ് പരാതി കള്ളം, രാഷ്ട്രീയ വൈരാഗ്യമെന്നും പൊലീസ് റിപ്പോർട്ട്

0

യൂത്ത് ലീഗ് നേതാക്കളായ പി.കെ.ഫിറോസിനും സി.കെ. സുബൈറിനുമെതിരെ ഉയര്‍ന്ന കത്വ ഫണ്ട് തട്ടിപ്പ് ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പോലീസ് റിപ്പോര്‍ട്ട്. പരാതിയിലെ ആരോപണങ്ങള്‍ പാർട്ടി വൈരം വെച്ചുള്ളതാണെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ വ്യക്തമാക്കി.

കത്വ, ഉന്നാവ്‌ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ സമാഹരിച്ച തുക തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണം. കത്വ പെണ്‍കുട്ടിക്കായി ശേഖരിച്ച തുകയില്‍ 15 ലക്ഷം രൂപ പി കെ റിഫോസും സി കെ സുബൈറും വകമാറ്റി ചിലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗില്‍ നിന്ന് രാജിവെച്ച യൂസുഫ് പടനിലം ആയിരുന്നു പരാതിക്കാരന്‍.

കുന്ദമംഗലം കോടതിയിലാണ് കേസ് അന്വേഷിച്ച പോലീസ് സംഘം റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്. സംഘടനാപരമായ പ്രശ്‌നങ്ങളില്‍ നിന്നുണ്ടായ രാഷ്ട്രീയ വൈരാഗ്യം എന്നാണ് വിശദീകരണം.

2021 ലാണ് യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലം രംഗത്തെത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂരില്‍ മത്സരിച്ച പി.കെ. ഫിറോസിനെതിരെ ഇത് വലിയ പ്രചാരണമായിരുന്നു. ഇടതുപക്ഷം തന്നെ ഇത് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചു. ആരോപണത്തിന് തുടർച്ചയായി സി കെ സുബൈർ രാജിവെച്ചിരുന്നു.

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും ഇറങ്ങി

ഫണ്ട് വിവാദത്തിന് പിന്നാലെ ഇരുവരെയും ഇ ഡി ചേദ്യം ചെയ്തിരുന്നു.

കത്വ, ഉന്നാവോ പീഡനക്കേസുകളിലെ ഇരകളായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്നായിരുന്നു യൂസഫ് പടനിലം യൂത്ത് ലീഗിനെതിരെ ഉന്നയിച്ച ആരോപണം. 

ഈ ഫണ്ടിൽ നിന്ന് കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം കൈപ്പറ്റിയെന്നും യൂസഫ് പടനിലം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ പിരിച്ചത് ഒരു കോടി രൂപയല്ല, 39 ലക്ഷം മാത്രമാണെന്നും ഇത് ഇരകളുടെ കുടുംബങ്ങൾക്ക് കൃത്യമായി നൽകിയിരുന്നുവെന്നുമായിരുന്നു യൂത്ത് ലീഗിന്റെ വിശദീകരണം. ബിനീഷ് കോടിയേരി അറസ്റ്റിലായതിന്‍റെ പകപോക്കലാണ് കത്വ ഫണ്ടിന്‍റെ പേരിൽ തനിക്കെതിരെ കേസെടുക്കാൻ കാരണമെന്നായിരുന്നു പികെ ഫിറോസിന്റെ പ്രതികരിച്ചിരുന്നു. 

കത്വ ഫണ്ട് വിവാദത്തില്‍ യൂത്ത് ലീഗ് പുറത്ത് വിട്ട കണക്കുകളില്‍ വൈരുദ്ധ്യമുണ്ടെന്നും പെൺകുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചില്ലെന്നും ഐഎന്‍എല്‍ നേതാക്കള്‍ ആരോപിച്ചിരുന്നു. നേരിട്ടും വ്യക്തിഗത അക്കൗണ്ടിലേക്കും പണം കൈമാറിയെന്ന് യൂത്ത് ലീഗ് നേരത്തെ വിശദീകരിച്ചിരുന്നു. 

17 പെൺകുട്ടികളെ കൂട്ടക്കൊല ചെയ്ത നിഥാരി കേസിൽ വധശിക്ഷ കാത്തിരുന്ന പ്രതികളെ വെറുതെ വിട്ടു

പെൺകുട്ടികളെ പീഡിപ്പിച്ച് കൊന്ന് തിന്ന ഉത്തർ പ്രദേശിലെ നിഥാരി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി സുരീന്ദ്ര കോലിയെ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. വിചാരണകോടതി വധശിക്ഷ വിധിച്ച 12 കേസുകളിലാണ് സുരേന്ദ്ര കോലിയെ വെറുതെവിട്ടത്.

കേസിലെ മറ്റൊരുപ്രതിയും മുഖ്യപ്രതിയുടെ സഹായിയുമായ മൊനീന്ദര്‍ സിങ് പാന്ഥറിനെ രണ്ടുകേസുകളിലും ഹൈക്കോടതി കുറ്റവിമുക്തനാക്കി. Justice Ashwani Kumar Mishra and Justice Syed Aftab Husain Rizvi എന്നിവരാണ് വിധി പ്രസ്താവിച്ചത്. വിശദമായ വിധി ഇനിയും പുറത്ത് വരാനിരിക്കയാണ്.

മുഖ്യപ്രതിയുടെ വീട്ടിലെ സഹായിയായ മൊനീന്ദര്‍ സിങ്ങിനും ഈ കേസുകളിൽ വിചാരണ കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു.

രാജ്യത്തെ ഞെട്ടിച്ച ക്രിമിനൽ കൊലപാതക പരമ്പര

2005 മുതല്‍ 2006 വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണ് നിഥാരി കൂട്ടക്കൊല. 2006 ഡിസംബറില്‍ നിഥാരിയിലെ അഴുക്കുചാലില്‍നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതോടെയാണ് രാജ്യം ഞെട്ടിയ കൂട്ടക്കൊല പുറംലോകമറിഞ്ഞത്. 17-ഓളം കുട്ടികളുടെ അസ്ഥികൂടമാണ് ഇവിടെനിന്ന് കണ്ടെടുത്തത്.

കുട്ടികളെ മിഠായിയും ചോക്ലേറ്റും നല്‍കി വീട്ടിലേക്ക് കൊണ്ടുവന്ന സുരേന്ദ്ര കോലി ഇവരെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. മാത്രമല്ല, കുട്ടികളുടെ മൃതദേഹങ്ങളോടും ഇയാള്‍ ലൈംഗികാതിക്രമം നടത്തിയതായും മൃതദേഹാവശിഷ്ടങ്ങള്‍ ഭക്ഷിച്ചതായും പോലീസ് പറഞ്ഞിരുന്നു. കൃത്യം നടത്തിയ ശേഷം മൃതദേഹാവശിഷ്ടങ്ങളും അസ്ഥികളും വീടിന് പിറകിലെ കുഴിയിലാണ് പ്രതികള്‍ ഉപേക്ഷിച്ചിരുന്നത്. കോലിയുടെ തൊഴിലുടമയായ മൊനീന്ദര്‍ സിങ് പാന്ഥര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഇയാളും കേസില്‍ പിടിയിലായി.

കൊലക്കയറിന് ചുവട്ടിലെത്തിയ പ്രതികൾ

നിഥാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കൊലപാതകം, ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. കൂട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് വിചാരണകോടതി വധശിക്ഷയും വിധിച്ചിരുന്നു. 2014 സെപ്റ്റംബര്‍ എട്ടിന് സുരേന്ദ്ര കോലിയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങിയെങ്കിലും സുപ്രീംകോടതി ഇത് റദ്ദാക്കി. വധശിക്ഷ നടപ്പാക്കുന്നതിന്റെ ഒന്നരമണിക്കൂര്‍ മുന്‍പാണ് ഇത് റദ്ദാക്കി സുപ്രീംകോടതി ഉത്തരവിട്ടത്. 2014 സെപ്റ്റംബര്‍ എട്ടിന് പുലര്‍ച്ചെ നടന്ന വിധിപ്രസ്താവം അന്ന് ഏറെ ശ്രദ്ധനേടിയിരുന്നു. ജസ്റ്റിസുമാരായ എച്ച്.ആര്‍.ദത്തു, എ.ആര്‍.ദാവെ എന്നിവരാണ് വധശിക്ഷ റദ്ദാക്കി ഉത്തരവിട്ടത്.

രാജ്യത്തെ സി ബി ഐ ഉൾപ്പെടെ അന്വേഷണ ഏജൻസികളെ നാണക്കേടിലും അമ്പരപ്പിലുമാക്കിയ വിധിയാണ് ഉണ്ടായിരിക്കുന്നത്.

ഹമാസ് ഇസ്രയേൽ വിദ്വേഷം, അമേരിക്കയിൽ ആറ് വയസുകാരനെ കുത്തിക്കൊന്നു, 71 കാരൻ അറസ്റ്റിൽ

0

യുഎസിൽ ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ കലിമൂത്ത 71കാരൻ പലസ്തീൻ വംശജനായ ആറ് വയസ്സുള്ള കുട്ടിയെ കുത്തിക്കൊന്നു. 26 തവണ മാരകമായി കുത്തി കീറി കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ 32 കാരിയായ അമ്മയെ ഗുരുതരമായി കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തു.ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ – ഹമാസ് സംഘർഷത്തിന് തുടർച്ചയായുള്ള വിദ്വേഷമാണെന്നാണ് അധികൃതർ അറിയിച്ചത്.

71 കാരനായ ജോസഫ് സൂബയാണ് വിദ്വേഷ കൊലയും ആക്രമണവും നടത്തിയത്. ആക്രമണത്തിൽ യുവതിക്കും കൊല്ലപ്പെട്ട ആറ്‌ വസ്സുകാരനും നെഞ്ചിലുൾപ്പടെ പലയിടത്തായി കുത്തേറ്റിരുന്നു. ശനിയാഴ്ച ചിക്കാഗോയ്ക്ക് സമീപമുള്ള പ്ലയിൻഫീൽഡ് ടൗൺഷിപ്പിലാണ് സംഭവം.

” ക്രൂരമായ ആക്രമണത്തിൽ ഇരയായ രണ്ടുപേരും മുസ്ലീം ആയതിനാലും ഹമാസിനോടുള്ള പ്രതികാരം എന്നോണമാണ് പ്രതി ഇത്തരമൊരു ആക്രമണം ലക്ഷ്യമിട്ടതെന്നുമാണ് പൊലീസ് റിപ്പോർട്ട്. പ്രതിയെക്കുറിച്ചുള്ള വിവരവും ആക്രമണത്തിനു പിന്നിലെ ലക്ഷ്യവും വിൽ കൗണ്ടി ഷെരിഫ് ഓഫീസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്ലയിൻഫീൽഡ് ടൗൺഷിപ്പിൽ വാടകയ്ക്ക് കഴിയുകയായിരുന്ന യുവതിയുടെ വീട്ടിലേക്കെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. 12 ഇഞ്ച് നീളമുള്ള കത്തിയുപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ഓടി രക്ഷപെടാൻ ശ്രമിച്ച യുവതിയെ പിന്നാലെയെത്തിയ പ്രതി വീണ്ടും ആക്രമിക്കുകയായിരുന്നു, പിന്നീട് ആറ്‌ വയസ്സുള്ള കുട്ടിയെ മാരകമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്ലയിൻഫീൽഡ് ടൗൺഷിന്റെ സമീപത്തുനിന്നു തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

“നിങ്ങൾ മുസ്ലീങ്ങൾ, മരിക്കണം”, എന്ന് പറഞ്ഞു കൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് യുവതി നൽകിയ മൊഴിയെന്ന് കൗണ്‍സിൽ ഓൺ അമേരിക്കൻ – ഇസ്ലാമിക് റിലേഷൻസ് മേധാവി അഹമ്മദ് റിഹാബ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എങ്ങിനെ പ്രാർഥിക്കുന്നു എന്ന് വിവേചനം ചിന്തിക്കുന്നവർക്ക് രാജ്യത്ത് സ്ഥാനമില്ല

ആക്രമണത്തെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തി. വിദ്വേഷത്തിന്റെ ഭയാനകമായ പ്രവൃത്തിയാണിതെന്നും വെറുപ്പിന് അമേരിക്കയിൽ സ്ഥാനമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. എങ്ങനെ പ്രാർത്ഥിക്കുന്നു, എന്തിൽ വിശ്വസിക്കുന്നു, എന്നിങ്ങനെയുള്ള അടിസ്ഥാന മൂല്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവർക്കൊന്നും ഇവിടെ സ്ഥാനമില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. കൂടാതെ, ഇസ്‌ലാമോഫോബിയയും എല്ലാത്തരം മതഭ്രാന്തും വിദ്വേഷവും നിരസിക്കാനും ഒരുമിച്ച് നിൽക്കണമെന്നും അമേരിക്കക്കാരോട് ബൈഡൻ ആവശ്യപ്പെട്ടിട്ടുണ്ട്.

രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ ഇരകളായിക്കൊണ്ടിരിക്കുന്നത് ഭൂരിഭാഗവും സാധാരണക്കാരാണ്. ഇരുപക്ഷത്തും ഇതുവരെ 4500ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്.

കെ റെയിൽ ലക്ഷ്യമിടുന്നത് 50 വർഷത്തെ വളർച്ച, പിന്നോട്ടില്ലെന്ന് എംവി ഗോവിന്ദൻ

0

കേന്ദ്ര അനുമതി കിട്ടിയാല്‍ സര്‍ക്കാരിൻ്റെ അംഗീകാരം കിട്ടിയാല്‍ കെ റെയിലും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഒരു സംശയവും വേണ്ട എന്ന് എം.വി. ഗോവിന്ദന്‍ പ്രസംഗത്തില്‍ ആവർത്തിച്ചു. 50 വര്‍ഷത്തിന്റെ വളര്‍ച്ചയാണ് കെ റെയിലിലൂടെ ലക്ഷ്യമിട്ടത്. അതിനെയാണ് പ്രതിപക്ഷം പാരവെച്ചതെന്നും ഓർമ്മപ്പെടുത്തി.

കേരളത്തിൻ്റെ വേഗത കൂടും

’39 ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക്, 39 ട്രെയിന്‍ കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക്. ഒരു ട്രെയിനും ടിക്കറ്റൊന്നും ബുക്ക് ചോയ്യേണ്ടകാര്യമില്ല. നേരെ കയറി കണ്ണൂരില്‍ നില്‍ക്കുക, ഇപ്പൊ ട്രെയിന്‍ വന്നോ, ആഹ് ഇപ്പൊ ട്രെയിന്‍ പോയി, ഇനി എത്ര വേണം, 20 മിനിറ്റ് കഴിഞ്ഞാല്‍ രണ്ടാമത്തെ ട്രെയിന്‍ വരും. അപ്പോള്‍ തന്നെ ടിക്കറ്റ് എടുക്കാം, അപ്പോള്‍ തന്നെ കയറാം’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

‘കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരം കൈകാര്യം ചെയ്യാന്‍ എത്ര മണിക്കൂര്‍ വേണം എന്നറിയുമോ നിങ്ങള്‍ക്ക്? മൂന്ന് മണിക്കൂര്‍, 54 മിനിറ്റ്. പണ്ടൊക്കെ കൊച്ചിക്ക് പോവുക എന്നത് പറഞ്ഞാല്‍ വലിയ പണിയാണ്. കണ്ണൂരില്‍നിന്ന് ഒന്നരമണിക്കൂര്‍ ഉണ്ടായാല്‍ കൊച്ചിയിലെത്തി. ഇവിടെനിന്ന് ചായയും കുടിച്ച് പോകാം, അവിടെനിന്ന് ഭക്ഷണം കഴിച്ച് ഇങ്ങോട്ട് വരാം. വൈകുന്നേരും വീട്ടില്‍വന്നിട്ട് ഭക്ഷണം കഴിക്കാം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ റെയിലിനുവേണ്ടിയുള്ള ശ്രമങ്ങളെ യു.ഡി.എഫും ബി.ജെ.പിയും ഒത്തുചേർന്ന് തകർക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടേണ്ട കാര്യമില്ല. പദ്ധതി പൊളിക്കാനാണു യു.ഡി.എഫും ബി.ജെ.പിയും ശ്രമിച്ചതെന്നും അതിനെ ശക്തമായി എതിർത്തുകൊണ്ടാണു പദ്ധതി നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പരിയാരം ലോക്കൽ കമ്മിറ്റി എൽ.ഡി.എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെതിരെ മുന്നറിയിപ്പുമായി എസ് കെ എസ് എസ് എഫ്

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പരസ്യമായി രംഗത്ത്. ചില സമസ്ത നേതാക്കള്‍ക്കെതിരായ പിഎംഎ സലാമിൻ്റെ പരാമർശമാണ് പുതിയ പ്രകോപനം. കേരളത്തിലെ മുസ്ലീം ഗ്രൂപ്പുകൾക്ക് ഇടയിലെ വിശ്വസപരമായ വ്യത്യാസങ്ങളും അതേ സമയം കക്ഷി രാഷ്ട്രീയ സമീപനങ്ങളിലെ വ്യത്യാസവും കൂടിക്കുഴഞ്ഞാണ് പ്രശ്നം വളരുന്നത്.

പി.എം.എ സലാം സമുദായത്തില്‍ ഛിദ്രതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ അദ്ദേഹത്തെ അടിയന്തിരമായി നിയന്ത്രിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രൂക്ഷ വിമര്‍ശനവുമായി സമസ്ത വിദ്യാര്‍ഥി വിഭാഗം മുന്നറിയിപ്പും നൽകി. എത്ര ഉന്നതനായാലും സമസ്തക്കും അതിന്റെ നേതാക്കള്‍ക്കുമെതിരെ വന്നാല്‍ അവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നാണ് അറിയിച്ചത്.

‘ആദ്യം സമസ്ത അധ്യക്ഷനെ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് അദ്ദേഹം അവഹേളിച്ചു. ഇപ്പോള്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളേയും അവഹേളിച്ചിരിക്കുന്നു. കുഴപ്പമുണ്ടാകുമ്പോള്‍ ഒപ്പിടുന്നയാള്‍ എന്നാണ് അദ്ദേഹം തങ്ങളെ അധിക്ഷേപിച്ചത്. സമസ്തയോടുള്ള അദ്ദേഹത്തിന്റെ വിരോധമാണ് ഇത്തരം അധിക്ഷേപങ്ങളിലൂടെ പുറത്തുവരുന്നത്. സമസ്തയും മുസ്ലിം ലീഗും കാലങ്ങളായി നിലനിര്‍ത്തിപ്പോരുന്ന സൗഹൃദത്തെ തകര്‍ക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നത് ഗൗരവപൂര്‍വ്വം കാണേണ്ടതാണെന്ന് യോഗം ആവശ്യപ്പെട്ടു.

‘ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്’ പത്രത്തിന് പി.എം.എ സലാം നല്‍കിയ അഭിമുഖത്തിലെ പരമാര്‍ശത്തിനെതിരെയാണ് എസ്.കെ.എസ്.എസ്.എഫ് കൂടുതൽ പ്രകോപിതമായത്.

സമസ്തയെ മറയാക്കി ലീഗിനെ വിമർശിക്കുന്നവർക്കെതിരെ മൗനം പാലിക്കില്ല. സമസ്ത നേതാക്കൾ പലരും ലീഗ് വിരുദ്ധരാണ്. ലീഗിനെ പൊതുയോഗത്തിൽ വിമർശിച്ചവരുണ്ട്. ഇതിനെല്ലാം തെളിവ് നിരത്താനുണ്ട്. സമസ്തയിലെ ചില പ്രധാനികളെ സിപിഐ എം കൈയിലെടുത്തിട്ടുണ്ടെന്നും- -അഭിമുഖത്തിൽ സലാം പറഞ്ഞു.

ലീഗിനെതിരെ പ്രസംഗിച്ചവരെപ്പറ്റി സമസ്ത നേതൃത്വത്തെ നേരത്തെ ധരിപ്പിച്ചിട്ടുണ്ട്. എന്നാൽ, തിരുത്തിയിട്ടില്ല. സമസ്തയിലെ പദവി ഉപയോഗിച്ച് ലീഗിനെതിരെ പറഞ്ഞാൽ വിമർശിക്കാൻ അവകാശമുണ്ട്. മുശാവറ അംഗങ്ങളടക്കം മതരംഗത്ത് പ്രവർത്തിക്കുന്നതിന് പകരം രാഷ്ട്രീയം പറയുകയാണ്. സമസ്ത നേതാക്കളുടെ പേര് പറയാതെയാണ് താൻ വിമർശിച്ചത്. അത് വിവാദമാക്കിയത് മുശാവറയിലെ ലീഗ് വിരുദ്ധരാണ്.

‘‘ഞാൻ സമസ്ത വിശ്വാസിയല്ല. ജനറൽ സെക്രട്ടറിമാരടക്കം സമസ്തക്കാരല്ലാത്ത നേതാക്കൾ മുമ്പും ലീഗിലുണ്ടായിട്ടുണ്ട്. ലീഗിൽനിന്ന് ഞാൻ രണ്ടുതവണ പുറത്തുപോയിട്ടുണ്ട്. അത് തെറ്റോ കുറ്റമോ ആയി കാണുന്നില്ല. എന്നെപ്പറ്റിയുള്ള സമസ്തയുടെ പ്രചാരണത്തിന് മറുപടി പറയാനറിയാം. ജനറൽ സെക്രട്ടറിയായതിനാൽ പറയുന്നില്ല. സാദിഖലി തങ്ങളെ പാണക്കാടുവന്ന് കാണുന്നത് കീഴടങ്ങലാണെന്നും പറയാം’’-–- അഭിമുഖത്തിൽ അദ്ദേഹം തുടർന്നു.

അൽപം കൂടുന്നുണ്ട്

എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റ് ആരാണെന്ന് ഇപ്പോള്‍ ആര്‍ക്കുമറിയില്ലെന്നായിരുന്നു സലാമിന്റെ പരാമര്‍ശം. സലാമിന് ‘അല്‍പ്പം കൂടുന്നുണ്ട്, പാകത്തിന് മതി’ എന്ന് ഇതിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റശീദ് ഫൈസി പ്രതികരിച്ചു.

‘എസ്.കെ.എസ്.എസ്.എഫിന് ആദരണീയരായ സാദിഖലി ശിഹാബ് തങ്ങള്‍ പതിനാല് വര്‍ഷം പ്രസിഡന്റ് സ്ഥാനം വഹിച്ചു. ശേഷം അബ്ബാസലി ശിഹാബ് തങ്ങള്‍ ഈ പ്രസ്ഥാനത്തെ നയിച്ചു. ഇപ്പോള്‍ ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്നു. മൂന്നു പേരും ഇപ്പോഴും ഞങ്ങള്‍ക്ക് നേതാക്കള്‍ തന്നെയാണ് അദ്ദേഹം എഫ് ബിയിൽ കുറിച്ചു.

സലാമിൻ്റേത് വഹാബിസമാണ് എന്നാണ് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഒ പി അഷ്‌റഫ് കുറ്റിക്കടവ് വിശേഷിപ്പിച്ചത്.

അതേസമയം ലീഗ് – സമസ്ത തര്‍ക്കത്തില്‍ പരസ്യമായുള്ള പ്രതികരണങ്ങള്‍ വേണ്ടെന്നും, പി.എം.എ സലാമിന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നും മുസ്ലിം ലീഗ് മലപ്പുറത്ത് ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ തീരുമാനമായി. രൂക്ഷ പ്രതികരണങ്ങള്‍ ഇരുഭാഗവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കും എന്ന വിലയിരുത്തലിലാണ് തീരുമാനം.

കരുന്നൂർ സഹകരണ ബാങ്കിലെ ഇടപാടുകൾ പാർട്ടി അറിവോടെയെന്ന് ഇഡി

കരുവന്നൂർ സഹകരണ ബാങ്കിൽ നയപരമായ കാര്യങ്ങളിൽ ഇടപെട്ടിരുന്നതും വായ്പ അനുവദിക്കുന്നത് നിയന്ത്രിച്ചിരുന്നതും പാർട്ടി തന്നെയെന്ന് കണ്ടെത്തി ഇഡി. സി.പി.എമ്മിന്റെ സബ് കമ്മിറ്റിയും പാർലമെന്ററി കമ്മിറ്റിയും ആയിരുന്നു ഇടപാടുകൾ നിയന്ത്രിച്ചതെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നു. വായ്പ അനുവദിക്കുന്നതിന് പാർട്ടി പ്രത്യേക മിനിട്സും സൂക്ഷിച്ചിരുന്നു.

കള്ളപ്പണക്കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പുറപ്പെടുവിച്ച വസ്തു കണ്ടുകെട്ടൽ ഉത്തരവിലാണ് പരാമർശം. നേതാക്കളുടെ നിർദേശപ്രകാരമാണ് അനധികൃത വായ്പ നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും ഇ.ഡി.യുടെ വസ്തു കണ്ടുകെട്ടൽ ഉത്തരവിലുണ്ട്.

കരുവന്നൂർ കള്ളപ്പണക്കേസിൽ ഇതു പ്രകാരം പൊതുജനത്തിന് നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാകും. പാർട്ടി സൂക്ഷിച്ചിരുന്ന പ്രത്യേക മിനിട്സ് പൊതു രേഖയാണ്. ഇത് വിവരാവകാശ പ്രകാരം നൽകേണ്ടി വരും. ഇതോടെ നേതാക്കളുടെ ആരുടെ ഒക്കെ തീരുമാനത്തിലാണ് ഇടപാടുകൾ എന്ന് പൊതു ജനത്തിന് അറിയാം.

കേസ് അന്തിമഘട്ടത്തിലല്ലെന്ന സൂചനയും ഇ.ഡി. ഇൗ റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. ഇത് ഇനിയും പാർട്ടിയെ കുരുക്കാൻ ഉള്ള നീക്കത്തിലേക്ക് വഴി തുറക്കാം. ഓഗസ്റ്റ് 22-ന് സി.പി.എം. നേതാവ് എ.സി. മൊയ്തീൻ എം.എൽ.എ. ഉൾപ്പെടെയുള്ള ചിലരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ കുറ്റം ചുമത്താൻ പര്യാപ്‌തമായ രേഖകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും കണ്ടെത്തി പിടിച്ചെടുത്തിട്ടുണ്ടെന്നും ഇ.ഡി.യുടെ ഉത്തരവിൽ പറയുന്നു. ഓരോന്നായി പുറത്തെടുത്ത് പരിശോധിക്കുന്ന തന്ത്രമാണ് ഇഡി സ്വീകരിച്ചിരിക്കുന്നത്. ഇത് സിപിഎമ്മിനെ ദീർഘകാലത്തേക്ക് പ്രതിസന്ധിയിലാക്കും.

മുതിർന്ന നേതാവ് എ കെ ബാലൻ തന്നെ ഇത്തരം കാര്യങ്ങളിൽ ജാഗ്രത കുറവ് ഉണ്ടാവുന്നതിന് എതിരെ മുന്നറിയിപ്പ് നൽകിയരുന്നു.

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മത്സരിക്കുന്നതിന് ചിഹ്നങ്ങളായി

0

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.

ദേശീയ പാര്‍ട്ടികളും സംസ്ഥാന പാര്‍ട്ടികളും ഒഴികെയുള്ള പാര്‍ട്ടികളുടെ അനുവദിച്ച ചിഹ്നങ്ങളുടെ പട്ടികയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. ഇത് സംബന്ധിച്ച പരാതികള്‍ ഒക്ടോബര്‍ 30 വരെ കമ്മീഷന്‍ സെക്രട്ടറിക്ക് രേഖാമുലം സമര്‍പ്പിക്കാം. കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പുതുതായി ചിഹ്നം ആവശ്യമെങ്കില്‍ ഒക്ടോബര്‍ 30-നകം അപേക്ഷിക്കണം.

കക്ഷികളും ചിഹ്നവും

രാഷ്ട്രീയ ജനതാദള്‍ – റാന്തല്‍, എന്‍.സി.പി. – ക്ലോക്ക്, ഫോര്‍വേഡ് ബ്ലോക്ക് – സിംഹം, സി.പി.ഐ. (എം.എല്‍.) റെഡ് സ്റ്റാര്‍ – ബെല്‍, സി.എം.പി. – നക്ഷത്രം, കോണ്‍ഗ്രസ് എസ് – കായ്ഫലമുള്ള തെങ്ങ്, ഐ.എന്‍.എല്‍. – തുലാസ്, ജെ.എസ്.എസ്. – ബസ്, ജെ.എസ്.എസ്. (രാജന്‍ ബാബു വിഭാഗം) – ജീപ്പ്, ലോക്ജനശക്തി പാര്‍ട്ടി – ബംഗ്ലാവ്, നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് – ഗ്ലാസ് ടംബ്ലര്‍, പി.ഡി.പി. – ബോട്ട്, ആര്‍.എം.പി. – ഫുട്‌ബോള്‍, സമാജ്‌വാദി പാര്‍ട്ടി – സൈക്കിള്‍, എസ്.ഡി.പി.ഐ. – കണ്ണട, വെല്‍ഫേര്‍ പാര്‍ട്ടി – ഗ്യാസ് സിലിണ്ടര്‍.

ദേശീയ പാര്‍ട്ടികളായ ആം ആദ്മി പാര്‍ട്ടി (ചൂല്), ബഹുജന്‍ സമാജ് പാര്‍ട്ടി (ആന), ഭാരതീയ ജനതാ പാര്‍ട്ടി (താമര), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (കൈപ്പത്തി), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (ബുക്ക്) എന്നിവര്‍ക്കും സംസ്ഥാന പാര്‍ട്ടികളായ ജനതാദള്‍ (സെക്യുലര്‍) (തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷക സ്ത്രീ), കേരള കോണ്‍ഗ്രസ് (എം) (രണ്ടില), ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് (ഏണി), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (മണ്‍വെട്ടിയും മണ്‍കോരിയും), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും) എന്നിവര്‍ക്ക് ചിഹ്നങ്ങള്‍ നേരത്തേ അനുവദിച്ചതാണ്.

പി.ജെ. ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസിന് കസേര ചിഹ്നമാണ് ലഭിക്കുക. കേരള കോണ്‍ഗ്രസ് ബി-ക്ക് ഉദയസൂര്യനും കേരള കോണ്‍ഗ്രസ് ജേക്കബിന് ബാറ്ററി ടോര്‍ച്ചും കേരള കോണ്‍ഗ്രസ് സെക്യുലറിന് ഇലക്ട്രിക് ബള്‍ബുമാണ് അനുവദിച്ചിട്ടുള്ളത്. ജനാധിപത്യ കേരള കോണ്‍ഗ്രസിന് സ്‌കൂട്ടറാണ് ചിഹ്നം.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. മറ്റ് സംസ്ഥാനങ്ങളിലെയോ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയോ അംഗീകൃത പാര്‍ട്ടികളോ കേരള നിയമസഭയിലോ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലോ പ്രാതിനിധ്യമുള്ളതോ ആയ കക്ഷികളായിരിക്കണം.

ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹർജുയിയും ഭാര്യ വഹീദ മൊഹമ്മദീഫാറും കുത്തേറ്റുമരിച്ചു

വിഖ്യാത ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹർജുയി (83) യും ഭാര്യ വഹീദ മൊഹമ്മദീഫാറും കൊല്ലപ്പെട്ടു. സന്തം വീട്ടിനകത്ത് കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴുത്തിൽ മുറിവേറ്റ നിലയിൽ ഇരുവരുടേയും മൃതദേഹങ്ങൾ കാണപ്പെടുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2015ല്‍ ഇരുപതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സമഗ്ര സംഭവാനയ്ക്കുള്ള പുരസ്കാരം ഇദ്ദേഹത്തിനായിരുന്നു.

ടെഹ്റാനിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ദാരിയുഷും വഹീദയും താമസിക്കുന്നത്. സംവിധായകന്റെ മകൾ മോണാ മെഹറുജി പിതാവിനെ കാണാൻ ശനിയാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചനിലയിൽ മൃതദേഹങ്ങൾ കണ്ടത്. ഇവരാണ് വിവരം പോലീസിൽ അറിയിച്ചത്. ജീവന് ഭീഷണിയുള്ളതായി വഹീദ ഈയിടെ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയിരുന്നു..

ദ കൌവിൽ നിന്നുള്ള ചിത്രം

1970 ൽ ആരംഭിച്ച ഇറാനിയൻ ന്യൂ വേവ് പ്രസ്ഥാനത്തിന്റെ സ്ഥാപക അംഗമാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ‘ദി കൗ’ ഈ പ്രസ്ഥാനത്തിൽ പുറത്തു വന്ന ആദ്യ ചിത്രമായാണ് പരിഗണിക്കപ്പെടുന്നത്. ഇറാനില്‍ നിന്നുള്ളതും പുറത്തുള്ളതുമായ സാഹിത്യത്തിൽ നിന്നും നോവലുകളിൽ നിന്നും നാടകങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടതാണ് അദ്ദേഹത്തിന്റെ മിക്ക സിനിമകളും.

ഇറാനിയൻ സിനിമയിൽ റിയലിസം, പ്രതീകാത്മകത, കലാമൂല്യത്തിനൊപ്പം വൈകാരികതയും സൂക്ഷ്മബോധവുമെല്ലാം മെഹർജുയി അവതരിപ്പിച്ചു.

1960-കളിൽ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നായിരുന്നു സിനിമാ പഠനം.1998 -ലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിൽവർ ഹ്യൂഗോയും 1993 -ലെ സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സീഷെലും ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു. 1969-ൽ പുറത്തിറങ്ങിയ ദ കൗ എന്ന ചിത്രമാണ് ഏറ്റവും പ്രശസ്തമായിട്ടുള്ളത്.

എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ബോർഡ് പരീക്ഷയിലും ഇലക്ട്രോണിക് കോപ്പിയടി, 29 ഹരിയാന യു.പി സ്വദേശികൾ പിടിയിൽ

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് വിവിധ തസ്തികകളിലേക്ക് നടത്തിയ പരീക്ഷയില്‍ കൂട്ട കോപ്പിയടി. ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് കോപ്പിയടിച്ച 29 ഉദ്യോഗാര്‍ഥികളെ പരീക്ഷയ്ക്കിടെ അധികൃതര്‍ പിടികൂടി.

പിടിയിലായവരില്‍ 26 പേരും ഹരിയാണ ഉത്തർ പ്രദേശ് സ്വദേശികളാണ്. ഇവരെല്ലാം പരീക്ഷകളില്‍ ക്രമക്കേട് നടത്തുന്ന വന്‍ റാക്കറ്റിന്റെ ഭാഗമാണെന്നാണ് വിവരം.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസിലെ ക്ലര്‍ക്ക്, കാന്റീന്‍ അറ്റന്‍ഡന്റ്, കാര്‍ ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നത്. 15,000-ഓളം അപേക്ഷകരില്‍നിന്ന് 200 പേരെ എഴുത്തുപരീക്ഷയ്ക്കായി തിരഞ്ഞെടുത്തു. ശനിയാഴ്ച ചെന്നൈ ബീച്ച് റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ കസ്റ്റംസ് ആസ്ഥാനത്തായിരുന്നു പരീക്ഷ.

രണ്ടുമാസം മുന്‍പ് തിരുവനന്തപുരത്ത് വി.എസ്.എസ്.സി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് ഹരിയാണ സ്വദേശികള്‍ പിടിയിലായിരുന്നു. അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയത്. ഈ കേസില്‍ പരീക്ഷാത്തട്ടിപ്പുസംഘത്തിന്റെ സൂത്രധാരന്മാരെ ഹരിയാണയിലെത്തി കേരള പോലീസ് പിടികൂടുകയും ചെയ്തു. എന്നാൽ ഇപ്പോഴും തട്ടിപ്പ് തുടരുന്നു എന്നാണ് മനസിലാവുന്നത്. ഉത്തരേന്ത്യയിൽ നിന്നുള്ള വൻ സംഘങ്ങളാണ് കേന്ദ്ര സർക്കാർ റിക്രൂട്ട്മെൻ്റ് പരീക്ഷകൾ ലക്ഷ്യം വെച്ച് ക്രിത്രിമ മാർഗ്ഗത്തിൽ എത്തുന്നത്.

സംശയിച്ചത് ഒരാളെ, പരിശോധിച്ചപ്പോൾ 20 പേർ

ഒരു ഉദ്യോഗാര്‍ഥിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ ഏറെനേരം ഇയാളെ നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ ചെവിയില്‍ ചെറിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഘടിപ്പിച്ചതായി കണ്ടെത്തി. വിശദമായ ദേഹപരിശോധനയില്‍ അരയ്ക്ക് ചുറ്റം കെട്ടിവെച്ച നിലയില്‍ ബ്രോഡ്ബാന്‍ഡ് കണക്ടറ്റഡായ ഇലക്ട്രോണിക് ഉപകരണവും കണ്ടെടുത്തു. ഇതോടെ പരീക്ഷാകേന്ദ്രത്തില്‍ കസ്റ്റംസ് അധികൃതര്‍ വ്യാപകമായ പരിശോധന നടത്തിയതോടെ കൂടുതല്‍പേര്‍ പിടിയിലാവുകയായിരുന്നു.

പരീക്ഷ എഴുതാൻ പകരക്കാരനായി പഴക്കച്ചവടക്കാരൻ

ഇവരില്‍ ഒരാളൊഴികെ ബാക്കി എല്ലാവരെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഹരിയാണ സ്വദേശിയായ ശ്രാവണ്‍കുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ കോപ്പിയടിക്ക് പുറമേ ആള്‍മാറാട്ടവും നടത്തിയതായാണ് കണ്ടെത്തല്‍. ഹരിയാണ സ്വദേശിയായ സുദര്‍സിങ് എന്നയാള്‍ക്ക് പകരമാണ് ഇയാള്‍ പരീക്ഷ എഴുതാനെത്തിയത്. രണ്ടായിരം രൂപ പ്രതിഫലത്തിനാണ് ഇയാള്‍ പരീക്ഷ എഴുതിയതെന്നും ഹരിയാണയില്‍ പഴക്കച്ചവടക്കാരനാണ് ഇയാളെന്നും പോലീസ് പറഞ്ഞു.

പിടിയിലായവരെല്ലാം വന്‍ റാക്കറ്റിന്റെ ഭാഗമായാണ് കോപ്പിയടിയും ക്രമക്കേടും നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കോപ്പിയടിക്കാനായി രണ്ടായിരം രൂപ മുതല്‍ നാലായിരം രൂപ വരെയാണ് ഈ സംഘം ഈടാക്കിയിരുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ബ്ലൂടൂത്ത് അടക്കമുള്ള ഉപകരണങ്ങളും ഇവര്‍ വിതരണം ചെയ്തു. ഈ സംഘത്തെ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം തുടരുകയാണ്. ദേഹപരിശോധന നടത്താതെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉദ്യോഗാര്‍ഥികളെ പരീക്ഷാകേന്ദ്രത്തില്‍ എങ്ങനെ പ്രവേശിപ്പിച്ചു എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. അഞ്ചു സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മധ്യപ്രദേശില്‍ 144 സീറ്റുകളിലും ഛത്തീസ്ഗഡില്‍ 30 സീറ്റുകളിലും തെലങ്കാനയില്‍ 55 സീറ്റുകളിലുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ചിന്ദ്വാരയില്‍നിന്ന് മത്സരിക്കും. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പഠാനില്‍നിന്നും ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ടിഎസ് സിങ് ദേവ് അംബികാപുരില്‍നിന്നും മത്സരിക്കും. തെലങ്കാന പിസിസി പ്രസിഡന്‍റ് രേവന്ത് റെഡ്ഡി കോടങ്കലില്‍ നിന്നായിരിക്കും ജനവിധി തേടുക. 

മുഖ്യമന്ത്രിക്ക് എതിരെ ടെലിവിഷൻ താരം

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ ബുധിനിയില്‍ നടനായ വിക്രം മസ്താലിനെ ആണ് കോണ്‍ഗ്രസ്  സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ടെലിവിഷനിൽ രാമായണിലെ ഹനുമാൻ വേഷത്തിൽ തിളങ്ങിയ നടനാണ്.

ഉത്തം കുമാര്‍ റെഡ്ഡി എം.പി തെലങ്കാനയിലെ ഹുസൂര്‍നഗര്‍ മണ്ഡലത്തില്‍നിന്നും മത്സരിക്കും. രാജസ്ഥാനിലെ ഉള്‍പ്പെടെ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസിന് ഇതുവരെ പുറത്തിറക്കാനായിട്ടില്ല. സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് അതൃപ്തി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.