സ്വന്തം കവിതയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നവരാത്രി ഹിറ്റ്

 പഴയ രചന എന്ന് പരിചയപ്പെടുത്തിയ ഗർബ നർത്തകാർക്കായുള്ള വരികൾ ഹിറ്റായതോടെ വീണ്ടും കവിതയുമായി നരേന്ദ്ര മോഡി. നവരാത്രിയുടെ ഭാഗമായി നർത്തകർക്കായി പ്രധാനമന്ത്രി രചന നിര്‍വഹിച്ച പുതിയ ഗാനമാണ് ഇപ്പോൾ വാർത്തകളിലെ തരംഗം. ‘മാദി’ എന്ന പുതിയ ഗര്‍ബ ഗാനം ദിവ്യ കുമാറാണ് ആലപിച്ചത്. മീറ്റ് ബ്രോസിന്റേതാണ് സംഗീതം. പാട്ട് യൂട്യൂബിലും ട്വിറ്ററിലും മോഡി പങ്കുവെച്ചു.

ശുഭകരമായ നവരാത്രി നമുക്കു മുന്നില്‍ വരുമ്പോള്‍, കഴിഞ്ഞ ആഴ്ചയില്‍ സ്വന്തമായെഴുതിയ ഒരു ഗര്‍ബ പാട്ട് പങ്കുവയ്ക്കുന്നതില്‍ സന്തോഷിക്കുന്നുവെന്ന് മോദി എക്‌സില്‍ കുറിച്ചു.

നാല് മിനിറ്റ് 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഗാനം, ഗുജറാത്തി ഭാഷയിലാണ് രചിച്ചിരിക്കുന്നത്. വഡോദരയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയും ഗാനദൃശ്യങ്ങളില്‍ പശ്ചാത്തലമായി വരുന്നുണ്ട്.

ഗുജറാത്തിലെ പ്രസിദ്ധമായ നൃത്തരൂപമാണ് ഗര്‍ബ. തിരുവാതിര കളിയോട് സാദൃശ്യമുള്ള നൃത്ത രൂപമാണിത്. വ്യത്യസ്തമായ രീതിയിൽ വർണശബളമായ വസ്ത്രം ധരിച്ചായിരിക്കും സ്ത്രീകൾ ഈ ആഘോഷ‌‌ത്തിൽ പങ്കെടുക്കുന്നത്. നവരാത്രി നാളുകളിലാണ് ഗുജറാത്തി സ്ത്രീകൾ ഗർബ നൃത്തം ചെയ്യുന്നത്. നവരാത്രി-ദുർഗ പൂജ ആഘോഷങ്ങൾ നടക്കുന്ന പന്തലുകളിൽ രാത്രി സമയത്താണ് ദുർഗ ദേവിയെ സ്തുതിച്ചുകൊണ്ട് ഗർബ നൃത്തം അരങ്ങേറുക. വഡോദരയിലെ ഗർബ പന്തലുകൾ വളരെ പ്രശസ്തമാണ്.

ഗർബ കാണാൻ എത്തുന്നവരെ തിരിച്ചറിയാൻ തിലകം ചാർത്തണം. കയ്യിൽ ചരട് കെട്ടണം, ആധാർ കാർഡുകൾ പരിശോധിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉയർത്തി ഈ കലാരൂപത്തെ രാഷ്ട്രീയ വൽക്കരിക്കുന്നത് ഇതിനിടെ വാർത്തയായിരുന്നു.

വര്‍ഷങ്ങള്‍ക്കുമുന്‍പ് മോദി രചിച്ച ഗാനം ജസ്റ്റ് മ്യൂസിക് യൂട്യൂബ് ചാനലില്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ധ്വനി ബാനുഷാലി ആലാപനവും തനിഷ് ബാഗ്ചി സംവിധാനവും നിര്‍വഹിച്ച ഗര്‍ബ ഗാനമാണിത്.

ഗർബ നൃത്തം കേന്ദ്ര പ്രമേയമായി സ്ത്രീ സ്വാതന്ത്രം ചർച്ച ചെയ്യുന്ന അഭിഷേക് ഷാ സംവിധാനം ചെയ്ത ഹെല്ലാരോ എന്ന ചലച്ചിത്രം വലിയ സ്വീകര്യത നേടിയിരുന്നു. പാട്ടും നൃത്തവും വർണ്ണ ഭംഗിയും ചേർന്ന ഹെല്ലാരോയ്ക്ക് ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഗർബയുടെ ഭംഗം വ്യക്തമാക്കുന്ന ഫിലിമാണിത്.

കെഎസ് എഫ് ഇ ചിട്ടിയെ കുറിച്ചല്ല പറഞ്ഞത് പഴയ പൊള്ളച്ചിട്ടിയെ കുറിച്ചെന്ന് എ കെ ബാലൻ

0

കെഎസ്എഫ്ഇ സമ്മേളനത്തിലെ പൊള്ളചിട്ടി വിമർശനത്തിൽ വിശദീകരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. പൊള്ളചിട്ടി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഉദ്യോഗസ്ഥർക്ക് കൂടുതൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആ പ്രസംഗത്തിൽ ചെയ്തതെന്ന് എ.കെ ബാലൻ പറഞ്ഞു. ak balan about ksfe chitty

ഓരോ വർഷത്തെയും ലക്ഷ്യം നേടിയ കണക്കൊപ്പിക്കാൻ ഇല്ലാത്ത പേരിൽ കള്ള ഒപ്പിട്ട് ചിട്ടികൾ ഉണ്ടാക്കുന്നു. സഹകരണ മേഖലയിൽ മാത്രമല്ല ഇവിടെയും ഇ.ഡിവരും എന്നോർക്കണം. കരുവന്നൂർ തട്ടിപ്പ് കേസിനും മുൻപ് KSFE യിൽ 25 കോടിയുടെ വെട്ടിപ്പ് കണ്ടെത്തിയിരുന്ന. ഇത് കണക്ക് ഒപ്പിക്കലായിരുന്നു. എങ്കിലും പലരും അനുഭവിച്ചു. കരുവന്നൂരിൽ പത്ത് വർഷ കൊണ്ട് നടന്ന തട്ടിപ്പ് ഇപ്പോഴാണ് കണ്ടുപിടിച്ചത്. അതിനാൽ നല്ല ഉത്തരവാദിത്വം ഉണ്ടാകണം എന്നായിരുന്നു എ.കെ ബാലന്റെ പരാമർശം.

സംഭവം വിവാദമായതോടെ പ്രസംഗത്തിൽ വിശദീകരണവുമായി എ.കെ ബാലൻ രംഗത്ത് എത്തി. പൊള്ളച്ചിട്ടി പരാമർശം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്ന് എ.കെ ബാലൻ പറഞ്ഞു.

നാളെയും മഴ

മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിലെ യെല്ലോ അലർട്ടുകളും പുതുക്കിയിട്ടുണ്ട്. നാളെ ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്  ജില്ലകളിലാണ് യെല്ലോ അലർട്ട്.

തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും
അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക്‌ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം. ഒക്ടോബർ 18 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അറബിക്കടലിലെ ന്യൂനമർദ്ദ സാധ്യത ഇപ്രകാരം

തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി അടുത്ത 24 മണിക്കൂറിനുള്ളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഒക്ടോബർ 17 – ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തിൽ അടുത്ത 5 ദിവസം  ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക്‌ സാധ്യത. ഒക്ടോബർ 14 മുതൽ 18 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
14-10-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് 
15-10-2023 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 
16-10-2023 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്‌, കണ്ണൂർ, കാസറഗോഡ് 
17-10-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്‌
18-10-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്
എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇസ്രയേൽ യുദ്ധം എണ്ണ വില കൂട്ടും, ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കും – ഗീതാ ഗോപിനാഥ്

0

ഇസ്രയേല്‍ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ പ്രകടമായും ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ്. സംഘര്‍ഷം മറ്റു മേഖലകളെ കൂടി ബാധിക്കുന്നതോടെ എണ്ണവില ഉയരാം. അത് പണപ്പെരുപ്പം രൂക്ഷമാക്കുകയും ആഗോള ജി.ഡി.പി.യെ എതിരായി ബാധിക്കയും ചെയ്യാം. ഗീതാ ഗോപിനാഥ് പറഞ്ഞു.

എണ്ണവിലയില്‍ 10 ശതമാനം വര്‍ദ്ധനയുണ്ടായാല്‍ അത് ആഗോള ജി.ഡി.പി.യില്‍ 0.15 ശതമാനത്തിന്റെ കുറവിനു കാരണമാകും. ഇത് പണപ്പെരുപ്പം 0.4 ശതമാനമെങ്കിലും വര്‍ദ്ധിക്കാനിടയാക്കും. എൻ.ഡി.ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു.

പണപ്പെരുപ്പം ഉയരുന്നത് വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളെ പ്രതിസന്ധിയിലാക്കാനും ഇടയുണ്ട്. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഐ.എം.എഫ്. സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യുദ്ധം കുടിയേറ്റ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. മാത്രമല്ല ഇത് വിനോദസഞ്ചാര മേഖലയെ തകര്‍ക്കുന്നതാവാം. ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു.

വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ ജനങ്ങള്‍ പലായനം ചെയ്തു കൊണ്ടിരിക്കയാണ്

ഓരോ രാജ്യങ്ങളും കൊണ്ടു വരുന്ന വ്യാപാര നിയന്ത്രണങ്ങൾ പ്രതിസന്ധി തീക്കുകയാണ്. കഴിഞ്ഞ വർഷം മാത്രം ലോകത്ത് 30,000 വ്യാപാര നിയന്ത്രണ നിയമങ്ങളുണ്ടായി അവർ പറഞ്ഞു.

ഓടിയെത്തുമ്പോൾ ഡബിൾ ബെൽ, സങ്കടവുമായി ഏഴാം ക്ലാസിലെ കൂട്ടുകാർ ആർ.ടി.ഒ ഓഫീസിലെത്തി

0

ഓടി കിതച്ചും അപമാനിതരായും മടുത്തപ്പോൾ എട്ടാം ക്ലാസ് വിദ്യാർഥികൾ ആർ ടി ഓ ഫീസിൽ എത്തി. ഓടി അടുക്കുമ്പോഴേക്കും ആട്ടിപ്പായിക്കുന്ന ബസ്സുകാരെ കുറിച്ച് നേരിട്ട് പരാതിപ്പെട്ടു. നേരത്തെ ഇത്തരം കാര്യങ്ങളിൽ വിദ്യാർഥി സംഘടനകൾ പുലർത്തുന്ന ജാഗ്രതയാണ് കുട്ടികൾക്ക് തുണയായിരുന്നത്.

ഇപ്പോൾ സംഘടനകളുടെ താത്പര്യം മറ്റു കാര്യങ്ങളിലായതോടെ കുട്ടികൾ നിരന്തരം അപമാനിക്കപ്പെടുകയാണ്. ആരോട് പരാതപ്പെട്ടാലും നിങ്ങൾക്ക് നടക്കാമല്ലോ, കാത്തിരിക്കാമല്ലോ എന്നാണ് മറുപടി. കൺസഷൻ എന്നത് ഔദാര്യമാണെന്ന തോന്നലാണ് എവിടെയും.

ഈ അവകാശം ഒന്നും ഓർത്തിട്ടല്ലങ്കിലും സങ്കടം സഹിക്കാതെയാണ് കുട്ടികൾ ഓഫീസിൽ എത്തിയത് എന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തന്നെ വ്യക്തമാക്കുന്നു.

ഈ അനുഭവം സംബന്ധിച്ച് എംവിഡി ഓഫിസർ കിഷോർ കൈരളിയിട്ട ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയിരിക്കയാണ്. Kishor Kairali facebook post on students complaining to RTO )

ഏഴ്, എട്ട് ക്ലാസുകളിലായി പഠിക്കുന്ന അഞ്ച് കുട്ടികളാണ് ആർടിഒയെ കാണാനായി എത്തിയത്. തങ്ങളെ കയറ്റാതെ പോകുന്ന ബസിനെ കുറിച്ച് പരാതി നൽകി. ബസിന്റെ പേരും നമ്പറുമടക്കമുള്ള വിവരങ്ങൾ കൃത്യമായി നൽകുകയും ചെയ്തു.

ഫേസ് ബുക്ക് പോസ്റ്റ്

ചുണക്കുട്ടികൾ
ഓർക്കുക.. അവരും നമ്മുടെ മക്കൾ..
ഇന്നലെ വൈകീട്ട് 4.15.
മൂന്നാം നിലയിലുള്ള ഇരിട്ടി ആർ ടി ഓഫീസിലേക്ക് വിയർത്തുകുളിച്ച് അവർ അഞ്ച് പേർ കയറിവന്നു… ഇരിട്ടി ഹൈസ്‌കൂളിൽ 7, 8 ക്ലാസ്സുകളിൽ പഠിക്കുന്ന 5 മക്കൾ. ‘ആർ ടി ഓ യെ കാണണം..’
എന്താ മക്കളേ കാര്യം ?
ഞങ്ങളെ കേറ്റാതെ ബസ് പോകുന്നു… ഓടി അടുത്തെത്തുമ്പോ ‘അടുത്ത ബസിന് പോ’ എന്ന് പറഞ്ഞ് സ്ഥിരമായി കിളി ഡബിൾ ബെൽ അടിക്കുന്നു… അടുത്ത ബസ് അരമണിക്കൂർ കഴിഞ്ഞേ ഉള്ളൂ…
തളർന്നു വന്ന ആ മക്കളോട് JtRTO സാജു സാർ മുന്നിലുള്ള കസേരകൾ കാട്ടി ഇരിക്കാൻ പറഞ്ഞു… അപ്പോഴേക്കും MVI Vykundan സാറും എത്തി.
നേർത്ത സങ്കോചത്തോടെ അവർ ഇരുന്നു… ആർ ടി ഓഫീസും ആർ ടി ഓ യെയും അവർ ആദ്യമായി കാണുകയാണ്. ഞങ്ങൾ കൂടെയുണ്ട് എന്നറിഞ്ഞപ്പോൾ ധൈര്യപൂർവ്വം അവരുടെ പരാതി പറഞ്ഞു… ബസ്സിന്റെ പേരും നമ്പറും എഴുതിത്തന്നു. അവരുടെ മുന്നിൽ വെച്ച് തന്നെ സാജു സാർ ബസ് ഉടമയെ വിളിച്ചു. നാളെ നിങ്ങളും ബസിലെ ഇന്നത്തെ ജീവനക്കാരും ഇവിടെ എത്തണം… ഇല്ലെങ്കിൽ ഞങ്ങൾ അങ്ങോട്ടുവരും.
അഭിമാനത്തോടെ ആ യുവ തലമുറ പടിയിറങ്ങി… അതിലും അഭിമാനത്തോടെ ഞങ്ങൾ അവരെ യാത്രയാക്കി.
ഇന്ന് ആപ്പീസ് തുറക്കും മുൻപേ ബസ്സുടമ, മാനേജർ, ഡ്രൈവർ, കണ്ടക്ടർ, കിളി എന്നിവർ ഹാജർ…
സാർ അര മണിക്കൂർ സംസാരിച്ചപ്പോൾ അതിശയം… അവർ മനസാക്ഷിയുള്ള നല്ല മനുഷ്യരായിരിക്കുന്നു. അവർ ഓരോരുത്തരും തെറ്റ് ഏറ്റുപറഞ്ഞു. ഇനി ആവർത്തിക്കില്ല എന്ന് ആണയിട്ടു.
കുഞ്ഞുങ്ങൾ ഓടി വരുമ്പോൾ ഡബിൾ ബെൽ അടിച്ച് പൊയ്ക്കളയുന്ന നിങ്ങൾക്ക് ആ കുട്ടികളിൽ നിങ്ങളുടെ മക്കളുടെ മുഖം സങ്കൽപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ 2 കുട്ടികളുടെ അച്ഛനായ കിളിയുടെ കണ്ണുകൾ ആർദ്രമായി..
ഇത്രയേ ഉള്ളൂ സോദരന്മാരേ.. അവരിൽ നമ്മുടെ മക്കളുമുണ്ട്.. അഥവാ അവർ നമ്മുടെ മക്കൾ തന്നെയാണ്…
മറ്റുള്ളവരിൽ നമ്മളെയും നന്മയെയും കാണാൻ കഴിഞ്ഞാൽ എങ്ങനെ അവരെ ദ്രോഹിക്കാൻ കഴിയും ?
നന്മകൾ ഉണ്ടാകട്ടെ…
MVD
NB: ശിക്ഷ ഉണ്ടോന്നാവും..
ഉണ്ട്..

ഓൺലൈൻ ഗെയിമിങ് രംഗത്ത് പുതിയ ചരിത്രം, കാൾ ഓഫ് ഡ്യൂട്ടിയും കാൻഡി ക്രഷും ഇനി എക്സ് ബോക്സിൽ

ഓൺലൈൻ ഗെയിമിങ് രംഗത്തെ ചരിത്രമായി ആക്ടിവിഷൻ ബ്ലിസാഡിനെ മൈക്രോസോഫ്റ്റ് വിഴുങ്ങി. ഈ രംഗത്തെ ഏറ്റവും വലിയ ലയനം എന്ന നിലയ്ക്കാണ് ഇത് ചരിത്രമാവുന്നത്. 6870 കോടി ഡോളർ അഥവാ 5.73 ലക്ഷം കോടി രൂപയുടെ ഇടപാടാണ്.

കോള്‍ ഓഫ് ഡ്യൂട്ടി, വേള്‍ഡ് ഓഫ് വാര്‍ ക്രാഫ്റ്റ്, ഡയബ്ലോ, കാന്‍ഡി ക്രഷ് തുടങ്ങി ജന പ്രിയ ഗെയിമുകളുടെ ആവിഷ്കർത്താക്കളാണ് ആക്ടിവിഷന്‍ ബ്ലിസാര്‍ഡ്. ആക്ടിവിഷനെ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ മൈക്രോസോഫ്റ്റ് നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞയാഴ്ച തന്നെ പുറത്തുവന്നിരുന്നു.

ആക്ടിവിഷന്‍ ബ്ലിസാര്‍ഡിനെയും അവരുടെ ടീമിനേയും എക്‌സ് ബോക്‌സിലേക്ക് സ്വാഗതം ചെയ്യുന്നതായി എക്‌സ്‌ബോക്‌സ് മേധാവി ഫില്‍ സ്‌പെന്‍സര്‍ പറഞ്ഞു. 2023 അവസാനത്തോടെ ലയനം പൂർത്തിയാക്കി സ്ഥാനം ഒഴിയുമെന്ന് സി ഇ ഓ ബോബി കോട്ടിക്ക് ജീവനക്കാർക്കായി എഴുതിയ കത്തിൽ വിശദമാക്കി.

മൈക്രോസോഫ്റ്റ് ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ ഏറ്റെടുക്കല്‍ ഇടപാടാണിത്. 2016 ല്‍ 2600 കോടി ഡോളറിനാണ് മൈക്രോസോഫ്റ്റ് ലിങ്ക്ഡ് ഇന്‍ ഏറ്റെടുത്തത്. 2021 ല്‍ ഗെയിമിങ് കമ്പനിയായ ‘ബത്തേസ്ഡ’ യെ ഏറ്റെടുത്തത് 750 കോടി ഡോളറിനാണ്. ഇനി ടെന്‍സെന്റിനും സോണിക്കും പിന്നില്‍ ഏറ്റവും വലിയ മൂന്നാമത്തെ ഗെയിമിങ് കമ്പനിയായി ഈ കൂട്ടുകെട്ട് മത്സര രംഗത്തുണ്ടാവും.

ഇനി എക്സ് ബോക്സിൽ കാണാം

ഇനി ജനപ്രിയ ഗെയിമുകള്‍ പലതും മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് പ്ലാറ്റ്‌ഫോമായ എക്‌സ് ബോക്‌സ് ഗെയിം പാസിലെത്തും. എന്തായാലും അതിനായി മാസങ്ങള്‍ കാത്തിരിക്കേണ്ടതായുണ്ട്.

ബ്ലിസാര്‍ഡിന്റെ മാത്രം ഒമ്പതിലേറെ ഗെയിം സ്റ്റുഡിയോകള്‍ളും കിങ് ഫ്രാഞ്ചൈസിയുടെ 11 സ്റ്റുഡിയോകളും മൈക്രോസോഫ്റ്റിന്റെ ഭാഗമാവും. ഒപ്പം ആക്ടിവിഷന്റെ 8500 ജീവനക്കാരും മൈക്രോസോഫ്റ്റിന്റെ ഭാഗമായി മാറും.

ക്ലൗഡുമായി ബന്ധപ്പെട്ട ആശങ്കകളുയര്‍ത്തി യുകെയിലെ കോമ്പറ്റീഷന്‍ ആന്റ് മാര്‍ക്കറ്റ്‌സ് അതോറിറ്റി (സിഎംഎ) ഈ ഏറ്റെടുക്കല്‍ ശ്രമത്തിന് തടസം നിന്നിരുന്നു. പിന്നാലെ യുഎസിലെ ഫെഡറല്‍ ട്രേഡ് കമ്മീഷനും ഏറ്റെടുക്കല്‍ നടപടി തടയാന്‍ ശ്രമിച്ചു. ഈ നീക്കങ്ങള്‍ മറികടന്നാണ് മൈക്രോസോഫ്റ്റ് ചരിത്രമായ് മാറിയ കച്ചവടം ഉറപ്പിച്ചത്.

സ്കൂൾ ഭക്ഷ്യമേളയിൽ വിഷബാധ, 12 കുട്ടികൾ ആശുപത്രിയിൽ

0

വളയത്ത് സ്കൂളിൽ ഭക്ഷ്യമേളയ്ക്കിടെ 12 വിദ്യാര്‍ഥികള്‍ക്ക് വിഷബാധയേറ്റു. വളയം പൂവ്വംവയല്‍ എല്‍.പി. സ്‌കൂള്‍ വിദ്യാഥികൾക്കാണ് വിഷബാധയേറ്റത്. ചര്‍ദ്ദിയും തലകറക്കവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഉച്ചയോടെ വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച സ്‌കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടത്. സ്‌കൂള്‍ ബസിന്‍റെ ഡ്രൈവര്‍ക്കും വിഷബാധ മൂലം അസ്വസ്ഥതയുണ്ടായി. പല വീടുകളില്‍ നിന്നായി കൊണ്ടുവന്നാണ് സ്‌കൂളില്‍ ഭക്ഷ്യമേള നടത്തിയത്. ആരോഗ്യ വകുപ്പ് എത്തി പരിശോധന തുടങ്ങി

തിക്കോടി തെങ്ങിൻ തൈ വളർത്തു കേന്ദ്രത്തിൽ തൈകൾ വാങ്ങിക്കാൻ പ്രത്യേക കൗണ്ടര്‍

തിക്കോടിയിലെ കൃഷി വകുപ്പിന് കീഴിലുള്ള തെങ്ങിൻ തൈ വളർത്തു കേന്ദ്രത്തിൽ പ്രത്യേകം വിപണ കൗണ്ടര്‍ തുടങ്ങി. കർഷകർ ഏറെ കാലമായി ആഗ്രഹിച്ച വിപണന കൗണ്ടര്‍ സൌകര്യം ഇതോടെ സാധ്യമായി. ഗുണമേന്മയുള്ള തെങ്ങിൻ തൈ ലഭിക്കുക എന്നുള്ളത് കേര കർഷകൻ്റെ എക്കാലത്തെയും വെല്ലുവിളിയാണ്.

ഉയർന്ന വില കൊടുത്താൽ പോലും വിശ്വസിച്ച് വാങ്ങിക്കാവുന്ന തൈകൾ ലഭിക്കാറില്ല. വിളവിന് വർഷങ്ങൾ എടുക്കും എന്നതിനാൽ മോശം തൈകൾ ലഭിച്ചാലും പരാതിപ്പെടാനും നഷ്ടം നികത്താനും വഴിയില്ല. തിക്കോടിയിൽ തെങ്ങിൻ തൈ വളർത്ത് കേന്ദ്രം ഉണ്ടെങ്കിലു ഇത് സാധാരണ ചെറുകിട കർഷകരുടെ അറിവിലും സൌകര്യത്തിലും വരുന്നത് ആയിരുന്നില്ല.

ഇപ്പോൾ ഹൈവേ നിമ്മാണത്തിൻ്റെ ഭാഗമായി കേന്ദ്രത്തിൻ്റെ റോഡിനു ചേർന്ന സ്ഥലവും കവാടവും നഷ്ടമായി. ഇതു മൂലം ഉണ്ടായ നഷ്ടത്തിന് പകരം കവാടവും ചുറ്റുമതിലും പുനർ നിർമ്മിച്ചതിന് ഒപ്പമാണ് പുതിയ വിപണന കൌണ്ടറും നിലവിൽ വന്നിട്ടുള്ളത്.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം 36 ലക്ഷം രൂപ ചിലവഴിച്ചാണ് ഇവയുടെ നിർമ്മാണം. തെങ്ങിൻതൈ വളർത്തു കേന്ദ്രത്തിലെ പുതിയ പ്രവേശന കവാടം വാച്ച്മാൻ ക്യാമ്പ് ഉൾപ്പെടെയാണ് നിർമ്മിച്ചിട്ടുള്ളത്.

ചുറ്റുമതിലും വിപണന കേന്ദ്രവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ വി പി ജമീല അധ്യക്ഷ വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് എന്നിവർ സംസാരിച്ചു.

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന കെ വി, ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽകിഫിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് മാസ്റ്റർ, തിക്കോടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രനില സത്യൻ, പഞ്ചായത്ത് മെമ്പർ ഷക്കീല കെ പി എന്നിവർ ആശംസകൾ നേർന്നു.


പ്രിൻസിപ്പൽ കൃഷി ഓഫീസർ ലിസി ആന്റണി കെ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അബ്ദുൽ വഹാബ് വി.എസ്, തിക്കോടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്മിത ഹരിദാസ് കെ, കൃഷി അസിസ്റ്റന്റ് എൻജിനീയർ സുനിൽകുമാർ പി, കൃഷി അസിസ്റ്റന്റ് നിഷ എസ് എന്നിവരും പങ്കെടുത്തു.

അമിത വേഗത്തിലെത്തിയ ബസ് ഇടിച്ച് എൽ പി ജി ഓട്ടോ കത്തി, ഡ്രൈവറും യാത്രക്കാരനും വെന്തു മരിച്ചു

0

കണ്ണൂരില്‍ അമിത വേഗത്തിൽ എത്തിയ ബസിടിച്ച് മറിഞ്ഞ് എൽ പി ജി ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. കൂത്തുപറമ്പ് ആറാം മൈലിലാണ് അപകടം. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് അമിത വേഗത്തിൽ ഓട്ടോറിക്ഷ ഇടിച്ചു തകർത്തത്.

ഇടിയുടെ ശക്തിയിൽ മറിഞ്ഞ ഓട്ടോറിക്ഷ ഉടനെ അഗ്നി ഗോളമായി. യാത്രക്കാരനെയും ഡ്രൈവറേയും രക്ഷപ്പെടുത്താൻ കഴുയുന്നതിനും മുമ്പ് തന്നെ തീ ആളിപടര്‍ന്നു. ഒരാൾ സംഭവ സ്ഥലത്ത് തന്നെ തീ കത്തി മരിച്ചു. രണ്ടാമത്തെയാളെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരിച്ചു.

സി.എന്‍.ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. സംഭവത്തിനുശേഷം പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

നിരത്തിൽ നടപടിയില്ലാത്ത വേഗത

ബസ് അമിത വേഗത്തിലായിരുന്നുവെന്ന് കണ്ടു നിന്നവർ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. കൂടുതല്‍ പരിശോധനക്കുശേഷമെ അപകടകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

മാസങ്ങള്‍ക്കു മുന്‍പ് കണ്ണൂര്‍ ജില്ലാ ആശുപത്രിക്കു സമീപത്തു കാറിന് തീപിടിച്ചു ദമ്പതികളായ രണ്ടുപേര്‍ വെന്തുമരിച്ചിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറും മുന്‍പേയാണ് മറ്റൊരു അപകടം കൂടി നടന്നത്. സ്ഥലത്ത് പോലീസും ഫയര്‍ ഫോഴ്‌സും ക്യാംപ് ചെയ്യുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ വാഹനഗതാഗതം തടസപ്പെട്ടു. തീപിടിത്തത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ബസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

കൂത്തുപറമ്പില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിവെളളംഅണച്ചാണ്തീയണച്ചത്.അപ്പോഴെക്കും അതിനകത്തുണ്ടായിരുന്ന യാത്രക്കാര്‍ മരിച്ചതായാണ്‌ വിവരം.സംഭവമറിഞ്ഞു നൂറുകണക്കിനാളുകളാണ് പ്രദേശത്ത്തടിച്ചുകൂടിയത്.

പലായനങ്ങളുടെ ദാരുണ ദൃശ്യം, യു എൻ ക്യാമ്പുകളും ആക്രമണ ഭീഷണിയിൽ

0

ഇസ്രയേല്‍ സൈന്യം നല്‍കിയ 24 മണിക്കൂര്‍ അന്ത്യശാസനത്തിന് പിന്നാലെ ഗാസ മുനമ്പില്‍നിന്ന് പാലസ്തീന്‍കാരുടെ കൂട്ട പലായനത്തിൻ്റെ ദാരുണ ദൃശ്യം. സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്ന ചിത്രങ്ങളിൽ ഒരു ദേശത്തെ ജനങ്ങൾ കയ്യിൽ ഒതുങ്ങുന്നവയുമായി ജീവനു വേണ്ടി പലായനം ചെയ്യുന്ന ദൃശ്യങ്ങളാണ്.

കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായി ഇസ്രയേല്‍ ഗാസനിവാസികള്‍ക്ക് ഒഴിഞ്ഞു പോവാൻ അന്ത്യ ശാസനം നൽകിയിരുന്നു. എന്നാൽ ഹമാസ് ഇവരോട് മാറി പോകരുത് എന്നു ആവശ്യപ്പെട്ടു. ഇതിനിടയിൽ പെട്ടുപോയ മനുഷ്യർ ജീവനുമായി പലായനം ചെയ്യുകയാണ്.

ഇസ്രയേലിന്റെ മുന്നറിയിപ്പിന് പിന്നാലെ കാറുകളില്‍ വസ്ത്രങ്ങളും കിടക്കകളും ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി വീടുപേക്ഷിച്ച് പോകുന്ന പാലസ്തീന്‍കാരുടെ നിര പ്രത്യക്ഷപ്പെട്ടു. ഇത് വടക്കന്‍ ഗാസയില്‍നിന്നുള്ള ദൃശ്യങ്ങളാണ്.

കാറുകളിലും മോട്ടോര്‍ ബൈക്കുകളിലും ട്രക്കുകളിലും കാല്‍നടയായുമാണ് ഗാസയുടെ വടക്കന്‍ ഗാസയില്‍ താമസിക്കുന്നവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറുന്നത്. അതേസമയം, പാലസ്തീന്‍കാര്‍ ഇസ്രയേലിന്റെ ഒഴിഞ്ഞുപോകാനുള്ള ഉത്തരവിനെ തള്ളിക്കളഞ്ഞുവെന്നാണ് ഹമാസ് അവകാശപ്പെടുന്നത്.

ഹമാസിന് തിരിച്ചടി നല്‍കാന്‍ ഈ മേഖല ആക്രമിക്കാൻ മൂന്നുലക്ഷം കരുതല്‍സേനാംഗങ്ങളെയും ടാങ്കുകളുമാണ് ഇസ്രയേല്‍ സജ്ജമാക്കിയിരിക്കുന്നത്. ഗാസയിലെ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ നിരവധി പേര്‍ ഗാസയില്‍ നിന്ന് പലായനം ചെയ്യാന്‍ ആരംഭിച്ചിരുന്നു. ആരോപിച്ചിരുന്നു.

യുദ്ധ മുറിയിലെ ഭീഷണിയിൽ ഐക്യ രാഷ്ട്ര സഭാ സുരക്ഷാ കേന്ദ്രങ്ങളും

യുഎൻ അടിയന്തര അഭയകേന്ദ്രങ്ങളിൽ ഉള്ളവരെ ഉൾപ്പെടെ മാറ്റിപ്പാർപ്പിക്കാനാണ് അന്ത്യശാസനം മുഴക്കിയത്‌. തെക്കൻ മേഖലയിലേക്ക് മാറാനാണ്  ആവശ്യപ്പെട്ടത്. എന്നാൽ വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളവർ ഉൾപ്പെടെ 10 ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കുക അസാധ്യമെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന അറിയിച്ചു.  ഗാസയിൽ ആപത്‌കരമായ സാഹചര്യമുണ്ടാകുമെന്ന്‌ മുന്നറിയിപ്പ്‌ നൽകി.

ഭക്ഷണം, വെള്ളം, വൈദ്യുതി, അത്യാവശ്യ സാധനങ്ങൾ എന്നിവ തീർന്നുപോകുന്നതിന്റെ വക്കിലാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന വക്താവ്‌ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു.  50,000 ഗർഭിണികൾക്ക് നിലവിൽ അവശ്യ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നില്ല. ഇവരിൽ 5,500 സ്ത്രീകളുടെ പ്രസവം അടുത്തിരിക്കുകയാണ്‌.  അടിയന്തര അഭയ കേന്ദ്രങ്ങളിലും ജലപ്രതിസന്ധി വഷളാകുകയാണ്‌.

ആശുപത്രികൾ പോലും ആക്രമിക്കപ്പടുമ്പോൾ

ഗാസയിലെ ആശുപത്രികൾ തകർച്ചയുടെ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ആശുപത്രികളിൽ ഏതാനും മണിക്കൂറുകൾ മാത്രമേ വൈദ്യുതി ലഭിക്കൂ. ഇത്‌ അത്യാവശ്യ ചികിത്സയ്ക്കു മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. മരണസംഖ്യ ഉയരുന്നതോടൊപ്പം, പരിക്കേറ്റവരെ കൊണ്ട് ആശുപത്രികളും നിറഞ്ഞു. മരുന്നു ഉൾപ്പെടെയുള്ള അടിയന്തര വസ്തുക്കളുടെ ക്ഷാമവും ആശുപത്രികളുടെ പ്രവർത്തനം നിലയ്ക്കുന്നതിന്‌ വഴിവയ്ക്കും.

34 ആരോഗ്യ കേന്ദ്രങ്ങള്‍ ഗാസയില്‍ ആക്രമിക്കപ്പെട്ടു. 11 ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. ജലവിതരണ സംവിധാനങ്ങളാകെ തകരാറിലാണ്‌.  423,000 ത്തിലധികം ആളുകൾ ഇതിനകം പ്രദേശത്തു നിന്ന് പലായനം ചെയ്‌തു. 18 യുഎൻ നേതൃത്വത്തിലുള്ള സ്കൂളുകൾ ഉൾപ്പെടെ 88 വിദ്യാഭ്യാസ സ്ഥാപനങ്ങൾ തകർത്തു. അതിൽ രണ്ടെണ്ണം അടിയന്തര അഭയ കേന്ദ്രങ്ങളാണ്‌.