സമസ്ത ലീഗ് ചർച്ച വീണ്ടും പാളി, ഡേറ്റ് നൽകാതെ സാദിഖലി തങ്ങൾ വിദേശത്തേക്ക്

0

സമസ്ത ലീഗ് പ്രശ്ന പരിഹാര ചർച്ച നടക്കാതെ പോയി. സമസ്ത ചുമതലപ്പെടുത്തിയ 4 അംഗ സമിതിക്ക് ചർച്ചയ്ക്ക് ഇടലഭിച്ചില്ല. പാണക്കാട് തങ്ങൾ വിദേശത്തേക്ക് പോയതായാണ് വിവരം. ചർച്ച നടക്കുമെന്ന ഉറപ്പ് നൽകാൻ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.

തട്ടം വിഷയത്തോടെ സമസത-ലീ​ഗ് തർക്കത്തിന് കട്ടി കൂടുകയാണ്. സലാമിൻ്റെ വിമർശനങ്ങൾക്കെതിരെ സമസ്തക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിൽ ലീ​ഗുമായി സംസാരിക്കാൻ സമസ്ത മുശാവറയിൽ നിന്ന് നാലം​ഗ സംഘത്തെ നിയോ​ഗിക്കുകയായിരുന്നു. 

സമയവായ ചർച്ച ഇന്ന് നടക്കുമെന്നായിരുന്നു നേരത്തെ ധാരണയുണ്ടായിരുന്നത്. സാദിഖലി തങ്ങൾ ഇന്നലെ ഖത്തറിലേക്ക് പോവുകയായിരുന്നു.  ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മുൻകൈ എടുത്ത് ധാരണയുണ്ടാക്കിയ ശേഷം ചർച്ച എന്നായിരുന്നു ആദ്യമുള്ള സൂചന. ഇപ്പോൾ ലീഗിന് അത്തരം നീക്കങ്ങളിൽ അനുഭാവമില്ല. ലീഗ് വിരുദ്ധ പ്രസ്താവന നടത്തുന്ന ഉമർഫൈസി മുക്കത്തെയടക്കം സമസ്തയുടെ സംഘത്തിൽ ഉൾപ്പെടുത്തിയതിൽ പാ‍ർട്ടിക്ക് എതിർപ്പുണ്ട്.

മാത്രവുമല്ല സമസ്ത പ്രധാന പ്രശ്നങ്ങളെ വഴിതിരിച്ച് വിട്ട് ലീഗിനെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് വിലയിരുത്തൽ. വഖഫ്- സിഐസി പ്രശ്നങ്ങളും ഒടുവിലായുണ്ടായ തട്ടം വിവാദവും ലീഗിന് തിരിച്ചടിയായി മാറിയത് ജിഫ്രി തങ്ങളുടെ നിലപാട് കാരണമായിരുന്നു എന്നും വിലയിരുത്തുന്നു. ഇക്കാര്യത്തിലൊക്കെ ലീഗ് ഒടുവിൽ പ്രതിക്കൂട്ടിലാകുന്ന അവസ്ഥയുണ്ടായി.

സമസ്തയിൽ ഒരു വിഭാഗം പാണക്കാട് തങ്ങളെ അംഗീകരിക്കാത്ത  സാഹചര്യവുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയിരിക്കെ സമവായ ചർച്ച കൊണ്ട് കാര്യമില്ലെന്നാണ് ലീഗിന്റെ വിലയിരുത്തൽ. സിഐസി ഭാരവാഹി സ്ഥാനത്ത് നിന്ന് പാണക്കാട് തങ്ങളെ രാജിവെപ്പിക്കാനുള്ള ചരടുവലിയാണ് ഇപ്പോൾ സമസ്ത നടത്തുന്നത്. ചുരുക്കത്തിൽ സിപിഎം  ആഗ്രഹിക്കുന്നത് പോലെ ഭിന്നിച്ച് നിൽക്കാനാണ് സമസ്ത അനുകൂലികളുടെ ശ്രമമെന്ന് നേതാക്കൾ കരുതുന്നു. അങ്ങനെയെങ്കിൽ ഭിന്നിപ്പ് തുട‍ർന്ന് സമസ്തയിൽ പിളർപ്പ് ഉണ്ടാകാനുള്ള സാധ്യതയും ലീഗ് കാണുന്നു. നേരത്തെ ഇകെ എപി സുന്നി പിള‍‍ർപ്പ് ഉണ്ടായപ്പോൾ സിപിഎം സഹായത്തോടെയാണ് എ പി സുന്നിവിഭാഗം സ്വാധീനം നിലനിർത്തിയത്.

ജൂസ് ചാലഞ്ച്; ഷാരോൺ വധക്കേസ് സ്വന്തം നാട്ടിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതി തള്ളി

പാറശ്ശാലയിലെ ഷാരോണ്‍ വധക്കേസിൽ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവന്‍ എന്നിവര്‍ ചേർന്ന് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജൂസ് ചാലഞ്ച് എന്ന പേരിൽ സ്വന്തം കാമുകനെ പാനീയങ്ങളിലും കഷായത്തിലും വിഷം നൽകി ഇഞ്ച് ഇഞ്ചായി കൊലപ്പെടുത്തിയ കേസിലെ ട്രാൻസ്ഫർ ഹരജി ജസ്റ്റിസ് ദിപാങ്കര്‍ ദത്തയാണ് തള്ളിയത്.

ഷാരോണ്‍ വധക്കേസ് വിചാരണ കേരളത്തില്‍ നടത്തുന്നതിനുള്ള എതിര്‍പ്പ് വിചാരണ കോടതിയില്‍ തന്നെ വാദിക്കാമെന്ന് ഗ്രീഷ്മ ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇങ്ങനെ ഹൈക്കോടതി തീര്‍പ്പാക്കിയ കേസില്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കാത്തതിനാലാണ് ട്രാന്‍സ്ഫര്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

കുറ്റപത്രം സ്വീകരിച്ചതിനെതിരെ വിചാരണ കോടതിയെ വീണ്ടും സമീപിക്കാൻ ഹൈക്കോടതി നേരത്തെ നിർദ്ദേശം നല്‍കിയിരുന്ന സാഹചര്യത്തിൽ ട്രാൻസ്ഫർ ഹർജിയിൽ ഇടപെടുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.

കുറ്റകൃത്യം നടന്നു എന്ന് പോലീസ് പറയുന്ന സ്ഥലം തമിഴ്നാട്ടിലാണ്. അതിനാല്‍ നാഗര്‍കോവില്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്ന് ഗ്രീഷ്മ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷർ വാദിച്ചു.

ക്രിമിനല്‍ നടപടി ചട്ടത്തിലെ 177-ാം വകുപ്പ് പ്രകാരം, എവിടെയാണോ കുറ്റകൃത്യം നടക്കുന്നത് ആ സ്ഥലത്തിന്റെ പരിധിയിലുള്ള കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഷാരോണ്‍ മരിച്ചത് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജില്‍ ആയതുകൊണ്ട് മാത്രം കേസ് തിരുവനന്തപുരം കോടതിക്ക് പരിഗണിക്കാനാകില്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ വിചാരണ കോടതിയിലാണ് പറയേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രാന്‍സ്ഫര്‍ ഹര്‍ജി തള്ളിയത്.

ഷാരോണ്‍ വധക്കേസ് അന്വേഷിച്ചത് കേരള പോലീസ് ആയിരുന്നു. അന്വേഷണത്തിനുശേഷം നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് അന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.

കാമുകനെ കഷായത്തിൽ വിഷം കൊടുത്തു കൊന്ന ഗ്രീഷ്മ 11 മാസങ്ങൾക്ക് ശേഷം കഴിഞ്ഞമാസം അവസാനമാണ് ജാമ്യം ലഭിച്ച്  ജയിൽ മോചിതയായത്. പൊലീസ് കസ്റ്റഡിയിൽ കഴിയവെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതിനും ഗ്രീഷ്മക്കെതിരെ പൊലീസ്കേസ് രജിസ്റ്റർ ചെയ്തിരുന്നു. 

ഗ്രീഷ്മയും ഷാരോണും പ്രണയബന്ധനായിരുന്നു. പിന്നീട് ഗ്രീഷ്മയ്ക്ക് നല്ല സാമ്പത്തിക ശേഷിയുള്ള സൈനികന്റെ വിവാഹ ആലോചന വന്നു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ പലതവണ ശ്രമിച്ചെങ്കിലും ഷാരോൺ പിന്മാറാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ്  ഷാരോണിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയതെന്നാണ് പൊലീസിന്റെ കുറ്റപത്രം. ആദ്യം ജ്യൂസ് ചലഞ്ച് എന്ന പേരിൽ ജ്യൂസിൽ പാരസെറ്റമോൾ നൽകി. എന്നാൽ കൈപ്പാണെന്ന് പറഞ്ഞ് ഷാരോൺ ഇത് തുപ്പി കളഞ്ഞതോടെ ആശ്രമം പരാജയപ്പെട്ടു. തുടർന്നാണ് കഴിഞ്ഞ ഒക്ടോബർ 14 ന് സെക്സ് ചാറ്റ് നടത്തിയ ശേഷം വീട്ടിലേക്ക് ക്ഷണിച്ചത്. വീട്ടിലെത്തിയ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊടുത്തു. ഷാരോണിന്റെ മരണം വിവാദമായതോടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാറും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഇതേ കേസിൽ ഈ രണ്ടുപേരെയും പോലീസ് പ്രതിചേർക്കുകയായിരുന്നു.

ഷാരോണിന്റെ മരണമൊഴിയിൽ പോലും ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിവായിരുന്നു. പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമായിരുന്നു ഞെട്ടിക്കുന്ന കണ്ടെത്തൽ.

ഹരിത കർമ്മ സേനയ്ക്ക് നേരെ നഗ്നതാ പ്രദർശനം മുൻസൈനികന് എതിരെ കേസ്

മാവേലിക്കരയിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മുൻ സൈനികനെതിരെ പൊലീസ് കേസെടുത്തു. വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേനാംഗങ്ങൾക്കെതിരെയാണ് മുൻ സൈനികൻ്റെ അശ്ലീല പ്രയോഗങ്ങൾ.

പരാതി പ്രകാരം മവേലിക്കര തഴക്കര സ്വദേശി സാം തോമസിനെതിരെ കേസ് എടുത്തു. എന്നാൽ പൊലീസ് ദുർബല വകുപ്പുകൾ മാത്രം ചേർത്തത് ആക്ഷേപത്തിന് ഇടയാക്കി. ജാതി പേര് പറഞ്ഞ് അധിക്ഷേപിച്ചായിരുന്നു മുൻ സൈനികൻ്റെ പ്രയോഗം. തുണി പൊക്കി കാണിച്ചും അസഭ്യ വർഷം നടത്തി. എന്നാൽ ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രം ചേർത്ത് പൊലീസ് പിൻമാറി.

സംഭവത്തിൻ്റെ വീഡിയോ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ പോർട്ടലിലും പരാതി അയച്ച് കാത്തിരിക്കയാണ് സേനാ അംഗങ്ങൾ.

തഴക്കരകുന്നം അഞ്ചാം വാര്‍ഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. സാം നഗ്നതാപ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ചെയ്തതെന്ന് ഹരിതകര്‍മ സേനാംഗങ്ങള്‍ പറഞ്ഞു..ഇയാൾ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. മാവേലിക്കര പൊലീസ് പ്രതിയെ പിടികൂടി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനെത്തിയ തങ്ങളെ അസഭ്യം പറഞ്ഞു, ഉടുതുണി ഉയര്‍ത്തിക്കാട്ടി അധിക്ഷേപിച്ചു, ജോലി തടസ്സപ്പെടുത്തി, ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്നിങ്ങനെയാണ് പരാതി.

കോഴിക്കോട് കൊച്ചി വിമാനത്താവളങ്ങളിൽ 323 തൊഴിൽ അവസരങ്ങൾ

എയർ ഇന്ത്യയുടെ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസിന് കീഴിൽ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാര്‍ നിയമനമാണ്. വാക്ക്-ഇന്‍ വഴിയാണ് തിരഞ്ഞെടുപ്പ്. 323 ഒഴിവുണ്ട്. തുടക്കത്തില്‍ മൂന്നുവര്‍ഷത്തേക്കായിരിക്കും കരാര്‍. പിന്നീട് പ്രവര്‍ത്തനമികവ് വിലയിരുത്തി ദീർഘിപ്പിക്കാവുന്ന അവസരങ്ങളാണ്.

ഒഴിവുകള്‍:

  1. ജൂനിയര്‍ ഓഫീസര്‍-ടെക്‌നിക്കല്‍-5 (കൊച്ചി),

2. റാമ്പ് സര്‍വീസ് എക്‌സിക്യുട്ടീവ്/യൂട്ടിലിറ്റി ഏജന്റ്-കം-റാമ്പ് ഡ്രൈവര്‍-39 (കൊച്ചി-23, കോഴിക്കോട്-16),

3. ഹാന്‍ഡിമാന്‍/ഹാന്‍ഡിവുമന്‍-279 (കൊച്ചി-224, കോഴിക്കോട്-55)

ആപേക്ഷകർ, വേതനം

ജൂനിയര്‍ ഓഫീസര്‍-ടെക്‌നിക്കല്‍: മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, പ്രൊഡക്ഷന്‍, ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങില്‍ ഫുള്‍ ടൈം ബിരുദം. എല്‍.എം.വി. ലൈസന്‍സ് വേണം. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരുവര്‍ഷത്തിനകം എച്ച്.എം.വി. ലൈസന്‍സും നേടണം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

28,200 രൂപ. 28 വയസ്സ് കവിയരുത്

റാമ്പ് സര്‍വീസ് എക്‌സിക്യുട്ടീവ്/യൂട്ടിലിറ്റി ഏജന്റ്-കം-റാന്പ് ഡ്രൈവര്‍: മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്രൊഡക്ഷന്‍, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍ എന്നിവയിലൊന്നില്‍ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കില്‍, മോട്ടോര്‍വെഹിക്കിള്‍ ഓട്ടോ ഇലക്ട്രിക്കല്‍, എയര്‍കണ്ടീഷനിങ്, ഡീസല്‍ മെക്കാനിക്, ബെഞ്ച് ഫിറ്റര്‍, വെല്‍ഡര്‍ എന്നിവയിലൊന്നില്‍ ഐ.ടി.ഐ. വിത്ത് എന്‍.സി.വി.ടി. (ആകെ മൂന്നുവര്‍ഷം). വെല്‍ഡര്‍ ട്രേഡില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. എച്ച്.എം.വി. ലൈസന്‍സ് വേണം.

23,640 രൂപ. 28 വയസ്സ് കവിയരുത്

യൂട്ടിലിറ്റി ഏജന്റ്-കം-റാമ്പ് ഡ്രൈവര്‍: പത്താംക്ലാസ് വിജയവും എച്ച്.എം.വി. ലൈസന്‍സും.

20,130 രൂപ. 28 വയസ്സ് കവിയരുത്

ഹാന്‍ഡിമാന്‍/ഹാന്‍ഡിവുമന്‍: പത്താംക്ലാസ് വിജയവും ഇംഗ്ലീഷ് വായിക്കാനും മനസ്സിലാക്കാനുമുള്ള കഴിവും. ഹിന്ദിയും പ്രാദേശികഭാഷകളുമറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.

17,850 രൂപ. 28 വയസ്സ് കവിയരുത്

2023 ഒക്ടോബര്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുക.

വിശദവിവരങ്ങളും അപേക്ഷാഫോമും www.aiasl.in-ല്‍ ലഭിക്കും.

വാക്ക്-ഇന്‍ ഒക്ടോബര്‍ 17, 18, 19 തീയതികളില്‍ അങ്കമാലിയിലാണ് നടക്കുക.

ഓരോ തസ്തികയിലേക്കും വ്യത്യസ്ത ദിവസങ്ങളിലാണ് അഭിമുഖം തീയതികൾ ലിങ്കിൽ ക്ലിക് ചെയ്താൽ അറിയാം.

അപേക്ഷ പൂരിപ്പിച്ച്, ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുസഹിതം നേരിട്ട് ഹാജരാവണം.

എയർ ഇന്ത്യ സൈറ്റിൽ നേരിട്ട് വിസിറ്റ് ചെയ്യുന്നവർ കരിയർ ലിങ്ക് ക്ലിക്ക് ചെയ്യുക zyberpass Link

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജൻ്റീന പൊരുതി കയറി, സൂപ്പർ താരങ്ങൾ ഇറങ്ങിയിട്ടും ബ്രസീലിന് സമനില

0

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് പാരഗ്വയെ പരാജയപ്പെടുത്തിയപ്പോൾ പ്രതീക്ഷയായ ബ്രസീല്‍ സമനിലയില്‍ കുരുങ്ങി.

പാരഗ്വായ്‌ക്കെതിരെ അര്‍ജന്റീന പ്രതിരോധതാരം നിക്കോളാസ് ഒട്ടമെന്‍ഡിയാണ് വിജയഗോള്‍ നേടിയത്. മൂന്നാം മിനിറ്റില്‍ തന്നെ വിജയ ഗോൾ പിറന്നു. സൂപ്പര്‍ താരം ലയണല്‍ മെസ്സി പരിക്കിന്റെ പിടിയിലായിരുന്നു. എങ്കിലും 53-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിന് പകരം ഗ്രൗണ്ടിലെത്തി.

മുന്‍ ലോകചാമ്പ്യന്മാരായ ബ്രസീലിനെ വെനസ്വേലയാണ് സമനിലയില്‍ തളച്ചത്. ഇപ്പോൾ യോഗ്യതാ പട്ടികയില്‍ അര്‍ജന്റീന ഒന്നാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയന്റാണ് ടീമിനുള്ളത്. ബ്രസീൽ ഏഴ് പോയിൻ്റുമായി രണ്ടാമതാണ്.

ബ്രസീലിന് എന്തു പറ്റി

മുന്‍ ലോകചാമ്പ്യന്മാരായ ബ്രസീലിനെ വെനസ്വേല സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിൽ പിരിഞ്ഞു. നെയ്മര്‍, കാസെമിറോ, വിനീഷ്യസ് ജൂനിയര്‍, റിച്ചാലിസണ്‍, റോഡ്രിഗോ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം കളത്തിലുണ്ടായിരുന്നു. എന്നിട്ടും ബ്രസീൽ പോരാടി തളർന്നു.

50-ാം മിനിറ്റില്‍ ഗബ്രിയേല്‍ മഗല്‍ഹെയ്‌സിലൂടെ ബ്രസീല്‍ ലീഡെടുത്തെങ്കിലും 85-ാം മിനിറ്റില്‍ എഡ്വാര്‍ഡ് ബെല്ലോയിലൂടെ വെനസ്വേല സമനില ഗോള്‍ നേടുകയായിരുന്നു. ഈ സമനിലയോടെ ബ്രസീല്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴുപോയന്റാണ് ടീമിനുള്ളത്.

മറ്റ് മത്സരങ്ങളില്‍ ഉറുഗ്വായിയെ കൊളംബിയ സമനിലയില്‍ തളച്ചപ്പോള്‍ (2-2) ബൊളീവിയയെ ഇക്വഡോര്‍ (2-1) പരാജയപ്പെടുത്തി. പെറുവിനെ ചിലിയും കീഴടക്കി (2-0).

ശോഭീന്ദ്രൻ മാഷ് അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ടി. ശോഭീന്ദ്രൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ അധ്യാപകനായിരുന്നു. ഷട്ടർ(2013), അമ്മ അറിയാൻ(1986), കൂറ(2021) എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. സഹയാത്രി, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

പച്ചയായിരുന്നു മാഷുടെ വേഷം. പച്ച മനുഷ്യനായി പ്രകൃതിക്കും മനുഷ്യനും വേണ്ടി നിലകൊണ്ടു .

പലസ്തീൻ സ്വതന്ത്ര രാജ്യമാവണം എന്നതിൽ മാറ്റമില്ല, ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെ- നിലപാട് വ്യക്തമാക്കി ഇന്ത്യ

0

ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെയെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി. അതേ സമയം സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.

ഇസ്രയേലുമായി സമാധാനം പുലര്‍ത്തുന്ന, പരമാധികാരമുള്ളതും സ്വതന്ത്രവും സ്വയംപര്യാപ്തവുമായ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന ആവശ്യത്തിൽ മാറ്റമില്ല. ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന വാദത്തില്‍ എക്കാലവും ഇന്ത്യ ഉറച്ചു നില്‍ക്കുന്നു. പലസ്തീൻ രാജ്യത്തോടുള്ള ഇന്ത്യയുടെ നിലപാട് മാറ്റമില്ലാതെ തുടരുക തന്നെ ചെയ്യും, ബാഗ്ചി വ്യക്തമാക്കി.

മനുഷ്യത്വപരമായ നിയമങ്ങള്‍ പാലിക്കുക എന്ന ധാര്‍മികബാധ്യത സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങിനെയിരിക്കെ തന്നെ ഏതു രൂപത്തിലുള്ള ആഗോളഭീകരതയ്‌ക്കെതിരെയും പോരാടേണ്ട ഉത്തരവാദിത്വമുണ്ടെന്നും ചൂണ്ടികാട്ടി.

ഇന്ത്യയുടെ ഇക്കാര്യത്തിലെ നയം ഇസ്രയേൽ അനുകൂലമായി വ്യാഖ്യാനിക്കപ്പെടുന്ന പശ്ചാതലത്തിലാണ് വ്യക്തമാക്കൽ. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭീകരാക്രമണം നേരിടുന്നതിൽ ഇന്ത്യ ഇസ്രയേലിന് ഒപ്പമാണെന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ട് തവണ ഇത് ആവർത്തിച്ചു. ഇത് നയം മാറ്റമായി ലോക വ്യാപകമായി ചർച്ച ഉയർന്നതോടെയാണ് വ്യക്തമാക്കൽ.

നിയമാനുസൃതവും സുരക്ഷിതവുമായ അതിർത്തികളോടെ പലസ്തീൻ്റെ നിലനിൽപിനെ അനുകൂലിക്കുന്നു എന്നാണ് വിദേശ കാര്യ വക്താവ് വ്യക്തത വരുത്തിയത്. വിദേശ മാധ്യമങ്ങൾ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധപ്പെടുത്തിയിരുന്നത്

ഇസ്രയേലില്‍ ഏകദേശം 18,000 ഇന്ത്യക്കാരും വെസ്റ്റ്ബാങ്കില്‍ 12 പേരും ഗാസ മുനമ്പില്‍ നാലു പേരുമുണ്ടെന്നും ബാഗ്ചി അറിയിച്ചു. ഇപ്പോൾ ഇവർക്ക് സഹായം നൽകുന്നതിനാണ് മുനഗണന എന്നും പ്രതികരിച്ചു. Operation Ajay എന്ന പേരിലാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന മിഷൻ ആരംഭിച്ചിട്ടുള്ളത്.

മന്ത്രിസഭാ പുനസംഘടന വീണ്ടും ചർച്ചയിൽ

0

മന്ത്രിസഭാ പുനഃസംഘടനയെ ചൊല്ലി ഇടതുമുന്നണിയിൽ സമവായമായില്ല. പുനഃസംഘടന നവകേരള സദസിന് മുൻപാണോ ശേഷമാണോ വേണ്ടത് എന്നതിൽ തീരുമാനം കാക്കുകയാണ്. നവംബർ 19 നാണ് സർക്കാരിന് രണ്ടര വർഷം തികയുക.

സർക്കാരിന്റെ വിലയിരുത്തലാകും എന്നതുകൊണ്ട് നിലവിലെ മന്ത്രിമാർ എല്ലാം വേണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇതോടെ മാറ്റങ്ങൾ വേണമോ വേണ്ടയോ എന്നതും പരിഗണനിയിലേക്ക് വരികയാണ്.

അടുത്ത രണ്ടര വർഷത്തെ പ്രവർത്തനം കൂടി കണക്കിലെടുക്കുന്നതുകൊണ്ട് പുതിയ മന്ത്രിമാർ വേണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. കൂടുതൽ മികവുള്ളവർ എന്ന ആവശ്യവും ഉണ്ട്. എന്നാൽ ഇത് പൊതു ചർച്ചയിൽ അവതരിപ്പിക്കാൻ പരിമിതിയുണ്ട്. എന്തായാലും തിരഞ്ഞെടുപ്പിനെ നേരിടുന്നത് കരുത്തുള്ള മന്ത്രിസഭയുടെ ബലത്തിലാവുമ്പോൾ ഭരണവിരുദ്ധ തരംഗത്തെ അതിജീവിക്കാം എന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.

പുനസംഘടന നവകേരള സദസ് കഴിഞ്ഞ് പുനഃസംഘടന നടത്തുന്നതിൽ ഗണേഷിന് എതിർപ്പുണ്ട്. പുനഃസംഘടനയിൽ മുന്നണി യോഗം അന്തിമ തീരുമാനമെടുക്കും. ഇതിൽ ‌മുഖ്യമന്ത്രിയുടെ നിലപാടും നിർണായകമാകും.

ഇടിമിന്നൽ കനക്കുന്നു, കൊയിലാണ്ടി ഹാർബറിൽ ബോട്ടിലെ ഉപകരണങ്ങൾ തകർന്നു

തുലാവരിഷത്തിനും മുന്നോടിയായി ഇടിയും മിന്നലും എത്തിയത് ആശങ്ക പകരുന്നു. മഴയ്ക്ക് ഒപ്പം തന്നെ വൈകുന്നേരത്തോടെ ഇടിയും മിന്നലും തുടങ്ങുന്നു. കൊയിലാണ്ടി ഹാര്‍ബറില്‍ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ടിലെ ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം ഇടിമിന്നലില്‍ തകര്‍ന്നു.

നാല് മത്സ്യത്തൊഴിലാളികള്‍ ഈ സമയത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു. രാത്രി എട്ട് മണിയോടെ ഉണ്ടായ മിന്നലിൻ്റെ ആഘാതത്തിൽ ഹാർബറിലെ ഗുരു കൃപാ ബോട്ടിലെ ടി.ടി. നിജു, ടി.ടി.ശൈലേഷ്, ടി.ടി.സന്തോഷ്, ടി.ടി.പ്രസാദ് തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്.

ബോട്ടില്‍ നിന്ന് മത്സ്യം നീക്കുന്നതിനിടയിലാണ് മിന്നലേറ്റത്. തണ്ണീംമുഖത്ത് വലിയപുരയില്‍ ടി.വി. രഞ്ജിത്തിന്റെതാണ് ബോട്ട്. ഇടിമിന്നലില്‍ വഞ്ചിയിലെ ജി.ടി.എസ്, വയര്‍ലെസ്, എക്കൊ സൗണ്ടര്‍ ക്യാമറ, ബാറ്ററി, ഡയനാമോ തുടങ്ങിയവയും കത്തിനശിച്ചു.അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

തുറന്ന സ്ഥലങ്ങളിലും ഉയരം കൂടിയ ഒറ്റപ്പെട്ട മരങ്ങൾക്കും കെട്ടിടങ്ങൾക്കും ചുവട്ടിലും നിൽക്കുന്നത് കരുതലോടെ വേണം. മിന്നൽ ഉള്ള സമയത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറുക.

മഴ തുടരും

സംസ്ഥാനത്ത് ഇന്നും വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്കാണ് യെല്ലോ അലേർട്ട്. നാളെ ഏഴ് ജില്ലകൾക്ക് യെല്ലോ അലേർട്ടുണ്ട്.

തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ്. വരുന്ന അഞ്ചു ദിവസം കൂടി മഴ തുടരും. ഉച്ചകഴിഞ്ഞ് മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ശ്രദ്ധിച്ചു വേണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കർണാടക തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം.

ശക്തമായ കാറ്റിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത ഉള്ളതിനാൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബീച്ചിൽ ഇറങ്ങിയുള്ള വിനോദസഞ്ചാരങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല.

ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കൊഴുക്കുന്നു, ബ്രസീലും അർജൻ്റീനയും ഇറങ്ങും

0

ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വമ്പൻ ടീമുകളുടെ ഊഴം. ലോകജേതാക്കളായ അര്‍ജന്റീന വെള്ളിയാഴ്ച പുലര്‍ച്ചെ 4.30-ന് പാരഗ്വായെ നേരിടും. രാവിലെ ആറിന് ബ്രസീല്‍ വെനസ്വേലയുമായി ശക്തി പരീക്ഷണത്തിന് ഇറങ്ങും.

സൂപ്പര്‍ താരം ലയണല്‍ മെസ്സി പരിക്കിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മോചിതനായിട്ടില്ല. ടീമിനൊപ്പം പരിശീലനം നടത്തിയതായി അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി വ്യക്തമാക്കി. കളിക്കുമോ എന്നത് വ്യക്തമല്ല.

യു.എസ്. ഓപ്പണ്‍ കപ്പ് ഫൈനലില്‍ മെസ്സിയില്ലാതെയിറങ്ങിയ മയാമി തോറ്റിരുന്നു. പരിക്കില്‍ നിന്ന് മോചിതനായ താരം സിന്‍സിനാറ്റിക്കെതിരായ മേജര്‍ സോക്കര്‍ ലീഗ് ഫുട്ബോളില്‍ രണ്ടാം പകുതിയില്‍ ഇറങ്ങിയെങ്കിലും തിളങ്ങാനായില്ല. സെപ്റ്റംബര്‍ മൂന്നിന് ശേഷം മെസ്സി ക്ലബ്ബിനുവേണ്ടി വെറും 37 മിനിറ്റ് മാത്രമാണ് കളിച്ചത്.

അര്‍ജന്റീന ബൊളീവിയയെ അവരുടെ നാട്ടില്‍ 3-0ത്തിന് തോല്‍പ്പിച്ചിരുന്നു. ജൂലിയന്‍ അല്‍വാരെസ്, നിക്കോളാസ് ഗോണ്‍സാലെസ്, എയ്ഞ്ചല്‍ ഡി മരിയ, റോഡ്രിഗോ ഡിപോള്‍ തുടങ്ങിയവരും അര്‍ജന്റീനയ്ക്കുവേണ്ടി കളിച്ചേക്കും. മത്സരങ്ങള്‍ ഫിഫ പ്ലസില്‍ തത്സമയം കാണാം.

യോഗ്യതാ മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ബ്രസീല്‍ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ പെറുവിനെതിരേ വിജയം നേടി. എങ്കിലും മികവുകൾ ഒന്നും പിറക്കാത്ത ഗെയിം ആയിരുന്നു. 90-ാം മിനിറ്റില്‍ മാര്‍കിന്യോസാണ് സ്‌കോര്‍ ചെയ്തത്. നെയ്മര്‍, റിച്ചാലിസണ്‍, റഫീന്യ, കാസെമിറോ തുടങ്ങിയ പ്രമുഖതാരങ്ങള്‍ കളത്തിലുണ്ടായിട്ടും ഗോളടിക്കാന്‍ അവസാനമിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. ആദ്യകളിയില്‍ ബൊളീവിയയെ 5-1ന് തോല്‍പ്പിച്ചു എന്നതാണ് മാനം കാത്തത്. അന്ന് റോഡ്രിഗോ, നെയ്മര്‍ എന്നിവര്‍ ഇരട്ടഗോള്‍ നേടി.