ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോഴും സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിയും കൈക്കൂലിയും കുറയുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ വകുപ്പുകളിലായി 561 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് അഴിമതിക്കേസില്‍ വിജിലന്‍സ് പിടിച്ചത്. ജനങ്ങളുമായി കൂടുതല്‍ നേരിട്ട് ഇടപെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യൂവകുപ്പ് എന്നിവിടങ്ങളിലാണ് അഴിമതി കൂടുതല്‍.
കൈക്കൂലി ഔദ്യോഗികജീവിതത്തിന്റെ ഭാഗമാക്കിയവര്‍ പലപ്പോഴും പിടിയിലാകാത്തവിധം വൈദഗ്ധ്യം നേടിയവരാണെന്ന് വിജിലന്‍സ് സംഘം പറയുന്നു. അഴിമതിക്കാരെ സര്‍വീസില്‍നിന്നും നീക്കം ചെയ്യണമെങ്കില്‍ നിലവില്‍ കടമ്പകള്‍ ഏറെയാണ്. ഇതും അഴിമതി നടത്താന്‍ ധൈര്യം നല്‍കുന്നു.
അഴിമതിക്കാരുടെ പട്ടിക വിജിലന്‍സ് തയ്യാറാക്കുന്നു
അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി സര്‍ക്കാറിന് കൈമാറാന്‍ വിജിലന്‍സ് ശ്രമം ആരംഭിച്ചു. കൈക്കൂലിക്കേസില്‍ പിടിയിലാകുന്നവര്‍ നിയമത്തിന്റെ പഴുതുകള്‍ പ്രയോജനപ്പെടുത്തി രക്ഷപ്പെടുന്നത് വിജിലന്‍സ് സംഘത്തെ കുഴക്കുന്നുണ്ട്. ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടുന്ന വകുപ്പുകളിലാണ് അഴിമതി കൂടുതല്‍.
ജനങ്ങളെ വട്ടംചുറ്റിക്കുന്ന ഒട്ടേറെ നടപടിക്രമങ്ങളും അഴിമതിക്ക് വളമാകുന്നു. റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കാലഹരണപ്പെട്ട ചട്ടങ്ങളും നടപടിക്രമങ്ങളും മാറണമെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൈക്കൂലിക്കേസില്‍ പിടിയിലാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മൂന്നുമാസം കൊണ്ട് വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി പിരിച്ചുവിടാന്‍ നിയമഭേദഗതി ചെയ്യണമെന്നും വിജിലന്‍സ് വകുപ്പ് ശുപാര്‍ശ ചെയ്യുന്നു.
സുഹൃത്തിനൊപ്പം വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ പതിനേഴുകാരിയെ ഓടുന്ന വാഹനത്തിലിട്ട് ലൈംഗികമായി പീഡിപ്പിച്ചകേസില്‍ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാലുപോലീസുകാരെ അറസ്റ്റുചെയ്തു. പോക്സോ കേസ് ചുമത്തി ഇവരെ ഉടൻ സര്‍വീസില്‍നിന്ന് പുറത്താക്കുകയും ചെയ്തു.
തമിഴ് നാട് സർക്കാരിൻ്റെ ഇടപെടലിലാണ് ഉടൻ ശക്തമായി നടപടി. ജീയപുരം സ്റ്റേഷനിലെ എസ്.ഐ. ബി. ശശികുമാര്‍, അതേ സ്റ്റേഷനിലെ ട്രാഫിക് പോലീസ് എ. സിദ്ധാര്‍ഥന്‍, നാവല്‍പ്പട്ട് സ്റ്റേഷനിലെ ജെ. പ്രസാദ്, തിരുവെരുമ്പൂര്‍ ഹൈവേ പട്രോള്‍ സംഘത്തിലെ എസ്. ശങ്കര്‍ രാജപാണ്ഡ്യന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവര്‍ക്കെതിരേ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
തിരുച്ചിറപ്പള്ളി മുക്കൊമ്പിൽ വിനോദസഞ്ചാരത്തിന് എത്തിയ കുട്ടികൾ
തിരുച്ചിറപ്പള്ളിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുക്കൊമ്പില്‍ ഒക്ടോബർ അഞ്ചിനാണ് പീഡനം. 19 വയസ്സുള്ള ആണ്‍സുഹൃത്തിനൊപ്പമായിരുന്നു പെണ്‍കുട്ടി . സാധാരണ വേഷത്തിലെത്തി പോലീസാണെന്ന് പരിചയപ്പെടുത്തി ഇരുവരെയും ചോദ്യം ചെയ്തു. കഞ്ചാവ് ഇടപാടു നടത്തുന്നു എന്ന് ആരോപിച്ച് ആണ്‍കുട്ടിയെ മര്‍ദിക്കുകയും പെണ്‍കുട്ടിയെ കാറില്‍ കയറ്റുകയും ചെയ്തു.
ഓടുന്ന കാറിലിട്ട് ഒരു മണിക്കൂറോളം നേരം ലൈംഗികമായി പീഡിപ്പിച്ചു. വീഡിയോ ചിത്രീകരണം നടത്തി ഇത് മറയാക്കി ഭീഷണിപ്പെടുത്തുകയും ചെയ്തു. മദ്യ ലഹരിയിലായിരുന്നു ഇവരെന്ന് കുട്ടി മൊഴി നൽകി.
സംഭവത്തെപ്പറ്റി ആരോടെങ്കിലും പറഞ്ഞാല്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റുചെയ്യുമെന്നു കൂടി മുന്നറിയിപ്പ് നൽകി. പൊലീസ് സേനാ അംഗങ്ങൾക്ക് എതിരെ പോക്സോയ്ക്ക് പുറമെ ഐ ടി ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
പൊലീസ് ഔട്ട് പോസ്റ്റിലും ഭീഷണിയുമായി
കുട്ടികൾ പൊലീസ് ഔട്ട് പോസ്റ്റിൽ എത്തി പരാതിപ്പെട്ടു എങ്കിലും പിന്തുടർന്ന് എത്തിയ പൊലീസ് ക്രിമനിലുകൾ അവിടെയും എത്തി ഭീഷണി മുഴക്കി. ഇതോടെ കുട്ടികൾക്ക് പിൻമാറേണ്ടി വന്നു. എന്നാൽ വിവരം പൊലീസ് സുപ്രണ്ട് അറിഞ്ഞതോടെ നേരിട്ട് എത്തി സി സി ടിവി ഫുട്ടേജ് ഉൾപ്പെടെ പരിശോധിച്ചു. സ്വന്തം നിലയ്ക്ക് അന്വേഷിച്ചാണ് കേസ് എടുത്തത്.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം എന്നിങ്ങനെ അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായാണ് നടക്കുക. മറ്റിടങ്ങളില്‍ ഒറ്റ ഘട്ടം.
ഛത്തീസ്ഗഢില്‍ ആദ്യഘട്ടം നവംബര്‍ ഏഴിനും രണ്ടാം ഘട്ടം നവംബര്‍ 17നും നടക്കും. ഛത്തീസ്ഗഢിലെ രണ്ടാംഘട്ടത്തിനൊപ്പമാകും മധ്യപ്രദേശിലെ വോട്ടെടുപ്പ്. അതായത് നവംബർ 17.
മിസോറാമില്‍ നവംബര്‍ ഏഴിനാണ് വോട്ടെടുപ്പ്. രാജസ്ഥാനില്‍ ഒറ്റഘട്ടമായി നവംബര്‍ 23ന് . തെക്കൻ സംസ്ഥാനമായ തെലങ്കാനയില്‍ നവംബര്‍ 30നാണ് വോട്ടെടുപ്പ്.
നിലവിൽ
മധ്യപ്രദേശ് ബി.ജെ.പി.യും മിസോറം എന്‍.ഡി.എ. സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടുമാണ് ഭരിക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസാണ് ഭരണത്തില്‍. തെലങ്കാനയില്‍ കെ. ചന്ദ്രശേഖരറാവുവിന്റെ ബി.ആര്‍.എസ്. ആണ് ഭരിക്കുന്നത്.
കാര്‍ഗിലിലെ ലഡാക്ക് ഓട്ടോണമസ് ഹില്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിൻ്റെ മിന്നൽ പ്രകടനം. 2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന ആദ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പാണ്. ബി ജെ പിയെ ബഹുദൂരം പിന്നിലാക്കിയാണ് കോൺഗ്രസ് സഖ്യം തിരിച്ചെത്തിയത്.
കശ്മീരിൽ നിന്നും വേർതിരഞ്ഞതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണ്. ഭൂരിപക്ഷം സീറ്റുകളിലും ത്രികോണ മത്സരമായിരുന്നു. എന്നാൽ ബിജെപിക്ക് എതിരെ കടുത്ത മത്സരമുള്ള സീറ്റുകളിൽ കോൺഗ്രസ് നാഷണൽ കോൺഫ്രൻസ് ഒരുമിച്ച് നിന്നു.
30 അംഗ ലഡാക്ക് കൗണ്‍സിലിലെ 26 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്തെത്തിയ 22 സീറ്റുകളില്‍ കോണ്‍ഗ്രസ് എട്ടിടത്തും നാഷണല്‍ കോണ്‍ഫറന്‍സ് 11 സീറ്റിലും ബി.ജെ.പി. രണ്ട് സീറ്റിലുമാണ് വിജയിച്ചത്. ഒരു സീറ്റില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയും വിജയിച്ചു. ബാക്കിയുള്ള സീറ്റുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 85 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
തിരഞ്ഞെടുപ്പില്‍ പി.ഡി.പി. മത്സരിച്ചിരുന്നില്ല. പിഡിപിക്ക് ഒപ്പം ചേർന്നാണ് നേരത്തെയുണ്ടായിരുന്ന ഒന്നിൽ നിന്ന് ബി ജെ പി സീറ്റ് വർധിപ്പിച്ചത്.
Heartening to see secular parties like NC & Congress register their victory in Kargil. Its the first election post 2019 & people of Ladakh have spoken.
അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എട്ടാം തീയതി വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഒന്‍പതിന് മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്താം തീയതി വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള കോഴ ആരോപണം ഗൂഢാലോചനയാണെന്നും ചില വ്യക്തികളും മാധ്യമങ്ങളുമാണ് ഇതിന് പിന്നിലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഖണ്ഡിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് പൊലീസ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് സിപിഐഎമ്മിൽ നിന്നും ഇടത് മുന്നണിയിൽ നിന്നുമാകുമെന്നും വി.ഡി സതീശൻ ആരോപിച്ചു.
പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാർട്ടിയിലും മുന്നണിയിലുമൊക്കെ ഉൾപ്പെട്ടവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ ചില വ്യക്തികളും മാധ്യമങ്ങളും അല്ല. മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന അഖിൽ സജീവ് സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്നു. ഇയാൾ നേരത്തെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ജില്ലയിലെ ഉത്തരവാദിത്തപ്പെട്ട സിപിഎം നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അഖിൽ സജീവിന്റെ സംരക്ഷകർ ആരൊക്കെയാണ് എന്നത് കൂടി അന്വേഷിക്കണം. അപ്പോൾ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമാകും. യാഥാർത്ഥ്യങ്ങളൊക്കെ പൊതുസമൂഹത്തിന് മുന്നിൽ നിലനിൽക്കെയാണ് മുഖ്യമന്ത്രി പാർട്ടി അണികൾക്ക് മുന്നിൽ ഗൂഡാലോചന സിദ്ധാന്തം അവതരിപ്പിച്ചത്. യുക്തിരഹിതമായ കള്ളം പറഞ്ഞാലും കൈ അടിക്കുന്ന പാർട്ടി അണികളുടെ മനോനിലയല്ല ബഹുഭൂരിപക്ഷം വരുന്ന പൊതു സമൂഹത്തിൻ്റേതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രാർഥനയ്ക്ക് എത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കപ്പ്യാര്‍ അറസ്റ്റില്‍. ആറന്മുള ഇടയാറന്മുള സ്വദേശി തോമസാണ് (63) എട്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ മാതാവ് നല്‍കിയ പരാതി പ്രകാരം പടിയിലായത്. ഇതിനിടെ കേസ് പുറത്തറിയിക്കാതെ ഒതുക്കി തീർത്താൻ ശ്രമിച്ചത് വിവാദമായി.
കഴിഞ്ഞ ചൊവ്വാഴ്ച കൂട്ടുകാര്‍ക്കൊപ്പം സ്‌കൂളിനോട് ചേര്‍ന്ന പ്രാര്‍ഥനാലയത്തില്‍ എത്തിയതായിരുന്നു എട്ടാംക്ലാസുകാരി ബാലിക. പള്ളിയും സ്കൂളും ഒരേ വളപ്പിലാണ്. രാവിലെ ഒന്‍പതരയോടെയാണ് പെണ്‍കുട്ടി കൂട്ടുകാര്‍ക്കൊപ്പം പ്രാര്‍ഥനയ്‌ക്കെത്തിയത്. ഇതിനിടെ കപ്പ്യാര്‍ പെണ്‍കുട്ടിക്ക് നേരേ അതിക്രമം കാട്ടി. കുട്ടികളിൽ ഇത് ഭയവും അമ്പരപ്പും ഉണ്ടാക്കിയതോടെ പെണ്‍കുട്ടിയുടെ സഹപാഠി അധ്യാപികയെ അറിയിച്ചു. തുടർന്ന് കുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസില്‍ പരാതി നൽകാതിരിക്കാതിരിക്കാനുള്ള ശ്രമങ്ങളുണ്ടായത് വിവാദമായി. പള്ളിയിലെ വികാരിയും സ്‌കൂളിലെ പ്രഥമാധ്യാപികയും ചേര്‍ന്ന് പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആക്ഷേപം. കുട്ടിയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചിട്ടില്ല.
വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. ആത്മകഥ പറയുന്ന ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന കൃതിയാണ് പുരസ്‌കാരത്തിനര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
വിജയലക്ഷ്മി, ഡോ. പി.കെ രാജശേഖരന്‍, ഡോ. എല്‍. തോമസ്‌കുട്ടി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പുരസ്കാരം സമർപ്പിക്കുന്നമെന്ന് വയലാര്‍ ട്രസ്റ്റ് അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍ അറിയിച്ചു.
പ്രതികരണം
പലതവണ തെറ്റിപ്പോയ പുരസ്കാരം
വയലാര്‍ അവാര്‍ഡില്‍ തുറന്നടിച്ച് ശ്രീകുമാരന്‍ തമ്പി. യഥാര്‍ഥ പ്രതിഭയെ തോല്‍പ്പിക്കാനാവില്ലെന്നും ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചു. നാല് തവണ വയലാര്‍ അവാര്‍ഡിന് തന്നെ തെരഞ്ഞെടുത്തതാണ്. തനിക്കാണ് അവാര്‍ഡെന്ന് ട്രസ്റ്റ് സെക്രട്ടറി വിളിച്ചു പറയുകയും ചെയ്തു. പിന്നീട് തന്നെ മനപ്പൂര്‍വം ഒഴിവാക്കി. പിറ്റേന്ന് വിളിച്ച് ചില പ്രശ്നങ്ങളുണ്ട്. അടുത്ത തവണ തരുമെന്ന് പറഞ്ഞുവെന്നും ശ്രീകുമാരന്‍ തമ്പി വെളിപ്പെടുത്തുന്നു.
31 ാം വയസ്സില്‍ എനിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടേണ്ടതായിരുന്നു. അന്ന് ഒരു മഹാകവി ഇടപെട്ട് തന്‍റെ പേര് വെട്ടിയെന്നും ശ്രീകുമാരന്‍ തമ്പി തുറന്നടിച്ചു. അവന്‍ മലയാളത്തിലെ മുഴുവന്‍ അക്ഷരവും പഠിക്കട്ടെ എന്നാണ് അന്ന് പറഞ്ഞത്. മുഴുവന്‍ അക്ഷരവും പഠിക്കാത്ത ഞാന്‍ പിന്നീട് ആ മഹാകവിയെക്കാള്‍ ഗാനങ്ങളെഴുതി. എന്നെങ്കിലും സത്യം വിജയിക്കുമെന്ന് തെളിഞ്ഞുവെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു. കായംകുളത്ത് പ്രഥമ രാജരാജവര്‍മ പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയപ്പോഴായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം.
സിനിമാ മേഖലയിലെ ബഹുമുഖ വ്യക്തിത്വം
ആയിരക്കണക്കിന് സിനിമകൾക്ക് പാട്ടുകൾ എഴുതിയതിനു പുറമേ 85 സിനിമകൾക്ക് തിരക്കഥയും എഴുതി. പ്രേം നസീർ എന്ന പ്രേമഗാനം എന്ന കൃതിയുടെ രചയിതാവാണ്. തിരക്കഥാകൃത്ത്, ചലച്ചിത്ര നിർമാതാവ്, സംവിധായകൻ, സംഗീതജ്ഞൻ എന്നീ നിലകളിലും പ്രശസ്തനാണ് ശ്രീകുമാരൻ തമ്പി. മലയാള സിനിമക്ക് നൽകിയ സമഗ്രസംഭാവനകളെ മുൻനിർത്തി കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയേൽ അവാർഡ് ലഭിച്ചിട്ടുണ്ട്.
1971ൽ”വിലയ്ക്കു വാങ്ങിയ വീണ” എന്ന ചിത്രത്തിലെ “സുഖമെവിടെ ദു:ഖമെവിടെ” എന്നഗാനത്തിനും 2011ൽ “നായിക” എന്ന ചിത്രത്തിലെ “നനയും നിൻ മിഴിയോരം” എന്ന ഗാനത്തിനും മികച്ച ഗാനരചയിതാവിനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആദ്ദേഹത്തിന് ലഭിച്ചിരുന്നു.
കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണകേന്ദ്രത്തിൽ തീപിടിത്തം. കടൽ തീരത്ത് ഭട്ട് റോഡിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തിലാണ് ഞായറാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. നഗരത്തിലെയും സമീപപ്രദേശങ്ങളിലും അഗ്നിരക്ഷാസേന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിലാണ് തീപ്പിടിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപ്പിടിച്ചതിനാൽ വലിയതോതിൽ പുകയും ഉയരുന്നുണ്ട്. തീയണയ്ക്കാനുള്ള അഗ്നിരക്ഷാ സേനയുടെ ശ്രമങ്ങൾ തുടരുകയാണ്. 10 ഫയർഫോഴ്സ് യുണീറ്റുകൾ എത്തിയിട്ടുണ്ട്.
കൃത്യമായ കാലാവസ്ഥയും മിതമായ താപനിലയുമാണ് (10 – 25 ഡിഗ്രി സെല്‍ഷ്യസ്) കോളിഫ്ലവര്‍ കൃഷിക്കനുയോജ്യം. ഏറെ വരണ്ടതും ഈര്‍പ്പം കുറഞ്ഞതുമായ കാലാവസ്ഥ കൃഷിയെ ദോഷകരമായി ബാധിക്കും. അതുപോലെത്തന്നെ, വളരെ താഴ്ന്ന താപനില കോളിഫ്ലവര്‍ മൂപ്പെത്തുന്നതിനേയും വലിപ്പത്തേയും ദോഷകരമായ ബാധിക്കാനുമിടയുണ്ട്.
കോളിഫ്ലവർ കൃഷിക്ക് നല്ല വെയിൽ കിട്ടുന്ന സ്ഥലം വേണം. കൃഷിക്കായി നമ്മൾ കോളിഫ്ളവറിന്റെ വിത്താണ് എടുക്കുന്നത്. വിത്തുകൾ കാണാൻ കടുക് മണിയുടെ അത്രയുമേ ഉണ്ടാകൂ. വെള്ളത്തിൽ ഇട്ടു കുതിരാൻ വെക്കുക. വെള്ളത്തിന്റെ അടിയിൽ ഉള്ള വിത്തുവകൾ നമുക്ക് കൃഷിക്കായി എടുക്കാം. പൊങ്ങിക്കിടക്കുന്നവ ചാഴിയാണ്. കളയുക.
പാകൽ
നടനായി ഒരു ട്രേ എടുക്കാം. അതിലേക്ക് ചകിരിച്ചോറ് ഇടുക. അതിലേക്ക് നമ്മുടെ വിത്തുകൾ പാവം. ഓരോ വിത്തുകൾ വെച്ച പാകുന്നതാണ് ഉത്തമം. നമുക്ക് എത്രത്തോളം കോളിഫ്ലവറുകൾ ആണ് വേണ്ടത് അതിന്റെ ഇരട്ടിയോളം വിത്തുകൾ പാകാൻ ശ്രമിക്കുക.
വിത്ത് പാകിയതിനു ശേഷം അതിൻ്റെ മുകളിലും ചകിരിച്ചോറ് ഇട്ട് കൃത്യമായി നനയ്ക്കുക. കുറച്ച് ദിവസം കഴിയുമ്പോളേക്കും വിത്തുകൾ തളിരിട്ട് തുടങ്ങും. ഇലകളൊക്കെ വന്നതിന് ശേഷം ഇതിനെ മാറ്റി നടാം.മണ്ണിനെ നനവ് മാറാതെ ഇടവിട്ട് വെള്ളം ഒഴിച്ച് കൊടുക്കുക. വെള്ളം കെട്ടിനിൽക്കാതെ പ്രത്യേകം ശ്രദ്ധിക്കു. മൂന്നു മാസം കൊണ്ട് നമുക്ക് വിളവ് എടുക്കാൻ സാധിക്കും.
വിതച്ച് 25-30 ദിവസത്തിനുള്ളിൽ തൈകൾ പറിച്ചുനടാൻ പാകമാകും. പറിച്ചുനടലിനായി മൂന്നോ നാലോ ആഴ്ച പ്രായമുള്ള തൈകൾ ഉപയോഗിക്കുക.
ഗ്രോബാഗിൽ
ഗ്രോബാഗിൽ കരിയില ഇടുക. പാകുതിയോളം കരിയില നിറച്ച ശേഷം മണ്ണും, മണലും, ചാണകപ്പൊടിയും 1:1:1 എന്ന അളവിൽ ഇട്ട മിക്സ് ബാഗിലേക്ക് നിറക്കാം. ബാഗ് പകുതിയോളം നിറച്ചാൽ മതിയാവും. ചെടിയുടെ വളർച്ച അനുസരിച് മണ്ണും വളവും നിറയ്ക്കാം.
ധാരാളം ജൈവവളവും സുലഭമായ ജലസേചനവും കൃഷിക്കനിവാര്യമാണ്. മണലും കളിമണ്ണും അടങ്ങിയ മണ്ണാണ് ആദ്യഘട്ട കൃഷിക്കനുയോജ്യം രണ്ടാ ഘട്ടത്തില്‍ കളിമണ്ണിന്റെ സാന്നിദ്ധ്യം ധാരാളമായുണ്ടാകുന്നത് ഗുണകരമാണ്.
മണ്ണിൽ നേരിട്ട്
കൃഷി ആരംഭിക്കുന്നതിനു മുന്‍പ് മണ്ണ് ധാരാളമായി കിളച്ച് മറിച്ച് അയവും വായുസഞ്ചാരവും വരത്തക്ക വിധത്തിലാക്കിയെടുത്ത ശേഷമായിരിക്കണം കോളിഫ്ലവര്‍ കൃഷി തുടങ്ങേണ്ടത്. രണ്ട് ഘട്ടങ്ങളിലായി നാലുതവണ മണ്ണ് ഇളക്കി മറിക്കാം കൂട്ടത്തില്‍ ആവശ്യത്തിന് ജൈവവളവും ചേര്‍ക്കേണ്ടതാണ്. കാബേജ് കൃഷിയെക്കാളും കൂടുതല്‍ മണ്ണിളക്കി കൃഷി ചെയ്യേണ്ട ഒന്നാണ് കോളിഫ്ലവര്‍.
കളിമണ്ണ് മുതൽ പശിമരാശി വരെയുള്ള ഏത് നല്ല മണ്ണിലും കോളിഫ്ലവർ കൃഷിചെയ്യുന്നു, എന്നാൽ സാമാന്യം ആഴത്തിലുള്ള പശിമരാശി മണ്ണാണ് ഏറ്റവും അഭികാമ്യം.
വിത്ത് മുളപ്പിച്ച് പറിച്ചു നടുന്ന രീതിയാണ് കോളിഫ്ലവര്‍ കൃഷിക്ക് പതിവായി അവലംബിക്കാറുള്ളത്. നഴ്‌സറി ബഡ്ഡുകളുപയോഗിച്ച് വര്‍ഷത്തില്‍ മൂന്ന് ഘട്ടമായി കൃഷി ചെയ്യുന്നതും സാധാരണമാണ്. ആദ്യഘട്ടം ആരംഭിക്കേണ്ടത് മെയ് മാസത്തിലോ ജൂണിലോ ആകാം, രണ്ടാം ഘട്ടം ജൂലൈ-ഓഗസ്റ്റ് മാസത്തിലേതെങ്കിലും ഒന്നിലാകാം, മൂന്നാം ഘട്ടം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിലേതെങ്കിലും ഒന്നിലാകുന്നതും നന്നായിരിക്കും.
45 സെന്റീമീറ്റര്‍ (45*45) അകലം പാലിച്ചായിരിക്കണം വര്‍ഷത്തെ ആദ്യതെ വിള, വൈകി തുടങ്ങുന്ന ഘട്ടത്തില്‍ 60 സെന്റീമീറ്റര്‍ (60X60) ഒരു ചെടിയില്‍ നിന്ന് മറ്റ് ചെടിയിലേക്ക് അകലം പാലിക്കേണ്ടതാണ്. ജലസേചനവും വളരെയേറെ ശ്രദ്ധചെലുത്തിയായിരിക്കണം ചെയ്യേണ്ടത്.
വളം ചെയ്യൽ
സാധാരണയായി, കോളിഫ്ളവർ വിളയ്ക്ക് 200 കി.ഗ്രാം നൈട്രജൻ, 75 കി.ഗ്രാം ഫോസ്ഫറസ്, 75 കി.ഗ്രാം പൊട്ടാസ്യം എന്നിവ ഹെക്ടറിന് നൽകേണ്ടതുണ്ട്.
100 കി.ഗ്രാം നൈട്രജൻ, 75 കി.ഗ്രാം ഫോസ്ഫറസ്, 75 കി.ഗ്രാം പൊട്ടാഷ് എന്നിവ പറിച്ചു നടുമ്പോൾ നൽകണം. നടീലിനു ശേഷം 30, 45 ദിവസങ്ങൾക്ക് ശേഷം ബാക്കി പകുതി നൈട്രജൻ നൽകണം.
നട്ട് 90-120 ദിവസം കഴിഞ്ഞ് കോളിഫ്‌ളവർ വിളവെടുപ്പിന് പാകമാകും.
പൂർണ്ണമായ വെളുത്ത നിറമുള്ള മൂപ്പെത്തിയ കോളിഫ്‌ളവർ ഉടൻ വിൽപ്പനയ്‌ക്ക് വിളവെടുക്കണം. വിളവെടുപ്പ് വൈകുകയാണെങ്കിൽ നിറം മഞ്ഞനിറമാവുകയും അതിന്റെ കനവും ആകർഷണീയതയും അപ്രത്യക്ഷമാവുകയും ചെയ്യും. അതിനാൽ ശരിയായ പക്വത സമയത്ത് കോളിഫ്ലവർ നീക്കം ചെയ്യേണ്ടത് വളരെ പ്രധാനമാണ്.