ഇറാനിലെ ജയിലിൽ കഴിയുന്ന നര്‍ഗീസ് മൊഹമ്മദിക്ക് സമാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം

0

ഇറാനിലെ ജയിലിൽ കഴിയുന്ന മനുഷ്യാവകാശപ്രവര്‍ത്തക നര്‍ഗീസ് മൊഹമ്മദിക്ക് സമാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം . ഇറാനിലെ വനിതകൾക്ക് എതിരായ അടിച്ചമർത്തലുകൾക്കും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനായും പോരാട്ടം തുടരുന്നത് പരിഗണിച്ചാണ് പുരസ്കാരമെന്ന് നൊബേല്‍ പുരസ്‌കാര സമിതി വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ പത്രസ്വാതന്ത്ര്യ സമ്മാനം നര്‍ഗീസ് മൊഹമ്മദിക്കായിരുന്നു ലഭിച്ചത്. നിലൂഫര്‍ ഹമീദി, ഇലാഹി മുഹമ്മദി എന്നിവര്‍ക്കൊപ്പമായിരുന്നു അവര്‍ പുരസ്കാരം പങ്കിട്ടത്. ഇപ്പോൾ നൊബിലിൻ്റെ അംഗീകാരവും തേടിയെത്തി.

ലോക പുരസ്കാരം ജയിലഴികൾക്ക് അകത്തേക്ക്

ഇറാൻ ഭരണകൂടം നർഗീസ് മൊഹമ്മദിയെ 13 തവണ അറസറ്റ് ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ അഞ്ചുതവണ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. 31 വര്‍ഷത്തോളം ജയില്‍ വാസം വിധിക്കപ്പെട്ടു. ഇപ്പോഴും നര്‍ഗീസ് മൊഹമ്മദി ജയിലിലാണ്.

ഭൗതികശാസ്ത്രം പഠിച്ച നര്‍ഗീസ് മൊഹമ്മദി, എഞ്ചിനീയറായിരുന്നു. പരിഷ്‌കരണ സ്വഭാവമുള്ള പത്രങ്ങളില്‍ കോളങ്ങള്‍ എഴുതി. 2003-ല്‍ നൊബേല്‍ സമാധാനപുരസ്‌കാരം ലഭിച്ച ആദ്യ ഇറാനിയൻ വനിത ഷിറിന്‍ എബാദി സ്ഥാപിച്ച ടെഹ്‌റാനിലെ ഡിഫന്‍ഡേഴ്‌സ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് സെന്ററിന്റെ ഭാഗമായാണ് പൊതു രംഗത്ത് പ്രവര്‍ത്തിച്ചു തുടങ്ങുന്നത്.

ജയിലിനകത്തും തളരാത്ത മനുഷ്യാവകാശ വീര്യം

തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരെയും അവരുടെ കുടുംബത്തേയും സഹായിക്കാനുള്ള ശ്രമങ്ങളെത്തുടര്‍ന്ന് 2011- ല്‍ ആണ് ആദ്യമായി നര്‍ഗീസ് മൊഹമ്മദി തടവിലാക്കപ്പെട്ടത്. രണ്ടുവര്‍ഷത്തിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ അവര്‍ വധശിക്ഷയ്ക്കെതിരായ പ്രചാരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി 2015-ല്‍ വീണ്ടും അവര്‍ തടവിലാക്കപ്പെട്ടു. ജയിലിലേക്ക് തിരിച്ചെത്തിയ ഇവര്‍, രാഷ്ട്രീയ തടവുകാര്‍ക്കെതിരെ, പ്രത്യേകിച്ചും സ്ത്രീ തടവുകാര്‍ക്കെതിരെ ഇറാൻ ഭരണകൂടം നടത്തുന്ന പീഡനങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും എതിരായ പോരാട്ടം ആരംഭിച്ചു.

നര്‍ഗീസ് മൊഹമ്മദിക്ക് സമാധാനപുരസ്‌കാരം നല്‍കുന്നതിലൂടെ ഇറാനിലെ ജനങ്ങളുടെ മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും അവർ നടത്തിയ പോരാട്ടത്തെ ആദരിക്കുകയാണെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി അറിയിച്ചു.

ഇറാനിയൻ മതപ്പോലീസ് കൊലപ്പെടുത്തിയ മാഷ അമിനിയുടെ മരണത്തെ തുടർന്ന് നർഗ്ഗീസ് മൊഹമ്മദിയുടെ വാക്കുകൾ “The more of us they lock up, the stronger we become.” എന്നായിരുന്നു.

GK Part

ബെലാറൂസില്‍ തടവില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഏല്‍സ് ബിയാലിയാറ്റ്‌സ്‌കിയും റഷ്യയിലെ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍, യുക്രെയ്‌നിലെ മനുഷ്യാവകാശ സംഘടനയായ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നിവയുമായിരുന്നു കഴിഞ്ഞ വര്‍ഷം സമാധാനത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹമായത്. കഴിഞ്ഞവര്‍ഷം 10 മില്യണ്‍ ക്രോണ (7.5 കോടി രൂപ)യായിരുന്നു സമ്മാനത്തുക.

വൈദികനെ കുറ്റ വിചാരണ ചെയ്യാൻ മത കോടതി രൂപീകരിച്ച് രൂപത, സംഭവം കേരളത്തിൽ

സഭ നേതൃത്വത്തെ വിമർശിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാൻ മത കോടതി രൂപീകരിച്ചു. താമരശ്ശേരി രൂപതയിലെ. ഫാ. അജി പുതിയാപറമ്പിലിനെതിരായ നടപടികൾക്കാണ് വിചിത്ര നടപടി. രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചിനാനീയിൽ ആണ് മത കോടതി രൂപീകരിച്ചു ഉത്തരവിറക്കിയത്. ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സിറോ മലബാർ സഭ സിനഡ് തീരുമാനത്തെ ചോദ്യം ചെയ്തു എന്ന കുറ്റം ചുമത്തിയാണ് നീക്കം.

ഫാ. ബെന്നി മുണ്ടനാട്ടാണ് കുറ്റവിചാരണക്കോടതിയുടെ അധ്യക്ഷൻ. ഫാ. ജയിംസ് കല്ലിങ്കൽ, ഫാ. ആൻറണി വരകിൽ എന്നിവരാണ് സഹ ജഡ്ജിമാർ. അതേസമയം, സംഭവത്തിൽ പ്രതികരിച്ച് വൈദികൻ രം​ഗത്തെത്തിയിട്ടുണ്ട്. ക്രൈസ്തവ സഭകളിൽ കേട്ടുകേൾവിയില്ലാത്തതാണ് മത കോടതി എന്നും സഭയിലെ അഴിമതി, ജീർണത എന്നിവ തുറന്നു കാണിച്ചതിനാണ് നടപടി എന്നും വൈദികൻ പറഞ്ഞു. സഭയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളെയും, വിവിധ നിയമനങ്ങളിലെ കോഴയെയും എതിർത്തിട്ടുണ്ട്.

കുറ്റ വിചാരണ കോടതി സ്ഥാപിച്ചത് തന്നെ പുറത്താക്കാനാണെന്നും ഫാദർ അജി പുതിയാപറമ്പിൽ പറഞ്ഞു. ഇന്ത്യൻ ഭരണഘടന പ്രകാരം ഇത്തരം മത കോടതികൾ നിയമപരമല്ല. മാത്രമല്ല നിലവിലുള്ള ഭരണഘടനയെ ലംഘിക്കലുമായി തീരുന്നതാണ്.

മധ്യ കാലഘട്ടത്തില്‍ യൂറോപ്പില്‍ കത്തോലിക്കാ സഭ സ്ഥാപിച്ച ഇന്‍ക്വിസിഷന്‍ ചേമ്പറുകളെന്ന മതക്കോടതികളിലൂടെ കോടിക്കണക്കിന് ജനങ്ങളെ ഇല്ലാതാക്കിയിരുന്നു. എന്നാല്‍ ആധുനിക ക്രൈസ്തവ സഭകളിലൊന്നും കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ വൈദികനെ ശിക്ഷിക്കാന്‍ മതക്കോടതി സ്ഥാപിച്ച താമരശേരി രൂപയുടെ നടപടി വിചിത്രമാണെന്നാണ് വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്.

ഫാ. അജി പുതിയാപറമ്പില്‍ സഭക്ക് അപമാനവും അവമതിപ്പും ഉണ്ടാക്കിയെന്നാണ് കുറ്റവിചാരണക്കായുളള ഉത്തരവില്‍ പറയുന്നത്. കേരള കത്തോലിക്കാ സഭയിലും വിശിഷ്യ സിറോ മലബാര്‍ സഭയിലും അടുത്തകാലത്തുണ്ടായ ചില പ്രവണതകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഫാ. അജി പുതിയാപ്പറമ്പില്‍ നടത്തിയിരുന്നു. കോഴിക്കോട് മുക്കം പള്ളിയിലെ വികാരിയിയാരുന്ന അന്നദ്ദേഹം. സഭക്കുള്ളിലെ അധികാര വടംവലിയും കര്‍ദിനാള്‍ പോലും കോടതി കയറി ഇറങ്ങുന്നതും സഭയെ ബാധിച്ച ജീര്‍ണതയുടെ തെളിവാണെന്ന് പറഞ്ഞ് കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ കനത്ത ആക്രമണം സിറോ മലബാര്‍ സഭക്കെതിരെ ഫാ. അജി പുതിയാ പറമ്പില്‍ അഴിച്ചുവിട്ടിരുന്നു. സഭക്കുള്ളിലെ നെറികേടുകളോട് പ്രതികരിച്ചുകൊണ്ട് ജീവിതം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി വൈദിക വൃത്തിയിലേര്‍പ്പെടുന്നയാളാണ് ഫാ. അജി പുതിയാ പറമ്പില്‍.

 പതിനേഴാം നൂറ്റാണ്ടില്‍ കത്തോലിക്കാ സഭ ഉപേക്ഷിച്ച മാനവിക വിരുദ്ധമെന്ന് സഭ തന്നെ സമ്മതിച്ച മതക്കോടതികള്‍ 21ാം നൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തില്‍ കേരളം പോലുള്ളടത്ത് വീണ്ടും കൊണ്ടവരുന്നതിനെതിരെയാണ് കേരളത്തിലെ കത്തോലിക്കാ സഭക്കകത്തും പുറത്തും ഇപ്പോൾ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

വനിതാ സി ഐയെ ആക്രമിച്ച മന്ത്രവാദികൾക്ക് 13 വർഷം തടവ്

ആള്‍ദൈവം ചമഞ്ഞ് മന്ത്രവാദം നടത്തിയ സംഘത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ വനിതാ ഇന്‍സ്പെക്ടറെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതികളായ മൂന്നു സ്ത്രീകളെ 13 വർഷം തടവിനും 50,000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ച് മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി. ജഡ്ജി എസ്.എസ്. സീനയാണ് വിധി പ്രസ്താവിച്ചത്.

ആലപ്പുഴ വനിതാസെല്ലില്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന മലപ്പുറം തിരൂരങ്ങാടി ചേലാമ്പ്ര പുല്ലിപ്പറമ്പ് സ്വപ്ന വീട്ടില്‍ മീനാ കുമാരി (59) യെ ആക്രമിച്ച കേസിലാണു ശിക്ഷ.

പാലമേല്‍ ഉളവുക്കാട് വന്‍മേലിത്തറയില്‍ ആതിര (ചിന്നു-23), ആതിരയുടെ അമ്മ ശോഭന (50), ഇവരുടെ സഹോദരി രോഹിണി (48) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. വിവിധവകുപ്പുകളിലായി 13 വര്‍ഷം ശിക്ഷിച്ചെങ്കിലും ഏഴുവര്‍ഷം ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴത്തുകയില്‍ ഒരുലക്ഷം മീനാ കുമാരിക്കു നല്‍കണമെന്നും ഉത്തരവിലുണ്ട്. മീനാ കുമാരിക്ക് എതിരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചത് ഉൾപ്പെടെ പ്രതികൾ പരാതി നൽകിയിരുന്നു എങ്കിലും കേസ് നിലനിന്നില്ല.

ജനങ്ങളുടെ പരാതി അന്വേഷിക്കാൻ എത്തി

2016 ഏപ്രില്‍ 23-നു വൈകീട്ട് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ആതിര ആള്‍ദൈവം ചമഞ്ഞ് മന്ത്രവാദവും ആഭിചാരക്രിയകളും നടത്തുന്നുവെന്ന് പാലമേല്‍ പഞ്ചായത്തിലെ ഉളവുക്കാട് വന്‍മേലില്‍ കോളനി നിവാസികളായ 51 പേര്‍ കളക്ടര്‍ക്കു പരാതിനല്‍കിയിരുന്നു.

മീനാ കുമാരിയും വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ലേഖയും ജീപ്പ് ഡ്രൈവര്‍ ഉല്ലാസും കൂടിയാണ് ഇത് അന്വേഷിക്കാൻ എത്തിയത്. മന്ത്രവാദവും മറ്റും നിര്‍ത്തി വിദ്യാഭ്യാസം തുടരണമെന്ന് ഇതിലെ ഇളയ കുട്ടി ആതിരയെ ഉപദേശിച്ചു. പരാതി പ്രകാരം ഏപ്രില്‍ 26-നു വനിതാസെല്ലില്‍ ഹാജരാകണമെന്നു നിര്‍ദേശിച്ചു.

ഇതോടെ പ്രകോപിതരായ ആതിരയും ശോഭനയും രോഹിണിയും ചേര്‍ന്ന് ആക്രമണം നടത്തി. പെരുവിരലിനു ഗുരുതര പരിക്കേറ്റ മീനാകുമാരിയെ ലേഖയും ഉല്ലാസും ചേര്‍ന്ന് രക്ഷപ്പെടുത്തി എന്നാണ് കേസ്. അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം 89 ദിവസം ഇവര്‍ ജോലിക്കു പോകാനാവാതെ വീട്ടില്‍ക്കഴിഞ്ഞു.

റിട്ട സി ഐ മീനാ കുമാരി

മന്ത്രവാദിപ്പേടിയിൽ പൊലീസ് തന്നെ ആദ്യം കേസ് ചുരുക്കി

സംഭവത്തില്‍ നൂറനാട് പോലീസ് കേസെടുത്തെങ്കിലും ആതിരയെമാത്രം പ്രതി ചേര്‍ത്താണ് പോലീസ് കുറ്റപത്രം നല്‍കിയത്. ഇതിനെതിരേ ഉന്നത പോലീസ് അധികാരികള്‍ക്കു മീനാ കുമാരി നല്‍കിയ പരാതിയെത്തുടര്‍ന്ന് മാവേലിക്കര ഇന്‍സ്പെക്ടര്‍ ആയിരുന്ന പി. ശ്രീകുമാര്‍ 2017 സെപ്റ്റംബറില്‍ പുനരന്വേഷണം തുടങ്ങി. തുടര്‍ന്നാണ് ശോഭനയെയും രോഹിണിയെയും കൂടി പ്രതിചേര്‍ത്ത് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 21 സാക്ഷികളെ കേസില്‍ വിസ്തരിച്ചു.

2020 മേയ് മാസത്തിൽ സർവീസിൽനിന്നു വിരമിച്ച് മലപ്പുറം ചേലാമ്പ്രയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണു മീനാകുമാരി.മീനാ കുമാരി. സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് തൃശ്ശൂരിൽനിന്നു സ്ഥലംമാറിയെത്തി ആലപ്പുഴ വനിതാസെൽ സി.ഐ. ആയി ഇവർ ചുമതലയേറ്റത്. കളക്ടർ നേരിട്ടു വിളിച്ചുപറഞ്ഞ ഉടൻ അന്വേഷണത്തിനിറങ്ങുകയായിരുന്നു.

AI ക്യാമറ വെച്ചിട്ടും അപകടം കൂടി, സർക്കാരിൻ്റെ അവകാശവാദം അഴമതി മറയ്ക്കാൻ എന്ന് വി ഡി സതീശൻ

0

 സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച ശേഷം അപകടം കുറഞ്ഞെന്ന വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. അപകടം വർധിക്കയാണ് ചെയ്തതെന്ന് സർക്കാരിൻ്റെ തന്നെ കണക്കുകൾ നിരത്തി അദ്ദേഹം പറഞ്ഞു.

എ.ഐ. ക്യാമറയുടെ പേരില്‍ നടത്തിയ അഴിമതി മറച്ചുവെയ്ക്കാനാണ് റോഡ് അപകടങ്ങളില്‍ വ്യാജ പ്രചാരണം സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച ശേഷം അപകടങ്ങള്‍ കുറഞ്ഞെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം പച്ചക്കള്ളമാണ്. നിയമസഭയിലും പുറത്തും ഈ കള്ളം ആവര്‍ത്തിച്ചതുകൂടാതെ സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. കള്ളക്കണക്ക് നല്‍കി ഹൈക്കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഗതാഗതമന്ത്രി സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അദ്ദേഹം അര്‍ഹനല്ല. ഗതാഗതമന്ത്രി രാജിവച്ചൊഴിയണം, വി.ഡി. സതീശൻ പറഞ്ഞു.

ജൂലായ് മാസത്തിൽ 254 അപകടങ്ങൾ കഴിഞ്ഞ വർഷത്തെക്കാൾ

നിയമസഭാ രേഖകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ജൂണില്‍ 3714 അപകടങ്ങളും ഈ വര്‍ഷം ജൂണില്‍ 3787 അപകടങ്ങളും ഉണ്ടായി. ജൂലായ് മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 254 അപകടങ്ങള്‍ കൂടുതലായി ഉണ്ടായി. 2022 ഓഗസ്റ്റില്‍ 3366 അപകടങ്ങളും 307 അപകട മരണങ്ങളും നടന്നപ്പോള്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ 4006 അപകടങ്ങളും 353 അപകട മരണങ്ങളുമാണുണ്ടായത്. വസ്തുതകള്‍ ഇതായിരിക്കെ കള്ളക്കണക്ക് നല്‍കി ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണ്, വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.

അഴിമതിയില്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കുവരെ പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. എന്നിട്ടും മറുപടി നല്‍കാനോ നടപടികള്‍ സ്വീകരിക്കാനോ മുഖ്യമന്ത്രിയോ സര്‍ക്കാരോ തയാറാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. കോടതിയുടെ പരിഗണനയിലുള്ള ഈ കേസിനെ ദുര്‍ബലപ്പെടുത്തുകയെന്ന ഗൂഢലക്ഷ്യത്തോടെയാണോ വ്യാജക്കണക്കുകള്‍ നിര്‍മ്മിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു

യുജിസി നെറ്റ് പരീക്ഷ ഡിസംബറിൽ, അപേക്ഷ 28 വരെ

0

യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബര്‍ 6 മുതല്‍ 22 വരെയുള്ള തിയതികള്‍ നടത്തും. ഒക്ടോബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും, മാനവിക വിഷയങ്ങളില്‍ അസിസ്റ്റന്ററ് പ്രൊഫസര്‍ നിയമനത്തിനുള്ള യോഗ്യത പരീക്ഷയാണിത്.

1150 രൂപയാണ് അപേക്ഷ ഫീസ്.പിന്നോക്ക വിഭാഗം സാമ്പത്തിക പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് 600 രൂപയാണ് ഫീസ്. വിവിധ മേഖലകളിലെ 83 വിഷയങ്ങളിലായി യുജിസി നെറ്റ് എഴുതാം. അപേക്ഷാര്‍ഥികള്‍ക്ക് ഒന്നിലേറെ വിഷയങ്ങള്‍ക്ക് അപേക്ഷിക്കാനാവില്ല.

യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. പിന്നോക്ക, പട്ടിക, ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതിയാവും. അവസാന വര്‍ഷ വിദ്യാര്‍ഥികളെയും പരിഗണിക്കും.

പ്രായപരിധി: ജെ.ആര്‍.എഫിന് പ്രായം 30 കവിയരുത്. പിന്നാക്ക, പട്ടിക,ഭിന്നശേഷി, ട്രാന്‍ജെന്‍ഡര്‍ വനിതകള്‍ എന്നിവര്‍ക്ക് 5 വര്‍ഷത്തെ ഇളവുണ്ട്. രണ്ട് പേപ്പറുകളാണ് ഉണ്ടാവുക. ഒന്നാം പേപ്പറിന് 100 മാര്‍ക്കും രണ്ടാം പേപ്പറിന് 200 മാര്‍ക്കും ഉണ്ടാവും. നെഗറ്റീവ് മാര്‍ക്കില്ല.

എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://ugcnet.nta.ac.in/

ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ,കുടുംബത്തെ കൊല ചെയ്തതെന്ന് സംശയം

അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ബോറോയിൽ ഒരു കുടുംബത്തിലെ നാല് പേരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാൽ പരിഹർ (42) എന്നിവരും അവരുടെ10 വയസ്സുള്ള ആൺകുട്ടിയും 6 വയസ്സുള്ള പെൺകുട്ടിയുമാണ് മരിച്ചത്.

ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. 

ബുധനാഴ്ച്ച വൈകീട്ടാണ് പൊലീസിന് വിവരം കിട്ടിയത്. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഈ പ്രദേശത്ത് കൂടുതൽ ഇന്ത്യക്കാർ താമസിച്ചു വരുന്ന സ്ഥലമാണ്. അതേസമയം, മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.- എന്നാൽ കൊലപാതകമായിട്ടാണ് പൊലീസ് അന്വേഷിക്കുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. 

അഖിൽ സജീവ് അറസ്റ്റിൽ, ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ അഖിൽ മാത്യുവിനെ അറിയില്ലെന്ന് മൊഴി

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിൻ്റെ ഓഫീസ് ആരോപണ വിധേയമായ നിയമന തട്ടിപ്പ് കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അഖില്‍ സജീവ് അറസ്റ്റിൽ. തേനിയില്‍ നിന്ന് പത്തനംതിട്ട പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിഐടിയു ഓഫീസ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

നിയമനത്തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ്. പ്രാഥമിക ചോദ്യം ചെയ്യലില്‍ മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവുമായി ബന്ധമില്ലെന്ന് അഖില്‍ സജീവ് അറിയിച്ചതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. അറസ്റ്റ് കന്റോണ്‍മെന്റ് പോലീസ് ഉടൻ രേഖപ്പെടുത്തും. വിവിധ കേസുകളിൽ അഞ്ച് കേസുകൾ ഇയാൾക്കെതിരെ ഉണ്ട്.

ഹരിദാസിനെ അറിയില്ല, പണം വാങ്ങിയത് മറ്റുള്ളവർ

പരാതിക്കാരനായ ഹരിദാസിനെ നേരിട്ട് കണ്ടില്ലെന്നും പത്തനംതിട്ട പൊലീസിനോട് അഖില്‍ സജീവ് പറഞ്ഞതായാണ് വിവരം. ലെനിന്‍, ബാസിത്, റഹീസ് എന്നിവരാണ് തട്ടിപ്പില്‍ ഉണ്ടായിരുന്നതെന്ന് പറഞ്ഞ അഖില്‍ സജീവ്, നിരവധി പേരില്‍നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും മൊഴി നല്‍കിയതായാണ് വിവരം.

ബാസിതും റഹീസും നിര്‍ദേശിച്ചതനുസരിച്ച് ഒരുതവണ ഹരിദാസിനെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്‍കി. കടം വീട്ടാനായിരുന്നു സിഐടിയു ഓഫീസിലെ ഫണ്ട് മോഷ്ടിച്ചത്. കയ്യില്‍ പണമില്ല. അച്ഛനും അമ്മയും മരിച്ചു. ഭാര്യയും കുഞ്ഞും പോയി. ജീവിതം തകര്‍ന്നുവെന്നും പൊലീസിനോട് അഖില്‍ സജീവ് പറഞ്ഞു.

മലപ്പുറം സ്വദേശി ഹരിദാസാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത്. ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് മരുമകൾ ഡോ.നിതരാജ് അപേക്ഷിച്ചതിന് പിന്നാലെ അഖിൽ സജീവ് ജോലി വാഗ്ദാനം ചെയ്ത് ഇങ്ങോട്ട് വന്നുവെന്നും അഞ്ച് ലക്ഷം നൽകിയാൽ ജോലി ഉറപ്പെന്നായിരുന്നു വാഗ്ദാനമെന്നുമായിരുന്നു പരാതിയിലുണ്ടായിരുന്നത്. 25000 രൂപ അഡ്വാൻസായി അഖിൽ സജീവിന് മാർച്ച് 24ന് ഗൂഗിൾ പേ ചെയ്തു. പിന്നീട് ഒരുലക്ഷം തിരുവനന്തപുരത്തെത്തി അഖിൽ സജീവ് അയച്ച ആരോഗ്യമന്ത്രിയുടെ ഓഫീസിലുള്ള അഖിൽ മാത്യുവെന്ന് പരിചയപ്പെടുത്തിയ ആൾക്ക്  കൈമാറി. എന്നാൽ അഖിൽ മാത്യുവല്ല, അഖിൽ മാത്യുവെന്ന പേരിൽ അഖിൽ സജീവയച്ച മറ്റൊരാൾക്കാകും പണം കൈമാറിയതെന്നാണ് നിലവിൽ പൊലീസ് പറയുന്നത്. പിടിയിലായ അഖിൽ സജീവനെ ചോദ്യം ചെയ്ത ശേഷം ഇക്കാര്യത്തി‍ലും വ്യക്തത ലഭിക്കും. പണം കൊടുത്തതിന് പിന്നാലെ നിത രാജിന് ആയുഷ് വകുപ്പിൽ നിന്നും ഇ മെയിൽ വന്നു. 25 നകം നിയമന ഉത്തരവ് കിട്ടുമെന്നായിരുന്നു മെയിൽ. ഇതിന് പിന്നാലെ അഖിൽ സജീവന് അൻപതിനായിരം രൂപ കൂടി നൽകി. നിയമനം കിട്ടാത്തതിനെ തുടർന്ന് ഹരിദാസൻ ഈ മാസം 13 ന് ആരോഗ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. 

നിയാർക് കുവൈറ്റ് അധ്യക്ഷൻ ബഷീർ അബൂബക്കറിനെ വരവേറ്റ് ദോഹ ചാപ്റ്റർ

0

ഖത്തർ സന്ദർശിച്ച നിയാർക്ക് (Niarc) കുവൈറ്റ് ചാപ്റ്റർ ചെയർപേഴ്സൺ ബഷീർ അബൂബക്കറിന് ഹൃദ്യമായ സ്വീകരണം. ഹയാത്ത് റീജൻസി ഹോട്ടലിൽ ഒരുക്കിയ വരവേൽപ്പിൽ സംഘടനയുടെ ഖത്തറിലെ പ്രവർത്തകർ ഒത്തു ചേർന്നു.

നിയാർക്ക് ഗ്ലോബൽ ചെയർപേഴ്സൻ വെൽകെയർ ഫാർമസി എം ഡി അഷ്റഫ് കെപി, വൈസ് ചെയർപേഴ്സൺ ഹമീദ് എംടി, ഖത്തർ ചാപ്റ്റർ ആക്ടിങ് ചെയർപേഴ്സൺ ഖാലിദ് സിപി, ജനറൽ സെക്രട്ടറി ഷാനഹാസ് എടോടി എന്നിവർ നേതൃത്വം നൽകി. സംഘടനാ പ്രവർത്തകരുടെ സജീവതയും പാരസ്പര്യവും മാതൃകാപരമെന്ന് ബഷീർ അബൂബക്കർ പറഞ്ഞു. പ്രവർത്തകർ ചേർന്ന് ഉപഹാരം കൈമാറി.

മോഹൻലാൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ചു

0

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുടെ വസതിയിൽ എത്തി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ. കേന്ദ്രമന്ത്രിയുടെ ഡൽഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും എക്‌സിൽ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനൻ്റ് കേണൽ പദവി നേടിയ മോഹൻ ലാൽ പത്മശ്രീ, പത്മഭൂഷൺ പുരസ്കാര ജേതാവ് കൂടിയാണെന്ന് രാജീവ് ചന്ദ്രശേഖർ പ്രശംസിക്കുന്നുണ്ട്.

‘എമ്പുരാന്റെ’ ഷൂട്ടിങ്ങ് ആരംഭിക്കുന്നത് ഡൽഹിയിലാണ്. ചിത്രീകരണത്തിനായി മോഹൻലാലും പൃഥ്വിരാജും സംഘവും ഡൽഹിയിലെത്തി. ഇന്ന് ചിത്രത്തിന്റെ പൂജ നടന്നു. 30 ദിവസത്തെ ഷെഡ്യൂളാണ് ഡൽഹിയിലേത്. ഇതിന് ശേഷം ഷിംല, ലഡാക്ക് എന്നിവിടങ്ങളിൽ വെച്ചായിരിക്കും ചിത്രീകരണം. ഇതിനിടയിലാണ് മോഹൻ ലാൽ മന്ത്രിയുടെ വീട്ടിൽ എത്തിയത്.

കഴിഞ്ഞ ദിവസം അമൃതാനന്ദമയിയുടെ ആശ്രമത്തിൽ ഭക്തിപുരസ്സരം മോഹൻലാലിൻ്റെ ചിത്രം വാർത്തയായിരുന്നു. കേന്ദ്രമന്ത്രിയുടെ വീട്ടിൽ എത്തിയതായി മന്ത്രിയുടെ തന്നെ എക്സ് പോസ്റ്റിലാണ് വാർത്ത പുറത്ത് വിട്ടത്. ചർച്ചകൾ സംബന്ധിച്ച് സൂചന ഒന്നുമില്ല.

കൊച്ചി ഖത്തർ ഡെയിലി സർവ്വീസുമായി എയർ ഇന്ത്യ

0

കൊച്ചില്‍ നിന്ന് ദോഹയിലേക്ക് പ്രതിദിന സര്‍വ്വീസുമായി എയര്‍ ഇന്ത്യ. ഒക്ടോബര്‍ 23 മുതലാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ സര്‍വ്വീസ് ആരംഭിക്കുന്നത്. കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 1.30നു പുറപ്പെടുന്ന എഐ 953 വിമാനം പുലര്‍ച്ചെ 3.45നു ദോഹയില്‍ എത്തും. തിരിച്ചുള്ള സര്‍വ്വീസായ എഐ 954 ദോഹയില്‍ നിന്നു പ്രാദേശിക സമയം പുലര്‍ച്ചെ 4.45നു പുറപ്പെട്ട് കൊച്ചിയില്‍ രാവിലെ 11.35ന് എത്തും. കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍വ്വീസ് അവതരിപ്പിക്കുന്നതെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 162 സീറ്റുകളുള്ള A 320 നിയോ എയര്‍ക്രാഫറ്റ് വിമാനത്തില്‍ ഇക്കണോമിയില്‍ 150 സീറ്റും ബിസിനസ് ക്ലാസില്‍ 12 സീറ്റുമാണുള്ളത്.