വടകര എം എൽ എ ആയിരുന്ന എം കെ പ്രേംനാഥ് അന്തരിച്ചു

0

വടകര മുന്‍ എം.എല്‍.എ അഡ്വ. എം.കെ.പ്രേംനാഥ്(72) അന്തരിച്ചു. രോഗബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്. ജയപ്രകാശ് നാരായണനുള്‍പ്പടെയുള്ളവരുടെ സോഷ്യലിസ്റ്റ് മൂവ്‌മെന്റുകളില്‍ ആകൃഷ്ടനായാണ് അദ്ദേഹം സോഷ്യലിസ്റ്റ് ചേരിയിലേക്ക് തിരിയുന്നത്.

വിദ്യാര്‍ഥി കാലഘട്ടം മുതല്‍ പൊതുപ്രവര്‍ത്തനരംഗത്ത് സാന്നിധ്യമാണ്. മടപ്പള്ളി ഗവ.കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ഇദ്ദേഹം കേരള സര്‍വ്വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തരബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, ഭാരതീയ വിദ്യാഭവനില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ പി.ജി.ഡിപ്ലോമയും .

സ്വതന്ത്ര വിദ്യാര്‍ഥി സംഘടനയുടെ (ഐ.എസ്.ഒ.) സംസ്ഥാന പ്രസിഡന്റായിരുന്നു. യുവജനതാദള്‍ സംസ്ഥാന സെക്രട്ടറിയായും ദേശീയസമിതി അംഗമായും പ്രവര്‍ത്തിച്ചു. ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 1976-ല്‍ അടിയന്തരാവസ്ഥയ്ക്ക് എതിരെ നിയമം ലംഘിച്ച് കോഴിക്കോട് ജാഥ നടത്തുകയും അറസ്റ്റ് വരിക്കുകയും ചെയ്തു.

2006-ല്‍ വടകര മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2011-ല്‍ വടകരയില്‍നിന്ന് വീണ്ടും ജനവിധി തേടിയെങ്കിലും സി.കെ.നാണുവിനോട് പരാജയപ്പെട്ടു. വടകര റൂറല്‍ ബാങ്ക് പ്രസിഡന്റ്, സ്വതന്ത്രഭൂമി പത്രാധിപര്‍, തിരുവനന്തപുരം പാപ്പനംകോട് എന്‍ജിനീയറിങ് കോളേജ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ‘സ്വാതന്ത്ര്യം തന്നെ അമൃതം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ കോളേജില്‍നിന് നിയമബിരുദം നേടിയ ഇദ്ദേഹം വടകര ബാറിലെ അഭിഭാഷകനായിരുന്നു.സ്വാതന്ത്ര്യസമരസേനാനിയായ ചോമ്പാലയിലെ പരേതനായ കുന്നമ്പത്ത് നാരായണക്കുറുപ്പാണ് പിതാവ്. മാതാവ്: പരേതയായ പത്മാവതി അമ്മ. ഭാര്യ: പരേതയായ ടി.സി.പ്രഭ.

മകള്‍: ഡോ.പ്രിയ. മരുമകന്‍: കിരണ്‍ കൃഷ്ണ (ദുബായ്).

സഹോദരങ്ങള്‍: ബാബു ഹരിപ്രസാദ്, ശോഭന, രമണി, പരേതരായ സേതുകൃഷ്ണന്‍, ചന്ദ്രമണി

ഡോ.വന്ദനദാസിനെ തടവ് പുള്ളി കുത്തിക്കൊന്ന കേസിൽ രണ്ട് പോലീസുകാർക്ക് എതിരെ റിപ്പോർട്ട്

ഡോ. വന്ദനാദാസിൻ്റെ കൊലപാതകത്തിൽ പോലീസുകാർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. സംഭവ സമയത്ത് ഓടി രക്ഷപെട്ട രണ്ട് എ.എസ്.ഐമാർക്ക് എതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ നിശാന്തിനിയുടേതാണ് നടപടി.

എ.എസ്.ഐമാരായ ബേബി മോഹൻ, മണിലാൽ എന്നിവർക്ക് എതിരേയാണ് നടപടി. ആക്രമണത്തിനിടെ പോലീസുകാർ സ്വയരക്ഷാർത്ഥം ഓടിപ്പോയെന്ന് ഡി.ഐ.ജിയുടെ കണ്ടെത്തൽ.

അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്താനോ വരുതിയിലാക്കാനോ നടപടി എടുത്തില്ല. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സ്വന്തം രക്ഷ നോക്കരുതെന്ന ചട്ടം ലംഘിച്ചെന്നും കണ്ടെത്തൽ. കൂടാതെ ഓടിപ്പോയത് പോലീസിന്റെ സത്‌പേരിന് കളങ്കമായെന്നും വിമർശനം.

മേയ് 10ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോ.വന്ദനാദാസിനെ പ്രതി ജി.സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്നു ഡോ.വന്ദന. ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. പൊലീസ് വൈദ്യപരിശോധനക്ക് കൊണ്ടുവന്ന സന്ദീപ് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കുരുക്ക് മുറുകുന്നു, അരവിന്ദാക്ഷൻ്റെ വൃദ്ധമാതാവിൻ്റെ അക്കൌണ്ടിൽ 63 ലക്ഷത്തിൻ്റെ ഇടപാട്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ സിപിഐഎം നേതാവ് പിആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി. അരവിന്ദാക്ഷന്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന്‍ വിദേശയാത്ര നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി ചൂണ്ടിക്കാണിക്കുന്നു.

സതീഷ് കുമാറും അരവിന്ദാക്ഷനും ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് ദുബായിലേക്ക് യാത്ര നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ചാക്കോ എന്ന വ്യക്തിക്കൊപ്പം രണ്ടു തവണ വിദേശയാത്ര നടത്തിയതായി ഇഡി വ്യക്തമാക്കുന്നു. കൂടാതെ 1600 രൂപ മാസം പെന്‍ഷന്‍ വാങ്ങുന്ന അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് 63,56,460 രൂപ എത്തിയെന്ന് ഇഡി കണ്ടത്തി. ഈ അക്കൌണ്ടിലെ നോമിനി സതീഷിൻ്റെ അനുജനാണ്.

അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അജിത് മേനോന് വിറ്റതായും കണ്ടത്തി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ഇഡി വ്യക്തമാക്കുന്നു.

2011-2019 കാലയാളവില്‍ സികെ ജില്‍സ് 11 ഭൂമി വില്‍പന നടത്തിയെന്ന് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കരുവന്നൂര്‍ തട്ടിപ്പില്‍ ഉന്നത പൊലീസ് രാഷ്ട്രീയ ഉദ്യോഗസ്ഥവൃന്ദത്തിന് പങ്കുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിയിലായവര്‍ ഇവരുടെ ബിനാമികളാണെന്നും കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കുന്നു.

കോഴ വിവാദം ആരോഗ്യമന്ത്രിയുടെ ഓഫീസിലെ അഖിലും പരാതിക്കാരനും സംസാരിക്കുന്ന കാൾ റെക്കോഡ് പുറത്ത്

0

 നിയമന കോഴ വിവാദത്തിൽ കുറ്റാരോപിതനായ അഖിൽ സജീവും പരാതിക്കാരനായ ഹരിദാസും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വിട്ടു. നിയമനം നൽകാമെന്നും ഇതിന് സാവകാശം വേണമെന്നും ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ അഖിൽ സജീവ് സംഭാഷണത്തിൽ പറയുന്നു. പൊലീസിൽ പരാതി നൽകരുതെന്നും അഭ്യർത്ഥിക്കുന്നുണ്ട്.

ഇനിയും കാത്തിരിക്കാൻ ആകില്ലെന്നും പോലീസിനെ സമീപിക്കേണ്ടി വരുമെന്നും ഹരിദാസൻ പറയുന്നതും സംഭാഷണത്തിൽ ഉണ്ട്. ഹരിദാസിനെ പരിചയമില്ലെന്ന് അഖിൽ സജീവ് പറഞ്ഞതിന് പിന്നാലെയാണ് ഹരിദാസൻ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

പരാതിക്കാരനായ ഹരിദാസൻ കോഴ കൊടുത്തെന്ന് പറയുന്ന ഏപ്രിൽ 10 ന് വൈകീട്ട് മന്ത്രിയുടെ സ്റ്റാഫായ അഖിൽ മാത്യു പത്തനംതിട്ടയിൽ എന്ന് തെളിയിക്കുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്. അടുത്ത ബന്ധുവിന്‍റെ കല്യാണ ചടങ്ങിൽ മന്ത്രിക്കൊപ്പം പങ്കെടുത്തതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അഖിൽ മാത്യു തിരുവനന്തപുരത്ത് ഇല്ലായിരുന്നുവെന്ന് കുടുംബവും മന്ത്രിയുടെ ഓഫീസും പറയുമ്പോൾ പണം നൽകി എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഹരിദാസൻ. കാഴ്ചക്കുറവുണ്ട്. ആൾമാറാട്ടം നടന്നുവോ എന്നറിയില്ല എന്നാണ് വിശദീകരണം.

വിവാദത്തിൽ പരാതി കിട്ടിയിട്ടും പൊലീസിന് കൈമാറാൻ വൈകിപ്പിച്ച ആരോഗ്യമന്ത്രിയുടെ ഓഫീസിൻറെ നടപടി സംശയത്തിലാണ്. പരാതിക്കാരനായ ഹരിദാസൻറെ സുഹൃത്ത് ബാസിത് ഓഗസ്റ്റ് 17ന് മന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ ഓഫീസിൽ നിന്നും പൊലീസിൽ പരാതി നൽകുന്നത് ഈ മാസം 23ന് മാത്രമായിരുന്നു. പരാതി കിട്ടിയത് ഇന്നലെയെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ വിശദീകരണം.

ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രംഗത്ത് വന്നു. കുറ്റാരോപിതനായ വ്യക്തിയെ മാറ്റി നിർത്താൻ വൈമനസ്യം കാണിക്കുന്നത് മന്ത്രിക്ക് കൂടി മനസ്സറിവുള്ള കാര്യമായത് കൊണ്ടാണോ എന്നും മുരളീധരൻ ദില്ലിയിൽ ചോദിച്ചു.

മഴ, മുത്തച്ഛനൊപ്പം നടക്കുകയായിരുന്ന ഒന്നര വയസ്സുകാരൻ മതിൽ ദേഹത്ത് വീണ് മരിച്ചു

0

പാലക്കാട് മുതലമടയിലാണ് അപകടം. റോഡരികിൽ വീടിൻ്റെ മതിലിടിഞ്ഞ് വഴിനടക്കുകയായിരുന്ന ഒന്നര വയസ്സുകാരൻ്റെ ദേഹത്തേക്ക് വീണു. മുതലമട കാടംകുറിശ്ശിയില്‍ താമസിക്കുന്ന വില്‍സണ്‍, ഗീതു ദമ്പതികളുടെ മകന്‍ വേദവ് ആണ് മരിച്ചത്.

മുത്തച്ഛനോടൊപ്പം സൊസൈറ്റിയില്‍ പാല്‍ കൊടുക്കാൻ പോയതായിരുന്നു. ഒന്നിച്ച് നടക്കുകയായിരുന്നു കുട്ടി. അയല്‍വാസിയായ എം. കുട്ടപ്പന്റെ 15 വര്‍ഷത്തോളം പഴക്കം ചെന്ന മതില്‍ക്കെട്ടാണ് കുഞ്ഞിന്റെ ശരീരത്തില്‍ വീണത്. മഴ കൊണ്ട് കുതിർന്ന മതിൽ പെട്ടെന്ന് മറിഞ്ഞ് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വാളയാർ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുട്ടികളുടെ അമ്മ

വാളയാർ കേസില്‍ അഡ്വ. കെ പി സതീശനെ സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പെൺകുട്ടികളുടെ അമ്മ. പെൺകുട്ടികളുടെ അമ്മ സിബിഐ ഡയറക്ടർക്ക് കത്ത് നൽകി. പ്രതികളുടെ നുണ പരിശോധന കോടതിയിൽ എതിർത്തുവെന്നത് അവാസ്തവമാണ്. കേസ് അട്ടിമറിക്കാൻ പ്രോസിക്യൂട്ടർ കെ പി സതീശൻ ശ്രമിക്കുന്നുവെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. 

കേസിന്‍റെ ചുമതലകളിൽ നിന്ന് കെ പി സതീശനെ നീക്കണമെന്നും തനിക്ക് വിശ്വാസമുള്ള മറ്റൊരാളെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. അട്ടപ്പാടി മധു കേസില്‍ നിന്ന് സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ അഡ്വക്കറ്റ് കെ പി സതീശന്‍ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു.

കെ പി സതീശനെ നിയമിച്ചതിൽ സർക്കാരും സി ബി ഐയും തമ്മിലുള്ള ഒത്തുകളിയാണെന്ന് നേരത്തെ തന്നെ അമ്മ ആരോപിച്ചിരുന്നു. രാജേഷ് മേനോനെ നിയമിക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനിടെ സി ബി ഐയിലും അഴിച്ചു പണി നടന്നിരുന്നു.

2017 ജനുവരി 7 നാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് 4 ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസ്സുകാരിയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് 6 ന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 2017 മാർച്ച് 12 ന് മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു. 

പിന്നാലെ വിധി റദ്ദാക്കണമെന്നും പുനര്‍വിചാരണ വേണമെന്നുമാവശ്യപ്പെട്ട് 2019 നവംബര്‍ 19 ന് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. 2020 മാര്‍ച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമീഷന്‍ കണ്ടെത്തി.

2020 നവംബർ 4 മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. 2021 ജനുവരി ന് പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐക്ക് വിടുകയും ചെയ്തു. കേസ് ഏറ്റെടുത്ത സിബിഐ 2021 ഏപ്രിൽ ഒന്ന് പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.

2021 ഡിസംബർ 27 ന് വാളയാർ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന കണ്ടെത്തലിൽ സിബിഐ കുറ്റപത്രം 2022 ഓഗസ്റ്റ് 10 കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളി. തുടരന്വേഷണത്തിന് ഉത്തരവിട്ടുകയും ചെയ്തു. ലോക്കൽ പൊലീസിനെ പോലെ സിബിഐയും കുട്ടികളുടേത് ആത്മഹത്യ എന്ന് പറഞ്ഞപ്പോഴാണ് തുടരന്വേഷണത്തിന് നിർദേശിച്ചത്. പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി നൽകി എന്നായിരുന്നു ഉത്തരവിലെ വിമർശനം. 

പീഡനത്തിന് ഇരയായി ചോരയൊലിപ്പിച്ചു സഹായം തേടിയലഞ്ഞ കുട്ടിക്ക് പലരും കാശായി സഹായം നൽകിയെന്ന് എസ് പി

ഉജയിനിൽ ബലാത്സംഗത്തിനിരയായി ചോരയൊലിപ്പിച്ച് വന്ന 12 വയസ്സുകാരിയെ ആരും സഹായിച്ചില്ലെന്ന റിപ്പോര്‍ട്ട് തളളി ജില്ലാ പൊലീസ് മേധാവിയുടെ ന്യായീകരണം. കുട്ടിയെ പലരും ആട്ടി ഓടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായതമാണ് പീഡനം ശ്രദ്ധയിൽ എത്തിച്ചത് . എന്നാൽ പെണ്‍കുട്ടിയെ പലരും പണംനല്‍കി സഹായിച്ചെന്നാണ് പൊലീസ് സുപ്രണ്ടിൻ്റെ വാദം. തങ്ങള്‍ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കൈയില്‍ 120 രൂപയുണ്ടായിരുന്നതായി ഉജ്ജൈനി പോലീസ് മേധാവി സച്ചിന്‍ ശര്‍മ എന്‍.ഡി.ടി.വി.യോട് പ്രതികരിച്ചു.

പലരും 50 ഉം നൂറും രൂപ നൽകി എന്ന്

‘സമ്മിശ്രമായ പ്രതികരണമാണ് ജനങ്ങളില്‍നിന്നുണ്ടായത്. പെണ്‍കുട്ടി കടന്നുപോയ വഴിയിലുള്ളവര്‍ അവളെ സഹായിച്ചു. ചിലര്‍ അവള്‍ക്ക് 50 രൂപ നല്‍കി. മറ്റുചിലര്‍ നൂറുരൂപയും. വഴിയിലെ ഒരു ടോള്‍ബൂത്ത് കടന്നാണ് പെണ്‍കുട്ടി നടന്നുപോയത്. ടോള്‍ബൂത്തിലെ ജീവനക്കാരന്‍ അവള്‍ക്ക് പണവും വസ്ത്രങ്ങളും നല്‍കി. കുറഞ്ഞത് ഏഴോ എട്ടോപേര്‍ അവളെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്’, പോലീസ് മേധാവി പറഞ്ഞു. എന്നാൽ എന്നിട്ട് അവസാനം പൊലീസ് കണ്ടെത്തുമ്പോൾ അവളുടെ കയ്യിൽ 120 രൂപ ഉണ്ടായിരുന്നു എന്നും പലരും നൽകിയ ഔദാര്യത്തെ കൂട്ടി എസ് പി കണക്കും അവതരിപ്പിച്ചു.

വൈദ്യസഹായമല്ലെ പ്രധാനം എന്ന് ചോദിച്ചപ്പോൾ

അത്തരമൊരു സാഹചര്യത്തില്‍ പണം നല്‍കി സഹായിക്കുന്നതിനെക്കാള്‍ പ്രധാന്യം വൈദ്യസഹായം നല്‍കുന്നതിനല്ലേ എന്ന ചോദ്യത്തിന് ‘നാട്ടുകാര്‍ക്ക് ചിലപ്പോള്‍ വൈമനസ്യം ഉണ്ടായിരുന്നിരിക്കാം എന്ന് വിശദീകരിച്ച് ഒഴിഞ്ഞു. എന്നാൽ അവര്‍ സാമ്പത്തികമായി അവര്‍ക്ക് കഴിയുന്നപോലെ സഹായിക്കാന്‍ ശ്രമിച്ചു’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘പെണ്‍കുട്ടി ആരോടും പ്രത്യേകമായി സഹായംവേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. ആരോ തന്നെ പിന്തുടരുന്നുണ്ടെന്നാണ് പെണ്‍കുട്ടി പറഞ്ഞിരുന്നത്. താന്‍ അപകടത്തിലാണെന്നും ആരോ തന്റെ പിന്നിലുണ്ടെന്നുമാണ് അവള്‍ പറഞ്ഞത്. ആ സമയത്ത് കുട്ടിക്ക് ഒട്ടും സ്ഥിരതയുണ്ടായിരുന്നില്ല. അതിനാലാകും ജനങ്ങള്‍ ഇത്തരത്തില്‍ പ്രതികരിച്ചത്’ എന്നും പൊലീസ് സൂപ്രണ്ട് നിഗമനം അവതരിപ്പിച്ചു.

ക്രൈം റെക്കോഡ്സ് ബ്യറോയുടെ കണക്കു പ്രകാരം 2021 ൽ ഏറ്റവും അധികം ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മധ്യ പ്രദേശ്. ഇതിൽ പകുതിയിൽ അധികവും പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് നേരെയുള്ള ആക്രമണ കേസുകൾ ആണെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു.

പ്രതികളെ കുറിച്ച് ഇപ്പോഴും അവ്യക്തത തന്നെ

ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി മധ്യപ്രദേശിലെ സത്‌നാ ജില്ലയില്‍നിന്നുള്ള കുട്ടിയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മുത്തച്ഛനും മൂത്തസഹോദരനും ഒപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി ഞായറാഴ്ചയാണ് വീട്ടില്‍നിന്ന് പോയത്. 850 കിലെ മീറ്റർ അകലത്തിലാണ് കുട്ടിയുടെ വീട്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നതായി പോലീസ് പറയുന്നുണ്ട്.

കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് എന്‍.ഡി.ടി.വി.യുടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഒരു ഒട്ടോഡ്രൈവറെ കേസില്‍ അറസ്റ്റ് ചെയ്തതായും മറ്റുമൂന്നുപേര്‍ കസ്റ്റഡിയിലുള്ളതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെണ്‍കുട്ടി ഓട്ടോയില്‍ കയറിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തതായും ഓട്ടോയില്‍ രക്തക്കറ കണ്ടെത്തിയതായും ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാൽ ഇവയിലൊന്നും കേസിന് ആസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ടെന്നായിരുന്നു എസ്.പി. സച്ചിന്‍ ശര്‍മ വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ.യോട് പ്രതികരിച്ചത്. ഒട്ടോഡ്രൈവര്‍ അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളതെന്നും ഇവരെ ചോദ്യംചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞദിവസമാണ് ഉജ്ജൈനിലെ ബദ്നഗര്‍ റോഡില്‍ ചോരയൊലിക്കുന്നനിലയില്‍ 12 വയസ്സുകാരിയെ കണ്ടെത്തിയത്. അര്‍ധനഗ്‌നയായനിലയില്‍ തെരുവിലൂടെ നടക്കുന്ന പെണ്‍കുട്ടി വീടുകള്‍തോറും കയറി സഹായം അഭ്യര്‍ഥിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കുട്ടിയെ ആട്ടിപ്പായിക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ അവശയായും രക്തം ഒലിപ്പിച്ചും കുട്ടി എട്ട് കിലോ മീറ്ററോളം നടന്നു. ഒടുവില്‍, ഒരു ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയെ ഇവിടെയുണ്ടായിരുന്ന പ്രീസ്റ്റാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിക്കുകയായിരുന്നു.

ഉദ്യോഗസ്ഥ സംഘടനകൾ പിണങ്ങി പഞ്ചിങ്ങിൽ നിന്നും സർക്കാർ പിന്നോട്ട്

0

സെക്രട്ടറിയേറ്റിൽ ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം പ‍ഞ്ചിങ്ങുമായി ബന്ധിപ്പിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ നിർദേശം പിൻവലിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പദ്ധതി നടപ്പാക്കേണ്ടെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ചലന സ്വാതന്ത്ര്യം നഷ്ടമാവുമെന്ന വിചിത്ര ന്യായത്തിൻ്റെ പേരിൽ ജീവനക്കാരുടെ എതിർപ്പിനെ തുടർന്ന് നേരത്തെയും പദ്ധതി നീട്ടിവെച്ചിരുന്നു.

കൃത്യതയ്ക്കായുള്ള എല്ലാ ശ്രമങ്ങൾക്കും സംഘടിത ആക്രമണം

ആറ് മാസം മുൻപ് നടപ്പാക്കാൻ ഉത്തരവിട്ട പദ്ധതിയാണ് സർവ്വീസ് സംഘടനകളുടെ എതിർപ്പിനെ തുടർന്ന് വീണ്ടും നീട്ടിവെച്ചത്. വർഷങ്ങളായി ഈ സംവിധാനത്തിനുള്ള ശ്രമങ്ങളെ സംഘടനാ ബലത്തിന് കീഴടങ്ങി പിൻവലിക്കുന്ന പതിവാണ്. ഈ മാസം അഞ്ചിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഒക്ടോബർ ഒന്ന് മുതൽ അക്സ്സ് കൺട്രോൾ സിസ്റ്റം ബയോമെട്രിക് പഞ്ചിങ്ങുമായി ബന്ധിപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു.

എതിർപ്പറിയിച്ച സർവ്വീസ് സംഘടനകൾ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. മുഖ്യമന്ത്രിയെയും സംഘടനാ നേതാക്കൾ സമീപിച്ചു. അക്സസ് കൺട്രോൾ, ജീവനക്കാരുടെ ചലന സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നായിരുന്നു വാദം. കഴിഞ്ഞ തിങ്കളാഴ്ച്ച നിർദേശം നടപ്പാക്കേണ്ടെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുംവരെ പദ്ധതി വേണ്ടെന്ന് ഉത്തരവിൽ പറയുന്നു. ജീവനക്കാർ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാനും പ്രവർത്തനം കാര്യക്ഷമമാക്കാനുമാണ് ലക്ഷങ്ങൾ ചെലവഴിച്ച് സെക്രട്ടറിയേറ്റിൽ അക്സസ് കൺട്രോൾ സിസ്റ്റം സ്ഥാപിച്ചത്.

മഴ തുടരും, ഒക്ടോബർ രണ്ട് വരെ ജാഗ്രതാ മുന്നറിയിപ്പ്

0

സെപ്തംബർ 28 മുതൽ ഒക്ടോബർ ഒന്നു വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഒക്ടോബർ  രണ്ടിന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

‘മ്യാന്മാറിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത  24 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും വടക്ക്- കിഴക്കൻ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ്, വടക്ക് – പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ഒഡിഷ- പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യത .
കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നൽ തുടരാൻ സാധ്യത. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത’- കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഓസ്കാർ പ്രവേശനം, ക്രെഡിറ്റ് മലയാളത്തിന് സമർപ്പിച്ച് ജൂഡ് ആൻ്റണിയും ടൊവിനോയും

കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തെ വെള്ളിത്തിരയിലെത്തിച്ച 2018 സിനിമയെ ഇന്ത്യയുടെ 2024ലെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് സംവിധാകന്‍ ജൂഡ് ആന്‍റണി ജോസഫ്. ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകരാമാണിതെന്നും ജൂഡ് ആന്‍റണി പറഞ്ഞു. മലയാള സിനിമക്ക് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

കഠിന പ്രയത്നത്തിൻ്റെ ഫലം – ടൊവിനോ

ഇന്നലെ 2018 ന് മികച്ച നടനുള്ള ഏഷ്യൻ അവാർഡ്, ഇന്ന് രാവിലെ എണീറ്റപ്പോൾ ചിത്രത്തിന് ഓസ്ക്കാർ എൻട്രി. ഇരട്ടി മധുരമെന്ന് ടൊവിനോ ഇൻസ്റ്റാഗ്രാം ലൈവിൽ പ്രതികരിച്ചു. ഇന്റർനാഷണൽ അംഗീകാരം എന്നത് വളരെ സന്തോഷമാണ്. ഇനിയും ഒരുപിടി അംഗീകാരങ്ങൾ ഈ സിനിമയ്ക്ക് ലഭിക്കും. അത്രമേൽ ഹാർഡ് വർക്ക് ചെയ്‌ത സിനിമയാണ്.

ഇത് മലയാളികളുടെ പേഴ്‌സണൽ സിനിമയാണ്. അതുകൊണ്ടാണ് ഇത്രയും അംഗീകാരം കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിയത്. നമ്മുടെ കൂട്ടായ്മയാണ് ഈ സിനിമയെന്നും ടോവിനോ പറഞ്ഞു. 

ഗുരു (1997),‘ആദാമിന്റെ മകൻ അബു’ (2011), ‘ജല്ലിക്കെട്ട്’ (2020) എന്നിവയാണു മുൻപു ഓസ്കറിൽ ഇന്ത്യയുടെ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളസിനിമകൾ.

2018 പ്രളയം

പ്രശസ്ത സംവിധായകൻ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ 16 അംഗ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ സമിതിയാണു സിനിമ തിരഞ്ഞെടുത്തത്.

രാജ്യത്തെ വിവിധ ഭാഷകളിൽനിന്നുള്ള 22 സിനിമകളാണ് ഓസ്കർ എൻട്രിക്കുവേണ്ടിയുള്ള മത്സരത്തിലുണ്ടായിരുന്നത്. കാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്യുന്ന സിനിമയുടെ ആശയമാണു ‘2018’ തിരഞ്ഞെടുക്കാൻ പ്രധാന കാരണമെന്നു ഗിരീഷ് കാസറവള്ളി പറഞ്ഞു.

ബോക്സ് ഓഫിസിൽ വൻവിജയം നേടിയ സിനിമ 100 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു.

വിദേശ ഭാഷ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക.

 കേരളത്തില്‍ 2018ല്‍ ഉണ്ടായ പ്രളയത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് 2018. 2024 മാര്‍ച്ച് പത്തിനാണ് ഓസ്‌കര്‍ പ്രഖ്യാപനം.

30 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്സ്ഓഫീസില്‍ 200 കോടി സ്വന്തമാക്കിയിരുന്നു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുകയും ചെയ്തു.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിത കോശി തുടങ്ങി മലയാളത്തിലെ മുന്‍നിരതാരങ്ങളെ അണിനിരത്തി ഒരുക്കിയ ‘2018’ മെയ് 5 -നാണ് തിയറ്റര്‍ റിലീസ് ചെയ്തത്.

‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷന്‍സ് ‘എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഖില്‍ പി ധര്‍മജന്റേതാണ് സഹതിരക്കഥ. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍.

 ചമന്‍ ചാക്കോ ചിത്രസംയോജനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നോബിന്‍