കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും സഹായിയും പിടിയിൽ. കുളത്തൂപ്പുഴ തിങ്കൾ കാരിക്കം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സുജി കുമാർ സഹായി വിജയൻ എന്നിവരാണ് പിടിയിലായത്. പട്ടയം പോകുവരവ് ചെയ്ത് നൽകാൻ 15000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.ഈ തുക കൈമാറുന്നതിനിടെയാണ് പിടിയിലായത്.
തിങ്കൾകരിക്കകം സ്വദേശിയായ പരാതിക്കാരന്റെ സഹോദരിയുടെ പേരിലുള്ള 30 സെന്റ് വസ്തുവിന്റെ പട്ടയം അനുവദിച്ചു കിട്ടുന്നതിന് ഈ വർഷം ജനുവരി മാസത്തിൽ പുനലൂർ താലൂക്ക് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. താലൂക്ക് ഓഫീസിൽ നിന്ന് റിപ്പോർട്ട് ലഭിക്കുന്നതിനായി തിങ്കൾകരിക്കകം വില്ലേജ് ഓഫീസിൽ അയച്ചു നൽകിയ അപേക്ഷയിൽ മാസങ്ങളോളം നടപടിയുണ്ടായില്ല. തുടർന്ന് വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോൾ 15,000 രൂപ കൈക്കൂലിയുമായി വരാൻ സുജി മോൻ സുധാകരൻ ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരൻ ഈ വിവരം വിജിലൻസ് കൊല്ലം യൂണിറ്റ് പോലീസ് ഡപ്യൂട്ടി സൂപ്രണ്ടിനെ അറിയിച്ചു. അസിസ്റ്റൻ്റെ വീട് നിർമ്മാണത്തിലിരിക്കുന്ന ഏരൂരിൽ വച്ച് പരാതിക്കാരനിൽ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങവെയാണ് വിജിലൻസ് കൈയോടെ പിടികൂടിയത്.
കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സഹകരണ ബാങ്ക് ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സും അറസ്റ്റില്‍. ചോദ്യംചെയ്തശേഷമാണ് ഇ.ഡി ഇയാളെ അറസ്റ്റ് ചെയ്തത്.
കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിലും ജില്‍സ് പ്രതിയായിരുന്നു. പിന്നീട് ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. വടക്കാഞ്ചേരി കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന് പിന്നാലെയാണ് ജിൽസിനെയും അറസ്റ്റ് ചെയ്യുന്നത്.
കേസില്‍ കുടുക്കിയതാണെന്നും ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്നും ജിൽസ് ആരേപിച്ചിരുന്നു. സി.പി.എം. നോമിനിയായാണ് താന്‍ ബാങ്കില്‍ ജോലിക്ക് പ്രവേശിച്ചതെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
കരുവന്നൂര്‍ ബാങ്കില്‍ മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജില്‍സ് എന്നിവര്‍ വായ്പാത്തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ചതായി ഇ.ഡി. കണ്ടെത്തിയിരുന്നു. വെളപ്പായ സതീശന്‍, പി.പി. കിരണ്‍ എന്നിവര്‍ക്ക് കൂട്ടുനത് ബിജു കരീം, സി.കെ. ജില്‍സ് എന്നിവരാണെന്ന് ക്രൈബ്രാഞ്ച് കണ്ടെത്തലും ഉണ്ടായിരുന്നു.
ചെറുവണ്ണൂരിൽ നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫറോക്ക് മുൻസിപ്പാലിറ്റിയിലെയും കോഴിക്കോട് കോർപ്പറേഷനിലെ ബന്ധപ്പെട്ട വാർഡുകളിലെയും കണ്ടെയിൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. നിപ ബാധിത മരണങ്ങൾ നടന്ന വടകര താലൂക്കിലെ കണ്ടെയിൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സെപ്റ്റംബർ 21ന് പിൻവലിച്ചിരുന്നു. ഇതോടെ ജില്ലയിൽ നിപ്പയുമായി ബന്ധപ്പെട്ട കണ്ടെയിൻമെന്റ് സോണുകൾ ഇല്ലാതായി.
ആരോഗ്യ വിദഗ്ധസമിതിയുടെ നിർദ്ദേശത്തെ തുടർന്ന് കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ മുഴുവൻ വാർഡുകളിലെയും നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കളക്ടർ എ. ഗീത ഉത്തരവിറക്കി.
ചെറുവണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തിയിരുന്നു. ഇവരുടെയെല്ലാം പരിശോധനാസാമ്പിളുകൾ നെഗറ്റീവ് ആയതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്.
സമ്പർക്ക ലിസ്റ്റിലുള്ളവർ തുടരണം
അതേസമയം, പോസിറ്റീവ് ആയവരുമായി അടുത്ത സമ്പർക്കമുണ്ടായതിനെത്തുടർന്ന് ക്വാറന്റീനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിക്കുന്നതുവരെ ക്വാറന്റീനിൽ തുടരണം. ഇക്കാര്യം ബന്ധപ്പെട്ട വാർഡുകളിലെ ആർ.ആർ.ടിമാരും ആരോഗ്യപ്രവർത്തകരും ഉറപ്പുവരുത്തും.
പൊതു പരിപാടികൾ അറിയിക്കണം
ജില്ലയിൽ ഒക്ടോബർ ഒന്ന് വരെയുള്ള പൊതുപരിപാടികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കുകയും ചെയ്യണം. നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പോലീസ് ഉറപ്പുവരുത്തും. ജില്ലയിൽ പൊതുവായി ഏർപ്പെടുത്തിയ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. 9 ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലേർട്ട്. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ഇടത്തരം മഴ/ഇടി/മിന്നൽ തുടരാൻ സാധ്യതയുണ്ട്.
സെപ്റ്റംബർ 28 & 29 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആൻഡമാൻ കടലിൽ വെള്ളിയാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീട് ഇത് ശക്തി കൂടിയ ന്യൂനമർദമാകുമെന്നുമാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.
രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് പ്രശസ്ത ബോളിവുഡ് നടി വഹീദ റഹ്മാന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് ഈ വർഷത്തെ ദാദാസാഹിബ് ഫാൽക്കെ അവാർഡിന് വഹീദ റഹ്മാനെ തിരഞ്ഞെടുത്തതായി കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.
പ്യാസ, കാഗസ് കെ ഫൂൽ, ചൗധവി കാ ചന്ദ്, സാഹിബ് ബിവി ഔർ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയത്തിന് വഹീദ നിരൂപക പ്രശംസ നേടിയിട്ടുണ്ടെന്ന് അനുരാഗ് താക്കൂർ പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ ചെങ്കൽപ്പേട്ടിൽ 1938 ഫെബ്രുവരി 3നാണ് വഹീദാ റഹ്മാൻ ജനിച്ചത്. തമിഴ്നാട്ടിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തിൽ ജനിച്ചു വളർന്ന് വഹീദ 1955ൽ ‘റോജുലു മറായി’ എന്ന തെലുങ്കുചിത്രത്തിൽ ഒരു ഐറ്റം നമ്പറിലൂടെയാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ആലിബാബാവും 40 തിരുടർഗളും എന്ന തമിഴ്ചിത്രത്തിൽ ഒരു നർത്തകിയായാണ് വഹീദ ശ്രദ്ധേയ വേഷത്തിൽ എത്തുന്നത്.
തുടർന്ന് 1955-ൽ ‘സിഐഡി’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ഗുരുദത്തിന്റെ പ്യാസാ, കാഗസ് കേ ഫൂൽ എന്നീ ചിത്രങ്ങക്ക് തുടർച്ചയായി 90-ഓളം ചിത്രങ്ങളിൽ വേഷമിട്ടു. ‘പ്യാസ’, ‘കാഗസ് കാ ഫൂൽ’, ‘ചൗദഹ് വിൻ കാ ചാങ്’, ‘സാഹിബ് ബീബി ഔർ ഗുലാം’, ‘ഗൈഡ്’, ‘റാം ഔർ ശ്യാം’, ‘നീൽ കമൽ’, ‘ഖാമോശീ’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായ വഹീദ അറുപതുകളിലും എഴുപതുകളിലും ബോളിവുഡിലെ സ്വപ്നനായികയായി വഹീദ റഹ്മാൻ മാറി.
1972 ൽ പത്മഭൂഷനും 2011 ൽ പത്മശ്രീയും
അഞ്ചുപതിറ്റാണ്ടിലേറെയിയി അഭിനയ രംഗത്തുണ്ട്. രേഷ്മ ഔർ ഷേര എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. 1972-ൽപദ്മശ്രീയും 2011-ൽ പത്മഭൂഷനും നൽകി രാജ്യം അവരെ ആദരിച്ചു.
‘ദിലീപ് കുമാർ’, ‘സുനിൽ ദത്ത്’ എന്നിവരുടെ നായികയായും വഹീദ അക്കാലത്ത് ബോളിവുഡിന്റെ ആരാധാനാപാത്രമായി. വിശ്വാസപരിസരം തന്റെ കരിയറിന് വേലിതീർത്തപ്പോൾ ആ വേലിക്കെട്ടുകളെ പൊട്ടിച്ചെറിഞ്ഞുകൊണ്ട് നൃത്തവും അഭിനയവും ജീവശ്വാസമാക്കിയ കലാകാരിയാണ്.
‘പെൺകുട്ടികളെ ഭരതനാട്യം പഠിപ്പിക്കുകയും സിനിമയിൽ അഭിനയിപ്പിക്കുകയുമൊക്കെ ചെയ്താൽ വിവാഹം നടക്കുമോ എന്ന് പിതാവിന്റെ ചില സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ വിമർശനം ഉന്നയിച്ചു. ഭൂമിയിലെ ഒരു ജോലിയും മോശപ്പെട്ടതല്ല, മനുഷ്യരാണ് ചീത്തയാകുന്നത്,’ എന്നായിരുന്നു അദ്ദേഹം അവർക്ക് മറുപടി നൽകിയത്,’ എന്നാണ് വഹീദ ഒരഭിമുഖത്തിൽ പറഞ്ഞത്.
ഇപ്പോൾ അവർ ദാരിദ്ര്യത്തിനെതിരെ പോരാടുന്ന രംഗ് ദേ എന്ന സംഘടനയുടെ അംബാസഡറുമാണ്. ഗൈഡ്, നീൽ കമൽ, ഖാമോഷി, രേഷ്മ ഔർ ഷേരാ തുടങ്ങിയവ ഇവരുടെ പ്രശസ്ത ചിത്രങ്ങളാണ്. രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969-ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.
കടയ്ക്കലില്‍ സൈനികനെ മര്‍ദിച്ച് മുതുകിൽ ‘പി.എഫ്.ഐ’ എന്ന് ചാപ്പകുത്തിയതായുള്ള പരാതി ആസൂത്രിത നാടകം എന്ന് കണ്ടെത്തി. പ്രശസ്തനാകാന്‍ വേണ്ടി സൈനികന്‍ തന്നെയാണ് സംഭവം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പരാതിക്കാരനായ സൈനികന്‍ ഷൈന്‍കുമാറിനെയും തട്ടിപ്പിൽ ഇയാളുടെ പങ്കാളിയായ സുഹൃത്ത് ജോഷിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
സുഹൃത്തായ ജോഷിയെ ചോദ്യംചെയ്തതോടെയാണ് ദുരൂഹതകള്‍ നിറഞ്ഞ പരാതിയില്‍ വഴിത്തിരിവുണ്ടായത്. എന്നാൽ വെറും പ്രശസ്തിക്കായി ചെയ്തതാണ് എന്ന ഇവരുടെ മൊഴി ദുരൂഹമായി തുടരുകയാണ്. പരാതി പ്രകാരം പോലീസ് തെളിവെടുപ്പ് നടത്തിയെങ്കിലും യാതൊരുവിവരങ്ങളും ലഭിച്ചില്ല. വിവരമറിഞ്ഞ് പാങ്ങോടുനിന്ന് മിലിട്ടറി ഇന്റലിജന്‍സും അന്വേഷണത്തിന് എത്തിയിരുന്നു. സൈനികൻ്റെ മുതുകത്ത് നിരോധിത സംഘടനയുടെ പേര് ചാപ്പ കുത്തി എന്നത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.
ഷൈന്‍കുമാര്‍ ടീഷര്‍ട്ട് വലിച്ചുകീറിയശേഷം തന്നെക്കൊണ്ടാണ് പുറത്ത് പി.എഫ്.ഐ. എന്ന് എഴുതിയതെന്ന് പിന്നീട് സുഹൃത്ത് പൊലീസിനോട് സമ്മതിച്ചു. പ്രശസ്തിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന മൊഴിയാണ് നൽകിയത്. എഴുതാന്‍ ഉപയോഗിച്ച പെയിന്റും ബ്രഷും പോലീസ് കണ്ടെടുക്കുകയുംചെയ്തു.
ബൈക്കിലെത്തിയ പി എഫ് ഐ സംഘം എന്ന നാടകം എന്തിനായിരുന്നു
ഞായറാഴ്ച രാത്രി ഒരുസംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്നും തുടര്‍ന്ന് ടീഷര്‍ട്ട് വലിച്ചുകീറി പുറത്ത് നിരോധിതസംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ ചുരുക്കപ്പേരായ ‘പി.എഫ്.ഐ’ എന്ന് എഴുതിയെന്നായിരുന്നു സൈനികനായ ഷൈന്‍കുമാറിന്റെ പരാതി. തിങ്കളാഴ്ച രാജസ്ഥാനിലെ ജോലിസ്ഥലത്തേക്ക് മടങ്ങാനിരിക്കെയാണ് സംഭവമുണ്ടായതെന്നും ഇയാള്‍ പറഞ്ഞിരുന്നു.
സൈനികന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് സംഘത്തിന് തുടക്കംമുതലേ സംശയങ്ങളുണ്ടായിരുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷനെ ഇ.ഡി.അറസ്റ്റ് ചെയ്തു. കരുവന്നൂര്‍ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.
നേരത്തെ, ചോദ്യംചെയ്യലിനിടെ ഇ.ഡി. ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്ന് അരവിന്ദാക്ഷന്‍ പരാതി നല്‍കിയിരുന്നു. ഈ കേസിൽ പൊലീസ് ഇ ഡി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു.
ബാങ്ക് തട്ടിപ്പിൽ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് അരവിന്ദാക്ഷൻ. വീട്ടില്‍ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്.
കരുവന്നൂരുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്യുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷന്‍. മുന്‍ മന്ത്രിയും എംഎല്‍എയമായ എ.സി.മൊയ്തീന്‍, സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണന്‍ എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ചോദ്യംചെയ്തിരുന്നു.കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അരവിന്ദാക്ഷന്‍ എ.സി.മൊയ്തീനുമായി അടുത്ത ബന്ധമുള്ള നേതാവാണ്.
വടക്കാഞ്ചേരി സിപിഎം ഏരിയാ കമ്മിറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായ അരവിന്ദാക്ഷൻ ഇപ്പോൾ നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയാണ്.
സംവിധായകന്‍ കെ.ജി.ജോര്‍ജിന് അവസാന യാത്രാമൊഴി. ഔദ്യോഗിക ബഹുമതികളോടെ ചൊവ്വാഴ്ച വൈകീട്ട് 4.30-ന് എറണാകുളം രവിപുരം ശ്മശാനത്തിലാണ് മറവ്. രാവിലെ 11 മുതല്‍ മൂന്നുവരെ എറണാകുളം ടൗണ്‍ഹാളിൽ പൊതുദര്‍ശനം.
ഞായറാഴ്ച രാവിലെ 10.15-ന് കാക്കനാട്ടെ വയോജന കേന്ദ്രത്തിലാണ് കെ.ജി.ജോര്‍ജ് അന്തരിച്ചത്. ഭാര്യയും മക്കളും സ്ഥലത്തില്ലായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ജോര്‍ജിന്റെ ഭാര്യ സല്‍മയും മകന്‍ അരുണും കുടുംബവും ഗോവയില്‍ നിന്നും മകള്‍ താര ദോഹയില്‍ നിന്നും തിങ്കളാഴ്ച തന്നെ കൊച്ചിയിലെത്തി.
സിനിമയെക്കുറിച്ച് പഠിക്കുന്നവർക്ക്, സിനിമക്കാരനാകാൻ ആഗ്രഹിക്കുന്നവർക്ക് പാഠപുസ്തകമായി മാറിയ സിനിമകളായിരുന്നു കെ ജി ജോർജ് സിനിമകൾ. മലയാള സിനിമയിലെ പിൻതലമുറയെ ആവേശിച്ച സംവിധായകൻകൂടിയായിരുന്നു കെ.ജി. ജോർജ്. ചിത്രകാരനായി തീരാനായിരുന്നു ആഗ്രഹം.
1946ൽ തിരുവല്ലയിൽ പെയിൻറിങ് വർക്ഷോപ്പുകാരനായ സാമുവലിന്റെയും അന്നാമ്മയുടെയും മകനായാണ് ജോർജിെൻറ ജനനം. വാഹനങ്ങൾക്ക് പെയിൻറ് ചെയ്യുന്ന പണിയായിരുന്നു പിതാവിന്. അപ്പൻ പെയിൻറ് ചെയ്ത ലോറികളുടെ ബോഡിയിൽ ചിത്രപ്പണി ചെയ്ത് സഹായിയായി കൂടിയ ജോർജിനെ വായനയിലേക്ക് ആനയിച്ചത് മാതാവ് അന്നാമ്മയാണ്. ബഷീറിനെയും പൊൻകുന്നം വർക്കിയെയുമൊക്കെ അന്നാമ്മയായിരുന്നു ജോർജിന് പരിചയപ്പെടുത്തിക്കൊടുത്തത്. അമ്മയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമായിരുന്നതെന്ന് ജോർജ് ഓർമിച്ചിട്ടുണ്ട്.
തിരുവല്ല എസ്.ഡി സെമിനാരി സ്കൂളിൽ നിന്ന് പത്താംതരം പാസായി. തുടർപഠനം ചങ്ങനാശ്ശേരിയിലായിരുന്നു. കേരള സര്‍വകലാശാലക്കു കീഴിലായിരുന്ന ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയശേഷം 1968ല്‍ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാസംവിധാനം പഠിക്കാനായി ചേരുമ്പോൾ പ്രതിഭകളുടെ ഒരു വലിയ സംഘംതന്നെ അവിടെയുണ്ടായിരുന്നു. പിൽക്കാലത്ത് പ്രശസ്തരായിത്തീർന്ന നടന്മാരായ മോഹൻ ശർമ, രവി മേനോൻ, സംവിധായകൻ ആസാദ്, നടി ജമീല മാലിക്, ഹിന്ദി നടി ജയഭാദുരി, കാമറാമാൻ രാമചന്ദ്ര ബാബു തുടങ്ങിയവരൊക്കെ സഹപാഠികളായി കിട്ടി. ജോൺ എബ്രഹാമും ബാലു മഹേന്ദ്രയും സീനിയർമാർ. ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിനിടയിലെ ആദ്യ ഡിപ്ലോമ ചിത്രത്തിന് കാമറ ചലിപ്പിച്ചത് രാമചന്ദ്ര ബാബുവായിരുന്നു. ജോർജിന്റെ ആദ്യ നായികയായത് ജമീല മാലിക് എന്ന മലയാളി പെൺകുട്ടിയായിരുന്നു. രാമചന്ദ്ര ബാബുവുമായുള്ള ജോർജിന്റെ സൗഹൃദം തിരശ്ശീലയിലും നീണ്ടു. ജോർജിന്റെ പത്തോളം സിനിമകളുടെ കാമറാമാനാകാൻ രാമചന്ദ്ര ബാബുവിന് കഴിഞ്ഞു.
മൂന്നു വർഷത്തോളം രാമു കാര്യാട്ടിന്‍റെ സഹായിയായിരുന്ന ജോർജ് 1976ൽ ‘സ്വപ്നാടനം’ എന്ന ബ്ലാക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. മനുഷ്യജീവിതങ്ങളുടെ സങ്കീര്‍ണമായ മനോവ്യാപാരങ്ങൾ ജോർജിന്റെ ഇഷ്ടവിഷയമായിരുന്നു. ആദ്യ ചിത്രത്തിലൂടെ പരീക്ഷിച്ചുവിജയിച്ച ആ വഴിയിൽ പിന്നെയും സഞ്ചരിച്ചുവെങ്കിലും തന്നെത്തന്നെ കോപ്പിയടിക്കാതിരിക്കാനുള്ള കരുതൽ അദ്ദേഹത്തിനുണ്ടായി. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനും തിരക്കഥക്കുമുള്ള സംസ്ഥാന അവാര്‍ഡും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടിക്കൊണ്ട് ജോർജ് എന്ന പുതുക്കക്കാരന്‍ മലയാള സിനിമയിൽ മേൽവിലാസമുറപ്പിച്ചു.
ഫെല്ലിനിയോ ഹിച്കോക്കോ
ഫ്രെഡറികോ ഫെല്ലിനി എന്ന വിഖ്യാത ഇറ്റാലിയൻ സംവിധായകനോടുള്ള അഭിനിവേശം ജോർജ് പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ഭ്രമാത്മകമായ ഫെല്ലിനിയുടെ ഫ്രെയിമുകളുടെ അന്ധനായ ഒരാരാധകനാകാതിരിക്കാനും ജോർജ് ജാഗരൂകനായിരുന്നു. അതേസമയം, ഇതിവൃത്തങ്ങളിൽ പലവട്ടം ലോകപ്രശസ്തനായ ആൽഫ്രഡ് ഹിച്കോക്കിനെ അനുധാവനം ചെയ്തിട്ടുമുണ്ട്. മലയാളത്തിെൻറ ഹിച്കോക്ക് എന്നുപോലും കെ.ജി. ജോർജിനെ വിശേഷിപ്പിച്ചവരുണ്ട്.
പെൺപക്ഷം പറഞ്ഞ സിനിമകൾ
പെൺജീവിതങ്ങളുടെ നേർക്ക് തുറന്നുപിടിച്ച കാമറ നമുക്കിന്ന് അപരിചിതമല്ല. പക്ഷേ, ആൺകോയ്മ അടക്കിവാണ സിനിമയിൽ സ്ത്രീകളുടെ നേരേ കാമറ തിരിക്കാനും ശക്തരായ സ്ത്രീകഥാപാത്രങ്ങളെ നായകന്മാർക്കുമപ്പുറം ആർജവത്തോടെ തലയുയർത്തി നിർത്താനും ശ്രമിച്ച ആദ്യ സംവിധായകൻ ജോർജ് തന്നെയാണ്. സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകന്റെ മനസിൽ നായകന്മാർ മാത്രം അവശേഷിക്കുന്ന സിനിമകളായിരുന്നില്ല ജോർജിന്റേത്. നായകന്മാരെക്കാൾ ഉള്ളിൽ കൊളുത്തിവലിക്കുന്ന നായികമാരായിരുന്നു അവർ. സ്വപ്നാടനത്തിലെ റാണി ചന്ദ്രയുടെ സുമിത്രയും ഉൾക്കടലിലെ ശോഭയുടെ റീനയും മേളയിൽ അഞ്ജലി നായിഡുവിന്റെ ശാരദയും ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്കിലെ ലേഖയും മറ്റൊരാളിലെ സീമയുടെ സുശീലയും ഉള്ളിൽ കൊളുത്തിവലിക്കുന്ന കഥാപാത്രങ്ങളായിരുന്നു.
ആദാമിൻറന്റെ വാരിയെല്ല് സമ്പൂർണ സ്ത്രീപക്ഷ സിനിമയായിരുന്നു. ആലീസ്, വാസന്തി, അമ്മിണി എന്നീ മൂന്നു സ്ത്രീകളുടെ ജീവിതത്തിലൂടെ ജോർജ് പറഞ്ഞത് പുരുഷകാമനകളുടെ അടിമകളായി കഴിയേണ്ടിവന്ന സ്ത്രീവർഗത്തിെൻറ മുഴുവൻ കഥയുമായിരുന്നു. ആ സിനിമയുടെ ടൈറ്റിൽതന്നെ അത് അടയാളപ്പെടുത്തുന്നുണ്ട്.
പുരുഷലോകം തീർത്ത തടവറകൾ പൊളിച്ച് സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്ന സ്ത്രീകളാണ് ആ ചിത്രത്തിെൻറ ക്ലൈമാക്സ്. സ്വന്തം സിനിമയിലെ ഫ്രെയിമിലേക്ക് കയറിവരുന്ന ഹിച്കോക്കിനെപ്പോലെ ഭ്രമാത്മകമായ ആ ഫെല്ലിനി മോഡൽ സീനിലേക്ക് ജോർജും കാമറമാനും ടീമും കയറിവരുന്നുണ്ട് ആ ക്ലൈമാക്സിൽ. പക്ഷേ, അവരുടെ കാമറകളെ തട്ടിത്തെറിപ്പിച്ചുകൊണ്ടായിരുന്നു പെണ്ണുങ്ങൾ സ്വാതന്ത്ര്യം വാരിപ്പുണർന്ന് പുറത്തേക്കു കുതിച്ചത്. അങ്ങനെയൊരു ദൃശ്യം ആ കാലത്ത് തികച്ചും ഞെട്ടിക്കുന്നതായിരുന്നു.
ഇറ്റാലിയൻ സംവിധായകൻ ഫ്രെഡറികോ ഫെല്ലിനിയായിരുന്നു ജോർജിെൻറ ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ. ഫെല്ലിനിയോടുള്ള ജോർജിെൻറ ഇഷ്ടം അറിയുന്ന യുവസംവിധായകൻ ലിജിൻ ജോസ് ജോർജിന് ആദരമായി സമർപ്പിച്ച ഡോക്യുമെൻററിയാണ് ‘8 1/2 ഇൻറർ കട്ട്സ്: ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ.ജി. ജോർജ്’. അവസാന കാലത്തെ അവശതകളുടെ ഇടയിൽ തെൻറ സിനിമകളെക്കുറിച്ച് ജോർജ് വിലയിരുത്തുന്നുണ്ട്. ശരീരത്തിെൻറ അവശതകൾ ആ മനസ്സിനെ ഒട്ടും തളർത്തിയിരുന്നില്ല. ഇനിയും ചെയ്യാനുള്ള തെൻറ സിനിമകളെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കുന്നുണ്ട്. സിനിമയുടെ ലോകത്തെ ഒട്ടും സുഖകരമല്ലാത്ത സമവാക്യങ്ങളാൽ അസമയത്ത് സിനിമാ ജീവിതം നിർത്തേണ്ടിവന്നയാളാണ് കെ.ജി. ജോർജ്. പക്ഷേ, ന്യൂജെൻ സംവിധായകരെപ്പോലും അത്രയേറെ പ്രചോദിപ്പിച്ച മറ്റൊരു സംവിധായകനും ജോർജിനെ പ്പോലെ വേറെയില്ല എന്നതാണ് കൗതുകം. ആത്മകഥയായ ‘ഫ്ലാഷ്ബാക്: എെൻറയും സിനിമയുടെയും’ എന്ന പുസ്തകത്തിൽ തെൻറ സിനിമാജീവിതം തുറന്നുപറയുന്നുണ്ട്. എന്തുകൊണ്ട് താൻ സിനിമാജീവിതത്തിന് അകാലത്തിൽ വിരാമമിടേണ്ടിവന്നുവെന്ന് ജോർജ് വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും മികച്ച സിനിമകളാൽ പുതുതലമുറയും പാഠമായി ഏറ്റെടുത്തപ്പോഴും മികച്ച സംവിധായകനുള്ള പുരസ്കാരം ജോർജിനെ തേടി എത്തിയിരുന്നില്ല. പിൽക്കാലത്ത് സമഗ്ര സംഭാവനക്കുള്ള ജെ സി ഡാനിയേൽ പുരസ്കാരം നൽകുകയായിരുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചു. ഇ ഡി മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി എം കെ കണ്ണന്‍ പറഞ്ഞു.
ഇഡി ആഗ്രഹിക്കുന്ന ഉത്തരങ്ങള്‍ പറയാന്‍ തന്നെ നിര്‍ബന്ധിച്ചു. അവർക്കാവശ്യമുള്ളത് പറയിക്കയാണ് ലക്ഷ്യം. ഇഡിക്കെതിരായ പി ആര്‍ അരവിന്ദാക്ഷന്റെ പരാതി സത്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടു. ഈ മാസം 29ന് വീണ്ടും ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം കെ കണ്ണന്‍ പ്രതികരിച്ചു.
കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട ഒരു കാര്യവും തന്റെ അടുത്ത് ഇ ഡി ചോദിച്ചില്ല. ബാങ്കിലെ ചില ആളുകളുടെ അക്കൗണ്ടിനെ കുറിച്ച് മാത്രം ചോദിച്ചു. ഭീഷണിയും സമ്മര്‍ദവുമാണ് ഉണ്ടായത്. അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഉത്തരം പറയുകയാണ് അവരുടെ ആവശ്യം’. എം കെ കണ്ണന്‍ പ്രതികരിച്ചു.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണന്‍ അഭിഭാഷകര്‍ക്കൊപ്പം ഇ ഡി ഓഫീസിലെത്തിയത്. കേസിലെ പ്രധാന പ്രതി സതീഷ് കുമാറുമായുള്ള ബന്ധം ചോദിച്ചറിയുകയായിരുന്നു ഇഡിയുടെ പ്രധാന ഉദ്ദേശം. എന്നാല്‍ അത്തരം ചോദ്യങ്ങള്‍ അല്ല തന്നോട് ചോദിച്ചതെന്നാണ് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് എംകെ കണ്ണന്‍ പ്രതികരിച്ചത്.
സതീഷ് കുമാറുമായി 30 വര്‍ഷത്തെ ബന്ധമുണ്ടെന്നും എന്നാല്‍ ഒരു രൂപ പോലും കൈപറ്റിയിട്ടില്ലെന്നും എം കെ കണ്ണന്‍ ആവര്‍ത്തിച്ചു. ഈ മാസം 29ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എം കെ കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു. സതീഷ് കുമാര്‍ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്നും ഇഡി പരിശോധിക്കുന്നുണ്ട്.
തമിഴ്നാട്ടില്‍ ബിജെപിയുമായി സഖ്യമില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് അണ്ണാഡിഎംകെ. ബിജെപി അധ്യക്ഷന്‍ അണ്ണാമലയുമായുള്ള തര്‍ക്കങ്ങളാണ് ഇതിനു പിന്നിൽ. ഇതോടെ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കുമെന്നും പാർട്ടി വ്യക്തമാക്കി. സംസ്ഥാന – ജില്ലാ നേതാക്കളെ ഉൾപ്പെടുത്തി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തീരുമാനം ഏകകണ്ഠമായാണ് എടുത്തതെന്നും മുന്നണിയിൽ ഏതൊക്കെ പാർട്ടികളെ ഉൾപ്പെടുത്തണമെന്നു ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു തീരുമാനിക്കുമെന്നും ഡപ്യൂട്ടി ജനറൽ സെക്രട്ടറി കെ.പി.മുനുസാമി അറിയിച്ചു.
AIADMK Spokesperson Sasirekha, "…Based on the members' opinion we are taking this resolution… This is the happiest moment for AIADMK. We are very happy to face the upcoming elections whether it might be Parliament or Assembly elections…" https://t.co/GiNZLJsRR7pic.twitter.com/wkwn2QYNEI
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയെക്കുറിച്ചു നടത്തിയ വിവാദ പരാമർശമാണ് തുടക്കം. ഈറോഡ‍് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇരു പാർട്ടി നേതൃത്വവും തമ്മിലുള്ള ഉരസൽ ആരംഭിച്ചത്. അണ്ണാഡിഎംകെയുടെ സഖ്യം വേണ്ടെന്നും മുൻപ് അണ്ണാമലൈ തുറന്നടിച്ചിരുന്നു. തുടർന്നു ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾക്കു താൽക്കാലിക പരിഹാരമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം പൊതുസമ്മേളനത്തിനിടെ അണ്ണാദുരൈയെക്കുറിച്ച് വീണ്ടും അപകീർത്തിപെടുത്തുന്ന തരത്തിൽ പ്രസ്താവന അണ്ണാമലൈ നടത്തി. വീണ്ടും ഇരു വിഭാഗവും തമ്മിൽ വാക്പോരു തുടങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികം സീറ്റിനായി സമ്മർദ്ദം ശക്തമാക്കിയതും പ്രകോപനത്തിനു കാരണമായി.