പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയത് ലോക റെക്കോഡ് തകര്‍ത്താണ്.
രുദ്രാങ്ക്ഷ് ബാലാസാഹേബ് പാട്ടീല്‍, ദിവ്യാന്‍ഷ് സിംഗ് പന്‍വാര്‍, ഐശ്വരി പ്രതാപ് സിംഗ് തോമര്‍ എന്നിവരടങ്ങുന്ന ടീമാണ് രാജ്യത്തിനായി ഹാങ്ഷൂ ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം നേടിയത്.
ബാക്കു വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ മാസം ചൈന സ്ഥാപിച്ച ലോക റെക്കോര്‍ഡ് സ്‌കോറിനേക്കാള്‍ 0.4 പോയിന്റിനാണ് ഇന്ത്യന്‍ ടീം തകര്‍ത്തത്. മൂവരും ചേര്‍ന്ന് 1893.7 പോയിന്റ് നേടി.
1893.7 പോയിന്റുമായി ഇന്ത്യ സ്വര്‍ണം നേടിയപ്പോള്‍ 1890.1 പോയിന്റുമായി കൊറിയ വെള്ളിയും 1888.2 പോയിന്റുമായി ചൈന വെങ്കലവും നേടി. രുദ്രാങ്ക്ഷ്- 632.8, തോമര്‍- 631.6, ദിവ്യാന്‍ഷ് – 629.6 എന്നിങ്ങനെയാണ് പോയിന്റുകള്‍ സ്‌കോര്‍ ചെയ്തത്.
ചൈനയിൽ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മൂന്നാം മെഡലാണ് ഇത്. ഇന്നലെ 10 മീറ്റർ എയർ റൈഫിൾസിൽ വെള്ളി മെഡൽ നേട്ടത്തോടെ ആയിരുന്നു ഇന്ത്യ മെഡൽവേട്ടയ്ക്ക് തുടക്കമിട്ടത്. ആഷി ചൗക്സി, മെഹുലി ഘോഷ്, രമിത എന്നിവരുടെ ടീം 10 മീറ്റര്‍ എയര്‍ റൈഫിള്‍സിൽ വെള്ളി മെഡൽ നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസിൽ രമിത വെങ്കല മെഡലും സ്വന്തമാക്കിയിരുന്നു.
Shooting:
Vijayveer Sidhu is through to Final of 25m Rapid Fire Pistol event at Asian Games. Vijayveer scored 582 pts in Qualification to finish 6th (Top 6 qualify for Final).
ആദ്യ ദിനം അഞ്ച് മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്. മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യ നേടിയത്. മെഡൽ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്. ഇന്നത്തെ ആദ്യ ഇനമായ എയർ റൈഫിൾസിൽ വെള്ളി നേട്ടത്തോടെ ആയിരുന്നു ഇന്ത്യയുടെ മെഡൽവേട്ടയ്ക്ക് തുടക്കമായത്. ആഷി ചൗക്സി, മെഹുലി ഘോഷ്, രമിത എന്നിവരുടെ ടീം 10 മീറ്റര്‍ എയര്‍ റൈഫിള്‍സിൽ വെള്ളി മെഡൽ നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസിൽ രമിത വെങ്കല മെഡലും സ്വന്തമാക്കി.
ഇന്ത്യയുടെ മൂന്ന് മെഡലുകൾ തുഴച്ചിൽ വിഭാഗത്തിലാണ്. അര്‍ജുന്‍ ലാല്‍ ജത്-അരവിന്ദ് സഖ്യം തുഴച്ചിലിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ നേടിത്തന്നു. പുരുഷവിഭാഗം ലൈറ്റ് വെയ്റ്റ് ഡബിള്‍സ് സ്‌കള്‍സിൽ ഇന്ത്യയ്ക്ക് വെള്ളി മെഡലാണ് ലഭിച്ചത്. എട്ട് പേരടങ്ങുന്ന പുരുഷവിഭാഗം തുഴച്ചിലിലും ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കി. പുരുഷവിഭാഗം തുഴച്ചിൽ ടീം ഇനത്തില്‍ ഇന്ത്യയുടെ ബാബുലാല്‍ യാദവ്-ലേഖ് റാം സഖ്യം വെങ്കല മെഡലും സ്വന്തമാക്കി.
വനിതാ ക്രിക്കറ്റിൽ ബംഗ്ലാദേശിനെ തകർത്ത് ഫൈനലിൽ കടന്ന ഇന്ത്യ മെഡൽ ഉറപ്പിച്ചു. നാളെ ശ്രീലങ്കയ്ക്കെതിരെയാണ് സ്വർണമെഡൽ പോരാട്ടം. ഫുട്ബോളിൽ പുരുഷ ടീം പ്രീക്വാർട്ടറിൽ കടന്നു. മ്യാൻമാറിനെതിരായ മത്സരം സമനിലയിൽ ആയോതെടെയാണ് ഇന്ത്യയുടെ നേട്ടം. എന്നാൽ വനിതാ ഫുട്ബോളിൽ തായ്‌ലാന്‍ഡിനോട് തോറ്റ ഇന്ത്യ ഏഷ്യൻ ഗെയിംസിൽ നിന്ന് പുറത്തായി. ഹോക്കിയിൽ ഉസ്ബെക്കിസ്ഥാനെ 16-0ത്തിന് തോൽപ്പിച്ച് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ ഹോക്കി ടീമിന്റെ ഏറ്റവും ഉയർന്ന വിജയമാണിത്.
മദ്യപിക്കുകയോ ലഹരി വസ്തുക്കൾ ഉപയോഗിച്ചോ ജോലിക്കെത്തുന്ന പൊലിസുകാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് എഡിജിപിയുടെ കർശന ഉത്തരവ്. പല സ്ഥങ്ങളിലും മദ്യപിച്ച് ഉദ്യോഗസ്ഥർ ജോലിക്കെത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എസ്എച്ചഒമാർക്ക് ഇത്തരം വ്യക്തികളെ നിയന്ത്രിക്കുന്നതിൽ പൂർണ ഉത്തരവാദിത്വമുണ്ടെന്ന് എഡിജിപി എംആർ അജിത് കുമാർ ഇറക്കിയ സർക്കുലറിൽ ഓർമ്മപ്പെടുത്തി.
ഈ മാസം 23ന് എഡിജിപി ഇറക്കിയ സർ്കുലറിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. മദ്യിപിച്ച് ജോലിക്കെത്തിയ ഉദ്യോഗസ്ഥരുടെ പരാക്രമങ്ങൾ അടുത്തിടെ വലിയ ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കുലർ. മദ്യപിച്ചോ ലഹരി വസ്തുക്കൾ ഉപയോഗിച്ച് ജോലിക്കെത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാണ് സർക്കുലർ.
ഓരോ യൂണിറ്റ് മേധാവിയും ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിഞ്ഞ് ലിസ്റ്റ് ചെയ്യണം. അവർക്ക് വേണ്ട ചികിത്സയോ മറ്റോ മൽകണം. യോഗങ്ങളിൽ പ്രശ്നങ്ങൾ മനസ്സിലാക്കണം. തിരുത്താനുള്ള നടപടികൾ കൈക്കൊള്ളണം. ഇത് ആവർത്തിക്കുകയാണെങ്കിൽ കർശന നടപടിയെടുക്കണം. ഓരോ യൂണിറ്റിലും സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥർ ഇതിൽ ഉത്തരവാദികളായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.
കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിര്‍മാണം ഊരാളുങ്കലിന് നല്‍കിയതിനെതിരായ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കുറഞ്ഞ തുക പറഞ്ഞ സ്വകാര്യ കോണ്‍ട്രാക്ടറുടെ ക്വട്ടേഷനെക്കാള്‍ പത്ത് ശതമാനം വരെ തുകയ്ക്ക് സഹകരണ സൊസൈറ്റി നിര്‍മാണ കരാര്‍ ഏറ്റെടുക്കുമെങ്കില്‍ നല്‍കാമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണത്തിന് ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയത് എ.എം. മുഹമ്മദ് അലിയുടെ നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് ആയിരുന്നു. ഇവരുടെ ക്വട്ടേഷനെക്കാളും 7.10 ശതമാനം അധികം തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ കരാര്‍ നല്‍കാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
നാസയുടെ ഛിന്നഗ്രഹ സാമ്പിള്‍ ശേഖരണ വാഹനം തിരിച്ചെത്തി. ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിള്‍ ശേഖരിച്ച് ഒസിരിസ് റെക്‌സ് ഭൂമിയിൽ തിരികെ എത്തി. യുഎസിലെ യൂട്ടോ മരുഭൂമിയിലെ ടെസ്റ്റിങ് റേഞ്ചിലാണ് ഒസിരിസ് വീണത്. ഒരു ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുന്ന ആദ്യത്തെ യുഎസ് ദൗത്യമാണിത്.
ഭൂമിയില്‍ നിന്നും എട്ട് കോടി കിലോമീറ്റര്‍ അകലെയുള്ള ഛിന്നഗ്രഹമാണ് ബെന്നു. ഏഴ് വർഷമായി പുറപ്പെട്ട ദൌത്യ വാഹനമാണ് ഇത്. ബെന്നുവിന്റെ ഉപരിതരത്തില്‍ നിന്ന് ശേഖരിച്ച പൊടിപടലങ്ങളുടെ സാമ്പിളുകള്‍ ഉള്‍പ്പെടെയുമായാണ് ഒസിരിസ് റെക്‌സ് മടങ്ങിയെത്തിയിരിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും അപകടകരമായ പാറ എന്നറിയപ്പെടുന്ന ബെന്നുവിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഈ സ്‌പേസ് ക്രാഫ്റ്റിലൂടെ ഭൂമിയിൽ എത്തിച്ചു.
ഒസിരിസ് റെക്‌സില്‍ നിന്ന് ലഭിക്കുന്ന ചില സാമ്പിളുകള്‍ 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രഹങ്ങളുടെ രൂപീകരണത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രപഞ്ചോല്‍പത്തിയെക്കുറിച്ച് മനസിലാക്കാനുള്‍പ്പെടെ പുതിയ വിവരങ്ങള്‍ സഹായിച്ചേക്കമെന്നാണ് വിലയിരുത്തല്‍.
ബെന്നു അടുത്ത നൂറ്റാണ്ടിൽ ഭൂമിയിൽ ഇടിച്ചേക്കാം എന്നു കരുതുന്ന ഛിന്ന ഗ്രഹമാണ്. ഭ്രമണ മേഖലയിലെ ഒഴുകുന്ന പർവ്വതം എന്നാണ് ഇത് അറിയപ്പെടുന്നത്.
തിരിച്ചെത്തിയത് ഏഴ് വർഷത്തിന് ശേഷം
2016 ലാണ് ഒസിരിസ് റെക്സ് പുറപ്പെട്ടത്. 2018 ൽ ബെന്നുവിൻ്റെ ഭ്രമണപഥത്തിൽ എത്തി. 2020 ൽ ബെന്നുവിലെ പൊടിപടലങ്ങൾ ശേഖരിച്ച് തിരികെയുള്ള യാത്ര തുടങ്ങിയതാണ്.
ബെന്നുവില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് ശേഖരിച്ച പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളാണ് കാപ്‌സ്യൂളിലുള്ളത്. സൗരയുഥത്തിന്റെ ആരംഭവുമായി ബന്ധപ്പെട്ട പഠനങ്ങളിലേക്ക് വഴിവയ്ക്കുന്ന നിര്‍ണായക ദൗത്യമാവും ഒസിരിസ് എന്നാണ് സാമ്പിള്‍ ക്യാപ്സ്യൂള്‍ യൂട്ടാ ടെസ്റ്റിലും ട്രെയിനിങ് റേഞ്ചിലും ഇറങ്ങിയതിന് ശേഷം നാസ പ്രതികരിച്ചത്. ഏഴ് വര്‍ഷങ്ങള്‍ നീണ്ട ദൗത്യത്തിന്റെ അതി സങ്കീര്‍ണമായ ലാന്‍ഡിങ് പ്രക്രിയയിലൂടെയാണ് കാപ്സ്യൂള്‍ ഭൂമിയില്‍ സുരക്ഷിതമായി വന്നിറങ്ങിയത്.
ഒരു ബഹിരാകാശ പേടകം ചുറ്റിനിരീക്ഷിച്ച ഏറ്റവും ചെറിയ ബഹിരാകാശ വസ്തുവാണ് ബെന്നു.
തിരിച്ചെത്തിയ വിവരങ്ങൾ കൈമാറിയ റെക്സിൻ്റെ അടുത്ത ദൌത്യം 2029 ലാവും തിരിച്ചെത്തുക.
Live Now: #OSIRISREx delivers the US's first pristine asteroid sample after a 3.86 billion-mile journey. Watch landing live from @DeptOfDefense's Utah Test & Training Range. Use #AskNASA to send us your questions. https://t.co/biS33u6RtP
സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ മരണത്തില്‍ അസംബന്ധ പ്രയോഗം നടത്തിയ കെ.പി.സി.സി. പ്രസിഡന്റ് സുധാകരന് മറുപടിയുമായി മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. താനിവിടെ ജീവിച്ചിരിപ്പുണ്ടെന്നും സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പി.സി. ജോര്‍ജ് ട്രോളി.
മലയാള സിനിമാ സംവിധായകരിലെ എക്കാലത്തെയും പ്രതിഭയായ കെ. ജി. ജോര്‍ജിന്റെ മരണം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചപ്പോളായിരുന്നു കെ. സുധാകരൻ്റെ വിചിത്രമായ പ്രതികരണം. ‘നല്ലൊരു പൊതുപ്രവര്‍ത്തകനും രാഷ്ട്രീയനേതാവുമായിരുന്നു അദ്ദേഹം’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള സുധാകരൻ്റെ പ്രതികരണം. പൊതു രംഗത്തിന് വലിയ നഷ്ടമായിപ്പോയി എന്ന് സങ്കടവും അറിയിച്ചു.
സുധാകരന്‍ അനുശോചനം രേഖപ്പെടുത്തിയത് പി.സി. ജോര്‍ജിനാണെന്ന് ഇതോടെ സോഷ്യൽ മീഡിയ ട്രോൾ ഏറ്റെടുത്ത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിഷയത്തില്‍ സമർത്ഥമായ പ്രതികരണവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയത്.
‘ഞാന്‍ മരിച്ചു എന്ന് സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. അദ്ദേഹത്തിന്റെ ദുഃഖത്തോടെയുള്ള സംസാരം കേള്‍ക്കാന്‍ ഇടയായി. പള്ളിയില്‍ കുര്‍ബാനക്കിടെ ആളുകള്‍ വിളിച്ച് പറഞ്ഞപ്പോഴാണ് വിവരം അറിഞ്ഞത്. സുധാകരനേപ്പോലെ മാന്യനായ നേതാവിനെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തികള്‍ ചെയ്യുന്നത് ശരിയാണോ എന്ന് ചിന്തിക്കുക’, വീഡിയോയില്‍ പി.സി. ജോര്‍ജ് പറഞ്ഞു.
നല്ല രാഷ്ട്രീയ നേതാവായിരുന്നു, കഴിവും പ്രാപ്തിയുമുള്ള ആളാണ്. അദ്ദേഹത്തേക്കുറിച്ച് ആര്‍ക്കും മോശം അഭിപ്രായമില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്. അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖമുണ്ട്’, എന്നായിരുന്നു സുധാകരന്റെ പ്രതികരണം.
പിന്നീട് സംഭവത്തില്‍ വിശദീകരണവുമായി സുധാകരന്‍ ഫേയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്റെ പഴയകാല സഹപ്രവര്‍ത്തകനെയാണ് ഓര്‍മവന്നതെന്നും ജാഗ്രതക്കുറവുണ്ടായെന്നും സുധാകരന്‍ പറഞ്ഞു. പ്രതികരണത്തിലെ അനൗചിത്യത്തില്‍ എന്റെ പാര്‍ട്ടിയുടെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്കും കെ ജി ജോര്‍ജിനെ സ്‌നേഹിക്കുന്നവര്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
കെ. സുധാകരന്റെ വിശദീകരണം
ഇന്ന് രാവിലെ കെ. ജി. ജോര്‍ജ് മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോള്‍ അനുചിതമായ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായി. മലയാളത്തിന്റെ അഭിമാനമായ സിനിമാപ്രവര്‍ത്തകന്‍ കെ. ജി. ജോര്‍ജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തില്‍ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല.
സമാനപേരിലുളള എന്റെ പഴയകാല സഹപ്രവര്‍ത്തകനാണ് മനസ്സില്‍ വന്നത്. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.
ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്നോട് കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് എന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നു. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തില്‍ ഉണ്ടായില്ല. വീഴ്ചകളില്‍ ന്യായീകരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. അതുകൊണ്ടുതന്നെ എന്റെ പ്രതികരണത്തിലെ അനൗചിത്യത്തില്‍ എന്റെ പാര്‍ട്ടിയുടെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്കും കെ. ജി. ജോര്‍ജിനെ സ്‌നേഹിക്കുന്നവര്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ ഞാന്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു.
എണ്ണം പറഞ്ഞ കലാസൃഷ്ടികള്‍ കൊണ്ട് മലയാള സിനിമാ ചരിത്രത്തില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച കെ. ജി. ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
വാര്‍ത്താസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മിൽ ഉണ്ടായ മൈക്ക് തര്‍ക്കത്തില്‍ കെ മുരളീധരന്‍ എംപിയുടെ ഒളിയമ്പ്. തനിക്ക് പക്വതയില്ലെന്നാണ് പൊതുവെയുള്ള ആക്ഷേപം. മറ്റുള്ളവരുടെ പക്വത താൻ അളക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പെട്ട സംഭവമാണിതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളിലേക്കില്ലെന്നും വിശദമാക്കിക്കൊണ്ടാണ് കെ മുരളീധരൻ്റെ കമൻ്റ്. കെ സുധാകരനും വി.ഡി സതീശനും തമ്മിലുണ്ടായ മൈക്ക് വിവാദം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരുടെ പക്വത താന്‍ അളക്കുന്നില്ല, പക്വത കുറവ് തനിക്കാണെന്നാണ് ചിലരുടെ വിമര്‍ശനമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പാര്‍ട്ടി പരിപാടിയില്‍ കെപിസിസി അദ്ധ്യക്ഷനും യുഡിഎഫ് പരിപാടിയില്‍ പ്രതിപക്ഷ നേതാവുമാണ് ആദ്യം സംസാരിക്കുകയെന്നും മുരളീധരന്‍ പ്രോട്ടോകാൾ വെളിപ്പെടുത്തി.
കോണ്‍ഗ്രസ് വിട്ടുപോയ അനില്‍ ആന്റണിക്ക് ബിജെപിയിലും രക്ഷയുണ്ടാകില്ലെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. കേരളത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ ജയിച്ച് അനിൽ എംപിയോ എംഎൽഎയോ ആകില്ല. സഹായിച്ച വ്യക്തിയെയോ പ്രസ്ഥാനത്തെയോ പിന്നീടു തിരഞ്ഞുകൊത്തിയാൽ ഇഹലോകത്തു മാത്രമല്ല, പരലോകത്തും ഗതികിട്ടില്ലെന്നാണു അമ്മ തന്നെ അവനെ പഠിപ്പിച്ചത്. പോകുന്നതും പോകാതിരിക്കുന്നതും വ്യക്തികളുടെ ഇഷ്ടമാണ്. എന്നാൽ രാജസ്ഥാൻ ചിന്തൻ ശിബിരിത്തിന്റെ പേരിൽ പാർട്ടി വിട്ടു എന്നതിനോട് യോജിപ്പില്ലെന്നും മുരളീധരന്‍ പറഞ്ഞു.
എംഡിഎംഎയുമായി കാറിൽ മകനും ഒത്ത് വന്ന ദമ്പതികൾ പിടിയിൽ. വടകര സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. കോഴിക്കോട് തൊട്ടിൽപ്പാലത്ത് വെച്ചുള്ള പരിശോധനയിലാണ് പിടിയിലായത്. ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ബംഗളുരുവിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താനുള്ള ശ്രമത്തിലായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. സംശയം തോന്നാതിരിക്കാൻ മകനെയും കാറിൽ ഇരുത്തിയായിരുന്നു എംഡിഎംഎ കടത്ത്. ഇവർ സഞ്ചരിച്ച കാറും തൊട്ടിൽപാലം പൊലീസ് പിടികൂടി.
പോക്സോ കേസിൽ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച സർക്കാർ അഭിഭാഷകനെ പുറത്താക്കി. നെയ്യാറ്റിൻകര പോക്സോ കോടതി അഭിഭാഷകൻ അജിത് തങ്കയ്യനെയാണ് പിരിച്ചുവിട്ടത്. ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു.
പരാതി പ്രകാരം അജിത്തിനെ പിരിച്ച് വിടാൻ വിജിലൻസ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാം സർക്കാരിന് ശുപാർശ നൽകിയിരുന്നു. ശുപാർശ നൽകി മൂന്ന് മാസം കഴിഞ്ഞിട്ടാണ് തീരുമാനം നടപ്പിലാക്കുന്നത്. അജിത് തങ്കയ്യനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന ശുപാർശ നൽകിയെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ആഭ്യന്തരവകുപ്പാണ് പിരിച്ചു വിടൽ സംബന്ധിച്ച് പുറത്താക്കി ഉത്തരവിറക്കിയത്.
കാശ് നൽകി ഒതുക്കാൻ സർക്കാർ വക്കീലിൻ്റെ വക്കാലത്ത്
കോടതിയിൽ മൂന്ന് പ്രാവശ്യം മൊഴി നൽകാൻ വന്നിട്ടും പ്രോസിക്യൂട്ടർ കോടതിയിൽ കയറ്റിയില്ലെന്നായിരുന്നു അതിജീവിതയുടെ പരാതി. മൂന്നാമത്തെ പ്രവാശ്യം കോടതിയിൽ എത്തിയപ്പോള്‍ മൊഴി മാറ്റിപ്പറയണമെന്നാവശ്യവുമായി ഒരു കവറിൽ പണമിട്ട് ഓഫീസിൽ വച്ച് അഭിഭാഷകൻ നൽകിയെന്നും അതിജീവിത പരാതിപ്പെട്ടിരുന്നു. പണം സ്വീകരിക്കാതെ പുറത്തിറങ്ങി അമ്മയോടും സഹായത്തിനായി എത്തിയ പൊതുപ്രവർത്തകയോടും കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് പെണ്‍കുട്ടി പരാതിയിൽ ഉന്നയിച്ചതും വിജിലൻസിന് നൽകിയ മൊഴിയും. തിരുവനന്തപുരം സപെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് പരാതിയിൽ കഴമുണ്ടെന്ന് വ്യക്തമായത്.
ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നുള്ള ഓൺലൈൻ രജിസ്ട്രേഷന്‍ ഒക്ടോബർ 25 വരെ. അവസാന തീയതി വരെ അപേക്ഷ സമർപ്പിക്കാൻ കാത്തിരിക്കരുത്. സാങ്കേതിക തടസ്സങ്ങൾ വിനയാകും.
നാളെ മുതൽ അപേക്ഷിച്ച് തുടങ്ങാം
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയെയാണ് പരീക്ഷാ നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. സെറ്റ് ജനുവരി 2024-ന്‍റെ പ്രോസ്‌പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ് സൈറ്റിൽ ലഭിക്കും. നാളെ മുതലാണ് (സെപ്തംബര്‍ 25) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുക. ഒക്ടോബര്‍ 25ന് വൈകിട്ട് അഞ്ചിന് രജിസ്ട്രേഷന്‍ അവസാനിപ്പിക്കും. ഇതിനുമുമ്പായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒക്ടോബര്‍ 27 വൈകിട്ട് അഞ്ചുവരെ ഓണ്‍ലൈനായി ഫീസ് അടക്കാനാകും. ഒക്ടോബര്‍ 28 മുതല്‍ ഒക്ടോബര്‍ 29ന് വൈകിട്ട് അഞ്ചുവരെ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്താം.
യോഗ്യത
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50ശതമാനത്തില്‍ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്. എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.
പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്‌സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം, അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവർക്ക് ബി.എഡ്. ബിരുദം ഉണ്ടായിരിക്കണം, ഈ നിബന്ധന പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല.
അപേക്ഷാ ഫീസ്
ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈൻ ആയി ഒടുക്കേണ്ടതാണ്. പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി./ വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2022 സെപ്റ്റംബർ 26 നും 2023 ഒക്‌ടോബർ 25 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.
പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.
കെ ജി ജോർജ് എന്ന കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതത്തില്‍ മലയാള സിനിമയുടെ ഭാവുകത്വ പരിണാമത്തിന് തുടക്കമിട്ട സംവിധായകനാണ്. ഇന്ന് ചർച്ച ചെയ്യുന്ന രാഷ്ട്രീ ശരികളുടെ പ്രയോഗം അക്കാലത്ത് തന്നെ കാത്ത് സൂക്ഷിച്ച കലാരൂപങ്ങളായിരുന്നു കെ ജി ജോർജിൻ്റെ സനിമികൾ. കാലത്തിന് മുന്‍പേ സഞ്ചരിച്ച സിനിമകളുമായി എല്ലാ തലത്തിലുള്ള സിനിമാ ആസ്വാദകർക്കും ഒപ്പം നിന്ന ചലച്ചിത്രപ്രതിഭയാണ്. കലാമൂല്യമുള്ള സിനിമ, കച്ചവട സിനിമ എന്നിങ്ങനെയുള്ള സാങ്കല്‍പ്പിക അതിര്‍ത്തികളെ തന്റെ ശൈലിയിലൂടെ കെ.ജി. ജോര്‍ജ്ജ് ഭേദിച്ചു.
പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം.
സ്വപ്നാടനം, ഉള്‍ക്കടല്‍, കോലങ്ങള്‍, മേള, ഇരകള്‍, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നില്‍, മറ്റൊരാള്‍, പഞ്ചവടിപ്പാലം, ഈ കണ്ണി കൂടി എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങളേ കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്തിട്ടുള്ളൂ. അവയിലൂടെ വ്യവസ്ഥാപിത നായക-നായിക സങ്കല്‍പ്പങ്ങളെ, കപടസദാചാരത്തെ, അഴിമതിയെ സിനിമ എന്ന മാധ്യമത്തിലൂടെ അദ്ദേഹം ഭാവുകത്വപരമായി ചോദ്യം ചെയ്തു.
സ്വപ്നാടനത്തിന് മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്ക് 1975-ൽ സംസ്ഥാന പുരസ്കാരം ലഭിച്ചു. രാപ്പാടികളുടെ ഗാഥയ്ക്ക് 1978-ൽ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു.1982—ൽ മികച്ച ചിത്രം, കഥ എന്നിവയ്ക്ക് യവനികയ്ക്കും 1983-ൽ മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് ആദാമിന്റെ വാരിയെല്ലിനും സംസ്ഥാന പുരസ്കാരം ലഭിച്ചു. ഇരകൾ എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1985 ലും കെ.ജി. ജോർജിനെത്തേടി സംസ്ഥാന പുരസ്കാരമെത്തി.
യവനിക, സ്വപ്‌നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2016-ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിനും അര്‍ഹനായി. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിന്റെ തിരക്കഥ രചിച്ചത് കെ.ജി. ജോർജ് ആയിരുന്നു.
ഗായിക സൽമയാണ് ഭാര്യ. വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്ന് ഞായറാഴ്ച കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു കെ.ജി.ജോർജിന്റെ അന്ത്യം. ചൊവ്വാഴ്ചയാണ് സംസ്കാരം. അതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും.
ആദരപൂർവ്വം ഓർമ്മ
സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. സ്വന്തം കഴിവെന്താണെന്ന് ആദ്യ സിനിമയിലൂടെ കാണിച്ച ചലച്ചിത്രകാരനായിരുന്നു കെ.ജി. ജോർജെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. താൻ പാഠപുസ്തകം പോലെ കാണുന്ന സംവിധായകനാണ് കെ.ജി.ജോർജെന്ന് കമലും മലയാള സിനിമ കണ്ട ഏറ്റവും മഹാനായ സംവിധായകനായിരുന്നു കെ.ജി ജോര്‍ജെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണിക്കൃഷ്ണനും ഓർമിച്ചു.
1980-ൽ കെ.ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലാണ് ആദ്യമായി ഒരു ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ മമ്മൂട്ടി എത്തിയത്. സർക്കസ് കൂടാരത്തിലെ ബൈക്ക് അഭ്യാസിയുടെ വേഷമായിരുന്നു മേളയിൽ മമ്മൂട്ടിയുടേത്. ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു, ആദരാഞ്ജലികൾ ജോർജ് സാർ എന്നാണ് കെ.ജി.ജോർജിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഈ ചിത്രം മലയാള കുറ്റാന്വേഷണ സിനിമകളിലെ ക്ലാസിക് ആയാണ് ഇന്നും വിലയിരുത്തപ്പെടുന്നത്. തൊട്ടടുത്ത വർഷമിറങ്ങിയ ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്കിൽ പ്രേംസാഗർ എന്ന കഥാപാത്രമായി മമ്മൂട്ടിയുണ്ടായിരുന്നു. സി.വി. ബാലകൃഷ്ണന്റെ കഥയെ അടിസ്ഥാനമാക്കിയെത്തിയ മറ്റൊരാൾ എന്ന ചിത്രത്തിലെ നായകൻ മമ്മൂട്ടിയായിരുന്നു. ഈ ചിത്രത്തെ സി.വി. ബാലകൃഷ്ണന്റെ ചിത്രമെന്നായിരുന്നു ഒരിക്കൽ കെ.ജി.ജോർജ് വിശേഷിപ്പിച്ചത്.
ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ടി.കെ.രാജീവ് കുമാർ സംവിധാനം ചെയ്ത മഹാനഗരം നിർമിച്ചത് കെ.ജി. ജോർജ് ആയിരുന്നു. 1992-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ കഥ മുട്ടത്തുവർക്കിയുടേതായിരുന്നു.
പുതു തലമുറയുടെ മാതൃക
മലയാള സിനിമയുടെ കഥകളെയും കഥാപരിസരങ്ങളെയും കാഴ്‌ചകൾകൊണ്ട് സമ്പുഷ്‌ടമാക്കിയ പ്രതിഭ എന്നാണ് എല്ലാക്കാലവും കെ ജി ജോർജ്ജിന് സിനിമാ ആസ്വാദകരുടെ മനസ്സിലുള്ള സ്ഥാനം. കാലാതീതമായ കലയാണ് സിനിമ എന്നതിനോട് നീതിപുലർത്തുന്ന പേര് കൂടിയാണ് അത്. പുതുതലമുറ സിനിമാ സംവിധായകരിൽ ഏറ്റവുമധികം പിന്തുടരുന്നതും അദ്ദേഹത്തെ തന്നെയായിരിക്കും. ലിജോ ജോസ് പെല്ലിശ്ശേരി, ആഷിക് അബു തുടങ്ങി ക്രാഫ്‌റ്റ് കൊണ്ട് തങ്ങളുടെ സിനിമയെ സമ്പന്നമാക്കുന്ന സിനിമാക്കാരുടെയെല്ലാം ഇഷ്‌ട സംവിധായകൻ.
തന്‍റെതായ ആഖ്യാന ശൈലിയിലൂടെയും ദൃശ്യ പരിചരണത്തിലൂടെയും മലയാള സിനിമ പിന്തുടർന്ന് പോന്ന ഭാഷയും വ്യാകരണവും മാറ്റി എഴുതുകയായിരുന്നു കെ ജി ജോർജ്. സമീപനത്തിലും സങ്കേതികതയിലും മലയാള സിനിമയുടെ മുഖച്ഛായ വിശ്വോത്തരമായി പുനർനിർമ്മിക്കാൻ ധൈര്യപ്പെടുകയും ചെയ്‌ത അന്നത്തെ നവ തലമുറ സംവിധായകനിലൊരാൾ. 1976 ൽ റിലീസ് ചെയ്‌ത ആദ്യ സിനിമയായ സ്വപ്‌നാടനം മുതൽ അവസാനം പുറത്തിറങ്ങിയ ഇളവങ്കോട് ദേശം വരെയുള്ള സിനിമകൾ ഓരോന്നും പരിശോധിച്ചാൽ കെ ജി ജോർജ് എന്ന സംവിധായകന്‍റെ ക്രാഫ്റ്റ്മാൻഷിപ് മനസ്സിലാകും, ഓരോ സിനിമയും ഓരോ അവതരണ രീതികൾ, വ്യത്യസ്‌ത പശ്ചാത്തലങ്ങൾ, വ്യത്യസ്‌ത ശൈലിയിലുള്ള സിനിമകൾ.
മലയാള സിനിമയുടെയും സ്വപ്നാടനം
1976 ൽ സ്വപ്‌നാടനം എന്ന സിനിമ ഒരുക്കുമ്പോൾ അദ്ദേഹത്തിന് ഉണ്ടായിരുന്ന ധൈര്യം എന്തെന്ന് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ ഒന്നാണ്. 70 കാലഘട്ടങ്ങളിൽ നമ്മുടെ സിനിമയുടെ അവസ്ഥ എന്നത് ഇങ്ങനെയായിരുന്നു. ഒരു നായകനും നായികയും, അവരുടെ പ്രണയം, പ്രണയം പരമോന്നതയിൽ എത്തുമ്പോൾ നിർബന്ധമായും കുറഞ്ഞത് നായകനും നായികയും ഒത്തുള്ള നാലു മരംചുറ്റി പ്രേമഗാനങ്ങൾ. ഇത്തരം സ്ഥിരം ചട്ടക്കൂട്ടിൽ നിന്ന് കൊണ്ട് മാത്രം സിനിമ ഇറക്കിയാൽ മാത്രം വിജയം ഉറപ്പാക്കിയിരുന്നു ഒരു സമയത്തു സ്വപ്‌നാടനം പോലൊരു തികച്ചു ഓഫ്‌ബീറ്റായ ഒരു സിനിമയുമായി മലയാള സിനിമയിലേക്ക് കടന്നു വരാൻ കെ ജി ജോർജ് കാണിച്ച ധൈര്യം, അവിടെ തുടങ്ങുന്നു മലയാള സിനിമയുടെ മാറ്റം, സുവർണ കാലഘട്ടം.
കെ ജി ജോര്‍ജിന്റെ സിനിമയിലെ പ്രമേയ വൈവിധ്യം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും സ്വയം ആവര്‍ത്തിച്ചിട്ടില്ലാത്ത സംവിധായകനാണ് അദ്ദേഹം. സ്വപ്‌നാടനം കഴിഞ്ഞ് അദ്ദേഹം ചെയ്‌ത ചില സിനിമകള്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. അതിലൊന്നാണ് വ്യാമോഹം (1977). ആ ചിത്രത്തിലൂടെയാണ് ഇളയരാജ ആദ്യമായി മലയാളത്തില്‍ എത്തുന്നത്. മണ്ണ്, ഇനി അവള്‍ ഉറങ്ങട്ടെ, ഓണപ്പുടവ എന്നീ ചിത്രങ്ങളും അത്രകണ്ട് ശ്രദ്ധേയമായില്ല.പക്ഷേ പത്മരാജന്റെ തിരക്കഥയില്‍ കെജി ജോര്‍ജ് ചെയ്‌ത ഒരേയൊരു സിനിമയായ “രാപ്പാടികളുടെ ഗാഥ’ എന്ന ചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. എഴുപതുകളിലെ യുവാക്കളില്‍ ഉണ്ടായിരുന്ന മയക്കുമരുന്നിന്റെ ഉപയോഗവും മാനസികപ്രശ്‌നങ്ങളുമൊക്കെയായിരുന്നു സോമനും വിധുബാലയും കേന്ദ്രകഥാപാത്രങ്ങളായി വന്ന രാപ്പാടികളുടെ ഗാഥയുടെ പ്രമേയം.
മലയാള സിനിമയിലെ ആദ്യ ക്യാമ്പസ് സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ‘ഉൾക്കടൽ’, മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ‘പഞ്ചവടിപ്പാലം’,മലയാള സിനിമയിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമ ‘യവനിക’,മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലർ ‘ഇരകൾ’, മലയാള സിനിമയിലെ ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമ ‘ആദാമിന്‍റെ വാരിയെല്ല്’ അങ്ങനെ സംവിധാനം ചെയ്‌ത കുറച്ചു സിനിമകളിൽ ഭൂരിപക്ഷവും ഇന്നും മലയാള സിനിമയിലെ ഏറ്റവും മികച്ചതായി നിലകൊള്ളുന്നു.