Tuesday, August 19, 2025

മനീഷ് സിസോദിയയെ പ്രതിയാക്കിയത് എന്ത് അടിസ്ഥാനത്തിൽ ? ഇഡിയുടെ അമിതാവേശം ചോദ്യം ചെയ്ത് സുപ്രീം കോടതി

മലയാളി വ്യവസായിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ വിജയ് നായരാണ് മദ്യനയ കേസിലെ ഇടപാടുകൾ നടത്തിയതെങ്കിൽ  മനീഷ് സിസോദിയ എങ്ങനെ പ്രതിയാകുമെന്ന ചോദ്യവുമായി സുപ്രീം കോടതി. ദില്ലി മദ്യനയ അഴിമതിയിലെ ഇ ഡി കേസിൽ മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യപേക്ഷയിലാണ് സുപ്രീം കോടതിയുടെ ചോദ്യങ്ങൾ.  കേസിലെ പ്രതിയായ വ്യക്തിയുടെ മൊഴിയല്ലാതെ മറ്റു തെളിവുകളുണ്ടോ എന്നും സുപ്രീം കോടതി ചോദിച്ചു. ദിനേഷ് അറോറ പിന്നീട് കൂറുമാറി മാപ്പുസാക്ഷിയാവുകയും ജാമ്യം നേടുകയും ചെയ്തിരുന്നു.

മനീഷ് സിസോദിയ എവിടെങ്കിലും ഇടപ്പെട്ടതിന് തെളിവുണ്ടോയെന്നും  പിഎംഎൽഎ ചുമത്തിയത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. സിസോദിയ പണം കൈപ്പറ്റിയതായാണ് അന്വേഷണ സംഘങ്ങള്‍ കേസെടുത്തിട്ടുള്ളത്. എന്നാല്‍, മദ്യലോബിയില്‍നിന്ന് സിസോദിയയുടെ പക്കല്‍ ആ പണം എങ്ങനെയാണ് എത്തിച്ചേര്‍ന്നതെന്ന് കോടതി ചോദിച്ചു. ”നിരവധി വ്യക്തികള്‍ പണം നല്‍കുന്നുണ്ടാകാം പക്ഷെ അതെല്ലാം മദ്യവിഷയവുമായി ബന്ധപ്പെട്ടതാവണമെന്നില്ല. തെളിവെവിടെ? ദിനേഷ് അറോയും പണം കൈപ്പറ്റിയ വ്യക്തിയാണ്, അതിനും തെളിവെവിടെ? അറോറ നല്‍കിയ മൊഴിയല്ലാതെ മറ്റെന്തെങ്കിലും തെളിവുണ്ടോ”, ജസ്റ്റിസ് ഖന്ന ആരാഞ്ഞു. തെളിവുകള്‍ അപര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു.

കേസിൽ ആദ്യമായി ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ മനീഷ് സിസോദിയയുടെ പേര് ഉണ്ടായിരുന്നില്ല. എന്നാൽ വിജയ് നായർ ഉൾപ്പടെയുള്ള ഏഴ് പേരെ പ്രതി ചേർത്തിരുന്നു. കേസ് ആദ്യം അന്വേഷിച്ച സിബിഐയുടെ കുറ്റപത്രത്തിലും മനീഷ് സിസോദിയയുടെ പേരുണ്ടായിരുന്നില്ല. അതേസമയം മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിച്ച ദില്ലി ഹൈക്കോടതി സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ചിരുന്നു. 

ചോദ്യം ചെയ്യപ്പെട്ടത് ഇഡിയുടെ അമിതാവേശം

പണമിടപാട് അതീവരഹസ്യമായി നടത്തിയതിനാല്‍ സമ്പൂര്‍ണമായി തെളിവുകള്‍ ഹാജരാക്കുന്നത് ബുദ്ധിമുട്ടുള്ള സംഗതിയാണെന്ന് കോടതി ശരിവെച്ചു. എന്നാല്‍ അവിടെയാണ് ഇഡിയും സിബിഐയും കാര്യക്ഷമത കാണിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിസോദിയയെ പ്രതി ചേര്‍ത്തതിലും കോടതി അനിഷ്ടം പ്രകടിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തികച്ചും വ്യത്യസ്തമായ കുറ്റകൃത്യമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ (പിഎംഎല്‍എ) നിയമപ്രകാരം സിസോദിയക്കെതിരെ കേസെടുത്തതിനേയും കോടതി വിമര്‍ശിച്ചു.

നേരത്തെ തന്റെ ഭാര്യയെ കാണാൻ  മനീഷ് സിസോദയ്ക്ക് ഒരു ദിവസത്തെ ഇടക്കാല ജാമ്യം ദില്ലി ഹൈക്കോടതി അനുവദിച്ചിരുന്നു. ഇതിന് മുമ്പ് ദില്ലി മദ്യനയക്കേസിൽ ജാമ്യാപേക്ഷയുമായി മനീഷ് സിസോദിയ വിവിദ കോടതികളെ സമീപിച്ചിരുന്നെങ്കിലും എല്ലാ കോടതികളിലും അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചു. ഇതേ തുടർന്ന് ദീർഘകാലമായി അദ്ദേഹം ജയിലിൽ തുടരുകയാണ്. കീഴ് ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മനീഷ് സിസോദിയ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും ഹൈക്കോടതിയും അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് മനീഷ് സിസോദിയ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. 

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....