ഉത്തര്‍പ്രദേശിൽ സ്‌കൂൾ വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ ഒട്ടും ലജ്ജയില്ലെന്ന് അധ്യാപിക തൃപ്ത ത്യാഗി. ഗ്രാമത്തിലെ എല്ലാവരും തൻ്റെ ഒപ്പമാണെന്നും അവർ അവകാശപ്പെട്ടു. ഒരു അധ്യാപികയെന്ന നിലയിൽ ഗ്രാമത്തിലെ ജനങ്ങളെയെല്ലാം സേവിച്ചിട്ടുണ്ട്. രാജ്യത്ത് നിയമങ്ങളുണ്ട്. എന്നാൽ സ്‌കൂളുകളിലെ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്. അതിന് ഈ രീതിയിലാണ് അവരെ കൈകാര്യം ചെയ്യേണ്ടതെന്നും അധ്യാപിക അവകാശപ്പെട്ടു.
വിഷയത്തെ പെരുപ്പിച്ച് കാട്ടുകയാണെന്ന ആരോപണം നേരത്തെ ഇവർ ഉന്നയിച്ചിരുന്നു.
രാജ്യം ലജ്ജിച്ച മൃഗീയത പുറത്തെത്തിച്ചത് വീഡിയോ ചിത്രീകരണം
ഉത്തർപ്രദേശിലെ മുസാഫർനഗറിലെ കുബപ്പുർ ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു രാജ്യത്തിൻ്റെ തന്നെ യശസ്സിന് കളങ്കം ചാർത്തിയ സംഭവം. മുസ്ലീം വിഭാഗത്തിലെ കുട്ടിയെ തല്ലാൻ മറ്റു മതവിഭാഗത്തിലെ കുട്ടികളോട് അധ്യാപിക ആവശ്യപ്പെടുകയായിരുന്നു. ഈ വീഡിയോ വെള്ളിയാഴ്ച പ്രചരിച്ചിരുന്നു. ഓരോ കുട്ടിയെയും വിളിച്ച് സഹപാഠിയെ മുഖത്ത് അടിപ്പിക്കയായിരുന്നു. അടിക്ക് ശക്തി പോര എന്ന് ശാസിക്കയും ആവർത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അടിയേറ്റ് കുട്ടി കരയുന്നതും വീഡിയോയിലുണ്ട്.
പൊലീസും ആ വഴി നീങ്ങി
ഗൃഹപാഠം പൂർത്തിയാക്കാത്തതിനാലാണ് അധ്യാപിക ഇങ്ങനെ ചെയ്തതെന്നാണ് പോലീസ് വിശദീകരണം നൽകിയത്. തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വരെ ഇടപെട്ടു. തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം മുസ്ലീം കുട്ടികളുടെ അമ്മമാർ ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു ഇതിനു പിന്നാലെ അധ്യാപികയുടെ ആരോപണം.
സംഭവത്തിൽ അധ്യാപികയ്ക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി മുസഫർ നഗർ ജില്ലാ മജിസ്ട്രേറ്റ് അരവിന്ദ് മല്ലപ്പ ബംഗരി വ്യക്തമാക്കി.
കുട്ടിയുടെ രക്ഷിതാക്കൾ സംഭവത്തിൽ പരാതി നൽകാൻ ആദ്യം ഭയന്നിരുന്നു. ‘കുട്ടിയെ ഇനിമുതൽ ഈ സ്കൂളിലേക്ക് അയക്കില്ല’ എന്നതു മാത്രമായിരുന്നു പിതാവിന്റെ പ്രതികരണം. പിന്നീട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. ഇത് വിവാദമായതോടെ രാജ്യ വ്യാപകമായി ഇവർക്ക് പിന്തുണ ലഭിച്ചു. ഇതോടെ രക്ഷിതാക്കൾ പ്രാദേശിക പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ചെയ്തതിലെ തെറ്റു പോലും തിരിച്ചറിയാനാവാത്ത അന്ധതയിൽ അധ്യാപിക
ഇതൊരു നിസാര സംഭവം എന്നായിരുന്നു അധ്യാപികയുടെ ന്യായീകരണം. ഹോംവർക്ക് ചെയ്യാത്തതിനാലാണ് സഹപാഠികളെക്കൊണ്ട് വിദ്യാർഥിയെ അടിപ്പിച്ചത്. സ്വന്തമായി അടിക്കാൻ കഴിയാത്തതിനാലാണ് കുട്ടികളെ കൊണ്ട് തല്ലിച്ചത് എന്നാണ് വിശദീകരണം. സംഭവ സമയത്ത് വിദ്യാർഥിയുടെ ബന്ധു സ്ഥലത്തുണ്ടായിരുന്നുവെന്നും അവൻ പകർത്തിയ വീഡിയോയാണ് പ്രചിരിച്ചതെന്നും അധ്യാപിക പറഞ്ഞു. പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോയാണെന്നും അധ്യാപിക ആരോപിച്ചതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ പ്രതികരിച്ച രാഹുൽ ഗാന്ധി അടക്കമുള്ള രാഷ്ട്രീയക്കാരോട് പറയാനുള്ളത് ഇതൊരു നിസാര പ്രശ്നമെന്നാണ്. ദിവസവും നടക്കുന്ന സംഭവങ്ങൾ ഇത്തരത്തിൽ വൈറലാകുകയാണെങ്കിൽ അധ്യാപകർ എങ്ങനെയാണ് വിദ്യാർഥികളെ പഠിപ്പിക്കുക എന്നും അവർ ചോദിച്ചു.
കേസിലും അധ്യാപികയ്ക്ക് പൊലീസ് സംരക്ഷണം, നിസ്സാര വകുപ്പുകൾ
സംഭവത്തിൽ അധ്യാപികക്കെതിരെ പോലീസ് എടുത്ത കേസ് നിസ്സാര വകുപ്പുകൾ ചേർത്ത്.ഐപിസി 323,504 എന്നീ വകുപ്പുകൾ ചേർത്താണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.
ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ആണിവ.കുട്ടിയുടെ പിതാവിൻറെ പരാതിയെ തുടർന്നാണ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് അധ്യാപികയെ ചോദ്യം ചെയ്യുന്ന അടക്കമുള്ള നടപടികൾ വൈകുകയാണ്. അധ്യാപികക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, സ്‌കൂളിന് വിശദീകരണം ആവശ്യപ്പെട്ട് ഔദ്യോഗിക നോട്ടിസ് നൽകി.