സ്വന്തം പൗരന്മാരായ മൂന്ന് ബന്ദികളെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി. ഭീഷണിയാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ നടത്തിയ വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വിശദീകരിച്ചു. വടക്കൻ ഗാസയിലാണ് സംഭവം.
ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിനിടെ പിടിയിലായ നൂറോളം പേര്‍ ഇപ്പോഴും ഗാസയില്‍ ബന്ദികളായി തുടരുന്നുണ്ട്. ഗാസയിലെ ഷെജയ്യയില്‍ പ്രവര്‍ത്തിക്കുന്ന സൈനിക സംഘമാണ് മൂവരേയും കൊലപ്പെടുത്തിയതെന്ന് ഐഡിഎഫ് അറിയിച്ചു.
കൊല്ലപ്പെട്ട ബന്ദികളായ മൂന്ന് പേരേയും ഇസ്രയേലിലെത്തിച്ചിട്ടുണ്ട്. ഇസ്രയേല്‍ സൈന്യത്തിനെതിരെ ചാവേറാക്രമണം അടക്കം ഒട്ടേറെ ഭീഷണികള്‍ നേരിട്ടിരുന്ന ഒരു പ്രദേശത്തുവെച്ചാണ് അബദ്ധത്തിലുള്ള വെടിവെയ്പ്പുണ്ടായതെന്ന് ഐഡിഎഫ് വാക്താവ് റിയര്‍ അഡ്മിറല്‍ റിയല്‍ ഹഗാരി സംഭവത്തെ ന്യായീകരിച്ചു. സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സൈന്യം ഏറ്റെടുക്കുന്നതായും അദ്ദേഹം അറിയിച്ചു.
വടക്കന്‍ ഗാസയിലെ ഷെജയ്യ ഹമാസിന്റെ ശക്തികേന്ദ്രമാണ്. ഇവിടെ നേരത്തെ നടന്ന ശക്തമായ ഏറ്റുമുട്ടലില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥരടക്കം ഒമ്പത് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
ബന്ദികള്‍ സ്വന്തം സൈനികരാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രേയേലില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഗാസയില്‍ വെടിനിര്‍ത്താന്‍ യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഇസ്രയേലിനുമേല്‍ സമ്മര്‍ദംചെലുത്തിവരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.
വ്യാഴാഴ്ച ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ സ്‌പെയിന്‍, ബെല്‍ജിയം, അയര്‍ലന്‍ഡ്, മാള്‍ട്ട എന്നീ രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ ആവശ്യമുന്നയിച്ചിരുന്നു.
ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളുടെ തീവ്രതകുറയ്ക്കാനും സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കാനും യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിനോടാവശ്യപ്പെടുകയും ചെയ്തിരുന്നു. ആക്രമണം തുടരുന്നത് ക്രൂരതയാണെന്ന് തുറന്നടിക്കയും ചെയ്തു. വെടിനിര്‍ത്തല്‍, ബന്ദിമോചനം എന്നിവയ്ക്കുള്ള സാധ്യതകള്‍ തേടി യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ ഇസ്രയേലിലെത്തുകയും ചെയ്തിട്ടുണ്ട്.