മൂന്നാംവട്ടവും അധികാരത്തിലെത്തിയാല്‍ ബംഗാളിലെ പോലെ പാര്‍ട്ടി നശിക്കും. ആയതിനാൽ പാർട്ടി വീണ്ടും അധികാരത്തിൽ എത്താതിരിക്കാൻ സഖാക്കൾ ശ്രദ്ധിക്കണമെന്ന് കവിയും സാസ്കാരിക പ്രവർത്തകനുമായ കെ. സച്ചിദാനന്ദൻ. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലായിരുന്നു കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കൂടിയായ സച്ചിദാനന്ദൻ്റെ പ്രതികരണം.
മൂന്ന് തവണ ഒരു പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സ്വാഭവികമായും പാര്‍ട്ടിക്ക് ഒരു ഏകാധിപത്യ സ്വഭാവം കൈവരും.
‘പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം ഒരു പാർട്ടിയെ അഹങ്കാരികളാക്കും. മുന്നാമത്തെ ടേം നശിപ്പിക്കുകയും ചെയ്യും. ഞാൻ എന്റെ സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു – അടുത്ത തവണ നിങ്ങൾ അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കുക. കാരണം അത് പാര്‍ട്ടിയുടെ അവസാനമായിരിക്കും’ . സച്ചിദാനന്ദൻ പറഞ്ഞു
പൊലീസിലെ ആർ എസ് എസ് പക്ഷം ഒരു കാരണം മാത്രം
കേരളത്തിലെ പോലീസ് സംവിധാനത്തോട് വിയോജിപ്പുണ്ട്. പോലീസിനകത്തുള്ള ആർ.എസ് എസ് പക്ഷമാണ് ഇത്തരം കാര്യങ്ങൾക്ക് പിന്നിലെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. അതൊരു ന്യായീകരണമോ കാരണം തന്നെയും ആകാം. യുഎപിഎയും സമാനമായ നിയമങ്ങളോടും തനിക്ക് എതിർപ്പാണ്. ഗ്രോ വാസുവിനോടുള്ള പോലീസ് സമീപനം ഒരിക്കലും ഇടതുപക്ഷ സർക്കാർ സ്വീകരിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ വലതുപക്ഷത്തോടുള്ള ചായ്വ് നമ്മുടെ മൂക്കിന് താഴെ നടന്നുകൊണ്ടിരിക്കുന്നു സംഭവമാണ്. നാട്ടിലെ പുരാണങ്ങളെയും ആചാരങ്ങളെയും പുനർവ്യാഖ്യാനം ചെയ്യാനുള്ള ശ്രമം പ്രകടമാണ്. ഓണത്തെ വാമനപൂജ എന്ന് വിശേഷിപ്പിക്കുന്നത് ഒരു ഉദാഹരണം മാത്രം. ഇത്തരം കാര്യങ്ങൾ പലപ്പോഴും തത്വാധിഷ്ഠിത നിലപാട് സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന സമുദായങ്ങള്‍ക്കും ജാതി സംഘടനകള്‍ക്കും ആശയ കുഴപ്പം സൃഷ്ടിക്കുന്നു. സത്യസന്ധമായി ഒരു നിലപാട് എടുക്കാതിരിക്കുന്നത് ഇത്തരം അപകടങ്ങൾ വർധിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകത്തില്‍ സര്‍ക്കാരിന്റെ ലോഗോ വന്നതുമായി ബന്ധപ്പെട്ട വിവാദത്തിലും സച്ചിദാനന്ദന് പ്രതികരിച്ചു. പബ്ലിഷിങ് വിഭാഗത്തിലെ ഒരാളുടെ താല്പര്യപ്രകാരമാണ് അത്തരത്തില്‍ സംഭവിച്ചത്. ഭരണപരമായ കാര്യങ്ങള്‍ സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ അദ്ദേഹം പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. വ്യക്തിപരമായി എനിക്ക് യോജിപ്പില്ലാത്ത കാര്യമാണ് സംഭവിച്ചത്. കോപ്പികള്‍ പ്രിന്റ് ചെയ്തുപോയതിനാല്‍ പുസ്തകം പിന്‍വലിക്കാനുമാകില്ല. സര്‍ക്കാര്‍ ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് രണ്ട് മന്ത്രിമാര്‍ പ്രതികരിച്ചതെന്നും സച്ചിദാനന്ദന് കൂട്ടിച്ചേര്‍ത്തു.


