ന്യൂസ് ക്ലിക്ക് കേസിൽ അമേരിക്കൻ വ്യവസായി നെവിൽ റോയി സിംഘയെ ചോദ്യം ചെയ്യാൻ ഇഡി. സിംഘത്തെ ചോദ്യം ചെയ്യാൻ വിദേശകാര്യ മന്ത്രാലയം വഴി ഇഡി നോട്ടിസ് അയച്ചു. ചൈനീസ് സർക്കാരുമായി അടുത്ത ബന്ധമുള്ള സിംഘാം ന്യൂസ് ക്ലിക്കിന് പണം നൽകി എന്ന വാർത്തക്ക് പിന്നാലെയാണ് കേസ് തുടങ്ങുന്നത്. ഷാങ്ഹായ് കേന്ദ്രീകരിച്ചാണ് നെവിൽ റോയ് സിംഘാം പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ വിദേശകാര്യമന്ത്രാലയം വഴി ചൈനീസ് സർക്കാരിലേക്കാണ് ഇഡിയുടെ നോട്ടീസ് എത്തിയിരിക്കുന്നത്.
ഡൽഹി ഹെെക്കോടതി ആദ്യം ലെറ്റർ റോഗറ്ററി പുറപ്പെടുവിച്ചതിന് ശേഷമാണ് നടപടിക്രമങ്ങൾ ആരംഭിച്ചതെന്നാണ് വിവരം. നേരത്തെ, ഇദ്ദേഹത്തിന് നേരിട്ട് നോട്ടീസ് നൽകാനുള്ള ശ്രമം ചെെന അധികൃതർ തടഞ്ഞിരുന്നു.
കേന്ദ്ര സർക്കാരിനെതിലായ വിമർശനങ്ങൾ ഉൾകൊള്ളുന്ന വാർത്തകൾ നൽകിയ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുര്‍കയാസ്ഥ എച്ച് ആർ മേധാവി അമിത് ചക്രവർത്തി എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സ്ഥാപനവുമായി ബന്ധപ്പെട്ട 37 മുതിർന്ന മാധ്യമപ്രവർത്തകരുടെ വീടുകളിൽ അടക്കം 30 കേന്ദ്രങ്ങളിൽ മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തിയതിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് നടപടി എടുത്തത്. ഇതിൽ ഒമ്പതു പേർ വനിതകളാണ്. മൊബൈൽ ഫോൺ, ലാപ്ടോപ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. ഇവരിൽ പലരെയും കസ്റ്റഡിയിലെടുത്ത് സ്പെഷൽ സെൽ ആസ്ഥാനത്ത് എത്തിച്ചാണ് ചോദ്യം ചെയ്തത്.
ന്യൂസ് ക്ലിക്ക് കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നിഷേധിച്ച് അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഘാം രംഗത്തെത്തിയിരുന്നു. താന്‍ ചൈനീസ് ഏജന്‍റല്ലെന്നും ചൈനീസ് സർക്കാരിൽ നിന്നോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ നിന്നോ ഫണ്ട് കൈപ്പറ്റിയിട്ടില്ലെന്നും ആയിരുന്നു സിംഘത്തിന്റെ വിശദീകരണം. സ്വന്തം കമ്പനികളിലൂടെയാണ് വരുമാനമുണ്ടാക്കുന്നത്. ഒരു നിരോധിത സംഘടനയുമായും തനിക്ക് ബന്ധമില്ല. 2000 മുതൽ ഇന്ത്യയുമായി ബിസിനസ് ആവശ്യങ്ങൾക്കായി ബന്ധം പുലർത്തുന്നുണ്ട്. ബിസിനസുകാരനായ തനിക്ക് സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരുമായി ബന്ധമുണ്ടാകുമെന്നും നെവിൽ റോയ് സിംഘം പറഞ്ഞു.
ചൈനയ്ക്ക് അനുകൂലമായി വാര്‍ത്തകള്‍ നല്‍കുന്നതിനായി അമേരിക്കന്‍ കോടീശ്വരനായ നെവില്‍ റോയ് സിംഘത്തില്‍നിന്ന് പണം കൈപ്പറ്റി എന്നതായിരുന്നു ന്യൂസ് ക്ലിക്കിനെതിരായി ഉയര്‍ന്ന ആരോപണം. നെവില്‍ റോയ് സിംഘം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായി ലോകമെമ്പാടും ആശയപ്രചാരണത്തിന് പണം മുടക്കുന്ന ആളാണെന്നും ഇയാളില്‍നിന്നുള്ള പണം ന്യൂസ് ക്ലിക്ക് മുഖേന ഇന്ത്യയിലെ നിരവധി രാഷ്ട്രീയക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭിച്ചിട്ടുണ്ടെന്നുമാണ് ഇ.ഡി. ആരോപിക്കുന്നത്.