2023 ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണ്‍ ഡബിള്‍സിലും കബഡിയിലും ഇന്ത്യയ്ക്ക് സ്വര്‍ണം. ക്രിക്കറ്റിലും ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചതോടെ സ്വർണ്ണം കരസ്ഥമാക്കി.
സാത്വിക് സായ്രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യയ്ക്കായി ബാഡ്മിൻ്റൺ സ്വര്‍ണം നേടിയത്. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ് (21-18, 21-16) ഇന്ത്യന്‍ സഖ്യത്തിന്റെ ചരിത്ര നേട്ടം.
ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.
ഇതോടെ 27 സ്വര്‍ണവും 36 വെള്ളിയും 41 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 103 ആയി. ചരിത്രത്തില്‍ ഇതാദ്യായാണ് ഇന്ത്യ മെഡലുകളില്‍ സെഞ്ചുറി തികയ്ക്കുന്നത്.

കബഡിയിൽ റഫറി കൈവിട്ട പോയിൻ്റ് വാങ്ങിച്ചെടുത്തു
പുരുഷ കബഡിയില്‍ നാടകീയ ഫൈനലിനൊടുവില്‍ കരുത്തരായ ഇറാനെ 33-29 എന്ന സ്കോറിന് മറികടന്നാണ് ഇന്ത്യന്‍ ടീമിന്റെ സ്വര്‍ണ നേട്ടം.
ടീമുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഫൈനല്‍ മത്സരം താത്കാലികമായി റദ്ദാക്കിയിരുന്നു. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെയാണ് വിവാദ സംഭവങ്ങള്‍ക്ക് തുടക്കം. ഇരു ടീമും 28 പോയന്റ് വീതം നേടി തുല്യത പാലിച്ചിരിക്കേ ഇന്ത്യന്‍ താരം പവന് ഡു ഓര് ഡൈ റെയ്ഡിനിറങ്ങി. ഇന്ത്യന്‍ താരത്തെ ഇറാന് താരങ്ങള്‍ പിടിച്ചെങ്കിലും ഇറാന് താരങ്ങളെ സ്പര്‍ശിക്കും മുമ്പ് താന്‍ ലൈനിന് പുറത്തുപോയതായി പവന് അവകാശപ്പെട്ടു.
നാല് ഇറാന് പ്രതിരോധ താരങ്ങള്‍ പുറത്തുപോയ പവനെ സ്പര്‍ശിച്ചതിനാല്‍ ഇന്ത്യ നാല് പോയന്റ് അവകാശപ്പെട്ടു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച റഫറി ഇരു ടീമിനും ഓരോ പോയന്റ് വീതം നല്‍കിയെങ്കിലും ഇന്ത്യ നാല് പോയന്റ് നല്‍കണമെന്ന് വാദിച്ച് പ്രതിഷേധിച്ചു. ഇതോടെ റഫറി ഇന്ത്യയ്ക്ക് അനുകൂലമായി തീരുമാനം മാറ്റി. പിന്നാലെ ഇറാന് ടീം പ്രതിഷേധവുമായി കോര്‍ട്ടില്‍ കുത്തിയിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് മത്സരം അനിശ്ചിതത്വത്തിലായതോടെ അധികൃതര്‍ ഇടപെട്ട് മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു.
പിന്നീട് ഇന്ത്യയ്ക്ക് മൂന്നും ഇറാന് ഒരു പോയന്റും അനുവദിച്ച് കളി പുനരാരംഭിച്ചു. പിന്നാലെ രണ്ട് പോയന്റ് കൂടി നേടി ഇന്ത്യ സ്വര്‍ണം ഉറപ്പാക്കി.
ക്രിക്കറ്റിൽ മഴ കൊണ്ടു വന്ന സ്വർണ്ണം
അഫ്ഗാനിസ്താനെതിരായ ഫൈനല്‍ മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സീഡ് അടിസ്ഥാനത്തിലാണ് അഫ്ഗാനെ മറികടന്ന് ഇന്ത്യ ജേതാക്കളായത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് 18.2 ഓവറില്‍ അഞ്ചിന് 112 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ കളിമുടക്കിയത്. മഴ മൂലം ഔട്ട്ഫീല്‍ഡ് നനഞ്ഞ കാരണം മത്സരം ആരംഭിക്കാനും വൈകിയിരുന്നു. ഇതോടെയാണ് വീണ്ടും മഴയെത്തിയതോടെ മത്സരം ഉപേക്ഷിച്ചത്.
.വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീം വെങ്കലം നേടി.പുരുഷന്മാരുടെ 86 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ ദീപക് പൂനിയയ്ക്ക് വെള്ളി. ഫൈനലില്‍ ഇറാന്റെ ഹസ്സന് യസ്ദാനിചരദിയാണ് ദീപകിനെ കീഴടക്കിയത്. 10-0 നാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.
ശനിയാഴ്ച നടന്ന കബഡി ഫൈനലില്‍ ചൈനീസ് തായ്പെയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണമണിഞ്ഞതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം 100-ല്‍ എത്തിയിരുന്നു. 26-25 എന്ന സ്കോറിന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ജയം.
അമ്പെയ്ത്തില്‍ പുരുഷന്മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ നേടിയിരുന്നു. ഓജസ് പ്രവീണാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഫൈനലില്‍ എതിരാളിയായ അഭിഷേക് വെളളിയും നേടി.
വനിതകളുടെ കോമ്പൗണ്ട് ഇനത്തില്‍ ജ്യോതി സുരേഖ വെന്നവും സ്വര്‍ണം നേടി. ശനിയാഴ്ച നടന്ന ഫൈനലില്‍ കൊറിയന്‍ താരത്തെ 149-145 എന്ന സ്കോറിന് മറികടന്നായിരുന്നു ജ്യോതിയുടെ സ്വര്‍ണ നേട്ടം. ഇത്തവണത്തെ ഗെയിംസില്‍ ജ്യോതിയുടെ മൂന്നാം സ്വര്‍ണമാണിത്. വനികളുടെ കോമ്പൗണ്ട് ടീം ഇനത്തിലും മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തിലുമായിരുന്നു ജ്യോതിയുടെ മറ്റ് സ്വര്‍ണ നേട്ടം. ഇതേയിനത്തില്‍ ഇന്ത്യയുടെ അതിഥി സ്വാമി വെങ്കലവും നേടി.


