ഇന്ത്യ സഖ്യത്തിൽ അനിശ്ചിതത്വ സൂചനയുമായി സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സഹകരണം സാധ്യമല്ലാത്ത സംസ്ഥാനങ്ങളില്‍ ഒന്നിച്ചുള്ള പ്രചാരണവുമുണ്ടാവില്ലെന്ന് യെച്ചൂരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഭൂരിപക്ഷം സീറ്റുകളിലും സമവായം ഉണ്ടാവുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞു കൊണ്ടാണ് സമ്പൂർണ്ണ സഹകരണ സാധ്യത നിഷേധിച്ചത്.
ഇന്ന് മുംബൈയിൽ ചേർന്ന ഇന്ത്യ സഖ്യത്തിൻ്റെ യോഗത്തിൽ 14 അംഗ ഏകോപന സമിതിയെ തിരഞ്ഞെടുത്തിരുന്നു. ഇതിൽ സി പി എം പ്രതിനിധി മാത്രമാണ് ഇല്ലാത്തത്.
ഒരുമിച്ചുള്ള പ്രചാരണത്തിനും ഇല്ല
‘സഹകരണം സാധ്യമല്ലാത്ത ഇടങ്ങളില്‍ ഒരുമിച്ചുള്ള പ്രചാരണവുമുണ്ടാവില്ല. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരമുപേക്ഷിച്ച് എല്ലാം സി.പി.എമ്മിന് കൈമാറുമോ എന്ന് അദ്ദേഹം ചോദിച്ചു. ഇത് സാധ്യമല്ല എന്നതു പോലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മുന്നോട്ടുപോവുകയാണ് ചെയ്യുക. ഭൂരിപക്ഷം സീറ്റുകളിലും സമവായം ഉണ്ടാവുമെന്നാണ് കരുതുന്നത്’, എന്നായിരുന്നു സീതാറാം യെച്ചൂരിയുടെ വാക്കുകൾ.
സീറ്റ് വിഭജനം സംസ്ഥാന തലത്തിൽ എന്നും നിലപാട്
കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ മത്സരമായതിനാല്‍ കേരളത്തില്‍ ബി.ജെ.പിക്ക് ഒരു എം.എല്‍.എയേയോ എം.പിയേയോ ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പെന്നാല്‍ കണക്കുകളല്ല, ജനങ്ങളുടെ പിന്തുണനേടലും വോട്ടിന്റെ വിഭജനം കുറയ്ക്കലുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സീറ്റ് വിഭജനം സംസ്ഥാന തലങ്ങളിലാവും ഉണ്ടാവുകയെന്ന് നേരത്തെ ഇന്ത്യ സഖ്യത്തിന്റെ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഭിന്നതയില്ലെന്ന് കെജ്രിവാൾ
സഖ്യത്തില്‍ ഭിന്നതകളുണ്ടെന്നല്ല ഇതിന് അർത്ഥം എന്ന് ബി.ജെ.പി. ആരോപണത്തെ തള്ളി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. സഖ്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളില്ല. ആരും ഇവിടെ വന്നിരിക്കുന്നത് ഏതെങ്കിലും സ്ഥാനങ്ങള്‍ക്കായല്ല. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കുവേണ്ടിയാണ് തങ്ങള്‍ ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


