ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള് ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ കെ.എല്‍.രാഹുലും വിരാട് കോലിയും 47 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷുയുടെ സ്കോര്‍ സമ്മാനിച്ചത്.
ഇതാദ്യമായാണ് ഇന്ത്യ ഈ ലോകകപ്പില്‍ ഓള് ഔട്ടാകുന്നത്. കപ്പ് സ്വന്തമാക്കാൻ ഇന്ത്യ പ്രതിരോധിക്കേണ്ടത് 241 റണ്‍സാണ്. ഇനി ഇന്ത്യയുടെ ബൗളര്‍മാരിലാണ് പ്രതീക്ഷയുടെ ഭാരം മുഴുവനും.
ഓസീസ് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞാണ് കളിച്ചത്. റണ്‍സ് കണ്ടത്താന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അറിഞ്ഞു പൊരുതി. 13 ഫോറും മൂന്ന് സിക്സും മാത്രമാണ് ഇന്ത്യയുടെ ഇന്നിങ്സിലുള്ളത്. ഫസ്റ്റ് ബാറ്റിങ്ങിൽ ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടൽ കൂടിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകന് രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്.
ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലിനിടെ ലോകകപ്പ് ചരിത്രത്തില്‍ റണ്‍വേട്ടക്കാരില്‍ കോലി രണ്ടാം സ്ഥാനത്തെത്തി.
46 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 1743 റണ്‍സ് നേടിയ മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് കോലി രണ്ടാം സ്ഥാനത്തെത്തിയത്. 37-ാം ലോകകപ്പ് മത്സരത്തിലാണ് കോലി, പോണ്ടിങ്ങിനെ മറികടന്നിരിക്കുന്നത്.
45 മത്സരങ്ങളില്‍ നിന്ന് 2278 റണ്‍സ് നേടിയ സച്ചിന് തെണ്ടുല്‍ക്കറാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.


