ഇതാദ്യമായാണ് ഇന്ത്യ ലോകകപ്പില്‍ തുടര്‍ച്ചയായ ഒന്‍പത് ജയങ്ങള്‍ സ്വന്തമാക്കുന്നത്. തുടര്‍ച്ചയായ പതിനൊന്ന് ജയം കുറിച്ച ഓസ്‌ട്രേലിയ മാത്രമാണ് മുന്നില്‍. മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിനാണ് ഇന്ത്യ മറികടന്നത്.
അമ്പത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് നേടിയത്. രോഹിതും ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും അര്‍ധശതകങ്ങള്‍ തികച്ചു. മറുപടിയായി ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സിന് 47.5 ഓവറില്‍ 250 റണ്‍സ് മാത്രമാണ് നേടാനായത്.
അര്‍ധശതകം തികച്ച നിതമനരുവാണ് ടോപ് സ്‌കോറര്‍. ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച നെതര്‍ലന്‍ഡ്‌സിന് തുടക്കത്തില്‍ത്തന്നെ തിരിച്ചടി നേരിട്ടു. ഓപ്പണര്‍ വെസ്ലി ബരേസ്സിയെ രണ്ടാം ഓവറില്‍ തന്നെ മുഹമ്മദ് സിറാജ് മടക്കി. വെറും നാല് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ ക്രീസിലെത്തിയ കോളിന്‍ അക്കര്‍മാന്‍ മാക്‌സ് ഓ ഡൗഡിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. കുല്‍ദീപ് നെതര്‍ലന്‍ഡ്‌സിന് തിരിച്ചടി സമ്മാനിച്ചു. 35 റണ്‍സെടുത്ത അക്കര്‍മാനെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി.
പിന്നാലെ ഓ ഡൗഡിനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. 35 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. നാലാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച സൈബ്രാന്‍ഡ് എയ്ഞ്ജല്‍ബ്രെക്റ്റും നായകന്‍ സ്‌കോട് എഡ്വാര്‍ഡ്‌സും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സൂപ്പര്‍താരം വിരാട് കോലി പന്തെറിഞ്ഞു. പാര്‍ട്ട് ടൈം ബൗളറായെത്തിയ കോലി സ്‌കോട് എഡ്വാര്‍ഡ്‌സിനെ പുറത്താക്കുകയും ചെയ്തു. 17 റണ്‍സെടുത്ത് നെതര്‍ലന്‍ഡ്‌സ് നായകന്‍ ക്രീസ് വിട്ടു.
സ്‌കോട്ടിന് പകരം വന്ന തേജ നിദമനുരുവിനെ കൂട്ടുപിടിച്ച് എയ്ഞ്ജല്‍ബ്രെക്റ്റ് ടീം സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ ഈ കൂട്ടുകെട്ടിനും അധികം ആയുസ്സുണ്ടായില്ല. 45 റണ്‍സെടുത്ത എയ്ഞ്ജല്‍ബ്രെക്റ്റിനെ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി. പുറകെ വന്ന ലോഗന്‍ വാന്‍ ബീക്ക് പൊരുതിനോക്കിയെങ്കിലും 16 റണ്‍സെടുത്ത താരത്തെ കുല്‍ദീപ് യാദവ് ക്ലീന്‍ ബൗള്‍ഡാക്കി. ഒന്‍പതാമനായി വന്ന വാന്‍ ഡെര്‍ മെര്‍വ് രണ്ട് സിക്‌സും ഒരു ഫോറുമടിച്ച് വരവറിയിച്ചെങ്കിലും 16 റണ്‍സെടുത്ത താരത്തെ ജഡേജ പുറത്താക്കി. പുറകെ വന്ന ആര്യന്‍ ദത്തിനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. അവസാനക്കാരനായി വന്ന മീകെറെനെ സാക്ഷിയാക്കി തേജ അര്‍ധസെഞ്ചുറി നേടി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ താരത്തെ രോഹിത് ശര്‍മ പുറത്താക്കി. തേജ 39 പന്തില്‍ 54 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. ഇതോടെ 250 റണ്‍സിന് ടീം ഓള്‍ ഔട്ടായി.
ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.