നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് റണ്‍വേയിലേക്ക് നീങ്ങിയ ഇന്‍ഡിഗോ വിമാനം തിരിച്ചുവിളിച്ചു. തിങ്കളാഴ്ച രാവിലെ 11. 30 ന് പുറപ്പെടേണ്ട വിമാനമാണ്.
നെടുമ്പാശ്ശേരിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണിസന്ദേശം. സി.ഐ.എസ്.എഫിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത്. ഇതോടെ റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചുവിളിച്ചു. യാത്രക്കാരെ പുറത്തിറക്കി പരിശോധിച്ചു. ലഗേജുകളും പരിശോധിച്ചു.
നേപ്പാളിലെ നമ്പറില്‍നിന്നാണ് വ്യാജ ഭീഷണിസന്ദേശം എത്തിയതെന്നാണ് കണ്ടെത്തല്‍. നേപ്പാള്‍ സ്വദേശിയായ ഒരാള്‍ കൊച്ചിയില്‍നിന്ന് ബെംഗളൂരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇയാള്‍ക്ക് കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിച്ചേരാനായിരുന്നില്ല. ഇതിനു പിന്നാലെ അന്വേഷണം തുടങ്ങി. വിമാനം വൈകി പുറപ്പെട്ടു.