വിമാന ടിക്കറ്റുകളിൽ നിരക്ക് ഇളവ് പ്രഖ്യാപിച്ച് ഇൻഡിഗോ എയർ ലൈൻസ്. ഇന്ധന ചാർജ്ജെന്ന പേരിലുള്ള തുകയിൽ ഇളവ് വരുന്നതോടെയാണ് ഇൻഡിഗോയുടെ ടിക്കറ്റ് നിരക്കുകളിലും കുറവുണ്ടാകുന്നത്. എടിഎഫ് വില തുടർച്ചയായി മൂന്ന് തവണയാണ് കുറഞ്ഞത്. ഒക്ടോബറിനു ശേഷം ജെറ്റ് ഇന്ധന വിലയിൽ ഏകദേശം 14 ശതമാനം ഇടിവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത് യാത്രക്കാർക്ക് നൽകുകയാണ് ചെയ്യുന്നത്.
രാജ്യത്തിനകത്ത് നൽകുന്ന ഇന്ധന നിരക്കിൽ നിന്നും വ്യത്യസ്തമായാണ് എടിഎഫ് വിലകൾ നിശ്ചയിക്കുന്നത്. നിയന്ത്രണങ്ങൾ ഒഴിവാക്കി ആഗോള നിരക്കുകൾക്ക് അനുസൃതമായാണ് നിരക്ക് ക്രമീകരിക്കുന്നത്. സെപ്തംബറിൽ അന്താരാഷ്ട്ര ക്യൂഡ് ഓയിൽ വില കുറഞ്ഞ് ബാരലിന് 97 ഡോളറിലെത്തിയതോടെയാണ് വിമാന ഇന്ധന വിലയിലും അന്താരാഷ്ട്ര വിപണിയിൽ ഇടിവുണ്ടായത്.
ഒക്‌ടോബർ ആദ്യം ഇൻഡിഗോ പ്രഖ്യാപിച്ച ഇന്ധന ചാർജ്ജ് പ്രകാരം ടിക്കറ്റ് ചാർജ്ജിൽ 300 മുതൽ 1,000 രൂപ വരെ വ്യത്യാസം വന്നിരുന്നു. 2024 ജനുവരി 04 മുതൽ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ ബാധകമായ ഇന്ധന ചാർജ് നീക്കം ചെയ്യുന്നതായി തങ്ങളുടെ യാത്രക്കാരെ അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇൻഡിഗോ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (ATF) വർധിച്ചതിനെത്തുടർന്ന് 2023 ഒക്ടോബറിലാണ് ഇന്ധന ചാർജ് ഏർപ്പെടുത്തിയത്. എന്നാൽ എടിഎഫ് വിലയിൽ അടുത്തിടെ കുറവ് വന്നതോടെ ചാർജ് പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് ഇൻഡിഗോ വ്യക്തമാക്കി. എ ടി എഫ് വിലയിലെ മാറ്റങ്ങൾക്കനുസരിച്ച് നിരക്കുകൾ ക്രമീകരിക്കുന്നത് ഭാവിയിലും തുടരുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
നിലവിൽ ഡൽഹിയിൽ എടിഎഫിന് കിലോലിറ്ററിന് 1,01,993.17 രൂപയാണ് വില. ഒക്ടോബറിൽ ഇത് കിലോലിറ്ററിന് 1,18,199.17 രൂപയായിരുന്നു.
പ്രതിഫലിക്കുന്നത് അന്താരാഷ്ട്ര വിലയിലെ കുറവ്
ഒരു എയർലൈനിന്റെ പ്രവർത്തനച്ചെലവിന്റെ പ്രധാന പങ്കും ഇന്ധനത്തിനായുള്ളതാണ്. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഇത് അവരുടെ പ്രവർത്തന ചെലവിന്റെ 40 ശതമാനത്തിലധികം വരും. എടിഎഫ് വിലകൾ നിയന്ത്രണങ്ങൾ ഒഴിവാക്കി ആഗോള നിരക്കുകൾക്ക് അനുസൃതമായാണ് ക്രമീകരിക്കുന്നത്. സെപ്തംബറിൽ അന്താരാഷ്ട്ര ക്യൂഡ് ഓയിൽ വില ബാരലിന് 97 ഡോളറിലെത്തിയതോടെയാണ് വിമാന ഇന്ധന വിലയിലും അന്താരാഷ്ട്ര വിപണിയിൽ ഇടിവുണ്ടായത്.