Friday, February 20, 2026

ആശുപത്രികൾക്ക് അകത്ത് കയറിയും ഇസ്രയേൽ സേന, ആശങ്ക അറിയിച്ച് ഐക്യരാഷ്ട്ര സഭയും റെഡ് ക്രോസും

ഗാസയിലെ പ്രധാന ചികിത്സാ കേന്ദ്രമായ അല്‍ ശിഫ ആശുപത്രിയെ ലക്ഷ്യമാക്കി ഇസ്രയേൽ സൈനികർ. ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് സുരക്ഷിതസ്ഥാനത്ത് ഒളിക്കേണ്ടിവന്നുവെന്ന് ഡോക്ടര്‍മാര്‍ പരാതിപ്പെട്ടു. ജീവനക്കാര്‍ വെടിയേല്‍ക്കുമെന്ന ഭയംമൂലം ജനാലകള്‍ക്കരികില്‍നിന്ന് അകലം പാലിക്കുകയാണെന്നും ഡോക്ടര്‍മാര്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഇസ്രയേല്‍ സേനയുടെ നടപടിയില്‍ ഐക്യരാഷ്ട്രസഭ (യു.എന്‍) യും റെഡ് ക്രോസും ആശങ്ക അറിയിച്ചു. ആശുപത്രികള്‍ യുദ്ധകളങ്ങള്‍ അല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ വിഭാഗം തലവന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്സ് പറഞ്ഞു. അല്‍-ശിഫയിലെ സൈനിക നീക്കം ഞെട്ടിക്കുന്നതാണെന്നും നവജാത ശിശുക്കള്‍, രോഗികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘അല്‍-ഷിഫ ആശുപത്രിയിലേക്കുള്ള സൈനിക നീക്കത്തിന്റെ റിപ്പോര്‍ട്ടുകള്‍ വളരെ ആശങ്കാജനകമാണ്. ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുമായി ഞങ്ങള്‍ക്ക് ബന്ധം നഷ്ടപ്പെട്ടു. അവരുടെയും രോഗികളുടെയും സുരക്ഷയില്‍ ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണ്.’ ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഭീകരത അവസാനിപ്പിക്കണമെന്ന് റെഡ് ക്രോസും ആവശ്യപ്പെട്ടു.

അല്‍-ശിഫയിലെ അത്യാഹിതവിഭാഗം, റിസപ്ഷന്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ ധാരാളം ഇസ്രയേല്‍ സൈനികരും കമാന്‍ഡോകളും കടന്ന് കയറിയതായി ഗാസ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ യൂസഫ് അബുല്‍ റീഷ് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. മുറികളിലടക്കം സൈനികര്‍ പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം.

ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഹമാസ് സംഘാങ്ങളെ നേരിടേണ്ടിവന്നുവെന്നാണ് ഇസ്രയേൽ സേന അവകാശപ്പെടുന്നത്. എന്നാല്‍ ആശുപത്രിക്കുള്ളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ പറയുന്നു.

അഭയ കേന്ദ്രങ്ങളും ഇല്ലാതാക്കുന്ന തന്ത്രം

സൈന്യം ദിവസങ്ങളായി ആശുപത്രിയുടെ കവാടങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. രോഗികളും ജീവനക്കാരും വീടുനഷ്ടപ്പെട്ട് അഭയം തേടിയവരുമായി പതിനായിരത്തോളം പേർ ഇപ്പോഴും ഗാസസിറ്റിയിലെ വലിയ ആശുപത്രിയായ അൽ ശിഫയിലുണ്ടെന്ന് ഐക്യരാഷ്ട്രസഭ കരുതുന്നു. ആശുപത്രിയിൽക്കയറി വലിയ അതിക്രമം കാണിക്കരുതെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിനോടു ആവശ്യപ്പെട്ടിരുന്നു.

ആശുപത്രിക്കെതിരായ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം യു.എസ് പ്രസിഡന്റ് ജോ ബെെഡനാണെന്ന് ഹമാസ് ആരോപിച്ചു. അൽ ശിഫ ആശുപത്രി സമുച്ചയത്തെ പ്രതിരോധ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്നുവെന്ന് വാദം വെെറ്റ് ഹൗസും പെന്റ​ഗണും അംഗീകരിച്ചു. നിസ്സഹായരായ ജനങ്ങൾക്കെതിരായ ആക്രമണത്തിന് ഇക്കൂട്ടർ പച്ചക്കൊടി കാണിച്ചുവെന്നും ഹമാസ് ചൂണ്ടിക്കാട്ടി.

ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് പ്രവർത്തനം നിലച്ച അൽ ശിഫ ആശുപത്രിയിൽ മരിച്ച 179 പേരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചിരുന്നു. മോർച്ചറിയിൽ സൂക്ഷിക്കാൻ കഴിയാത്തതിനാൽ ആശുപത്രിവളപ്പിൽ വലിയ കുഴികുത്തി ഇവ ഒരുമിച്ച് അടക്കുകയായിരുന്നെന്ന് അൽ ശിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സാൽമിയ പറഞ്ഞു. നൂറ് ആശുപത്രി ജീവനക്കാർ ആറുമണിക്കൂറെടുത്താണ് മൃതദേഹങ്ങൾ മറവുചെയ്തത്.

വൈദ്യുതിയില്ലാത്തതിനാൽ മോർച്ചറികൾ പ്രവർത്തിക്കുന്നില്ല. അതിനാൽ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ നിർബന്ധിതമായെന്ന് അദ്ദേഹം പറഞ്ഞു. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ ഗന്ധമാണ് ആശുപത്രി പരിസരത്തെന്ന് എ.എഫ്.പി.ക്കുവേണ്ടി ഗാസയിൽ പ്രവർത്തിക്കുന്ന റിപ്പോർട്ടർ പറഞ്ഞു.

യുദ്ധം തുടങ്ങിയശേഷം ഗാസയിൽ ഇതുവരെ 11240 പേർ കൊല്ലപ്പെട്ടു. ഇതിൽ 4630 പേർ കുട്ടികളും 3130 പേർ സ്ത്രീകളുമാണ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...