ഇന്ത്യയുടെ പ്രഥമ സൗരദൗത്യ പേടകമായ ആദിത്യ എൽ-1 പേടകം ഐ എസ് ആർ ഒ ലക്ഷ്യമിട്ട ലഗ്രാഞ്ച് ഒന്ന് എന്ന ബിന്ദുവിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ പ്രവേശിച്ചു. നാല് മാസത്തെ യാത്രയ്‌ക്കൊടുവിലാണ് ലക്ഷ്യം.
ലഗ്രാഞ്ച് ബിന്ദുവിലെത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം തുല്യമായി അനുഭവപ്പെടുന്ന അഞ്ച് മേഖലകളിൽ ആദ്യത്തെയാണ് ഈ മേഖല. ഭൂമിക്ക് ഏറ്റവും അടുത്തുള്ള ബലകേന്ദ്രവുമാണ് ലഗ്രാഞ്ച് ഒന്ന്.
ശനിയാഴ്ച വൈകിട്ട് നാലോടെയാണ് ആദിത്യ എൽ1 ഹാലോ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. പേടകത്തിലെ ലാം എൻജിൻ പ്രവർത്തിപ്പിച്ചാണ് അവസാന ഭ്രമണപഥമാറ്റം ഐഎസ്ആർഒ നടത്തിയത്. വൈകാതെ പേടകത്തെ ഒന്നാം ലഗ്രാഞ്ചിൽ നിശ്ചിത ഇടത്ത് ഉറപ്പിക്കും. ഇതാണ് ഐഎസ്ആർഒയുടെ മുന്നിൽ ഇനിയുള്ള വെല്ലുവിളി. നിശ്ചിത സ്ഥാനത്ത് സ്ഥിരത കൈവരിച്ചശേഷമായിരിക്കും പേടകം സൗര രഹസ്യങ്ങള്‍ അനാവരണം ചെയ്യാനുള്ള പരീക്ഷണങ്ങളിലേക്ക് കടക്കുക. സ്ഥിരത കൈവരിക്കാനുള്ള പ്രക്രിയയ്ക്ക് ഒരു മാസത്തോളമെടുക്കും.

സെപ്തംബർ രണ്ടിന് വിക്ഷേപിച്ച ആദിത്യ എല്‍-1 ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. 126 ദിവസത്തെ യാത്രയ്ക്കുശേഷം ഇപ്പോഴെത്തിയിരിക്കുന്ന ലഗ്രാഞ്ച് ഒന്ന് എന്ന ബിന്ദുവിൽനിന്ന് മറ്റൊരു ആകാശഗോളത്തിന്റെയും മറയില്ലാതെ സൂര്യനെ സസൂക്ഷ്മം നിരീക്ഷിക്കാനും പഠനം നടത്താനും ആദിത്യ എൽ1ന് സാധിക്കും എന്നതാണ് പ്രത്യേകത.
ലഗ്രാഞ്ച് പോയിൻ്റ് വണിൽ സൂര്യനും ഭൂമിയും ബഹിരാകാശ പേടകവും ഉള്‍പ്പെടുന്ന ആനുകാലികവും ത്രിമാനവുമായ പരിക്രമണ പാതയാണ് ഹാലോ ഭ്രമണപഥം.
ഭൂമിയുടെയും സൂര്യന്റെ അന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെ താപ വ്യതിയാനം, സൂര്യന്റെ പാളികളായ ഫോട്ടോ സ്ഫിയർ, ക്രോമോ സ്പിയർ, പുറം പാളിയായ കൊറോണ എന്നിവയെക്കുറിച്ചാണ് ആദിത്യ എൽ-1 പഠിക്കുക. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഏഴ് പേലോഡുകളാണ് പേടകത്തിൽ പഠനത്തിനായി സജ്ജീകരിച്ചിരിക്കുന്നത്.