ജോയന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ് 2024 മേയ് 26-ന് നടക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) യിലെ, 2024-25 ലെ ബിരുദ പ്രോഗ്രാമുകളിലെ (എൻജിനിയറിങ്, സയൻസ്, ആർക്കിടെക്ചർ) പ്രവേശനത്തിനായാണ് ജെ.ഇ.ഇ. അഡ്വാൻസ്ഡ് നടത്തുന്നത്.
ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 21-ന് രാവിലെ 10 മുതൽ 30-ന് വൈകീട്ട് അഞ്ച് വരെ നടത്താം. ഫീസ് അടയ്ക്കാൻ മേയ് ആറിന് വൈകീട്ട് അഞ്ച് വരെ സമയമുണ്ട്. ജെ.ഇ.ഇ. മെയിൻ പേപ്പർ 1 പരീക്ഷയിൽ വിവിധ കാറ്റഗറികളിൽനിന്നും മുന്നിലെത്തുന്ന 2,50,000 പേർക്കാണ് ജെ.ഇ.ഇ. അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്ത്, അഭിമുഖീകരിക്കാൻ അർഹത ലഭിക്കുക. ഐ.ഐ.ടി. മദ്രാസ് ആണ് സംഘാടകസ്ഥാപനം.