രാത്രി തന്‍റെ ഒറ്റക്കണ്ണടച്ച് ചുറ്റിനും ഇരുട്ടിന്‍റെ കരിമ്പടം മൂടിയ ദിവസം. ഒറ്റമുറി വീടിനുള്ളില്‍ കറുത്ത പുകകൊണ്ട് ചുവരില്‍ ചിത്രം വരയ്ക്കുന്ന മണ്ണെണ്ണ വിളക്കിന്‍റെ ചുവട്ടിലിരുന്നുകൊണ്ട് ധൃതിയില്‍ തന്‍റെ ഡയറി എഴുതുകയാണ് സഖാവ് ചന്ദ്രന്‍. സിരകളില്‍ തിളയ്ക്കുന്ന ചുടുചോര അക്ഷരങ്ങളായി ചിന്തുന്നു. തീ പടര്‍ത്തുന്ന വിപ്ലവ വാക്യങ്ങള്‍.”അക്രമത്തെ ആക്രമണം കൊണ്ട് നേരിടണം”.
ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ രാത്രി രണ്ടു മണിയാകുമ്പോള്‍ സഖാക്കളെല്ലാം കവലയിലെ കുരിശുപള്ളിക്ക് താഴെയുള്ള കെടങ്ങില്‍ ഒത്തുകൂടും, അവിടെ തന്നെയാണ് ആയുധങ്ങളും ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. അടിയന്തരാവസ്ഥയുടെ ചങ്ങല മുറിച്ച് കളഞ്ഞതിനാല്‍ ജനങ്ങള്‍ ശാന്തരായി ഉറങ്ങുകയാണ്. അവര്‍ കണ്ണുതുറക്കുമ്പോള്‍ എസ്.ഐ രാജന്‍റെ തല മണ്ണിലും ചാണകത്തിലും കിടന്നു കുഴഞ്ഞുമറിയും. ഭര്‍ത്താവ് നഷ്ടമായ വിധവകള്‍ അതില്‍ കാര്‍ക്കിച്ചു തുപ്പും, അനാഥരായ കുട്ടികള്‍ അവന്‍റെ തലകൊണ്ട് നാടന്‍ പന്ത് കളിക്കും, മക്കളെ നഷ്ടമായ അമ്മമാര്‍ ആ കാഴ്ചകണ്ട് ആഹ്ളാദിക്കും, ഒരു ദിവസം കൂടുതല്‍ ജീവിച്ചിരുന്നതില്‍ ആദ്യമായി സന്തോഷിക്കും.
കഥയറിഞ്ഞ് ലാത്തിയും തോക്കും കൊമ്പന്‍ മീശകളും എത്തുമ്പോഴേയ്ക്കും ഞങ്ങള്‍ ഒളിസങ്കേതങ്ങളിലേക്ക് മറഞ്ഞിട്ടുണ്ടാകും, വിപ്ലവം ജയ്ക്കട്ടെ, സഖാവ് ചന്ദ്രന്‍ മൂരി നിവര്‍ന്നിരുന്നു.
പെട്ടെന്നാണ് മുറിക്കുളിലേക്ക് ഒരു തരം അസ്ഥികൾ മരവിപ്പിക്കുന്ന തണുപ്പ് കടന്നു വരുന്നതുപോലെ ചന്ദ്രന് തോന്നിയത്, കാറ്റല്ല, കാരണം മണ്ണെണ്ണ വിളക്കിന്‍റെ തിരി ഉലയാതെ നില്‍ക്കുന്നു. പക്ഷെ നിമിഷങ്ങള്‍ കഴിയുന്തോറും തണുപ്പ് ശരീരത്തിലേക്ക് അരിച്ച് കയറുന്ന പോലെ. ചന്ദ്രന്‍ പതിയെ തിരിഞ്ഞു നോക്കി, ഒരു നിമിഷനേരം ചന്ദ്രന്‍ സ്തബ്ദനായി, അവന്‍റെ മുന്നില്‍ ഒരു സ്ത്രീരൂപം, ആദ്യം ഒന്നു ഭയന്നെങ്കിലും സഖാവിന്‍റെ ഉള്ളിലെ വിപ്ലവത്തിന്‍റെ ചൂട് നല്‍കിയ ധൈര്യത്തില്‍ അയാള്‍ ചോദിച്ചു,
“അരാ നീ? എന്താ ഇവിടെ?”
അവളില്‍ നിന്നും മറുപടിയൊന്നും വരാഞ്ഞപ്പോള്‍, അയാള്‍ മേശപ്പുറത്തിരുന്ന വിളക്കെടുത്ത് അവളുടെ നേരെ പിടിച്ചു, അപ്പോഴാണ് അവള്‍ പൂര്‍ണ നഗ്ന ആയി നില്‍ക്കുകയാണെന്ന് അയാള്‍ അറിഞ്ഞത്. കണ്‍മഷി എഴുതിയ വിടര്‍ന്ന കണ്ണുകള്‍, സദാ നനവാര്‍ന്ന ചുണ്ട്, അഴിച്ചിട്ട മുടിയിഴകളില്‍ ഒളിച്ചുകിടക്കുന്ന ഇരുണ്ട മാറിടങ്ങളില്‍ പോയകാലത്തിന്‍റെ ഓര്‍മ്മപോലെ ഒലിച്ചിറങ്ങിയ മുലപ്പാലിന്‍റെ നേര്‍ത്ത പാട. രണ്ടു കുഞ്ഞരിപ്പല്ലുകള്‍ക്കിടയില്‍ ഞെരുങ്ങാന്‍ അവ കൊതിക്കുന്നതായി അവന് തോന്നി. താഴേക്ക് ദ്രാവിഡ സൌന്ദര്യം തുളുമ്പുന്ന ഉടല്‍. ചന്ദ്രന്‍റെ കണ്ണുകളില്‍ യുഗങ്ങളുടെ പുരുഷതൃഷ്ണ കത്തിയാളിയെങ്കിലും വിപ്ലവത്തിന്‍റെ കടിഞ്ഞാണില്‍ വികാരങ്ങള്‍ അയാള്‍ ക്ഷണനേരം കൊണ്ട് കെട്ടിയിട്ടു.
“ആരാ നീ?’ ചന്ദ്രന്‍റെ സ്വരം കൂടുതല്‍ പരുഷമായി.
“എനിക്ക് പേരില്ല, നിങ്ങള്‍ എന്നെ സഖാവേ എന്ന് വിളിച്ചോളു.
അവള്‍ ചെറിയ ചിരിയോടെയാണ് മറുപടി പറഞ്ഞത്, അത് ചന്ദ്രനെ ചെറുതായി ചൊടിപ്പിച്ചു.
“നീ ഒരു പെണ്ണായി പോയി, ആല്ലെങ്കില്‍“, ചന്ദ്രന്‍ അവന്‍റെ മുഷ്ടി ചുരുട്ടി പല്ലിറുമി നിന്നു.
“കമ്മ്യൂണിസ്റ്റിന് ആണെന്നും പെണ്ണെന്നും ഉണ്ടോ? ചോരയുടെ നിറം ഏല്ലാവര്‍ക്കും ചുവപ്പ് തന്നെയല്ലേ സഖാവേ! സഖാവ് എന്നെ കണ്ടു ഭയന്നോ?
ചന്ദ്രൻ അവളെ അടിമുടി ഒന്നു നോക്കി, അഭയം തേടിവന്ന ഒരു സ്ത്രീയുടെ ശരീരഭാഷ അല്ല അവളിൽ തെളിയുന്നത്. അവളുടെ നഗ്നതയേക്കാൾ തീക്ഷ്ണമായ മുഖം.
മുറിയിലെ ടൈംപ്പീസിൽ നിന്നും നിമിഷ സൂചിയുടെ ടക് ടക് ശബ്ദം ഇടിമിന്നലോളം മുഴങ്ങി കേട്ടു. അവർക്കിടയിൽ നിശബ്ദത അത്രമേൽ തളം കെട്ടി നിന്നിരുന്നു.
“ നിന്നു കളയാൻ സമയം ഇല്ല, ലക്ഷ്യം പൂർത്തിയാക്കണം, പക്ഷെ ഇവൾ ആരാണ്, ഇവളെ എന്ത് ചെയ്യും?” മനസ്സിനുള്ളിൽ തന്നോടു തന്നെ കലഹിച്ചുകൊണ്ട് ചന്ദ്രൻ നിന്നു.
ഭിത്തിയിൽ ആണിയടിച്ച് തൂക്കിയിട്ടിരിക്കുന്ന തുണികളിൽ നിന്നും, ഒരു ഷർട്ടും മുണ്ടും എടുത്ത് ചന്ദ്രൻ അവൾക്ക് നേരെ നീട്ടി.
“തത്ക്കാലം ഇതുകൊണ്ട് നിന്റെ നാണം മറയ്ക്ക്, ഇവിടെ സ്ത്രീകളുടെ വസ്ത്രങ്ങൾ ഒന്നുമില്ല”.
“ നാണം മറയ്ക്കാനോ!” അവൾ ഉറക്കെ ചിരിച്ചു.
“ ഇതെന്റെ രാഷ്ട്രീയമാണ്”, അവൾ വീണ്ടും ചിരി തുടർന്നു.

അവളുടെ മറുപടികള്‍ ചന്ദ്രന്‍റെ ക്ഷമ നശിപ്പിച്ചു തുടങ്ങിയിരുന്നു.”പോയി നിന്നെ അയച്ചവരോട് പറഞ്ഞേക്ക് നിന്‍റെ ശരീരം കണ്ടു ഞാന്‍ മയങ്ങുമെന്ന് കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റി, മാറി നില്‍ക്ക് എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്”.
അവള്‍ വശ്യമായ ചിരിയിലൂടെ തന്നെ മറുപടി പറഞ്ഞു, ”നിങ്ങള്‍ വെറും പാവമാണ്, കാരണം നിങ്ങളുടെ ചുണ്ടുകള്‍ കള്ളം പറയുമ്പോഴും കണ്ണുകളില്‍ സത്യം മറച്ചുവെക്കാന്‍ കഴിയാതെ പോകുന്നു, പക്ഷെ ചിലപ്പോഴൊക്കെ നിങ്ങള്‍ കണ്ണുകള്‍ മൂടിക്കെട്ടുന്നു”
ചന്ദ്രന്‍ അലറിക്കൊണ്ട് അവളുടെ നേരെ പാഞ്ഞടുക്കവെ, കയ്യിലെ മണ്ണെണ്ണ വിളക്കിന്‍റെ പ്രകാശത്തില്‍ അവള്‍ കൂടുതല്‍ ദൃശ്യമായപ്പോഴാണ്, ചന്ദ്രന്‍ അത് ശ്രദ്ധിച്ചത് അവള്‍ക്ക് നിഴലില്ല. അവളുടെ ദേഹത്ത് പതിക്കുന്ന വെളിച്ചത്തില്‍ അവളുടെ നിഴല്‍ പുറകില്‍ തെളിയുന്നില്ല. തണുപ്പ് അവന്‍റെ പെരുവിരല്‍ തൊട്ട് ഉച്ചിവരെ മിന്നലുപോലെ കേറി, കാല്‍ തറയില്‍ ഉറച്ചു പോയ പോലെ മുന്നോട്ട് നീക്കാന്‍ കഴിയുന്നില്ല, വിളക്കിന്‍റെ നേരിയ വെളിച്ചത്തില്‍ അവന്‍റെ നെറ്റിയിലൂടെ ചുവന്ന വിയര്‍പ്പോഴുകി.
“നിന്‍റെ നിഴല്‍”, മുറിഞ്ഞ സ്വരത്തില്‍ ചന്ദ്രൻ ചോദിച്ചു.
“നിഴലുകളെ ഞാന്‍ വിശ്വസിക്കാറില്ല അവ ചതിക്കും, നമ്മുടെ ഭൂതകാലത്തിന്‍റെ അസ്തിത്വമാണ് നിഴലുകള്‍”.
അവന്‍ മറുപടിയില്ലാതെ നിന്നു വിയര്‍ത്തു, ഇത്തവണ വിപ്ലവം അവന് ചൂട് നല്‍കിയില്ല, ഭയത്തിന്‍റെ നിഴലുകള്‍ അവനെ പൊതിഞ്ഞു.
“സഖാവിന് ഭയം ഉണ്ടോ?” അവള്‍ ചിരിച്ചുകൊണ്ട് തന്നെ ചോദിച്ചു.
“നീ യക്ഷിയാണോ?” അത് ചോദിക്കുമ്പോള്‍ ചന്ദ്രന്‍റെ സ്വരം വിറയ്ക്കുന്നുണ്ടായിരുന്നു.
അവള്‍ ഒരു നിമിഷം നിശബ്ദയായി, ”ഞാന്‍ ഈ മണ്ണില്‍ ജീവിച്ച് മരിച്ച ഒരു മനുഷ്യ സ്ത്രീയാണ്, കഥകളിലെ പോലെ എനിക്ക് കൂര്‍ത്ത പല്ലും നഖമൊന്നും ഇല്ല, അതൊക്കെ അതിര്‍വരമ്പുകളില്ലാത്ത ഭാവനകളില്‍ ഉണ്ടാകുന്നതല്ലേ, അവരാരും മരിച്ചവരെ കണ്ടിട്ടുണ്ടാകില്ല”.
ചന്ദ്രന്‍റെ ഭയം പതിയെ മാറാന്‍ തുടങ്ങി, യുക്തിപൂര്‍വ്വം ചിന്തികുമ്പോള്‍ മരിച്ചവര്‍ക്ക് പല്ലും നഖവും നീളുമെന്ന് ആരാണ് പറഞ്ഞത്?, പക്ഷെ മറ്റൊരുതലത്തില്‍ ആലോചിച്ചാല്‍ തന്‍റെ മുന്നില്‍ നില്‍ക്കുന്ന സ്ത്രീ അവളെ യുക്തികൊണ്ട് അളക്കാന്‍ സാധിക്കുമോ? ചന്ദ്രന്‍റെ മനസ്സ് ചോദ്യങ്ങള്‍കൊണ്ട് കലുഷിതമായി.
“നീ മരിച്ചുപോയ ആളാണെന്ന് ഞാന്‍ എങ്ങനെ വിശ്വസിക്കും?”
ചോദ്യങ്ങള്‍ യുക്തിപൂര്‍വം തന്നെ നീക്കാമെന്ന് ചന്ദ്രന്‍ കരുതി.
“എന്‍റെ ഹൃദയം മിടിക്കുന്നില്ല, തൊട്ട് നോക്കുന്നോ?” അവള്‍ ശാന്തമായി ചന്ദ്രന്‍റെ കണ്ണിലേയ്ക്ക് നോക്കിക്കൊണ്ട് പറഞ്ഞു. ഭയവും യുക്തിയും ചോദ്യങ്ങളും കൂടികലര്‍ന്ന ചന്ദ്രന്‍റെ മനസ്സ് ഒരു ഉത്തരത്തിനായി പരതി, അവന്‍റെ കൊടിപിടിച്ചു തഴമ്പിച്ച കൈകള്‍ അവളുടെ നഗ്നമായ നെഞ്ചില്‍ അമര്‍ന്നു, ഒരു മരവിക്കുന്ന തണുപ്പിലൂടെ അവന്‍ മനസ്സിലാക്കി അവളുടെ ഹൃദയമിടിക്കുന്നില്ല, ശ്വാസം എടുക്കാന്‍ അവളുടെ നെഞ്ച് ഉയര്‍ന്നു താഴുന്നില്ല, രാത്രിയുടെ ഉഷ്ണത്തില്‍ അവളുടെ ദേഹം വിയര്‍ക്കുന്നില്ല, വശ്യമായ കണ്ണുകള്‍ ഇമവെട്ടുന്നില്ല. അവന്‍ ഭയന്നുകൊണ്ട് അവളുടെ ശരീരത്തില്‍ നിന്നും കൈവലിച്ചു.
“സഖാവിന് ഇനിയും സംശയമാണോ?”, അവള്‍ തന്‍റെ കൈ മണ്ണെണ്ണ വിളക്കിന് മുകളിലായി വെച്ചു, അവള്‍ക്ക് പൊള്ളിയില്ല, കറുത്ത പുക അവളുടെ കയ്യില്‍ ചിത്രങ്ങള്‍ വരച്ചതുമില്ല, ചന്ദ്രന്‍ അവന്‍റെ യുക്തിയിലേക്ക് മടങ്ങിയെത്തി,
“നിങ്ങള്‍ ആരായാലും എനിക്ക് കുഴപ്പമില്ല, എന്തിനാ എന്നെ കാണാന്‍ വന്നത്, വേഗം പറയൂ എനിക്ക് പോകണം”.
“പോകാം, ഞാനും കൂടെ വരാം” അവള്‍ പറഞ്ഞു,
“ഞാന്‍ ഒറ്റയ്ക്കല്ല സഖാക്കള്‍ വേറെയും ഉണ്ട്”.
“അറിയാം, അവരുടെ അടുത്ത് എത്തുന്നവരെ ഞാനും കൂടെ വരാം”,
സംസാരിച്ച് നില്‍ക്കന്‍ നേരമില്ലാത്തതുകൊണ്ട് അവന്‍ സമ്മതിച്ചു, കയ്യിലുള്ള വിളക്ക് കെടുത്തി രണ്ടു പേരും വീടിന് പുറത്തിറങ്ങി, തൊടിന് കുറുകേയുള്ള പാലം കയറി, മണ്ണിട്ട വഴിയിലൂടെ നടന്നു.
“മരിച്ച എല്ലാവരും നിങ്ങളെ പോലെയാണോ, അവരും അലഞ്ഞു നടക്കുകയാണോ?”, വീതികുറഞ്ഞ വഴിയിലൂടെ അടുത്തടുത്തായി നടക്കുമ്പോള്‍ ചന്ദ്രന്‍ ചോദിച്ചു, അപ്പോഴും അവളുടെ ഉടലിന്‍റെ തണുപ്പ് അവനറിയുന്നുണ്ട്,
“മനുഷ്യനായി അഭിനയിച്ചവര്‍ പുകപോലെ മാഞ്ഞുപോകും, മനുഷ്യരായി ജീവിച്ചവര്‍ ഈ മണ്ണില്‍ തന്നെ തുടരും, എന്നെ പോലെ”, ഒരു ഓര്‍മ്മയിലെന്ന പോലെയാണ് അവള്‍ മറുപടി പറഞ്ഞത്.
“അവരും നഗ്നരാണോ?”, അവന്‍റെ ചോദ്യത്തില്‍ പരിഹാസം സ്ഫുരിച്ചു നിന്നു.
“നിങ്ങള്‍ എന്തിനാണ് വിപ്ലവകാരി ആയത്?”, ചന്ദ്രന്‍റെ ചോദ്യത്തിന് ഒരു മറുചോദ്യമാണ് അവള്‍ ചോദിച്ചത്,
“വിപ്ലവം അനിവാര്യമാണ്, അത് നാടിനെ മുന്നോട്ട് നയിക്കുന്നു”
“നഗ്നത സത്യമാണ്, അത് മുഖം മൂടികളെ അഴിച്ചുകളയുന്നു” അവള്‍ പറഞ്ഞു.
അവന്‍ അക്ഷരങ്ങളുടെ ശരങ്ങള്‍ അവളുടെ നേരെ ഒന്നിന് പുറകെ ഒന്നായി എയ്തു,
“നിങ്ങള്‍ക്ക് എന്തറിയാം, വിപ്ലവകാരികള്‍ ഈ നാട് കാക്കുന്നു, ”
ഇരുട്ടിലും അവന്‍റെ കണ്ണുകള്‍ വിപ്ലവം കൊണ്ട് തിളങ്ങി,
“കമ്മ്യൂണിസം ഹ്യൂമനിസം ആണ്”, അവളുടെ ശബ്ദം നേര്‍ത്തതായിരുന്നു എങ്കിലും വാക്കുകള്‍ ഉറച്ചതായിരുന്നു,
“സായുധ വിപ്ലവം ലോകത്തെ തന്നെ മാറ്റിമറിക്കും, യുദ്ധം സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയാണ്”,
“ആരുടെ സ്വാതന്ത്ര്യം, യുദ്ധം ആണിന് എന്നും ഹരമാണ്, അവന്‍റെ അധികാരം അവന്‍ അതിലൂടെ നേടിയെടുക്കുന്നു, യുദ്ധത്തിന്‍റെ ഇരകള്‍ സ്ത്രീകള്ളും കുട്ടികളും ആണ്, അത് ലോകം ഉണ്ടായ കാലം മുതല്‍ക്കേ തുടര്‍ന്നു പോകുന്നു, ”, അവളുടെ സ്വരം കുറച്ചുകൂടി ഉയര്‍ന്നു,
“ഞങ്ങളുടെ ഇന്നത്തെ യുദ്ധം അത് നീതിക്കുവേണ്ടിയാണ്, അതില്‍ സന്തോഷിക്കുന്നവര്‍ ഒരുപാട് പേരുണ്ടാകും, അതില്‍ സ്ത്രീകളും ഉണ്ട്”, അവന്‍റെ സ്വരം കടുത്തു,
“നിങ്ങള്‍ ഇന്ന് നടത്താന്‍ പോകുന്നത് യുദ്ധമല്ല, പ്രതികാരം ആണ്, പ്രതികാരം സ്വാര്‍ത്ഥമാണ്”,
“നീ ആരാണ്”, അവന്‍ നടത്തം നിറുത്തി അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു,
“ഞാന്‍ ഗാന്ധിയോ, മാര്‍ക്സോ അല്ല, ഇവിടെ ജീവിച്ച് മരിച്ച വെറും ഒരു പെണ്ണ്”. അവളുടെ ശബ്ദം പതിവിലും മൃദുവായിരുന്നു അപ്പോള്‍,
“ആരാടീ നീ”, ചന്ദ്രന്‍ അലറി, തോട്ടിലെ തുപ്പലുകൊത്തിയും പരലുകളും എത്തിനോക്കി, ഉറങ്ങിയ മനുഷ്യര്‍ കേട്ടു, ഉറക്കം നടിച്ച മനുഷ്യര്‍ കേട്ടില്ല. ക്ഷണനേരം അവന്‍റെ ശബ്ദം മരങ്ങളുടെ ചില്ലകളില്‍ പ്രതിധ്വനിയായി തങ്ങിനിന്നു.
പ്രതിധ്വനി അവസാനിക്കുന്നത് വരെ അവള്‍ മൌനം പാലിച്ചു.
“വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ജീവിച്ച് മരിച്ചവള്‍, പല യുദ്ധങ്ങള്‍ക്കും സാക്ഷിയായവള്‍, ചോരയുടെ ചുവപ്പില്‍ കണ്ണുനീര്‍ വറ്റിയവള്‍, വിപ്ലവകാരികളെ സംരക്ഷിച്ചു, വിശപ്പും ദാഹവും തീര്‍ത്തു, ചോരയും വിയര്‍പ്പും പുരണ്ട വസ്ത്രങ്ങള്‍ അലക്കി നല്കി, അവര്‍ പോയി പുറകേ കാക്കി നിക്കറുകള്‍ എന്‍റെ അടുക്കളയില്‍ കയറി ഇറങ്ങി, ഒളിവില്‍ താമസിപ്പിച്ചതിന് എന്‍റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു, പിന്നെ കണ്ടിട്ടില്ല, കുറേ അലഞ്ഞു ഒരുപാട് പേരോട് ചോദിച്ചു ആരും ഉത്തരം നല്‍കിയില്ല, രണ്ട് വയസ്സുള്ള എന്‍റെ കുഞ്ഞ് വിശന്നു കരഞ്ഞു, എന്‍റെ മുലകളില്‍ പാലിന് പകരം ചോര ചീറ്റി, വരുമാനം നിലച്ചു, പട്ടിണി കിടന്നു വളഞ്ഞ ശരീരം ആരിലും കാമം ഉണര്‍ത്തിയില്ല, എങ്കില്‍ അങ്ങനെയെങ്കിലും വിശപ്പകറ്റിയേനെ, എന്‍റെ മടിയില്‍ കിടന്നെന്‍റെ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല, പകരം എന്‍റെ മുല രണ്ടിറ്റു മുലപ്പാല്‍ ചുരത്തി”
ഇരുട്ടിലും അവളുടെ മാറിലെ വറ്റിയ മുലപ്പാലിന്‍റെ പാടുകള്‍ അവന്‍ ഒരു നോക്കുകൂടി കണ്ടു,
“നിങ്ങളുടെ ആളുകള്‍ അന്ന് യുദ്ധം ജയിച്ചു, പക്ഷെ അധികം വൈകാതെ അവരുടെ ആദര്‍ശങ്ങള്‍ മാറി, ആളുകള്‍ മാറി, അവര്‍ അവരുടെ നിഴലുകളോട് യുദ്ധം ചെയ്തു തുടങ്ങി, അപ്പോഴും ആരും എന്നെ ഓര്‍ത്തില്ല, ചിതറിയ ആദര്‍ശങള്‍ക്ക് വേണ്ടി ഞാന്‍ ഒഴുക്കിയ ചോര അവര്‍ കണ്ടില്ല”, അത് പറഞ്ഞു തീരുമ്പോഴേക്കും അവളുടെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ ഒഴുകി, കവിളില്‍ വെച്ചു തന്നെ അത് ബാഷ്പമായി മാറി.
എന്തു പറയണം എന്നറിയാതെ നില്‍ക്കുന്ന ചന്ദ്രന്‍, പിന്നേയും അസ്ഥി വിറയ്ക്കുന്ന തണുപ്പ്.
അകലെ കിടങ്ങില്‍ സഖാക്കള്‍ സഘം ചേര്‍ന്ന് നില്‍ക്കുന്നത് ഇവിടെ നിന്നാല്‍ കാണാം, അവര്‍ എല്ലാ തയാറെടുപ്പുകളും എടുത്തു കഴിഞ്ഞിരിക്കുന്നു, ഇനി ആക്ഷന്‍.
“ചെല്ല് സഖാക്കള്‍ കാത്തുനില്‍ക്കുന്നു”, അവള്‍ പറഞ്ഞു.
ചന്ദ്രന്‍ മറുപടിയില്ലാതെ നില്‍ക്കുകയാണ്,
“നിഴലുകളെ വിശ്വസിക്കരുത് അവ ചതിക്കും”
അവള്‍ പ്രകൃതിയിലേക്ക് മാഞ്ഞു…………….