സംസ്ഥാനത്തെ റെയിൽ വികസനപദ്ധതികളിലെ തടസ്സങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ് ഇ. ശ്രീധരനെ കണ്ടു. പൊന്നാനിയിലെ വീട്ടിലാണ് കൂടിക്കാഴ്ച.
കെ. റെയിലിന്റെ തടസ്സങ്ങൾ, അങ്കമാലി-എരുമേലി ശബരി റെയിൽ, സംസ്ഥാനത്തെ റെയിൽ പാതകളുടെ വളവു നികത്തൽ, വന്ദേഭാരത് വന്ന ശേഷമുള്ള മറ്റു ട്രെയിനുകളുടെ വൈകൽ എന്നിവയെല്ലാം ചർച്ച ചെയ്തതായി കെ.വി. തോമസ് പറഞ്ഞു.
ഇ ശ്രീധരൻ്റെ പ്രതികരണം
സർക്കാർ പുതിയ സെമി സ്പീഡ് / ഹൈ സ്പീഡ് പദ്ധതി കൊണ്ടുവന്നാൽ സഹകരിക്കും. അത് പരിസ്ഥിതി അനുകൂല പദ്ധതിയാകണം. പുതിയ ഡി പി ആർ തയ്യാറാക്കാൻ സംസ്ഥാന സർക്കാരിനെ സഹായിക്കും. ആ പദ്ധതി നടപ്പിലാക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകാൻ തയ്യാറാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ വി തോമസുമായുള്ള കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നു. കെ-റെയിലുമായി ബന്ധപ്പെട്ട വിഷയങ്ങളും കേരളത്തിലെ റെയിൽവേ സംവിധാനങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളുമായിരുന്നു കൂടിക്കാഴ്ചയിൽ ചർച്ചയായത്. നിലവിലെ കെ റെയിൽ പദ്ധതി നടക്കില്ലെന്ന് കെ വി തോമസിനോട് പറഞ്ഞു. നിലവിലെ പദ്ധതി റയിൽവെ മന്ത്രി അനുവദിക്കില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.
അന്നത്തെ എതിർപ്പില്ല, നിലപാട് പുതിയ സാഹചര്യത്തിൽ
വന്ദേ ഭാരത് വന്നശേഷം ഹൈസ്പീഡ് റെയില്‍വേ കേരളത്തിന് ആവശ്യമാണെന്ന് ഇ. ശ്രീധരന്‍ ആവശ്യപ്പെട്ടിരുന്നു. കെ. റെയിലിനെതിരായ അദ്ദേഹത്തിന്റെ മുന്‍ നിലപാട് ഇപ്പോള്‍ പ്രസക്തമല്ല. കെ. റെയില്‍ ഉപേക്ഷിച്ച പദ്ധതിയല്ല. പദ്ധതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. വിഷയം അദ്ദേഹവുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ശ്രീധരന് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടെന്നും കെ.വി തോമസ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായി കെ.വി. തോമസ് സ്ഥിരീകരിച്ചു.
കെ. റെയിലിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ഇ. ശ്രീധരന്‍. ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ഇദ്ദേഹം കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട് പദ്ധതിയിലുള്ള എതിര്‍പ്പ് അറിയിച്ചിരുന്നു. പദ്ധതി വന്‍ സാമ്പത്തിക ബാധ്യത വരുത്തുമെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ. എന്നാൽ ഈ സംവിധാനത്തിൻ്റെ ആവശ്യകത ഭാവി കേരളത്തിന് മുതൽക്കൂട്ടാവും എന്ന കണ്ടെത്തലാണ് പുതിയതായി അവതരിപ്പിക്കുന്നത്. ഈ സമീപനം മുൻനിർത്തിയാണ് കൂടിക്കാഴ്ച.
ചർച്ചയ്ക്ക് ശേഷം കെ വി തോമസ് പറഞ്ഞത്
കേരളത്തിലെ റെയിൽവേ സംവിധാനങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളുമായിരുന്നു കൂടിക്കാഴ്ചയിൽ ചർച്ചയായത്.
‘ഹൈ സ്പീഡ് റെയിൽവേ സംവിധാനവും സെമി സ്പീഡ് റെയിൽവേ സംവിധാനവുമാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട രൂപരേഖ അദ്ദേഹം തരും. അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. തുടർന്ന് മറ്റുകാര്യങ്ങൾ മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരം മുന്നോട്ടുപോകും. പൂർണമായും റെയിൽവേയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ചചെയ്തത്’. രൂപരേഖ കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും കെ.വി. തോമസ് ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഉച്ചയ്ക്ക് 12.30-ന് പൊന്നാനിയിലുള്ള ഇ. ശ്രീധരന്റെ വീട്ടിൽ വെച്ചായിരുന്നു കെ.വി. തോമസുമായുള്ള ശ്രീധരന്‍റെ ചർച്ച. ഒരു മണിക്കൂറോളം ഇരുവരും ഒന്നിച്ചുണ്ടായിരുന്നു.



