കടയ്ക്കലില്‍ സൈനികനെ മര്‍ദിച്ച് മുതുകിൽ ‘പി.എഫ്.ഐ’ എന്ന് ചാപ്പകുത്തിയതായുള്ള പരാതി ആസൂത്രിത നാടകം എന്ന് കണ്ടെത്തി. പ്രശസ്തനാകാന്‍ വേണ്ടി സൈനികന്‍ തന്നെയാണ് സംഭവം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പരാതിക്കാരനായ സൈനികന്‍ ഷൈന്‍കുമാറിനെയും തട്ടിപ്പിൽ ഇയാളുടെ പങ്കാളിയായ സുഹൃത്ത് ജോഷിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
സുഹൃത്തായ ജോഷിയെ ചോദ്യംചെയ്തതോടെയാണ് ദുരൂഹതകള്‍ നിറഞ്ഞ പരാതിയില്‍ വഴിത്തിരിവുണ്ടായത്. എന്നാൽ വെറും പ്രശസ്തിക്കായി ചെയ്തതാണ് എന്ന ഇവരുടെ മൊഴി ദുരൂഹമായി തുടരുകയാണ്. പരാതി പ്രകാരം പോലീസ് തെളിവെടുപ്പ് നടത്തിയെങ്കിലും യാതൊരുവിവരങ്ങളും ലഭിച്ചില്ല. വിവരമറിഞ്ഞ് പാങ്ങോടുനിന്ന് മിലിട്ടറി ഇന്റലിജന്‍സും അന്വേഷണത്തിന് എത്തിയിരുന്നു. സൈനികൻ്റെ മുതുകത്ത് നിരോധിത സംഘടനയുടെ പേര് ചാപ്പ കുത്തി എന്നത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.
ഷൈന്‍കുമാര്‍ ടീഷര്‍ട്ട് വലിച്ചുകീറിയശേഷം തന്നെക്കൊണ്ടാണ് പുറത്ത് പി.എഫ്.ഐ. എന്ന് എഴുതിയതെന്ന് പിന്നീട് സുഹൃത്ത് പൊലീസിനോട് സമ്മതിച്ചു. പ്രശസ്തിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന മൊഴിയാണ് നൽകിയത്. എഴുതാന്‍ ഉപയോഗിച്ച പെയിന്റും ബ്രഷും പോലീസ് കണ്ടെടുക്കുകയുംചെയ്തു.
ബൈക്കിലെത്തിയ പി എഫ് ഐ സംഘം എന്ന നാടകം എന്തിനായിരുന്നു
ഞായറാഴ്ച രാത്രി ഒരുസംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്നും തുടര്‍ന്ന് ടീഷര്‍ട്ട് വലിച്ചുകീറി പുറത്ത് നിരോധിതസംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ ചുരുക്കപ്പേരായ ‘പി.എഫ്.ഐ’ എന്ന് എഴുതിയെന്നായിരുന്നു സൈനികനായ ഷൈന്‍കുമാറിന്റെ പരാതി. തിങ്കളാഴ്ച രാജസ്ഥാനിലെ ജോലിസ്ഥലത്തേക്ക് മടങ്ങാനിരിക്കെയാണ് സംഭവമുണ്ടായതെന്നും ഇയാള്‍ പറഞ്ഞിരുന്നു.
സൈനികന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് സംഘത്തിന് തുടക്കംമുതലേ സംശയങ്ങളുണ്ടായിരുന്നു.


