പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും, കട്ടി മീശയും, പരത്തി ചീകിയ മുടിയും, കൈയ്യിൽ ഒരു ചൂരലും. അന്നത്തെ അങ്ങേരെ പ്രാകാത്ത പിള്ളേർ ഉണ്ടാകില്ല. എന്നാലും ആ പ്രാക്ക് ഒന്നും അങ്ങേർക്ക് ഏറ്റില്ല. കുടുംബ സമേതം us സിറ്റിസൺസ് ഒക്കെ ആയി, റിട്ടയർമെന്റ് കഴിഞ്ഞ് ഏതാണ്ട് അവിടെ സ്ഥിര താമസവും ആയി.
ആൾ ഇടക്ക് നാട്ടിൽ വരും. പറമ്പിലെ തേങ്ങക്ക് അപ്പുറത്തെ ശശി ചേട്ടനും ആയി കണക്ക് പറയും. ഇനിയും nre സ്റ്റാറ്റസ് ഡിക്ലയർ ചെയ്യാതെ കിടക്കുന്ന FD കളിൽ നിന്ന് എങ്ങാനും ഒരു പത്ത് പൈസ ടാക്സ് പിടിച്ചാൽ ബാങ്കിലെ സ്റ്റാഫിനെ പോയി ചീത്ത വിളിക്കും. എന്തിനേറെ, തന്റെ പറമ്പിലേക്ക് വീണ രണ്ട് കൊട്ട തേങ്ങ എടുത്ത കുറ്റത്തിന് അപ്പുറത്തെ ചന്ദ്രൻ ചേട്ടനോട് പോയി വഴക്ക് ഉണ്ടാക്കിയെന്നും വരും. ഇക്കണ്ടത് ഒക്കെ ഉള്ള പുള്ളിക്ക് ഇത് എന്തിന്റെ കേട് ആണ് എന്ന് നമുക്ക് തോന്നും!
അക്കാലത്ത് ഉള്ള ഒരുപാട് പേര് ഇങ്ങനെ ആണ് എന്ന് തോന്നിയിട്ടുണ്ട്. വെട്ടി പിടിക്കാൻ ഇനി ഒന്നും ബാക്കി ഉണ്ടാകില്ല. എന്നാലും, ഓരോ പൈസക്കും, ഓരോ നിമിഷത്തിനും ഇപ്പോഴും കണക്ക് പറയും. അടങ്ങി ഒതുങ്ങി ഇരിക്കുക എന്നത് അവരുടെ നിഘണ്ടുവിൽ ഇല്ലാത്ത കാര്യം ആണ്.
ഇത് പോലെ ഒരാള് ആണ് മമ്മൂട്ടി എന്ന് തോന്നിയിട്ടുണ്ട്. ഇക്കണ്ട കൊടുമുടി മുഴവൻ കയറിയിട്ടും, കളങ്കാവൽ പോലെ ഒരു കംപ്ലീറ്റ് വില്ലൻ റോള് ഒക്കെ ?! ഇനിയും ദാഹം അടങ്ങാത്ത ഒരു തരം സൈക്കോ! അല്ലാതെ എന്ത് പറയാൻ അങ്ങേരെ കുറിച്ച്!
സിനിമയേ കുറിച്ച് പറയാൻ ആണെങ്കിൽ ഒരു സാധാരണ തിരക്കഥ. അവിടവിടെ ലൂപ്പ് ഹോളുകൾ. പക്ഷേ, കാസ്റ്റിംഗ്, മേക്കിംഗ്, പണി നല്ല വൃത്തിക്ക് അറിയാവുന്ന എഡിറ്റർ അങ്ങനെ, പിന്നീട് ഉള്ള ഓരോ കടമ്പകൾ കൊണ്ടും അതിനെ എൻഹാൻസ് ചെയ്ത് എടുത്തിരിക്കുന്നു. എന്നാൽ , അവസാന ലാപ്പിൽ ഇതിനെ ഒക്കെ മറികടന്ന്, മമ്മൂട്ടി എന്ന നടൻ ഇങ്ങനെ പടർന്ന് പന്തലിച്ച് നിൽക്കുന്നു! അതാണ്, എനിക്ക് കളങ്കാവൽ.
ഇൻവെസ്റ്റിഗേഷൻ മൂഡ് ആയത് കൊണ്ട് കൂടുതൽ കഥ പറയുന്നില്ല. കൊടുത്ത പൈസക്ക് നഷ്ടം വരാത്ത തീയറ്റർ വാച്ച് ആണ് എന്ന് മാത്രം പറയുന്നു. നിർത്തുന്നു.
Nb : റിവ്യൂ എഴുതാൻ തുടങ്ങുമ്പോൾ വിനയകൻ, ജിബിൻ ഗോപിനാഥ്, സംവിധായകൻ ജിതിൻ കെ ജോസ്, എഡിറ്റർ പ്രവീൺ പ്രഭാകർ, മ്യൂസിക് ചെയ്ത മുജീബ്, ക്യാമറാമാൻ ഫൈസൽ അലി, രചയിതാവ് ജിഷ്ണു ശ്രീകുമാർ എന്നിവരൊക്കെ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷേ, എഴുതി വന്നപ്പോൾ ഇങ്ങനെ ആയത് മന:പൂർവ്വം അല്ല, ആലോചിക്കും തോറും മനസ്സിൽ തെളിയുന്നത്, സ്റ്റാൻലി ദാസ് എന്ന ആ ഡെവിൾ കഥാപാത്രം മാത്രമാണ്!

