കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെ ഇഡി കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മുതൽ ഇഡി സംഘം ബാങ്കിലും ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലുമായി പരിശോധന നടത്തിവരികയായിരുന്നു.
ബാങ്കിൽ കോടികളുടെ നിക്ഷേപ ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ നടപടി. ഭാസുരാംഗന്റെ പൂജപ്പുരയിലെ മകൻ്റെ വീട്ടിലും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മുൻ സെക്രട്ടറി ശാന്തകുമാരിയുടെ വീട്ടിലും പേരൂർക്കടയിൽ ഉള്ള മുൻ സെക്രട്ടറിയുടെ വീട്ടിലുമാണ് പരിശോധ നടന്നത്.
101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്. കഴിഞ്ഞ 30 വർഷത്തിലേറെയായി സിപിഐ നേതാവായ എൻ ഭാസുരാംഗനാണ് ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവിൽ ബാങ്കിൽ അഡ്മിനിസട്രേറ്റീവ് ഭരണമാണ്. കണ്ടല സഹകരണ ബാങ്കിലും എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റിന്റെ പരിശോധന നടന്നിരുന്നു. പൂജപ്പുരയിലെ വസതിയിലെ പരിശോധന പൂർത്തിയായി. വീട്ടിൽ നിന്ന് കണ്ടെത്തിയ രേഖകൾ കസ്റ്റഡിയിലെടുത്തു.
റിപ്പോർട്ടർ ടിവിയാണ് കണ്ടല ബാങ്കിലെ കോടികളുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. എന്‍ ഭാസുരാംഗന്‍ നേരത്തെ ക്ഷീരയിലും അഴിമതി നടത്തിയിരുന്നു. ക്ഷീര പ്ലാന്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ മില്‍മ തെക്കന്‍ മേഖല അഡ്മിനിസ്‌ട്രേറ്ററാണ് സിപിഐ നേതാവായ ഭാസുരാംഗന്‍. ക്രമക്കേടില്‍ ഇ ഡി നേരത്തെ സഹകരണവകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. നൂറുകണക്കിന് ആളുകളാണ് നിക്ഷേപം തിരിച്ചുകിട്ടാതെ കഷ്ടപ്പെട്ടത്. വ്യാജ വായ്പയും അനധികൃത നിയമനവും ഉള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ ആണ് ബാങ്കില്‍ നടന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം കമ്പ്യൂട്ടറിൽ നിന്ന് നീക്കം ചെയ്‌തതായി സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.