Saturday, February 21, 2026

കരിപ്പൂർ വിമാനത്താവളം തന്നെ ഇല്ലാതാക്കുമോ, റെസ നിർമ്മാണത്തിൽ ഉടക്ക്, സർക്കാരും മെല്ലെ…

കരിപ്പൂർ വിമാനത്താവളത്തിൽ റെസ എന്ന ചുരുക്കപ്പേരിൽ വിശേഷിപ്പിക്കുന്ന റൺവേ എൻഡ് സേഫ്റ്റി ഏരിയ നിർമാണത്തിന് ഭൂമി ഏറ്റെടുത്തുനൽകാൻ കേന്ദ്ര വ്യോമയാന മന്ത്രി അനുവദിച്ച സമയം അവസാനിക്കുന്നു. ഓഗസ്റ്റ് ഒന്നിനകം ഭൂമി ലഭ്യമായില്ലെങ്കിൽ റൺവേയുടെ നീളം 2860 മീറ്ററിൽനിന്ന് 2540 മീറ്ററായി വെട്ടിക്കുറയ്ക്കുമെന്നാണ് കേന്ദ്രം സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയത്. സ്ഥലമേറ്റെടുത്തു നൽകുന്നത് ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണ്.

ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ മുൻകൈയിൽ നിർമ്മിച്ച വിമാനത്താവളം തകർക്കാൻ

കരപ്പൂർ വിമാനത്താവളം പ്രഖ്യാപിച്ചത് മുതൽ തുടങ്ങിയതാണ് എതിർ ലോബിയുടെ പ്രവർത്തനങ്ങളും. പക്ഷെ അതിനെ എല്ലാം അതിജീവിച്ചാണ് വിമാനത്താവളം യാഥാർത്ഥ്യമാക്കിയത്. യൂസേഴ്സ് ഫീ എന്നപേരിൽ ദീർഘകാലം എയർപോർട്ട് അതോറിറ്റി യാത്രക്കാരിൽ നിന്നും അധിക കാശ് പിരിച്ചു. ഉദ്ദേശിച്ചതിലും അധികം കാശ് പിരിച്ചെടുത്ത്.

ഏറ്റവും അധികം വിദേശ യാത്രക്കാരുള്ള വിമാനത്താവളമായി ഡി ജി സി എ ലിസ്റ്റിൽ കരിപ്പൂർ ഇടം പിടിച്ചിരുന്നു. വിശേഷിച്ചും ഗൾഫ് സെക്രട്ടറിൽ. ഇന്ത്യൻ എയർ ലൈൻസും എയർ ഇന്ത്യയും ദീർഘകാലം ഈ താവളത്തെ കുത്തകയാക്കി വെച്ചു. അവരുടെ പരസ്പര മത്സരങ്ങൾക്ക് ഇടയിലും വിമാനത്താവളം വളർന്നു. ടേബിൾ ടോപ്പ് ലാൻ്റിങ്, ഇറങ്ങാനുള്ള ആധുനിക സാങ്കേതിക റഡാറുകളുടെ കുറവ് എന്നിങ്ങനെ പല കാരണങ്ങൾ പറഞ്ഞ് അപ്പോഴും വിരുദ്ധ ലോബി സജീവമായിരുന്നു.

പൊതുമേഖലയെ താങ്ങി നിർത്തിയ കരിപ്പൂർ

റോയ് പോൾ എയർ ഇന്ത്യ സെക്രട്ടറി ആയിരുന്നപ്പോൾ കരിപ്പൂരിൽ വന്ന് പ്രസംഗിച്ചത് ഞങ്ങളുടെ ബ്രെഡ് ആൻ്റ് ബട്ടർ ഇവിടെയാണ് എന്നാണ്. സ്വകാര്യ കമ്പനകളോട് മത്സരിക്കുമ്പോൾ സംഭവിക്കുന്ന നഷ്ടം എയർ ഇന്ത്യ നികത്തിയത് കരിപ്പൂരിലാണ്. നെടുംബാശേരി വിമാനത്താവളത്തിനായി സിയാൽ രൂപം കൊണ്ടതോടെ കരിപ്പൂരിന് എതിരായ ബിസിനിസ് ലോബികൾ വീണ്ടു ശക്തമായി.

ഹജ്ജ് എംമ്പാർക്കേഷൻ പോയിൻ്റ് തട്ടിയെടുക്കാൻ പലവിധ സാങ്കേതിക തടസ്സ വാദങ്ങൾ കരിപ്പൂരിന് എതിരെ ഉയർത്തി കൊണ്ടു വന്നു. ജംമ്പോ ജെറ്റ് ഇറക്കാൻ ശ്രമിച്ചപ്പോൾ ഇത് തടസ്സപ്പെടുത്തി. അന്നത്തെ വിമാനത്താവള ഡയറക്ടർ സി വിജയ കുമാറും കോഴിക്കോട് കേന്ദ്രമാക്കിയുള്ള ബിസിനസ് ഗ്രൂപ്പുകളുമാണ് ഈ വാദത്തെ തകർക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചത്. മാധ്യമങ്ങൾ അന്ന് നിർണ്ണായ പങ്ക് വഹിച്ചു. ഓരോ വിമാനത്താവളങ്ങളെയും പഠിച്ച് കരിപ്പൂരുമായുള്ള താരതമ്യം അവതരിപ്പിച്ചു. ഇതോടെയാണ് വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ ഇറങ്ങുന്നതിനുള്ള തടസ്സം നീക്കി കിട്ടിയത്.

ഓരോ വികസനത്തിലും ഉടക്കിട്ടു

ഇം എം ഇ എ കോളിജിൽ ഹജ്ജ് ക്യാമ്പ് ഒരുക്കി. തുടർന്ന് ഹജ്ജ് സെൻ്ററും കരിപ്പൂരിൽ അനുവദിച്ചു കിട്ടി. ഇതോടെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കരിപ്പൂർ വൻ കുതിപ്പ് നേടി. ചരക്ക് വിമാനങ്ങൾക്കും അനുമതിയായി. എന്നാൽ തുടർച്ചയായി സാങ്കേതിക തടസ്സങ്ങൾ ആവർത്തിച്ചു. റൺ വേ വികസനം പൂർത്തിയാക്കിയിട്ടും ഇതര വിമാന സർവ്വീസുകൾ ആരംഭിക്കുന്നതിനുള്ള തടസ്സം തുടർന്നു. വലിയ പ്രക്ഷോഭങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ഒടുവിലാണ് അന്താരാഷ്ട്ര വിമാനത്താവള പദവിയും അതുവഴി ഇതര വിമാന സർവ്വീസുകൾക്കുള്ള അനുമതിയും ലഭിച്ചത്. എന്നിട്ടും ഹജ്ജ് എംമ്പാർക്കേഷൻ പോയിൻ്റ് എന്ന പദവി പലതവണ നെടുമ്പാശേരിക്ക് മാറിപ്പോയി. കരിപ്പൂരിൽ പല വർഷങ്ങൾ സർവ്വീസ് ഇല്ലാതായി. ഇവയ്ക്കെല്ലാം പിന്നിൽ വിമാനത്താവളങ്ങളുടെ ഗ്രേഡിങ് മത്സരവും കരിപ്പരിന് എതിരായ ലോബിയിങ്ങും ഉണ്ടായിരുന്നു.

ഇപ്പോൾ വീണ്ടും വിമാനത്താവളത്തെ പിന്നോട്ടടിപ്പിക്കാനുള്ള ശ്രമം തീവ്രമാണ്. അത് വിജയിക്കയും ചെയ്യുന്നു.

ആവർത്തിച്ചാവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാരിൽനിന്ന് മറുപടി ലഭിക്കാത്തതിനാൽ, റൺവേ വെട്ടിച്ചുരുക്കുന്നതിനു സ്വീകരിച്ച നടപടികൾ അറിയിക്കാനാവശ്യപ്പെട്ട് കഴിഞ്ഞദിവസം വിമാനത്താവള ഡയറക്ടറോട് വിമാനത്താവള അതോറിറ്റി വിശദീകരണം തേടിയിരുന്നു. റെസ നിർമാണത്തിന് റൺവേയുടെ നീളം കുറയ്ക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകുമെന്ന് എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ് പറഞ്ഞു. സംസ്ഥാനസർക്കാർ ഭൂമി ഏറ്റെടുക്കുന്നതിന്റെ പുരോഗതിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തും.

റൺവേ 2540 ആയി വെട്ടിക്കുറയ്ക്കുന്നതിന് നടത്തേണ്ട തയ്യാറെടുപ്പുകൾ സംബന്ധിച്ച് സാങ്കേതികവിഭാഗം റിപ്പോർട്ട് തയ്യാറാക്കുകയാണ്. ഇതെല്ലാമുൾപ്പെടെ വിശദമായ റിപ്പോർട്ട് വിമാനത്താവള അതോറിറ്റിക്ക് ഉടനെ കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. റൺവേ നീളം കുറയ്ക്കുന്നതിനുള്ള നടപടികളെടുക്കാൻ കഴിഞ്ഞ സെപ്റ്റംബറിലും വിമാനത്താവള അതോറിറ്റി എയർപോർട്ട് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിനു ഡയറക്ടർ മറുപടി നൽകിയിരുന്നില്ല. ഇതുകൂടി ഓർമ്മപ്പെടുത്തിയാണ് കഴിഞ്ഞയാഴ്ച വിമാനത്താവള അതോറിറ്റി വിശദീകരണം ചോദിച്ചത്.

റെസയിൽ കുരുങ്ങിയ വികസനം

2020-ലെ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിയോഗിച്ച വിദഗ്ധസമിതിയാണ് റൺവേയ്ക്ക് ഇരുപുറവുമുള്ള റെസ നിലവിലുള്ള 90 മീറ്ററിൽനിന്ന് 240 മീറ്ററായി വർധിപ്പിക്കണമെന്ന് ശുപാർശ ചെയ്തത്. റൺവേയിൽനിന്ന് 320 മീറ്റർ വെട്ടിക്കുറച്ച് റെസ നിർമിക്കാനാണ് വിമാനത്താവള അതോറിറ്റി നേരത്തെ നിശ്ചയിച്ചത്. ഇതുവഴി റൺവേയുടെ നീളം 2860-ൽനിന്ന് 2540 ആകും. അതോടെ വലിയ വിമാനങ്ങളുടെ സർവീസും ഇല്ലാതാകും.

കണ്ണൂരും വന്നതോടെ താത്പര്യം കുറഞ്ഞു

വിമാനത്താവളത്തിന്റെ വളർച്ച ഇല്ലാതാക്കുന്ന നീക്കത്തിനെതിരേ വ്യാപകമായ പ്രതിഷേധമുയർന്നു. അതോടെ റെസ നിർമാണത്തിന് സ്ഥലമേറ്റെടുത്ത് നൽകാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. ആദ്യം 18.5 ഏക്കർ ഏറ്റെടുക്കാനായിരുന്നു തീരുമാനം. പിന്നീടത് 14.5 ഏക്കറായി. പള്ളിക്കൽ വില്ലേജിൽനിന്ന് ഏഴേക്കറും നെടിയിരുപ്പിൽനിന്ന് ഏഴരയേക്കറുമാണ് ഏറ്റെടുക്കുന്നത്. ഒന്നരവർഷം മുമ്പേ സ്ഥലമേറ്റെടുപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. പ്രാദേശികമായ എതിർപ്പുൾപ്പെടെ ഉയർന്നത് കാര്യങ്ങൾ മന്ദഗതിയിലാക്കി. സാമൂഹികാഘാത പഠനത്തിനടക്കം നാട്ടുകാർ തുടക്കത്തിൽ സഹകരിച്ചിരുന്നില്ല. വിമാനത്താവള വികസനത്തിന് ഒരിഞ്ച് ഭൂമി വിട്ടുനൽകില്ലെന്ന പ്രഖ്യാപനത്തോടെ സമരസമിതിയുടെ നേതൃത്വത്തിൽ എതിർപ്പു തുടരുകയാണ്.

അതേസമയം ഭൂമി ഏറ്റെടുക്കലിനായി റവന്യൂ ഉദ്യോഗസ്ഥർ തയ്യാറാക്കിയ അടിസ്ഥാന വില നിർണയ റിപ്പോർട്ട് കളക്ടറുടെ പരിഗണനയിലാണ്. ഇത് സർക്കാർ അംഗീകരിച്ചശേഷം വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നതിനും പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനുമെല്ലാം ഇനിയും സമയം വേണ്ടിവരും. ഭൂമി നഷ്ടപ്പെടുന്നവർക്ക് ഓരോ ഘട്ടത്തിലും പരാതികളും ആക്ഷേപങ്ങളും ഉന്നയിക്കുന്നതിനും സമയം നൽകണം. കഴിഞ്ഞ മാർച്ച് 31-നകം ഭൂമി ഏറ്റെടുത്ത് കൈമാറുമെന്നായിരുന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. അതുണ്ടായില്ല.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...