Monday, August 18, 2025

വഴിതെറ്റുന്ന കുട്ടികൾ: സാമൂഹ്യ ഇടപെടൽ ഉണ്ടാകണം

ഒരു സമൂഹം ഒന്നടങ്കം നേരിടുന്ന വെല്ലുവിളിയെ പുതിയ കാലത്തെ കുട്ടികളുടെ വൈകൃതം എന്ന പേരിൽ ചുരുക്കി കാണുന്നത് ശുദ്ധ അസംബന്ധമാണ്. ഇന്നത്തെ കുട്ടികൾക്ക് എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും അതിനെല്ലാം മുൻപേ നടന്ന നമ്മളൊക്കെ ഉത്തരവാദികളാണ്. ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി തന്നെ വരും. കാരണം ആ കുട്ടികൾ ഏതെങ്കിലും അന്യ ഗ്രഹത്തിൽ നിന്നൊരു ദിവസം പൊട്ടി മുളച്ചു വന്നതല്ല.

പൊതു ചർച്ചകൾക്ക് വേദിയായിരുന്ന കലാലയങ്ങളെ ഇല്ലാതാക്കി സ്വാർത്ഥപരവും, അവനവനെപ്പറ്റി മാത്രം ചിന്തിക്കുന്ന ജീവിതവിജയം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ, അനാരോഗ്യ പരമായ മത്സര രീതികൾ, രാഷ്ട്രീയ പരിസരങ്ങളെ റദ്ദ് ചെയ്യുന്ന മത, സമുദായ സ്ഥാപനങ്ങൾ, മൊബൈൽ ഫോണുകൾ, അതിലെ കണ്ടന്റുകൾ, അക്രമ വാസന വർദ്ധിപ്പിക്കുന്ന ഗെയിമുകൾ, ലഹരി, മുൻപെങ്ങും ഇല്ലാത്ത വിധം വൈലൻസുകളെയും,.ലഹരി ഉപഭോഗത്തേയും ഗ്ലോറിഫൈ ചെയ്യുന്ന സിനിമകൾ, സാമൂഹ്യ ബന്ധങ്ങൾ ഇല്ലാതെ ആക്കുന്ന പേരന്റിങ്, ഇതെല്ലാം ചർച്ച ചെയ്യപ്പെടണം. ഇതൊക്കെ ചർച്ച ചെയ്യപ്പെടുമ്പോൾ ഒന്ന് കൂടി ശ്രദ്ധിക്കണം ഇന്നത്തെ കുട്ടികൾക്ക് മുൻപിൽ ഇതൊക്കെ മുന്നോട്ട് വെക്കുന്നത് അവരല്ല, മുൻപേ നടന്ന നമ്മളാണ്.

കൃത്യമായി സൈക്കോ സോഷ്യൽ ഇടപെടൽ അനിവാര്യമായ സാഹചര്യത്തിലേക്ക് നമ്മൾ പണ്ടേ എത്തിയതാണ്, പലരും പറഞ്ഞതാണ്. പക്ഷേ ആരും അത് വക വെക്കുന്നില്ല എന്ന് മാത്രം. മാനസികാരോഗ്യം എന്നത് മുൻഗണന പോയിട്ട് പരിഗണന പോലുമില്ലാത്ത വിഷയമായി നമ്മുടെ സംവിധാനങ്ങൾ നോക്കി കാണുന്നു. സൈക്കോളജിക്കലായ ഇടപെടൽ നടത്തേണ്ടവർ പലപ്പോഴും അവരുടേതായ രീതിയിൽ മാനസിക ശാസ്ത്രത്തെ വിശദീകരിച്ചു കൊണ്ട് തോന്നുന്ന രീതിയിൽ ആശയങ്ങൾ സംവദിക്കുന്നു. ഇതൊക്കെ പ്രശ്നമാണ്.

ഈയിടെ കേരളത്തിൽ ഉണ്ടായ കൊലപാതകങ്ങൾ പലതും പരിശോധിച്ചാൽ നമുക്ക് മനസ്സിലാവുന്നത് മുൻപ് ക്രിമിനൽ ബാക് ഗ്രൗണ്ട് ഉള്ളവർ അല്ല മിക്കവരും. ഒറ്റപ്പെട്ട്, പൊതു സമൂഹവുമായി ബന്ധങ്ങൾ ഇല്ലാതെ ആ പയ്യൻ ശല്യക്കാരൻ അല്ല, അടങ്ങി ഒതുങ്ങി ജീവിക്കുന്നു എന്ന ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ പറ്റിയ കാറ്റഗറിയിൽ ഉള്ളവർ പോലും കുറ്റക്കാർ ആകുന്നു. ഇതെങ്ങനെ സംഭവിക്കുന്നു എന്നത് ആഴത്തിൽ പഠനം വേണ്ട വിഷയമാണ്.

ഇനി ഇവിടെ വേണ്ടത് കൂട്ടായ ഇടപെടലുകളാണ്. ലഹരി ഉപഭോഗത്തിനെതിരെ ശക്തമായ ക്യാമ്പയിൻ മാത്രമല്ല, ഇടപെടൽ ഉണ്ടാകണം. ലഭ്യത കുറയ്ക്കണം, നടപടികൾ ശക്തമാക്കണം. പ്രതികൾ ആകുന്നവരുടെ കുടുംബം നോക്കി ഇടപെടുന്ന ഏർപ്പാട് നിർത്തണം. സർക്കാരിന്റെ കീഴിൽ ടോർച്ചറിങ് സെന്ററുകളും, കോൺസൻട്രേഷൻ ക്യാമ്പുകളുമല്ലാത്ത ഡി-അഡിക്ഷൻ സെന്ററുകൾ ഉണ്ടാകണം.

കുട്ടികൾ പുറത്തിറങ്ങി കളിക്കാനും, ആളുകളോട് ഇടപെടാനും, നാട്ടിലെ ഏതെങ്കിലും ഒക്കെ സാമൂഹ്യ, സാംസ്കാരിക സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമാകാനും ഒക്കെയുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടണം. അവരിൽ നിന്ന് തന്നെ ചർച്ചകൾ ഉയർത്തി കൊണ്ട് വരണം. അങ്ങനെ ഒരു മൊത്തത്തിലുള്ള സാമൂഹ്യ ഇടപെടൽ ഉണ്ടാകണം.

അതൊന്നുമില്ലായെങ്കിൽ ഇത് പോലുള്ള വിഷയങ്ങൾ ആവർത്തിക്കും, അപ്പോഴൊക്കെ കുട്ടപ്പൻ സാറിന്റെയും, ലീലാമ്മ ടീച്ചറിന്റെയും ചൂരലിന്റെ കഥ ഒക്കെ പറഞ്ഞു കൊണ്ട് പുതിയ തലമുറയെ നോക്കി അർത്ഥശൂന്യമായ പുലമ്പൽ നടത്താം എന്നേ ഉള്ളൂ. അതല്ല പരിഹാരം, അത് പരിഹാരമായിരുന്നു എങ്കിൽ നമ്മുടെ കൂടെ ഒക്കെ പഠിച്ച പലരും അദ്ധ്യാപകരുടെ ഭീകരമായ മർദ്ദനവും, ഭയപ്പെടുത്തലും കൊണ്ട് ജീവിതം തുലഞ്ഞു നശിക്കില്ലായിരുന്നു. അന്നും ആരും അറിയാതെ സിഗരറ്റും, ബീഡിയും ഒക്കെ വലിച്ചിരുന്ന, കള്ള് കുടിച്ചിരുന്ന പലരും ഉണ്ടായിരുന്നില്ലേ?
ലഭ്യത കുറവ് ഒരു കാര്യമായിരുന്നു. ഒപ്പം ഇന്നത്തെ പോലുള്ള സാധനങ്ങൾ ഒന്നും നമ്മുടെ സ്‌കൂളുകളെ തേടി വന്നിരുന്നില്ല. അത് കൊണ്ട് പഴയ കാലത്തെ അടിയുടെ മാധുര്യ കഥ ഒന്നും പറഞ്ഞഭിരമിക്കാതെ പരിഹാരം കാണാൻ ശ്രമിക്കാം. 

കാർത്തിക് ശശി
സംസ്ഥാന പ്രസിഡന്റ്, ഐ.എൻ.റ്റി.യു.സി. യങ് വർക്കേഴ്‌സ് കൗൺസിൽ

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....