കരുവന്നൂർ സഹകരണ ബാങ്കിൽ നയപരമായ കാര്യങ്ങളിൽ ഇടപെട്ടിരുന്നതും വായ്പ അനുവദിക്കുന്നത് നിയന്ത്രിച്ചിരുന്നതും പാർട്ടി തന്നെയെന്ന് കണ്ടെത്തി ഇഡി. സി.പി.എമ്മിന്റെ സബ് കമ്മിറ്റിയും പാർലമെന്ററി കമ്മിറ്റിയും ആയിരുന്നു ഇടപാടുകൾ നിയന്ത്രിച്ചതെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നു. വായ്പ അനുവദിക്കുന്നതിന് പാർട്ടി പ്രത്യേക മിനിട്സും സൂക്ഷിച്ചിരുന്നു.
കള്ളപ്പണക്കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പുറപ്പെടുവിച്ച വസ്തു കണ്ടുകെട്ടൽ ഉത്തരവിലാണ് പരാമർശം. നേതാക്കളുടെ നിർദേശപ്രകാരമാണ് അനധികൃത വായ്പ നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും ഇ.ഡി.യുടെ വസ്തു കണ്ടുകെട്ടൽ ഉത്തരവിലുണ്ട്.
കരുവന്നൂർ കള്ളപ്പണക്കേസിൽ ഇതു പ്രകാരം പൊതുജനത്തിന് നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാകും. പാർട്ടി സൂക്ഷിച്ചിരുന്ന പ്രത്യേക മിനിട്സ് പൊതു രേഖയാണ്. ഇത് വിവരാവകാശ പ്രകാരം നൽകേണ്ടി വരും. ഇതോടെ നേതാക്കളുടെ ആരുടെ ഒക്കെ തീരുമാനത്തിലാണ് ഇടപാടുകൾ എന്ന് പൊതു ജനത്തിന് അറിയാം.
കേസ് അന്തിമഘട്ടത്തിലല്ലെന്ന സൂചനയും ഇ.ഡി. ഇൗ റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. ഇത് ഇനിയും പാർട്ടിയെ കുരുക്കാൻ ഉള്ള നീക്കത്തിലേക്ക് വഴി തുറക്കാം. ഓഗസ്റ്റ് 22-ന് സി.പി.എം. നേതാവ് എ.സി. മൊയ്തീൻ എം.എൽ.എ. ഉൾപ്പെടെയുള്ള ചിലരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ കുറ്റം ചുമത്താൻ പര്യാപ്‌തമായ രേഖകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും കണ്ടെത്തി പിടിച്ചെടുത്തിട്ടുണ്ടെന്നും ഇ.ഡി.യുടെ ഉത്തരവിൽ പറയുന്നു. ഓരോന്നായി പുറത്തെടുത്ത് പരിശോധിക്കുന്ന തന്ത്രമാണ് ഇഡി സ്വീകരിച്ചിരിക്കുന്നത്. ഇത് സിപിഎമ്മിനെ ദീർഘകാലത്തേക്ക് പ്രതിസന്ധിയിലാക്കും.
മുതിർന്ന നേതാവ് എ കെ ബാലൻ തന്നെ ഇത്തരം കാര്യങ്ങളിൽ ജാഗ്രത കുറവ് ഉണ്ടാവുന്നതിന് എതിരെ മുന്നറിയിപ്പ് നൽകിയരുന്നു.


