യൂത്ത് ലീഗ് നേതാക്കളായ പി.കെ.ഫിറോസിനും സി.കെ. സുബൈറിനുമെതിരെ ഉയര്‍ന്ന കത്വ ഫണ്ട് തട്ടിപ്പ് ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പോലീസ് റിപ്പോര്‍ട്ട്. പരാതിയിലെ ആരോപണങ്ങള്‍ പാർട്ടി വൈരം വെച്ചുള്ളതാണെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ വ്യക്തമാക്കി.
കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ സമാഹരിച്ച തുക തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണം. കത്വ പെണ്‍കുട്ടിക്കായി ശേഖരിച്ച തുകയില്‍ 15 ലക്ഷം രൂപ പി കെ റിഫോസും സി കെ സുബൈറും വകമാറ്റി ചിലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗില്‍ നിന്ന് രാജിവെച്ച യൂസുഫ് പടനിലം ആയിരുന്നു പരാതിക്കാരന്.
കുന്ദമംഗലം കോടതിയിലാണ് കേസ് അന്വേഷിച്ച പോലീസ് സംഘം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സംഘടനാപരമായ പ്രശ്നങ്ങളില്‍ നിന്നുണ്ടായ രാഷ്ട്രീയ വൈരാഗ്യം എന്നാണ് വിശദീകരണം.
2021 ലാണ് യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലം രംഗത്തെത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂരില്‍ മത്സരിച്ച പി.കെ. ഫിറോസിനെതിരെ ഇത് വലിയ പ്രചാരണമായിരുന്നു. ഇടതുപക്ഷം തന്നെ ഇത് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചു. ആരോപണത്തിന് തുടർച്ചയായി സി കെ സുബൈർ രാജിവെച്ചിരുന്നു.

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും ഇറങ്ങി
ഫണ്ട് വിവാദത്തിന് പിന്നാലെ ഇരുവരെയും ഇ ഡി ചേദ്യം ചെയ്തിരുന്നു.
കത്വ, ഉന്നാവോ പീഡനക്കേസുകളിലെ ഇരകളായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്നായിരുന്നു യൂസഫ് പടനിലം യൂത്ത് ലീഗിനെതിരെ ഉന്നയിച്ച ആരോപണം.
ഈ ഫണ്ടിൽ നിന്ന് കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം കൈപ്പറ്റിയെന്നും യൂസഫ് പടനിലം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ പിരിച്ചത് ഒരു കോടി രൂപയല്ല, 39 ലക്ഷം മാത്രമാണെന്നും ഇത് ഇരകളുടെ കുടുംബങ്ങൾക്ക് കൃത്യമായി നൽകിയിരുന്നുവെന്നുമായിരുന്നു യൂത്ത് ലീഗിന്റെ വിശദീകരണം. ബിനീഷ് കോടിയേരി അറസ്റ്റിലായതിന്റെ പകപോക്കലാണ് കത്വ ഫണ്ടിന്റെ പേരിൽ തനിക്കെതിരെ കേസെടുക്കാൻ കാരണമെന്നായിരുന്നു പികെ ഫിറോസിന്റെ പ്രതികരിച്ചിരുന്നു.
കത്വ ഫണ്ട് വിവാദത്തില്‍ യൂത്ത് ലീഗ് പുറത്ത് വിട്ട കണക്കുകളില്‍ വൈരുദ്ധ്യമുണ്ടെന്നും പെൺകുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചില്ലെന്നും ഐഎന്‍എല്‍ നേതാക്കള്‍ ആരോപിച്ചിരുന്നു. നേരിട്ടും വ്യക്തിഗത അക്കൗണ്ടിലേക്കും പണം കൈമാറിയെന്ന് യൂത്ത് ലീഗ് നേരത്തെ വിശദീകരിച്ചിരുന്നു.


